
ശീതയുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ 1978 സെപ്റ്റംബറിലെ ഒരു മഴ ദിവസം. ലണ്ടനിലെ പ്രശസ്തമായ വാട്ടർലൂ പാലത്തിന് അടുത്തുള്ള ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നു ജോർജ് മാർകോവ് (Georgy Markov.). അന്നത്തെ ബൾഗേറിയയിലെ ഭരണകൂടത്തിന് എതിരെ പ്രതിഷേധിച്ചുകൊണ്ട് അവിടെ നിന്നും കൂറുമാറി ലണ്ടനിലേക്ക് എത്തിയ ആളാണ് അദ്ദേഹം.

ബിബിസി റേഡിയോയിലൂടെ നിരന്തരം ബൾഗേറിയൻ ഭരണകൂടത്തിന് എതിരെ ചാട്ടുളി പോലെയുള്ള വിമർശനങ്ങൾ നടത്തി അവരുടെ കണ്ണിലെ കരടായി മാറിയിരുന്ന ആളാണ് മാർക്കോവ്.
ബസ്സ് കാത്ത് നിന്നിരുന്ന മാർക്കോവിന് പെട്ടെന്ന് തന്റെ കാലിൽ കടന്നല്‍ പോലെ എന്തോ കുത്തിയ ശക്തമായ വേദന അനുഭവപ്പെട്ടു., പെട്ടെന്ന് അദ്ദേഹം തിരിഞ്ഞുനോക്കി. അപ്പൊൾ അപരിചിതനായ ഒരു യുവാവ് തൻറെ കുട താഴെ നിന്നും എടുത്ത് കൊണ്ട് അവിടുന്ന് കടന്നു കളഞ്ഞു. അപരിചിതന്റെ കുടയിൽ നിന്നുള്ള എന്തോ കൂർത്ത മുനയാണ് മാർക്കോവിന്റെ ശരീരത്തിൽ തറച്ചത്.

വേദനകൊണ്ട് പുളഞെങ്കിലും ഒരു സൂചി കുത്തുന്നതുപോലെയുള്ള മുറിവ് ആയതിനാൽ സാരമാക്കാതെ അദ്ദേഹം തന്റെ ബിബിസി ഓഫീസിൽ എത്തി. കുത്തിയ മുറിവിന് ചുറ്റും ഒരു ചുവന്ന തടിപ്പ് അദ്ദേഹം ശ്രദ്ധിച്ചു, എങ്കിലും കടന്നൽ വല്ലതും ആവും എന്ന് സമാധാനിച്ചു. പിന്നീട് മുറിവിന് ചുറ്റും നീർക്കെട്ടും വേദനയും അധികരിച്ചു. വൈകിട്ടത്തോടെ അദ്ദേഹം കടുത്ത പനിയോടെ അടുത്തുള്ള സെന്റ് ജെയിംസ് ആശുപത്രിയിൽ അഡ്മിറ്റ് ആയി. ആദ്യം മറ്റ് പ്രശ്നങ്ങൾ ഒന്നും ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല, എങ്കിലും ദിവസങ്ങൾക്ക് അകം സ്ഥിതി കൂടുതൽ വഷളാവുകയും കുത്തേറ്റ് നാലാം ദിവസം മാർക്കോവ് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
അദ്ദേഹത്തെ ചികിൽസിച്ച ഡോ. ബെർണാർഡ് റൈലിക്ക് എന്താണ് മാർക്കോവിന്റെ മരണ കാരണം എന്ന് കണ്ടെത്താനെ കഴിഞ്ഞില്ല. പല ഐഡിയകൾ അദേഹം പരിശോധിച്ചു, വിഷ പാമ്പ്കടി വരെ അതിൽ ഉണ്ടായിരുന്നു. മുറിവേറ്റ കാൽ X ray പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്താന് കഴിഞ്ഞില്ല. സാഹചര്യ തെളിവുകൾ മൂലം ഉള്ള സംശയത്താൽ പോലീസ് കൂടുതൽ പരിശോധന നടത്തി. വിശദമായ പരിശോധനയിൽ അദ്ദേഹത്തിൻറെ മുറിവിൽ നിന്നും കേവലം 1.7 mm മാത്രം വലിപ്പമുള്ള ഒരു ചെറിയ ലോഹഗോളം കണ്ടെത്തി.

ആ ലോഹ ഗോളത്തിൽ ചെറിയ സുഷിരങ്ങൾ ഉള്ളതായും അതിൽ ഒരു രാസവസ്തു നിറച്ചിരുന്നതായും ലണ്ടൻ പൊലീസിലെ ജൈവായുധ വിഭാഗം കണ്ടെത്തി. കൂടുതൽ രാസ പരിശോധനയിൽ നിന്നും അത് മാരക വിഷവസ്തുവായ റൈസിൻ (Ricin) ആണ് എന്ന് സ്ഥിരീകരിച്ചു. അതോടെ അത് ഒരു കൊലപാതകമാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞു.

ബൾഗേറിയൻ കുട സംഭവം (Bulgarian Umbrella Incident) എന്നാണ് ഇത് പിന്നീട് അറിയപ്പെട്ടത്. അന്താരാഷ്ട്ര തലത്തിൽ വലിയ രാഷ്ട്രീയ വിവാദമായി ഈ കൊലപാതകം മാറി. ബൾഗേറിയയിലെ രഹസ്യന്വേഷണ വിഭാഗം സോവിയറ്റ് യൂണിയൻറെ ചാര സംഘമായ കെജിബിയുടെ സഹായത്തോടെ നടപ്പിലാക്കിയ ഒരു കൊലപാതകമാണ് ഇത് എന്ന് സംശയിക്കപ്പെടുന്നു.


എന്താണ് ഇത്രത്തോളം നേരിയ അളവിൽ തന്നെ അതി മാരക വിഷമാവുന്ന റൈസിൻ?
നമ്മുടെ നാട്ടിലെല്ലാം സർവ്വ സധാരണമായ ആവണക്കിന്റെ (Ricinus communis) വിത്തിൽ അടങ്ങിയിരിക്കുന്ന ഒരു ഘടകമാണ് മാർക്കോവിനേ കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന റൈസിൻ. ഇത് കോശങ്ങളിലെ പ്രോട്ടീൻ നിർമ്മാണം തടസ്സപ്പെടുത്തുന്നത് വഴി ശരീരത്തിൻറെ പ്രവർത്തനങ്ങൾ താറുമാറാക്കുകയും അതുവഴി മരണ കാരണമാവുകയും ചെയ്യും. ഒരു പക്ഷേ ഏറ്റവും മാരകമായ സസ്യജന്യ വിഷം ഏതാണ് എന്ന് ചോദിച്ചാൽ, റൈസിൻ എന്ന് തന്നെയാവും ഉത്തരം
നമ്മൾ സാധാരണ സിനിമകളിലും മറ്റ് ആനുകാലിക സംഭവങ്ങളിലും കേട്ട് പരിചയമുള്ള മാരക രാസവസ്തുവായ പൊട്ടാസ്യം സൈനൈഡ് പെട്ടെന്ന് പ്രവർത്തിച്ച് കുപ്രസിദ്ധി നേടിയതാണ്. എന്നാൽ റൈസിൻ ആവട്ടെ ദിവസങ്ങൾ എടുത്തതാണ് മാരകമായി തീരുന്നത്. ഇന്നേവരെ ഈ വിഷത്തിന് യാതൊരു പ്രതിവിധിയും കണ്ടെത്തിയിട്ടില്ല. ജൈവായുധമായി ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒരു പ്രതിരോധ വാക്സിൻ വികസിപ്പിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ നിരവധി കൊലപാതകങ്ങൾ ഈ വിഷം ഉപയോഗിച്ച് നടത്തിയതായി സംശയിക്കപ്പെടുന്നുണ്ട്. അതിനാൽ തന്നെ ഒരു ജൈവ-രാസ ആയുധമായാണ് റൈസിനെ കണക്കാക്കുന്നത്. സരിൻ എന്ന രാസായുധം വികസിപ്പിക്കുന്നതിന് മുമ്പ് അമേരിക്കയുടെ പരിഗണനയിൽ ഉണ്ടായിരുന്ന മാരക പ്രഹര ശേഷിയുള്ള രാസായുധം റൈസിൻ ആയിരുന്നു.
മുൻ അമേരിക്കൻ പ്രസിഡണ്ട് ബാരാക്ക് ഒബാമയുടെ ഓഫീസിലേക്ക് റൈസിൻ പുരട്ടിയ കത്തുകൾ അയച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എണ്ണയിൽ ലയിക്കാത്തതിനാൽ തന്നെ ആവണക്കിൽ നിന്നും എടുക്കുന്ന എണ്ണയിൽ ഇത് ഉണ്ടാവില്ല. ആവണക്കെണ്ണ ഭക്ഷ്യ ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കാറുണ്ടല്ലോ. വിത്തിൽ നിന്നും എണ്ണ എടുത്ത് ബാക്കി വരുന്ന അവശിഷ്ടങ്ങളിൽ ഇത് ഉണ്ടാവുകയും ചെയ്യും.
ആവണക്കിൻ കുരുവിലെ മാംസളമായ എലയോസോം എന്ന ഭാഗം വിത്ത് വിതരണത്തിന് ഉള്ള ജീവികൾ ഭക്ഷണമാക്കാറുണ്ട്. ചില ജീവികൾ എലയോസോം അല്ലാതെ ആവണക്കിന്റെ കുരു ഭക്ഷണമാക്കാൻ ശ്രമിക്കാറുണ്ട്. അതിനെതിരെയുള്ള ഒരു രാസ പ്രതിരോധമാണ് കുരുവിൽ അടങ്ങിയിരിക്കുന്ന ഈ മാരകവിഷം.
ചില സിനിമകളിലും വെബ് സീരീസിലും എല്ലാം ഈ വിഷ വസ്തു ഉപയോഗിച്ച് കൊലപാതകം നടത്തുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിൽ പ്രശസ്തമായ ബ്രേക്കിംഗ് ബാഡ് എന്ന സീരീസിൽ പ്രധാന റോളിലുള്ള വാൾട്ടർ വൈറ്റ് എന്ന കഥാപാത്രം റൈസിൻ ഉപയോഗിച്ച് എതിരാളികളെ വക വരുത്തുന്നുണ്ട്.
അടുത്തകാലത്ത് പുറത്തിറങ്ങിയ തുപ്പറിവാളൻ എന്ന വിശാലിന്റെ തമിഴ് സിനിമയിൽ ബൾഗേറിയൻ കുട സംഭവം പോലെ വാക്കിംഗ് സ്റ്റിക്കും സൂചിയും മറ്റും കൊണ്ട് ആളെ വക വരുത്തുന്ന രീതി ചിത്രീകരിച്ചിട്ടുണ്ട്.
മറ്റു ലേഖനങ്ങൾ

സസ്യജാലകം
നാട്ടുചെടികളെപ്പറ്റി ചെറുകുറിപ്പുകൾ