Read Time:18 Minute
[author title=”പ്രവീണ്‍ ചന്ദ്രന്‍” image=”http://”][/author]
[dropcap]ബ്രോ[/dropcap]ഡ്ബാന്‍ഡ് എന്ന പദത്തിനോടൊപ്പം ചേര്‍ന്ന് നില്കുന്ന ഒരു പദമാണ്
നാരോബാന്‍ഡ് അഥവാ കുറഞ്ഞ വേഗത്തില്‍ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം.
ടെലിഫോണിലെ സംഭാഷണങ്ങള്‍ വിനിമയം ചെയ്യുന്നതും ടെലിവിഷന്റെ ഭൂതല
സംപ്രേക്ഷണവുമെല്ലാം നാരോബാന്‍ഡ് സംവിധാനങ്ങളാണ്. എന്നാല്‍
ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ ഈ പദങ്ങള്‍ ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍
കൈമാറുന്നതുമായി ബന്ധപ്പെട്ട പദങ്ങളായി രൂപാന്തരപ്പെട്ടു. മാത്രമല്ല
നാരോബാന്‍ഡ് സംവിധാനം ഉപയോഗപ്രദമല്ല എന്നതിനാല്‍ നാരോബാന്‍ഡ് എന്ന പദവും
നാം ഉപേക്ഷിച്ചു.

നാരോബാന്‍ഡ് സംവിധാനങ്ങള്‍

1990 കളുടെ തുടക്കത്തിലാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍
പ്രചരിച്ചു തുടങ്ങുന്നത്. അന്ന് ലാന്‍ഡ് ലൈന്‍ ടെലിഫോണ്‍ ലൈനിലൂടെ വളരെ
കുറച്ച് ഡാറ്റ മാത്രമേ വിനിമയം ചെയ്തിരുന്നുള്ളു. 56kbps ആയിരുന്നു
അക്കാലത്തെ ഡാറ്റാ വിനിമയ നിരക്ക്. ഇന്റര്‍നെറ്റില്‍ ഇന്നത്തെപോലെ
വ്യാപകമായി ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചു വെക്കുകയോ കൈമാറ്റം
ചെയ്യുകയോ ഉണ്ടായിരുന്നില്ല. അതുകൊണ്ട്  കുറഞ്ഞ വേഗത
സ്വീകാര്യമായിരുന്നു. ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ്
അന്ന് ഇന്റര്‍നെറ്റ് കണക്ട് ചെയ്തിരുന്നത്. കമ്പ്യൂട്ടര്‍ ഒരു
മോഡത്തിന്റെ സഹായത്തോടെ മുന്‍കൂട്ടി നിശ്ചയിച്ച നമ്പറിലേക്ക് ഡയല്‍
ചെയ്ത് ഒരു സെര്‍വറുമായി ബന്ധപ്പെടുന്നു. തുടര്‍ന്ന് ഡാറ്റാ വിനിമയം
നടക്കുന്നു. അക്കാരണത്താല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയത്തിന് അന്ന്
ഡാറ്റ വിനിയത്തുനുള്ള ചാര്‍ജിന് പുറമെ ഇന്റര്‍നെറ്റ് ഉപയോഗിച്ച സമയത്തെ
ടെലിഫോണ്‍ ചാര്‍ജ്ജും നല്‌കേണ്ടിയിരുന്നു. ഈ സംവിധാനത്തിനെ ഡയല്‍ അപ്
ഇന്റര്‍നെറ്റ് സേവനം ( Dial Up Internet Service) എന്ന് വിളിക്കുന്നു.

ബ്രോഡ്ബാന്‍ഡ് രംഗത്ത് വരുന്നു.

Broadband-internet-solutions
By Tmthetom [CC BY-SA 4.0 (https://creativecommons.org/licenses/by-sa/4.0)], from Wikimedia Commons
ഇന്റര്‍നെറ്റിലെ വിവരശേഖരത്തിലും വിനിമയത്തിലുമുണ്ടായ കുതിപ്പ് ഒരു
പൊട്ടിത്തെറിപോലെയായിരുന്നു. ചെറിയ കാലയളവിനുള്ളില്‍ കോടിക്കണക്കിന്
സൈറ്റുകള്‍ സൃഷ്ടിക്കപ്പെട്ടു. ഉപഭോക്താക്കളുടെ ആവശ്യവും അതിനനുസരിച്ച്
വര്‍ദ്ധിച്ചു. വേഗത കുറഞ്ഞ ഇന്റര്‍നെറ്റുകള്‍ അപ്രായോഗികമായി. 56 kbps
വേഗതയില്‍ നിന്ന് 256 kbps വേഗതയിലേക്ക് ഡാറ്റാ വിനിമയ നിരക്ക്
വര്‍ദ്ധിച്ചു. ചുരുങ്ങിയത് 256 kbps വേഗതയുള്ള നെറ്റ്‌വര്‍ക്കിനെ
ബ്രോഡ്ബാന്‍ഡ് എന്ന് വിളിക്കാമെന്ന് ടെലികോം രംഗത്ത് പ്രവര്‍ത്തിക്കുന്ന
അന്തര്‍ദേശീയ സംഘടനകള്‍ അംഗീകരിച്ചു. എന്നാല്‍ അതിവേഗം വളരുന്ന
സാങ്കേതികവിദ്യക്ക് മുന്നില്‍ 256 kbps പെട്ടെന്ന് തന്നെ അപ്രസക്തമായി.
ഇപ്പോള്‍ ബ്രോഡ്ബാന്‍ഡ് എന്ന് വിളിക്കണമെങ്കില്‍ ചുരുങ്ങിയത് എത്ര വേഗത
വേണം എന്നതിന് മാനദണ്ഡങ്ങളില്ല. ബ്രോഡ്ബാന്‍ഡ് നിരന്തരം
വികസിച്ചുകൊണ്ടിരിക്കുന്നു.

വീട്ടിലേക്കുള്ള വഴി

ബ്രോഡ്ബാന്‍ഡ് നമ്മുടെ വീടുകളിലെത്തുന്നത് പല വഴികളിലൂടെയാണ്.
ആദ്യകാലത്ത് ലാന്‍ഡ് ലൈന്‍ ടെലിഫോണ്‍ സര്‍വീസിന്റെ അനുബന്ധ സേവനമായാണ്
ഇന്റര്‍നെറ്റ് നല്കിയിരുന്നത്. Subscriber Digital Line (DSL) എന്നാണ്
ലാന്‍ഡ് ലൈന്‍ വഴിയുള്ള ഇന്റര്‍നെറ്റ് സേവനത്തിന്റെ സാങ്കേതിക നാമം.
ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഉപഭോക്താവിന്റെ വീടുവരെ നീളുന്ന
കോപ്പര്‍ കേബിളുകളിലൂടെയാണ് ഈ സേവനം നല്കുന്നത്. താരതമ്മ്യേന വില കുറഞ്ഞ
മോഡവും ചെലവ് കുറഞ്ഞ രീതിയും കാരണം ഇന്റര്‍നെറ്റ് സേവനം
വ്യാപകമാക്കിയതില്‍ പ്രധാന പങ്ക് വഹിച്ചത് DSL  ബ്രോഡ്ബാന്‍ഡ് സാങ്കേതിക
വിദ്യയാണ്. ടെലിഫോണ്‍ എക്‌സചേഞ്ചില്‍ നിന്ന് ഉപഭോക്താവിനടുത്തേക്കുള്ള
ദൂരം കൂടുന്തോറും ഇന്റര്‍നെറ്റ് വേഗത കുറയുന്നു എന്നതാണ് ഇതിന്റെ
പരിമിതി. 5 കിലോമീറ്ററിലധികം ദൂരത്തുള്ള ഉപഭോക്താക്കള്‍ക്ക് ഈ
രീതിയിലുള്ള സേവനം ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു.

വീടിനുമുകളില്‍ കുത്തിനിര്‍ത്തിയ ടി.വി ആന്റിനകള്‍ വീടുകളില്‍ നിന്ന്
അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങളായി. ഭൂതല സംപ്രേക്ഷണം എന്ന് വിളിച്ചിരുന്ന
ആ സംവിധാനത്തെ മാറ്റിമറിച്ചത് കൊ-ആക്‌സിയല്‍ കേബിളുകള്‍ ( Co-Axial
cable) വഴിയുള്ള ടി.വി ലഭ്യതയാണ്. കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍
നഗരങ്ങളിലും ഗ്രാമങ്ങളിലും ടി.വി സിഗ്നല്‍ എത്തിക്കുന്നതിനായി
ഉപയോഗിച്ചിരുന്ന കേബിളുകളില്‍ അധിക സേവനം എന്ന തരത്തിലാണ് ബ്രോഡ്ബാന്‍ഡ്
കൊടുത്തു തുടങ്ങിയത്. ചെലവ് കുറഞ്ഞ രീതിയാണ് ഇതെങ്കിലും കൂടുതല്‍ ആളുകള്‍
ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന ഡാറ്റാ
വിനിമയ വേഗത കാര്യമായി കുറയുന്നു. ഒരേ ശൃംഖലയില്‍ ഒരു പരിധിയിലധികം
കണക്ഷനുകള്‍ നല്കാനാവില്ല എന്ന പരിമിതിയും ഇതിനുണ്ട്.

ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍ വഴിയുള്ള ബ്രോഡ്ബാന്‍ഡ് വിതരണമാണ് നവീനമായ
സാങ്കേതികവിദ്യ. എക്‌സചേഞ്ചുകള്‍ തമ്മില്‍ ബന്ധിപ്പിക്കുക, ദീര്‍ഘദൂര
വാര്‍ത്താവിനിമയം നടത്തുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ക്ക്
ഉപയോഗിച്ചിരുന്ന ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍ ഉപഭോക്താവിന്റെ
വീട്ടിലെത്തിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മുകളില്‍ സൂചിപ്പിച്ച
രണ്ട് സംവിധാനത്തേക്കാള്‍ കാര്യക്ഷമമായ ഈ രീതിയെ ഫൈബര്‍ ടു ദ ഹോം (FTTH)
എന്ന് വിളിക്കുന്നു. ഇത് ചിലവേറിയതെങ്കിലും വേഗതയുള്ള ഇന്റര്‍നെറ്റ്
ആവശ്യമുള്ളവര്‍ക്ക് ഉപകാരപ്രദമാണ്. ഉദ്ഭവസ്ഥാനത്ത് നിന്ന് വളരെ ദൂരെയുള്ള
ഉപഭോക്താവിനും സേവനം ലഭിക്കുന്നു എന്നതും ഇതിന്റെ മേന്മയാണ്. (
നെറ്റ്‌വര്‍ക്കിന്റെ ഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ദൂരം
നിശ്ചയിക്കുന്നത്. ഉദ്ഭവസ്ഥാനത്ത് നിന്ന്  10 കിലോമീറ്റിന് മുകളില്‍
ദൂരത്ത് പോലും മികച്ച സേവനം നല്കാന്‍ ഇതുകൊണ്ട് സാധിക്കും.)

FTTH ONU
FTTH Conncection | By The original uploader was L archi at French Wikipedia. (Transferred from fr.wikipedia to Commons by Zil.) [CC BY 1.0 (https://creativecommons.org/licenses/by/1.0)], via Wikimedia Commons
മൊബൈല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച വയര്‍ലെസ് സാങ്കേതിക വിദ്യയിലൂടെ
ഇന്റര്‍നെറ്റ് നല്കാനുള്ള സൗകര്യമൊരുക്കി. രണ്ടാം തലമുറ മൊബൈല്‍
സാങ്കേതികവിദ്യ ( 2G ) വളരെ കുറഞ്ഞ വേഗത്തില്‍ മാത്രമാണ് ഡാറ്റ
കൈമാറിയിരുന്നത്. പ്രയോഗത്തില്‍ 50 kbps ഓളം വേഗത്തില്‍ ഡാറ്റ കൈകാര്യം
ചെയ്തിരുന്ന മൊബൈല്‍ സാങ്കേതിക വിദ്യ മൂന്നാം തലമുറയിലെത്തിയപ്പോള്‍
മെഗാബിറ്റ് വേഗതയില്‍ ഡാറ്റാ വിനിമയം സാധ്യമാക്കി. 50 mbps ല്‍ അധികം
വേഗത വാഗ്ദാനം ചെയ്യുന്ന നാലാം തലമുറ മൊബൈല്‍ സംവിധാനങ്ങള്‍ ഇപ്പോള്‍
വ്യാപകമായിക്കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ കേബിളുകള്‍ വഴിയുള്ള
സാങ്കേതിവിദ്യയോടൊപ്പം തന്നെ വയര്‍ലസ്സ് ടെക്‌നോളജിയും
വികസിച്ചുകൊണ്ടിരിക്കുന്നു.

ഡാറ്റാ വിനിമയത്തിന്റെ തലങ്ങള്‍

ഏതെല്ലാം വിവരങ്ങളാണ് ഇന്റര്‍നെറ്റ് വഴി കൈകാര്യം ചെയ്യുന്നത് ?
ടെക്സ്റ്റ് , ചിത്രങ്ങള്‍ , വീഡിയോ, ശബ്ദങ്ങള്‍ തുടങ്ങി ഏത് തരം വിവരവും
ഇന്റര്‍നെറ്റിലുടെ പ്രവഹിക്കുന്നതാണ്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള
വലിയ സെര്‍വറുകളിലെ വിവരങ്ങള്‍ മുതല്‍ നമ്മുടെ വീട്ടിലെ കമ്പ്യൂട്ടറിലെ
വിവരങ്ങള്‍ വരെ വിനിമയസാധ്യമായ സങ്കീര്‍ണ്ണമായ ശൃംഖലയാണ് ഇന്റര്‍നെറ്റ്
നെറ്റ്‌വര്‍ക്ക്. എന്നാല്‍ ഈ പൊതു ഡാറ്റാ വിനിമയം കൂടാതെയുള്ള സ്വകാര്യ
ഡാറ്റ വിനിമയം കൂടി ചേര്‍ന്നതാണ് നെറ്റ്‌വര്‍ക്കുകളുടെ ലോകം.
ബാങ്കുകളുടെ ബ്രാഞ്ചുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്വാകാര്യ
നെറ്റവര്‍ക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്ത വിധം സുരക്ഷിതമാണ്. സ്വകാര്യ
നെറ്റവര്‍ക്കില്‍ പുറത്തുനിന്ന് ബാങ്ക് അനുമതി നല്കാത്ത ആളുകള്‍ക്ക്
പ്രവേശനം സാധ്യമല്ല. ബാങ്കുകള്‍ കൂടാതെ റെയില്‍വേ, വിവിധ നികുതി
സംവിധാനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി
എല്ലാ മേഖലയും സ്വകാര്യ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. അവയില്‍
ഇന്റര്‍നെറ്റ വഴി പ്രവേശിച്ച് ലഭിക്കുന്ന സേവനങ്ങള്‍ മഞ്ഞുമലയുടെ
പ്രത്യക്ഷമായ ചെറുഭാഗം പോലെ പരിമിതമാണ്.

മനുഷ്യന്റെ ഓര്‍മ്മയേയും ബുദ്ധിയേയും വെല്ലുവിളിക്കുന്ന സങ്കല്പാതീതമായ
ഗവേഷണ മേഖലയാണ് ഡാറ്റ വിനിമയത്തിന്റെ ലോകം. ഓരോ ദിവസവും പുതിയ ആശയങ്ങള്‍
പരീക്ഷിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന ഡാറ്റ
വിനിമയത്തിന്റെ ലോകത്ത് ഇനിയെന്തെല്ലാമാണ് സംഭവിക്കാനിരിക്കുന്നത് എന്ന്
കാത്തിരുന്ന് കാണുക തന്നെ.

[box type=”info” align=”aligncenter” class=”” width=””] ചില നൂനത ആശയങ്ങള്‍

ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സാധ്യമായ വിധത്തിലെല്ലാം ജനങ്ങളിലെത്തിക്കാന്‍ സാങ്കേതിക വിദഗ്ധർ‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഈ രംഗത്ത് വിവധ തരം ഗവേഷണങ്ങളാണ് നടക്കുന്നത്. അവയില്‍ പ്രധാനപ്പെട്ട ഒരു ആശയമാണ് വീടുകളില്‍ വൈദ്യുതി എത്തുന്ന ലൈനുകളിലൂടെ ബ്രോഡ്ബാന്‍ഡ് വിതരണം ചെയ്യുക എന്നത്. വിജയകരമായി പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ഇപ്പോഴും വ്യാപകമായിട്ടില്ല. ഭൗമോപരിതലത്തില്‍ നിന്ന് 160 മുതല്‍ 2000 വരെ കിലോ മീറ്റര്‍ ഉയരത്തില്‍ സാറ്റലൈറ്റുകള്‍ വിന്യസിച്ച് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് എത്തിക്കുക എന്നതാണ് മറ്റൊരു ആശയം. അനേകം സാറ്റലൈറ്റുകളുടെ സഹായത്തോടെ മാത്രം സാധ്യമാക്കാവുന്ന ഇത് ചെലവേറിയ രീതിയാണ്. ഉയര്‍ന്ന താരിഫ് നിരക്കില്‍ സാറ്റലൈറ്റുകള്‍ ഇപ്പോഴും ബ്രോഡ്ബാന്‍ഡ് സൗകര്യം നല്കുന്നുണ്ട്. ഗൂഗിള്‍ കമ്പനി കൗതുകകരമായ ഒരു ആശയവുമായി രംഗത്തെത്തിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഭൗമോപരിതലത്തില്‍ നിന്ന് 20 കിലോമീറ്റര്‍ ഉയരത്തില്‍ ഇന്റര്‍നെറ്റ് ബലൂണകള്‍ സ്ഥാപിക്കാനാണ് ഗൂഗ്ള്‍ പദ്ധതിയിട്ടത്. ഇപ്പോള്‍ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമല്ലാത്ത കാടുകളും മലയോരപ്രദേശങ്ങളും ഈ രീതിയില്‍ ഇന്റര്‍നെറ്റ് ബന്ധമുള്ള സ്ഥലമാക്കി മാറ്റാം എന്നാണ് അവര്‍ അവകാശപ്പെടുന്നത്.[/box] [box type=”shadow” align=”aligncenter” class=”” width=””] വിവിധ തരം ഇന്റര്‍നെറ്റ് മോഡങ്ങള്‍

മോഡം എന്നത് (MODEM) മോഡുലേഷന്‍ എന്ന പദത്തിന്റെയും ഡീമോഡുലേഷന്‍ എന്ന പദത്തിന്റെയും സംയുക്ത രൂപമാണ്. അനലോഗ് സിഗ്നലിനെ ഡിജിറ്റല്‍ സിഗ്നലാക്കുകയും തിരിച്ച് മാറ്റുകയും ചെയ്യുന്നതാണ് ഇതിന്റെ ധര്‍മ്മം. ടെലിഫോണ്‍ ലൈനിലൂടെ വരുന്നത് അനലോഗ് സിഗ്നലുകളാണ്. അതിനെ കമ്പ്യൂട്ടറിന് സ്വീകരിക്കത്തക്കവിധത്തിലുള്ള ഡിജിറ്റല്‍ സന്ദേശങ്ങളാക്കി മാറ്റുന്നത് മോഡമാണ്. തിരിച്ച് കമ്പ്യൂട്ടര്‍ പുറത്തുവിടുന്ന ഡിജിറ്റല്‍ സന്ദേശത്തെ ടെലിഫോണ്‍ ലൈനിലേക്ക് അയക്കാവുന്ന അനലോഗ് സിഗ്നലുകളാക്കി മാറ്റുന്നതും മോഡമാണ്. ഡൗണ്‍ലോഡ് ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ വേഗത്തില്‍ മാത്രം അപ് ലോഡ് ചെയ്യാവുന്ന തരം മോഡമാണ് നാം ലാന്‍ഡ് ലൈനിലൂടെയുള്ള ഇന്റര്‍നെറ്റിന് ഉപയോഗിക്കുന്നത്. ഒപ്റ്റിക് കേബിള്‍ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് കണക്ഷനില്‍ ( FTTH) മോഡം പ്രവര്‍ത്തിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. അതില്‍ കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യുന്ന ഡിജിറ്റല്‍ ഭാഗവും ഒപ്റ്റിക് ഫൈബറിലേക്ക് കണക്ട് ചെയ്യുന്ന ഭാഗവുമുണ്ട്. ഇതില്‍ ലേസര്‍ രശ്മികളായാണ് രൂപമാറ്റം വരുത്തുന്നത്. ഈ ലേസര്‍ രശ്മി നഗ്ന നേത്രം കൊണ്ട് കാണാന്‍ സാധിക്കില്ല. എന്നാല്‍ നേരിട്ട് കണ്ണിലേക്ക് പതിക്കുന്നത് കാഴ്ചശക്തിയെ ദോഷകരമായി ബാധിക്കും. ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമായ പ്രധാന മോഡങ്ങളെല്ലാം വൈഫൈ (WiFi) സൗകര്യമുള്ളവയാണ്. ഇതില്‍ ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കുന്നതിന് വയറുകള്‍ ഉപയോഗിച്ച് ഉപകരണത്തെ മോഡവുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല.[/box] [box type=”note” align=”” class=”” width=””] ഫൈബര്‍ ടു ദ ഹോം (FTTH)

വാര്‍ത്താവിനിമയ രംഗത്ത് ഡാറ്റ വിനിമയത്തിലുണ്ടായ കുതിച്ചു ചാട്ടത്തിന് സഹായകമാകും വിധം രംഗത്തെത്തിയ പുതിയ സംവിധാനമാണ് FTTH എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫൈബര്‍ ടു ദ ഹോം സാങ്കേതികവിദ്യ. പേര് സൂചിപ്പിക്കുന്നതുപോലെ ഉപഭോക്താവിന്റെ അടുത്ത് വരെ ഒപ്റ്റിക് ഫൈബര്‍ കേബിള്‍ എത്തിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണയായി ഉപയോഗിക്കുന്ന കോപ്പര്‍ അധിഷ്ടിത കേബിള്‍ ശൃംഖലക്ക് കൈകാര്യം ചെയ്യാനാവാത്ത 100 മെഗാബിറ്റ് (100Mbsp) വരെ വേഗതയില്‍ ഡാറ്റ അയയ്കാന്‍ FTTH ന് സാധിക്കും. പ്രധാന ഡാറ്റ ശൃംഖലയില്‍ നിന്ന് ഒരു ഫൈബര്‍ മാത്രം ഉപയോഗിച്ചാണ് നെറ്റ് വര്‍ക്ക് ആരംഭിക്കുന്നത്. തുടര്‍ന്ന് അത് സ്പ്ലിറ്റര്‍ എന്ന് വിളിക്കുന്ന വൈദ്യുതി ആവശ്യമില്ലാത്ത ഒരു ഉപകരണത്തിന്റെ സഹായത്തോടുകൂടി പല ആളുകള്‍ക്കായി വീതിച്ചു നല്കുന്നു. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ക്ക് പരിധിയില്ലാത്ത വിധം ഡാറ്റ വഹിക്കാന്‍ സാധിക്കുന്നതിനാല്‍ ഒരു ഫൈബറിലൂടെ ഒഴുകിയെത്തുന്ന ഡാറ്റ പലര്‍ക്കായി വിതരണം ചെയ്യുന്നത് ഒരു തരത്തിലും മറ്റൊരാളുടെ ഡാറ്റ ഒഴുക്കിനെ ബാധിക്കില്ല. എങ്കിലും പ്രധാന നെറ്റ്വര്‍ക്കിന് ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവും ഉപഭോക്താവ് വരിക്കാരനായിരിക്കുന്ന പ്ലാനിനും അനുസരിച്ചാണ് ഡാറ്റ ഒഴുക്കിന്റെ വേഗത നിശ്ചയിക്കുന്നത്[/box]

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post IC170922A അഥവാ 300 ലക്ഷം കോടി ഇലക്ട്രോൺ വോൾട്ട് ഊർജമുള്ള ഒരു ന്യൂട്രിനോയുടെ കണ്ടെത്തല്‍!
Next post ഓർമിക്കാനും അഭിമാനിക്കാനും ഒരു ദിനം
Close