ചാറ്റ്ജിപിടി: ഉപയോഗവും സാധ്യതകളും
ഡോ.സുനിൽ തോമസ് തോണിക്കുഴിയിൽ, ഡോ.ജിജോ പി. ഉലഹന്നാൻ
- ചാറ്റ്ജിപിടി: ഉപയോഗവും സാധ്യതകളും
- ആമുഖം
- എന്താണ് ചാറ്റ്ജിപിടി?
- ചാറ്റ്ജിപിടി: അക്കൗണ്ട് ഉണ്ടാക്കുന്നതെങ്ങനെ?
- ചാറ്റ്ജിപിടി: ഉപയോഗിക്കേണ്ടതെങ്ങനെ?
- പ്രോംപ്റ്റുകൾ എഴുതേണ്ടതെങ്ങിനെ ?
- ചാറ്റ്ജിപിടിയുടെ ഉപയോഗസാധ്യതകൾ
- കോഡ് എഴുത്തും പ്രോഗ്രാമിങ്ങും
- സ്റ്റൈലുകൾ
- പലവക
- ചാറ്റ്ജിപിടിയുടെ ഉത്തരങ്ങൾ വിശ്വസനീയമാണോ?
- ചാറ്റ്ജിപിടിയുടെ സാധ്യതകൾ
- ജിപിടി-4
- കൃത്യതയും ഭാവിയും
- അനുബന്ധം
ആമുഖം
പരസ്പരം ആശയവിനിമയം നടത്താനുള്ള കഴിവ് മനുഷ്യകുലത്തിന്റെ പുരോഗതിയിൽ ചെറിയ പങ്കല്ല വഹിച്ചിരിക്കുന്നത്. മറ്റുപല ജീവിവർഗ്ഗങ്ങൾക്കും ഇത്തരം കഴിവ് ഉണ്ടെങ്കിൽത്തന്നെ അവ വളരെ പരിമിതമാണ്. ഭൂമുഖത്ത് ആകമാനം ഏകദേശം ഏഴായിരത്തിൽപരം ഭാഷകളുണ്ടന്നാണ് കരുതപ്പെടുന്നത്. ഒരു കുട്ടി ജനിക്കുമ്പോൾമുതൽ ഭാഷ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ആരംഭിക്കുന്നു. തുടർന്നങ്ങോട്ട് എഴുതുന്നതിനും, വായിക്കുന്നതിനും, കല, സാഹിത്യം, സംസ്കാരം എന്നിവ മനസ്സിലാക്കുന്നതിനും, പ്രയോഗത്തിൽ വരുത്തുന്നതിനും ഭാഷാസ്വാധീനം വലിയ പങ്ക് വഹിക്കുന്നുണ്ട്.
നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) ഗവേഷണങ്ങൾ തുടങ്ങിയ കാലംമുതലുള്ള ശ്രമമാണ് കമ്പ്യൂട്ടറുകൾക്ക് മനുഷ്യരെപ്പോലെയുള്ള ഭാഷാസ്വാധീനം നൽകാൻ സാധിക്കുമോ എന്നത്. ഇതിനായി, വിവിധതരം ഭാഷാമാതൃകകളെപ്പറ്റി പഠിക്കുന്ന നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ് (NLP) എന്ന ഒരു ഉപശാഖ തന്നെ ഈ വിഷയത്തിൽ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. ഒരു മനുഷ്യഭാഷയെ കമ്പ്യൂട്ടർ മോഡലുകൾ ആക്കി മാറ്റുകയെന്നത് വളരെ സങ്കീർണമായ ഒരു പ്രശ്നമാണ്. നമ്മൾ പറയുന്ന ഓരോ വാക്കും അതിന് മുൻപുള്ളതും പിന്നീട് വരുന്നതുമായ വാക്കുകളോട് ചേർത്ത് വച്ചാണ് ഒരു ആശയമായി ആവിഷ്കരിക്കുന്നത്. ഉദാഹരണത്തിന് ഒരാൾ “ഞാൻ” എന്ന് പറഞ്ഞാൽ അതിനു പിന്നാലെ അയാൾ ആ സമയത്ത് ചെയ്യാൻ ഉദ്ദേശിക്കുന്നതോ, ചെയ്തു കഴിഞ്ഞതോ ആയ ഒരു പ്രവൃത്തിയെ പറ്റിയാകാം പരാമർശിക്കാൻ പോകുന്നത്.
സന്ദർഭത്തിനനുസരിച്ച് വരുന്ന വാക്കുകൾ കൃത്യമായി ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ഒരു ഭാഷാമാതൃക നമ്മുടെ തലച്ചോറിനുള്ളിൽ പരിശീലിപ്പിച്ചുവെച്ചിട്ടുണ്ട്. തലച്ചോറിനുള്ളിൽ ലഭ്യമായ വലിയ ഒരു പദസഞ്ചയത്തിൽനിന്നും ഏറ്റവും ഉചിതമായ ഒരു വാക്കായിരിക്കും ഒരാൾ പറയുക. ഓരോ തവണയും നമ്മൾ സംസാരിക്കുമ്പോൾ ആ മോഡലിനുള്ളിൽനിന്ന് ഉചിതമായ പദങ്ങൾ സന്ദർഭത്തിനനുസരിച്ച് തിരഞ്ഞെടുത്ത് ഉപയോഗിക്കാനുള്ള കഴിവാണ് ഒരാളുടെ ഭാഷാസ്വാധീനം. കവികൾക്കും എഴുത്തുകാർക്കും പ്രാസംഗികർക്കും ഒക്കെ ഈ കഴിവ് കൂടുതലായിരിക്കും.
എന്താണ് ചാറ്റ്ജിപിടി?
നമ്മൾ പലപ്പോഴും സ്ഥാപനങ്ങളുടെയൊക്കെ കസ്റ്റമർ കെയറിൽ വിളിക്കാറില്ലേ. അപ്പോൾ ഒരു കസ്റ്റമർ എക്സിക്യുട്ടിവ് ഫോൺ എടുത്ത് നമ്മുടെ ചോദ്യങ്ങൾക്ക് മറുപടി തരും. കസ്റ്റമർ കെയറിലിരിക്കുന്നയാൾക്ക് അയാൾ കൈകാര്യം ചെയ്യുന്ന ഉല്പന്നത്തെപ്പറ്റി വളരെ കുറച്ച് വിവരങ്ങളേ കാണൂ. അറിയാത്ത ഒരു കാര്യം ഉല്പന്നത്തെപ്പറ്റി ചോദിച്ചാൽ അയാൾ കൈ മലർത്തും. കാരണം ഒരു നിശ്ചിതഗണത്തിൽപെട്ട ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകാനാണ് അയാളെ പരിശീലിപ്പിച്ചിരിക്കുന്നത്. ഇനി കസ്റ്റമർ കെയറിൽ ഇരിക്കുന്നത് ലോകത്തുള്ള സകല വിഷയങ്ങളും അരച്ചുകലക്കി കുടിച്ചിട്ടുള്ള ഒരാൾ ആണെന്നിരിക്കട്ടെ. നിങ്ങൾ എന്തു ചോദിച്ചാലും അയാൾക്ക് പറയാനാകും. മനുഷ്യരാശി കഴിഞ്ഞ കാലങ്ങളിൽ നേടിയെടുത്തിട്ടുള്ള അറിവിന്റെ അളവുവെച്ച് നോക്കിയാൽ ഇങ്ങനെ സർവ്വജ്ഞാനിയായ ഒരു മനുഷ്യനെ പരിശീലിപ്പിച്ചെടുക്കാൻ സാധ്യമല്ല.
ഇപ്പോഴത്തെ നിർമ്മിതബുദ്ധി സങ്കേതങ്ങൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകളെ പരിശീലിപ്പിക്കുന്നതിൽ സമീപകാലത്ത് വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. അതായത് ഒരു സാധാരണ മനുഷ്യനുള്ളതിനെക്കാളധികം അറിവുനേടാൻ കമ്പ്യൂട്ടറുകൾക്കാകും. എത്രമാത്രം വിഷയങ്ങളിൽ എത്രയൊക്കെ ആഴത്തിൽ പരിശീലിപ്പിക്കാം എന്നത് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഹാർഡ്‌വെയർ സംവിധാനത്തെയും ഉപയോഗിക്കുന്ന അൽഗോരിതങ്ങളെയും ആശ്രയിച്ചിരിക്കും.
കമ്പ്യൂട്ടറുകളെ ഭാഷാമോഡലുകളിൽ പരിശീലിപ്പിക്കുന്ന ട്രാൻസ്ഫോർമർ അൽഗോരിതങ്ങളുടെ കണ്ടുപിടിത്തവും വലിയ തോതിൽ പാരലൽ കമ്പ്യൂട്ടിങ്ങ് ഉപയോഗിക്കുന്ന ജീപിയു (GPU) കളുടെ രംഗപ്രവേശവും ഇത്തരത്തിലുള്ള ഗവേഷണങ്ങളുടെ ആക്കം കൂട്ടിയിട്ടുണ്ട്. നിരവധി കമ്പനികളും സർവ്വകലാശാലകളും ഇതിന്റെ കച്ചവടസാധ്യതകൾ മുന്നിൽക്കണ്ട് വലിയ തോതിൽ മുതൽ മുടക്കുന്നുണ്ട്. ഓപൺഎഐ എന്ന കൺസോർഷ്യം പൊതുജനങ്ങൾക്കൂകൂടി സേവനങ്ങൾ ലഭ്യമാക്കത്ത രീതിയിൽ വിവിധ GPT മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്’. ഇവർ അവസാനം പുറത്തിറക്കിയ GPT-3 എന്ന മോഡൽ ഇൻറർനെറ്റ് പൊതുസഞ്ചയത്തിൽ ലഭ്യമായ സകല വിവരങ്ങളും ഉപയോഗിച്ച് പരിശീലിപ്പിച്ച ഒരു സംവിധാനമാണ്. ഓപ്പൺഎഐ കൺസോർഷ്യം ഈയിടെ പുറത്തിറക്കിയ ചാറ്റ്ജിപിടി ഭാഷാമോഡൽ ഉപയോഗിക്കുന്ന ഒരു ചാറ്റ് ബോട്ട് ആണ് (ബോട്ട് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരു സങ്കേതം എന്നാണ്). ഈ ചാറ്റ്ബോട്ട് എങ്ങനെ ഉപയോഗിക്കാം എന്നാണ് കൈപുസ്തകം വിശദീകരിക്കുന്നത്.
ചാറ്റ്ജിപിടിയുടെയും സമാന ഭാഷാമോഡലുകളുടെയും പിന്നിലുള്ള സാങ്കേതിക വിദ്യയെക്കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്ക് അനുബന്ധമായി കൊടുത്തിരിക്കുന്ന കുറിപ്പ് വായിക്കാം.
ചാറ്റ്ജിപിടി: അക്കൗണ്ട് ഉണ്ടാക്കുന്നതെങ്ങനെ?
ഓപ്പൺഎഐ കൺസോർഷ്യം ഉണ്ടാക്കിയ GPT-3 എന്ന large language model ആണ് ചാറ്റ്ജിപിടിയുടെ അടിസ്ഥാനം. ഈ മോഡലിനെ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിന് പ്ലേഗ്രൗണ്ട് എന്ന ഒരു സംവിധാനവും ചാറ്റ്ജിപിടി ബോട്ടും ഓപൺഎഐ നമുക്ക് നൽകുന്നു. പ്ലേഗ്രൗണ്ട് https://platform.openai.com/playground പ്രധാനമായും കമ്പനികൾക്കും ഗവേഷകർക്കും വേണ്ടിയാണ്. കമ്പ്യൂട്ടർ സയൻസിനെക്കുറിച്ചോ നാച്ചുറൽ ലാൻഗ്വേജ് പ്രോസസ്സിങ്ങിനേക്കുറിച്ചോ ഒന്നുമറിയാത്ത സാധാരണക്കാർക്കുവേണ്ടി മേൽ സൂചിപ്പിച്ച ഭാഷാ മോഡലിലേക്ക് ഒരു ഇൻറർഫേസ് തുറന്നു തരുകയാണ് ചാറ്റ്ജിപിടി. നിലവിൽ ഇത് സൗജന്യ സേവനമാണ്.
ചാറ്റ്ജിപിടി നൽകുന്ന സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഓപ്പൺഎഐ വെബ് സൈറ്റിൽ ഒരു അക്കൗണ്ട് തുടങ്ങണം. ഒരു ചാറ്റ്ജിപിടി അക്കൗണ്ട് തുടങ്ങുന്നത് എങ്ങിനെയെന്ന് പരിശോധിക്കാം. ഇതിനായി https://chat.openai.com/auth/login എന്ന വെബ്സൈറ്റ് നിങ്ങളുടെ ബ്രൗസറിൽ തുറക്കുക. ചിത്രം 1ൽ കാണിച്ചിരിക്കുന്നതുപോലെയുള്ള ഒരു സ്ക്രീനായിരിക്കും നിങ്ങൾക്ക് കിട്ടുക.
രണ്ട് ഓപ്ഷനുകൾ കാണാം. ഇതിൽ ലോഗിൻ ഓപ്ഷൻ നിലവിൽ അക്കൗണ്ട് ഉള്ളവർക്ക് വേണ്ടിയാണ്. പുതിയ അക്കൗണ്ട് തുടങ്ങുന്നതിനാണ് സൈൻഅപ് ഓപ്ഷൻ. ഇതിനായി നിങ്ങളുടെ ഇമെയിൽ ഉപയോഗിക്കുകയോ ഗൂഗിൾ, മൈക്രോസോഫ്ട് എന്നിവയുടെ അക്കൗണ്ടുകൾ ഉപയോഗിക്കുകയോ ചെയ്യാം. സൈനപ് സ്ക്രീൻ ചിത്രം 2ൽ കാണിച്ചിരിക്കുന്നു.
ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ഒരു പുതിയ അക്കൗണ്ട് ഉണ്ടാക്കിയെടുക്കുന്നതാണ് ചിത്രം മൂന്നിലുള്ളത്.
അടുത്തപടിയായി ഓപൺ എ ഐ സൈറ്റ് ഉപഭോക്താവിൻ്റെ പേരും ഫോൺ നമ്പറും ചോദിക്കുകയും ഫോൺ നമ്പർ വെരിഫൈ ചെയ്യുന്നതിന് ഒരു കോഡ് അയച്ചു തരുകയും ചെയ്യും. ഇത് ചിത്രം 4, ചിത്രം 5, ചിത്രം 6 എന്നവ പരിശോധിച്ചാൽ ഇതിനുപയോഗിച്ച വഴി വ്യക്തമാകും.
ഇങ്ങനെ നിങ്ങളുടെ അക്കൗണ്ട് വെരിഫൈ ചെയ്തു കഴിഞ്ഞാൽ ചാറ്റ്ജിപിടി ഉപയോഗിക്കാൻ തയ്യാറായിക്കഴിഞ്ഞു. ചാറ്റ്ജിപിടി നിലവിൽ ബീറ്റാ സ്റ്റേജിലാണ്. അതുകൊണ്ട് മേല്പറഞ്ഞ സ്റ്റെപ്പുകളിൽ ചിലത് മാറിയേക്കാം. ലോകമെമ്പാടും ഉപഭോക്താക്കളുടെ എണ്ണം വളരെ വേഗത്തിൽ വർദ്ധിക്കുന്നതിനാൽ ചിലപ്പോൾ ഈ സ്റ്റെപ്പുകൾ ഇടയ്ക്കുവെച്ച് നിന്നു പോകാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വീണ്ടും ഒരിക്കൽക്കൂടി ശ്രമിച്ചു നോക്കാം.
ചാറ്റ്ജിപിടിയുടെ ഓപ്പണിങ് സ്ക്രീനാണ് ചിത്രം 7ൽ കാണിച്ചിട്ടുള്ളത്. ഈ സ്ക്രീനിൽ ഏറ്റവും താഴെയായി കാണിച്ചിരിക്കുന്ന ടെക്സ്റ്റ് ബോക്സ് വഴിയാണ് നമ്മൾ ചാറ്റ് ബോട്ടിനോട് സംസാരിക്കുന്നത്. ബോട്ട് മറുപടി തയ്യാറാക്കി അതിനു താഴെ എഴുതും. ബോട്ടിനോട് സംസാരിക്കുന്നതിനായി നമ്മൾ ചോദിക്കുന്ന ചോദ്യങ്ങളും മറ്റ് അനുബന്ധവിവരങ്ങളും ചേർത്ത ഒരു കൂട്ടം വാചകങ്ങളെ “പ്രോംപ്റ്റ്” എന്നാണ് വിളിക്കുന്നത്. ബോട്ട് തരുന്ന ഉത്തരങ്ങളുടെ കൃത്യത പലപ്പോഴും നമ്മൾ കൊടുക്കുന്ന പ്രോംപ്റ്റിനെ ആശ്രയിച്ചിരിക്കും. കൃത്യമായ പ്രോംപ്‌റ്റുകൾ എഴുതുന്നതിന് നമുക്കുതന്നെ കുറച്ച് പരിശീലനം ആവശ്യമാണ്.
ചാറ്റ്ജിപിടി: ഉപയോഗിക്കേണ്ടതെങ്ങനെ?
ചാറ്റ്ജിപിടി ഒരു നിർമിതബുദ്ധി ബോട്ട് ആണെന്ന് പറഞ്ഞല്ലോ. ഈ ബോട്ടിനോട് സംവദിക്കാൻ നമ്മൾ പ്രോംപ്റ്റുകൾ ഉപയോഗിക്കുന്നു. നിർമ്മിതബുദ്ധി ബോട്ട് ഈ പ്രോംപ്റ്റ് എടുത്ത് അതുപയോഗിക്കുന്ന ഭാഷാമോഡലിന് (നിലവിൽ GPT-3.5) കൊടുക്കുന്നു. ഈ മോഡൽ നിങ്ങൾക്ക് ഒരു ഉത്തരം തയ്യാറാക്കി തിരികെത്തരും. ഇതിനെ കംപ്ലീഷൻ എന്ന് വിളിക്കുന്നു. ചിത്രം 8 കാണുക.
ആദ്യ പ്രോംപ്റ്റ് ആയി global warming എന്താണ് എന്ന് നമുക്ക് ചാറ്റ്ജിപിടിയോട് ചോദിക്കാം. ഇതിനായി പ്രോംപ്റ്റ് കൊടുക്കുന്ന ടെക്സ്റ്റ് ബോക്സിൽ “what is global warming” എന്ന് ടൈപ്പ് ചെയ്യുക. ഏകദേശം ചിത്രം 9ൽ കാണുന്നതുപോലെയുള്ള ഉത്തരമായിരിക്കും നിങ്ങൾക്ക് ലഭിക്കുക.
ഒരു മനുഷ്യനോട് ഇത്തരമൊരു ചോദ്യം പല സമയങ്ങളിൽ ചോദിച്ചാൽ പലതരത്തിലുള്ള ഉത്തരങ്ങൾ ആയിരിക്കും നൽകുക. അതുപോലെ പലരോടു ചോദിച്ചാലും ലഭിക്കുന്ന ഉത്തരത്തിൻ്റെ വാചകങ്ങളും വാക്കുകളും വ്യത്യസ്തമായി വാചകഘടനയും പദങ്ങളും മാറുന്നു എങ്കിലും ഉത്തരത്തിലെ ആശയം ഏകദേശം ഒന്നുതന്നെ ആയിരിക്കും. വാചകങ്ങളിലും വാക്കുകളിലും അടങ്ങിയിരിക്കുന്ന ആശയമാണ് നാം മനസ്സിലാക്കുന്നത്.
മനുഷ്യർ ഇത്തരമൊരു ചോദ്യത്തിന്റെ ഉത്തരം സ്വന്തം തലച്ചോറിനുള്ളിൽ രൂപപ്പെടുത്തുന്നത് പല ഘടകങ്ങളേയും ആശ്രയിച്ചാണ്. തന്റെ വിദ്യാഭ്യാസം, ചോദ്യം ഉണ്ടാകാനുള്ള സാഹചര്യം, ആരോടാണ് സംസാരിക്കുന്നത് എന്നൊക്കെ അനുസരിച്ചായിരിക്കും നമ്മൾ വാക്കുകൾ തിരഞ്ഞെടുക്കുന്നതും, അവ കൂട്ടിച്ചേർത്ത് വാചകങ്ങൾ ആക്കുന്നതും. ചാറ്റ്ജിപിടി മനുഷ്യർ പറയുന്നതുപോലെതന്നെ ഓരോ തവണയും ചെറിയ വ്യത്യാസത്തോടു കൂടിയായിരിക്കും ഉത്തരങ്ങൾ നൽകുക. സാഹചര്യവും സന്ദർഭവും പറഞ്ഞു കൊടുത്താൽ മനുഷ്യരെപ്പോലെ പെരുമാറാൻ ചാറ്റ്ജിപിടി ശ്രമിക്കും.
“What is global warming?” എന്ന പ്രോപ്റ്റിന് ചാറ്റ്ജിപിടി നിങ്ങൾക്ക് ഒരു ഉത്തരം തരും. ഈ ഉത്തരം ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറൊരു ഉത്തരം റീജനറേറ്റ് ചെയ്യാനാകും. അതിനാണ് സ്ക്രീനിൽ റീജനറേറ്റ് റെസ്പോൺസ് ബട്ടൺ തന്നിട്ടുള്ളത്. കൂടാതെ, വലത്ത് വശത്തുള്ള തംപ്സ് അപ്പ്, ഡൌൺ ബട്ടണുകൾ വഴി ലഭിച്ച ഉത്തരം നിങ്ങൾക്ക് അനുയോജ്യമാണോ, അല്ലയോ എന്ന ഫീഡ്ബാക്കും നൽകാം. ഇതിലൂടെ എഐ തന്ന ഉത്തരത്തെക്കാൾ മെച്ചമുള്ള ഉത്തരം നമുക്ക് അറിയാമെങ്കിൽ അത് നൽകാം. ഇത്തരം ഫീഡ് ബാക്കുകൾ തുടർന്നുള്ള പരിശിലനത്തിനായി ചാറ്റ്ജിപിടി ഉപയോഗിക്കും. ഇത്തരത്തിൽ റീജനറേറ്റ് ചെയ്ത ഒരു ഉത്തരം ചിത്രം 10ൽ കൊടുത്തിട്ടുണ്ട്.
പുതിയ പ്രോംപ്റ്റുകൾ വീണ്ടും നൽകി നമുക്ക് സംഭാഷണം തുടർന്നു കൊണ്ടു പോകാം. ഒരു വിഷയത്തെക്കുറിച്ച് നല്ല അറിവുള്ള ഒരു വ്യക്തിയോട് നമ്മൾ സംവദിക്കുന്ന രീതിയിൽ പുതിയ പുതിയ ചോദ്യങ്ങളും സംശയങ്ങളും ചോദിച്ച് മുന്നേറാം.
ജിപിടിയിൽനിന്നും കിട്ടുന്ന ഉത്തരങ്ങൾ മെച്ചപ്പെടുത്തുന്നതിന് കുറെക്കൂടി വ്യക്തമായ പ്രോംപ്റ്റ് നൽകേണ്ടതാണ്. നമ്മൾ വിശദമായ പ്രോംപ്റ്റാണ് നൽകുന്നതെങ്കിൽ അതിനനുസരിച്ച് ചാറ്റ്ജിപിടി അതിന്റെ ഉത്തരങ്ങളെ പരിഷ്കരിച്ച് നമുക്ക് ലഭ്യമാക്കും. ഒരു ഉദാഹരണം ചിത്രം 11ൽ കാണിച്ചിരിക്കുന്നു. ചെറിയ സ്പെല്ലിങ് തെറ്റുകൾ ഓക്കെ ചാറ്റ് ജി പി ടി കണ്ടില്ലെന്ന് നടിക്കും.
ചാറ്റ്ജിപിടി ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണുള്ളത്. അതിനാൽ ഭാവിയിൽ ഇതിന്റെ ഉപയോഗ രീതികൾ മാറിയേക്കാം നിലവിലുള്ള സംവിധാനം എങ്ങനെ ഉപയോഗിക്കാം എന്ന് ചില ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം.
പ്രോംപ്റ്റുകൾ എഴുതേണ്ടതെങ്ങിനെ ?
ചാറ്റ്ജിപിടി ഫലപ്രദമായി ഉപയോഗിക്കാൻ നിങ്ങൾ വ്യക്തമായ പ്രോംപ്റ്റുകൾ എഴുതേണ്ടതുമുണ്ട്. ഇങ്ങനെ പ്രോംപ്റ്റ് എഴുതുന്നതിന് താഴെപ്പറയുന്ന പൊതുമാർഗ്ഗനിർദ്ദേശങ്ങൾ ഉപയോഗിക്കാവുന്നതാണ്.
1. ചാറ്റ്ജിപിടിയുമായി നടത്തുന്ന സംഭാഷണത്തിന്റെ സന്ദർഭം വ്യക്തമാക്കി കൊടുക്കുക.
മനുഷ്യർ സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ സാഹചര്യവും സന്ദർഭവും അനുസരിച്ചാണ് ഉത്തരങ്ങൾ നൽകുന്നത്. നിർമ്മിതബുദ്ധി സംവിധാനങ്ങളും ഇതുപോലെയാണെന്ന് വിചാരിച്ചുകൊണ്ട് സന്ദർഭത്തിന് അനുസരിച്ചിട്ടുള്ള ചോദ്യങ്ങൾ രൂപീകരിച്ചാൽ കുറേക്കൂടി നല്ല ഉത്തരങ്ങൾ കിട്ടാനുള്ള സാധ്യതയുണ്ട്.
ഉദാഹരണമായി
“Write a note on intellectual property“
“Explain intellectual property to a 10 year old child “
എന്നീ പ്രോംപ്റ്റുകൾ പരീക്ഷിച്ചുനോക്കാം. മനുഷ്യർ എങ്ങനെയാകും ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കുക? അവർ കേട്ടു മനസ്സിലാക്കിയ സന്ദർഭത്തിന് അനുസരിച്ചുള്ള ഉത്തരങ്ങളാകും നൽകുക. ചാറ്റ്ജിപിടിയും ഇങ്ങനെതന്നെ സന്ദർഭം മനസ്സിലാക്കിയുള്ള ഉത്തരങ്ങളാകും തിരിച്ചുതരിക.
2. നിങ്ങൾക്കറിയാവുന്ന മുഴുവൻ വിവരങ്ങളും ചാറ്റ്ജിപിടിക്കു ലഭ്യമാക്കുക.
ഒരു സദസ്സിൽ നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയെ പരിചയപ്പെടുത്തണമെന്നിരിക്കട്ടെ. നമ്മൾ ആ വ്യക്തിയെ സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി വായിച്ചു തയ്യാറെടുത്താണ് പരിചയപ്പെടുത്തൽ നടത്തുക. ഇതിനായി ഇൻറർനെറ്റിലും മറ്റും വിവരങ്ങൾ തിരഞ്ഞ് തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചില അടിസ്ഥാനവിവരങ്ങൾ ചാറ്റ്ജിപിടിക്ക് നൽകിയിട്ട് ഒരു വിവരണം ഉണ്ടാക്കാൻ ആവശ്യപ്പെടാം. ഉദാഹരണമായി, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ചർച്ചിലിനെ നമുക്ക് ഒരു സദസ്സിൽ പരിചയപ്പെടുത്താനായി ചിത്രം 12-ൽ കാണിച്ചിരിക്കുന്ന രീതിയിൽ ഒരു പ്രോംപ്റ്റ് എഴുതാം. നിങ്ങൾക്ക് അറിയാവുന്നതും പറയണമെന്ന് ഉദ്ദേശിക്കുന്നതുമായ വിവരങ്ങൾ കൊടുത്താൽ അതുകൂടി ഉൾപ്പെടുത്തിക്കൊണ്ടാകും വിവരണം ലഭിക്കുക.
വിശദവിവരങ്ങൾ ചേർത്ത ഒരു പ്രോംപ്റ്റിന്റെ ഉദാഹരണം താഴെ കാണാം.
I want you to act as a travel guide. I will write you my location and you will suggest a place to visit near my location. In some cases, I will also give you the type of places I will visit. You will also suggest me places of similar type that are close to my first location. My first suggestion request is “I am in Mumbai and I want to visit only museums.”
3.ചാറ്റ്ജിപിടിക്ക് ഉദാഹരണങ്ങൾ കൊടുക്കുക.
ഒരു സംഭാഷണത്തിന്റെ ഉദാഹരണം ലഭ്യമാക്കിയാൽ തുടർന്നുള്ള സംഭാഷണം ചാറ്റ്ജിപിടിക്ക് ഉണ്ടാക്കാനാകും. താഴെക്കൊടുത്തിരിക്കുന്ന സംഭാഷണം ശ്രദ്ധിക്കുക ഒരു ബേക്കറിയിൽ ഒരാൾ വന്ന് കേക്ക് ഉണ്ടാക്കുന്നതിനെ കുറിച്ച് സംശയങ്ങൾ ചോദിക്കുകയാണ് സംഭാഷണത്തിന്‍റെ കുറെ ഭാഗം ചാറ്റ്ജിപിടിക്കു ലഭ്യമാക്കിയാൽ ബാക്കി ഉത്തരങ്ങൾ സന്ദർഭോചിതമായി ലഭ്യമാക്കാൻ കഴിയും. അതുകൊണ്ട് ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ കൃത്യമായ ഉദാഹരണങ്ങൾ ലഭ്യമാക്കാവുന്നതാണ് (ചിത്രം 13). ഇത്തരം വലിയ പ്രോംപ്റ്റുകൾ എഴുതുമ്പോൾ ഒരു ടെക്സ്റ്റ് എഡിറ്ററിൽ ടൈപ്പ് ചെയ്ത് കോപ്പി പേസ്റ്റ് ചെയ്യുന്നതായിരിക്കും അഭികാമ്യം.
4. വാക്കുകളുടെ എണ്ണം പറയുക.
നിങ്ങൾക്ക് 100 വാക്കുകളുള്ള ഒരു ഒരു ലേഖനമാണ് വേണ്ടതെങ്കിൽ ആ കാര്യം പറഞ്ഞു കൊടുക്കാം. താഴെ കൊടുത്തിരിക്കുന്ന പ്രോംപ്റ്റിൽ വാക്കുകളുടെ എണ്ണം മാറ്റി പരീക്ഷിക്കാവുന്നതാണ്. ചിത്രം 14 കാണുക.
5. നിങ്ങൾക്ക് ആവശ്യമായ ഫോർമാറ്റ് പറഞ്ഞു കൊടുക്കുക:
ഒരു ഫോർമാറ്റിൽ ഉള്ള ഡേറ്റയുപയോഗിച്ച് മറ്റൊരു ഫോർമാറ്റ് ഉണ്ടാക്കണമെന്നിരിക്കട്ടെ. താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണത്തിൽ (ചിത്രം 15) ഒരു കോമാ സെപറേറ്റഡ് വേരിയബിൾ (CSV) രൂപത്തിലുള്ള ഡേറ്റയിൽനിന്ന് ഒരു ഫ്രീക്വൻസി ചാർട്ട് തയ്യാറാക്കാൻ ചാറ്റ്ജിപിടിക്ക് സാധിക്കുന്നതെങ്ങിനെയെന്ന് കാണാം.
6. എക്സ്പ്രഷനുകൾ
കൂടാതെ, ചില പ്രത്യേകതരം എക്സ്പ്രഷനുകൾ ഉപയോഗിച്ചാൽ ജിപിടി അതിനനുസൃതമായ ഉത്തരങ്ങൾ തരും. ഉദാഹരണത്തിന്, നിങ്ങൾക്ക് ഷേക്സ്പിയറിന്റെ ശൈലിയിൽ എഴുതണമെന്നിരിക്കട്ടെ. ഇതിനായി കൊടുത്ത പ്രോംപ്റ്റ് നൽകിയ ഉത്തരം ചിത്രം 16-ൽ കാണിച്ചിരിക്കുന്നു.
ഇതേ കാര്യം ജെ കെ റൗളിങ്ങ്, ബർണാഡ് ഷാ, ജെയിംസ് ജോയ്സ് എന്നിവരൊക്കെ എഴുതിയാൽ എങ്ങിനെയിരിക്കും എന്ന് നിങ്ങൾക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്.
ചാറ്റ്ജിപിടിയുടെ ഉപയോഗസാധ്യതകൾ
ഈ ബുക്ക്‌ലെറ്റിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ ചാറ്റ്ജിപിടി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് ഉദാഹരണസഹിതം വിശദമാക്കുന്നു. ഇത് ചാറ്റ്ജിപിടിയുടെ സമ്പൂർണ്ണമായ ഉപയോഗപ്പട്ടികയല്ല. നിങ്ങൾക്ക് ആവശ്യമായ വിഷയങ്ങളിൽ പ്രോംപ്റ്റുകൾ എങ്ങിനെ ഉണ്ടാക്കാം എന്നതിന് ഒരു ചൂണ്ടുപലക മാത്രം.
നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ് (NLP)
ഭാഷ ഉപയോഗിച്ച് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾക്ക് ചാറ്റ്ജിപിടിക്ക് നമ്മളെ സഹായിക്കാനാകും. ഇത് എങ്ങനെ ചെയ്യാമെന്നതിന്റെ ചില ഉദാഹരണങ്ങൾ താഴെ കാണിച്ചിരിക്കുന്നു.
1.ലേഖനങ്ങൾ എഴുതുക:
ലോകത്തിലുള്ള സകലമാനവിഷയങ്ങളിലും പ്രാവീണ്യമുള്ള ഒരു വ്യക്തിയായി ചാറ്റ്ജിപിടിയെ കാണാം. സ്കൂളുകളിലും മറ്റും എഴുതേണ്ട അസൈൻമെന്റുകൾമുതൽ യൂണിവേഴ്സിറ്റി തലത്തിലുള്ള കോഴ്സുകളുടെ ഡിസൈൻ, അവയ്ക്കു വേണ്ടുന്ന സ്ലൈഡുകൾ, നോട്ടുകൾ എന്നിവ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാനാകും. മലയാള സിനിമയെ കുറിച്ചുള്ള ഒരു കുറിപ്പ് ചിത്രം 17-ൽ കൊടുത്തിരിക്കുന്നു.
ഇനി, കുട്ടികൾക്കായുള്ള ഒരു സിനിമ ആസ്വാദനകോഴ്സിന്റെ രൂപരേഖ എങ്ങനെ ഇരിക്കും എന്ന് നോക്കാം (ചിത്രം 18).
2. വലിയ ലേഖനങ്ങളെ ചുരുക്കിയെഴുതുക (സംക്ഷിപ്തം):
സ്കൂൾ ക്ലാസുകളിലും മറ്റും പലപ്പോഴും വലിയ ഖണ്ഡികകൾ തന്നിട്ട് അതിൽനിന്ന് ആശയം സ്വാംശീകരിച്ച് ചെറിയ ഖണ്ഡികയായി എഴുതുന്നതിനുള്ള പരിശീലനം നൽകാറുണ്ട്. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾ ചാറ്റ്ജിപിടി ഉപയോഗിച്ച് നടത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല ഒരു ഉദാഹരണം നോക്കാം:
എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ ന്യൂജനറേഷൻ മലയാളം സിനിമയെക്കുറിച്ച് ശ്രീ കുനാൽ റോയ് എഴുതിയ ലേഖനത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകളുടെ ചുരുക്കം സൃഷ്ടിക്കുന്നത് നോക്കുക (ചിത്രം 19). ഈ ചുരുക്കെഴുത്ത് നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒന്നിലധികം തവണ റീജനറേറ്റ് ചെയ്തു നോക്കാനാകും. അങ്ങനെ വരുമ്പോൾ സ്കൂൾ എക്സർസൈസുകളും മറ്റും കോപ്പിയടി കൂടാതെ കുട്ടികൾ എഴുതിക്കൊണ്ടുവരും.
3. ചോദ്യോത്തരങ്ങൾ
നമുക്ക് പലതരത്തിലുള്ള ചോദ്യങ്ങളും ചാറ്റ്ജിപിടിയോട് ചോദിക്കാം. ഒരു ചോദ്യം ചോദിച്ചു തുടങ്ങിയാൽ പിന്നീട് വരുന്ന ഉത്തരങ്ങളൊക്കെ മുൻ ചോദ്യത്തെയും ഉത്തരത്തെയും ആശ്രയിച്ചായിരിക്കും ലഭിക്കുക. ചിത്രം 20ലെ ഉദാഹരണം കാണുക.
4. വാചക ഘടന മാറ്റുക
സ്കൂളുകളിൽ നമ്മൾ കുട്ടികളെ പഠിപ്പിക്കുന്ന മറ്റൊരു സ്കില്ലാണ് വാചകഘടന മാറ്റിയെഴുതുക എന്നത്. അത് ചാറ്റ്ജിപിടി എങ്ങനെയാണ് ചെയ്യുന്നതെന്നു കാണാം.
ന്യൂജനറേഷൻ മലയാളം സിനിമയെ കുറിച്ച് മുൻപ് പറഞ്ഞ ലേഖനത്തിലെ ആദ്യ ഖണ്ഡിക മാറ്റിയെഴുതിയാൽ എങ്ങനെ ഇരിക്കും എന്ന് ചിത്രം 21ൽ കൊടുത്തിട്ടുണ്ട്.
5. വൈകാരികഭാവം കണ്ടെത്തുക (Sentiment Analysis).
ഭാഷയുടെ സൗന്ദര്യം കുടികൊള്ളുന്നത് മനുഷ്യൻറെ വിചാരങ്ങളെയും വികാരങ്ങളെയും പ്രകടിപ്പിക്കുന്നതിന് അതിനുള്ള കഴിവിലാണ്. നമ്മൾ എഴുതിയ ഒരു ഖണ്ഡികയിൽ, മനസ്സിനുള്ളിലുള്ള വികാരങ്ങളെ വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാൻ നമുക്കാകും. അത് വായിക്കുന്ന ഒരാൾക്ക് നാം ഉദ്ദേശിച്ച കാര്യങ്ങൾ അതിൽ നിന്ന് ഗ്രഹിച്ചെടുക്കാൻ കഴിയും. ഇങ്ങനെ വാചകങ്ങളിൽ അന്തർലീനമായിരിക്കുന്ന വൈകാരികഭാവങ്ങളെ കണ്ടെത്തുന്ന രീതിക്ക് സെന്റിമെന്റ് അനാലിസിസ് എന്നാണ് പറയുക.
ചാറ്റ്ജിപിടിക്ക് ഇത്തരത്തിൽ സെന്റിമെന്റ് അനാലിസിസ് നടത്തിയെടുക്കാൻ കഴിയും. ഇത്തരം അനാലിസിസിന് സാമൂഹ്യശാസ്ത്രപരവും, വാണിജ്യപരവുമായ ഉപയോഗങ്ങളുണ്ട്. ഉദാഹരണത്തിന്, ഒരു സിനിമയെ കുറിച്ച് നിരവധി റ്റ്വീറ്റുകൾ (tweets) റ്റ്വിറ്ററിൽ ഉണ്ടെന്നിരിക്കട്ടേ. അവ ആ സിനിമയെ സംബന്ധിച്ച് തരുന്ന റിവ്യൂ അനുകൂലമായതാണോ, പ്രതികൂലമായതാണോ എന്ന് കണ്ടെത്തിയാൽ അതിന്റെ നിർമ്മാതാക്കൾക്ക് പല ഗുണങ്ങൾ ഉണ്ടാകും.
ഇത്തരം ഒരു വിശകലനം നടത്താൻ നമുക്ക് ചാറ്റ്ജിപിടിയെ ചെറുതായി പരിശീലിപ്പിക്കേണ്ടതുണ്ട്. ആദ്യമായി അനുകൂലപ്രതികൂല റിവ്യൂകൾ എന്താണെന്ന് ചാറ്റ്ജിപിടിയ്ക്ക് പറഞ്ഞുകൊടുക്കും. തുടർന്ന് നമ്മൾ കൊടുക്കുന്ന വാചകത്തിലെ വൈകാരികഭാവം അത് നമുക്ക് തിരിച്ചു പറഞ്ഞു തരും ( ചിത്രം 22).
6. പട്ടികകൾ ഉണ്ടാക്കുക
പലപ്പോഴും നമുക്ക് തന്നിട്ടുള്ള വലിയ വാചകങ്ങളിൽനിന്ന് വിവരങ്ങളെ ചുരുക്കി പട്ടിക രൂപത്തിൽ എഴുതേണ്ടിവരും. ഈ പട്ടികയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ ഇൻറർനെറ്റിൽനിന്നും കണ്ടെത്തേണ്ടതായിവരും. ഉദാഹരണത്തിന് ഓഹരിവിപണിയിലെ വിവിധ കമ്പനികളും അവയ്ക്ക് വിപണിയിൽ ഉപയോഗിക്കുന്ന ചുരുക്കപ്പേരുകളും ചേർത്ത് ഒരു പട്ടിക ഉണ്ടാക്കണമെന്നിരിക്കട്ടെ. ഇതിനായി ചാറ്റ്ജിപിടിയെ താഴെ കാണുന്ന പോലെ പ്രോംപ്റ്റ് ചെയ്താൽ മതി. ഈ രീതി ഉപയോഗിച്ച് നമുക്ക് പലതരത്തിലുള്ള പട്ടികകളും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനാകും. ചിത്രം 23.
7. പട്ടികകളെ വാചകങ്ങളാക്കി മാറ്റുക
മുൻപ് കാണിച്ചിരിക്കുന്ന പട്ടികയെ വാചകങ്ങളാക്കി മാറ്റിയെഴുതാമോയെന്ന് പരീക്ഷിക്കാം. ചിത്രം 24.
8. വാചകങ്ങളിൽനിന്ന് വസ്തുക്കളെ തിരിച്ചറിയുക
ഭാഷ മനസ്സിലാക്കുന്നതിന് വാചകങ്ങളിൽ അടങ്ങിയിരിക്കുന്ന വാക്കുകളുടെ ഇനം തരംതിരിച്ച് എടുക്കേണ്ടി വരാറുണ്ട്. ഉദാഹരണത്തിന് തിരുവനന്തപുരം എന്നത് ഒരു സ്ഥലപ്പേരാണെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് ഒരു രാഷ്ട്രീയകക്ഷിയാണെന്നും നമുക്ക് തിരിച്ചറിയാം. കമ്പ്യൂട്ടറുകൾ വാചകങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം പേരുകളെ അതിൻറെ പുറകിൽ ഒളിച്ചിരിക്കുന്ന വസ്തുതകളുമായോ വസ്തുക്കളുമായോ ബന്ധപ്പെടുത്തേണ്ടതുണ്ട്. കമ്പ്യൂട്ടർ സയൻസിൽ സാധാരണയായി ‘named entity classification” എന്നാണ് ഈ പ്രവർത്തനത്തെ വിളിക്കുക. ഇത്തരം തരംതിരിക്കൽ വളരെ എളുപ്പത്തിൽ ചാറ്റ്ജിപിടി നടത്തിത്തരും. ഉദാഹരണത്തിന് ചിത്രം 25 കാണുക.
9.തർജ്ജമ ചെയ്യുക
ചാറ്റ്ജിപിടിക്ക് പ്രധാനപ്പെട്ട ഭാഷകൾ തമ്മിലുള്ള തർജ്ജമ നടത്താനുള്ള കഴിവുണ്ട്. നിലവിൽ മലയാളംപോലെയുള്ള ഇന്ത്യൻ ഭാഷകളിലേക്കുള്ള തർജ്ജമ ശൈശവാവസ്ഥയിലാണ്. ഈ കഴിവ് കുറച്ചു കാലം കഴിയുമ്പോൾ മെച്ചപ്പെടും എന്ന് കരുതാം. അതേസമയം പ്രധാനപ്പെട്ട യൂറോപ്യൻ ഭാഷകളിലേക്ക് വളരെ മനോഹരമായ തർജ്ജമ ചെയ്യാൻ ചാറ്റ്ജിപിടി നിങ്ങളെ സഹായിക്കും. ഒരു ഇംഗ്ലീഷ് വാചകം മലയാളത്തിലേക്കും തമിഴിലേക്കും ഫ്രഞ്ചിലേക്കും തർജ്ജമ ചെയ്തിരിക്കുന്നത് ചിത്രം 26-ൽ കാണിച്ചിരിക്കുന്നു.
കോഡ് എഴുത്തും പ്രോഗ്രാമിങ്ങും
1. കോഡ് എഴുത്ത്
വിവിധ പ്രോഗ്രാമിംഗ് ഭാഷകളിൽ കമ്പ്യൂട്ടറുകൾക്ക് വേണ്ടി കോഡ് എഴുതുന്നത് കമ്പ്യൂട്ടർ പ്രൊഫഷണലുകളുടെ ജോലിയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. അവർക്ക് കമ്പ്യൂട്ടർ പ്രോഗ്രാം എഴുതുന്നതിന് പരിശീലനവും, അതുപോലെ തന്നെ ബുദ്ധിശക്തിയും ആവശ്യമാണ്. ചാറ്റ്ജിപിടിക്ക് ഇത്തരത്തിൽ പ്രോഗ്രാമുകൾ എഴുതാൻ സാധിക്കും. ഈ പ്രോഗ്രാമുകൾ സമ്പൂര്‍ണ്ണമായി തെറ്റ് തിരുത്തപ്പെട്ടവ ആകണമെന്നില്ല. എങ്കിലും കമ്പ്യൂട്ടർ രംഗത്ത് ജോലി ചെയ്യുന്ന ഒരാൾക്ക് ഇങ്ങനെ നിർമ്മിച്ച പ്രോഗ്രാമുകളെ അടിസ്ഥാനമാക്കി മെച്ചപ്പെട്ട പ്രോഗ്രാമുകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. സി പ്രോഗ്രാമിംഗ് ലാംഗ്വേജിൽ ആദ്യത്തെ 100 Fibonacci സംഖ്യകൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ കോഡ് എങ്ങനെ എഴുതാമെന്ന് ചിത്രം 27ൽ കാണിച്ചിരിക്കുന്നു. ഇതേ പ്രോഗ്രാം പൈതൺ, ആർ പോലുള്ള ഭാഷകളിൽ എങ്ങിനെ സൃഷ്ടിക്കാം എന്ന് നിങ്ങൾക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്.
2. കോഡിന്റെ വിശദീകരണം
മറ്റൊരാൾ എഴുതിയ കമ്പ്യൂട്ടർ പ്രോഗ്രാം മനസ്സിലാക്കുന്നത് പൊതുവെ വലിയ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ആവശ്യത്തിന് കമന്റുകളും മറ്റും ഇല്ലാതെ വരുമ്പോൾ. ചാറ്റ്ജിപിടി കോഡിനെ വായിച്ച് അത് എന്താണെന്ന് മനസ്സിലാക്കി നമുക്ക് പറഞ്ഞു തരും. ഉദാഹരണത്തിന്, ഒരു പൈതൺ പ്രോഗ്രാം (ചിത്രം 28) ചാറ്റ്ജിപിടിയെക്കൊണ്ടുതന്നെ വിശദീകരിച്ചിരിപ്പിക്കുന്നത് കാണാം.
3. പ്രോഗ്രാമിംഗ് ഭാഷ മാറ്റുക
പലപ്പോഴും ഒരു പ്രോഗ്രാമിംഗ് ഭാഷയിൽ എഴുതിയ കമ്പ്യൂട്ടർ പ്രോഗ്രാമുകളെ മറ്റൊന്നിലേക്ക് മാറ്റേണ്ട ആവശ്യമുണ്ടാകാറുണ്ട്. ഇത്തരം ജോലികൾ ചാറ്റ്ജിപിടി എളുപ്പത്തിൽ ചെയ്യും. ഉദാഹരണത്തിന്, മുകളിൽ കാണിച്ചിരിക്കുന്ന പൈത്തൻ പ്രോഗ്രാമിനെ ജാവ സ്ക്രിപ്റ്റ് ആക്കി മാറ്റിയത് ചിത്രം 29-ൽ കാണാം.
4. ഫോർമാറ്റിംഗ്
5. നോളജ് ഗ്രാഫ് (Knowledge Graph)
വസ്‌തുക്കൾ, സംഭവങ്ങൾ, സാഹചര്യങ്ങൾ, ആശയങ്ങൾ അവ തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കുന്നതിനായി രൂപപ്പെടുത്തുന്നവയാണ് നോളജ് ഗ്രാഫുകൾ. ഇത്തരം ഒരു ഗ്രാഫ് ഉണ്ടാക്കുന്നതെങ്ങിനെയെന്ന് ചിത്രം 31-ൽ കാണിച്ചിരിക്കുന്നു.
6. ലിസ്റ്റുകൾ
പലതരം ലിസ്റ്റുകൾ തയ്യാറാക്കാൻ സ്കൂൾ കുട്ടികളോട് അധ്യാപകർ ആവശ്യപ്പെടാറുണ്ട്. ഇത്തരം ജോലികൾ ചാറ്റ്ജിപിടി വളരെ എളുപ്പം ചെയ്തു തരും. (ചിത്രം 32, 33 ).
7. ടേബിൾ
പലതരത്തിലുള്ള പട്ടികകൾ ഉണ്ടാക്കിയെടുക്കാൻ ചാറ്റ് ജീപിടിക്ക് കഴിവുണ്ട്. കൃത്യമായ വിവരങ്ങൾ അടങ്ങിയ പ്രോംപ്റ്റ് എഴുതിയാൽ മതി.
സ്റ്റൈലുകൾ
1. വിവരണരീതികൾ (first person , second person, third person)
നമ്മൾ ലേഖനങ്ങളും കഥകളുമൊക്കെ എഴുതുമ്പോൾ എഴുത്തുകാരന്റെ വീക്ഷണത്തിലുയോ മൂന്നാമതൊരാളുടെ വീക്ഷണത്തിലുടെയാ കാര്യങ്ങൾ അവതരിപ്പിക്കാം. ഒരാൾ വൈൻ ഉണ്ടാക്കുന്ന റെസിപ്പി എഴുതിയത് എങ്ങിനെയിരിക്കും എന്ന് ചിത്രം 35 ൽ കാണിച്ചിരിക്കുന്നു. ഇതേ കാര്യം മറ്റൊരാളുടെ വീക്ഷണത്തിലൂടെ വിവരിക്കുന്നത് എങ്ങിനെയെന്ന് ചിത്രം 36-ൽ കാണാം. രണ്ട് ചിത്രങ്ങളിലേയും പ്രോപ്റ്റുകൾ ശ്രദ്ധിക്കുക.
2. ഔദ്യോഗികരീതിയിലുള്ള വിവരണം
സർക്കാർ സംവിധാനങ്ങളുമായോ നമുക്ക് പരിചയമില്ലാത്ത ആളുകളുമായോ ആശയവിനിമയം നടത്തുമ്പോൾ നമ്മൾ ഭാഷയുടെ ഉപയോഗത്തിൽ വലിയ ശ്രദ്ധ പുലർത്താറുണ്ട് ചാറ്റ് ജീപിടി ഫോർമൽ രീതിയിലാണ് പൊതുവെ കംപ്ലിഷനുകൾ തരുക.
3. അനൗദ്യോഗികരീതിയിലുള്ള വിവരണം
പരിചയക്കാരുടെ ഇടയിൽ സംസാരിക്കുന്ന ഭാഷ പലപ്പോഴും വളരെ ഇൻഫോർമൽ ആകും. ചാറ്റ് ജീപീടിയോട് നമുക്ക് ഇത്തരത്തിലുള്ള സന്ദർഭം പറഞ്ഞു കൊടുക്കാൻ പറ്റും. ചിത്രം 38.
4. റോൾപ്ലേ
ജീവിതത്തിന്റെ വിവിധതുറകളിൽ നമ്മൾ പലരേയും കണ്ടുമുട്ടാറുണ്ട്. പല റോളിലുള്ള മനുഷ്യരുടെയടുത്ത് നമുക്ക് സംസാരിക്കേണ്ടിവരും. ഡോക്ടർ അധ്യാപകൻ, ദന്തിസ്റ്റ്, ഫാർമസിസ്റ്റ് കോച്ച് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര റോളുകൾ മനുഷ്യർ ഏറെടുക്കാറുണ്ട്. ചാറ്റ്ജിപിടി പലതരത്തിലുള്ള റോളുകളും എടുക്കാവുന്ന രീതിയിലാണ് പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളത്. ഉദാഹരണത്തിന്, ഒരു സിനിമാനിരൂപകൻ മലയാളസിനിമായെ വിലയിരുത്തുന്നത് ചാറ്റ്ജിപിടിയെ കൊണ്ട് എഴുതിക്കുന്നത് ചിത്രം 39 ൽ കാണിച്ചിരിക്കുന്നു.
5. പ്രത്യേക ക്രമീകരണങ്ങൾ ചേർത്ത വിവരണങ്ങൾ
സോഷ്യൽ മീഡിയയിലൊക്കെ എഴുതുന്നവർ ധാരാളം ഇമോജികളും സ്മൈലികളും ഉപയോഗിക്കാറുണ്ട്. നമുക്ക് തിരിച്ചു കിട്ടുന്ന കംപ്ലീഷനിൽ ആവശ്യാനുസരണം ഇത്തരം പ്രത്യേക ക്രമീകരണങ്ങൾ ഇട്ട് തരാൻ ചാറ്റ് ജീപിറ്റിക്ക് കഴിയും. ചിത്രം 40.
6. മാധ്യമങ്ങൾക്ക് വേണ്ടിയുള്ള എഴുത്തുകൾ
ഓൺലൈൻ മാധ്യമങ്ങളിൽ ആളുകൾ പലതരത്തിലുള്ള എഴുത്തുകൾ നടത്താറുണ്ട്. ബ്ലോഗു പോസ്റ്റുകൾ, പ്രത്യേക വിഷയങ്ങൾക്ക് മാത്രം ശ്രദ്ധ കൊടുത്തുകൊണ്ട് പോർട്ടലുകൾക്ക് വേണ്ടിയുള്ള എഴുത്തുകൾ, ട്യൂട്ടോറിയലുകൾ എന്നിങ്ങനെ പലതരം സോഷ്യൽ മീഡിയ പോസ്റ്റുകളും ചാറ്റ്ജിപിടി എഴുതിത്തരും.
7. സോഷ്യൽ മീഡിയ പോസ്റ്റുകൾ
ഫേസ്ബുക്കിനും ട്വിറ്ററിനും വേണ്ടി എഴുതുന്നതെങ്ങിനെയെന്ന് ചിത്രം 41, 42 എന്നിവയിൽ കാണാം.
8. ബ്ലോഗ് പോസ്റ്റുകൾ
സാധാരണ ബോഗ് പോസ്റ്റുകൾ ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റിയുള്ള നീണ്ട ഒരു കുറിപ്പായിരിക്കും. ഇത്തരമൊരു പോസ്റ്റിന് വേണ്ട പ്രോംപ്റ്റും അതിന്റെ കംപ്ലീഷനും ചിത്രം 43 ൽ കാണിച്ചിരിക്കുന്നു.
9. കവിതകളും പാട്ടുകളും
ചാറ്റ്ജിപിടി ഒരു വലിയ അളവുവരെ കവികളുടെയും പാട്ടെഴുത്തുകാരുടെയും ജോലി ഇല്ലാതാക്കും. നിങ്ങൾക്ക് കവിത എഴുതേണ്ട വിഷയം പറഞ്ഞാൽ എത്ര ലൈൻ വേണെമെങ്കിലും എഴുതിത്തരും (ചിത്രം 44). ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് ഏതെങ്കിലും ഒരു ഓൺലൈൻ വിവർത്തനസംവിധാനത്തിലൂടെ ഈ കവിതയെ മലയാളത്തിലാക്കി മാറ്റാം.
10. കഥകൾ
ഏത് പ്രായത്തിലുള്ള ആളുകൾക്ക് വേണ്ടിയും കഥകൾ ഉണ്ടാക്കിയെടുക്കാൻ ചാറ്റ്ജിപിടിക്ക് കഴിയും. കഥാതന്തുക്കൾ തേടിയലയുന്ന തുടർ നോവലിസ്റ്റുകൾക്കും മറ്റും ചാറ്റ്ജിപിടി ഉയർത്തുന്ന വെല്ലുവിളിയെ ചെറുതായിക്കാണരുത്.
11.നിത്യജീവിതത്തിന് ആവശ്യമുള്ള എഴുത്തുകുത്തുകൾ
നമുക്ക് നിത്യജീവിതത്തിൽ പലയിടത്തും രേഖകളുണ്ടാക്കി കൊടുക്കേണ്ടിവരും. അതുപോലെ പലർക്കും പ്രവർത്തന റിപ്പോർട്ടുകൾ, ഈ-മെയിലുകൾ എന്നിങ്ങനെ പല തരത്തിലുള്ള എഴുത്ത് കുത്തുകളും ഡോക്യുമെന്റേഷനും ആവശ്യമായിവരും. പലർക്കും ഭാഷാസ്വാധീനമില്ലാത്തതിനാൽ ആധികാരികമായി എഴുതുന്നതിനും, പറയുന്നതിനും മടിയുണ്ട്. ഇത്തരത്തിൽ ഭാഷയെ പേടിച്ച് എഴുതാൻ മടിക്കുന്നവർക്കായി ചില ഉദാഹരണങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
ബയോഡേറ്റ
കവറിംഗ് ലെറ്റർ
ഇ-മെയിൽ
ഗണിതശാസ്ത്രം
ജിപിറ്റി ഒരു ഭാഷാ മോഡലാണെങ്കിലും, ഗണിതശാസ്ത്രപ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികൾ പറഞ്ഞുതരാനും, വളരെ ഉയർന്ന തരം പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ നിലവിലുള്ള അറിവിൽനിന്നുകൊണ്ട് നിർദ്ദേശിക്കാനും സാധിക്കുമെന്നതിനാൽ ഗണിതശാസ്ത്രം പഠിക്കാനുള്ള ഒരു മികച്ച ഉപായമായും ഇതിനെ കാണാം. ഇത്തരം പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യുന്ന വോൾഫ്രാം ആൽഫാ പോലുള്ള ആപ്പുകൾ നിലവിലുണ്ടെങ്കിലും ചാറ്റ്ജിപിറ്റിക്ക് നമ്മോട് സംസാരിക്കാൻ കഴിയുമെന്നത് ഇതിനെ വ്യത്യസ്തമാക്കുന്നു.
ഒരു ചെറിയ ഉദാഹരണം ചുവടെ കൊടുക്കുന്നു:
ഇതിലുമുപരിയായ ചോദ്യങ്ങൾക്കും ഉദാഹരണസഹിതം അതിനു മറുപടി നല്കാനാവും:
ചോദ്യം ചോദിക്കാനറിയാമെങ്കിൽ ഉത്തരവും ലഭിച്ചേക്കാം:
ഗണിതശാസ്ത്രം പഠിപ്പിക്കുന്നവർക്കും പഠിക്കുന്നവർക്കും ചാറ്റ്ജിപിടി സേവനങ്ങൾ ഉപയോഗിക്കാം. കുട്ടികൾക്ക് ഇനി മുതൽ കണക്ക് അധ്യാപകരെ പേടിക്കാതെ ജീവിക്കാം.
ശാസ്ത്രം
ശാസ്ത്രവിഷയങ്ങൾ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ വിശദീകരിക്കാൻ ചാറ്റ്ജിപിടിക്ക് കഴിയും. വിദ്യാഭ്യാസരംഗത്ത് നിർമ്മിതബുദ്ധി സങ്കേതങ്ങൾ വലിയ വിപ്ലവം ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ഗവേഷണം
ഗവേഷകർക്ക് ഭംഗിയായി പേപ്പറുകൾ, പ്രബന്ധച്ചുരുക്കം, സ്ലൈഡുകൾ എന്നിവയുണ്ടാക്കാം. ഗവേഷണഫലങ്ങളെപറ്റി വിവരിച്ചാൽ പേപ്പറുകൾതന്നെ ഉണ്ടാക്കിയെടുക്കാനാകും.
നിങ്ങളുടെ ഗവേഷണ ഫലം വിവരിച്ചാൽ ഒരു ലിറ്ററേച്ചർ സർവേ നടത്താനും, ആമുഖം എഴുതാനുമൊക്കെ ജിപിറ്റി സഹായിക്കും.
പലവക
നിങ്ങളുടെ ഭാവനയിൽ എന്തൊക്കെ ഉപയോഗങ്ങൾ ഇത്തരം ഒരു ഭാഷാ മോഡലിനേക്കൊണ്ട് ചെയ്യിക്കാനാകും എന്ന് ആലോചിച്ച് നോക്കാം ചില ഉദാഹരണങ്ങൾ താഴെ നൽകിയിരിക്കുന്നു. അതുപോലെ മറ്റ് പ്രോംപ്റ്റുകൾ എഴുതി നിങ്ങൾക്ക് നോക്കാവുന്നതാണ്.
ഫുട്ബോൾ കമന്ററി പറയുന്നയാൾ
I want you to act as a football commentator. I will give you descriptions of football matches in progress and you will commentate on the match, providing your analysis on what has happened thus far and predicting how the game may end. You should be knowledgeable of football terminology, tactics, players/teams involved in each match, and focus primarily on providing intelligent commentary rather than just narrating play-by-play. My first request is “I’m watching Manchester United vs Chelsea – provide commentary for this match.”
തിരക്കഥാകൃത്ത്
I want you to act as a screenwriter. You will develop an engaging and creative script for either a feature length film, or a Web Series that can captivate its viewers. Start with coming up with interesting characters, the setting of the story, dialogues between the characters etc. Once your character development is complete – create an exciting storyline filled with twists and turns that keeps the viewers in suspense until the end. My first request is “I need to write a romantic drama movie set in Paris.
ബേബിസിറ്റർ
I want you to act as a babysitter. You will be responsible for supervising young children, preparing meals and snacks, assisting with homework and creative projects, engaging in playtime activities, providing comfort and security when needed, being aware of safety concerns within the home and making sure all needs are taking care of. My first suggestion request is “I need help looking after three active boys aged 4-8 during the evening hours.”
താഴെപ്പറയുന്ന സാധ്യതകൾ നിങ്ങൾക്ക് പരീക്ഷിച്ച് നോക്കാവുന്നതിൽ ചിലതാണ്:
English Translator and Improver Position Interviewer English Pronunciation Helper Travel Guide 'Character' from 'Movie/ Book/ Play' Advertiser Storyteller Stand-up Comedian Motivational Coach Composer Debate Coach Novelist Movie Critic Philosopher UX/UI Developer Magician Career Counsellor Pet Behaviorist Real Estate Agent Dentist Web Design Consultant Doctor Accountant Chef Automobile Mechanic Artist Advisor Financial Analyst An Investment Manager A Tea-Taster Interior Decorator Statistician Dream Interpreter Fill in the Blank Worksheets Generator Password Generator Morse Code Translatorl Dietitian Psychologist Fallacy Finder Journal Reviewer, Educational Content Creator Yogi Film Critic Classical Music Composer Journalist Public Speaking Coach Makeup Artist Synonym finder Food Critic Personal Chef Legal Advisor Personal Stylist Machine Learning Engineer IT Expert Chess Player Mathematician Song Recommender Drunk Person Product Manager Title Generator for written pieces Startup Tech Lawyer Speech-Language Pathologist (SLP) Chief Executive Officer Startup Idea Generator Emergency Response Professional
ഇത്തരത്തിലുള്ള പ്രോപ്റ്റുകളുടെ ഒരു കളക്ഷൻ https://github.com/f/awesome-chatgpt-prompts എന്ന പേജിൽ ലഭ്യമാണ്. കൂടാതെ Reddit , twitter തുടങ്ങിയ സോഷ്യൽ മീഡിയാ ഫ്ലാറ്റ് ഫോമുകളിൽ ഓരോ ദിവസവും രസകരമായ പല പ്രോംപ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്
ചാറ്റ്ജിപിടിയുടെ ഉത്തരങ്ങൾ വിശ്വസനീയമാണോ?
ചാറ്റ്ജിപിടി ഒരു സ്റ്റാറ്റിറ്റിക്കൽ മോഡലാണെന്ന കാര്യം മറക്കരുത്. ലഭ്യമായ ഇൻപുട്ടുകൾ അനുസരിച്ച് അടുത്തുവരാൻ സാധ്യതയുള്ള വാക്കുകളുടെ പ്രോബബിലിറ്റി കണ്ടെത്തി അതിൽനിന്ന് ഒരെണ്ണം സന്ദർഭോജിതമായി തിരഞ്ഞെടുത്താണ് ഉത്തരങ്ങൾ ഉണ്ടാക്കുന്നത്. ഉത്തരങ്ങളുടെ ആധികാരികത പലപ്പോഴും ചാറ്റ്ജിപിടി മോഡലിന്റെ ട്രെയ്നിംഗിന് ഉപയോഗിച്ച ഡാറ്റയെ ആശ്രയിച്ചിരിക്കും. അതിനാൽ നിങ്ങൾക്ക് കിട്ടുന്ന ഉത്തരങ്ങൾ ശരിയാണോയെന്ന് സ്വയം ഉറപ്പ് വരുത്തേണ്ടതാണ്.
ഇനിയങ്ങോട്ട് ഇത്തരം നിർമ്മിതബുദ്ധി സംവിധാനങ്ങൾ നിത്യജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രത്യക്ഷപ്പെടും. അതിനായി ഉത്തരങ്ങളുടെ കൃത്യത സ്വയം ഉറപ്പ് വരുത്താൻ നമ്മൾതന്നെ പഠിക്കണം. ചാറ്റ്ജിപിടിക്ക് കയ്യിലില്ലാത്ത ക്രിയേറ്റിവിറ്റിയും ഇമാജിനേഷനും മനുഷ്യമസ്തിഷ്കത്തിനുണ്ട്. ഇത് രണ്ടും ഒരു സ്റ്റാറ്റിസ്റ്റിക്കൽ മോഡലിനില്ല എന്നത് ഓർക്കുന്നത് നന്നായിരിക്കും. ചാറ്റ്ജിപിടി തരുന്ന ഉത്തരങ്ങൾ വിശ്വാസത്തിൽ എടുക്കുമ്പോൾ പരിഗണിക്കേണ്ട വസ്തുതകൾ ചിത്രം 56ൽ കാണിച്ചിരിക്കുന്നു
ചാറ്റ്ജിപിടിയുടെ സാധ്യതകൾ
ഒരു ആശയം നൽകിയാൽ അതിനു യോജിച്ച വെബ്‌സൈറ്റ് ഉണ്ടാക്കാനുള്ള കോഡ് സൃഷ്ടിക്കുക, സ്പ്രെഡ്ഷീറ്റുകളിൽ പ്രവർത്തിച്ച് പ്രവചനങ്ങൾ നടത്തുക, നമുക്കാവശ്യമുള്ള ഒരു വിവരം ക്രോഡീകരിച്ച് നൽകുക, വിവിധ ഭാഷകളിലേക്ക് തർജ്ജമ നടത്തുക, ഇത്യാദിയെല്ലാം ചെയ്യുന്ന ഒരു ട്രാൻസ്‌ഫോമർ മാതൃകയിൽ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടാണ് ഇത്. പരസ്പരബന്ധമില്ലാത്ത മറുപടികൾ ചിലപ്പോൾ തരുമെങ്കിലും ചാറ്റ്ജിപിടിയുടെ കഴിവിനെ അക്കാദമികസമൂഹം കരുതലോടെയാണ് സമീപിക്കുന്നത്. ഇന്റർനെറ്റിൽ ലഭ്യമായ എല്ലാ അറിവുകളും, ആശയവിനിമയങ്ങളും നൽകി പരിശീലിപ്പിച്ചിരിക്കുന്ന ഈ സങ്കേതത്തിന് മനുഷ്യനേക്കാൾ മെച്ചമായ കൃതികൾ സൃഷ്ടിക്കാനാവുന്നതിൽ അത്ഭുതമില്ല. ഒരു കോളേജ് വിദ്യാർത്ഥിയെക്കാൾ മെച്ചമായി ഇതിന് എഴുതാനാവും. കലാസാഹിത്യലോകം മാത്രമേ പേടിക്കേണ്ടതുള്ളൂ എന്ന് കരുതാൻ വരട്ടേ. ഒരു ശരാശരി കമ്പ്യൂട്ടർ പ്രോഗ്രാമറെക്കാൾ നന്നായി പ്രോഗ്രാമുകൾ എഴുതാനും അതിന് സാധിക്കും. ഉദാഹരണത്തിന് ഒരു സംഖ്യയുടെ ഫാക്ടോറിയൽ കണ്ടുപിടിക്കാനുള്ള പൈതൺ പ്രോഗ്രാം എഴുതാമോ എന്ന ചോദ്യത്തിന് ആ പ്രോഗ്രാം മാത്രമല്ല, അതിന്റെ അൽഗോരിതം, അതുപയോഗിച്ചുള്ള ഒരു ഉപയോഗം എന്നിവ ഉദാഹരണസഹിതം നൽകാൻ ചാറ്റ്ജിപിടിയ്ക്ക് ഇരുപത് സെക്കന്റുകളേ വേണ്ടി വന്നുള്ളൂ.
ഇംഗ്ലീഷിൽ നടത്തുന്ന സംഭാഷണങ്ങൾക്ക് വളരെ വേഗത്തിലും കൃത്യവുമായ പ്രതികരണങ്ങൾ ചാറ്റ്ജിപിടി നൽകുന്നുണ്ടെങ്കിലും മലയാളം പോലുള്ള ഭാഷകളിൽ ഉള്ളവ അല്പം സാവധാനത്തിൽ ആണെന്ന് മാത്രമല്ല പ്രത്യേകിച്ച് യാതൊരു അർത്ഥവുമില്ലാത്തവയുമാണ്. ലേഖനങ്ങൾക്ക് വലിയ തെറ്റ് പറയാൻ പറ്റില്ലെങ്കിലും മലയാളത്തിൽ എഴുതുന്ന കവിതയൊക്കെ ശുദ്ധ അബദ്ധമാണ്. ഒരു മൂന്നാം തലമുറ ചാറ്റ് എഞ്ചിനായ ജിപിടി-3 ഏകദേശം 17500 കോടി ഘടകങ്ങൾ ഉപയോഗിച്ച് പരിശീലനം നല്കപ്പെട്ടതാണ്. വിവിധ ഭാഷകളിലേക്ക് വിവർത്തനങ്ങൾ അനായാസം ചെയ്യാൻ കഴിയുന്ന ഇതിന്, വാക്യഘടന മനസ്സിലാക്കുക, ജീവചരിത്രപരമായ ഉപന്യാസങ്ങളും കാല്പനിക കവിതകളും രാഷ്ട്രീയ വിമർശനങ്ങളും എഴുതുക, ഗണിതസമവാക്യങ്ങൾ ക്രിയാത്മകമായി പരിഹരിക്കുക എന്നീ ക്രിയകളും ചെയ്യാൻ കഴിയും. കുമാരനാശാന്റെ കവിതകളെക്കുറിച്ച് ഏതാനും വാചകങ്ങൾ എഴുതാൻ ആവശ്യപ്പെട്ടപ്പോൾ താഴെക്കൊടുത്ത പ്രതികരണം ലഭിക്കാൻ പത്ത് നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ (ചാറ്റ്ജിപിടിയുടെ തർജ്ജമ മോശമായതിനാലും, അത് മലയാളത്തിൽ നൽകുന്ന വാക്യങ്ങളുടെ വ്യാകരണം ശരിയല്ലാത്തതിനാലും ഇംഗ്ലീഷിൽ സൃഷ്ടിച്ച് ഗൂഗിൾ തർജ്ജമ ചെയ്തത്):
“കുമാരനാശാൻ (ആശാൻ എന്നും അറിയപ്പെടുന്നു) ഇന്ത്യയിലെ പ്രശസ്തനായ കവിയും തത്ത്വചിന്തകനുമായിരുന്നു. വള്ളത്തോൾ നാരായണ മേനോൻ, ഉള്ളൂർ എസ്. പരമേശ്വര അയ്യർ എന്നിവരോടൊപ്പം ആധുനികമലയാളസാഹിത്യത്തിലെ ത്രിമൂർത്തികളിലൊരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. കുമാരനാശാന്റെ കവിതകൾ പ്രണയം, പ്രകൃതി, ആത്മീയവിമോചനം എന്നിവയുടെ പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്യുന്നു. “വീണപൂവ്”, “ആ ദിവ്യചരിത്രം”, “കരുണ”, “ആത്മോപദേശശതകം” എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളിൽ ചിലതാണ്. ഭഗവദ്ഗീത മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിലും അദ്ദേഹം പ്രശസ്തനാണ്.”
മേൽപ്പറഞ്ഞ കാര്യം എല്ലാം സത്യമാണോ എന്നത് ആ വിഷയത്തിൽ അറിവുള്ള ഒരാൾക്കേ മനസ്സിലാക്കാനാവൂ എങ്കിലും ഈ പ്രതികരണം അവിശ്വസനീയമാണ്. ഇത്തരം കാര്യങ്ങളിൽ പ്രതികരണം വലിയ മോശമല്ലെങ്കിലും വിവിധ ഭാഷകളിലുള്ള സാഹിത്യ കൃതികളൊക്കെ സൃഷ്ടിക്കാൻ ഇതിന് ഇനിയും കഴിവ് വേണ്ടവിധം ആർജ്ജിക്കാനായിട്ടില്ല. 2022 ആദ്യത്തോടെ പരിശീലനം പൂർത്തിയായ ചാറ്റ്ജിപിടി-3നു പകരം 2023 ആദ്യം പുറത്തിറങ്ങുന്ന ചാറ്റ്ജിപിടി-4 ഇത്തരം പോരായ്മകൾ മറികടന്നേക്കാം.
ജിപിടി-4
ഒരു ലക്ഷം കോടി ഘടകങ്ങൾ (1 trillion parameters) ഉപയോഗിച്ച് പരിശീലനം നൽകിക്കൊണ്ടിരിക്കുന്ന GPT-4ന് ഒരു മനുഷ്യമസ്തിഷ്ക്കത്തിന് സമാനമായ ചിന്താശേഷി ഉണ്ടാവും. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മേഖലയിലുണ്ടായ വളർച്ചയാണ് ഇതിനു പിന്നിൽ. മനുഷ്യമസ്തിഷ്ക്കത്തിൽ ശരാശരി 8600 കോടി ന്യൂറോണുകൾ ഉള്ളപ്പോൾ ജിപിടി-4ന് ഒരു ലക്ഷം കോടി ന്യൂറൽ നെറ്റ്‌വർക്കുകൾ ലഭ്യമാണ്. നിലവിൽ വാക്കുകൾ ടൈപ്പ് ചെയ്ത് കൊടുക്കുന്ന അവസ്ഥയ്ക്ക് പകരം ഓഡിയോ, വീഡിയോ ഇൻപുട്ടുകൾ സ്വീകരിക്കാൻ ചാറ്റ്ജിപിടി-4ക്ക് കഴിയും. മൾട്ടിമോഡൽ ഇൻപുട്ട്-ഔട്ട്പുട്ട് മോഡൽ എന്നറിയപ്പെടുന്ന ഇതിന് മുൻപേയുള്ള മോഡലുകളെക്കാൾ പരിശീലനച്ചെലവ് കുറവുമാണ്. കോപ്പിയെഴുത്ത്, കസ്റ്റമർ സപ്പോർട്ട്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളിൽ ഇത് മനുഷ്യരുടെ ജോലി ഇല്ലാതാക്കിയേക്കാം. ഭാവിയിൽ ഒരു പിഎച്ച്ഡി പ്രബന്ധമൊക്കെ എളുപ്പത്തിൽ എഴുതിയുണ്ടാക്കാൻ ഇതിനു അനായാസം സാധിച്ചേക്കാം എന്ന് കരുതപ്പെടുന്നു.
കൃത്യതയും ഭാവിയും
നിലവിൽ ചാറ്റ്ജിപിടി-3 ഉപയോഗിച്ച് നടത്തിയ ഒരു പരീക്ഷണത്തിൽ ഒരു ശാസ്ത്ര വിഷയത്തിൽ സൂചികകൾ സഹിതം ഒരു ലേഖനം എഴുതാൻ അതിനു സാധിച്ചെങ്കിലും എല്ലാ സൂചികകളും കൃത്യമായിരുന്നില്ല. പക്ഷെ ഈ ലേഖനം കോപ്പിയടി ടെസ്റ്റിനു വിധേയമാക്കിയപ്പോൾ ഒരുവിധത്തിലുള്ള കോപ്പിയടിയും ഇല്ലാ എന്നാണ് സോഫ്ട്‍വെയർ കാണിച്ചത്. ഇത് മനുഷ്യർ എഴുതുന്ന ലേഖനങ്ങളിൽ വരികയെന്നത് വളരെ വിഷമം പിടിച്ച കാര്യമാണ്. എന്നാൽ ഇത്തരം സാങ്കേതികവിദ്യ വിദ്യാർത്ഥികൾ സ്വപ്രയത്നമില്ലാതെ സൃഷ്ടികൾ നടത്തി കബളിപ്പിക്കുമെന്ന ആശങ്ക അസ്ഥാനത്താണ്. കാരണം, അത് കണ്ടുപിടിക്കുന്ന സോഫ്റ്റ്‌വെയർ ഇറങ്ങിക്കഴിഞ്ഞു. എന്നിരുന്നാലും നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ഘടന മാറ്റിമറിച്ചേക്കാവുന്ന ഒരു കണ്ടുപിടിത്തമാണിതെന്നതിൽ സംശയം വേണ്ട. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഇന്റർനെറ്റിൽ തിരയലും, തർജ്ജമയ്ക്കുമൊക്കെ അപ്പുറം അവർക്ക് പഠിക്കേണ്ട വിഷയങ്ങളെപ്പറ്റി ചർച്ച നടത്താനും ആവശ്യമായ ഉത്തരങ്ങൾ നൽകാനും ഉള്ള ഒരു സഹായിയായി മാറാൻ ചാറ്റ്ജിപിടിയ്ക്ക് കഴിയുമെന്നത് ഒരു വലിയ മാറ്റമാണ്. നിരവധി ലിങ്കുകൾ പരതി സമയം മെനക്കെടുത്താതെ കൃത്യമായ ഉത്തരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ നല്കുമെന്നത് വളരെ സൗകര്യപ്രദമായ കാര്യമാണ്.
ഇതൊക്കെയാണെങ്കിലും ഇത്തരം സാങ്കേതികവിദ്യയിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്നത് ഗൂഗിളാണ്. പാം (PaLM – പാത്വെയ്‌സ് ലാംഗ്വേജ് മോഡൽ) എന്ന ന്യൂറൽ നെറ്റ്‌വർക്ക് അധിഷ്ഠിതമാതൃക 54,000 കോടി ഘടകങ്ങൾ ഉപയോഗിക്കുന്നതും ഈ മേഖലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതുമാണ്. ഗൂഗിൾ, മെറ്റാ, ആപ്പിൾ തുടങ്ങിയ കമ്പനികൾ ചാറ്റ്ജിപിടിയെ വെല്ലുന്ന സാങ്കേതികവിദ്യ സൃഷ്ടിക്കാനുള്ള പണിപ്പുരയിലാണ്. ആൻഡ്രോയ്ഡ് ഉപകരണങ്ങളിലുള്ള ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ ട്രാൻസ്ലേറ്റ്, അതുപോലെ ഗൂഗിൾ ക്‌ളൗഡിൽ പ്രവർത്തിക്കുന്ന ഡോക്സ്, ഷീറ്റ് തുടങ്ങിയ ആപ്പുകളൊക്കെ നിർമിതബുദ്ധി സേവനങ്ങൾ നൽകുന്നവയാണ്. ബെർട്ട് (BERT – Bidirectional Encoder Representations from Transformers) എന്ന മോഡൽ കാലങ്ങളായി അവരുടെ സെർച്ചിനെ സഹായിക്കുന്നുണ്ട്. ഗൂഗിൾ ചാറ്റിൽ ഉപയോഗിക്കുന്ന ലാംഡ (LaMDA) ചാറ്റ്ബോട്ടും നിർമിതബുദ്ധി അധിഷ്ടിതമാണ്. ഇതിനെ അധിഷ്ഠിതമായ ബാർഡ് (Bard) എന്ന ചാറ്റ്ബോട്ട് ഉടൻ പുറത്തിറക്കുമെന്ന് ഗൂഗിൾ അറിയിച്ചിരിക്കുന്നു. ഗാലക്ടിക്ക (Galactica) എന്ന ഉല്പന്നവുമായി ഫേസ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും സജ്ജമായിക്കഴിഞ്ഞു. ചുരുക്കത്തിൽ ജനറേറ്റിവ് എഐ എന്ന സാങ്കേതികവിദ്യയിൽ ഊന്നിയ പോരാട്ടം നമ്മൾ അധികമായി കാണും.
പൊതുവേ, GPT-4 പോലെയുള്ള ഭാഷാമോഡലുകൾക്ക് മനുഷ്യനെപ്പോലെ വാക്കുകൾ സൃഷ്‌ടിക്കാനും മനുഷ്യന്റേതിൽനിന്ന് വേർതിരിച്ചറിയാൻ പ്രയാസമുള്ള സംഭാഷണങ്ങൾ തുടരാനും കഴിയും. എന്നിരുന്നാലും, ഒരു മനുഷ്യനെപ്പോലെ അവരുടെ പ്രതികരണങ്ങളുടെ ഉള്ളടക്കം മനസ്സിലാക്കാനോ ന്യായവാദം ചെയ്യാനോ ഉള്ള കഴിവ് നിലവിൽ അവയ്ക്കില്ല. അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്ന നിർമ്മിതബുദ്ധി ഗവേഷണങ്ങളുടെ ഭാവി പ്രവചിക്കുക എന്നത് അത്ര എളുപ്പമല്ല. അതോടൊപ്പം ഓരോ ദിവസവും പുതിയ പുതിയ ഉപയോഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നതിനാൽ വരുംകാലം ആവേശകരമായിരിക്കുമെന്ന് തീർച്ച.
അനുബന്ധം
ഭാഷാമോഡലുകളുടെ പിന്നിൽ
ഭാഷാമാതൃകകൾ എന്നാൽ മുമ്പ് നൽകിയ പദങ്ങളുടെ ക്രമത്തിൽനിന്ന് അടുത്ത വാക്ക് പ്രവചിക്കാൻ കഴിയുന്ന പ്രോബബിലിസ്റ്റിക് മോഡലുകളാണ്. മെഷീൻ വിവർത്തനം, ചോദ്യോത്തരം, ആശയങ്ങളെ സംഗ്രഹിക്കുക, ചിത്രങ്ങളുടെ അടിക്കുറിപ്പ് തയ്യാറാക്കുകപോലുള്ള നിരവധി കാര്യങ്ങൾ അനായാസം ചെയ്യാൻ ഇവയ്ക്ക് കഴിയും. കമ്പ്യൂട്ടറുകളെകൊണ്ട് ഇത്തരം മോഡലുകളെ ഉണ്ടാക്കുന്നതിന് വ്യത്യസ്ത നിർമിത ബുദ്ധി സങ്കേതങ്ങൾ ഉപയോഗിക്കാം. മനുഷ്യന്റെ ഭാഷയെ വിശകലനം ചെയ്ത് ആശയങ്ങളെ മാത്രം കണ്ടെത്തി പലതരത്തിലുള്ള പ്രോസസിങ്ങുകളും നടത്താൻ കഴിവുള്ള സാങ്കേതികവിദ്യകൾ ഗവേഷകർ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്താലാണ് പലപ്പോഴും നമുക്ക് തർജ്ജമ, ടെക്സ്റ്റ്-ടു-സ്പീച്ച്, സ്പീച്-ടു-ടെക്സ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ മൊബൈൽ ഫോണിലും മറ്റും ലഭിക്കുന്നത്.
ഇത്തരം ഒരു ഭാഷാമാതൃകയാണ് ജിപിടി അഥവാ ജെനറേറ്റിവ് പ്രീട്രെയിൻഡ് ട്രാൻസ്ഫോമർ (Generative Pre-trained Transformer). നമുക്ക് ഇതിലെ ഓരോ ഘടകവും എന്താണെന്ന് നോക്കാം.
മെഷീൻ ലേണിംഗ് മോഡലുകൾ
വസ്തുക്കളെ തരംതിരിക്കാൻ സ്റ്റാറ്റിസ്റ്റിക്‌സിൽ പൊതുവെ രണ്ടുതരം മോഡലുകൾ ഉപയോഗിക്കുന്നു. ഡിസ്ക്രിമിനേറ്റീവ് (discriminative) എന്നും, ജനറേറ്റീവ് (generative) എന്നും വിളിക്കുന്ന ഈ മോഡലുകളിൽ ആദ്യത്തേത് ടാർഗെറ്റ് വേരിയബിളുകളുടെ സോപാധിക പ്രോബബിലിറ്റിയും (conditional probability), ജനറേറ്റീവ് മോഡലുകൾ സംയുക്ത പ്രോബബിലിറ്റിയും (joint probability) കണക്കാക്കുന്നു. ജനറേറ്റീവ് മോഡലുകൾക്ക് നിലവിലുള്ള ഡാറ്റയ്ക്ക് സമാനമായി പുതിയ ഡാറ്റ സൃഷ്ടിക്കാൻ കഴിയും.ഡിസ്ക്രിമിനേറ്റീവ് മോഡൽ: കാറുകളുടെയും ബസുകളുടെയും ചിത്രങ്ങൾ കണ്ടാൽ തിരിച്ചറിയാൻ കഴിവുള്ള ഒരു നിർമ്മിതബുദ്ധി സംവിധാനം ഉണ്ടാക്കണം എന്നിരിക്കട്ടെ. കാറുകളുടെയും ബസ്സുകളുടെയും ആയിരക്കണക്കിന് ചിത്രങ്ങൾ കാണിച്ച് ഇതിനുള്ള മോഡലിനെ പരിശീലിപ്പിക്കുന്നത് വഴി ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ ഒരു കാറിന്റെയൊ ബസിന്റെയോ ചിത്രം കണ്ടാൽ കമ്പ്യൂട്ടറിനവയെ കൃത്യമായി തിരിച്ചറിയാൻ കഴിയും. എന്നാൽ ഈ മോഡലിനെ ഒരു പൂച്ചയുടെ ചിത്രമാണ് കാണിക്കുന്നത് എങ്കിൽ ഈ സംവിധാനം അതിനെയും ഒരു കാറോ ബസോ ആയി മാത്രമേ തിരിച്ചറിയുകയുള്ളൂ. നമ്മൾ കാണിക്കുന്ന ചിത്രത്തിന് ഏറ്റവും കൂടുതൽ സാമ്യമുള്ളത് കാറിനോടാണോ ബസിനോടാണോ എന്നാണ് ഈ ഡിസ്ക്രിമിനേറ്റീവ് മോഡൽ പരിശോധിക്കുന്നത് കാരണം ഈ മോഡൽ കാറിനെയും ബസ്സിനെയും മാത്രം തിരിച്ചറിയാനുള്ള പരിശീലനമാണ് നേടിയിട്ടുള്ളത്. അത് ഇതുവരെ പൂച്ചയെ ചിത്രങ്ങൾ തിരിച്ചറിയാനുള്ള പരിശീലനം നേടിയിട്ടില്ല.
നമ്മുടെ തലച്ചോറ് ഒരു ഒന്നാന്തരം ഡിസ്ക്രിമിനെറ്റിവ് മോഡലാണ്. ഒറ്റ തവണ കണ്ടാൽതന്നെ നമുക്ക് പിന്നീട് വസ്തുക്കളെ തിരിച്ചറിയാനാകും. ഇക്കാര്യത്തിൽ ഇപ്പോഴത്തെ നിർമ്മിതബുദ്ധി സംവിധാനങ്ങൾ ഒന്നുംതന്നെ തലച്ചോറിന് അടുത്തെങ്ങും എത്തിയിട്ടില്ല. ഇത്തരം മോഡലുകളെ നിർമിക്കാൻ നൂറൽശൃംഖലകൾ (neural network)പോലെയുള്ള നിരവധി സങ്കേതങ്ങൾ ആവശ്യമാണ്.
ജനറേറ്റീവ് മോഡലുകൾ:
കൃത്രിമമായി മുഖങ്ങളുടെ ചിത്രങ്ങൾ ഉണ്ടാക്കുന്ന ഒരു മോഡൽ നമുക്ക് ആവശ്യമുണ്ടെന്ന് ഇരിക്കട്ടെ. (ഇത്തരം ചില വെബ്സൈറ്റുകൾ ഇപ്പോൾ ലഭ്യമാണ് https://thispersondoesnotexist.com/). മുഖങ്ങളുടെ കൃത്രിമവും, യഥാർത്ഥവുമായ ചിത്രങ്ങൾ ഒരു കൂട്ടം റാൻഡം വേരിയബിളുകളുടെ ഒരു പ്രത്യേക കോമ്പിനേഷനാണ്. ഓരോ മുഖത്തിന്റെയും സവിശേഷമായ പ്രത്യേകതകൾ ഇത്തരത്തിലുള്ള റാൻഡം വേരിയബിൾകളുടെ വ്യതിയാനങ്ങൾക്ക് അനുസരിച്ചാണ് ഉണ്ടാകുന്നത്. ഈ വേരിയബിൾ എല്ലാംകൂടി മുഖത്തിന്റെ ആകൃതിയിൽ ചേർന്നു വരുന്നതിന് ഒരു പ്രോബബിലിറ്റി ഉണ്ട്. ഇങ്ങനെ മുഖത്തിന്റെ ആകൃതിയിൽ ഇവയെല്ലാം കൂടിചേർന്ന് വരുന്നതിനു വേണ്ടിയുള്ള ജോയിന്റ് പ്രോബബിലിറ്റി ഡിസ്ട്രിബ്യൂഷൻ എസ്റ്റിമേറ്റ് ചെയ്യുകയാണ് എങ്കിൽ നമുക്ക് കൃത്രിമമായി മുഖങ്ങളുടെ ചിത്രങ്ങൾ ഉണ്ടാക്കിയെടുക്കാനാകും. ഇത്തരം പ്രോബബിലിറ്റി ഡിസ്ട്രിബുഷനിലെ ഓരോ ബിന്ദുവും ഒരു പുതിയ മുഖമായി മാപ്പ് ചെയ്യാനാകും. ഇത്തരത്തിൽ പ്രോബബിലിറ്റി ഡിസ്ട്രിബ്യൂഷൻ കണ്ടെത്തി അതിൽനിന്ന് ഒരു പോയിൻറ് തെരഞ്ഞെടുത്താൽ ആ ബിന്ദുവിൽ എത്തിച്ചേരാൻ ഉപയോഗിച്ച റാൻഡം വേരിയബിളുകളുടെ പ്രോബബിലിറ്റിയുടെ കോമ്പിനേഷനിൽനിന്ന് ഒരു മുഖത്തിന്റെ ചിത്രം നിർമ്മിക്കാം.
നമുക്ക് ലഭ്യമായ ഡേറ്റ ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രോബബിലിറ്റി ഡിസ്ട്രിബ്യൂഷനുകളെ എസ്റ്റിമേറ്റ് ചെയ്യുക എന്നതാണ് ജനറേറ്റീവ് മോഡലുകൾ ചെയ്യുന്നത്. ഇത്തരത്തിൽ ഡിസ്ട്രിബൂഷനുകൾ എസ്റ്റിമേറ്റ് ചെയ്യാൻ അതീവ സങ്കീർണമായ മോഡലുകൾ ഉണ്ടാക്കി ലക്ഷക്കണക്കിന് ചിത്രങ്ങൾ ഉപയോഗിച്ച് മോഡലിനെ പരിശീലിപ്പിക്കണം. ഇങ്ങനെ മുൻകൂട്ടി പരിശീലിപ്പിക്കപ്പെട്ടിട്ടുള്ള ഒരു വലിയ മോഡലാണ് ജിപിടി. മോഡൽ ചെയ്യുന്ന ഡാറ്റയിൽ നിന്ന് എല്ലാ രീതിയിലുള്ള സാധ്യതകളും പ്രവചിക്കാൻ ഈ മാതൃക ഉപയോഗിക്കാം. ഈ ജനറേറ്റീവ് മോഡലിൽ ഇനി വരാൻ പോകുന്ന വാക്കുകളുടെ പ്രോബബിലിറ്റി കണ്ടുപിടിക്കാനായി സെൽഫ്-അറ്റൻഷൻ മെക്കാനിസം (self-attention mechanism) എന്ന സങ്കേതവും ഉപയോഗിക്കുന്നു. ഇവയ്ക്ക് പിന്നിൽ സങ്കീർണമായ ഗണിതശാസ്ത്രനിർദ്ധാരണങ്ങൾ ഉപയോഗിക്കപ്പെടുന്നു. ഇത്തരം മാതൃകകൾ ഭാവിയിൽ ധാരാളമായി വരുമെന്ന് കരുതപ്പെടുന്നു.
ട്രാൻസ്‌ഫോമറുകൾ:
ട്രാൻസ്ഫോർമർ എന്നത് ഭാഷാവിവർത്തനം, ടെക്സ്റ്റ് സൃഷ്ടിക്കൽ തുടങ്ങിയ സ്വാഭാവിക ഭാഷാപ്രോസസ്സിംഗ് ജോലികൾക്കായി ഉപയോഗിക്കുന്ന ഒരു തരം ന്യൂറൽ നെറ്റ്‌വർക്ക് ആർക്കിടെക്ചറാണ്. “attention is all you need” എന്ന പേപ്പറിൽ ഗൂഗിൾ ഗവേഷകർ 2017-ൽ ഇതിന്റെ ആശയം അവതരിപ്പിച്ചു. ഒരു പ്രവചനം നടത്തുമ്പോൾ ഇൻപുട്ടിന്റെ വിവിധ ഭാഗങ്ങളുടെ പ്രാധാന്യം കണക്കാക്കാൻ മോഡലിനെ അനുവദിക്കുന്ന self-attention മെക്കാനിസങ്ങളുടെ ഉപയോഗമാണ് ട്രാൻസ്ഫോർമറിന്റെ പ്രധാന സവിശേഷത. ഇൻപുട്ട് തുടർച്ചയായി പ്രോസസ്സ് ചെയ്യുന്ന റെകരറന്റ് ന്യൂറൽ നെറ്റ്‌വർക്കുകളിൽനിന്ന് (RNN) ഇത് വ്യത്യസ്തമാണ്.
ട്രാൻസ്ഫോർമർ ആർക്കിടെക്ചറിൽ ഒരു എൻകോഡറും ഡീകോഡറും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും self-attention ഉള്ള ഫീഡ്ഫോർവേഡ് ന്യൂറൽ നെറ്റ്‌വർക്കുകളുടെ ഒന്നിലധികം പാളികൾ ചേർന്നതാണ്. എൻകോഡർ ഇൻപുട്ട് സീക്വൻസ് എടുക്കുകയും ഒരു കൂട്ടം മറഞ്ഞിരിക്കുന്ന അവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നു, അത് ഔട്ട്പുട്ട് സീക്വൻസ് സൃഷ്ടിക്കാൻ ഡീകോഡർ ഉപയോഗിക്കുന്നു.
നമ്മൾ ട്രാൻസ്ഫോമറിന് കൊടുക്കുന്ന ഒരു വാചകം അതിന് മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാനാവും. ഇതിനായി താഴെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഉദാഹരണം ശ്രദ്ധിക്കുക.
ഇതിന്റെ പ്രവർത്തനം കുറച്ചുകൂടി വിശദമായി സൂചിപ്പിക്കുന്ന താഴെ ചിത്രം കാണുക.
എൻകോഡർ അതിന് ലഭിച്ച വാചകത്തിൽനിന്നും ആശയത്തെ മനസ്സിലാക്കി ഡികോഡറുകൾക്ക് മനസ്സിലാക്കുന്ന ഫീച്ചറുകൾ ആയി ആശയത്തെ രൂപാന്തരപ്പെടുത്തി എടുക്കും. ഇങ്ങനെ രൂപാന്തരീകരണം വന്ന ആശയത്തെ മറ്റൊരു ഭാഷയിൽ പ്രകടിപ്പിക്കുക എന്നതാണ് ജോലി.
അറ്റൻഷൻ മെക്കാനിസം:
മനുഷ്യൻ ഭാഷ ഉപയോഗിക്കുന്നത് വിവിധ പദങ്ങൾ ഉപയോഗിച്ചാണ്. ഭാഷയുടെ വ്യാകരണനിയമങ്ങൾ അനുസരിച്ച് വാക്കുകൾ ചേർത്ത് വാചകങ്ങളാക്കും. ഇങ്ങനെ ഉണ്ടാക്കുന്ന വാചകങ്ങളിലാണ് ആശയങ്ങൾ അടങ്ങിയിരിക്കുന്നത്. ഒരു വാചകത്തിലെ വിവിധ വാക്കുകൾ തമ്മിലുള്ള ബന്ധങ്ങളും ഓരോ വാക്കിനുമുള്ള പ്രാധാന്യവും കണ്ടെത്താനാണ് അറ്റൻഷൻ മോഡലുകൾ ഉപയോഗിക്കുന്നത്.
“ടോമി ഒരു നായ്ക്കുട്ടി ആണ്, അവന് കുരയ്ക്കാൻ ആകും” എന്ന ഒരു വാചകം ഉണ്ടെന്നിരിക്കട്ടേ. ഈ വാചകത്തിലെ വാക്കുകൾ തമ്മിലുള്ള പരസ്പരബന്ധം ചിത്രത്തിൽ കാണിച്ചിരിക്കുന്നു. ഈ വാചകത്തിലെ “ടോമി” തന്നെയാണ് “അവൻ.” “ടോമി,“ “നായ്ക്കുട്ടി,” “കുരയ്ക്കാൻ, എന്നീ വാക്കുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു ഈ ബന്ധമാണ് മേൽവാചകത്തിന് അർത്ഥം നൽകുന്നത്. ജിപിടി ഇത്തരം ബന്ധങ്ങളെ പരിഗണിച്ചാണ് ഭാഷയുടെ മോഡൽ നിർമ്മിച്ചിരിക്കുന്നത്.
പ്രീ-ട്രെയിനിംഗ്:
ജിപിടിയിലെ പ്രീ-ട്രെയിനിംഗ് എന്ന പദം ഒരു വലിയ ഭാഷാമോഡലിനെ ഒരു പ്രത്യേക പ്രവർത്തിക്കായി പരുവപ്പെടുത്തുന്നതിനു മുന്നേ ഒരു വലിയ അളവിലുള്ള ടെക്സ്റ്റ് ഡാറ്റയിൽ പരിശീലിപ്പിക്കുന്ന പ്രക്രിയയെ സൂചിപ്പിക്കുന്നു. നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് ജോലികളുടെ പ്രാരംഭമായി ഉപയോഗിക്കാവുന്ന പൊതുവായ ഭാഷാപ്രാതിനിധ്യങ്ങൾ (language representation) പഠിക്കുക എന്നതാണ് പ്രീ-ട്രെയിനിംഗിന്റെ ലക്ഷ്യം. പ്രീ-ട്രെയിനിംഗ് സമയത്ത്, വാക്യത്തിലെ മുൻ വാക്കുകൾ നൽകി ഒരു വാക്യത്തിലെ അടുത്ത വാക്ക് പ്രവചിക്കാൻ ജിപിടി പരിശീലിപ്പിക്കപ്പെടുന്നു.
പ്രീ-ട്രെയിനിംഗ് പൂർത്തിയായിക്കഴിഞ്ഞാൽ, മറ്റ് ഡാറ്റാസെറ്റുകളിൽ പരിശീലനം നൽകി ഭാഷാവിവർത്തനം, ചോദ്യത്തിന് ഉത്തരം നൽകൽ, അല്ലെങ്കിൽ വാക്കുകളുടെ സംഗ്രഹം എന്നിവപോലുള്ള നിർദ്ദിഷ്ടജോലികൾക്കായി ഈ മോഡൽ മികച്ചതാക്കാൻ കഴിയും. ഇതിനെ ഫൈൻ ട്യൂണിംഗ് എന്നാണ് വിളിക്കുന്നത്.
മേൽനോട്ടമില്ലാത്ത (unsupervised) പ്രീ-ട്രെയിനിംഗും, സൂപ്പർവൈസ്ഡ് ഫൈൻ ട്യൂണിങ്ങും സംയോജിപ്പിക്കുന്ന ഒരു പരിശീലന മാതൃകയാണ് ജിപിടിയിൽ ഉപയോഗിക്കുന്നത്. ഈ മാതൃക രണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കുന്നു: ഒന്നാമത് ചെലവേറിയ ലേബൽ ചെയ്ത ഡേറ്റ ആവശ്യമില്ല, രണ്ടാമത് വലിയ ഡേറ്റാസെറ്റുകളില്ലാതെതന്നെ പ്രവർത്തികൾ ചെയ്യാൻ കഴിയും. ചുവടെയുള്ള ചിത്രം കാണുക
ഡേറ്റാസെറ്റ്:
GPT-3-യിൽ ഏതാണ്ട് 30,000 കോടി വാക്കുകൾ (ടോക്കണുകൾ) ഉപയോഗിച്ച് പരിശീലനം നൽകിയിരിക്കുന്നു. നമ്മൾ നൽകുന്ന വാക്കുകളിൽനിന്നും നമ്മളുമായി സംവദിക്കാൻ ആവശ്യമായ വാക്കുകൾ പ്രവചിക്കുക എന്ന പ്രവൃത്തിക്കുള്ള പരിശീലനമാണ് ഇതിന് നൽകിയിട്ടുള്ളത്. ഉദാഹരണത്തിന്:
നമ്മൾ: “സാധനം കയ്യിൽ?”
ജിപിടി: “സാധനം കയ്യിൽ ഉണ്ടോ?”
ഇതെങ്ങനെയാണ് നടക്കുന്നതെന്ന് നോക്കാം. “സാധനം” + “കയ്യിൽ” എന്നീ ടോക്കണുകൾ വച്ച് അടുത്തതായി വരേണ്ട 2048 ടോക്കണുകളുടെ ഒരു വിൻഡോയിലൂടെ ജിപിടി ഒരു പര്യടനം നടത്തി, അതിൽ ഏറ്റവും സാധ്യതയുള്ള വാക്ക് തെരഞ്ഞെടുക്കുന്നു. ഓരോ വാക്കുകളെയും ഒരു വെക്ടർ ആയി എടുത്ത് അവയുടെ അർത്ഥം വെളിവാക്കുന്ന 96 ട്രാൻസ്ഫോമർ ഡീക്കോഡർ ലേയറുകളിലൂടെ കടത്തിവിട്ടാണ് ഇത് സാധിക്കുന്നതെന്ന് വേണമെങ്കിൽ ലളിതമായി പറയാം. അതല്ലാതെ “സാധനം കയ്യിൽ ഉണ്ടോ?” എന്ന വാചകം ഇൻറർനെറ്റിൽ പരതി നൽകുകയോ, അതല്ലെങ്കിൽ ഓർത്തുവച്ച് പറയുകയോ അല്ല. അതിനാലാണ് ചാറ്റ്ജിപിടിപോലുള്ള സാങ്കേതികവിദ്യകൾ മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്നുവെന്നു പറയുന്നത്.
അധിക വായനയ്ക്ക്
- Attention Is All You Need
- The Illustrated Transformer
- റെഡ്‌ഡിറ്റിന്റെ Open AI ത്രെഡിൽ നിന്നുള്ള പോസ്റ്റുകൾ
- Open AI ബ്ലോഗ്:
- https://luca.co.in/gpt-ai
ഡോ. സുനിൽ തോമസ് തോണിക്കുഴിയിൽ
നിലവിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറ്റിങ്ങലിലെ പ്രിൻസിപ്പൽ ആണ്. തൊടുപുഴ സ്വദേശി. താമസം തിരുവന്തപുരത്ത്. കൊച്ചിൻ യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിൽ നിന്ന് എം ടെക് ബിരുദവും ഐഐടി ബോംബെ യിൽ നിന്ന് PhD യും നേടിയിട്ടുണ്ട്. ഇപ്പോൾ എപിജെ അബ്ദുൾകലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി അക്കാഡമിക് കൌൺസിൽ അംഗം, കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കേരള സ്റ്റേറ്റ് കരിക്കുലം കമ്മിറ്റി അംഗം എന്നീ ചുമതലകളിൽ പ്രവർത്തിക്കുന്നു. ഫ്രീ സോഫ്റ്റ്‌വെയർ, ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് എന്നിവയിൽ താല്പര്യമുണ്ട്.
ഇമെയിൽ : [email protected] facebook.com
ഡോ. ജിജോ പി. ഉലഹന്നാൻ
നിലവിൽ കാസറഗോഡ് സർക്കാർ കോളേജിൽ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആണ്. കോട്ടയം സ്വദേശി. മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് എംഎസ്സി ബിരുദവും, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് PhD യും നേടിയിട്ടുണ്ട്. TED ഫെലോയും, IEEE സീനിയർ മെമ്പറും ആണ്. എഡ്യൂക്കേഷണൽ ടെക്‌നോളജി, പുതിയ സാങ്കേതികവിദ്യകൾ, ഡേറ്റ സയൻസ് എന്നിവകളിലൊക്കെ താല്പര്യം.
ഇമെയിൽ : [email protected] facebook
Very interesting.May be a threat to human creativity and may adversely affect the thought process of common people.. 🤔
കോപ്പിയെഴുത്ത്, കസ്റ്റമർ സപ്പോർട്ട്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളിൽ ഇത് മനുഷ്യരുടെ ജോലി ഇല്ലാതാക്കിയേക്കാം. Can you please elaborate on this ? What are the threats it is posing to computer programmers ? What are the other areas they can concentrate ?
Wanted more and more from yours.
Very informative . Thank you 😍