വിദൂരതയിൽ നിന്ന് വിരുന്നെത്തിയ ഒരു ധൂമകേതുവിനെ (Comet) ഓൺലൈനായി നിങ്ങൾക്കും കാണാം. 2023 ജനുവരി 14-ന് രാവിലെ C/2022 E3 ZTF ധൂമകേതുവിനെ കാണാൻ അവസരം. അന്ന് രാവിലെ 9.30 മുതൽ ലൈവായി കാണാം. ഇറ്റലിയിലെ വിർച്വൽ ടെലിസ്കോപ്പ് പ്രോജക്റ്റ് ആണ് ഇതിനു വേദിയൊരുക്കുന്നത്.
തത്സമയം കാണൂ
2022 മാർച്ച് മാസം രണ്ടാം തീയതി കാലിഫോർണിയയിലെ മൗണ്ട് പലോമറിലെ Zwicky Transient Facility (ZTF) ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ഈ കോമെറ്റിനെ ആദ്യമായി കണ്ടെത്തിയത്. വളരെ നീണ്ട ഭ്രമണപഥത്തിലൂടെയാണ് ഇതു സഞ്ചരിക്കുന്നത്. ഇതിനു മുമ്പ് ഇത് സൂര്യന് അടുത്തെത്തിയത് 50,000 വർഷം മുമ്പാണത്രേ. കോമെറ്റിന്റെ ഭ്രമണപഥത്തെക്കുറിച്ചുള്ള പഠനത്തിൽ നിന്നാണ് ഇതു കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ തുടക്കം വിദൂരതയിലുള്ള ഊർട്ട് മേഘത്തിൽ (Oort Cloud) നിന്നാകണം. ജനുവരി 12 – ന് അത് സൂര്യന്റെ അടുത്തെത്തി. അപ്പോൾ ദൂരം 15 കോടി കിലോമീറ്റർ. തിരിച്ചുള്ള യാത്രക്കിടയിൽ ഫെബ്രുവരി ആദ്യം ഭൂമിയിൽ നിന്ന് ഏതാണ്ട് 5 കോടി കിലോമീറ്റർ ദൂരത്തിലൂടെ കടന്നുപോകും. ആ ദിവസങ്ങളിൽ ഒരു പക്ഷേ അത് നഗ്നനേത്രങ്ങൾക്ക് ദൃശ്യമായേക്കാം. ധൂമകേതുക്കളുടെ തിളക്കം കണക്കാക്കുന്നതിൽ തെറ്റുപറ്റുക സാധാരണമാണ്. അതിനാൽ ഇക്കാര്യം ഉറപ്പിച്ചു പറയുക എളുപ്പമല്ല. ഏതായാലും ഓൺലൈനായി കാണാൻ അവസരമുണ്ടാകും.
ഇന്ത്യയുടെ സ്വന്തമായി ഹിമാലയത്തിലെ ലഡാക്കിലുള്ള ഹിമാലയൻ ചന്ദ്ര ടെലിസ്കോപ്പ് ഇതിന്റെ വ്യക്തമായ ചിത്രം എടുത്തിട്ടുണ്ട്. മൂന്നുതരം കളർ ഫിൽട്ടറുകൾ ഉപയോഗിച്ചെടുത്ത ഈ ചിത്രത്തിൽ പച്ചനിറമുള്ള പുകപടലത്തിനു പുറമേ ചെറിയ പൊടി വാലും (dust tail) അയോൺ വാലും (ion tail) കാണാം.