Read Time:23 Minute

ഡോ. അനീഷ് ടി.എസ്.

നാം ഒരു യുദ്ധമുഖത്ത് തന്നെയാണ്. കോവിഡ് കേരളത്തിൽ രണ്ടാം ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. വിദേശത്തു നിന്നും എത്തിയവരിൽ നിന്നും നാട്ടുകാരിലേയ്ക്ക് രോഗം പടരുവാൻ തുടങ്ങിയിരിക്കുന്നു. ഈ അവസരത്തിൽ നാം എന്താണ് ചെയ്യേണ്ടത് ? നമ്മുടെ ശക്തമായ ആരോഗ്യ-ജനകീയ ശൃംഖലകൾ ഉപയോഗിച്ചു കൊണ്ട് വരുവാൻ പോകുന്ന വിപത്തിനെ തടയുവാൻ ആസൂത്രിത പ്രതിരോധ നടപടികൾ കൈകൊള്ളേണ്ടതില്ലേ ? ഡോ. ടി.എസ്. അനീഷ് സംസാരിക്കുന്നു…

ലോകത്തിലുള്ള മറ്റു രാജ്യങ്ങളെപ്പോലെതന്നെ നമ്മുടെ രാജ്യവും കോവിഡ് 19 എന്ന രോഗത്തിനോട്  പ്രതിരോധ ശേഷി (ഇമ്യൂണിറ്റി) നേടിയിട്ടുള്ള രാജ്യമൊന്നുമല്ല. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലും മറ്റു സ്ഥലങ്ങളിലുള്ളതുപോലെ തന്നെ രോഗം വ്യാപകമായി പടര്‍ന്നു പിടിക്കുകയും ഒരുപക്ഷെ ഭീകരമായിട്ടുള്ള ഒരവസ്ഥയിലേക്ക് എത്തുകയും ചെയ്യാം. മുന്‍കൂട്ടി അതിനെതിരെ ഒരു കരുതല്‍ എടുക്കാന്‍ വേണ്ടി എല്ലാവരും അവരവരുടെ ജീവിത സാഹചര്യങ്ങളില്‍ തന്നെ മാറി നില്‍ക്കുകയും വീടുകളില്‍ തന്നെ കഴിയുകയും ചെയ്യണമെന്ന്  ഡോക്ടര്‍മാർ ഉൾപ്പടെ ഒരുകൂട്ടം ആളുകൾ വിശ്വസിക്കുകയും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് പ്രധാനമായിട്ടും അവരുടെ സമൂഹത്തോടുള്ള സ്നേഹത്തില്‍ നിന്നും പരിഗണനയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ അവര്‍ കാണുന്ന അനുഭവങ്ങളില്‍ നിന്നോ വരുന്നതാണ്. അതെല്ലാം പ്രാധാന്യവുമുള്ളതാണ്. അവയെല്ലാം തന്നെ നമ്മള്‍ കണക്കിലെടുക്കേണ്ടതുമാണ്.

ഒരു സിംഹക്കഥ

ഞാനിന്നലെ എന്റെ ഭാര്യയോടു സംസാരിക്കുന്ന സമയത്ത് അവരെന്നോട് ഇതേ കാര്യം തന്നെ പറഞ്ഞു. അതായത് പൂര്‍ണമായിട്ടും മാറി നില്‍ക്കുന്നതല്ലേ നല്ലത്. ഇറ്റലി പോലുള്ള രാജ്യങ്ങളിലൊക്കെ രോഗം പടര്‍ന്നു പിടിക്കുകയും അവിടെ ഗുരുതരമായിട്ടുള്ള അവസ്ഥയിലേക്ക് നീങ്ങുകയും പിന്നീട് അവിടുള്ളവർക്ക് സമ്പൂർണ്ണമായി തന്നെ ജീവിത സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരികയും ചെയ്ത സ്ഥിതിയ്ക്ക് ഇപ്പഴേ നമുക്ക് കരുതലെടുക്കാന്‍ കഴിയുമെങ്കിൽ അതല്ലേ നല്ലത്. ഞാൻ പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യം. വഴിയിലൂടെ പോകുമ്പോള്‍ നമ്മൾ ഒരു സിംഹത്തെ മുന്നില്‍ കാണുന്നു എന്ന് വിചാരിക്കുക. നമുക്കു മുന്നില്‍ രണ്ട് വഴികളുണ്ട്.. ഒന്ന് നമുക്ക് വലത് വശത്തേക്ക് ഓടാം. അല്ലെങ്കില്‍ ഇടതുവശത്തേക്ക് ഓടാം. വലതു വശത്തെ വഴി കല്ലുകളും മുള്ളുകളും ഒക്കെ നിറഞ്ഞതാണ്. അല്ലെങ്കില്‍ ഒരു വലിയ ഗുഹയാണ്. അതിനകത്ത് നിങ്ങള്‍ കയറിയാല്‍ രക്ഷപ്പെടാനുള്ള ഒരു സാധ്യതയുണ്ട്. പക്ഷെ മുള്ളുകളും കല്ലുകളും കൊണ്ട് നിങ്ങളുടെ ദേഹം മൃതപ്രായമായേക്കും. തിരിച്ചിറങ്ങുമ്പോൾ സിംഹം നിങ്ങളെ പിടിക്കില്ലായിരിക്കും. സിംഹം ഉണ്ടാക്കുന്ന മുറിവ് കുറവായിരിക്കും. മുള്ളുകളുണ്ടാക്കുന്ന മുറിവ് വളരെ കൂടുതലും. നിങ്ങള്‍ എഴുന്നേറ്റു നില്‍ക്കാനാവാത്തവിധം അവശരാവാനുള്ള സാധ്യത എറെക്കുറെ പൂര്‍ണമാണ്. ഇതാണ് വലതു വശത്തെ അവസ്ഥ. ഇടതുവശത്തെ അവസ്ഥ എന്നു പറയുന്നത് നിങ്ങളെ സിംഹം പിടിക്കാനും, രക്ഷപ്പെടാനും സാധ്യതയുണ്ട്. രണ്ടു സാധ്യതകളും നിലനില്‍‍ക്കുന്നുണ്ട്. പക്ഷെ, ലോകമെമ്പാടുമുള്ള അനുഭവങ്ങള്‍ കൂടുതലായും കാണിക്കുന്നത് ഇടതു വശത്തേയ്ക്ക് ഓടിയ ആളുകളെ സിംഹം പിടിച്ചതായിട്ടാണ്. അപ്പോള്‍ നിങ്ങള്‍ ഏതു വഴിയോടും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. നമ്മള്‍ രണ്ടു വഴിയേയും വിലയിരുത്തുക. ഇടതുവശത്തെ വഴി നിങ്ങള്‍ക്ക് കൂടുതല്‍ പരിചിതമാണെങ്കില്‍ അതിനിടയിലുള്ള ഊടുവഴികളെ കൃത്യമായി ഉപയോഗിക്കാനും അറിയാമെങ്കില്‍ ഞാനാണെങ്കില്‍ ഇടതുവശത്തേക്കോടുകയും റിസ്കെടുക്കുകയും ചെയ്യും. കാരണം വലതു വശത്തുകൂടെ ഓടിയാല്‍ മരണ തുല്യമായ ഒരവസ്ഥയായിരിക്കും എന്നെ കാത്തിരിക്കുന്നത്. അതുകൊണ്ട് ഇടതുവശത്തേക്കോടുക എന്ന വഴിയായിരിക്കും ഞാന്‍ തെരഞ്ഞെടുക്കുക.

ഒരു പക്ഷെ ഈ കഥയില്‍ പറയുന്നത്ര ഭീതിജനകമായിരിക്കില്ല അവസ്ഥ. എങ്കിലും നമ്മള്‍ കരുതിയിരിയ്ക്കണം എന്നുള്ളതുകൊണ്ടാണ് ഞാനീ കാര്യങ്ങള്‍ പറയാനായി ശ്രമിക്കുന്നത്.

പുറം രാജ്യങ്ങളില്‍ നിന്നും വരുന്നവരും അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ക്കും മാത്രമായി രോഗം ചുരുങ്ങി നില്‍ക്കുന്ന രണ്ടാമത്തെ ഘട്ടത്തിലാണ് നമ്മളിപ്പോള്‍ നില്‍ക്കുന്നത് എന്ന് കരുതപ്പെടുന്നു. ഇതിന് മൂന്നും നാലും ഘട്ടങ്ങളുണ്ടെന്നാണ് പറയുന്നത്. അതായത് മൂന്നാമത്തെ ഘട്ടത്തില്‍ അതാത് സമൂഹത്തില്‍ തന്നെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തുവരികയും നാലാമത്തെ ഘട്ടത്തില്‍ നാടുമുഴുവന്‍ രോഗം പടര്‍ന്നുപിടിക്കുകയും ചെയ്യാനാണ് സാധ്യത. ഒരു പക്ഷെ ഇപ്പോഴുള്ള ഘട്ടത്തില്‍ നിന്നും വളരെ മുന്നോട്ട് പോകാതെ അവസാനിച്ചു എന്നും വരും. അതിനുള്ള ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് നമ്മുടെ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഞാന്‍ പറയുന്നത് എന്താണെന്ന് വെച്ചാല്‍ ഈ സമയത്ത് എല്ലാവരും അടച്ച് വീട്ടിലിരിക്കാനുള്ള സമയമല്ല. നമ്മള്‍ കരുതലോടെ നീങ്ങാനും ഇനി വരാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെ നേരിടാന്‍ വേണ്ടി കാര്യങ്ങള്‍ സ്വരുക്കൂട്ടുകയും ചെയ്യേണ്ട സമയമാണ്.

1. കിടപ്പു രോഗികളുടെ ആരോഗ്യം

ഈ അസുഖം നാട്ടില്‍ മുഴുവന്‍ പടര്‍ന്നു പിടിക്കാന്‍ ഇടയായാല്‍ ഏറ്റവും കൂടുതല്‍ അപകടം സംഭവിക്കാന്‍ സാധ്യതയുള്ള ഒരു വിഭാഗം ആളുകള്‍ നമ്മുടെ കിടപ്പുരോഗികളാണ്. കാരണം കിടപ്പുരോഗികളെ സംബന്ധിച്ചിടത്തോളം അവര്‍ മിക്കവരും പ്രായാധിക്യം ഉള്ളവരാണ്. വളരെ ഗുരുതരമായിട്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുമാണ്. ഇറ്റലിയില്‍ അങ്ങനെയുള്ളവരുടെ മരണനിരക്ക് അമ്പത് ശതമാനത്തിനു മുകളിലാണ്. അതായത് പകുതിയിലധികം കിടപ്പ് രോഗികളെയും ഈ രോഗം കാരണം നമുക്ക് നഷ്ടപ്പെട്ടു പോകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നാം എന്താണ് ചെയ്യേണ്ടത്?

© Statista 2020
ഇതുവരെയുള്ള അനുഭവങ്ങൾ കാണിക്കുന്നത് മുതിർന്ന പൗരന്മാർ (>58), അനുബന്ധ രോഗങ്ങൾ (പ്രമേഹം. ശ്വാസകോശ രോഗങ്ങൾ, കാൻസർ, രക്താതിമർദ്ദം തുടങ്ങി പകർച്ചേതര രോഗങ്ങൾ) ബാധിച്ചവരാണ് മരണമടയുന്നതെന്നാണ്. ഇങ്ങനെ കേരളത്തിൽ 75 ലക്ഷത്തോളം പേരുണ്ട്. ഇവരിൽ ഒരു ചെറുശതമാനത്തിലും പോലും രോഗബാധയുണ്ടായാൽ നമുക്ക് മാനേജ് ചെയ്യാൻ വളരെ വിഷമമായിരിക്കും. ഈ വിഭാഗത്തിൽപ്പെട്ടവർ നിർബന്ധമായും വീട്ടിലിരിക്കണം.

കിടപ്പുരോഗികളെ നോക്കുന്നതിനു വേണ്ടി ഒരു പരിപാടി നമ്മുടെ നാട്ടിൽ ആദ്യമേയുണ്ട്. ഇതിന് കിടപ്പുരോഗികള്‍ക്കായി ഒരു നഴ്‍സ് മിക്ക സ്ഥലങ്ങളിലുമുണ്ട്. ആ നഴ്‍സിനോട് ഇപ്പഴേ പറയുക ഇനിയുള്ള കുറച്ചുകാലത്തെ ജോലി എന്നു പറയുന്നത് ഈ കിടപ്പുരോഗികളിലേക്ക് കോവിഡ് എത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും അഥവാ എത്തിക്കഴിഞ്ഞാല്‍ അവര്‍ക്കുവേണ്ടിയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുക എന്നതാണ് എന്ന്. ഈ കാര്യം നമ്മള്‍ അവരോട് പറഞ്ഞ് അവര്‍ അതുമാത്രം നോക്കട്ടെ. പക്ഷെ തീര്‍ച്ചയായും കിടപ്പുരോഗികളെ സന്ദര്‍ശിക്കാനായിട്ട് ഇവര്‍ പുറത്തിറങ്ങിയല്ലേ പറ്റൂ.. അവര്‍ക്ക് ഫോണ്‍ വഴിയായിട്ട് സന്ദര്‍ശിക്കാന്‍ കഴിയില്ലല്ലോ. കാരണം ദൈനംദിന സേവനം ആവശ്യമായി വരും. പക്ഷെ അത്തരത്തില്‍ രോഗം പിടിപ്പെടാന്‍ സാധ്യതയുള്ള ഈ കിടപ്പുരോഗികള്‍ക്ക് നഴ്സ് മൂലം രോഗം ഉണ്ടാകാനും പാടില്ല. അപ്പോള്‍ വളരെ കൃത്യമായിട്ടുള്ള നിഷ്ഠകളും ചര്യകളും ഈ നഴ്‍സ് പുലര്‍ത്തുകയും അതോടൊപ്പം തന്നെ കിടപ്പു രോഗികള്‍ക്ക് ഈ രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങളെല്ലാം അതത് വീട്ടിലുള്ള ആളുകളോട് സംസാരിക്കുകയും ചെയ്യണം. സംസ്ഥാനത്തെ കിടപ്പുരോഗികളുടെ ആരോഗ്യം ശ്രദ്ധിക്കുന്നതിനു വേണ്ടി ഈ നഴ്‍സുമാരെ കോഡിനേറ്റ് ചെയ്യാന്‍ ഒരു ടീം ഉണ്ടാക്കണം. ആ ടീമില്‍ തീര്‍ച്ചയായും ഒരു ഡോക്ടര്‍ ഉണ്ടാവണം. ഞാനീ പറയുന്ന എല്ലാ ടീമിലും സാങ്കേതികമായി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ കഴിവുള്ള ഡോക്ടര്‍മാര്‍ ഉണ്ടാകണം.

2. ആരോഗ്യ പ്രവർത്തകർ

നമുക്ക് ഉപയോഗിക്കാൻ  കഴിയുന്ന ഏറ്റവും വലിയ ശൃംഖല എന്നു പറയുന്നത് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‍സുമാരും അവര്‍ക്കുതാഴെ ആശാവര്‍ക്കര്‍മാറും അവര്‍ക്കു മുകളില്‍ സൂപ്പര്‍വൈസേഴ്‍സും ഉള്‍പ്പെടുന്നതാണ്. അവര്‍ പൂര്‍ണമായും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന കാര്യങ്ങള്‍ നോക്കട്ടെ. ഹൗസ് കോറന്റൈനിലുള്ളവരോടും പൊതുവായിട്ട് ആളുകളോടും കമ്യൂണിക്കേറ്റ് ചെയ്യേണ്ട കാര്യങ്ങളും ഫീല്‍ഡ് വര്‍ക്കിൽ ഉൾപ്പെട്ടിട്ടുള്ള കാര്യങ്ങളും, ഫീല്‍ഡില്‍ നിന്നുള്ള കണക്കെടുപ്പ് കാര്യങ്ങളുമൊക്കെ ഉണ്ടാകുമെന്നതിനാൽ അവര്‍ക്ക് പ്രത്യേകമായി മറ്റൊരു ജോലി നമുക്ക് കൊടുക്കാന്‍ പറ്റില്ല. ഈ പറഞ്ഞ ശ്യംഖലയെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുക.

3. അങ്കണവാടികൾ

ഇനി മൂന്നാമത് മറ്റൊരു വലിയ ശൃംഖലയാണ് അങ്കണവാടികള്‍. ആയിരമോ എണ്ണൂറോ ആളുകള്‍ക്ക് ഒരു അങ്കണവാടിയുള്ള നാടാണ് കേരളം. രാജ്യത്ത് അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ വളരെ കൃത്യമായിട്ട് നടക്കുന്ന നാടാണ്. ഒരോ അങ്കണവാടിയിലും ഒരു വര്‍ക്കറും ഹെല്‍പ്പറും ഉണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം ഇവരുടെ ഫീൽഡ് ഏരിയയിൽ കോവിഡിന് ഏറ്റവും വള്‍ണറബിൾ‍ ആയിട്ടുള്ള ഗ്രൂപ്പുകൾ വളരെ പ്രായം ചെന്ന ആളുകളും ദീർഘകാല രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരും ആണ് . സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന രോഗികളെ കുറിച്ചുള്ള വിവരങ്ങള്‍ തദ്ദേശീയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സബ്സെന്ററുകളിലും ഉണ്ടാകും. പ്രധാനപ്പെട്ട ഒരു കാര്യം നമ്മള്‍ ജീവിതശൈലി ക്ലിനിക്കുകള്‍ നടത്തുന്നുണ്ട്. അപ്പര്‍മിഡില്‍ ക്ലാസ്, മിഡില്‍ ക്ലാസ് രോഗികള്‍ ചിലപ്പോള്‍ എത്തുന്നുണ്ടാവില്ല. പക്ഷെ ലോവര്‍ക്ലാസിലുള്ള രോഗികള്‍ തീര്‍ച്ചയായും അതിലുണ്ടാകും. ഇത്തരത്തില്‍ രോഗം പടര്‍ന്നു പിടിക്കുകയാണെങ്കില്‍ ആദ്യം തന്നെ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളത് പാവപ്പെട്ട വൃദ്ധരേയും രോഗികളെയുമാണ്. തീര്‍ച്ചയായും അവരുടെ കണക്കും കിട്ടും. പക്ഷെ അതിനോടൊപ്പം തന്നെ സാമ്പത്തികമായി കുറച്ച് മുന്നോക്കം നില്‍ക്കുന്ന ആളുകളെ സംബന്ധിച്ചുള്ള രോഗികളുടെ കണക്കുകൂടി എടുക്കേണ്ടതാണ്. വൃദ്ധരുടെയും രോഗികളുടെയും കാര്യങ്ങള്‍ നമ്മള്‍ അങ്കണവാടി വര്‍ക്കര്‍മാരെ ഏല്‍പ്പിക്കുന്നു. കാരണം അവര്‍ അവരുടേതായിട്ടുള്ള രീതിയില്‍ ഇങ്ങനെയുള്ള ശ്രദ്ധ, ഉദാഹരണത്തിന്  700 /1000 പോപ്പുലേഷനുള്ള അങ്കണവാടി പരിധിയിലുള്ള വള്‍ണറബിള്‍ ആയിട്ടുള്ള ആളുകളുടെ കാര്യം എങ്ങനെയാണോ ഒരു പാലിയേറ്റീവ് കെയര്‍ നേഴ്‍സ് കിടപ്പുരോഗികളുടെ കാര്യത്തില്‍ നോക്കുന്നത് അതുപോലെ നോക്കാനായിട്ട് രണ്ടുപേര്‍, അങ്കണവാടി ഹെല്‍പ്പറും വര്‍ക്കറും. അവരെ നിയന്ത്രിക്കുന്നതിനും നയിക്കുന്നതിനും ഒരു ടീം, ടെക്നിക്കലി എക്സ്പേര്‍ട്ടായ ഒരു ഡോക്ടറും ഇതിനകത്ത് വേണം.

4. കുടുംബശ്രീ

അടുത്തതായി നാം ഉപയോഗിക്കേണ്ട പ്രധാന ശൃംഖല കുടുംബശ്രീയാണ്. കുടുംബശ്രീയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത അതിന്റെ നെറ്റ് വര്‍ക്ക് വളരെ വ്യാപകമാണ് എന്നതാണ്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലും വളരെ വ്യാപകമായുള്ള ഒരു ശക്തിയാണ് കുടുംബശ്രീ. നമ്മുടെ കുടുംബശ്രീ സാമ്പത്തികമായ ഒരു ശക്തി കൂടിയാണ്. അവര്‍ക്ക് ചെറുകിട സംരഭകത്വ മാര്‍ഗങ്ങളിലൂടെ വ്യാപകമായ ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകും. ഉദാ: മാസ്‍കുകള്‍ ഉണ്ടാക്കല്‍. രോഗം വ്യാപകമാവുകയാണെങ്കില്‍ രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഉപയോഗിക്കാൻ വലിയ അളവില്‍‍ മാസ്‍കുകള്‍ വേണ്ടി വരും. ഇപ്പോള്‍ തന്നെ പല യൂണിറ്റുകളും അത് ഉണ്ടാക്കുന്നുണ്ട്. കോട്ടണ്‍ കര്‍ച്ചീഫ് മുഖത്ത് കെട്ടുമ്പോലെയാണ് ഇപ്പോഴത്തെ മാസ്‍ക്കിന്റെ ഉപയോഗം. ഒരു പക്ഷെ നമുക്ക് കുറച്ചുകൂടെ സുരക്ഷിതമായി മാസ്‍കുകള്‍ ഉണ്ടാക്കാന്‍ കഴിയും. പുറംഭാഗത്ത് വീഴുന്ന ജലകണികകളെ പുറംഭാഗത്ത് തന്നെ നിലനിര്‍ത്തുകയും അതിന്റെ ഉള്‍ഭാഗത്ത് അതായത് വായുടെ ഭാഗത്ത് വീഴുന്ന ജലകണികകളെ പിടിച്ചെടുക്കകുകയും ചെയ്യുന്ന വസ്തുവായിരിക്കണം മാസ്‍ക്. തുണി കൊണ്ടാണ് മാസ്ക് നിർമ്മിക്കാൻ ശ്രമിക്കുന്നതെങ്കിൽ അതിന് രണ്ട്  ലെയര്‍ തുണി ഉപയോഗിക്കുന്നതാണ് നല്ലത്. പുറം ലെയര്‍ നൈലോണ്‍ പോലുള്ള വെള്ളത്തെ അകറ്റിനിര്‍ത്തുകയും അകത്തെ ലെയര്‍ കോട്ടൺ പോലെ വെള്ളത്തെ പിടിച്ചെടുക്കുകയും ചെയ്യുന്ന ശാസ്ത്രീയമായി മാസ്‍ക്കുകൾ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഉണ്ടാക്കാനാകണം. മറ്റൊന്ന് സാനിറ്റൈസര്‍ ഉണ്ടാക്കേണ്ടതായിട്ടുണ്ട്. ഒരു പക്ഷെ വീടുകളില്‍ പോലും സാനിറ്റൈസറുകള്‍ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യം വന്നേക്കാം. കാരണം സോപ്പും വെള്ളവും സാനിറ്റൈസറിനേക്കാള്‍ എഫക്ടീവാണെങ്കിലും സോപ്പിന് വെള്ളം ധാരാളം വേണ്ടത് കൊണ്ട് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കാനും സാനിറ്റൈസര്‍ വേണ്ടി വന്നേയ്ക്കാം. ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോളോ എഥനോളോ ഉപയോഗിച്ച് സാനിറ്റൈസര്‍ ഉണ്ടാക്കാം. ഇതിന്റെ മെത്തേഡ് ലോകാരോഗ്യ സംഘടനടയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ രാസവസ്തുക്കൾ ഉണ്ടെങ്കില്‍ പ്രയാസമില്ലാതെ നമുക്ക് അത് ചെയ്യാനാകും.

5. സന്നദ്ധസംഘടനകൾ, യുവജനപ്രസ്ഥാനങ്ങള്‍, ക്ലബുകള്‍

വേറൊരു വലിയ ശൃംഖല നമുക്കുള്ളത് സന്നദ്ധ സംഘടനകളാണ്. എല്ലാത്തരത്തിലുമുള്ള സംഘടനകളുണ്ട്. രാഷ്ട്രീയ സംഘടനകള്‍ മുതല്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബുകള്‍ വരെ. രോഗം അടുത്ത ഘട്ടത്തിലേക്ക് കടന്നാൽ ഒട്ടേറേ കുടുംബങ്ങള്‍ വീടിനുള്ളില്‍ ഐസൊലേറ്റഡ് ആവും. ഒരു പക്ഷെ ഭക്ഷണവും മറ്റും കിട്ടാനൊക്കെ അവര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകും. അവര്‍ക്ക് വൃത്തിയായിട്ടുള്ള പൊതിയില്‍, രോഗം പകരാത്ത രീതിയില്‍ ഭക്ഷണം എത്തിച്ചു കൊടുക്കാനായിട്ട് ഈ സംഘത്തിന് കഴിയും.

ഇത്തരത്തില്‍ ഡോക്ടര്‍മാരും നഴ്‍സുമാരും ആരോഗ്യ പ്രവര്‍ത്തകരും അല്ലാതെയുള്ള ആളുകളും പുറത്തിറങ്ങുകയും ജോലി ചെയ്യുകയും ചെയ്താല്‍ മാത്രമേ നമ്മള്‍ പറയുന്ന കാര്യങ്ങള്‍ നടക്കുകയുള്ളൂ. ഈ കാര്യങ്ങളെ നടത്താന്‍ എണ്ണയിട്ട യന്ത്രങ്ങളെപ്പോലെ പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം. അതിന് സ്റ്റേറ്റിന് പ്രധാനപ്പെട്ട ലീഡര്‍ഷിപ്പ് വേണം. തദ്ദേശീയമായിട്ടും വേണം. നമ്മുടെ തദ്ദേശീയ സ്വയംഭരണ സംവിധാനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാകുന്ന വിധത്തില്‍ ശക്തമാണ്. ഇതിനുള്ളില്‍ നില്‍ക്കുമ്പോള്‍ അതിന് പല പല ബലഹീനതകള്‍ ഉണ്ടെന്ന് തോന്നിയാലും, മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാം ഇക്കാര്യത്തില്‍ എത്രയോ വളരെ ശക്തമാണ്. തദ്ദേശ സ്വയംഭരണ സംവിധാനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇതിനെയൊക്കെ സംയോജിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം.
 

ഈ രോഗം മാറിപ്പോകുന്നത് പൊതുവിടങ്ങളില്‍ എന്തൊക്കെ പറഞ്ഞാലും, സോപ്പും വെള്ളവും ഉപയോഗിക്കുന്നിലൂടെയും,  പരസ്പരം നമ്മള്‍ കൂടിച്ചേരുന്നതിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും ഒക്കെത്തന്നെയാണ്. പക്ഷേ ഈ സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമായ സംവിധാനം ഒരുക്കുന്നതിനും ആളുകൾ അത് പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും നമുക്ക് സംവിധാനങ്ങൾ വേണം. ഇതിനു വേണ്ടിയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കല്‍, ബാനര്‍, പോസ്റ്റര്‍ എത്തിക്കല്‍, പൊതുവിടങ്ങളില്‍ വെള്ളത്തിന്റെയും സോപ്പിന്റെയും ലഭ്യത ഉറപ്പാക്കുക, ആളകളോട് കമ്യൂണിക്കേറ്റ് ചെയ്യാനുള്ള കാര്യങ്ങള്‍ ഉറപ്പാക്കുക എന്നതെല്ലാം പ്രാധാനമുള്ളവയാണ്. വലതുവശത്തേക്ക് ഓടി, നമ്മുടെ നാട്ടില്‍ ലഭ്യമായ സങ്കേതങ്ങളെ ഉപയോഗിക്കാതെ നമ്മളെല്ലാം വീടിനകത്ത് അടച്ചിട്ടിരുന്ന് നമ്മുടെ കൂടെ കൂടുതല്‍ വള്‍ണറബിള്‍ ആയിട്ടുള്ള ആളുകളെ അപകടത്തിന് വിട്ടുകൊടുക്കാതെ വളരെ ശക്തിയോടുകൂടി നമ്മുടെ സങ്കേതങ്ങളെ എല്ലാം കോര്‍ത്തിണക്കി ഇതിനെതിരായുള്ള യുദ്ധം രൂപകല്‍പ്പന ചെയ്താല്‍ നമുക്ക് തീര്‍ച്ചയായും വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അടച്ച് വീടിനികത്തിരുന്നാല്‍ നമുക്ക് അറിയില്ല എത്രകാലം നാം അടച്ച് വീട്ടിനകത്ത് ഇരിക്കേണ്ടിവരുമെന്ന്. ഒരു പക്ഷെ കാലേക്കൂട്ടി നമ്മളിങ്ങനെ അടച്ചാല്‍ ഒടുക്കം നാം തുറന്നു വരുമ്പോള്‍ അവസ്ഥ ഇതിനേക്കാള്‍ ഭയാനകമായിരിക്കും. ചിന്തിക്കുക…


ഡോ. ടി.എസ് അനീഷിന്റെ അഭിമുഖം പകര്‍‍ത്തിയത് – അഭിമുഖ വീഡിയോ ലിങ്ക് :

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വ്യാഴം, ശനി, ചൊവ്വ, ചന്ദ്രന്‍ എന്നിവയെ ഒരുമിച്ചു കാണാന്‍ അവസരം.
Next post കോവിഡ്19- പകർച്ചേതര രോഗികളുടെ പ്രത്യേക ശ്രദ്ധക്ക് 
Close