
പണ്ട് ഒരു ഗാനവിമർശകൻ ‘ചക്കരപ്പന്തലിൽ തേൻമഴ ചൊരിയും’ എന്ന പാട്ടിനെപ്പറ്റി, ‘ശർക്കര കൊണ്ടു പന്തലിടാൻ പറ്റുമോ?’ ഇനി അങ്ങനെ ഇടണം എങ്കിൽ എത്ര കിലോ ശർക്കര വേണ്ടി വരും എന്ന് ചോദിച്ച് പരിഹസിച്ചതായി ഒരു കഥയുണ്ട്. ദയവായി ആ ഗണത്തിൽ ഈ കുറിപ്പിനെ പെടുത്തരുത്. പ്രിയപ്പെട്ട ഒരു പാട്ടിനെ കീറിമുറിച്ച് വിമർശിക്കാനല്ല, മറിച്ച് അതിലെ ഒരു വാക്ക് നമ്മളെ കൊണ്ടുപോയ ചില കൗതുകകരമായ വഴികളെക്കുറിച്ച് പറയാനാണ് ഈ ശ്രമം.
1983-ൽ പുറത്തിറങ്ങിയ ‘എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിലൂടെയാണ് ദേവദാരു പൂത്തു എന്ന ആ അനശ്വരഗാനം നമ്മുടെയെല്ലാം ഹൃദയത്തിലേക്ക് ഒഴുകിയെത്തിയത്. ചുനക്കര രാമൻകുട്ടിയുടെ വരികൾക്ക് ശ്യാം ഈണം പകർന്ന്, കെ.ജെ. യേശുദാസിൻ്റെ ശബ്ദത്തിൽ അനശ്വരമായപ്പോൾ, “ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ” എന്നത് കാലത്തെ അതിജീവിച്ച ക്ലാസിക്കായി മാറി.
മലയാളികൾ ഏറ്റുപാടിയ ആ ഗാനം ഒരു മരത്തെയും അതിന്റെ സാങ്കൽപ്പിക പുഷ്പങ്ങളെയും അത്രമേൽ പ്രിയപ്പെട്ടതാക്കി. എന്നാൽ ആ പാട്ടിലെ ദേവദാരുവിനെക്കുറിച്ച് ഒരല്പം കൗതുകത്തോടെ ചിന്തിച്ചാലോ?

സസ്യശാസ്ത്രപരമായി, യഥാർത്ഥ ദേവദാരു എന്നത് സെഡ്രസ് ഡിയോഡറ (Cedrus deodara) എന്ന ഹിമാലയൻ സ്വദേശിയാണ്. ഈ മരം ഒരു ജിംനോസ്പേം (Gymnosperm) ആണ്. അതായത്, സാധാരണ മരങ്ങളിലെ പോലെ ഭംഗിയുള്ള പൂക്കൾ അതിനില്ല, പകരം കോണുകളാണ് (Cones) ഉണ്ടാകുന്നത്.

സെഡ്രസ് ഡിയോഡറ (Cedrus deodara) എന്ന ശാസ്ത്രീയനാമത്തിന് യൂറോപ്യൻ, ഭാരതീയ ഭാഷാ പാരമ്പര്യങ്ങളുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ഇതിലെ ആദ്യ പദമായ സെഡ്രസ്, സുഗന്ധമുള്ള സൂചിമരങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പുരാതന ഗ്രീക്ക് വാക്കായ കേഡ്രോസിൽ (kédros) നിന്ന് ഉരുത്തിരിഞ്ഞ ലാറ്റിൻ പദമാണ്.

ഡിയോഡറ വരുന്നത് സംസ്കൃതത്തിൽ നിന്നാണ്. ‘ദേവ’ (ദൈവം), ‘ദാരൂ’ (മരം/തടി) എന്നീ രണ്ട് വാക്കുകൾ ചേർന്നാണ് ‘ദേവദാരു’ എന്ന വാക്കുണ്ടായത്. അതിനാൽ, ‘ദേവന്മാരുടെ മരം’ അഥവാ ‘ദിവ്യവൃക്ഷം’ എന്നാണ് ഈ വാക്കിന്റെ അർത്ഥം. , ഈ മരത്തിന്റെ ശാസ്ത്രീയനാമം അതിൻ്റെ യൂറോപ്യൻ വർഗ്ഗീകരണത്തെയും ഹിമാലയത്തിലെ പവിത്രമായ സ്ഥാനത്തെയും ഒരേസമയം പ്രതിഫലിപ്പിക്കുന്നു.

അപ്പോൾ ഹിമാലയത്തിൽ കാണുന്ന, പൂവില്ലാത്ത, പൂക്കാത്ത ഒരു മരം എങ്ങനെ നമ്മുടെ പാട്ടിൽ പൂത്തു ഇവിടെയാണ് ചുനക്കര രാമൻകുട്ടി എന്ന ഗാനരചയിതാവിന്റെ പ്രതിഭ. “എൻ മനസ്സിൻ താഴ്‌വരയിൽ” എന്ന് അദ്ദേഹം എഴുതിയതോടെ എല്ലാ ചോദ്യങ്ങളും അപ്രസക്തമായി. ഭാവനയുടെ ലോകത്ത്, മനസ്സിന്റെ ഉള്ളിൽ സംഭവിക്കാൻ പാടില്ലാത്തതായി എന്തുണ്ട്? ഹിമാലയത്തിലെ മരം ഒരു ഗാനം കേൾക്കുന്നയാളുടെ ഉള്ളിൽ പൂക്കുന്നതിലും മനോഹരമായ കാവ്യനീതി വേറെയെന്തുണ്ട്?
അതേസമയം, ഇതിന് മറ്റൊരു യാഥാർത്ഥ്യത്തിന്റെ തലവുമുണ്ട്. നമ്മുടെ നാട്ടിൽ ‘ദേവദാരു’ എന്ന പേരിൽ അറിയപ്പെടുന്നത് പലതരം മരങ്ങളാണ്.

വെള്ളകിൽ (Dysoxylum malabaricum), കാര/ എലിച്ചുഴി (Diospyros buxifolia), Osmoxylon annulare തുടങ്ങി ശാസ്ത്രീയമായി ഒരു പരസ്പര ബന്ധവുമില്ലാത്ത പല മരങ്ങളെയും പ്രാദേശികമായി ദേവദാരു എന്ന് വിളിക്കാറുണ്ട്. രസകരമായ കാര്യം, ഇവയിൽ പലതും മനോഹരമായി പൂക്കുന്നവയാണ്. ഒരുപക്ഷേ കവിയുടെ ഭാവനയെ പ്രചോദിപ്പിച്ചത് നമ്മുടെ നാട്ടിൽ പൂത്തുനിൽക്കുന്ന ഈ ദേവദാരുക്കളിൽ ഒന്നാവാം.

സസ്യങ്ങളുടെ പ്രാദേശിക നാമങ്ങളിൽ (common names) നിലനിൽക്കുന്ന ഈ അവ്യക്തത കൗതുകകരമാണ്. ദേവദാരു എന്ന ഒരൊറ്റ പേരിൽ, ഒരു ബന്ധവുമില്ലാത്ത പലതരം മരങ്ങൾ അറിയപ്പെടുന്നു. ശാസ്ത്രീയനാമങ്ങൾക്ക് (botanical names) പ്രസക്തിയേറുന്നത് ഇവിടെയാണ്. എങ്കിലും, ഒരു പേരിന് പിന്നിലെ ഈ സാംസ്കാരികവും പ്രാദേശികവുമായ വൈവിധ്യം കൗതുകകരമാണ്. ആ പാട്ടിലെ ദേവദാരു ഏതുമാകട്ടെ, ചുനക്കരയുടെ വരികളിൽ ശ്യാം സംഗീതം നൽകി യേശുദാസ് ജീവൻ നൽകിയ ആ ഗാനം നമ്മുടെയെല്ലാം ഉള്ളിൽ ഒരു വസന്തം തീർത്തു. ആ അനുഭൂതിയാണ് പ്രധാനം, അതുതന്നെയാണ് ആ ഗാനത്തിന്റെ വിജയവും.
യഥാർത്ഥ ഹിമാലയൻ ദേവദാരുവിനെ നേരിൽ കാണാൻ ആഗ്രഹമുണ്ടോ? അതിന് ഹിമാലയം വരെ പോകണമെന്നില്ല. ഊട്ടി പോലുള്ള തണുപ്പുള്ള സ്ഥലങ്ങളിൽ ഇത് നട്ടുവളർത്താറുണ്ട്. ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ നടുവിലെ കഫറ്റീരിയക്ക് തണലേകി നിൽക്കുന്ന കൂറ്റൻ ദേവദാരുമരം ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
മറ്റു ലേഖനങ്ങൾ



സസ്യജാലകം
നാട്ടുചെടികളെപ്പറ്റി ചെറുകുറിപ്പുകൾ