
ചില കുടുംബ ബിസിനസ് സ്ഥാപനങ്ങളിൽ നടക്കുന്ന കഥയാണ്, കാരണവൻമാർ പരമ്പരാഗതമായി കൊണ്ട് നടത്തുന്ന ബിസിനസ് ന്യൂ ജെൻ ഏറ്റെടുത്ത് മൊത്തം മാറ്റി സെറ്റാക്കും, ആകെ ആധുനികവൽക്കരണം. പലപ്പോഴും സ്വന്തം കസ്റ്റമറുടെ താല്പര്യങ്ങൾക്ക് നേരെ വിരുദ്ധമായിട്ടാവും പരിഷ്കാരങ്ങൾ. ഫലം, നന്നായി പോയി കൊണ്ടിരുന്ന ബിസിനസ് താഴോട്ട് പോകാൻ തുടങ്ങും. പിന്നെ അതിനെ രക്ഷിക്കാൻ കാരണവർ തന്നെ നേരിട്ട് ഇറങ്ങേണ്ടിവരും. മുങ്ങിപ്പോകുന്ന കച്ചവടത്തെ അനുഭവ സമ്പത്ത് കൊണ്ട് മാറ്റി പുള്ളി പൊക്കിയെടുക്കും.
പരിണാമപരമായി ഏകദേശം അതേ അവസ്ഥയിലാണ് നമ്മുടെ നാട്ടിലെങ്ങും സാധാരണമായ കടലാസ് പൂവ് എന്നറിയപ്പെടുന്ന ബോഗൻ വില്ല. പരാഗവാഹികളായ പ്രാണികളെ ആകർഷിക്കുന്ന ജോലി സാധാരണയായി പൂക്കളിലെ ഇതളുകൾക്കാണ്, പല വർണങ്ങൾ തന്നെ ആണ് ആദ്യ അടവ്.


ബോഗൻ വില്ലയ്ക്കും വെള്ള നിറത്തിലും ഇളം മഞ്ഞനിറത്തിലും ഒക്കെയുള്ള ഇതൾ ഉണ്ട്. പക്ഷേ കാര്യമില്ല, അവരുടെ കാര്യം നമ്മുടെ കഥയിലെ ന്യൂജൻ ബിസിനസ് പോലെയാണ്. കസ്റ്റമർ ആയ പ്രാണികൾ ഒന്നും അടുക്കുന്ന ലക്ഷണം കാണുന്നില്ല.
സാങ്കേതികമായി ഓരോ പൂവും രൂപമാറ്റം സംഭവിച്ച തണ്ടുകൾ ആണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഓരോ പൂവും വിടരുന്നത് ഒരു ഇലയുടെ മുകുളത്തിൽ നിന്നാണ്. ആ ഇലയെ വിളിക്കുന്നത് ബ്രാക്റ്റ് (Bract) എന്നാണ്. ഏകദേശം നമ്മൾ പറഞ്ഞ കഥയിലെ കാരണവരെ പോലെ, പൂവിൻ്റെ കാരണവർ. ചില ചെടികളിൽ ഈ ബ്രാക്റ്റ് എന്ന ഇല വളരെ നന്നായി വികസിച്ച് കാണാം. എന്നാൽ ചില പൂക്കുലകളിൽ ഏറെ കുറെ അപ്രത്യക്ഷമായിരിക്കും.

പ്രാണികളാവുന്ന കസ്റ്റമറെ ആകർഷിക്കാൻ കഴിയാതെ പൂവിതൾ നിസഹായ അവസ്ഥയിൽ നിൽക്കുമ്പോൾ അതാ രക്ഷിക്കാൻ നമ്മുടെ കാരണവർ ബ്രാക്ട് തന്നെ രംഗത്തിറങ്ങേണ്ടി വരുന്നു. കടും നിറങ്ങളിൽ വലിയ ഇതളുകൾ പോലെ അവർ മാറി. പ്രാണികളെയും ഒപ്പം മനുഷ്യരെയും എല്ലാവരെയും ആകർഷിക്കാൻ തുടങ്ങി, സംഗതി ക്ലിക്കായി, ആകർഷണ ബിസിനസ് വൻ വിജയമായി. പ്രാണികൾ പരാഗണത്തിന് എത്തി എല്ലായ്പ്പോഴും വിത്ത് ഉണ്ടായില്ലെങ്കിലും മനുഷ്യർ കൂട്ടത്തോടെ എടുത്തു കൊണ്ടു പോയി നാടുമുഴുവൻ നട്ടു വളർത്താൻ തുടങ്ങി.
അപ്പോൾ കടലാസ് പൂവിൽ നമ്മൾ ബഹുവർണത്തിൽ കാണുന്നത് പൂവേ അല്ല, നിറം മാറിനിൽക്കുന്ന ബ്രാക്റ്റ് ഇലകളാണ്.

The anthropomorphization of scientific events is intentional and aimed at enhancing the reading experience. It does not imply that such organisms think or behave like humans 😇
മറ്റു ലേഖനങ്ങൾ


സസ്യജാലകം
നാട്ടുചെടികളെപ്പറ്റി ചെറുകുറിപ്പുകൾ