Read Time:28 Minute

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും എല്ലാവർക്കും സുപരിചിതമായ പദങ്ങളാണ്. എന്നാൽ കാലാവസ്ഥാ ഫണ്ട് എന്നത് (ക്ലൈമറ്റ് ഫിനാൻസ്)  അത്ര പരിചിതമായ  പ്രയോഗമല്ല. പേമാരിയും കൊടും ചൂടും കടൽ കയറ്റവും കള്ളക്കടലും  ചുഴലിക്കാറ്റുകളും തുടങ്ങി പ്രളയത്തിനും വരൾച്ചയ്ക്കും ഉരുൾ പൊട്ടലിനും കൃഷി നാശത്തിനും മീൻ  വറുതിയ്ക്കും എല്ലാം കൂടുതൽ കാരണമാകുന്ന മാറ്റങ്ങൾ കാലാവസ്ഥാ മാറ്റവുമായി ചേർത്തു കാണാൻ തുടങ്ങിയിട്ടുണ്ട്.

ആഗോളതാപനമാണ് ക്രമംതെറ്റിയ കാലാവസ്ഥയുടെ കാരണം എന്നതും നമുക്കറിയാം. എന്നാൽ ആഗോള താപനത്തിന് ആരാണുത്തരവാദി? എല്ലാവരും കാരണക്കാരാണ് എന്നത് അലസമായ ആഖ്യാനം മാത്രമല്ല, അരാഷ്ട്രീയവുമാണ്. കാലാവസ്ഥാ  മാറ്റം ഉണ്ടാക്കുന്ന ജീവിത വ്യഥകൾക്ക്  ഉത്തരവാദികൾ  എന്ന ചോദ്യവുമായി നേരിട്ട് ബന്ധപ്പെട്ട കാര്യമാണ് ക്ലൈമറ്റ് ഫിനാൻസ്.

മാനവ സംസ്കൃതിയ്ക്കു വെല്ലുവിളി 

വ്യാവസായികവിപ്ലവത്തിനു മുൻപുള്ളതിനെ അപേക്ഷിച്ച് 2019 ൽ അന്തരീക്ഷ താപം 1.07 (0.8°C–1.3°C ) ഡിഗ്രീ സെൽഷ്യസ്  കൂടി. അന്തരീക്ഷത്തിൽ കുമിഞ്ഞുകൂടുന്ന  കാർബൺ ഡൈഓക്സൈഡാണ് പ്രധാന വില്ലൻ. 1850  മുതൽ 2019 വരെ 2390 ഗിഗ ടൺ (ഒരുഗീഗ ടൺ=100 കോടി ടൺ) കാർബൺ ഡൈ ഓക്സൈഡാണ് മനുഷ്യർ അന്തരീക്ഷത്തിലേക്ക് നിക്ഷേപിച്ചത്.കാർബൺ ഡയോക്സൈഡ് കൂടാതെ, മറ്റ് നിരവധി ഹരിതഗൃഹ വാതകങ്ങളും മനുഷ്യർ പുറത്തുവിടുന്നുണ്ട്. അവ പലതും CO2-നേക്കാൾ വളരെ വലിയ താപനശേഷിയുള്ളവയാണ്. മീഥെയ്ൻ, നൈട്രസ്ഓക്സൈഡ്, ഹൈഡ്രോ ഫ്ലൂറോകാർബണുകൾ, തുടങ്ങിയവയൊക്കെ ഈ ഗണത്തിൽ വരും. ഇവയും കൂടെ ചേർന്നാൽ 2516 ഗിഗടൺ കാർബൺ ഡയോക്സൈഡിനു തുല്യമായ ഹരിതഗൃഹവാതകങ്ങളാണ് 1850-2019 കാലത്ത് അന്തരീക്ഷത്തിലേക്ക് എത്തിയത്. ഒരു പുതപ്പുപോലെ അന്തരീക്ഷത്തെ ആവരണം ചെയ്യുന്ന ഈ വാതകം ചൂടു കൂട്ടും. ഇതു ചൂടുകൂട്ടുക മാത്രമല്ല, മഞ്ഞുരുക്കുകയും സമുദ്ര ജലനിരപ്പ് ഉയർത്തുകയും ചുഴലികൾ രൂപപ്പെടുത്തുകയും പേമാരി ചൊരിയിക്കുകയും എല്ലാം ചെയ്യും. ഭൂമിയ്ക്കിതു  പരിചിതമായിരിക്കാം. മനുഷ്യർക്ക് അങ്ങനെയല്ല. നാലഞ്ചു ഹിമയുഗങ്ങൾ തരണം ചെയ്ത ഭൂമി ഇതും തരണം ചെയ്യാം. എന്നാൽ  അതിതീവ്രവും പ്രവചനാതീതവുമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ മാനവ സംസ്കൃതിയെ വെല്ലുവിളിക്കും.

വാസ്തവത്തിൽ കാലാവസ്ഥാ വെല്ലുവിളി ഭൂമിയെ അല്ല അപകടത്തിലാക്കുന്നത്, മനുഷ്യ സംസ്കൃതിയെയാണ്. അതിനു കാരണക്കാർ ആരെന്നും ആരെയാണ് ഇതിന്റെ കെടുതികൽ കൂടുതൽ ബാധിക്കുന്നത് എന്നുമുള്ള ചോദ്യമാണ് കാലാവസ്ഥാ രാഷ്ട്രീയത്തിലേക്ക് നമ്മെ എത്തിക്കുക.  ആ ചോദ്യമാണ് കാലാവസ്ഥാനീതി അഥവാ ക്ലൈമറ്റ് ജസ്റ്റിസ് എന്ന ഒന്നുണ്ട് എന്ന രാഷ്ട്രീയ യാഥാർത്ഥ്യത്തിലേക്ക് കാലാവസ്ഥാ ചർച്ചകളെ എത്തിക്കുക. 

കാർബൺ ബജറ്റും കാർബൺ സ്പേസും   

1992 ലെ ഭൌമ ഉച്ചകോടിയിൽ ഉദയം കൊണ്ടതാണ് കാലാവസ്ഥാ വ്യതിയാന പ്രമാണം. ഇതൊരു ചട്ടക്കൂടായിരുന്നു– United Nations Frame work Convention On Climate change – UNFCCC)  ഇതിൽ ഒപ്പിട്ട രാജ്യങ്ങളുടെ  യോഗങ്ങളാണ് COP ( Conference of the Parties to UNFCCC). ഭൌമ അന്തരീക്ഷത്തിലെ ചൂടു  നിയന്ത്രിച്ചു മുന്നോട്ട് പോകുന്നതിനാണ് ഈ കൺവൻഷനും COP കളും  എല്ലാം കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി പരിശ്രമിക്കുന്നത്.കേട്ടാൽ ലളിതം എന്നു തോന്നുന്ന ഇതിന്റെ സങ്കീർണ്ണത ഒരു നടയ്ക്കു  പോകുന്നതല്ല. ക്യോട്ടോ പ്രോട്ടോക്കോളും പാരിസ് കൺവൻഷനും  എല്ലാം  നേരത്തെ പറഞ്ഞ Conference of the Parties ൽ ഉരുത്തിരിഞ്ഞ ധാരണകളും പ്രമാണങ്ങളുമാണ്.

വ്യവസായ വിപ്ലവത്തിന് മുൻപുള്ള സ്ഥിതിയെ  അപേക്ഷിച്ച് അന്തരീക്ഷ താപനിലയിലെ വർദ്ധന 2 ഡിഗ്രീ സെൽഷ്യസിൽ പിടിച്ചു നിർത്തുക, ഇതു  ക്രമേണ  1.50Cലേക്ക് എത്തിക്കുക. ഇതാണ് പാരിസ് കൺവൻഷൻ തീരുമാനം. ഇതു  കൈവരിക്കണമെങ്കിൽ ചൂടു  കൂട്ടുന്ന വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് വിടുന്നത് കുറയ്ക്കണം .ഇതാണ് പ്രധാന വഴി .ഹരിത ഗൃഹ വാതകങ്ങളിൽ 79.7 ശതമാനവും  കാർബൺ ഡൈ ഓക്സൈഡ് ആണ് . ഇതാകട്ടെ     പെട്രോളിയം, കൽക്കരി, ഗ്യാസ് തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് വഴി ഉണ്ടാകുന്നതാണ്. ഊർജ്ജ ഉൽപ്പാദനവും  ഉപയോഗവും ഒക്കെയായി നേർക്കു നേർ ബന്ധപ്പെട്ടിരിക്കുന്ന സംഗതിയാണിത് എന്നു  സാരം. പാരിസ് കൺവൻഷൻ ലക്ഷ്യം കൈവരിക്കണമെങ്കിൽ   കാർബൺ ഡൈഓക്സൈഡ് പുറത്തു വിടുന്നത് നിയന്ത്രിക്കണം. 

ഇനി എത്ര വരെ കാർബൺ പറ്റും? താപ വർദ്ധനവ്  2 ഡിഗ്രീ സെൽഷ്യസിൽ പിടിച്ചു നിർത്തണമെങ്കിൽ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങൾ 3866 ഗിഗാ ടൺ കാർബൺ ഡൈഓക്സൈഡിനു  തുല്യമായി നിയന്ത്രിക്കണം എന്നതാണ് കണക്ക്.  ഇതിനോടകം അന്തരീക്ഷത്തിൽ എത്തിയതു  കിഴിച്ചാൽ ഇനി 1350 ഗീഗ ടൺ കാർബൺ ഡൈ ഓക്സൈഡ് മാത്രമേ അന്തരീക്ഷത്തിൽ എത്താവൂ.  ഇനി  1.5  ഡിഗ്രീ സെൽഷ്യലേക്ക് താപനില നിയന്ത്രിക്കണമെങ്കിലോ? ബാക്കിയുള്ള  കാർബൺസ്പേസ് 500 ഗിഗാടൺ ആണ്. ഇങ്ങനെ നിയന്ത്രിച്ചാലും  ലക്ഷ്യം കൈവരിക്കും എന്നതിന് അൻപതു  ശതമാനം ഉറപ്പേയുള്ളൂ. കൂടുതൽ ഉറപ്പോടെ നീങ്ങണമെങ്കിൽ  ലഭ്യമായ കാർബൺ സ്പേസ് വീണ്ടും ചുരുങ്ങും. ഈ അനുമാനങ്ങളും  കണക്കു  കൂട്ടലുകളും  എല്ലാമാണ് കാർബൺ ബജറ്റ് എന്നു പറയുന്നത്. ആകെയുള്ള കാർബൺ സ്പേസ്,അതിൽ നാളിതുവരെ ഉപയോഗിച്ചതെത്ര, ഇനി  ബാക്കിയുള്ളതെത്ര? ഇവിടെയാണ് സഞ്ചിതമായ കാർബൺ എമിഷൻ അഥവാ cumulative emission എന്ന സുപ്രധാന വസ്തുത കടന്നു വരുന്നത്. ഐക്യരാഷ്ട്രസഭയുടെ Intergovernmental Panel on Climate Change (IPCC) ആണ് ഈ കണക്കുകളുടെ ആധികാരിക സ്രോതസ്.  2516 ഗീഗ ടൺ കാർബൺ ഡയോക്സൈഡിനു തുല്യമായ ഹരിതഗൃഹ വാതകങ്ങളാണ് 1850-2019 കാലത്ത് അന്തരീക്ഷത്തിലേക്ക് എത്തിയത്. ഇതാണ് സഞ്ചിത കാർബൺ ഉൽസർജ്ജനം. ഇതു  നടത്തിയത് ആരാണ്? അല്ലെങ്കിൽ  ചരിത്രപരമായ ഉത്തരവാദികൾ ആരാണ്?   

സഞ്ചിത കാർബൺ എമിഷൻ     

രണ്ടു കണക്കുകൾ നോക്കാം.1850 മുതൽ 1990 വരെ അന്തരീക്ഷത്തിൽ എത്തിയ ഹരിതഗൃഹ വാതകങ്ങളുടെ കണക്കും 1991 മുതൽ 2019 വരെയുള്ള കണക്കും. വ്യവായിക വിപ്ലവം സ്ഥായിയായ കാലം മുതൽ കാലാവസ്ഥാ വ്യതിയാന  ചർച്ചകൾ മൂർത്തമായ കാലം വരെ എന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് കാലാവസ്ഥാ പ്രമാണങ്ങൾ പ്രാബല്യത്തിൽ വന്ന കാലം എന്നു കണക്കാക്കാം.1850- 1990 കാലത്തു അന്തരീക്ഷത്തിൽ എത്തിയ  ആകെ ഹരിതഗൃഹ വാതകങ്ങളിൽ 70 ശതമാനവും 44 അതിവികസിത  രാജ്യങ്ങളുടേതാണ്. ലോക ജനസംഖ്യയുടെ 22.3 ശതമാനമായിരുന്നു. 1990 ൽ ഈ രാജ്യങ്ങളിലെ ജനസംഖ്യ. അഞ്ചു ശതമാനം ജനസംഖ്യയുണ്ടായിരുന്ന അമേരിക്കയായിരുന്നു  25 ശതമാനം എമിഷനും ഉത്തരവാദി. 23 ശതമാനം എമിഷൻ 9 ശതമാനം ജനസംഖ്യയുണ്ടായിരുന്ന യൂറോപ്യൻ  യൂണിയൻ രാജ്യങ്ങളുടെതായിരുന്നു. മറ്റൊരു  9 ശതമാനം ജനസംഖ്യയുള്ള  വികസിത മുതലാളിത്ത രാജ്യങ്ങൾ ചേർന്ന് 22 ശതമാനം എമിഷനും നടത്തി.

അതേ  സമയം 22 ശതമാനം ജനസംഖ്യയുണ്ടായിരുന്ന  ചൈനയുടെ കാർബൺ വിഹിതം 7 ശതമാനമായിരുന്നു. ഇന്ത്യയുടേതാകട്ടെ 3.89 ശതമാനമായിരുന്നു. ലോക ജനസംഖ്യയുടെ 16.6  ശതമാനം പേർ   അപ്പോൾ  ഇന്ത്യയിലായിരുന്നു. ആഗോള ജനസംഖ്യയുടെ 39 ശതമാനം ഉണ്ടായിരുന്ന മറ്റു അവികസിത, വികസ്വര രാജ്യങ്ങൾ എല്ലാം ചേർത്താൽ അവയുടെ 1990 വരെയുള്ള സഞ്ചിത വിഹിതം 19 ശതമാനമായിരുന്നു. ചൈനയടക്കം 78 ശതമാനം പേർ വസിച്ചിരുന്ന രാജ്യങ്ങളുടെ 1850- 1990 കാലത്തെ എമിഷൻ വിഹിതം മുപ്പതു ശതമാനത്തിൽ താഴെയാണ്. അന്തരീക്ഷത്തിൽ കുമിഞ്ഞു  കൂടിയ കാർബണിന്റെ ചരിത്രപരമായ ഉത്തരവാദിത്തം ആർക്കാണ് എന്നു സംശയമില്ലല്ലോ?

1991  മുതൽ 2019 കാലത്തെ കണക്കിലും വികസിത മുതലാളിത്ത ലോകം  തന്നെയാണ് ബഹുദൂരം മുന്നിൽ . ആകെ  17 ശതമാനം ജനസംഖ്യയുള്ള  വികസിത രാജ്യങ്ങളുടെ എമിഷൻ വിഹിതം 45 ശതമാനമാണ്. 83 ശതമാനം ജനസംഖ്യയുള്ള മറ്റു രാജ്യങ്ങളുടെ പങ്ക് 55 ശതമാനവും . ഇതിൽ 18 ശതമാനം ജനസംഖ്യയുള്ള ചൈനയുടെ എമിഷൻ പങ്കായ 21 ശതമാനം മാറ്റി നിർത്തിയാൽ അവികസിത, വികസ്വര ലോകത്തിന്റെ പങ്ക് എത്ര നിസാരമാണ് എന്നു കാണാം. 2019 ലെ ലോക ജനസംഖ്യയുടെ 18 ശതമാനമായിരുന്നു ഇന്ത്യൻ ജനസംഖ്യ. 1991- 2019 കാലത്തെ ഇൻഡ്യയുടെ എമിഷൻ പങ്ക് 4.5 ശതമാനം മാത്രമാണ്.      

ഇത്രയും അധികം കാർബൺ സ്പേസ് കയ്യടക്കി വികസിത ലോകം  നേടിയത് എന്താണ് എന്നു കൂടി നോക്കണം. ആഗോള താപനത്തിന് വഴിവെയ്ക്കുന്ന വാതകങ്ങൾ അന്തരീക്ഷത്തിൽ കുമിഞ്ഞു കൂടിയതിന് വികസിത മുതലാളിത്ത ലോകമാണ് ഉത്തരവാദികൾ എന്നു സാരം.               

കാലാവസ്ഥാ നീതി (Climate Justice) 

ആഗോള താപനത്തിന്റെയും  അതി തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും കെടുതികൾ രാജ്യാതിർത്തികൾക്കുള്ളിൽ ചുരുങ്ങുന്നതല്ല. ആരാണ് ഇക്കണ്ട വാതകങ്ങൾ ഒക്കെ അന്തരീക്ഷത്തിൽ ചൊരിഞ്ഞു കൂട്ടിയത് എന്നു കണ്ടല്ലോ? എന്നാൽ അതിന്റെ കെടുതികൾ കൂടുതൽ അനുഭവിക്കുന്നത് പാവപ്പെട്ട രാജ്യങ്ങളിലെ  മനുഷ്യരാണ്. ജർമൻ വാച്ച് എന്ന അന്താരാഷ്ട്ര സ്വതന്ത്ര ഗവേഷക സംഘം ഗ്ലോബൽ ക്ലൈമറ്റ് റിസ്ക്  ഇൻഡക്സ് ഉണ്ടാക്കിയിട്ടുണ്ട്. 2000- 2019 കാലത്തെ  തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ  നാശം  വിതച്ച പ്രദേശങ്ങളുടെ വിശകലനം വഴിയാണ് ഈ സൂചകം രൂപപ്പെടുത്തിയിരിക്കുന്നത്. തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ പാവപ്പെട്ട രാജ്യങ്ങളെയും അവിടത്തെ മനുഷ്യരെയുമാണ് കൂടുതൽ ബാധിക്കുന്നത് എന്നതാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. പാവപ്പെട്ട രാജ്യങ്ങൾ  ഇരട്ട പ്രഹരമാണ് അനുഭവിക്കുന്നത്. തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളെ നേരിടുന്നതിനുള്ള സൌകര്യങ്ങൾ (Coping Capacity)  ഈ രാജ്യങ്ങളിൽ  പ്രായേണ അപര്യാപ്തമാണ്. അതുകൊണ്ടു തന്നെ പ്രഹര ശേഷി കൂടുതലായിരിക്കും. ആൾനാശവും വിഭവനാശവും എല്ലാം തീവ്രമായിരിക്കും. 

ഒരു തീവ്രപ്രകൃതി പ്രതിഭാസം (Natural Hazard) ദുരന്തമായി (Disaster) മാറുന്നത് നാടിന്റെയും മനുഷ്യരുടെയും ദുർബലതയും സമ്പർക്കവും (Vulnerability/exposure) ചേരുമ്പോഴാണ്. അതുകൊണ്ടാണ് പ്രകൃതി ദുരന്തങ്ങൾ  വലിയ അളവിൽ  ഒരു രാഷ്ട്രീയ,സാമൂഹിക,സാമ്പത്തിക പ്രശ്നമാണെന്ന് പറയുന്നത്.ഇതുകൊണ്ടാണ് പാവപ്പെട്ട ലോകരാജ്യങ്ങളും അവിടത്തെ മനുഷ്യരും തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളുടെ പ്രധാന ഇരകളായി മാറുന്നത്. ദുരന്തങ്ങൾക്ക് ഇരയാകുന്ന ഇത്തരം രാജ്യങ്ങൾക്ക് വീണ്ടെടുപ്പും പുനർനിർമ്മാണവും (Recovery and Reconstruction)  അതീവ ക്ലേശകരവുമാണ്. പണം വേണ്ടത്ര ഇല്ലാത്തതാണ് പ്രധാന  പ്രശ്നം.ഒരുതരത്തിലും തങ്ങൾ കാരണക്കാരല്ലാത്ത  പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകളായി പാവപ്പെട്ട രാജ്യങ്ങളിലെ മനുഷ്യർ മാറുന്നതാണ്  തീവ്രകാലവസ്ഥാ പ്രതിഭാസങ്ങളുടെ രാഷ്ട്രീയം. 

ഇതിനു മറ്റൊരു വശം കൂടിയുണ്ട്. ഇക്കണ്ട  കാർബൺ എമിഷനൊക്കെ നടത്തി  വികസിത ലോകം എന്താണ് നേടിയത്? അവർ  പ്രത്യേകമായി അധിക വിനാശം ഒന്നും വാങ്ങിക്കൂട്ടിയിട്ടില്ല. വിനാശ സാധ്യതകൾ അസമമായും അനുപാത രഹിതമായും  സാധുക്കളുടെ മേൽ പതിക്കുകയാണ് ചെയ്യുന്നത്.എന്നാൽ ഈ വികസിത ലോകം കൂടുതൽ എമിഷൻ നടത്തി നേടിയത് വലിയ ജീവിത സൌകര്യങ്ങളാണ്. ഇതു മനസിലാക്കാൻ ഉതകുന്ന കണക്കാണ് ആളോഹരി വൈദ്യുതി    ഉപഭോഗത്തിലെ അന്തരം. 

അമേരിക്കയുടെ ആളോഹരി വൈദ്യുതി ഉപഭോഗം (2019) 13405 യൂണിറ്റാണ് (KWh). ഇതേ കൊല്ലം  അമേരിക്കയുടെ ആളോഹരി എമിഷൻ 20 ടൺ കാർബൺ ഡൈ ഓക്സൈഡ് തുല്യമായിരുന്നു. 2020 ൽ  അമേരിക്ക മാനവ വികസന സൂചികയിൽ ( Human Development Index) പതിനേഴാം സ്ഥാനത്താണ്. പതിനാറാം  സ്ഥാനത്തുള്ള കാനഡയുടെ ആളോഹരി വൈദ്യുതി    ഉപഭോഗം 17339 യൂണിറ്റും ആളോഹരി എമിഷൻ 19.5 ടൺ കാർബൺ ഡൈഓക്സൈഡ് തുല്യവുമായിരുന്നു. മാനവവികസന സൂചികയിൽ എട്ടാം സ്ഥാനത്തുണ്ടായിരുന്ന ആസ്ട്രേലിയയുടെ ആളോഹരി വൈദ്യുതി    ഉപഭോഗം  10550 യൂണിറ്റും ആളോഹരി എമിഷൻ 21.6 ടൺ കാർബൺഡൈഓക്സൈഡ് തുല്യവുമായിരുന്നു. മാനവവികസന സൂചികയിലെ സ്ഥാനം 85 ആയിരുന്ന ചൈനയുടെ ആളോഹരി വൈദ്യുതി ഉപഭോഗം 5233 യൂണിറ്റും ആളോഹരി എമിഷൻ 9.6 ടൺ കാർബൺ ഡൈഓക്സൈഡ് തുല്യവുമായിരുന്നു. ഇൻഡ്യയുടെ  ആളോഹരി വൈദ്യുതി ഉപഭോഗം 1174 യൂണിറ്റും ആളോഹരി എമിഷൻ 2.4 ടൺ കാർബൺ ഡൈഓക്സൈഡ് തുല്യവും  മാത്രമായിരുന്നു.  മാനവ വികസന സൂചികയിലെ രാജ്യത്തിന്റെ സ്ഥാനം 131  ആയിരുന്നു എന്നതും പ്രസക്തമാണ്.  

 വികസിത ലോകം വർദ്ധിച്ച എമിഷൻ വഴി നേടിയത് ഉയർന്ന മാനവ വികസന ശേഷിയാണ്. വലിയ വ്യാവസായികവും  സാമ്പത്തികവുമായ വളർച്ചയാണ്. വലിയ പ്രതിരോധ ശേഷിയാണ്. അനന്തമായ ഊർജ്ജ ഉപയോഗമാണ് വികസനത്തിന്റെ  വഴി എന്നൊന്നുമുള്ള തീർപ്പുകൾ  പിൻപറ്റുകയല്ല  ചെയ്യുന്നത്. ഹരിതഗൃഹ വാതകങ്ങൾ   അധികമായി പുറം തള്ളാതെ  ഊർജ്ജ ഉൽപ്പാദനം സാധ്യമല്ല എന്നതും അതേ  പോലെ സ്വീകരിക്കുകയല്ല ചെയ്യുന്നത്. എന്നാൽ ഊർജ്ജ ഉപയോഗവും മാനവ വിഭവ വികസനവും തമ്മിലുള്ള ബന്ധത്തെ നിരാകരിച്ചുകൊണ്ട് എമിഷൻ ലക്ഷ്യങ്ങൾ എല്ലാവർക്കും ഒന്നു  പോലെയാണ് എന്നു പറയുന്നതിലെ അരാഷ്ട്രീയത പറയാതെ പറ്റില്ലല്ലോ?

 ഇന്ത്യയ്ക്ക് വൈദ്യുത ഉൽപ്പാദനവും ഉപഭോഗവും ഉയർത്തിയല്ലാതെ മുന്നോട്ടു പോകാനാകില്ല. അതു നമ്മുടെ ആളോഹരി എമിഷൻ ഉയർത്തും. രാജ്യത്തെ വൈദ്യുത ഉൽപ്പാദനത്തിന്റെ 51 ശതമാനവും കൽക്കരിയിൽ നിന്നും ലിഗ്നൈറ്റിൽ നിന്നുമാണ്.ഇന്ത്യയിലെ കൽക്കരി ഖനികളും കൽക്കരി   അധിഷ്ടിത വ്യവസായങ്ങളിലുമായി 1കോടി 30 ലക്ഷം  പേരാണ് പണിയെടുക്കുന്നത്. അപ്പോൾ കൾക്കരിയിൽ നിന്നുമുള്ള ട്രാൻസ്ഫർമേഷൻ വലിയ ചിലവുള്ള ഏർപ്പാടാണ് എന്നു സാരം.

വൈദ്യുത ലഭ്യത ഉയരുകയും എമിഷൻ കൂടാതിരിക്കുകയും ചെയ്യണമെങ്കിൽ സൌരോർജ്ജം,കാറ്റ്,ചെറുകിട ജലവൈദ്യുതി തുടങ്ങിയ റിന്യൂവബിൾ സ്രോതസുകളിലേക്ക് പരിവർത്തനം ചെയ്യണം. നല്ല ചെലവുള്ള ഏർപ്പാടാണിത്. മാത്രമല്ല ഏറ്റവും ആധുനിക  സാങ്കേതിക വിദ്യ ലഭ്യമാകുകയും വേണം. പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്റെയും  ഉൽപ്പാദനമോ ഉപയോഗമോ ഇല്ലാതാക്കാൻ പോയിട്ട് ഗണ്യമായി കുറയ്ക്കാൻ പോലും  വികസിത ലോകം പ്രായോഗികമായി തയ്യാറാകുന്നുമില്ല.

വ്യവസായ വിപ്ലവ പൂർവ്വകാലത്തെ അപേക്ഷിച്ച് ഇപ്പോൾ ഉണ്ടായിട്ടുള്ള അന്തരീക്ഷ താപ  വർദ്ധനയ്ക്ക്  ഏറിയ കൂറും  ഉത്തരവാദികൾ ലോക ജനസംഖ്യയുടെ ഏതാണ്ട് അഞ്ചിൽ ഒന്നു  മാത്രം വസിക്കുന്ന വികസിത ലോകമാണ്. എന്നാൽ  ഈ താപ വർദ്ധനയുണ്ടാക്കുന്ന തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ കൂടുതൽ തീക്ഷ്ണമായി  അനുഭവിക്കേണ്ടി വരുന്നത് പാവപ്പെട്ട രാജ്യങ്ങളിലെ ജനങ്ങൾക്കാണ്.തങ്ങളുടെ വികസന ആവശ്യങ്ങളും എമിഷൻ കുറയ്ക്കലും സമന്വയിപ്പിക്കുക എന്നത് ഈ അവികസിത, വികസ്വര രാജ്യങ്ങൾക്ക് ഉണ്ടാക്കുന്ന ഭാരം ദുർവ്വഹമാണ്. കാർബൺ ബജറ്റിന്റെ സിംഹ ഭാഗം കയ്യടക്കിയ വികസിത ലോകം പാരിസ് കൺവൻഷൻ ലക്ഷ്യമനുസരിച്ച് ബാക്കിയുള്ള കാർബൺ  സ്പേസ് അവികസിത, വികസ്വര ലോകത്തിന് വിട്ടു കൊടുക്കുകയാണ് നീതി. ചരിത്രപരമായ എമിഷൻ  ഉത്തരവാദിത്തം കണക്കിലെടുത്താൽ വികസിത രാജ്യങ്ങൾ അടിയന്തിരമായി നെറ്റ് സീറോ ആയാൽ  മാത്രം പോര. കയ്യടക്കിയ കാർബൺ സ്പേസ് ഒഴിയുകയും (vacate) വേണം. സീറോയല്ല,നെഗറ്റീവ് എമിഷൻ ലക്ഷ്യങ്ങൾ അവർ  അംഗീകരിക്കണം. ഇത് എത്രത്തോളം സാധ്യമാണ് എന്നതു വിഷയമാണ്.

ക്ലൈമറ്റ് ഫിനാൻസ് 

നീതി എന്നത് കാലാവസ്ഥാ വ്യതിയാന ചർച്ചകളിലെ സുപ്രധാന ഇനമായിരുന്നു. UNFCCC തന്നെ വികസിത ലോകത്തിന്റെ ഉത്തരവാദിത്തം ചർച്ച ചെയ്തിട്ടുണ്ട്. എമിഷൻ നിയന്ത്രിക്കൽ ഒരു ആഗോള ലക്ഷ്യമാണെങ്കിലും എല്ലാവരുടെയും ഉത്തരവാദിത്തം ഒന്നു  പോലെയല്ല. Common, But Differentiated Responsibilities and Respective Capabilities എന്നതായിരുന്നു സമീപനം . സാങ്കേതികമായി   ഇത്  വികസിത രാജ്യങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകി.       

കാലാവസ്ഥാ വ്യഥകളെ നേരിടുന്നതിനും വികസനത്തെയും എമിഷൻ ലക്ഷ്യങ്ങളെയും സമന്വയിപ്പിക്കുന്നതിനും പാവപ്പെട്ട രാജ്യങ്ങൾക്ക്  വികസിത ലോകം ധന  സഹായം ഉറപ്പാക്കണം എന്നത് 1990 കളിൽ തന്നെ ഉയർന്ന ധാരണയാണ്. ക്ലൈമറ്റ് ഫിനാൻസിന്റെ അടിത്തറ തന്നെ കാലാവസ്ഥാ പ്രശ്നത്തിലെ തുല്യതയുടെയും നീതിയുടെയും പ്രശ്നമാണ്. വികസിത ലോകത്തിന് വർദ്ധിച്ച ഉത്തരവാദിത്തം നൽകു ന്ന അടിസ്ഥാന പ്രമാണങ്ങളിൽ ക്രമേണ വെള്ളം ചേർക്കാൻ തുടങ്ങി. ക്യോട്ടോ പ്രോട്ടോക്കോൾ വികസിത ലോകത്തിന്റെ എമിഷൻ നിയന്ത്രണമാണ് ലക്ഷ്യമിട്ടതെങ്കിൽ പാരിസ് കൺവൻഷൻ എല്ലാ രാജ്യങ്ങളുടെയും നെറ്റ് സീറോ ലക്ഷ്യങ്ങളെ കുറിച്ചുള്ള പ്രമാണമായിരുന്നു. ഇതു  പ്രകാരം എല്ലാ  രാജ്യങ്ങളും എമിഷൻ സീറോ ലക്ഷ്യങ്ങൾ നിശ്ചയിച്ച് (Nationally Determined Contributions- NDC) മോണിറ്റർ ചെയ്യണം. ഇതിനുള്ള കാലാവസ്ഥാ ആക്ഷൻ പ്ലാൻ രൂപീകരിക്കാൻ ഇന്ത്യ പോലെ തുലോം കുറഞ്ഞ ആളോഹരി എമിഷൻ നടത്തുന്ന രാജ്യങ്ങളും നിർബന്ധിതമായി. ഇന്ത്യ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ക്ലൈമറ്റ് ആക്ഷൻ  പ്ലാനുകൾ (National Action Plan on Climate change -NAPCC, State  Action Plan on Climate Change-SAPCC ) രൂപീകരിച്ചു. എല്ലാ രാജ്യങ്ങളും ഇത്തരം  ക്ലൈമറ്റ് ആക്ഷൻ  പ്ലാനുകൾ ഉണ്ടാക്കി. അവയുടെ സൂക്ഷ്മതയും മറ്റും  തർക്ക വിഷയമാണ്. പാരിസ് കൺവൻഷൻ കാലത്ത്  കണക്കുകൂട്ടിയ 10000 കോടി ഡോളർ തീർത്തൂം അപര്യാപ്തമാണ് എന്നത് അംഗീകരിക്കേണ്ടി വന്നു. അങ്ങനെയാണ് കൂട്ടായി നിശ്ചയിക്കുന്ന ഒരു ഉയർന്ന തുകയെക്കുറിച്ചുള്ള(New Collective Quantified Goal (NCQG) for climate finance)  ചർച്ചകൾ ഉയരുന്നത്. അസർ ബൈജാനിലെ ബക്കുവിൽ നടന്ന COP 29 ലെ മുഖ്യ ചർച്ച ഈ പുതിയ ക്ലൈമറ്റ് ഫിനാൻസ്  ലക്ഷ്യമായിരുന്നു.  പാരിസ് കൺവൻഷൻ ലക്ഷ്യം അനുസരിച്ചുള്ള ക്ലൈമറ്റ് ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിന് 6.9 ലക്ഷം കോടി ഡോളർ വരെ വേണ്ടി വരും എന്നതാണ് നിഗമനം. ഇതിൽ 1.3 ലക്ഷം കോടി ഡോളർ ക്ലൈമറ്റ് ഫിനാൻസ് ലക്ഷ്യമായി നിരണയിക്കണം എന്നാണ് ഇന്ത്യ അടക്കമുള്ള പല അവികസിത രാജ്യങ്ങളും ആവശ്യപ്പെട്ടത്. വികസിത ലോകം ഇത് നിരാകരിച്ചു. നിശ്ചയിച്ചതിലും രണ്ടു നാൾ നീണ്ട ചർച്ചകൾക്കൊടുവിൽ 30,000 കോടി ഡോളർ   ആയി  ഗണ്യമായി കുറച്ച് ഈ ലക്ഷ്യം നിർണ്ണയിക്കപ്പെട്ടു. ഇതിന്റെ ഫലം എന്തായിരിക്കും? രാജ്യങ്ങളുടെ ക്ലൈമറ്റ് ആക്ഷൻ എട്ടിലെ പശുവായി തുടരും.  ബക്കുവിലും കുടനിവർത്താതെ പോയ  ക്ലൈമറ്റ് ഫിനാൻസ് ചർച്ചകൾ  ക്ലൈമറ്റ് ജസ്റ്റിസിനെ തന്നെയാണ് നിരാകാരിക്കുന്നത്. 

 

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

climate change science and society10

 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജൈവവൈവിധ്യ ഉടമ്പടിയും പൂർത്തീകരിക്കാതെ അവസാനിച്ച COP 16 ഉം
Close