ഡോ.കെ.വി.തോമസ്
ചാകര എന്ന വാക്ക് മലയാളിക്ക് സുപരിചിതമാണ്. എന്താണ് ചാകര എന്ന പ്രതിഭാസം? പരക്കെയുള്ള നമ്മുടെ ധാരണ ചാകരസമയത്ത് കൂടുതൽ മത്സ്യം കിട്ടും എന്നതാണല്ലോ..ചാകരയെക്കുറിച്ച് വായിക്കാം.
എന്താണ് ചാകര ?
കായംകുളം പൊഴി മുതൽ വടക്കോട്ട് മംഗലാപുരം വരെയുള്ള തീരക്കടലിൽ ചില ഭാഗങ്ങളിൽ കാലവർഷക്കാലത്തു കാണപ്പെടുന്ന പ്രതിഭാസമാണ് ചാകര (mud bank). ചെളിയും വെള്ളവും കൂടിക്കലർന്ന് കട്ടികുറഞ്ഞ കുഴമ്പുരൂപത്തിൽ ഏതാണ്ട് 4-5 കി.മി. നീളത്തിൽ തീരത്തോടു ചേർന്നും 5-6 കി.മി. അർദ്ധചന്ദ്രാകൃതിയിൽ കടലിലേക്കു മായാണ് ചാകര വ്യാപിച്ചുകിടക്കുന്നത്. ചെളിനിറഞ്ഞ ഇത്തരം തീരക്കടൽ പ്രതിഭാസം തെക്കേ അമേരിക്കയിലും ചൈനയിലും വലിയ നദികളുടെ നദീമുഖങ്ങളോടു ചേർന്നുള്ള തീരക്കടലിൽ കാണാറുണ്ട്. അവിടെയൊക്കെ ഏതാണ്ട് സ്ഥിരമായി ഇതു കാണുന്നു. എന്നാൽ കേരളതീരത്ത് കാലവർഷക്കാലത്തു മാത്രമാണ് ചാകര വളരെ പ്രകടമായി പ്രത്യക്ഷപ്പെടുന്നത്. പൊതുവെ അതിരൂക്ഷമായി കാണേണ്ട കാലവർഷക്കടൽ ചാകരപ്രദേശത്ത് വളരെ ശാന്തമായി കാണുന്നു. അതേസമയം ചാകരപ്രദേശത്തിന്റെ അതിരുകളിൽ തിരമാലകൾ ക്രമേണ ശക്തിപ്രാപിച്ച് കാലവർഷക്കടലിന്റെ എല്ലാ രൂക്ഷതയോടുംകൂടി കരയിലേക്ക് ആഞ്ഞടിക്കുന്നതു കാണാം. കാലവർഷക്കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനയാനങ്ങൾ ഒരു തുറമുഖത്തെന്നപോലെ വളരെ സുരക്ഷിതമായി കടലിലേക്ക് ഇറക്കാനും പിടിച്ച മത്സ്യങ്ങളുമായി തീരത്തണയാനും ശാന്തമായ ഈ ചാകരപ്രദേശം സൗകര്യമൊരുക്കുന്നു. (ശാന്തകര – ചാകര)
ശാന്തമായ കടലിനെത്തേടി പല ഭാഗത്തുനിന്നും വരുന്ന നൂറുകണക്കിനു മത്സ്യത്തൊഴിലാളികളും അവരുടെ യാനങ്ങളും മത്സ്യക്കച്ചവടക്കാരും അനുബന്ധ കച്ചവടക്കാരും എല്ലാവരുംകൂടി ഒരുക്കുന്ന ആരവം ചാകരപ്രദേശത്തിന് ഒരു ഉത്സവച്ഛായ പകരുന്നു.
മത്സ്യബന്ധനം നടക്കുന്നത് ചാകരയ്ക്കുള്ളിലല്ല ചാകരയ്ക്കു പുറത്ത് പുറംകടലിലാണ്
കടലാക്രമണവും തീരശോഷണവും കാലവർഷക്കാലത്ത് പതിവാണല്ലോ. തീരത്തടിക്കുന്ന ശക്തമായ തിരകളാണ് ഇതിനു കാരണം. എന്നാൽ ചാകരയിലെ ചെളിനിറഞ്ഞ കുഴമ്പുവെള്ളത്തിലൂടെ സഞ്ചരിക്കുന്ന തിരകൾക്ക് ശക്തി ക്ഷയിക്കുന്നു. തീരക്കടൽ ശാന്തമായി കാണുന്നു. ചാകരപ്രദേശത്തും അവയുടെ മേൽധാരാഭാഗത്തും മണ്ണടിയുകയും വലിയതോതിൽ മണൽത്തീരം രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ ചാകരയുടെ കീഴ്ധാരാഭാഗത്ത് കടലാക്രമണവും തീരശോഷണവും നാശനഷ്ടവും രൂക്ഷമാകുന്നതായിട്ടാണ് കാണുന്നത്. തോട്ടപ്പള്ളി മുതൽ വടക്കോട്ട് കടലാക്രമണത്തിന്റെ സ്ഥാനവും രീതിയും തോതും നിർണയിക്കുന്നതിൽ ചാകരയ്ക്ക് ഒരു നിർണായക പങ്കുണ്ട്.
ചാകര എല്ലാ വർഷവും ഒരേസ്ഥലത്തുതന്നെ ഉണ്ടാകണമെന്നില്ല.
പണ്ട് ഉണ്ടായിക്കൊണ്ടിരുന്ന ചാകരകളിൽ ചിലത് ഇപ്പോൾ ഉണ്ടാകുന്നതായി കാണുന്നില്ല. ചാകരപ്രദേശങ്ങൾ എന്നറിയപ്പെട്ടിരുന്ന ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, ഞാറക്കൽ, എടവനക്കാട് തുടങ്ങി പലയിടത്തും ഇപ്പോൾ ചാകര ഉണ്ടാകുന്നതായി കാണുന്നില്ല. അതുപോലെ പുറക്കാട് ഉണ്ടായിക്കൊണ്ടിരുന്ന ചാകര ഇപ്പോൾ പുന്നപ്രയിലാണ് കാണുന്നത്. നാട്ടികയിലും വാടാനപ്പള്ളിയിലുമൊക്കെ ഉണ്ടായിക്കൊണ്ടിരുന്ന ചാകര ഇപ്പോൾ കാര-കയ്പമംഗലം ഭാഗത്താണ് ഉണ്ടാകുന്നത്. പുറക്കാട് ചാകര ഉണ്ടായിരുന്നപ്പോൾ അവിടെ വലിയതോതിൽ തീരസൃഷ്ടിയും പുന്നപ്രയിൽ തീരനഷ്ടവും സംഭവിച്ചിരുന്നു. എന്നാൽ ചാകര പുന്നപ്രഭാഗത്തായപ്പോൾ അവിടെ വലിയതോതിൽ തീരം വയ്ക്കുകയും പുറക്കാട് തീരശോഷണം സംഭവിക്കുകയും ചെയ്തു. കടലാക്രമണം തടയാൻ പുന്നപ്രയിൽ നിർമിച്ച കടൽഭിത്തി ഇപ്പോൾ കടൽത്തീരത്തുനിന്ന് വളരെ ഉള്ളിലേക്ക് മാറി കരയിലാണ് നിൽക്കുന്നത്. കയ്പമംഗലം-നാട്ടിക-വാടാനപ്പള്ളി ചാകരപ്രദേശത്തും കടലെടുത്തിടത്ത് കര വച്ചതും കരവച്ചിടത്ത് കടലെടുത്തതും കാണാവുന്നതാണ്. ചാകര പ്രത്യക്ഷപ്പെട്ടതിനുശേഷം പലപ്പോഴും വശങ്ങളിലേക്ക് വ്യാപിച്ച് വിസ്തൃതി കൂടാറുണ്ട്. ചിലപ്പോൾ വേർപെട്ട് മാറാറുമുണ്ട്. ചാകര ഒന്നായി ഏതെങ്കിലും വശത്തോട്ട് മാറുന്നതും അനുഭവപ്പെട്ടിട്ടുണ്ട്. ചാകരകൾ തമ്മിൽ പ്രാദേശികവ്യത്യാസങ്ങളുണ്ട്. ഏറ്റവും സാന്ദ്രതയുള്ള ചെളി കാണുന്നത് കൊയിലാണ്ടി ചാകരയിലാണ്. ഇപ്പോൾ ചാകര പ്രധാനമായും പ്രത്യക്ഷപ്പെടുന്നത് പുന്നപ്ര, ചെത്തി, ഓമനപ്പുഴ, കയ്പമംഗലം (കാര), ബ്ലാങ്ങാട് (ചാവക്കാട്), പരപ്പനങ്ങാടി, താനൂർ, കൊയിലാണ്ടി, അജാനൂർ തുടങ്ങിയ സ്ഥലങ്ങളിലാണ്. ചാകരയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും കേരളത്തിലെ ചാകരയെക്കുറിച്ച് ഇനിയും പലതും പഠിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിവിധ പഠനങ്ങൾ അടിസ്ഥാനമാക്കി വ്യത്യസ്തങ്ങളായ ആശയങ്ങളാണ് ചാകരയുടെ ഉല്പത്തിയെക്കുറിച്ചുപോലും പലരും മുന്നോട്ടുവച്ചിരിക്കുന്നത്. ചാകരയുടെ ചെളിത്തട്ട് സ്ഥിരമായിട്ടുള്ളതാണെന്നും കാലവർഷക്കാലത്തെ ശക്തമായ തിരകൾ ചാകരപ്രദേശത്തിന്റെ അടിത്തട്ടുമായി പ്രതിപ്രവർത്തിച്ച് അടിത്തട്ടിലെ ചെളിയെ ജലോപരിതലത്തിലേക്ക് തള്ളുകയും അവ ജലാശയത്തിൽ തങ്ങിനിൽക്കുകയും ചെയ്യുന്നു എന്ന ആശയമാണ് ചാകരോല്പത്തിയുമായി ഇപ്പോൾ പൊതുവെ അംഗീകരിക്കപ്പെട്ട ആശയം. സൂക്ഷ്മജലസസ്യങ്ങളുടെ സാന്നിധ്യം ചാകരപ്രദേശത്തെ ഫലസമൃദ്ധമാക്കുന്നു. വലിയ തോതിലുള്ള ജന്തുപ്ലവകങ്ങളുടെ സാന്നിധ്യം ചാകരയെ ജീവൻതുടിക്കുന്ന ഒരു ആവാസവ്യവസ്ഥയായി മാറ്റുന്നു. ചാകര ഉണ്ടാകുന്നതിനെക്കുറിച്ചും ഉണ്ടാകാതിരിക്കുന്നതിനെക്കുറിച്ചും തീരസന്തുലിതാവസ്ഥ നിലനിർത്തുന്നതിനെക്കുറിച്ചും ഇനിയും വളരെ അറിയാനുണ്ട്. നിരന്തരമായ പഠനങ്ങളിലൂടെയേ ഇതു സാധ്യമാകൂ.
വീഡിയോ കാണാം
അധികവായനയ്ക്ക്
- താളംതെറ്റുന്ന തീരക്കടലും തീരമേഖലയും വിശദമായ ലേഖനം വായിക്കാം
- Mud Banks of Kerala-Their Formation & Characteristics
- Impact of Mudbanks on Coastal Dynamics