നാം ജീവിക്കുന്നത് അസാധാരണമായ കാലത്താണ്; അസാധാരണമായ ഉത്തരങ്ങൾ കണ്ടെത്തുക ഇക്കാലത്തിന്റെ അനിവാര്യതയാണ്. കോവിഡ് കാലത്തെ പുതിയ വിശേഷം പൗരർ ശാസ്ത്രജ്ഞരാകുന്നു എന്നതാണ്. ഇതൊരു ‘പൗരശാസ്ത്രജ്ഞർ’ (citizen scientist) എന്നൊരു വിഭാഗത്തെ സൃഷ്ടിക്കുന്നു. സാധാരണ ബ്യുറോക്രറ്റിക് ചട്ടക്കൂടുകൾക്കും അക്കാഡമിക് സാഹചര്യങ്ങൾക്കും പുറത്തു ചിന്തിക്കാനും പഠിക്കാനും കഴിവുള്ളവർക്ക് സമൂഹത്തിന് എന്തെല്ലാം രീതിയിൽ സംഭാവന ചെയ്യാനാകും എന്ന് പൗരശാസ്ത്രജ്ഞർ എന്ന ആശയം കാട്ടിത്തരുന്നു.
ഇയാൻ ഹിൽഗാർത്-മെറ്റിസ്‌സുസ് (Ian Hilgart-Martiszus) ഒരു ലാബ് ടെക്നോളോജിസ്റ്റും പ്രോഗ്രാമറും ആണ്. ഇയാൻ കോവിഡ് ആന്റിബോഡി സമൂഹത്തിൽ എത്ര വ്യാപിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ ലളിതവും സാമൂഹികാടിസ്ഥാനത്തിൽ ചെയ്യാവുന്നതുമായ ടെസ്റ്റ് കണ്ടെത്തി. ഇയാൻ ചെയ്യുന്ന പ്രോജക്ടിനെക്കുറിച്ചു വിശദമായി വായിക്കാം ലിങ്ക് ഇതാണ്: https://www.curehub.org/
ഏപ്രിൽ ആദ്യവാരം തന്നെ തന്റെ പരീക്ഷണങ്ങളുടെ ആദ്യ കണ്ടെത്തലുകൾ സമൂഹത്തിനു മുമ്പിൽ ഇയാൻ പോസ്റ്റ് ചെയ്തു. പോയനാളുകളിൽ നമുക്കുണ്ടായ വൈറല്‍ പനി, ജലദോഷം എന്നിവ കോവിഡ് അനുബന്ധമായിരുന്നോ എന്ന് ഈ ആന്റിബോഡി ടെസ്റ്റ് സൂചന നൽകും. ഇതിന്റെ പ്രാധാന്യം പലതാണ്.
ഒന്ന്, നമുക്കറിയാവുന്നത് പോലെ നാട്ടിൽ കണ്ടെത്തിയ കോവിഡ് രോഗികളെക്കാൾ അധികമായിരിക്കും കോവിഡ് രോഗബാധയുണ്ടായവർ. അതായത്, കോവിഡ് അണുബാധയുണ്ടായവരിൽ എല്ലാര്‍ക്കും രോഗലക്ഷണം കാണണമെന്നില്ല. അവർ രോഗികളായി ആശുപത്രികളിൽ എത്തണമെന്നും ഇല്ല. ഇത് കണ്ടെത്താനും നമ്മുടെ സമൂഹപ്രതിരോധം (herd immunity) വിലയിരുത്താനും സഹായിക്കും.
രണ്ട്, റാൻഡം ആയി സാംപിൾ ചെയ്യുകവഴി വൈറസ് സഞ്ചരിക്കുന്ന പാത രേഖപ്പെടുത്താം. കൂടുതല്‍ ഇടങ്ങളിലേക്ക് വൈറസ് കടന്നിട്ടുണ്ടെങ്കിൽ അത് പഠനവിഷയമാക്കാൻ സാധിക്കുന്നു.
മൂന്ന്, രോഗമില്ലാത്തവരിൽ കാണുന്ന ആന്റിബോഡി കൂടുതൽ ഗവേഷണത്തിനും ചികിത്സക്കും ഉപയോഗിക്കാനുള്ള സാധ്യതയുണ്ടാകുന്നു.
നാല്, രോഗവ്യാപനത്തെക്കുറിച്ചുള്ള ചരിത്രം, ജനിതക ഘടനയും മാറ്റങ്ങളും, പൊതുജനാരോഗ്യ മോഡലുകൾ, സാമൂഹിക സാമ്പത്തിക സ്വാധീനങ്ങൾ എന്നിവ പഠനവിഷയമാക്കാന്‍ സഹായിക്കും.
ഇയാൻ ഹിൽഗാർത്-മെറ്റിസ്‌സുസ് ജോലിചെയ്യുന്നത് സ്പോർട്സ് രംഗത്തു റിയൽ എസ്റ്റേറ്റ് പ്ലാനിംഗ് വിദഗ്ദ്ധനായാണ്. വാങ്ങാൻ പറ്റുന്ന ടെസ്റ്റ് കിറ്റുകൾ സ്വന്തമായി വാങ്ങിയാണ് ഇയാൻ പഠനമാരംഭിച്ചത്. എലിസാ ടെസ്റ്റുകൾ തന്നെയാണ് ഉപയോഗിച്ചതും, അതിനാൽ ടെസ്റ്റ് ഫലങ്ങളെപ്പറ്റി ആശങ്കവേണ്ട. അമേരിക്കയിൽ ആദ്യ സമൂഹ ടെസ്റ്റിംഗ് പഠനം പുറത്തുവിട്ടത് ഇയാൻ തന്നെ. ആദ്യ ടെസ്റ്റുകൾ നടത്തിയത് ഇയാൻ സ്വന്തം ശരീരത്തിലും, അദ്ദേഹത്തിന്റെ ഭാര്യയിലുമായിരുന്നു. രണ്ടു സാമ്പിളും പോസിറ്റീവ് ആയി. അപ്പോഴാണ് ഇയാൻ ഓർത്തത്. കഴിഞ്ഞ ഡീസമ്പർ മാസം അവരുടെ കൂടെ ഒരു ചൈനീസ് വിദ്യാർത്ഥി താമസിച്ചിരുന്നു. അക്കാലത്തു ഇയാനും ഭാര്യയും ഫ്ലൂ ആയി കഴിയേണ്ടിയും വന്നിരുന്നു. അപ്പോൾ ചോദ്യമിതാണ്: ഡിസംബറിൽ ഇയാൻ ഫ്ലൂ ബാധിതനായിരുന്നുവെങ്കിൽ, അമേരിക്കയിൽ കോവിഡ് 19 ന്റെ ആഗമനം എന്നായിരുന്നു?