Read Time:3 Minute

ഡോ. യു. നന്ദകുമാര്‍

കോവിഡ് 19 വ്യാപനത്തിന്റെ ആദ്യനാളുകളിൽ തന്നെ പ്ലാസ്മദാനം ചികിത്സാരീതിയായി പരീക്ഷിച്ചു തുടങ്ങി. മാർച്ച്, 2020 ൽ പുറത്തുവന്ന റിപ്പോർട്ടനുസരിച്ചു പ്ലാസ്മാദനത്തിന്റെ സാധ്യത ആശാവഹമാണെന്നു കണ്ടെത്തി. കൂടുതൽ പഠനങ്ങളും സൂക്ഷ്മമായ നിരീക്ഷണങ്ങളും ഇനിയും ആവശ്യമുള്ള ചികിത്സയാണിത്.
അഞ്ചു രോഗികളിൽ പരീക്ഷിച്ച വിവരമാണ് ജാമാ (The Journal of the American Medical Association) എന്ന അമേരിക്കൻ ജേണൽ പുറത്തുവിട്ടത്. ബൈൻഡിങ് ടൈറ്റർ 1:1000 ത്തിനു മുകളിലും ന്യൂട്രലൈസഷൻ ടൈറ്റർ 40 നു മുകളിലും ഉള്ള സാമ്പിൾ ആണ് ചികിത്സക്കായി ഉപയോഗിച്ചത്.

Convalescent sera കടപ്പാട്  ©jci.irg

അതിനൂതന ഗവേഷണം മറ്റൊരു ദിശയിലേക്ക് തിരിഞ്ഞു തുടങ്ങി. രോഗവിമുക്തരായ വ്യക്തികളുടെ പ്ലാസ്മയിൽ നിന്ന് കോറോണയുടെ ആന്റിബോഡികളെ മാത്രം വേർതിരിച്ചെടുക്കാനായാൽ അതിന് പതിന്മടങ്ങ് ശക്തിയുണ്ടാകും. പുതിയതരം ഔഷധമായി പരിഗണിക്കാനാകും. ഒരു താത്കാലിക വാക്സിൻ എന്നെ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യും. ഇത് സാധ്യമാണോ എന്ന് പല ഗവേഷണ ലാബുകളും അന്വേഷണമാരംഭിച്ചു കഴിഞ്ഞു.

അബ്‌സെല്ലറ ലാബിലെ (AbCellara Lab)  സി ഇ ഒ കാറൽ ഹാൻസ്സെൻ (Carl Hansen) ആദ്യത്തെ രോഗവിമുക്തമായ പ്ലാസ്മ ലഭിച്ചിട്ട് അഞ്ചുനാളിനുള്ളിൽ വൈറസിനെതിരെ പ്രതിപ്രവർത്തനം നടത്താൻ കഴിവുള്ള 500 വ്യത്യസ്ത ആന്റിബോഡികളെ കണ്ടെത്താൻ കഴിഞ്ഞു. ഇവയോരോന്നിനും വൈറസിന്റെ സൂചിമുനകളിൽ ഒട്ടിപ്പിടിക്കാനും അതുവഴി വൈറസ് പ്രവർത്തനത്തെ നിർവീര്യമാക്കാനും കഴിവുണ്ട്. ഏറ്റവും ശക്തമായ ആന്റിബോഡികൾ കണ്ടെത്താനും അവയെ ഡ്രഗ് (ഔഷധം) എന്ന നിലയിലേക്ക് ഉയർത്താനും സാധിക്കുമോ എന്ന പഠനമാണ് നിരവധി ലാബുകൾ ഇപ്പോൾ ചെയ്യുന്നത്. ഇതിനർത്ഥം രോഗവിമുക്തരായ വ്യക്തികളുടെ രക്തത്തിന് ഇപ്പോൾ വൻ ഡിമാൻഡ് ആണെന്നതാണ്.

ചൈനയില്‍ രോഗവിമുക്തയായ രോഗിയില്‍ നിന്നും രക്തപ്ലാസ്മ ശേഖരിക്കുന്നു. കടപ്പാട് : AFP/Getty

ഔഷധീകരിച്ച ആന്റിബോഡിക്ക് പ്ലാസ്മയെക്കാൾ പതിന്മടങ്ങ് വീര്യമുണ്ട്. പ്ലാസ്മയിൽ നാമമാത്രമായി കാണുന്ന ആന്റിബോഡികളുടെ ഡൈല്യൂഷൻ തന്നെ കാരണം. ഇപ്പോൾ കരുതുന്നത് രണ്ടു മുതൽ നാലു മാസത്തിനുള്ളിൽ ആദ്യത്തെ ആന്റിബോഡി ഔഷധം പരീക്ഷണാർത്ഥത്തിൽ പുറത്തുവരും എന്നാണ്. വിജയിക്കുകയാണെങ്കിൽ പ്ലാസ്മാദനത്തേക്കാൾ മെച്ചപ്പെട്ട ചികിത്സയോപാധിയായിതു മാറുമെന്നുറപ്പ്.

വിജയകരമായ ആന്റിബോഡി ചികിത്സ നടക്കുന്ന ഇടങ്ങളിൽ ലോക് ഡൌൺ, അടച്ചുപൂട്ടൽ, സാമ്പത്തിക പ്രതിസന്ധി, യാത്രാവിലക്കുകൾ എന്നിവയിലെല്ലാം ഇളവുണ്ടാകാൻ കാരണമായേക്കാം എന്ന് ഗവേഷകർ കരുതുന്നു.


അധികവായനയ്ക്ക്
  1. jamanetwork.com/journals/jama/fullarticle/2763983
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കൊറോണക്കാലത്തുനിന്നും കുറച്ചു നല്ല പാഠങ്ങൾ
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 16
Close