Read Time:10 Minute

ഇരുപത്തൊമ്പതാമത് കാലാവസ്ഥാ ഉച്ചകോടി (COP 29) അസർബൈജാൻ തലസ്ഥാനമായ ബകുവിൽ ആരംഭിച്ചു. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള ഇരുപത്തൊമ്പതാമത് കാലാവസ്ഥാ ഉച്ചകോടി (COP 29 ) 2024 നവംബർ 11 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ അസർബൈജാന്റെ തലസ്ഥാനമായ ബകുവിൽ നടക്കുകയാണ്. ഇപ്പോൾ വർഷംതോറും നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ലോക രാഷ്ട്രങ്ങളിലെ ഭരണത്തലവന്മാരും നയതന്ത്ര പ്രതിനിധികളും സർക്കാർ ഇതര സംഘടനകളുടെ പ്രതിനിധികളുമൊക്കെയാണ് പങ്കെടുക്കാറ്.

ആഗോള തലത്തിൽത്തന്നെ പലതരത്തിലുമുള്ള കാലാവസ്ഥാദുരന്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഉച്ചകോടി നടക്കുന്നത്. ജർമനി, സ്പെയിൻ, ഫ്രാൻസ് തുടങ്ങി പല യൂറോപ്യൻ രാജ്യങ്ങളിലും ആസ്ട്രേലിയ അഫ്ഗാനിസ്താൻ,മൊറോക്കോ, ഇന്തോനേഷ്യ, അർജന്റീന തുടങ്ങിയ മറ്റു രാജ്യങ്ങളിലും വെള്ളപ്പൊക്കക്കെടുതികൾ ഉണ്ടായി. ഇന്ത്യയിൽ മഴക്കെടുതിയുടെ ഭാഗമായി വയനാട്ടിൽ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി. 2024 ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചൂടുള്ള വർഷമാണെന്നു നിരീക്ഷിക്കപ്പെടുകയും ചെയ്തു.

സാഹചര്യങ്ങൾ ഇതൊക്കെയാണെങ്കിലും സമീപകാലത്തു നടന്ന കാലാവസ്ഥാഉച്ചകോടികളുടെ ഗൗരവസ്വഭാവം ബകു ഉച്ചകോടിയിൽ ഉണ്ടാവുമോ എന്ന കാര്യത്തിൽ ഉച്ചകോടിക്കു മുൻപുതന്നെ വിദേശ മാധ്യമങ്ങൾ സംശയം പ്രകടിപ്പിച്ചു തുടങ്ങി.

പ്രധാനമായും മൂന്നു കാരണങ്ങളാണ് ഇത്തരത്തിലുള്ള സംശയങ്ങൾക്ക് പിറകിലുള്ളത്. ഒന്നാമതായി ഉച്ചകോടി നടക്കുന്ന രാജ്യത്തിന്റെ നിലപാടുകൾ. ലോകം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടുവരണമെന്നതു സംബന്ധിച്ചുള്ള ചർച്ചകൾ നടത്തുമ്പോൾ അസർബൈജാൻ തങ്ങളുടെ എണ്ണ ഖനനം മൂന്നിരട്ടിയായി വർധിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോവുകയാണ് എന്ന ഒരാരോപണം നിലനിൽക്കുന്നു. മറ്റൊന്ന് അസർബൈജാന്റെ മേൽ ആരോപിക്കപ്പെട്ടിട്ടുള്ള പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തലുകൾ ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ. ഇവ പല രാഷ്ട്രത്തലവന്മാരും ഉച്ചകോടിക്കെത്തുന്നതിന് തടസ്സമാവുമെന്നും കരുതപ്പെടുന്നു.

രണ്ടാമതായി അമേരിക്കൻ പ്രസിഡന്റിന്റെ പങ്കാളിത്തം പ്രതീക്ഷിക്കുന്നില്ല. ജോബൈദൻ അധികാര മൊഴിയുന്ന സന്ദർഭത്തിൽ എടുക്കുന്ന തീരുമാനങ്ങളോ നേരത്തെ പാരീസ് ഉടമ്പടിയിൽ പങ്കാളിത്തം വഹിക്കാനുള്ള ബൈദന്റെ തീരുമാനങ്ങളോ ട്രംമ്പ് അഅധികാരത്തിൽ വന്നാൽ അമേരിക്ക അംഗീകരിക്കുമെന്നും പ്രതീക്ഷിക്കുന്നില്ല.

മൂന്നാമതായി റഷ്യ ഉക്രയിൻ യുദ്ധവും ഇസ്രായേൽ പലസ്തീനുമായും തുടർന്ന് ഇറാനുമായും നടത്തുന്ന യുദ്ധവും ആഗോള തലത്തിൽ സൃഷ്ടിച്ചിട്ടുള്ള അസമാധാനത്തിന്റെ അന്തരീക്ഷവും അതുമായി ബന്ധപ്പെട്ടിട്ടുള്ള സാമ്പത്തിക പ്രതിസന്ധികളും . ഇവ കാലാവസ്ഥാ ഉടമ്പടിയിലെ മുഖ്യ അജണ്ടയായ വികസ്വര രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം സംബന്ധിച്ച തീരുമാനങ്ങളെ എങ്ങിനെയൊക്കെ ബാധിക്കുമെന്ന കാര്യത്തിലുള്ള അനിശ്ചിതത്വം.

ബകുവിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയെ COP29 നെ CMP 19 എന്നും CMA 6 എന്നും വിശേഷിപ്പിക്കുന്നുണ്ട്. ഇതിനു കാരണം ഉച്ചകോടി ക്യാട്ടോ ഉടമ്പടിയുടെ തുടർച്ചയിൽ 19-ാമത്തെതും പാരീസ് ഉടമ്പടിയുടെ തുടർച്ചയിൽ 6-ാമത്തെതുമാണ്.

ക്യോട്ടോ ഉടമ്പടിപ്രകാരം 41 ഒ.ഇ.സി.ഡി രാജ്യങ്ങളും യൂറോപ്യൻ യൂനിയനും തങ്ങളുടെ ആറ് ഹരിത ഗ്രഹവാതകങ്ങളുടെ ഉൽസർജനം 1990 ലെ നിലയിൽ നിന്നും 5.2 ശതമാനം കണ്ട് 2008-12 കാലയളവിനുള്ളിൽ കുറയ്ക്കണമെന്നതായിരുന്നു ഒരു തീരുമാനം. രണ്ടാമത്തെ തീരുമാനം വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് അവരുടെ ഹരിതഗ്രഹവാതക ഉത്സർജനം കുറച്ചു കൊണ്ടുവരാനാവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും പശ്ചാത്തല സംവിധാനങ്ങൾ വികസിപ്പിക്കാനുമുള്ള നിക്ഷേപങ്ങളും ധനസഹായങ്ങളും നൽകണമെന്നതായിരുന്നു. ഇതിനെ ക്ലീൻ ഡെവലപ്പ്മെന്റ് മെക്കാനിസം (CDM) എന്നാണ് വിശേഷിപ്പിച്ചത്. ഇതിനനുബന്ധമായ മറ്റൊരു തീരുമാനമായിരുന്നു എമിഷൻ ട്രേഡിംഗ് എന്ന പദ്ധതി.

ക്യോട്ടോ ഉടമ്പടിയിൽ നിന്ന് പിന്നീട് ജോർജ് ബുഷ് പ്രസിഡന്റായ ശേഷം അമേരിക്ക വിട്ടുനിൽക്കുകയും നിശ്ചിത സമയപരിധിക്കുള്ളിൽ ഉടമ്പടി തീരുമാനങ്ങൾ നടപ്പിലാവാതിരിക്കുകയുമാണുണ്ടായത്.

അതിനു ശേഷം 2015 ൽ നടന്ന പാരീസ് ഉടമ്പടിയിൽ ആഗോളതാപനം 2°C ൽ കൂടില്ലെന്നുറപ്പാക്കാനും 1.5°C ൽ പരിമിതപ്പെടുത്താൻ പരമാവധി ശ്രമിക്കാനും ലോക രാഷ്ട്രങ്ങളുടെ കൂട്ടായ തീരുമാനത്തിലെത്തിച്ചേർന്നു. അതിനായി ഓരോ രാഷ്ട്രവും തങ്ങളുടെതായ സംഭാവന (Nationally Determined Contribution -NDC ) പ്രഖ്യാപിക്കാനും തീരുമാനിച്ചു. വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായം വർഷംതോറും 100 ബില്യൺ ഡോളർ എന്ന നിലയിൽ 2025 ഓടെ നടപ്പിലാക്കാനുള്ള തീരുമാനവുമുണ്ടായി. അതോടൊപ്പം തന്നെ തീരുമാനങ്ങളുടെ നടത്തിപ്പിൻ്റെ പുരോഗതി അഞ്ചു വർഷം കൂടുമ്പോൾ വിലയിരുത്തി കുറവുകൾ പരിഹരിക്കാനും തീരുമാനിച്ചു.

ഐ.പി.സി.സി. റിപ്പോർട്ട് പ്രകാരം 2030 ഓടു കൂടി അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് 2019ലുള്ളതിന്റെ 43 ശതമാനം കുറയ്ക്കാൻ സാധിക്കണം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ വ്യവസായ വിപ്ലവാനന്തര അന്തരീക്ഷതാപനത്തെ 1.5°C ൽ പരിമിതപ്പെടുത്തണമെങ്കിൽ 2030 ഓടെ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് 2019ലുള്ളതിന്റെ 60 ശതമാനമെങ്കിലും കുറയ്ക്കുകയും വേണം. എന്നാൽ ഇപ്പോഴത്തെ നിലയിൽ പാരീസ് ഉടമ്പടിയിൽ പങ്കാളിത്തമുള്ള 197 രാഷ്ട്രങ്ങൾ ആകെ പ്രഖ്യാപിച്ചിട്ടുള്ള എൻ.ഡി.സി പ്രകാരം 2030 ഓടെ 2019 ലേക്ക് ഉത്സർജിക്കപ്പെട്ട ഹരിതഗൃഹ വാതകങ്ങളുടെ അളവിൻ്റെ 2.6 ശതമാനം മാത്രമെ കുറയുകയുള്ളൂ.

നിലവിലുള്ള ഈ പരിമിതികളും 2025 ഓടെ സാമ്പത്തിക സഹായങ്ങളിലുള്ള അനിശ്ചിതത്വങ്ങളും നിലവിലെ ലോകരാഷ്ട്രീയ സാഹചര്യങ്ങളും എല്ലാം തന്നെ ബകു ഉച്ചകോടിയുടെ വിജയപ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുന്ന സാഹചര്യമാണുള്ളത്. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടുന്ന ഒരു കാര്യമായി കൊളംബിയയിൽ 2024 ഒക്ടോബർ 21 മുതൽ നവംബർ 1 വരെ നടന്ന ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള പതിനാറാമത് ജൈവ വൈവിധ്യ ഉച്ചകോടിയുടെ പരാജയവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post എന്തിനാണ് നമുക്ക് രണ്ടു ചെവികൾ ?
Next post നെക്സസ് : വിവരശൃംഖലകളുടെ ചരിത്രം 
Close