Read Time:40 Minute

അജിത് ടോമി, ലക്ഷ്മി എസ്. 

 

എന്താണ് കാർബൺ ന്യൂട്രൽ മീനങ്ങാടി ? വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്ത് കാർബൺ തുലിതമാക്കാനുള്ള ശ്രമങ്ങളും പഠനങ്ങളും വിശകലനം ചെയ്യുന്നു. ഒപ്പം നൂതനവും ഭാവനാത്മകവുമായ ട്രീ ബാങ്കിങ് പദ്ധതിയെ പരിചയപ്പെടുത്തുന്നു.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അവിതർക്കിതമായ യാഥാർത്ഥ്യമാണെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. വർദ്ധിച്ചുവരുന്ന താപനിലയും നീണ്ടു പോകുന്ന വേനലും പ്രവചനാതീതമായ മഴയും നമ്മുടെ നിത്യജീവിതത്തെ തന്നെ താളംതെറ്റിച്ചിരിക്കുന്നു. ആഗോളതാപനം ജീവിവർഗങ്ങളുടെ അന്യംനിൽക്കലിനും ആവാസവ്യവസ്ഥകളുടെ നാശത്തിനും ഇടയാക്കുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. നമ്മളിൽ പലർക്കും ആഗോളതാപനമെന്നാൽ മഞ്ഞുരുകലും സമുദ്രനിരപ്പുയരലും താപനില വർദ്ധനവും മാത്രമാണെന്നാണ് ധാരണ. മനുഷ്യഹേതുവായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രഹരശേഷിയുടെ വ്യാപ്തി നമ്മുടെ സങ്കൽപ്പത്തിനും അപ്പുറത്താണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

കാർബൺ തുലിതാവസ്ഥ

പ്രകൃതിയിൽ ഓരോ നിമിഷവും വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറംന്തള്ളപ്പെടുകയും അതോടൊപ്പംതന്നെ സ്വാഭാവിക പ്രകൃതിയിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് ഒരു സന്തുലിതമായ ചാക്രിക പ്രവർത്തനമാണ്. എന്നാൽ മനുഷ്യന്റെ ഇടപെടലുകൾ മൂലം വളരെ കുറഞ്ഞ സമയം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഹരിതഗൃഹ വാതകങ്ങൾ അതേ വേഗത്തിലും അളവിലും തിരിച്ച് പ്രകൃതിയിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുകയോ വിവിധ ചാക്രിക പ്രവർത്തനങ്ങളുടെ ഭാഗമാകുകയോ ചെയ്യുന്നില്ല. തത്ഫലമായി അന്തരീക്ഷത്തിൽ  ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടുകയും അത് ഭൗമോപരിതലത്തിലെ താപനില വർദ്ധിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. – ആഗോള താപനത്തിന്റെ അടിസ്ഥാന കാരണം ഹരിതഗൃഹ വാതകങ്ങളുടെ അനിയന്ത്രിതമായ ബഹിർഗമനമാണ്. കാർബൺ ഡൈഓക്സെഡ് ആണ് ഇവയിൽ പ്രധാനി. അതുകൊണ്ട് തന്നെ മൊത്തം ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തെ തത്തുല്യമായ കാർബൺ ഡൈഓക്സൈഡിന്റെ അളവിലേക്ക് പരിവർത്തനപ്പെടുത്തിയാണ് സൂചിപ്പി ക്കുന്നത്. ഇത് പൊതുവിൽ തത്തുല്യ കാർബൺ ഡൈഓക്സൈഡ് നിർഗമനം എന്ന് വിളിക്കപ്പെടുന്നു (Co Equivalent – Co Eq.). ഉദാഹരണത്തിന് ഹരിതഗൃഹ വാതകമായ മീഥയിന്റെ ആഗോളതാപനശേഷി (GWP – Global Warming Potential) 28 ആണ് . അതായത് ഒരു മീഥയിൻ തന്മാത്ര 100 വർഷംകൊണ്ട് ആഗോള കാലാവസ്ഥയിൽ ഉണ്ടാക്കുന്ന പ്രഭാവം 28 കാർബൺ ഡൈഓക്സൈഡ് തന്മാത്രകൾ ഉണ്ടാക്കുന്ന പ്രഭാവത്തിന് തുല്യമായിരിക്കും. ഹരിതഗൃഹവാതകങ്ങളുടെ അളവ് ഒരൊറ്റ യൂണിറ്റിൽ കണക്കുകൂട്ടുമ്പോൾ ഒരു യുണിറ്റ് മീഥയിൻ 28 യുണിറ്റ് തത്തുല്യ കാർബൺ ഡൈഓക്സൈഡായി കണക്കാക്കുന്നു.

– വിവിധ ഗാർഹിക കാർഷിക വ്യാവസായിക പ്രവർത്തനങ്ങൾ വഴി പുറന്തള്ളപ്പെടുന്ന തത്തുല്യ കാർബൺ ഡൈഓക്സൈഡ് വാതകങ്ങളുടെ അളവും സ്വാഭാവിക പ്രകൃതിയിലേയ്ക്ക് (വനം, മണ്ണ്, സമുദ്രങ്ങൾ തുടങ്ങിയവ) ആഗിരണം ചെയ്യപ്പെടുന്ന തത്തുല്യ കാർബൺ ഡൈഓക്സൈഡ് വാതകങ്ങളുടെ അളവും തുല്യമായിരിക്കുന്ന അവസ്ഥയാണ് കാർബൺ തുലിതാവസ്ഥ, വിവിധ പ്രവർത്തനങ്ങളിലൂടെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുകയും കാർബൺ ശേഖരം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രകൃതിയെ പരുവപ്പെടുത്തുകയുമാണ് കാർബൺ തുലിതാവസ്ഥ കൈവരിക്കുന്നതിനു ള്ള മാർഗം.

കാർബൺ തുലിത വികസനം

വികസനം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ധാരാളം ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. വികസനം പരിസ്ഥിതിക്ക് ദോഷമാണെന്നും, പരിസ്ഥിതി സംരക്ഷണം വികസനത്തിന് വിഘാതമാണെന്നുമുള്ള വൈരുദ്ധ്യവാദങ്ങൾ ഇപ്പോഴും തർക്കവിഷയമാണ്. പരിസ്ഥിതിയെ പരിഗണിക്കുന്ന വികസനത്തിന്റെ ഒരുപാട് ഉദാഹരണങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നമുക്ക് കാണാൻ സാധിക്കും. ഒരു വികസന പ്രവർത്തനം കൊണ്ട് ഒരു പ്രദേശത്തെ പരിസ്ഥിതിക്ക് എന്തെല്ലാം ആഘാതങ്ങൾ ഉണ്ടാകുമെന്ന് മനസ്സിലാക്കി, അത് പരമാവധി ലഘൂകരിച്ചുകൊണ്ടും ആഘാതം കൂടിയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ചുകൊണ്ടും പ്രഥമമായ പരിഗണന പരിസ്ഥിതിക്ക് തന്നെ നൽകുന്ന വികസനമാണ് അനുവർത്തിക്കേണ്ടത് എന്നതിൽ തർക്കമില്ല. ഇത്തരത്തിൽ പരിസ്ഥിതിയെ പരിഗണിക്കുന്ന ഒരു പുതിയ വികസന മാതൃകയായി കാർബൺ തുലിത വികസനത്തെ കണക്കാക്കാം.

ഒരു പുതിയ പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുകയും ആ പഠനത്തിനനുസൃതമായി പ്രസ്തുത പദ്ധതി പ്രാവർത്തികമാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയുമാണ് നമ്മുടെ നാട്ടിലെ നിയമപരമായ രീതികൾ, ഇത്തരത്തിൽ പരിസ്ഥിതിയോടൊപ്പം കാലാവസ്ഥയെ കൂടി പരിഗണിക്കുന്ന വികസനമാണ് കാർബൺ തുലിത വികസനം. ഒരു പദ്ധതി നടപ്പാക്കും മുന്നേ അത് കാലവസ്ഥാ വ്യതിയാനത്തിന് ആക്കംകൂട്ടുന്ന ഹരിതഗൃഹവാതകങ്ങള എത്രമാതം പുറന്തള്ളുമെന്ന് കണക്കാക്കി, ബഹിർഗമനം പരമാവധി കുറച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കണം. ഒരു രാജ്യത്തോ ഒരു സംസ്ഥാനത്തോ അല്ലെങ്കിൽ ഒരു പ്രാദേശിക ഭരണകൂടത്തിന്റെ അതിർത്തിക്കുള്ളിലോ ദൈനംദിന പ്രവർത്തനങ്ങളിലൂടെയും വിവിധ വികസന പദ്ധതികളുടെ ഭാഗമായും ബഹിർഗമിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവും, അവിടത്തെ സ്വാഭാവിക പ്രകൃതിയുടെ ഭാഗമായി ശേഖരിക്കപ്പെടുന്നതോ അന്തരീക്ഷത്തിൽ നിന്നും നീക്കം ചെയപ്പെടുന്നതോ ആയ ഹരിതഗൃഹ വാതകങ്ങളുടെ അളവും തിട്ടപ്പെടുത്തിയതിനുശേഷം അധിക കാർബൺ ബഹിർഗമനമുള്ള ഇടങ്ങളിൽ അതു കുറച്ചുകൊണ്ടു വന്ന്, കാർബൺ സ്വാംശീകരണം പുഷ്ടിപ്പെടുത്തി തുലിതാവസ്ഥ കൈവരിക്കുകയാണ് പ്രഥമഘട്ടം. തുടർന്നങ്ങോട്ട് ഈ തുലിതാവസ്ഥ നിലനിർത്തുന്ന തരത്തിൽ ബഹിർഗമനം കുറച്ചുകൊണ്ടുവരുകയും സ്വാംശീകരണം വർദ്ധിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ആയിരിക്കണം വികസന പ്രവർത്തങ്ങൾ ആസൂത്രണം ചെയ്യേണ്ടതും പ്രാവർത്തികമാക്കേണ്ടതും. കാർബൺ തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുന്ന ഹരിതഗ്യഹ വാതകങ്ങളുടെ അനിയന്ത്രിതമായ ബഹിർഗമനം കുറയ്ക്കുന്നതരത്തിൽ വികസന പ്രവർത്തനങ്ങളെ പുനക്രമീകരിക്കുന്ന വികസന മാതൃകകളാണ് നാം നടപ്പാക്കേണ്ടത്. “ക്ലൈമറ്റ് ലെൻസ് അപ്രോച്ച്’ എന്ന് ഈ വികസന രീതിയെ വിശേഷിപ്പിക്കാം. ഓരോ പ്രവർത്തനങ്ങളെയും കാലാവസ്ഥാവ്യതിയാനത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ അടുത്ത ഘട്ടമായി ഈ ആശയത്ത കണക്കാക്കാം.

അന്താരാഷ്ട്ര പ്രശംസ നേടിയ കേരളത്തിന്റെ വികസന മാതൃകയുടെ അടുത്ത തലമായി കാർബൺ-ന്യൂട്രൽ വികസനത്തെ വിവക്ഷിക്കാൻ കഴിയും. പ്രാദേശിക തലത്തിൽ ഈ ആശയം നടപ്പിലാക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലഘൂകരണ, അനുരൂപികരണ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ പ്രാവർത്തികമാക്കാൻ സാധിക്കും. അതോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാകുന്ന തരത്തിലാവണം കാർബൺ തുലിത വികസനം നടപ്പിലാക്കേണ്ടത്.

കാർബൺ തുലിത വയനാട് 

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജില്ലകളിൽ ഒന്നാണ് വയനാട്. സംസ്ഥാനത്തെ അതിരൂക്ഷ വരൾച്ചാ സാധ്യതാ പ്രദേശങ്ങളിൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ബ്ലോക്കും ഉൾപ്പെടുന്നു. ജില്ലയുടെ സാമൂഹിക സാമ്പത്തിക മേഖലകൾ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് കൃഷിയെയും വനങ്ങളെയുമാണ്. മഴനിഴൽ പ്രദേശത്താലധികരിച്ച വയനാട് ജില്ലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അനുഭവപ്പെടുന്ന അതിതീവ്രമായ മഴയും ഉരുൾ പൊട്ടലും വേനൽക്കാലത്ത് ജലക്ഷാമവും അതിനെ തുടർന്നുള്ള കാർഷിക തകർച്ചയും തുടരാനുള്ള സാധ്യതകളാണ് അധികവും. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന ഓരോ ഡിഗി വർദ്ധനവിനനുസരിച്ചും നെല്ലുൽപ്പാദനത്തിലുണ്ടാകുന്ന കുറവ് ആറു ശതമാനമായിരിക്കും എന്ന് കണക്കാക്കപ്പെടുന്നു. കാപ്പി, കുരുമുളക് പോലുള്ള വിളകളെ കാലാവസ്ഥയിൽ, പ്രത്യേകിച്ച് താപനിലയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും പ്രതികൂലമായി ബാധിക്കും.അന്തരീക്ഷ ഈർപ്പത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ കന്നുകാലികൾക്ക് പുതിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഈ സാഹചര്യത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും അനുകൂലന ത്രന്തങ്ങൾ ആവിഷ്ക്കരിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന നഷ്ടങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതിനും വേണ്ടി കാർബൺ തുലിത വയനാട് എന്ന പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും കാർഷികവിപണിയിലെ സ്ഥിരതയില്ലായ്മയും മൂലം തകർച്ച നേരിടുന്ന വയാനാട്ടിലെ കാർഷിക സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണിത്. മീനങ്ങാടിയിലെ ജനങ്ങളുടെ വരുമാനം ഇരട്ടിയാക്കുന്ന തരത്തിൽ ഉൽപാദനശേഷി കൂട്ടുക, സ്ഥിരതയാർന്ന പുതിയ വിപണികൾ കണ്ടെത്തുക, മൂല്യവർധിത കാർഷികോൽപ്പന്നങ്ങളുണ്ടാക്കുക, കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനോടൊപ്പം പ്രാദേശിക പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് വയനാടൻ കാർഷിക തോട്ടവിള വിവിധ ഉൽപ്പന്നങ്ങൾക്ക് പുതിയ ബ്രാന്റ് വാല്യൂവും ഉയർന്ന വിലയും ലഭ്യമാക്കുക എന്നിവയീണ് കാർബൺ തുലിത വയനാട് പദ്ധതിയുടെ ലക്ഷ്യം. വയനാട് ജില്ലയുടെ അനന്യ സാധാരണമായ സാംസ്ക്കാരികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളെയെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കണം കാർബൺ തുലിത വയനാട് പദ്ധതി നടപ്പിലാക്കേണ്ടത്. ഉത്പാദന മേഖലകളിലെ സ്വയം പര്യാപ്തയും വിഭവങ്ങളുടെ കാര്യക്ഷമവും ഏറ്റവും മെച്ചപ്പെട്ടതുമായ ഉപഭോഗവും ഉറപ്പുവരുത്താനുമുണ്ട്. അതോടൊപ്പം വിനോദ സഞ്ചാര വികസനത്തിനും പ്രാദേശിക സാമ്പത്തിക വികസനത്തിനും ഊന്നൽ കൊടുത്തുകൊണ്ട് പരിസ്ഥിതിലോലപ്രദേശങ്ങളുടെ സംരക്ഷണവും കൂടി ഈ പദ്ധതി ലക്ഷ്യമിടുന്നു.

ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള കാർബൺ ബഹിർഗമനത്തിന്റെയും കാർബൺ ശേഖരണത്തിന്റെയും അളവുകൾ കണ്ടുപിടിച്ച് താരതമ്യം ചെയ്ത് വിശകലനം നടത്തി കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും കാർബൺ തുലിതാവസ്ഥ കൈവരിക്കുന്നതിനുമുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയുമാണ് ഈ പദ്ധതിയിലൂടെ സാദ്ധ്യമാക്കുന്നത്. ലോകരാജ്യങ്ങൾ കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യത്തോടെ മുന്നോട്ട് നീങ്ങമ്പോൾ, അതിന്റെ പ്രാദേശികമായ ഒരു മാത്യകയായി വയനാട് ജില്ലയെ മാറ്റി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റാൻ കാർബൺ തുലിത വയനാട് പദ്ധതിയിലൂടെ സാധിക്കും.

കാർബൺ ന്യൂട്രൽ മീനങ്ങാടി

ഇന്ന് വികസിതവും വികസ്വരവുമായ രാജ്യങ്ങൾ ഒരു പോലെ കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടു വ രുന്നു. യൂറോപ്യൻ യൂണിയൻ, കോസ്റ്റാറിക്ക, ന്യൂസിലൻഡ് തുടങ്ങിയ രാ ജ്യങ്ങൾ കാർബൺ-ന്യൂടൽ ആവുന്നതിനു വേണ്ടുന്ന കർമ്മ പദ്ധതികൾ ആവിഷകരിച്ച് നടപ്പിലാക്കാൻ തുടങ്ങിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പരിസ്ഥിതി സംരക്ഷണവും പ്രാദേശിക വികസനവും ലക്ഷ്യം വെച്ചുകൊണ്ട് ജനകീയ പങ്കാളിത്തത്തോടെ ‘കാർബൺ-ന്യൂടൽ മീനങ്ങാടി’ എന്ന പദ്ധതി ഇന്ത്യയിലെ തന്നെ ആദ്യ കാർബൺ-ന്യൂടൽ വികസന സംരംഭങ്ങളിൽ ഒന്നായി തുടക്കം കുറിക്കുന്നത്. കേരളത്തിന്റെ മുഖമുദ്രയായ ജനകീയാസൂത്രണത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും സത്ത ഉൾക്കൊണ്ട് നടപ്പിലാക്കപ്പെടുന്ന ഈ പദ്ധതി അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനത്തിനെ ചെറുക്കുന്നതിനുള്ള ഒരു കേരള മാതൃക മുന്നോട്ട് വെക്കുന്നു.

പദ്ധതിയുടെ തുടക്കം

2015 ലെ പാരിസ് ഉടമ്പടിയുടെ ചുവട് പിടിച്ചാണ് കാർബൺ ന്യൂടൽ വികസനത്തിന്റെ കേരള മാത്യക ലോകത്തിന് മുൻപിൽ അവതരിപ്പിക്കുകയും അതിലൂടെ ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ ഒരു പുതിയ ആശയം കേരളത്തിൽ നടപ്പാക്കണം എന്ന ലക്ഷ്യത്തോടെ കാർബൺ തുലിത വയനാട് എന്ന ആശയം രൂപംകൊള്ളുന്നത്. ഈ പദ്ധതിക്ക് പഞ്ചായത്ത് തലത്തിൽ മാതൃക സൃഷ്ടിച്ചു മറ്റു പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു കൊണ്ട് കാർബൺ തുലിത ജില്ല യാഥാർഥ്യമാക്കാം എന്ന തീരുമാനത്തിലൂടെയാണ് കാർബൺ തുലിത പഞ്ചായത്ത് എന്ന ലക്ഷ്യം ഉടലെടുക്കുന്നത്. പ്രാരംഭഘട്ടത്തിൽ തന്നെ മീനങ്ങാടി പഞ്ചായത്ത് പദ്ധതി യാഥാർത്ഥ്യമാക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടു വരികയായിരുന്നു. ഈ ചർച്ചകളിൽ തുടക്കം മുതലേയുണ്ടായിരുന്ന തണൽ എന്ന പരിസ്ഥിതി സംഘടനയെ കാർബൺ തുലിത മീനങ്ങാടി എന്ന പദ്ധതിക്കാവശ്യമായ സാങ്കേതിക പിന്തുണ നൽകുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തു.

2016 ജൂൺ 5ന് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന വിജയന്റെ അധ്യക്ഷതയിൽ കൂടിയ ലോക പരിസ്ഥിതി ദിനാചരണ സമ്മേളനത്തിൽ കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് കാർബൺ തുലിത മീനങ്ങാടി എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.

മീനങ്ങാടി ഗ്രാമപഞ്ചായത്ത്  

വയനാട് ജില്ലയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത്. 53.52 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തൃതി. 8199 വീടുകളിലായി 34,601 ജനങ്ങളാണ് മീനങ്ങാടിയിലുള്ളത്. അതിൽ 23% ആദിവാസി വിഭാഗത്തിൽപ്പെടുന്നവരാണ്. ആദിവാസി സമൂഹത്തിന്റെ ഉപജീവനം പ്രധാനമായും പരിസ്ഥിതിയുമായും കാലവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായി ബാധിക്കുന്നതും ഇവരെയാണ്. പഞ്ചായത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 646 ആണ്. മൊത്തം വിസ്തൃതിയുടെ 70 ശതമാനത്തിലധികം പീഠഭൂമിയും 20 ശതമാനം ഫലഭൂയിഷ്ഠമായ സമതലങ്ങളും 2.7 ശതമാനം (145 ഹെക്ടർ) വനമേഖലയുമാണ്. ഉയർന്ന ചരിവുകളിൽ തോട്ട വിളകളും താഴ്വരകളിൽ നെല്ലും കൃഷിചെയ്യപ്പെടുന്നുണ്ടെങ്കിലും നെൽവയലുകൾ വാഴ കൃഷിയിലേക്കും മറ്റ് നാണ്യവിളകളിലേയ്ക്കും പരിവർത്തനം ചെയ്യപ്പെടുന്നുണ്ട്. ഇത് ഭൂഗർഭജലത്തെ പ്രതികൂലമായി ബാധിക്കുന്നു. മീനങ്ങാടി പഞ്ചായത്തിൽ നാല് ചെറുനദികളും 23 അരുവികളും ഉണ്ട്, അവ കാരാപ്പുഴ ഡാമുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേശീയ പാതയെ കേന്ദ്രീകരിച്ചാണ് വാണിജ്യസ്ഥാപനങ്ങൾ കൂടുതലും സ്ഥിതിചെയ്യുന്നത്.

കണക്കെടുപ്പ് 

രണ്ട് വർഷം നീണ്ട പ്രവർത്തനങ്ങൾ, സർവേകൾ, പഠനങ്ങൾ എന്നിവയിലടെ മീനങ്ങാടി പഞ്ചായത്തിന്റെ ഹരിതഗൃഹ വാതക ബഹിർഗമനത്തിന്റെയും സ്വാംശീകരണത്തിന്റെയും കണക്കെടുപ്പ് നടത്തുകയും കാർബൺ തുലിത അവസ്ഥ കൈവരിക്കുന്നതിനായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന പഠന റിപ്പോർട്ട് 2018-ൽ പുറത്തിറക്കുകയും ചെയ്തു. തീർത്തും ജനകീയമായിട്ടാണ് പദ്ധതിയുടെ ഗവേഷണം പൂർത്തിയാക്കിയത്. ഇതിലൂടെ മീനങ്ങാടിയിലെ ജനങ്ങൾക്കിടയിൽ കാലാവസ്ഥാവ്യതിയാനം, കാർബൺ തുലിതാവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു. ഒരു ഉപരാഷ്ട്ര തലത്തിൽ കാർബൺ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കുന്ന മാതൃകകൾ ലഭ്യമല്ലാത്തതിനാൽ മീനങ്ങാടി പഞ്ചായത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ കണക്കെടുപ്പ് വലിയൊരു വെല്ലവിളിയായിരുന്നു. പഠനത്തിനാവശ്യമായ വിവരങ്ങളിൽ ബഹുഭൂരിപക്ഷവും പഞ്ചായത്ത് തലത്തിൽ ലഭ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ധാരാളം സന്നദ്ധ പ്രവർത്തകരെ സംഘടിപ്പിച്ച് പ്രാഥമിക വിവരശേഖരണത്തിലൂടെയാണ് പഠനഗവേഷണം പൂർത്തിയാക്കിയത്. മീനങ്ങാടിക്കകത്തും പുറത്തുമായുളള 8 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 500ൽ അധികം വിദ്യാർത്ഥികൾ വിവരശേഖരണത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്.

ഒരു നിശ്ചിത കാലയളവിൽ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിന് കാരണമാകുന്ന പ്രവർത്തനത്തിന്റെ അളവാണ് ബഹിർഗമന പ്രവർത്തനങ്ങളുടെ ആകെ തുക. മീനങ്ങാടിയിലെ ഗവേഷണത്തിനായി വീടുകൾ തോറും കയറി പ്രാഥമിക വിവരശേഖരണം നടത്തിയാണ് വിവിധ മേഖലയിലെ ബഹിർഗമന പ്രവർത്തനങ്ങളുടെ അളവ് കണ്ടെത്തിയത്. പഞ്ചായത്തിലെ ഗാർഹിക ഊർജ ഉപഭോഗവും മാലിന്യ ഉൽപാദനവും കണക്കാക്കിയത് വീടുകൾ കയറിയുള്ള സർവ്വെ മുഖാന്തിരമാണ്. ഇത്തരത്തിൽ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, യൂത്ത് ക്ലബ് അംഗങ്ങൾ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിങ്ങനെ വലിയൊരു വിഭാഗം ജനങ്ങൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളും ഗവേഷണ സ്ഥാപനങ്ങളും മീനങ്ങാടിയിലെ പഠനം പൂർത്തിയാക്കാനായി സഹായിച്ചിരുന്നു. പൊതുജനങ്ങൾ, ഭരണാധികാരികൾ, ഗവേഷകർ, ഉദ്യോഗസ്ഥർ തുടങ്ങി ബഹുജന പങ്കാളിത്തവും സഹകരണവും ഉള്ളതുകൊണ്ടാണ് കാർബൺ തുലിത മീനങ്ങാടി പദ്ധതിയുടെ പ്രഥമഘട്ടമായ ഹരിതഗൃഹവാതകങ്ങളുടെ മൂല്യനിർണയവും അനുബന്ധ പഠനങ്ങളും പൂർത്തിയാക്കാനായത്. പഞ്ചായത്തു തലത്തിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും നിർദ്ദേശങ്ങളും പഠനത്തോടൊപ്പം തയ്യാറാക്കി.

മീനങ്ങാടിയിലെ കണക്കുകൾ

കാർബൺ ന്യൂടൽ മീനങ്ങാടി പഠന റിപ്പോർട്ടിൽ മീനങ്ങാടി പഞ്ചായത്തിലെ ഊർജം, ഗതാഗതം, മാലിന്യം, കൃഷി, വനം, മറ്റു ഭൂവിനിയോഗം എന്നീ മേഖലകളിൽ നിന്നുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനവും സ്വാംശീകരണവും 2016-17 വർഷത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട് കണക്കാക്കിയിട്ടുണ്ട്. മീനങ്ങാടി വളരെ ചെറിയ ഒരു പ്രദേശമായതിനാലും വ്യാവസായിക പ്രവർത്തനങ്ങൾ കുറവായതിനാലും കാർബൺ ഡൈഓക്സൈഡ് (CO2), നൈട്രസ് ഓക്സൈഡ് (N2O) മീഥേയ്ൻ (CH4) എന്നീ വാതകങ്ങളെ മാത്രമേ കണക്കെടുപ്പിൽ പരിഗണിച്ചുള്ളൂ. മറ്റുള്ള വാതകങ്ങൾ പ്രാദേശികതലത്തിൽ കണക്കെടുക്കാൻ പറ്റാത്തത്ര ചെറിയ അളവുകളായതിനാൽ അവയെ പരിഗണിച്ചിട്ടില്ല.

കാർബൺ ബഹിർഗമനം

പഠനത്തിന്റെ അടിസ്ഥാനത്തിൽ 2016-17 വർഷത്തിലെ മീനങ്ങാടിയിലെ ആകെ ഹരിതഗ്യഹ വാതകങ്ങളുടെ ബഹിർഗമനം 33,375 ടൺ തത്തുല്യ കാർബൺ ഡൈ ഓക്സൈഡ് (CO2 eq – Carbon dioxide equivalent) ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ ഏറ്റവും കൂടുതൽ ബഹിർഗമനം നടക്കുന്നത് ഗതാഗത മേഖലയിൽ നിന്നാണ് (45%). ഇതിൽ തന്നെ ഡീസൽ ഓട്ടോകളാണ് ഏറ്റവും കൂടുതൽ ബഹിർഗമനം നടത്തുന്നത് (37%). അത് കഴിഞ്ഞാൽ ബസ്സുകൾ (23% }, കാറുകൾ (21%) എന്നിവയാണ് കൂടുതൽ ബഹിർഗമനം നടത്തുന്ന വാഹനങ്ങൾ.

ഊർജ്ജ മേഖലയിൽ നിന്നുള്ള ബഹിർഗമനം 39 ശതമാനം ആണ്. വൈദ്യുതി, വിറക്, എൽ.പി.ജി. ഇപയോഗം മൂലമുള്ള ബഹിർഗമനമാണ് പ്രധാനമായും പരിഗണിച്ചിട്ടുള്ളത്. മീനങ്ങാടിയിലെ ഭൂരിഭാഗം കുടുംബങ്ങളും വിറക് അടുപ്പാണ് പാചകത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്.

എൽ.പി. ജി. ഉപയോഗിക്കുന്ന വീടുകളിലും വിറക് ഉപയോഗിക്കുന്നതായി മനസിലാക്കാൻ സാധിച്ചു. ഊർജ മേഖലയിലെ ബഹിർഗമനത്തിൻ  10% വിറക് ഉപയോഗത്തിലൂടെയും 9% എൽ.പി.ജി ഉപയോഗത്തിലൂടെയുമാണ് ഉണ്ടാകുന്നത്. മീനങ്ങാടിയിൽ പാചകത്തെക്കാൾ കൂടുതൽ ബഹിർഗമനം വൈദ്യുതി ഉപഭോഗത്തിലൂടെയാണ്, 81% അതിൽ തന്നെ 73% ഉണ്ടാകുന്നത് ഗാർഹിക വൈദ്യുതി ഉപഭോഗത്തിലൂടെയാണ്.

ആകെ ബഹിർഗമനത്തിന്റെ 13 ശതമാനം കൃഷി, വനം മറ്റു ഭൂവിനിയോഗം എന്ന മേഖലയിൽ നിന്നാണ്.  കന്നുകാലി വളർത്തൽ (87%), നെൽകൃഷി (13%) എന്നിവയിൽ നിന്നുള്ള ബഹിർഗമനമാണ് ഈ വിഭാഗത്തിൽ  കണക്കാക്കിയിട്ടുള്ളത്. മാലിന്യ മേഖല ആകെ ബഹിർഗമനത്തിന്റെ 3 ശതമാനത്തിന് കാരണമാകുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. വീടുകളിൽനിന്നും വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യത്തിന്റെ അളവും ബഹിർഗമനവുമാണ് പരിഗണിച്ചിട്ടുള്ളത്.

കാർബൺ സ്വാംശീകരണം

അന്തരീക്ഷത്തിൽ സ്വതന്ത്രമായി നിലനിൽക്കുന്ന കാർബൺ ഡൈഓക്സൈഡ് വാതകത്തെ ജൈവീകവും ഭൗതീകവുമായ പ്രവർത്തനങ്ങളിലുടെ ദീർഘകാലത്തേക്ക് കാർബണിന്റെ വ്യത്യസ്ത രൂപങ്ങളിലാക്കി സംഭരിക്കുന്ന പ്രവർത്തനമാണ് കാർബൺ സ്വാംശീകരണം.  മീനങ്ങാടി പഞ്ചായത്തിലെ മണ്ണ്, മരങ്ങൾ, വനം, തോട്ടങ്ങൾ എന്നിവിടങ്ങളിലായി 21962.53 ടൺ തത്തുല്യ  കാർബൺ ഡൈ ഓക്സൈഡ് സംഭരിക്കപ്പെട്ടിട്ടുണ്ട് എന്ന് പഠനം വ്യക്തമാക്കുന്നു.

വനങ്ങൾ, വീട്ടുവളപ്പിലെ മരങ്ങൾ, വീട്ടുവളപ്പിലെ കാപ്പിത്തോട്ടങ്ങൾ എന്നിവ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ കാർബൺ സംഭരണികളാണ്. ആകെ കാർബൺ ശേഖരത്തിന്റെ 38 ശതമാനവും സംഭരിക്കപ്പെട്ടിട്ടുള്ളത് മീനങ്ങാടിയിലെ വനങ്ങളിലാണ്. വീട്ടുവളപ്പിലെ മരങ്ങളിലും കാപ്പിത്തോട്ടങ്ങളിലുമായി യഥാക്രമം 34%, 23%, എന്നിങ്ങനെയാണ് കാർബൺ ശേഖരിക്കപ്പെട്ടിട്ടുള്ളത്. മീനങ്ങാടിയിലെ ആകെ കാർബൺ ശേഖരത്തിന്റെ 3 ശതമാനം സംഭരിക്കപ്പെട്ടിട്ടുള്ളത് മണ്ണിലെ ജൈവ കാർബണിന്റെ രൂപത്തിലാണ്. മീനങ്ങാടിയിലെ മണ്ണിലെ ജൈവകാർബണിന്റെ അളവിനെ കുറിച്ച് നടത്തിയ പഠനത്തിൽ മണ്ണിലെ കാർബണിന്റെ അളവ് വളരെ കുറവാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. മീനങ്ങാടിയിലെ ആകെ കാർബൺ ശേഖരത്തിന്റെ 2% അടങ്ങിയിരിക്കുന്നത് വലിയ കാപ്പി തോട്ടങ്ങളിലാണെന്ന് പഠനം വ്യക്തമാക്കുന്നു.

കാർബൺ മിച്ചം 

2016-17 വർഷത്തെ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ കാർബൺ ബഹിർഗമനവം സ്വാംശീകരണവും തമ്മിലുള്ള വ്യത്യാസം 11,412.57 ടൺ കാർബൺ ആണെന്ന് കണ്ടെത്തി. ഇതിനെ 2016-17 വർഷത്തെ മീനങ്ങാടിയിലെ കാർബൺ മിച്ചം എന്ന് വിശേഷിപ്പിക്കാം. അധികമുള്ള കാർബൺ ബഹിർഗമനത്തെ കുറച്ച് പൂജ്യത്തിലെത്തിച്ചാൽ മീനങ്ങാടി പഞ്ചായത്തിനു കാർബൺ തുലിതമാകാൻ കഴിയും. ഇതിനു ഭാവിയിലെ ബഹിർഗമന സാധ്യതകളും പ്രവണതകളും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

കാർബൺ തുലിത പ്രവർത്തനങ്ങൾ 

ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുകയോ സാംശീകരണം വർദ്ധിപ്പിക്കുകയോ ചെയ്തുകൊണ്ട് മീനങ്ങാടി പഞ്ചായത്തിനു കാർബൺ തുലിത അവസ്ഥ കൈവരിക്കാനാകും. പ്രസ്തുത ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങളും പദ്ധതികളും മീനങ്ങാടിയിൽ നടന്നുവരുന്നു. പുഴയോരങ്ങളിൽ മുളകൾ നാട്ടുപിടിപ്പിച്ചുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. തുടർന്നങ്ങോട്ട് പഞ്ചായത്തിലെ ജലാശയങ്ങളുടെ ഓരങ്ങളിൽ മുളകൾ നട്ട് തീരസംരക്ഷണവും കാർബൺശേഖരം പുഷ്ടിപ്പെടുത്തലും നടന്നുവരുന്നു. ഇതിനോടകംതന്നെ ഒന്നരലക്ഷത്തിലധികം വ്യക്ഷത്തൈകൾ മീനങ്ങാടിയിൽ നട്ടുകഴിഞ്ഞു. അഞ്ച് ലക്ഷം വൃക്ഷങ്ങൾ നട്ടുവളർത്താനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്. വൃക്ഷങ്ങൾ പരിപാലിക്കുന്ന കർഷകർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ട്രീ ബാങ്കിംഗ് പദ്ധതി പഞ്ചായത്തിൽ ആരംഭിച്ച് കഴിഞ്ഞു. ഇതിലൂടെ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കുന്നതോടൊപ്പം വലിയൊരളവിൽ കാർബൺ ശേഖരിക്കാനും സാധിക്കും.

സമ്പൂർണ്ണ മാലിന്യസംസ്കരണം യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മാലിന്യമേഖലയിൽ നിന്നുള്ള ബഹിർഗമനം പൂർണ്ണമായും ഒഴിവാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഊർജമേഖലയിൽ അനവധി ഇടപെടലുകൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഊർജക്ഷമത കൈവരിച്ചും ഉപഭോഗം കുറച്ചും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള പ്രവർത്തങ്ങൾ പഞ്ചായത്തിന്റെ നേത്യത്വത്തിൽ പുരോഗമിക്കുകയാണ്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രാദേശികമായി എൽ.ഇ.ഡി. ബൾബുകൾ നിർമ്മിച്ച് വിതരണം ചെയ്ത് പഞ്ചായത്തിൽ സമ്പൂർണ്ണ എൽ.ഇ.ഡി. വൽക്കരണം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.  കൂടാതെ കാവുകളുടെയും ജലാശയങ്ങങ്ങളുടെയും സംരക്ഷണത്തിനു ബൃഹത്തായ ഇടപെടലുകളാണ് മീനങ്ങാടിയിൽ നടന്നുവരുന്നത്.

ട്രീ ബാങ്കിങ്ങ് പദ്ധതി

അന്തരീക്ഷത്തിലെ കാർബൺ ബഹിർഗമനത്തെ നിയന്ത്രിക്കുന്നതോടൊപ്പം അധികമുള്ള കാർബണിനെ ഭൂമിയിലേക്ക് പിടിച്ചു വെക്കുന്നതിനുള്ള മാർഗമാണ് വൃക്ഷങ്ങൾ. ദീർഘകാലവിളയായ വ്യക്ഷങ്ങളെ പരിപാലിക്കുന്നവർക്ക് സാധാരണ അവരുടെ ജീവിതകാലത്ത് തന്നെ സാമ്പത്തികനേട്ടം ഉണ്ടാകാറില്ല. അതു കൊണ്ടുതന്നെ വൃക്ഷങ്ങൾ നട്ടു വളർത്തുന്നതിൽ താത്പര്യക്കുറവുണ്ട്. എന്നാൽ വൃക്ഷത്തൈകൾ നട്ടുവളർത്തി പരിപാലിക്കുന്നവർക്ക് അതിന്റെ ഭാവിയിലെ വിപണിമൂല്യത്തിന്റെ ഉറപ്പിൻമേൽ ഇപ്പോൾ തന്നെ വർഷം തോറും ഒരോ വൃക്ഷത്തൈക്കും 50 രൂപ എന്ന കണക്കിൽ പലിശ രഹിത വായ്പ നൽകുന്ന പദ്ധതിയാണിത്, മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ ഉറപ്പിൻമേൽ മീനങ്ങാടി സഹകരണ ബാങ്ക് ആണ് ഈ വായ്പ നൽകു ന്നത്. ഇരുപതോ ഇരുപത്തഞ്ചോ വർഷം കഴിയുമ്പോൾ വളർന്നു വലുതാകുന്ന വ്യക്ഷം മുറിച്ച് വിൽക്കുന്ന സമയത്ത് അതുവരെ ലഭിച്ച വായ്പാ ത്തുക പലിശയില്ലാതെ ഒറ്റത്തവണയായി തിരിച്ചടച്ചാൽ മതിയാകും. മരം മുറിക്കാതെ സംരക്ഷിച്ചാൽ തിരിച്ചടക്കേണ്ടതില്ല. വീട്ടുവളപ്പിൽ 100 വ്യക്ഷങ്ങൾ നട്ടു വളർത്തുന്നവർക്ക് പ്രതിവർഷം 5,000 രൂപ എന്ന നിരക്കിൽ 10 വർഷം കൊണ്ട് 50,000 രൂപയാണ് ലഭിക്കുന്നത്. വ്യക്ഷങ്ങൾ വിൽക്കുന്ന കാലത്ത് അങ്ങനെ കിട്ടുന്ന തുകയിൽ നിന്നും അതുവരെ കൈപ്പറ്റിയ തുക ബാങ്കിലേക്ക് തിരിച്ചടച്ച് വായ്പാ ബാധ്യത ഒഴിവാക്കാവുന്നതാണ്. ഇതിലൂടെ വീട്ടുവളപ്പിലെ ചെറു മരങ്ങൾക്ക് വരെ വിപണി മൂല്യം ഉണ്ടാക്കുവാനും വൃക്ഷങ്ങൾ നട്ടു വളർത്തുന്നവർക്ക് അവരുടെ ജീവിത കാലത്ത് തന്നെ ഭാവി മൂല്യത്തിന്റെ ഒരു ഭാഗം അനുഭവിക്കാനും കഴിയുന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി വൃക്ഷത്തൈകളുടെ നേഴ്സറികളുണ്ടാക്കുകയും അതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഇനം വ്യക്ഷത്തെകൾ താത്പര്യം പ്രകടിപ്പിക്കുന്ന ഗുണഭോക്താക്കളുടെ വിട്ടു വളപ്പിൽ നട്ടു കൊടുക്കുകയും ചെയ്യുന്നു. ഇതു കൂടാതെ ഗുണഭോക്താവ് സ്വന്തം നിലയിൽ നട്ടുവളർത്തുന്ന വ്യക്ഷത്തൈകളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നു വർഷം വളർച്ച പൂർത്തിയാക്കിയതും എന്നാൽ 5 വർഷത്തിൽ താഴെ പ്രായമുള്ളതുമായ വൃക്ഷിത്തൈകളെ ഈ പദ്ധതിയുടെ പരിധിയിൽപ്പെടുത്തി ധനസഹായം ലഭ്യമാക്കുന്നു. സംസ്ഥാന സർക്കാർ മീനങ്ങാടി ഗ്രാമപഞ്ചായത്തിന് ഈ ആവശ്യത്തിലേക്ക് നിക്ഷേപമായി നൽകിയിട്ടുള്ള 10 കോടിരൂപയുടെ പലിശയിൽ നിന്നാണ് വായ്പയും വായ്പയ്ക്കുള്ള പലിശാ തിരിച്ചടവും നടത്തുന്നത്.

പഞ്ചായത്തിൽ ട്രീ ബാങ്കിന് കർമ്മ സമിതി രൂപീകരിച്ച്, കുടുംബശ്രീ പ്രവർത്തകരുടെ നേത്യത്വത്തിൽ രണ്ട് വാർഡുകളിൽ സർവേ നടത്തി പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുത്തു. അവർക്ക് വായ്പ വിതരണം ചെയ്തുകൊണ്ട് കേരളത്തിന്റെ ധനമന്ത്രി ഡോ. തോമസ് ഐസക് പദ്ധതി ഉദ്ഘാടനം നടത്തുകയും ചെയ്തു. ക്യത്യമായും ഓരോ മരത്തിനെയും ‘ജിയോ ടാഗ്’ ചെയ്യുന്നതിനോടൊപ്പം മരത്തിന്റെ ഫോട്ടോ, ലൊക്കേഷൻ മുതലായ വിവരങ്ങളും ഡിജിറ്റൽ റെക്കോർഡായി ശേഖരിച്ചുകൊണ്ടാണ് സർവേ നടത്തിയത്. 3 വയസിനും 5 വയസിനും ഇടയിൽ പ്രായമുള്ള 32 ഇനം മരങ്ങളെയാണ് ടാഗ് ചെയ്തിട്ടുള്ളത്, 2 വാർഡുകളിലായി മൊത്തം 7339 മരങ്ങൾ ടാഗ് ചെയ്യുകയും 157 ഗുണഭോക്താക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

തുടർ പ്രവർത്തനങ്ങൾ

മീനങ്ങാടി മാത്യകയിൽ കാർബൺ തുലിത പ്രവർത്തനങ്ങൾ വയനാട്ടിലെ മറ്റു പഞ്ചായത്തുകളിലും ഏറ്റെടുക്കപ്പെടുന്നുണ്ട്. ട്രീ ബാങ്കിംഗ് പദ്ധതി വയനാട് ജില്ലയിൽ മുഴുവാനായും നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതോടൊപ്പം വയനാട്ടിലെ കാപ്പി ‘കാർബൺ ന്യൂട്രൽ കാപ്പി’ എന്നപേരിൽ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ച് കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. കാർബൺ തുലിതാവസ്ഥ കൈവരിക്കുന്നതിനായി ആഗോള സഖ്യത്തിന് രൂപം കൊടുക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ 2021 ലെ പ്രധാന ലക്ഷ്യമെന്ന് യു.എൻ, ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകം മുഴുവൻ 2050-ഓടെ നെറ്റ് സീറോ എമിഷൻ (കാർബൺ തുലിതാവസ്ഥ) കൈവരിക്കുന്നതിനുള്ള നടപടികൾ ഓരോ രാജ്യവും നഗരവും സ്ഥാപനങ്ങളും കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തിൽ ലോകം മുഴുവൻ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമ്പോൾ കേരളത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഒരു ജില്ല ലോകരാജ്യങ്ങൾക്ക് മാതൃകയായി മുന്നിൽ നടക്കുന്നത് ഏറെ അഭിമാനിക്കാൻ വകയുള്ളതാണ്. 2050-ഓടെ കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്ന പ്രാദേശിക ഇടപെടലിന്റെ മാതൃക കേരളം മുഴുവൻ വ്യാപിപ്പിക്കുവാൻ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ട് വരുതുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദശകം ലോകത്തിനു മാതൃകയാവുന്ന, വരുംതലമുറക്ക് മെച്ചപ്പെട്ടൊരു വാസസ്ഥലം ഉറപ്പുവരുത്തുന്ന വികസന പരിവർത്തനം സാധ്യമാക്കാൻ നമുക്ക് കഴിയണം.


(ശാസ്ത്രഗതി 2021 ജനുവരി ലക്കത്തിൽ നിന്നും. ശാസ്ത്രഗതി ഓൺലൈനായി വരിചേരാം)

Happy
Happy
33 %
Sad
Sad
0 %
Excited
Excited
22 %
Sleepy
Sleepy
11 %
Angry
Angry
33 %
Surprise
Surprise
0 %

Leave a Reply

Previous post തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഭാവികേരളവും – RADIO LUCA
Next post കുരുന്നുകൾക്കായി കേരളത്തിലും പാൽബാങ്കുകൾ
Close