വിജയകുമാർ ബ്ലാത്തൂർ
നാട്ടു റോസ് (Common rose- Pachliopta aristolochiae)
കിളി വാലൻ ശലഭങ്ങളിൽ വളരെ സാധാരണമായി കാണാൻ കഴിയുന്ന ശലഭമാണ് നാട്ട് റോസ്. രാവിലെ ചൂടുകായാൻ ഇലത്തലപ്പുകളിൽ ചിറകുകൾ വിടർത്തി വിശ്രമിക്കുന്ന സ്വഭാവം ഉണ്ട്. കറുത്ത മുൻ ചിറകുകളിലെ ഞരമ്പുകൾക്ക് അനുസൃതമായി മങ്ങിയ വെളുത്ത വരകൾ ഉണ്ടാകും. പിൻ ചിറകുകളിൽ ഓരോന്നിലും അഞ്ച് വെളുത്ത പൊട്ടുകൾ ഉണ്ടാകും.
ഇരുണ്ട ചുവപ്പ് നിറത്തിലുള്ള ഏഴു പൊട്ടുകൾ പിൻ ചിറകിന്റെ അരികിലായി കാണാം. ശലഭത്തിന്റെ ശരീരം മൊത്തം ചുവപ്പ് നീറമായിരിക്കും. ചിറകു ഡിസൈനിൽ സാമ്യമുള്ള നാരകക്കാളി ശലഭത്തിന്റെ പെൺ ശലഭവുമായി വേർതിരിച്ചറിയാൻ ശരീര നിറം ആണ് എളുപ്പം സഹായിക്കുക. തറനിരപ്പില്‍ നിന്നും 10 മുതല്‍ 15 മീറ്റര്‍ വരെ ഉയരത്തില്‍ ഇവ പറക്കുന്നതായി കാണാം.
ലാർവയുടെ ഭക്ഷണ സസ്യങ്ങൾ ഈശ്വരമുല്ല (Aristolochia tagala), ആടുതൊടാപ്പാല (Aristolochia bracteolata) കരളം (Aristolochia indica),എന്നിവയാണ്. ചുവപ്പ് കലർന്ന മഞ്ഞ നിറമുള്ള മുട്ട ഒറ്റയ്ക്കായാണ് ഇളകളുടെ അടിയിലോ ചെടിത്തണ്ടിലോ ഇട്ടു വെക്കുക. നിലത്തോട് ചേർന്ന ഇളം സസ്യങ്ങളാണ് ഇതിന് തിരഞ്ഞെടുക്കുക. ഇരുണ്ട മെറൂൺ നിറമുള്ള ലാർവകളിൽ ശരീരത്തിൽ വെൽവെറ്റ് പോലെ ചുവന്ന മുനകൾ എഴുന്ന് നിൽക്കുന്നുണ്ടാകും മദ്ധ്യഭാഗത്തായി കുറുകെ വെളുത്ത അടയാളവും ഉണ്ടാകും. പ്യൂപ്പയ്ക്ക് ഇളം തവിട്ട് നിറമാണ്. വിഷച്ചെടിയായ ഈശ്വര മുല്ലയുടെ ഇലകൾ തിന്ന് വളരുന്നതിനാൽ ലാർവകളേയും ശലഭത്തേയും പൊതുവേ ഇരപിടിയന്മാർ മുന്നനുഭവം വെച്ച് ഒഴിവാക്കും. അതിനാൽ ഇവർ ആരെയും പേടിയില്ലാത്തതുപോലെ പൂക്കളിൽ നിന്ന് പൂക്കളിലേക്ക് തേൻ ഉണ്ട് കറങ്ങി നടക്കും.