കോവിഡ് 19 വ്യാപനം മൂന്നാം ഘട്ടത്തിലേക്ക്: ജാഗ്രത പോര.. അതിജാഗ്രത തന്നെ വേണം
പത്തനംതിട്ട ജില്ലയിൽ അഞ്ചുപേർക്ക് കൊറോണ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ കേരളത്തിൽ കൊറോണ വൈറസ് (കോവിഡ് 19) ബാധ മൂന്നാം ഘട്ടത്തിലേക്ക് കടന്നതായി കരുതാം.
ആദ്യഘട്ടത്തിൽ ചൈനയിൽ നിന്നെത്തിയ മൂന്നുപേരിൽ രോഗം സ്ഥിരീകരിച്ചു. അവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ഉചിതമായ ചികിത്സനൽകി രോഗം വിമുക്തരാക്കി. ചൈനയിൽ നിന്നെത്തിയവരുമായി ബന്ധപ്പെട്ടെന്ന് സംശയമുള്ള 2000 തോളം പേരെ വീടുകളിൽ നിന്നും പുറത്ത് പോകാൻ അനുവദിക്കാതെ 28 ദിവസം നിരീക്ഷണ വിധേയരാക്കി (Quarantine). രോഗം ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തി.
ഇറ്റലിയിൽ രോഗത്തോടെ എത്തിയവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അവഗണിച്ച് തങ്ങൾ വിദേശത്ത് നിന്നും വന്നവരെന്ന് വെളിപ്പെടുത്താതെ പലയിടങ്ങളിലും സഞ്ചരിച്ചു. നിരവധി പേരുമായി ബന്ധപ്പെട്ടു. ഇവരിൽ നിന്നു നാട്ടുകാരായ രണ്ട് ബന്ധുക്കൾക്ക് രോഗം പകർന്നു. ഇതോടെ കോറോണ രോഗ വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇറ്റലിയിൽ നിന്നെത്തിയവരുമായും രോഗം ബാധിച്ച അവരുടെ ബന്ധുക്കളുമായും ഇടപഴകിയ എല്ലാവരെയും കണ്ടെത്തുകയും നിരീക്ഷിണ വിധേയരാക്കുകയും ചെയ്യാൻ ആരോഗ്യ വകുപ്പ് ഊർജ്ജിത ശ്രമം നടത്തിവരികയാണ്.
വിദേശത്ത് നിന്നും എത്തിയവരിൽ നിന്നും നാട്ടുകാരിലേക്ക് കൊറോണ വ്യാപിച്ചിരിക്കയാണ്, അവരുമായി ബന്ധമുള്ളവരെയെല്ലാം കണ്ടെത്തുക ദുഷ്കരവുമാണ്. ഈ സാഹചര്യത്തിൽ കൊറോണ വൈറസ് കേരള സമൂഹത്തിനുള്ളിൽ തന്നെ സ്ഥാനം പിടിച്ച് കൊണ്ട് വ്യാപനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിരിക്കയാണെന്ന് കരുതാവുന്നതാണ്.
ബോധവൽക്കരണം
കൊറോണ ബാധിച്ചവർക്ക് ചികിത്സ നൽകുക,ബന്ധപ്പെട്ടവരെ കണ്ടെത്തുക എന്ന ഒന്നാം രണ്ടാം ഘട്ട പൊതുജനാരോഗ്യ ഇടപെടലുകളിൽ നിന്നും മുന്നോട്ട് പോയി സമൂഹത്തെയാകെ കൊറോണ വ്യാപന രീതിയെപറ്റിയും കരുതൽ നടപടികളെപറ്റിയും വിപുലമായ ബഹുജന ആരോഗ്യ വിദ്യാഭ്യാസ പരിപാടിയിലൂടെ ബോധവൽക്കരിക്കുക എന്ന ദൗത്യമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഇതിലേക്കായി ആരോഗ്യ വക്പ്പ് മാത്രമാല്ല, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം തുടങ്ങിയ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഒരുമിച്ച് ചേർന്ന് സംയുക്തമായി പ്രവർത്തിക്കേണ്ടതുണ്ട്.
അടിയന്തിരമായി ജനങ്ങൾ സ്വീകരിക്കേണ്ട കരുതൽ നടപടികൾ ഇതിനകം പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യശ്യംഖലകളിലൂടെയും പ്രചരിപ്പിച്ച് വരുന്നുണ്ട്. പനി ചുമ ശ്വാസം തടസ്സം തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് ഒഴിവാക്കി അടിയന്തിരമായി വൈദ്യസഹായം തേടേണ്ടതാണ്. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്താനും കൈകൾ ഇടക്കിടെ കഴുകി വൃത്തിയാക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോഴത്തെ അടിയന്തിര സാഹചര്യം പരിഗണിച്ച് പൊതു പരിപാടികൾ കഴിവതും ഒഴിവാക്കേണ്ടതാണ്. വിദേശത്ത് നിന്നും എത്തുന്നവർ ഉടൻ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്.
വയോജനങ്ങൾ, പകർച്ചേതര രോഗങ്ങൾ
പൊതുവിൽ എല്ലാവരും ഇത്തരം കരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ടെങ്കിലും പ്രായാധിക്യമുള്ളവരും മറ്റ് രോഗങ്ങളൂള്ളവരും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടേണ്ടതാണ്.
അതീവ ജാഗ്രത !!!
ഇതെല്ലാം വസ്തുനിഷ്ഠമായി കണക്കിലെടുക്കുമ്പോൾ കേരള സമൂഹം സ്വീകരിക്കേണ്ടത് ജാഗ്രതയല്ല അതിജാഗ്രതയാണ് എന്ന് കാണാൻ കഴിയും.