ഡോ.ധന്യലക്ഷ്മി എൻ.
അസോ.പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിക്കൽ ജെനിറ്റിക്സ് , കസ്തൂർബ മെഡിക്കൽ കോളേജ്, മണിപ്പാൽ
ഗ്രിഗർ മെൻഡലിന്റെ 200ാം ജന്മവാർഷികത്തിന്റെ ഭാഗമായി ലൂക്ക പ്രസിദ്ധീകരിക്കുന്ന ജനിതകശാസ്ത്ര ലേഖന പരമ്പര
എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനും അസ്തിത്വത്തിനും ശരിയായ പ്രവർത്തനത്തിനും പല തരം പ്രോട്ടീനുകൾ ആവശ്യമാണ്. ഈ പ്രോട്ടീനുകൾ ഉണ്ടാക്കാൻ ഉള്ള നിർദ്ദേശങ്ങളാണ് ഡി എൻ എ യിൽ അടങ്ങിയിരിക്കുന്നത്. ഡി എൻ എ എന്നത് ഒരു പാചക കുറിപ്പ് പോലെയാണ്. എല്ലാ ജീവജാലങ്ങളുടെയും ഡി എൻ എ, അവയുടെ ഓരോ കോശത്തിലും നൂൽ പോലെ ഘടനയുള്ള ക്രോമസോമുകൾ ആയി കാണപ്പെടുന്നു.
ക്രോമോസോമുകൾ ഓരോ കോശത്തിന്റെയും കോശമർമ്മം അഥവാ ന്യൂക്ലിയസിനകത്താണ് സ്ഥിതി ചെയ്യുന്നത്. ക്രോമോസോമുകൾ എണ്ണത്തിലും ആകൃതിയിലും വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണമായി ബാക്ടീരിയയുടെ ക്രോമോസോം വൃത്താകൃതിയിലുള്ളതാണ്. എന്നാൽ, മനുഷ്യരിലും മറ്റു ജീവികളിലും ക്രോമോസോമുകൾ നൂലു പോലെ നീളത്തിലാണ് കാണപ്പെടുന്നത്.
മനുഷ്യർക്ക് 46 ക്രോമോസോമുകൾ ഉണ്ട്. ഇവ 23 ജോഡികളായി നിലകൊള്ളുന്നു. ഓരോ ജോഡിയിലെയും ഒരു ക്രോമോസോം അമ്മയിൽ നിന്നും, മറ്റേ ക്രോമോസോം അച്ഛനിൽ നിന്നുമാണ് നമുക്ക് ലഭിക്കുന്നത്. ഇരുപത്തിമൂന്നു ജോഡിയിലെ ലിംഗം നിർണ്ണയിക്കുന്ന ഒരു ജോഡി ക്രോമോസോമുകളെ സെക്സ് ക്രോമോസോം എന്ന് പറയുന്നു. മനുഷ്യരിൽ ലിംഗം നിർണ്ണയിക്കുന്നത് X (എക്സ് ) അല്ലെങ്കിൽ Y (വൈ) ക്രോമോസോമുകൾ ആണ്. സ്ത്രീലിംഗമാണെങ്കിൽ സെക്സ് ക്രോമോസോം ജോഡിയിലെ രണ്ടു ക്രോമോസോമുകളും X ക്രോമോസോം ആയിരിക്കും. പുരുഷ ലിംഗമാണെങ്കിൽ സെക്സ് ക്രോമോസോം ജോഡിയിൽ ഒന്ന് X ക്രോമോസോമും, മറ്റേതു Y ക്രോമോസോമും ആയിരിക്കും. സെക്സ് ക്രോമോസോമുകൾ അല്ലാത്ത 22 ജോഡി ക്രോമോസോമുകളെ ഓട്ടോസോമ്‌സ് (autosomes ) എന്ന് പറയുന്നു.
മനുഷ്യരിലുള്ള 23 ജോഡി ക്രോമോസോമുകൾ അവയുടെ വലുപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. അത് പോലെ ഓരോ ക്രോമോസോമിലും ഉള്ള ജീനുകളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, മനുഷ്യരിൽ ഉള്ള ഏറ്റവും ചെറിയ ക്രോമോസോം ആണ് Y ക്രോമോസോം. ഇതിൽ ആകെ 55 ജീനുകൾ ആണുള്ളത്. എന്നാൽ മൂന്നിരട്ടി വലുപ്പമുള്ള X ക്രോമോസോമിൽ ഏകദേശം 900 ജീനുകൾ ആണുള്ളത്.
ക്രോമോസോമുകളുടെ പ്രധാന കർത്തവ്യം എന്താണ്?
ജീവജാലങ്ങൾ വളരുകയും വികസിക്കുകയും ചെയ്യണമെങ്കിൽ കോശവിഭജനം നടക്കണം. കോശവിഭജനം നടക്കുമ്പോൾ ഒരു കോശത്തിൽ നിന്നും മറ്റൊരു കോശത്തിലേക്കു ജനിതക പദാർത്ഥമായ ഡി എൻ എ തുല്യമായി വീതിക്കപ്പെടണം. ഇതിനു സഹായിക്കുന്ന ഘടകമാണ് ക്രോമോസോമുകൾ. മനുഷ്യരിൽ ക്രോമസോമുകളുടെ എണ്ണത്തിലോ ഘടനയിലോ വരുന്ന വ്യത്യാസം പല തരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകാം.
ക്രോമോസോമുകളുടെ ഭാഗങ്ങൾ എന്തൊക്കെയാണ്?
ഓരോ ക്രോമോസോമിനും ഒരു ഇടുങ്ങിയ ഭാഗമുണ്ടാകും. ഇതിനു സെന്ററോമേയർ (centromere) എന്ന് പറയുന്നു. അത് പോലെ ഓരോ ക്രോമസോമിനും അറ്റത്തു ടെലോമീർ (telomere) എന്ന ഭാഗവുമുണ്ട്. ഓരോ പ്രാവശ്യവും കോശവിഭജനം നടക്കുമ്പോൾ ടെലോമിർ ചെറുതായി വരുന്നു. ടെലോമെർ മുഴുവനും ഇല്ലാതെയാകുമ്പോൾ കോശം നശിക്കുന്നു. മറിച്ചു കാൻസർ പോലുള്ള അവസ്ഥയിൽ കോശങ്ങളിലെ ടെലോമെർ ഒരിക്കലും നശിക്കാതെ കാൻസർ കോശങ്ങളെ വീണ്ടും വീണ്ടും പെരുകുവാൻ സഹായിക്കുന്നു.
മനുഷ്യരിൽ ക്രോമോസോമുകൾ ആദ്യമായി നിരീക്ഷിച്ചത് എപ്പോളാണ് ?
1879 -ലാണ് ആദ്യമായി മനുഷ്യരിലെ ക്രോമോസോമുകളെ കാൻസർ കോശങ്ങളിൽ അർണോൾഡ് (Arnold) എന്ന ശാസ്ത്രജ്ഞൻ നിരീക്ഷിച്ചത്. വർഷങ്ങൾക്കു ശേഷം 1956 -ലാണ് ടിജോ (Joe Hin Tjio), ലിവൻ (Levan) എന്ന ശാസ്ത്രജ്ഞർ മനുഷ്യർക്ക് 46 ക്രോമോസോമുകൾ ആണുള്ളതെന്നു കണ്ടെത്തിയത്.
One thought on “ക്രോമസോം എന്നാൽ എന്താണ്?”