Read Time:7 Minute
[author title=”സാബു ജോസ്” image=”http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg”][/author] [dropcap]കേ[/dropcap]രളം ഇന്ന് കൃത്രിമ മഴയുടെ സാധ്യതയേക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. എന്താണ് കൃത്രിമ മഴയെന്ന് നോക്കാം. സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴ പെയ്യിക്കുന്നതാണ് കൃത്രിമ മഴ. ക്ലൗഡ് സീഡിങ്  എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മഴ കൃത്രിമമായി പെയ്യിക്കുന്നത്. രാസവസ്തുക്കൾ ഉപയോഗിച്ചാണ് കൃത്രിമ മഴ ഉണ്ടാക്കുന്നത്.

 

എന്താണ് ക്ലൗഡ് സീഡിങ്?

ക്യുമുലോനിംബസ് മേഘം | ചിത്രത്തിന് വിക്കിപീഡിയയോട് കടപ്പാട്

കാലാവസ്ഥയിൽ മാറ്റം വരുത്തുന്നതിനുപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിങ്ങ്. കൃത്രിമമായി മഴ പെയ്യിക്കുക, മഞ്ഞുണ്ടാക്കുക, മൂടൽ മഞ്ഞ് കുറയ്ക്കുക തുടങ്ങിയവയാണ് ക്ലൗഡ് സീഡിങ്ങ് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങൾ. 1946 ൽ അമേരിക്കൽ ശാസ്ത്രജ്ഞനായ വിൻസെൻറ് ഷെയ്ഫറാണ് ആദ്യമായി ക്ലൗഡ് സീഡിംഗ് അവതരിപ്പിക്കുന്നത്. മഴമേഘങ്ങളിൽ സ്വാഭാവികമായി നടക്കേണ്ട ഭൗതിക പ്രവർത്തനങ്ങൾ രാസവസ്തുക്കളുടെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ക്ലൗഡ് സീഡിങ്ങിൽ ചെയ്യുന്നത്. സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ് (ഖരാവസ്ഥയിലുളള കാർബണ്‍ ഡയോക്സൈഡ്), ലിക്വിഡ് പ്രൊപെയ്ൻ എന്നീ രാസവസ്തുക്കളാണ് ക്ലൗഡ് സീഡിങ്ങിന് ഉപയോഗിക്കുന്നത്.

എങ്ങനെയാണ് മഴ പെയ്യിക്കുന്നത്?

എങ്ങനെയാണ് ക്ലൗഡ് സീഡിങ്ങ് നടത്തുന്നതെന്ന് നോക്കാം. ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരുമിച്ച് കൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. മഴ പെയ്യിക്കേണ്ട പ്രദേശത്തിന് മുകളിലായി മേഘങ്ങളെ എത്തിക്കും. തുടർന്ന് സിൽവർ അയഡൈഡ്, ഡ്രൈ ഐസ് എന്നിവ മേഘങ്ങളിൽ വിതറും. വിമാനങ്ങൾ ഉപയോഗിച്ചാണ് മേഘങ്ങളിൽ രാസവസ്തുക്കൾ വിതറുന്നത്. ഭൂമിയിൽ നിന്ന് ജനറേറ്ററുകൾ ഉപയോഗിച്ചും റോക്കറ്റുകൾ ഉപയോഗിച്ചും സീഡിങ്ങ് നടത്താറുണ്ട്. മേഘങ്ങളിൽ എത്തുന്ന രാസവസ്തുക്കൾ അവിടയെുളള നീരാവിയെ ഖനീഭവിപ്പിച്ച് വെളളത്തുളളികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 12,000 അടി ഉയരത്തിലുളള മേഘങ്ങളാണ് ക്ലൗഡ് സീഡിങ്ങിന് കൂടുതൽ യോജ്യമായുളളത്. റഡാറുകൾ ഉപയോഗിച്ചാണ് യോജ്യമായ മേഘങ്ങളെ കണ്ടെത്തുന്നത്. ക്ലൗഡ് സീഡിങ്ങിന് സാധാരണയായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ് എന്നിവയാണ്. എന്നാൽ  ദ്രവീക്യത പ്രൊപേയ്ൻ ആണ് മേഘങ്ങളിൽ ഐസ് പാരലുകൾ സൃഷ്ടിക്കാൻ കൂടുതൽ ഫലപ്രദം. കറിയുപ്പ് ഉപയോഗിച്ചും ക്ലൗഡ് സീഡിങ് നടത്താറുണ്ട്. 2010-ൽ ജനീവ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ സൾഫർ ഡയോക്സൈഡും നൈട്രജൻ ഡയോക്സൈഡും ഉപയോഗിച്ചുള്ള  ക്ലൗഡ് സീഡിങ്  പരീക്ഷണം നടത്തിയിരുന്നു.

ക്ലൌഡ് സീഡിങ്ങ് | വിക്കിപീഡിയയിലെ ചിത്രണം

ഇന്ത്യയിൽ ഇതിന് മുൻപും ക്ലൗഡ് സീഡിങ്ങ് പരീക്ഷിച്ചിട്ടുണ്ട്. 1983 മുതൽ 1987 വരെയും, 1993 മുതൽ 1994 വരെയും തമിഴ്നാട് സർക്കാർ ക്ലൗഡ് സീഡിങ്ങ് നടത്തിയിട്ടുണ്ട്. 2003-2004 ൽ കർണ്ണാടക സർക്കാരും ഈ വിദ്യ പരീക്ഷിച്ചിട്ടുണ്ട്. ഇതേ വർഷത്തിൽ  തന്നെ അമേരിക്ക ആസ്ഥാനമായുളള വെതർ മോഡിഫിക്കേഷൻ ഇൻകോർപ്പറേറ്റഡ് എന്ന കമ്പനിയുടെ സഹായത്തോടെ മഹാരാഷ്ട്രയിലും ക്ലൗഡ് സീഡിങ്ങ് നടത്തി. ആന്ധ്രപ്രദേശിലെ പന്ത്രണ്ട് ജില്ലകളിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള  പദ്ധതി കൊണ്ടുവന്നത് 2008-ൽ  ആയിരുന്നു. 2005-ലെ വരൾച്ച സമയത്ത് പാലക്കാട് ജില്ലയിൽ കൃത്രിമ മഴ പെയ്യിക്കാൻ താൽപര്യം കാണിച്ചിരുന്നുവെങ്കിലും നടന്നില്ല.
ക്ലൗഡ് സീഡിങ് പൂർണമായും വിജയകരമാണെന്ന് പറയാൻ കഴിയില്ല. ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലുളള മിക്കവാറും രാജ്യങ്ങളിലും ക്ലൗഡ് സീഡിങ്ങ് ഉപയോഗിച്ച്   കൃത്രിമ മഴ പെയ്യിക്കുകയോ, മൂടൽ മഞ്ഞ് നീക്കം ചെയ്യുകയോ ഉണ്ടായിട്ടുണ്ട്. എന്നാൽ ഓസ്ട്രേലിയ  ക്ലൗഡ് സീഡിങ്ങിനോട് വിമുഖത കാണിക്കുകയാണ്. ക്ലൗഡ് സീഡിങ്ങ് നടത്തുക വഴി സ്വാഭാവികമായി ഉണ്ടാകുന്ന  മഴയുടെ അളവിൽ പത്ത് ശതമാനത്തിലധികം വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ 2010 ൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നുണ്ട്. എന്നാൽ അപ്രതീക്ഷിതമായ ആലിപ്പഴ വർഷത്തിനും ക്ലൗഡ് സീഡിങ്ങ് കാരണമാകാറുണ്ട്.
1978 ൽ 2740 ടൺ സിൽവർ അയഡൈഡ് ആണ് യു.എസ്. ഗവൺമെൻറ് കൃത്രിമ മഴചെയ്യിക്കാനായി മേഘങ്ങളിൽ വർഷിച്ചത്. മനുഷ്യർക്കും മറ്റ് സസ്തനികൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകാനും മണ്ണിൻറേയും സസ്യങ്ങളുടേയും സ്വാഭാവികത നഷ്ടപ്പെടുന്നതിനും ജലമലിനീകരണത്തിനും ഇത് കാരണമാകുമെന്ന് ചില പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നുണ്ടെങ്കിലും അതിന് വലിയ ശാസ്ത്രീയ പിൻബലമൊന്നുമില്ല. കാലാവസ്ഥയെ നിയന്ത്രിക്കുന്ന തരത്തിലുളള മനുഷ്യന്റെ ഇടപെടലുകൾ ആഗോളതാപത്തിനും പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുമെന്ന ആരോപണവും നിലവിലുണ്ട്. എങ്കിലും കടുത്തവരൾച്ചയെ പ്രതിരോധിക്കാൻ ഇന്ന് ലോക രാഷ്ട്രങ്ങൾ ആശ്രയിക്കുന്നത് ക്ലൗഡ് സീഡിങ്ങിലൂടെയുളള കൃത്രിമ മഴയെ തന്നെയാണ്. എന്നാൽ അതിന് സാങ്കേതിക വിദ്യയുയെ ഫലപ്രദമായ ഉപയോഗം ആവശ്യമാണ്. കൂടാതെ അന്തരീക്ഷത്തിൽ കുമുലോനിംബസ് മേഘങ്ങളുടെ സാന്നിധ്യവും അനിവാര്യമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ നല്ല പണച്ചെലവുളള പദ്ധതിയാണ് ക്ലൗഡ് സീഡിങ്ങ്.

Happy
Happy
33 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുറുന്തോട്ടിയും വാതവും തമ്മിലെന്ത് ? ചെടികളും ശാസ്ത്രവും വൈദ്യശാസ്ത്രവും
Next post പ്ലാസ്റ്റിക് കയർ കൊണ്ട്‌ വെള്ളം കോരിയാൽ വൃക്ക തകരാറാകുമോ?
Close