എൻ.ഇ.ചിത്രസേനൻ
ശാസ്ത്രം നമ്മുടെ ജീവിതത്തിലും ഭാവിയിലും മുൻപത്തേക്കാളും സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതുകൊണ്ട് ശാസ്ത്രപ്രചാരണം ഏറ്റവും അത്യാവശ്യമായ ഒരു കാലഘട്ടം കൂടിയാണിത്. കേശവൻമാമൻമാർ വാട്ട്സാപ്പ് യൂണിവേഴ്സിറ്റികളിലൂടെ പടർത്തുന്ന മണ്ടത്തരങ്ങളെ ചെറുക്കാൻ ശാസ്ത്രപ്രചാരകർക്ക് ഏറെ പ്രയത്നിക്കേണ്ടിവരുന്നുണ്ട്. ഈ കോവിഡ് പാൻഡമിക്കനെ ചെറുക്കുന്നതിൽ ശാസ്ത്രാവബോധം തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ലോകത്തിലെ ജനകീയ ശാസ്ത്രത്തിന്റെ പ്രചാരകരിൽ ഒരു പ്രധാനിയാണ് റിച്ചാർഡ് ഡോക്കിൻസ്: Selfish Gene, God Delusion, The Blind Watchmaker തുടങ്ങിയവ റിച്ചാർഡ് ഡോക്കിൻസിന്റെ പ്രസിദ്ധങ്ങളായ പുസ്തകങ്ങളാണ്. അങ്ങനെ ശാസ്ത്ര സംബന്ധമായ എഴുത്തുകളിലൂടെ ശാസ്ത്രത്തെ ലാബുകളിൽ നിന്ന് ജനങ്ങളിലേക്ക് എത്തിച്ചതിൽ ഡോക്കിൻസിന്റെ പങ്ക് പ്രശംസനീയമാണ്.
റിച്ചാർഡ് ഡോക്കിൻസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് Books do Furnish a Life: Reading and Writing on Science. കാൾ സാഗൻ, ലോറൻസ് കോസ്, സ്റ്റീവൻ പിങ്കർ, ജേക്കബ് ബോണോവ്സ്കി, ലൂയിസ് വോൾപെർട്ട്, ക്രിസ്റ്റഫർ ഹിച്ചിൻസ്, മാറ്റ്റിഡ്ലി എന്നിങ്ങനെ നമ്മുടെ കാലത്തെ ചില മുൻനിര ചിന്തകരുമായി ഡോക്കിൻസ് നടത്തിയ അഭിമുഖങ്ങൾ, അവരുടെ കൃതികളെക്കുറിച്ചുള്ള ഒരു ഹ്രസ്വവിവരണം, അവരെക്കുറിച്ചുള്ള ഒരാമുഖം ഇവയാണ് ഈ പുസ്തകത്തിലുള്ളത്.
ഈ പുസ്തകം ശാസ്ത്രത്തിന്റെയും പ്രകൃതിയുടെയും ആശയങ്ങൾ ഫിക്ഷനിലും നോൺ-ഫിക്ഷനിലും ആശയവിനിമയം നടത്തുന്ന എഴുത്തുകാരെ ആഘോഷിക്കുന്നു. മതത്തിൽ നിന്ന് രക്ഷപ്പെടുന്നതിന്റെയും യുക്തിബോധം ഉൾക്കൊള്ളുന്നതിന്റെയും ശാസ്ത്രത്തിന്റെ സത്യങ്ങളെ സംരക്ഷിക്കുന്നതിന്റെയും ധാർമ്മികതയെക്കുറിച്ച് എഴുതുന്നവരുടെ ആശയങ്ങളെ സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുവയ്ക്കാൻ ഈ പുസ്തകത്തിന് സാധിക്കുന്നുണ്ട്.