Read Time:18 Minute

ആദില കബീര്‍

Science Education Trust

ആരോഗ്യാടിയന്തിരാവസ്ഥയുടെ ഈ കാലത്ത് വിദ്യാഭ്യാസ രംഗം തകര്‍ന്നു വീഴാതെ പിടിച്ചു നിര്‍ത്താന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്? ഇതിനിടയില്‍ നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത്? കൊറോണയ്ക്ക് ശേഷം ഈ സാഹചര്യം നമ്മുടെ വിദ്യാഭ്യാസ രംഗത്തിന് നല്‍കുന്ന പാഠങ്ങളും പരുവപ്പെടലുകളും എന്തെല്ലാമായിരിക്കും?

ആരോഗ്യരംഗത്തെ അപ്പാടെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണക്കാലം തുടരുകയാണ്. “ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്” എന്ന് ആരോഗ്യ പ്രവര്‍ത്തകരും ഭരണാധികാരികളും ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നു. പൂര്‍വ്വാധികം ശക്തിയോടെ മുന്നൊരുക്കങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളും മുന്‍ കരുതലുകളും നടക്കുന്നു. എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന ആളുകളുടെ നിരന്തരമായ സംയുക്തശ്രമം ഈ പകര്‍ച്ച വ്യാധിയെ പിടിച്ചുകെട്ടാന്‍ അനിവാര്യമാണ്- സ്വാഭാവികമായും വിദ്യാഭ്യാസ രംഗവും ഈ ലക്ഷ്യത്തിനായി കൈകോര്‍ക്കേണ്ടിയിരിക്കുന്നു!

കൊറോണ പടരുന്ന രാജ്യങ്ങളില്‍ ഭൂരിഭാഗവും ജനങ്ങളുടെ സുരക്ഷയെ കരുതി, തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചു പൂട്ടിക്കഴിഞ്ഞു. അപ്രതീക്ഷിതമായി തടസപ്പെട്ട അധ്യയനദിവസങ്ങള്‍ കേരളത്തില്‍ മാത്രമല്ല , ലോകത്ത് എല്ലായിടത്തെയും വലിയ ചോദ്യ ചിഹ്നമാണ് .

ആരോഗ്യാടിയന്തിരാവസ്ഥയുടെ ഈ കാലത്ത് വിദ്യാഭ്യാസ രംഗം തകര്‍ന്നു വീഴാതെ പിടിച്ചു നിര്‍ത്താന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്? ഇതിനിടയില്‍ നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത്? കൊറോണയ്ക്ക് ശേഷം ഈ സാഹചര്യം നമ്മുടെ വിദ്യാഭ്യാസ രംഗത്തിന് നല്‍കുന്ന പാഠങ്ങളും പരുവപ്പെടലുകളും എന്തെല്ലാമായിരിക്കും? കൊറോണ വിദ്യാഭ്യാസ രംഗത്തിന് ഏല്പിച്ച ആഘാതവും അതിജീവനവഴികളുമാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്.

കേരളത്തിലെ സാഹചര്യം നമുക്കറിയാം. രോഗം നാട്ടിലെത്തി അധികം വൈകും മുന്‍പ് തന്നെ ദീര്‍ഘദൃഷ്ടിയോടെ വിദ്യാഭ്യാസവകുപ്പ് വിദ്യാഭ്യാസസ്ഥപനങ്ങള്‍ക്ക് മാര്‍ച്ച് മാസം 31 വരെ അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ ഏഴു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് വര്‍ഷാന്ത്യ പരീക്ഷ ഒഴിവാക്കി. എട്ട്, ഒന്‍പത് ക്ലാസിലെ കുട്ടികള്‍ക്കാകട്ടെ ക്ലാസില്ല, പരീക്ഷ മാത്രം എന്ന രീതിയില്‍ കാര്യങ്ങള്‍ ചിട്ടപ്പെടുത്തി. പത്താം തരത്തിലുള്ള കുട്ടികളുടെ പരീക്ഷ കര്‍ശനമായ നിര്‍ദേശങ്ങളോടെ, സാമൂഹിക അകലം ഉറപ്പു വരുത്തി സ്കൂളുകളില്‍ ക്രമപ്പെടുത്തി. മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ട്യൂഷന്‍ ക്ലാസുകളും എന്നുവേണ്ട എല്ലാത്തരം വിദ്യാഭ്യാസക്കൂട്ടങ്ങളും നിര്‍ത്തിവെച്ചു. അര്‍ഹരായ സ്കൂള്‍ വിദ്യാര്‍ഥികളിലേക്ക് അരിയും,അംഗനവാടി കുഞ്ഞുങ്ങളിലേക്ക് ആഹാരവും എത്തിക്കാന്‍ വകുപ്പുണ്ടാക്കി. തീര്‍ത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ തന്നെ! ഒരുപക്ഷേ കേരളത്തിലെ വേനലവധി മാര്‍ച്ച് അവസാനത്തോടെ തുടങ്ങും എന്നതിനാല്‍ ഇനിയും വരാനിരിക്കുന്ന അധ്യയന നഷ്ടം നമ്മളെ സംബന്ധിച്ച് നേരിട്ടൊരു നോട്ടത്തില്‍ പ്രത്യക്ഷ പ്രശ്നങ്ങള്‍ തോന്നിക്കാനിടയില്ല. മറ്റ് സ്ഥലങ്ങളുടെ കാര്യം ഇങ്ങനെയാണോ?

UNESCOയുടെ ഒടുവിലെ കണക്കുകള്‍ പ്രകാരം 102 രാജ്യങ്ങളാണ് കൊറോണ ഭീഷണിയില്‍ അധ്യയനം നിര്‍ത്തി വെച്ചിരിക്കുന്നത്. ഇവയില്‍ ചില രാജ്യങ്ങള്‍ ഭാഗികമായും ഭൂരിഭാഗം രാജ്യങ്ങളും പരിപൂര്‍ണമായും അടച്ചുപൂട്ടിക്കഴിഞ്ഞു. സിസ്റ്റം നിലക്കാതിരിക്കല്‍ അനിവാര്യമായതിനാല്‍ പരിമിതികള്‍ മറികടന്ന് ക്ലാസുകള്‍ എങ്ങനെ ക്രമീകരിക്കാം എന്ന ആലോചനയിലാണ് വിദ്യഭ്യാസപ്രവര്‍ത്തകര്‍. പലരും പല വഴികള്‍ പരീക്ഷിക്കുന്നു. ഓരോ രാജ്യവും ദേശീയമായും പ്രാദേശികമായും ഉയര്‍ത്തുന്ന വിഭിന്ന മാതൃകകള്‍ ലോകം സമാന്തരമായി ചര്‍ച്ച ചെയ്യുന്നു. മിക്കവാറും ഉയര്‍ന്നു കേള്‍ക്കുന്ന നിര്‍ദേശം ഓണ്‍ലൈന്‍ വിദൂര വിദ്യഭ്യാസത്തിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം എന്നുള്ളതാണ്.

യുനെസ്കോ വെബ്സൈറ്റ് – COVID-19 Educational Disruption and Response

പഠിപ്പിച്ചു തീര്‍ക്കാനുള്ള മിച്ചം പാഠഭാഗങ്ങള്‍ക്ക് വേണ്ടി പുതിയ ഓണ്‍ലൈന്‍ ഉള്ളടക്കം ഉണ്ടാക്കി, പുതിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പഠിച്ച്, അതിലൂടെ പാഠഭാഗങ്ങള്‍ പങ്ക് വെച്ച് , വീടുകളിലിരിക്കുന്ന കുട്ടികളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ഏറെയും. UNESCO തന്നെയും വിശ്വസനീയമായി ആശ്രയിക്കാവുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ സംബന്ധിച്ചു രൂപരേഖ തരുന്ന ഉള്ളടക്കം പുറത്തു വിട്ടിരുന്നല്ലോ. ലോകമൊട്ടാകെയുള്ള പലവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ സേവനങ്ങളുടെ നിരക്കുകള്‍ കുറച്ചും സൗജന്യ ആക്സസ് നല്‍കിയും തങ്ങളാലാകും വിധം ഈ ഉദ്യമത്തിന്റെ ഭാഗമായിട്ടുണ്ട്.

തീവ്രമായി Ed-tech സംവിധാനങ്ങള്‍  ഉപയോഗിച്ച് ശീലമില്ലാത്ത വിദ്യാഭ്യാസ രംഗത്ത് “ഇതുകൊണ്ടൊക്കെ എന്തു  കാര്യം?” എന്ന ചോദ്യം പലയിടത്തും നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ‘പാഠം പഠിപ്പിച്ചു എന്ന മിഥ്യാബോധം സൃഷ്ടിക്കുന്നു എന്നതില്‍ കവിഞ്ഞ് ഇവയുടെ ഫലമെന്തെന്ന് അറിയാന്‍ തക്ക  യാതൊരു സംവിധാനവും ഇപ്പോള്‍ നിലവിലില്ലല്ലോ. പ്രത്യേകിച്ച്, ഇതുപോലെ ഒരടിയന്തിര സാഹചര്യം നിലനില്‍ക്കുന്ന അന്തരീക്ഷത്തില്‍ പ്രഥമ പരിഗണന കൊടുക്കേണ്ട വിഷയം അതാകുന്നുമില്ല. എങ്ങനെയെങ്കിലും  പഠിപ്പിക്കുക എന്നതിലുപരിയായി എത്ര ഫലപ്രദമായി ആ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നു വിലയിരുത്തേണ്ടി വരും. കുട്ടികളിലെ പഠന നേട്ടങ്ങള്‍ (learning outcome) എങ്ങനെ ഉറപ്പിക്കുന്നു എന്നുള്ളതിനു കരുതല്‍ കൊടുക്കുമെങ്കില്‍ , കോവിഡ് കാലത്തെ വിദ്യാഭ്യാസത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞേക്കും.

ലോകരാജ്യങ്ങളില്‍ പലതിലും ഇന്റര്‍‌നെറ്റ് സംവിധാനമുപയോഗിച്ച് പഠനം മെച്ചപ്പെടുത്താനുള്ള പലവിധ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചില രാജ്യങ്ങളില്‍ സ്വഭാവികമായ തുടര്‍ച്ച എന്ന വണ്ണം അത് സാധ്യമാകുമ്പോള്‍ അമേരിക്ക അടക്കമുള്ള സ്ഥലങ്ങളിൽ അദ്ധ്യാപകര്‍ അന്ധാളിപ്പിലാണ്. പഠനം എങ്ങനെയാണ് ഓണ്‍ലൈന്‍ വഴി സാധ്യമാക്കേണ്ടത് എന്ന് യാതൊരു ധാരണയും മുന്നനുഭവങ്ങളും അവര്‍ക്കില്ല. ചുരുങ്ങിയ സാധ്യതകള്‍ക്കപ്പുറം അധ്യാപനത്തിനുള്ള മികച്ച മാര്‍ഗ്ഗമായി അതിനെ പരീക്ഷിച്ചിട്ടുമില്ല. നിത്യ ജീവിതത്തിലെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിയ്ക്കുന്ന പരിമിതമായ ഓണ്‍ലൈന്‍ സങ്കേതങ്ങളില്‍ കവിഞ്ഞ ഉപയോഗപ്രദമായ ഡിജിറ്റല്‍ സൗകര്യങ്ങള്‍, അവര്‍ക്കും അറിയില്ലെന്ന് ചുരുക്കം.

ഇനി; അദ്ധ്യാപകര്‍ക്ക് ഡിജിറ്റല്‍ സാക്ഷരതയുള്ള ഇടമാണെങ്കിലോ? അവിടെയും പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. എല്ലാ കുട്ടികളും ഒരേ സാഹചര്യത്തില്‍ നിന്നുള്ളവരല്ല എന്ന വാസ്തവം ഉള്‍ക്കൊണ്ടാല്‍ തന്നെ കുട്ടികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ അന്തരം എത്ര വലുതാണ് എന്നു മനസിലാകും. സ്വന്തമായി ഫോണ്‍ / ലാപ്ടോപ്പ് സംവിധാനം ഉള്ള , അന്‍ലിമിറ്റഡ് ഇന്‍റര്‍നെറ്റ് ആക്സസ് ഉള്ള കുട്ടിയില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ കൈകാര്യം ചെയ്തിട്ടേയില്ലാത്ത കൂട്ടിയിലേക്കുള്ള ദൂരം വളരെ കുറവാണ്.

ഒരേ ക്ലാസ്മുറിയില്‍ തൊട്ടടുത്തിരിക്കുന്ന രണ്ടു കുട്ടികള്‍ക്ക് തമ്മില്‍ ഡിജിറ്റല്‍ ഡിവൈഡിന്റെ കാര്യത്തില്‍ രണ്ട് തലമുറയുടെ ദൂരമുണ്ടായേക്കാം. കൊറോണ പരിധി വിട്ടു പടര്‍ന്നപ്പോള്‍ തങ്ങളുടെ വിദ്യാഭ്യാസ സിസ്റ്റത്തെയാകമാനം ഓണ്‍ലൈനവത്കരിച്ച ചൈനയില്‍ ഈ വ്യത്യാസം ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ആദ്യം മുതല്‍ക്കേ നിലനിന്ന സാമൂഹിക അസമത്വത്തെ കൂടുതല്‍ ആഴമുള്ളതാക്കാന്‍ ഇത് വഴിയൊരുക്കി. അടിസ്ഥാന അവകാശമെന്ന നിലയില്‍ വിദ്യാഭ്യാസം നേടാനുള്ള കുട്ടികളുടെ അവകാശത്തെ തന്മൂലം ഇത് നിഷേധിക്കുന്നു. ഇങ്ങനെ പൊതുനന്മയെ കരുതി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന പല മാറ്റങ്ങളും അരികുവത്കരിക്കപ്പെട്ടവരെ വീണ്ടും അരികിലേക്ക് തള്ളുന്നു.

മഹാമാരികളുടെ കാലത്ത് സ്കൂളുകള്‍ അടഞ്ഞു കിടക്കുകയാണോ വേണ്ടത് അതോ തുറന്നു പ്രവര്‍ത്തിക്കുക തന്നെ വേണമോ എന്നുള്ള ചോദ്യം  മറ്റൊരു വിശാലമായ ഭാഗമാണ് . എന്തായാലും അടഞ്ഞു കിടക്കുന്നു എന്ന അവസ്ഥയാണെങ്കില്‍, അറിവ് നേടാനുള്ള കുട്ടിയുടെ അവസരത്തെ അത് തടയുന്നില്ല എന്നുറപ്പു വരുത്താനുള്ള ബാധ്യത സിസ്റ്റത്തിനുണ്ട്. എന്തെങ്കിലും ചെയ്തു എന്ന് വരുത്തിത്തീര്‍ക്കുന്നതിനപ്പുറം എത്ര ഭംഗിയായി അത് ലക്ഷ്യം കണ്ടു എന്നാകണം ഒരുപക്ഷേ നാം ചിന്തിക്കേണ്ടത്. ഒന്നോര്‍ത്താല്‍ , കൊറോണ സമൂഹത്തിനുള്ള ഒരു പരിശോധനയാണ്. എന്തെല്ലാം സാമൂഹിക സംവിധാനങ്ങളില്‍ നമ്മള്‍ മുന്നിലേക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് രോഗനിര്‍ണ്ണയം നടത്തി ചികിത്സ കണ്ടെത്താന്‍ ഇത് നമ്മളെ പ്രാപ്തരാക്കിയേക്കും.

ബെല്‍ജിയത്തിലെ ഒരു സ്കൂള്‍  March 13, 2020. REUTERS/Francois Lenoir

പഠിച്ചത് ഉറപ്പിക്കലോ അതോ പഠനത്തുടര്‍ച്ചയോ?

കൊറോണ പോലെയുള്ള കയ്യിലൊതുങ്ങാത്ത സന്ദര്‍ഭങ്ങളില്‍ സ്കൂളുകള്‍ ഇതില്‍ ഏതാണ് ഉറപ്പ് വരുത്തേണ്ടത്? തീര്‍ച്ചയായും പുത്തന്‍ മാര്‍ഗങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ച് ഒന്നില്‍ തുടങ്ങുന്നതിന് പകരം, ലഭ്യമായ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തലാകും പ്രയോഗികമാവുക. ഇതുവരെ പഠിപ്പിച്ചതും കുട്ടികള്‍ പഠിച്ചെന്നു കരുതിയതുമായ ആശയങ്ങള്‍, യഥാര്‍ത്ഥത്തില്‍ കുട്ടികളില്‍ എത്തിയോ എന്ന് അന്വേഷിക്കാനും എത്തിക്കാന്‍ ശ്രമിക്കാനുമുള്ള സമയമായി ഇതിനെ പരിഗണിക്കാം. കുട്ടികള്‍ക്ക് എല്ലാവര്‍ക്കും സ്വീകാര്യമായ ഏതെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗിച്ചാല്‍ തന്നെ ധാരാളം. Whatsapp എങ്കില്‍ അത് , അല്ലെങ്കില്‍ അതുപോലെ മറ്റെന്തെങ്കിലും. എന്തിടപെടല്‍ ആസൂത്രണം ചെയ്താലും കുട്ടികള്‍ അതില്‍നിന്ന് എന്തു പഠിക്കണം, എന്തുള്‍ക്കൊള്ളണം എന്ന കാര്യത്തില്‍ അദ്ധ്യാപകര്‍ വ്യക്തതയുള്ളവര്‍ ആയിരിക്കണം.

പുതിയ പാഠങ്ങള്‍ പഠിപ്പിച്ചും എണ്ണമറ്റ ഗൃഹപാഠങ്ങള്‍ നല്‍കിയും ഓണ്‍ലൈന്‍ പഠനം നടത്തുന്നത് കൊണ്ട് പ്രത്യേകിച്ചു യാതൊരു ഗുണഫലവും ഉണ്ടാകുന്നില്ല. എന്ന് മാത്രമല്ല, ഇത് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് അനേകം സംവാദങ്ങള്‍ പലയിടങ്ങളിലായി തുടരുകയാണ്. പലരും മാര്‍ഗ്ഗനിര്‍ദേശങ്ങളും തെളിവുകളും കാരണങ്ങളും നിരത്തുന്നു.

കേരളത്തിലേക്ക് തിരികെയെത്താം. മാര്‍ച്ച് ഒടുവില്‍ വേനലവിധിക്ക് തൊട്ടു മുന്‍പല്ലായിരുന്നു ഇവിടെ കൊറോണ വന്നതെങ്കിലോ? പഠനം തുടരാന്‍ എന്തു തരം നടപടികളായിരിക്കും നമ്മള്‍ പ്രാവര്‍ത്തികമാക്കുക ? അവയില്‍ എന്തെല്ലാം കൃത്യമായ  പരിഹാരമായി മാറിയേനെ? ഇന്ന് കേരള വിദ്യാഭ്യാ രംഗം ചോദിച്ചു തുടങ്ങേണ്ട അനിവാര്യമായ ചോദ്യമാണിത്. സത്യസന്ധമായി ആലോചിച്ചാല്‍ , ICT Enabled ക്ലാസ് മുറികളില്‍ പാഠഭാഗങ്ങള്‍ക്കൊപ്പം വീഡിയോ കാണിക്കുക, സിനിമ കാണിക്കുക, പ്രസന്റേഷന്‍ തയാറാക്കുക ബ്ലോഗ് എഴുതുക തുടങ്ങിയ പരിമിതമായ ഉപയോഗത്തിനപ്പുറം, വിദ്യാഭ്യാസ അടിയന്തിരാവസ്ഥയെ നേരിടേണ്ടി വരുമ്പോള്‍ , ഓണ്‍ലൈന്‍ ലോകമൊരുക്കുന്ന ഏത് സാധ്യതയിലേക്ക് നമ്മുടെ അധ്യാപകര്‍ക്ക് അനായാസം  ഇഴുകിച്ചേരാന്‍ സാധിയ്ക്കും?

അടിയന്തിരാവസ്ഥകളെ മുന്നില്‍ കണ്ട് പദ്ധതികള്‍ ക്രമീകരിക്കേണ്ടത് എന്തുകൊണ്ടാണ് എന്ന് കൊറോണ പറഞ്ഞു തരുന്നുണ്ട്. രണ്ടാം പ്രളയം കടന്നപ്പോഴേക്കും മൂന്നാമതൊരു പ്രളയസാധ്യതയ്ക്ക് വേണ്ടി നമ്മുടെ ദേശം എങ്ങനെ ആത്മവിശ്വാസത്തോടെ തയ്യാറെടുത്തുവോ, സമാനമായ ഇടപെടല്‍ ഇവിടെയും അനിവാര്യമാണ്. നിലവില്‍, കുട്ടികളില്ലെങ്കിലും സ്കൂളിലെത്തുന്ന കേരളത്തിലെ അദ്ധ്യാപകര്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളുപയോഗിച്ച് അധ്യാപനരീതികള്‍ സുഗമമാക്കാനായി KITE ഓണ്‍ലൈന്‍ ട്രെയിനിങ് രൂപീകരിച്ചു കഴിഞ്ഞു. കൊറോണക്കാലം ക്രിയാത്മകമായി ഉപയോഗിക്കാനുള്ള ഈ ശ്രമം അഭിനന്ദനാര്‍ഹമാണ്.

ഇത്രയും പറയുമ്പോഴും അടിയന്തിര സന്ദര്‍ഭങ്ങളില്‍ ഡിജിറ്റല്‍ ആശ്രിതത്വം ഒറ്റമൂലിയായ ഒരു പരിഹാരമായി കണക്കിലെടുക്കരുത് . അത്രമേല്‍ സങ്കീര്‍ണ്ണമായ വിദ്യാഭ്യാസ രംഗത്ത് ഒരു ദേശത്തിനും മറ്റൊരു പ്രദേശത്തിന്റെ മാതൃകയെ അന്ധമായി പിന്തുടരുക സാധ്യമല്ല . സിസ്റ്റം ഗ്രൌണ്ടില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന യാഥാര്‍ത്ഥ്യബോധത്തോടെ പദ്ധതികള്‍ ആവിഷ്കരിക്കണം. അവിടെ ടെക് സാധ്യതകള്‍ പരിപൂര്‍ണമായി പ്രയോജനപ്പെടുത്താം , ഭാഗിമായി ഉപയോഗിക്കാം , പൂര്‍ണമായി വേണ്ടെന്ന് വെക്കുകയും ചെയ്യാം. ഇതൊക്കെ എങ്ങനെ ചെയ്യുന്നു എന്നുള്ളതിനെക്കാള്‍ പരിഗണന എന്തിനു വേണ്ടി ചെയ്യുന്നു എന്നുള്ളതിനാകുമെങ്കില്‍ കാര്യക്ഷമമായി മുന്നോട്ട് പോകാം. സമ്മര്‍ദ്ദരഹിതമായ, ഉള്‍ചേര്‍ക്കല്‍ മനോഭാവം പ്രായോഗികമാക്കുന്ന, വിദ്യാര്‍ഥി സൗഹൃദപരമായൊരു പഠനാന്തരീക്ഷത്തെ ക്രമപ്പെടുത്താന്‍ കൊറോണ നല്‍കുന്ന പാഠം പ്രയോജനപ്രദമാകട്ടെ. ആ യാത്രയില്‍ സാങ്കേതിക അറിവിന്റെ പരിമിതി നമ്മുടെ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരു പരിമിതിയാകാതിരിക്കട്ടെ!

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2020ലെ ആബെൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Next post മൂന്നാം വാരത്തിലെ കൊറോണ
Close