ഹരിത ഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിൽ കൃഷിയുടെ പങ്ക് എത്രയാണ്?
ഏറ്റവും പുതിയ കണക്ക് പ്രകാരം ഭാരതത്തിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിൽ കൃഷി, കന്നുകാലി വളർത്തൽ, ഭൂവിനിയോഗം എന്നിവയുടെ എല്ലാം കൂടി പങ്ക് 14 ശതമാനം മാത്രമാണ്! ഇന്ത്യയിൽ ഊർജോൽപ്പാദനമാണ് GHGs (green house gases)കാര്യത്തിൽ ഒന്നാം സ്ഥാനത്ത് ( 44%). മറ്റുള്ളവ, നിർമ്മാണ മേഖല-18%, ഗതാഗതം-13%, വ്യാവസായിക പ്രക്രിയകൾ-8%, മാലിന്യം- 3% എന്നിങ്ങനെയാണ്!
ഇന്ത്യയിൽ കൃഷി എന്ന വിശാല മേഖലയുടെ 14 ശതമാനം ഹരിത ഗൃഹവാതകങ്ങൾ ഇനി പറയുന്ന രീതിയിലാണ് വരുന്നത്. കന്നുകാലി വളർത്തൽ- 55%, നെൽകൃഷി- 17%, മണ്ണിൽ നിന്നുള്ള നൈട്രസ് ഓക്‌സൈഡ്-19%, ജൈവ വളങ്ങൾ-7 %, വിളാവശിഷ്ടങ്ങളുടെ( വൈക്കോൽ) കത്തിക്കൽ- 2% എന്നീ പ്രകാരമാണ്.
കൃഷി, കന്നുകാലി വളർത്തൽ മേഖലയുടെ GHGs കുറക്കുന്നതിന് വിദഗ്ധർ ശുപാർശ ചെയ്യുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്.
- മെച്ചപ്പെട്ട കന്നുകാലി വളർത്തലും തീറ്റക്രമവും
- നെൽകൃഷിയിൽ പറിച്ചു നടിലീന് പകരം നേരിട്ടുള്ള വിത
- വെള്ളം തുടർച്ചയായി കെട്ടി നിർത്താതെ ഇടക്കിടെയുള്ള നീർവാർച്ച
- വിളാവശിഷ്ടങ്ങൾ കത്തിക്കുന്നത് നിർത്തുക
- ജൈവ വളങ്ങളുടെയും നൈട്രജൻ വളങ്ങളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുക
കാലാവസ്ഥാനുസൃത കൃഷി
2050 ൽ ആഗോള ഊഷ്മാവ് 1.5 ഡിഗ്രീ സെൽഷ്യസ് വർദ്ധനവിൽ പിടിച്ചു നിറുത്തുക മാത്രമല്ല, 790 കോടിയിൽ നിന്നും 1000 കോടിയിലേക്ക് കുതിക്കുന്ന ലോക ജനതയുടെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുകയും വേണം. ഇക്കാരണം കൊണ്ട് തന്നെ നമുക്ക് വേണ്ടത് കാലാവസ്ഥാ മാറ്റത്തെ മറികടക്കുന്ന “കാലാവസ്ഥാനുസൃത കൃഷി “(Climate Smart Agriculture, CSA) ആണ്. ഐക്യരാഷ്ട്രസഭയുടെ വെബ്സൈറ്റ് കാണുക. (https://www.fao.org/climate-smart-agriculture/en/)
FAO “Climate Smart Agriculture” വ്യാപിപ്പിക്കുന്നതിനു ഒരു source book തന്നെ ഇറക്കിയിരുന്നു. അതിന്റെ രണ്ടാം പതിപ്പ് മേൽക്കാണിച്ച സൈറ്റിൽ നിന്ന് ഇപ്പോൾ സൌജന്യമായി ഡൌൺലോഡ് ചെയ്യാം. മൂന്നു സെക്ഷനുകളിലായാണ് ബുക്ക് കൊടുത്തിരിക്കുന്നത്. കാലാവസ്ഥാ മാറ്റത്തെ നേരിടാൻ “പൊരുത്തപ്പെടൽ” (adaptation), “ശമിപ്പിക്കൽ” (mitigation) എന്നിവയിൽ ഊന്നിയാണ് CSA പോകുന്നത്.
കാർബൺ ന്യൂട്രൽ അല്ല, നെറ്റ് സീറോ
മനുഷ്യനാല്‍ ഉല്പ്പാെദിപ്പിക്കപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ (കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്‌സൈഡ്) പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്ന തുലനാവസ്ഥയിൽ എത്തിക്കുക എന്നതാണ് ‘നെറ്റ് സീറോ കാർബൺ എമിഷൻ‘ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ പൂർണ്ണമായും പൂജ്യത്തിലേക്ക് എത്തിക്കാൻ കഴിയുമോ എന്നതിൽ ഉറപ്പില്ലെങ്കിലും അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്ന തുലനാവസ്ഥയിലേക്ക് എത്തിക്കാനാണ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്. നെറ്റ് സീറോ എന്ന വാക്ക് കൊണ്ട്, ഒരു രാജ്യം അതിന്റെ കാർബൺ എമിഷൻ പൂർണമായും അവസാനിപ്പിക്കും എന്നല്ല അർത്ഥമാക്കുന്നത്; മറിച്ച്, ഒരു രാജ്യത്തിൻറെ കാർബൺ എമിഷന്റെ ആഘാതം നികത്തുന്ന രീതിയിൽ അന്തരീക്ഷത്തിൽ നിന്ന് ഹരിതഗൃഹ വാതകങ്ങളുടെ ആഗിരണമോ നീക്കം ചെയ്യലോ സാധ്യമാകുന്ന അവസ്ഥയാണ് നെറ്റ് സീറോ എന്നതിലൂടെ ഉദ്ദേശിക്കുന്നത്.
ഇന്ത്യയുടെ മൂന്നാം സ്ഥാനവും നൂറ്റിപത്താം സ്ഥാനവും!
കാർബൺ പാദമുദ്ര (carbon footprint)എന്നൊരു പരിപാടിയുണ്ട്. രാജ്യമോ , സ്ഥാപനമോ, വ്യക്തിയോ എത്ര മാത്രം ഹരിത ഗ്രഹവാതകങ്ങൾക്കാണ് ഉത്തരവാദി എന്നു കണക്ക് കൂട്ടി കണ്ടു പിടിക്കാം. ലോകത്ത് ഏറ്റവുമധികം ഹരിത ഗ്രഹവാതകങ്ങൾ പുറന്തള്ളുന്ന കാര്യത്തിൽ ഒന്നാം സ്ഥാനത്ത് ചൈനയാണ്, 32 ശതമാനമാണ് അവരുടെ വിഹിതം. രണ്ടാം സ്ഥാനത്ത് അമേരിക്ക(12.6%), മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ് (7%). പക്ഷേ, ആളോഹരി കാർബൺ എമിഷനിൽ ( per capita)ഇന്ത്യയുടെ സ്ഥാനം 110 മാത്രമാണന്നും (1.74 ടൺ) മനസ്സിലാക്കണം! അതേ സമയം ആളോഹരി കാർബൺ പാദമുദ്രയിൽ അമേരിക്ക 13)o സ്ഥാനത്താണ് (13.68 ടൺ) . ചൈന 28 )o സ്ഥാനത്താണ് (8.2 ടൺ)! ലോക ശരാശരി (mean per capita) 4.4 ടൺ ആണ്. ലോക ശരാശരി പാദമുദ്ര 2 ടണ്ണിൽ താഴെ എത്തിക്കാനാണ് ലോകം കിണഞ്ഞു ശ്രമിക്കുന്നത്! ഇന്ത്യ ഇപ്പോൾ തന്നെ ആളോഹരി കാർബൺ ഉൽസർജനത്തിന്റെ കാര്യത്തിൽ 2 ടണ്ണിൽ താഴെതന്നെയാണ് എന്ന കാര്യം മറന്നു കൂടാ! പക്ഷേ, ആകെ എമിഷൻ കുറയ്ക്കാനുള്ള ഉത്തരവാദിത്തം നമുക്കുമുണ്ട്. അത് കൊണ്ടാണ് 2070 ൽ നെറ്റ് സീറോ ആകാം എന്നു നാം സമ്മതിച്ചത്!