ഡോ: എൻ.ആർ.റീന
ഗൈനക്കോളജിസ്റ്റ്, കൊല്ലം
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
ആമ്നിയോട്ടിക് ഫ്ലൂയിഡ്, പൊക്കിൾ കൊടിയിലെ രക്തം, നവജാത ശിശുവിന്റെ തൊണ്ടയിൽ നിന്നുള്ള സ്രവ പരിശോധന എന്നിവയിൽ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതു കൊണ്ടു തന്നെ കൊറോണ രോഗം ഗർഭസ്ഥ ശിശുക്കളിലേക്ക് പകരുന്നില്ല എന്നാണ് അനുമാനം. എന്നാൽ നവജാത ശിശുക്കളിൽ അപൂർവമായി കോവിഡ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അബോർഷൻ, ജന്മനാലുള്ള അംഗവൈകല്യം എന്നിവയും കോവിഡ് ബാധ കൊണ്ട് ഉണ്ടാകുന്നതായി കാണപ്പെട്ടിട്ടില്ല. ജലദോഷം, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കോവിഡ് ബാധിതരായ ഗർഭിണികളിൽ കാണാറുള്ളത്. ഗുരുതരമായ ന്യുമോണിയ, വെൻറിലേറ്ററിൻെ സഹായം വേണ്ടി വരുന്ന ശ്വാസ തടസ്സം മുതലായവ വളരെ അപൂർവമായി മാത്രമേ ഗർഭിണികളിൽ കാണാറുള്ളൂ.
നിർദ്ദേശങ്ങൾ
- യാത്രകൾ പരമാവധി ഒഴിവാക്കുക. യാത്രകൾ വേണ്ടി വന്നാൽ തന്നെ വ്യക്തി ശുചിത്വം , ശാരീരിക അകലം എന്നിവ പാലിക്കണം. ഒത്തു ചേരലുകൾ ഒഴിവാക്കണം.
- വിദേശ രാജ്യങ്ങളിൽ നിന്നോ, കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നോ വന്നവരാണെങ്കിൽ മുൻകൂട്ടി ഡോക്ടറേയോ, ആരോഗ്യ പ്രവർത്തകരേയോ അറിയിച്ച്, അനുവദിക്കുന്ന സമയത്ത്, നിർദ്ദേശങ്ങൾ പാലിച്ചു മാത്രം ഡോക്ടറെ സന്ദർശിക്കേണ്ടതാണ്. ഒരു കാരണവശാലും മുൻകൂട്ടി അറിയിക്കാതെ ഒപിയിൽ പോകരുത്.
- തൊണ്ടയിലെ സ്രവ പരിശോധനയോ(throat swab) , സമ്പർക്ക വിലക്കോ നിർദേശിക്കപ്പെട്ടാൽ കർശനമായും പാലിക്കേണ്ടതാണ്.
- സമ്പർക്ക വിലക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളവർ വീടിനുള്ളിൽ ഒരു മുറിക്കുള്ളിൽ തന്നെ കഴിയേണ്ടതാണ്. പൊതു യാത്രാ സൗകര്യങ്ങൾ ഉപയോഗിക്കരുത്, സ്വന്തം വാഹനമോ ആശുപത്രി വാഹനമോ ആണ് ഉപയോഗിക്കേണ്ടത്. സന്ദർശകരെ അനുവദിക്കരുത്. പ്രത്യേക പാത്രങ്ങൾ, വസ്ത്രം എന്നിവ ഉപയോഗിക്കേണ്ടതാണ്.
- സാമൂഹിക വ്യാപനം നടന്നിട്ടില്ലാത്ത സ്ഥലങ്ങളിൽ, കോവിഡ് ബാധിതരായ അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെ ഉടൻ തന്നെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും പിഴിഞ്ഞെടുത്ത മുലപ്പാൽ (അമ്മ,കൈയ്യും സ്തനങ്ങളും കഴുകിയതിനു ശേഷം മാസ്ക് ധരിച്ച് പിഴിഞ്ഞെടുത്ത മുലപ്പാൽ) കുഞ്ഞിന് നൽകുകയും ചെയ്യാനാണ് ബ്രിട്ടനിലെ റോയൽ കോളജ് നിർദ്ദേശിക്കുന്നത്. എന്നാൽ കേരള സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളിൽ കുഞ്ഞിനെ അമ്മയിൽ നിന്ന് വേ൪പെടുത്തി സംരക്ഷിക്കുക എന്ന നിർദ്ദേശം ഇല്ല. കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തിൽ അമ്മയേയും കുഞ്ഞിനേയും ഒരുമിച്ചു തന്നെ കിടത്താവുന്നതാണ്
ഗർഭകാലപരിശോധനകൾ
- ആദ്യ കൺസൽറ്റേഷനിൽ തന്നെ രക്ത പരിശോധനയും സ്കാനിംഗും ചെയ്യാം.
- മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ മാസാമാസമുള്ള പരിശോധന ഒഴിവാക്കാം.
പരിശോധനക്ക് വരേണ്ട സമയം
- 11-12 ആഴ്ച
- 18-20ആഴ്ച
- 28 ആഴ്ച
- 36 ആഴ്ച
- 39ആഴ്ച
- 32 ആഴ്ച മുതൽ അനക്കം ശ്രദ്ധിച്ചു തുടങ്ങണം
വീട്ടിൽ തന്നെ ബിപി നോക്കാൻ സൗകര്യമുണ്ടെങ്കിൽ 32 ആഴ്ച മുതൽ എല്ലാ ആഴ്ചയും ബി പി നോക്കണം.
- അമിത രക്ത സമ്മർദ്ദം, പ്രമേഹം, ഹൃദയ വൈകല്യം, ഇരട്ടക്കുട്ടികൾ, രക്തസ്രാവം തുടങ്ങി മറ്റ് ഗുരുതര പ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശാനുസരണം ആശുപത്രിയിൽ എത്തേണ്ടതാണ്.
- ഇടക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഡോക്ടറേയോ, ആരോഗ്യ പ്രവർത്തകരേയോ ഫോണിൽ ബന്ധപ്പെടുക
- തലവേദന, വയറിന് മുകൾ ഭാഗത്ത് വേദന, രക്ത സ്രാവം തുടങ്ങിയവ ഉണ്ടായാൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തേണ്ടതാണ്.
- ആദ്യ മൂന്നു മാസങ്ങളിൽ ഗർഭിണി ഫോളിക് ആസിഡ് ഗുളികകൾ കഴിക്കേണ്ടതാണ്. മൂന്നാം മാസം മുതൽ അയൺ, കാൽസിയം ഗുളികകൾ കഴിച്ചു തുടങ്ങണം. പ്രസവം വരെയും അതു കഴിഞ്ഞ് മുലയൂട്ടുന്ന അവസരത്തിലും അത് തുടരേണ്ടതാണ്.
- വന്ധ്യതാ ചികിത്സയും, മാറ്റി വെക്കാൻ കഴിയുന്ന ശസ്ത്രക്രിയകളും കോവിഡ് 19 നിയന്ത്രണ വിധേയമായതിനു ശേഷമാകട്ടെ. ശസ്ത്രക്രിയക്കു ശേഷമുള്ള ശാരീരിക മാറ്റങ്ങളെ കോവിഡ് 19 ഏതു രീതിയിൽ ബാധിക്കുമെന്ന് നാം മനസ്സിലാക്കി എടുക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല അടിയന്തിര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റി വക്കുന്നതിലൂടെ ആശുപത്രിയിലെ തിരക്ക് കുറക്കാനാകുന്നു. ഒപ്പം ശാരീരിക അകലം പാലിക്കാനും കഴിയുന്നു.