ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പാണ്.ആ പരമമായ യാഥാർത്ഥ്യത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം.എന്നാൽ മരിച്ച് നൂറുകണക്കിന് വർഷങ്ങൾ പിന്നിട്ടിട്ടും ശരീരം പൂർണ്ണമായും നിലനിൽക്കുന്നവർ, കേൾക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുന്നില്ലേ. നമ്മൾ കടന്നു ചെല്ലുന്നത് അവരിലേക്കാണ്.. ബോഗ് ബോഡി (bog bodies) കളിലേക്ക്…

പേര് കേൾക്കുമ്പോൾ കുറച്ച് രസമൊക്കെ തോന്നുമെങ്കിലും സംഗതി വാസ്തവത്തിൽ കുറച്ച് വേറെ തന്നെയാണ്. ചതുപ്പുനിലങ്ങളിൽ സംരക്ഷിക്കപ്പെടുന്ന മൃതശരീരങ്ങളാണിവ. ഈജിപ്തിലെ പ്രശസ്തമായ മമ്മികളെപ്പറ്റി നിങ്ങൾ കേട്ടിട്ടില്ലേ? അത്തരത്തിൽ ഒരു പ്രത്യേക രീതിയിലുള്ള ശവസംരക്ഷണമാണ് ബോഗ് ബോഡികൾ

അയർലന്റ്, ബ്രിട്ടൻ, ഡെൻമാർക്ക്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നെല്ലാം ഈ ബോഗ് ബോഡികൾ (bog bodies) കണ്ടെത്തിയിട്ടുണ്ട്.ഈ ശരീരങ്ങളിൽ തൊലി, മുടി തുടങ്ങി ആന്തരിക അവയവങ്ങൾ വരെ നശിക്കപ്പെടാതെ നിലനിൽക്കുന്നു.പക്ഷേ മൃതദേഹങ്ങൾ സൂക്ഷിക്കാൻ എന്തിനാണ് ചതുപ്പു നിലങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നത് നിങ്ങളെ അമ്പരപ്പിക്കുന്നില്ലേ. ഇതിനു പിന്നിലും കാരണങ്ങളുണ്ട്. ചതുപ്പുകളിലെ  താഴ്ന്ന ഓക്സിജന്റെ അളവും താപനിലയും ഒപ്പം ഉയർന്ന അമ്ല സ്വഭാവവും ആണ് ഇതിനുള്ള കാരണം . ഇതുമൂലം മൃതദേഹങ്ങൾ തിന്നു തീർക്കുന്ന സൂക്ഷ്മാണുക്കൾക്ക് ജീവിക്കാൻ പറ്റാതാവുകയും മൃതദേഹങ്ങൾ യാതൊരു കേടുപാടുമില്ലാതെ കാലങ്ങളോളം നിലനിൽക്കുകയും ചെയ്യുന്നു.2000-3000 വർഷം കാലപഴക്കുള്ള മൃതദേഹങ്ങൾ ഇന്നും പുതിയതുപോലെ കണ്ടുപിടിക്കുന്നതിന്റെ കാരണമിതാണ്.

Tollund Man, Denmark, 4th century BC

ഡെൻമാർക്കിൽ നിന്ന് ഏകദേശം 2400 വർഷം പഴക്കമുള്ള മൃതദേഹം ലഭിക്കുകയുണ്ടായി ഇദ്ദേഹം നഗ്നനായി കഴുത്തിൽ കയറോടെ കൂടിനുള്ളിൽ കുഴിച്ചിട്ട അവസ്ഥയിൽ ആയിരുന്നു, ഇതാണ് Tollund man. നെതർലൻഡിൽ നിന്ന് ലഭിച്ച Yde girl ഏകദേശം 16 വയസ്സുള്ള പെൺകുട്ടിയുടേതായിരുന്നു, കഴുത്ത് ഞെരിച്ച അവസ്ഥയിലായിരുന്ന ആ മൃതദേഹത്തിൽ തലമുടി വരെ ഉണ്ടായിരുന്നു. ബോഗ് ബോഡികളിൽ പലതും സാധാരണമായ മരണത്തിന് വിധേയമായവതല്ല. മിക്കവരും മനുഷ്യ ബലികൾ ആകാം എന്നതാണ് പ്രധാന കണ്ടെത്തൽ. പല പുരാതന യൂറോപ്യൻ സംസ്കാരങ്ങളിലും നല്ല വിളവിനു വേണ്ടി ദൈവത്തിന് സമർപ്പണം എന്ന പേരിൽ മനുഷ്യരെ ബലി നൽകിയിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട ആരാധനപരമായ ചടങ്ങുകൾ, മഴക്കെടുതികൾ, ഭീതിജനകമായ സംഭവങ്ങൾ ഇവയെല്ലാം ബോഗ് ബോഡികളുടെ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. പഴയ യൂറോപ്യൻ സംസ്കാരങ്ങളുടെ രഹസ്യങ്ങൾ ഇപ്പോഴും ഇവരിൽ സൂക്ഷിച്ചിരിക്കുന്നു.

നെതർലൻഡിൽ Yde girl നെ കണ്ടെത്തിയ സ്ഥലം

അയർലൻഡിലെ ഒരു ചതുപ്പിൽ നിന്ന് 2003 മാർച്ചിൽ കോണിക്ലേവൻ മാൻ  എന്ന ഒരു ബോഗ് ബോഡി ലഭിച്ചു. കോണിക്ലേവൻ എന്ന സ്ഥലത്ത് നിന്ന് ലഭിച്ചതിനാൽ ആയിരുന്നു ആ പേര്. കൽക്കരി ഖനനത്തിൻ്റെ ഭാഗമായി ചതുപ്പിൽ നിന്ന് മണ്ണ് മാറ്റുന്നതിനിടയിലായിരുന്നു ഈ കണ്ടെത്തൽ.ഇരുമ്പു യുഗത്തിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ആ മനുഷ്യ ശരീരത്തിന് 2000 ലേറെ വർഷത്തെ പഴക്കമുണ്ടായിരുന്നു. ബി.സി. 392 നും 201 നും ഇടയിലാണ് ജീവിച്ചിരുന്നതെന്ന് കാർബൺ ഡേറ്റിങ്ങിൽ തെളിഞ്ഞു. പടിഞ്ഞാറൻ യൂറോപ്പിൽ ഇരുമ്പു യുഗമായിരുന്ന കാലമാണത്. തല, കഴുത്ത്, കൈകൾ, അരക്കെട്ട്, വയറിൻ്റെ മുകൾഭാഗം എന്നിവയ്ക്ക് ഒന്നും കാര്യമായ കേടുപാടുകൾ  സംഭവിച്ചിരുന്നില്ല എങ്കിലും കാലുകൾ കണ്ടെത്താനായില്ല വിശദമായ പരിശോധനയിൽ 24 -40 വയസിലാണ് മരണപ്പെട്ടതെന്ന് മനസ്സിലായി. അഞ്ചടി രണ്ടിഞ്ചായിരുന്നു ഉയരം. മൂക്ക് ഇടിച്ചു പരത്തിയ രീതിലും പല്ലുകൾ അടിച്ചു കൊഴിച്ച നിലയിലും ആയിരുന്ന ആ മൃതശരീരത്തിൽ ചർമ്മത്തിന് കാര്യമായ കേടുപാടുകൾ ഒന്നും സംഭവിച്ചിരുന്നില്ല.

കോണിക്ലേവൻ മാൻ

പഴങ്ങളും പച്ചക്കറികളും മാത്രം തിന്നു ജീവിച്ച ഒരു മനുഷ്യനായിരുന്നുവെന്നും തിരിച്ചറിഞ്ഞു. കൂട്ടത്തിൽ ഏറ്റവും അദ്ഭുതപ്പെടുത്തിയത് തലമുടിയായിരുന്നു. മുൻഭാഗത്തെ മുടി ഷേവ് ചെയ്തു നീക്കിയ വിധം അക്കാലത്തൊന്നും കാണാത്ത തരത്തിലുള്ള ഹെയർ സ്റ്റൈലായിരുന്നു ഉണ്ടായിരുന്നത്. മുകളിലേക്ക് ഉയർത്തിക്കെട്ടിയ നിലയിലായിരുന്നു, താടിയും വെട്ടിയൊതുക്കിയിരുന്നു. മീശയുമുണ്ടായിരുന്നു. കൂടുതൽ ഉയരം തോന്നിപ്പിക്കാനാണ് അത്തരമൊരു ഹെയർ സ്റ്റൈൽ പരീക്ഷിച്ചതെന്നും ഗവേഷകർ കരുതുന്നു. മാത്രവുമല്ല, അദ്ദേഹം ഉപയോഗിച്ചിരുന്ന പ്രാചീന ഹെയർ ജെല്ലിനു സമാനമായ വസ്തുവും മുടിയിഴകളിലുണ്ടായിരുന്നു. പ്രത്യേക ചെടികളുടെ നീരും പൈൻ മരത്തിന്റെ കറയും ഉപയോഗിച്ചായിരുന്നു അതു നിർമിച്ചിരുന്നത്. കക്ഷി ധനികനായിരുന്നെന്നും അതിൽനിന്നു വ്യക്തമായി. കാരണം ആ ഹെയർ ജെൽ നിർമിക്കാനാവശ്യമായ ചെടികൾ അക്കാലത്ത് ഫ്രാൻസിലും സ്പെയിനിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ!

പക്ഷേ തലയോട്ടി തകർത്തായിരുന്നു അദ്ദേഹത്തെ കൊലപ്പെടുത്തിയിരുന്നത്. മൂക്കിലും നെഞ്ചിലുമെല്ലാം അതിശക്തമായ പ്രഹരമേറ്റ നിലയിലായിരുന്നു. നെഞ്ചും കീറിമുറിച്ചിരുന്നു. രാജാക്കന്മാരെ അധികാരത്തിൽനിന്നു മാറ്റുമ്പോഴാണ് നെഞ്ചിൽ അത്തരത്തിലുള്ള ക്രൂര പ്രയോഗങ്ങൾ നടത്തിയിരുന്നതെന്നാണു പറയപ്പെടുന്നത്. ഇപ്പോഴും ലോകത്തിനു മുന്നിൽ അജ്ഞാതമാണ് ആരാണ് കോണിക്ലേവൻ മാൻ എന്നതും എന്തിനാണ് ഇത്ര നിഷ്ഠൂരമായി അദ്ദേഹത്തെ കൊന്നതെന്നതും. എന്നെങ്കിലും ഇതിനുത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. അതിനാവശ്യമായ തെളിവുകളെല്ലാമൊരുക്കി, അയർലൻഡിലെ നാഷനൽ മ്യൂസിയത്തിൽ ഇന്നുമുണ്ട് കോണിക്ലേവൻ മാൻ.

Yde girl -1992 facial reconstruction by artist Richard Neave

എന്തിനാണ് ഇവരെപ്പറ്റി ഇത്രയും കാര്യക്ഷമമായ പഠനങ്ങൾ നടത്തുന്നതെന്നോ? ഇവയിലൂടെ പുരാതന ജീവിത ശൈലി, ഭക്ഷണം, ആരോഗ്യ സ്ഥിതി എന്നിവയെല്ലാം വിശദമായി മനസ്സിലാക്കാൻ കഴിയും. ടെക്നോളജിയുടെ പല മേഖലകൾ ഇന്ന് ഇവയുടെ പഠനങ്ങൾക്കായി ഉപയോഗിക്കുന്നു. കാലഘട്ടം മനസ്സിലാക്കാൻ carbon dating, ശരീരത്തിലെ ആന്തരികാവയവങ്ങളെപ്പറ്റി പഠിക്കാൻ CT സ്കാൻ, Data Analysis, മുഖം പുനരാവിഷ്കരിക്കാൻ Face reconstruction എന്നിവയെല്ലാം ഉപയോഗപ്പെടുത്തുന്നു.

ബോഗ് ബോഡികൾ വാസ്തവത്തിൽ നമ്മളെ ഒരു വലിയ ചോദ്യത്തിലേക്ക് ആണ് നയിക്കുന്നത്

“മരണത്തിന് ശേഷവും ഒരു ശരീരത്തിന് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടോ?”

ബോഗ് ബോഡികൾ വെറും ശവശരീരങ്ങല്ല ഇവ ഓരോന്നും ഒരു ജീവിതത്തിൻ്റെ അവസാനപാതയും ഒരു സംസ്കാരത്തിൻ്റെ അടയാളങ്ങളും ഒരു കാലഘട്ടത്തിന്റെ ഭയവും വിശ്വാസവും ഒരുക്കിയ കഥകളുമാണ്. അവർ മരിച്ചിട്ടില്ല ചരിത്രമായി തുടരുകയാണ്.


ജനപ്രിയ നാമംഏകദേശ മരണ തീയതികണ്ടെത്തിയ സ്ഥലം, രാജ്യംകണ്ടെത്തിയ വർഷം
കാഷെൽ മാൻ 2000 BC – കണ്ടെത്തിയ ഏറ്റവും പഴയ ബോഗ് ബോഡികൗണ്ടി ലാവോയിസ്, അയർലൻഡ്2011
ക്ലാഡ് ഹാലൻ മമ്മികൾ1600–1300 BCസൗത്ത് യൂയിസ്റ്റ് ദ്വീപ്, സ്കോട്ട്ലൻഡ്1988
ഉക്ടർ മൂർ ഗേൾ764–515 BCഉക്ടെ, ജർമനി2000
ഹരാൾഡ്സ്കേർ വുമൺ490 BCജട്‌ലാൻഡ്, ഡെൻമാർക്ക്1835
ഗല്ലാഗ് മാൻ470–120 BCകൗണ്ടി ഗാൽവേ, അയർലൻഡ്1821
ബോർമോസ് ബോഡീസ്700–400 BCഹിമ്മർലാൻഡ്, ഡെൻമാർക്ക്1940
ടോളണ്ട് മാൻ400 BCജട്‌ലാൻഡ്, ഡെൻമാർക്ക്1950
കോണിക്ലേവൻ മാൻ392–201 BCകൗണ്ടി മീത്ത്, അയർലൻഡ്2003
ഓൾഡ് ക്രോഗൻ മാൻ362–175 BCകൗണ്ടി ഓഫലി, അയർലൻഡ്2003
ഗ്രൗബല്ലെ മാൻ290 BCജട്‌ലാൻഡ്, ഡെൻമാർക്ക്1952
വീർഡിംഗെ മെൻ160–220 BCഡ്രെന്തെ, നെതർലൻഡ്സ്1904
യെഡ് ഗേൾ (Yde girl )170 BC – 230 ADയെഡിനടുത്ത്, നെതർലൻഡ്സ്1897
വിന്റബി I41 BC – 118 ADഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ, ജർമനി1952
ലിൻഡോ മാൻ2 BC – 119 ADചെഷയർ, ഇംഗ്ലണ്ട്1984
ബോക്സ്റ്റെൻ മാൻ1290–1430 ADവാർബർഗ്, സ്വീഡൻ1936

  1. Article, National Museum of Ireland, National Museum of Ireland, Ongoing >>>
  2. Article, National Geographic, National Geographic Society, 2017 >>>
  3. Bog body, Wikipedia >>>

Summary

ജീവപരിണാമം ലൂക്ക ലേഖനങ്ങൾ

Leave a Reply

Previous post ആഗസ്റ്റ് ലക്കം ശാസ്ത്രഗതി – ക്വാണ്ടം വർഷം പ്രത്യേക പതിപ്പ്
Next post സുസ്ഥിരമായ അഗ്നിശമന സംവിധാനങ്ങൾ
Close