Read Time:6 Minute

ഡോ. സംഗീത ചേനംപുല്ലി

തുമ്പപ്പൂവെന്തേ വെളുത്തിരിക്കാന്‍?  ചെമ്പരത്തിപ്പൂ ചുവന്നിരിക്കാന്‍ ? ഇലകളുടെയും പൂക്കളുടെയും ഫലങ്ങളുടെയും നിറങ്ങളുടെ പിന്നിലെ രസതന്ത്രം അറിയാം – നിറങ്ങളുടെ രസതന്ത്രം – ലേഖനപരമ്പരയിലെ ആദ്യലേഖനം

പുറത്തേക്ക് ഒന്ന് കണ്ണോടിച്ചാല്‍ എന്തെല്ലാം നിറങ്ങളാണ് ചുറ്റും, ഇലകളുടെ പച്ച, ചെമ്പരത്തിപ്പൂവിന്റെ ചുവപ്പ് , ജമന്തിയുടെ മഞ്ഞ, കാക്കപ്പൂവിന്റെ വയലറ്റ്, ഒപ്പം ശലഭച്ചിറകിന്റെ പലനിറപ്പൊലിമയും. എന്താണ് ഈ നിറങ്ങളുടെ രഹസ്യം? പ്രകാശം എന്ന ഇന്ദ്രജാലക്കാരി തന്നെയാണ് ഈ നിറങ്ങള്‍ക്ക് പിന്നിലും. ഒപ്പം രസതന്ത്രം എന്ന സഹായിയും കൂടുമ്പോള്‍ ലോകം വര്‍ണ്ണശബളമാകുന്നു. ദൃശ്യ പ്രകാശത്തിലെ ഏത് വര്‍ണ്ണത്തെയാണോ ഒരു വസ്തു പ്രതിഫലിപ്പിക്കുന്നത് ആ നിറമാണ് ആ വസ്തുവിന്റെ നിറം. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന വസ്തുക്കള്‍ വെളുത്തും എല്ലാറ്റിനെയും ആഗിരണം ചെയ്യുന്നവ കറുത്ത നിറത്തിലും കാണപ്പെടുന്നു. മറ്റെല്ലാ വൈദ്യുത കാന്തിക തരംഗങ്ങളേയും പോലെ ദൃശ്യപ്രകാശവും ഒരു ഊര്‍ജ്ജ രൂപമാണ്, മാത്രമല്ല ദൃശ്യ പ്രകാശത്തിലെ ഓരോ നിറത്തിന്റെയും ഊര്‍ജ്ജം വ്യത്യസ്തമാണ്. ഓരോ വസ്തുവിനും ആഗിരണം ചെയ്യാന്‍ കഴിയുന്ന പ്രകാശ ഊര്‍ജ്ജം ആ വസ്തുവിന്റെ രാസഘടനയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പൊതുവായി പറഞ്ഞാല്‍ ദൃശ്യപ്രകാശത്തിലെ ഏതെങ്കിലും നിറത്തിന്റെ ആഗിരണം വഴി ഒരു വസ്തുവിലെ ഇലക്ട്രോണുകള്‍ക്ക് ഒരു ഊര്‍ജ്ജ നിലയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍  കഴിഞ്ഞാല്‍ മാത്രമേ അതിന് നിറം ഉണ്ടാകൂ. ഇങ്ങനെ ഏത് നിറത്തിലുള്ള പ്രകാശം ആഗിരണം ചെയ്യപ്പെടുന്നുവോ അതിനു അനുപൂരകമായ നിറത്തിലാണ് വസ്തു കാണപ്പെടുക. അതായത് ചുവപ്പ്, നീല നിറങ്ങളെ ഒരു ഇല ആഗിരണം ചെയ്യുമ്പോഴാണ് അത് പച്ച നിറത്തില്‍ കാണപ്പെടുന്നത്.

നിറത്തിന് കാരണമാകുന്ന രാസവസ്തുക്കളെ അജൈവം (ഇനോര്‍ഗാനിക്) എന്നും ജൈവം(ഓര്‍ഗാനിക്) എന്നും രണ്ടായി തിരിക്കാം. ലോഹ സംയുക്തങ്ങളോ ലോഹങ്ങള്‍ ഉള്‍പ്പെട്ട കോംപ്ലക്സുകളോ ആണ് അജൈവ (ഇനോര്‍ഗാനിക്) വിഭാഗത്തില്‍ വരുന്നത്. ലോഹങ്ങളിലെ ഊര്‍ജ്ജനിലകള്‍ തമ്മിലുള്ള വ്യത്യാസം കുറവായതിനാല്‍ ഇലക്ട്രോണുകള്‍ക്ക് ദൃശ്യപ്രകാശം ആഗിരണം ചെയ്ത് വളരെ എളുപ്പത്തില്‍ ഒരു ഊര്‍ജ്ജ നിലയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ കഴിയും. അത് കൊണ്ട് ലോഹസംയുക്തങ്ങള്‍ പൊതുവേ നിറമുള്ളതാണ്. ധാരാളം ഒഴിഞ്ഞു കിടക്കുന്ന ഓര്‍ബിറ്റലുകള്‍ ഉള്ളതിനാല്‍ സംക്രമണ മൂലകങ്ങളില്‍ ഈ പ്രക്രിയ കുറേക്കൂടി എളുപ്പമാണ്.

ഇരുമ്പിന്‍റെ സംയുക്തങ്ങള്‍ മഞ്ഞ നിറത്തിലും ചെമ്പിന്റെ സംയുക്തങ്ങള്‍ നീലനിറത്തിലും കാണുന്നത് ഉദാഹരണം. മഗ്നീഷ്യം അടങ്ങിയ ക്ലോറോഫില്‍ ആണ് ഇലകള്‍ക്ക് പച്ച നിറം നല്‍കുന്നത് . വെടിക്കെട്ടിന് വര്‍ണ്ണപ്പൊലിമ നല്‍കാനായി ഉപയോഗിക്കുന്നതും പലതരം ലോഹസംയുക്തങ്ങളാണ്. ചുവപ്പ് നിറത്തിന് വേണ്ടി സ്ട്രോണ്‍ഷ്യത്തിന്റെ സംയുക്തങ്ങളും മഞ്ഞ നിറത്തിനായി സോഡിയത്തിന്‍റെ ലവണങ്ങളും പച്ച നിറത്തിനായി ബേരിയം ക്ലോറൈഡും ആണ് സാധാരണ ഉപയോഗിക്കുന്നത്.. കുപ്രസ് ക്ലോറൈഡ് നീല നിറം കൊടുക്കുമ്പോള്‍ കാല്‍ഷ്യം ക്ലോറൈഡ് ഓറഞ്ച് നിറം നല്‍കുന്നു.

ഒന്നിടവിട്ട ഏക ദ്വി ബന്ധനങ്ങള്‍ (conjugated double bonds)

ജൈവവസ്തുക്കളിലെ നിറം അവയിലെ രാസബന്ധനത്തെയാണ്‌ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. ജൈവ വസ്തുക്കളില്‍ നിറത്തിന് കാരണമാകുന്ന ഭാഗത്തെ അഥവാ ഗ്രൂപ്പിനെ ക്രോമോഫോര്‍ എന്ന് വിളിക്കുന്നു. ഒന്നിടവിട്ട ഏക ദ്വി ബന്ധനങ്ങള്‍ (conjugated double bonds) ക്രോമോഫോറുകളുടെ സവിശേഷതയാണ്, ഇത് വഴി ഇലക്ട്രോണുകള്‍ക്ക് പല ഊര്‍ജ്ജനിലകളിലേക്ക് എളുപ്പത്തില്‍ മാറാന്‍ സാധിക്കുന്നു. കാരറ്റിനു നിറം പകരുന്ന ബീറ്റകരോട്ടീന്‍, തക്കാളിക്ക് ചുവപ്പ് നിറം കൊടുക്കുന്ന ലൈക്കോപ്പീന്‍ എന്നിവ ഉദാഹരണം.

പൂക്കള്‍ക്കും പഴങ്ങള്‍ക്കും  നിറം നല്‍കുന്നത് കരോട്ടീനുകള്‍, സാന്തോഫില്‍, ആന്തോസയാനിന്‍ തുടങ്ങിയ രാസവസ്തുക്കളാണ്. അമ്ല, ക്ഷാര സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഇവയുടെ നിറത്തിലും വ്യത്യാസം വരുന്നു. കരോട്ടീന്‍, സാന്തോഫില്‍ എന്നിവ  പൂക്കള്‍ക്ക് ചുവപ്പ് , മഞ്ഞ , ഓറഞ്ച്, പിങ്ക് നിറങ്ങള്‍ നല്‍കുന്നു. ആന്തോസയാനിന്‍ ചുവപ്പ്, മഞ്ഞ, നീല , പര്‍പ്പിള്‍ നിറങ്ങളാണ് നല്‍കുന്നത്.  തുണികള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന ചായങ്ങള്‍, ഭക്ഷ്യവസ്തുക്കളിലെ കൃത്രിമനിറങ്ങള്‍ തുടങ്ങിയവയും പൊതുവേ ഓര്‍ഗാനിക് വിഭാഗത്തിലാണ് വരുന്നത്. ക്രോമോഫോറുകളുടെ ഘടനയില്‍ വ്യതിയാനം വരുത്തി കൃത്രിമ നിറങ്ങള്‍ നിര്‍മ്മിക്കാനും കഴിയും.

നിറങ്ങളില്ലാത്ത ലോകം എത്രമാത്രം വിരസമായേനെ അല്ലേ? മാത്രമല്ല പ്രകാശസംശ്ലേഷണം എന്ന ഏറ്റവും പ്രധാനപ്പെട്ട ജൈവപ്രക്രിയയും നിറത്തെ ആശ്രയിച്ചിരിക്കുന്നു.


(തുടരും)

 

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
25 %
Angry
Angry
0 %
Surprise
Surprise
25 %

Leave a Reply

Previous post അതിരപ്പിള്ളി പദ്ധതി എന്തുകൊണ്ട് ഉപേക്ഷിക്കണം ?
Next post മൂങ്ങകളും രാച്ചുക്കുകളും – പക്ഷി ലോകത്തെ അധോലോകക്കാർ
Close