ജൈവസുരക്ഷ ഒരു ആമുഖം
ഡോ.നന്ദു ടി.ജി
എന്താണ് ജൈവസുരക്ഷ ?
അപകടകാരികളായ രോഗാണുക്കൾ/പകർച്ചവ്യാധി ഹേതുക്കൾ (Pathogens/Infectious agents), വിഷവസ്തുക്കൾ (Toxic substances), മറ്റ് ജൈവ വസ്തുക്കളിൽ നിന്നുള്ള അപകടങ്ങൾ, എന്നിവയിൽ നിന്ന് ലാബ് ഉപയോക്താക്കളെയും, സമൂഹത്തെയും, പരിസ്ഥിതിയെയും, സംരക്ഷിക്കുന്നതിനായുള്ള പരിശീലനം, അതിനായി അനുവർത്തിക്കുന്ന സവിശേഷമായ ചില രീതികൾ, സുരക്ഷാ ഉപകരണങ്ങൾ, പ്രത്യേകം രൂപകൽപ്പനചെയ്ത കെട്ടിടങ്ങൾ, ഇവയുടെയെല്ലാം ഉപയോഗം ഉറപ്പാക്കുന്ന ഒരു ചട്ടക്കൂടാണ് ജൈവസുരക്ഷ അഥവാ ബയോസേഫ്റ്റി.
മനുഷ്യനെയും, ചുറ്റുമുള്ള ആവാസവ്യവസ്ഥയെയും ജൈവ അപകടങ്ങളിൽ (Biohazards) നിന്ന് aപ്രതിരോധ സംവിധാനങ്ങളെ ജൈവസുരക്ഷ അഥവാ ബയോസേഫ്റ്റി എന്നുപറയാം.
പ്രധാനമായും ലബോറട്ടറികളിലാണ് ജൈവസുരക്ഷാ സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്. ജൈവസുരക്ഷ മനുഷ്യരുടെയും, ജന്തുക്കളുടെയും രോഗനിർണയനം നടത്തുന്ന ലബോറട്ടറികൾ, സർവ്വകലാശാലകൾ/ഗവേഷണസ്ഥാപനങ്ങൾ, വ്യവസായസ്ഥാപനങ്ങൾ, സർക്കാർസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിവിധതരം ലബോറട്ടറികൾ, പരിസ്ഥിതി ഗവേഷണവുമായി ബന്ധപ്പെട്ട അനലിറ്റിക്കൽ ലബോറട്ടറികൾ എന്നിവിടങ്ങളിൽ ബയോസേഫ്റ്റി ക്രമീകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്.
രോഗാണുക്കൾ, വിഷവസ്തുക്കൾ, മറ്റ് ജൈവ അപകടകാരികൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകാനിടയുള്ള ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ബയോസേഫ്റ്റി വ്യവഹാരങ്ങളുടെയും, തത്വങ്ങളുടെയും ഉപയോഗം ലബോറട്ടറി സംവിധാനത്തിൽ ഏറെ പ്രധാനമാണ്. ഇതിനായി ജൈവസുരക്ഷാ കാബിനറ്റുകൾ (Biosafety Cabinets-BSCs), മാസ്കുകൾ, കയ്യുറകൾ, സുരക്ഷാ കണ്ണടകൾ, ലാബ് കോട്ടുകൾ തുടങ്ങിയ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (Personal Protective Equipment, PPE), കൈകഴുകൽ, രാസവസ്തുക്കളുടെ സുരക്ഷിതമായ ഉപയോഗത്തിനുള്ള നടപടിക്രമങ്ങൾ എന്നിവ ജൈവസുരക്ഷയ്ക്കായി ലാബുകളിൽ ഉപയോഗപ്പെടുത്തുന്നു. ജൈവികമായ അപകടങ്ങൾ തടയുന്ന ഇത്തരം സുരക്ഷാ തടസ്സങ്ങളെ (Barriers) ബയോകണ്ടൈൻമെന്റ് എന്ന് വിളിക്കുന്നു.
രോഗാണുക്കൾ, വിഷവസ്തുക്കൾ, മറ്റു ജൈവിക അപകടങ്ങൾ എന്നിവ പരിസ്ഥിതിയെ ബാധിക്കുന്നത് തടയാൻ വേണ്ടിയുള്ള സുരക്ഷാ ഉപകരണങ്ങൾ, പ്രത്യേകം രൂപകൽപ്പന ചെയ്ത മുറികൾ, കെട്ടിടങ്ങൾ- ഇവയുടെയെല്ലാം ഉപയോഗത്തെ സൂചിപ്പിക്കുന്ന പദമാണ് ‘ലബോറട്ടറി ബയോകണ്ടൈൻമെന്റ്’. ലബോറട്ടറി ബയോകണ്ടൈൻമെന്റ് സംവിധാനത്തെ പ്രാഥമിക ബയോകണ്ടൈൻമെന്റ്, ദ്വിതീയ ബയോകണ്ടൈൻമെന്റ് എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ജൈവസുരക്ഷാ കാബിനറ്റുകൾ, കണ്ടെയ്‌ൻമെന്റ് സെൻട്രിഫ്യൂജുകൾ, മൃഗങ്ങളെ സൂക്ഷിക്കുന്ന പ്രത്യേക കൂടുകൾ എന്നിവ പ്രാഥമിക ബയോകണ്ടൈൻമെന്റ് സംവിധാനങ്ങളിൽ ഉൾപ്പെടുന്നവയാണ്. അണു സംക്രമണം തടയാൻ രൂപകൽപ്പന ചെയ്തുകൊണ്ട് നിർമ്മിച്ച മുറികൾ, കെട്ടിടങ്ങൾ, സ്വയം അടയുന്നതും, പൂട്ടാവുന്നതുമായ വാതിലുകൾ, വായു കൈകാര്യം ചെയ്യാനും, അണുവിമുക്തമാക്കാനുമുള്ള പ്രത്യേക സംവിധാനങ്ങൾ എന്നിവ ദ്വിതീയ ബയോകണ്ടൈൻമെന്റ് സംവിധാനങ്ങളിൽ ഉൾപ്പെടുന്നവയാണ്.
ബയോസേഫ്റ്റിയും, ബയോസെക്യൂരിറ്റിയും തമ്മിലുള്ള വ്യത്യാസം
ബയോസേഫ്റ്റിയും, ബയോസെക്യൂരിറ്റിയും പരസ്പരം തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള പദങ്ങളാണ്, എന്നാൽ ഇവ രണ്ടും ജീവശാസ്ത്രരംഗത്ത് നിർണായകമായ, രണ്ട് വ്യതിരിക്തമായ (Distinctive) ആശയങ്ങളാണ്. ബയോസേഫ്റ്റി സംവിധാനം പ്രാഥമികമായി, വ്യക്തികൾക്കും, സമൂഹത്തിനും, പരിസ്ഥിതിയ്ക്കും ഹാനികരമായേക്കാവുന്ന ജൈവ അപകടകാരികളുടെ സമ്പർക്കത്തിൽനിന്ന് അവയെ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ ബയോസെക്യൂരിറ്റി സംവിധാനം അഥവാ ജൈവ സംരക്ഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ജൈവവസ്തുക്കൾ (Biological Materials) അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവയുടെ മനഃപൂർവമായ ദുരുപയോഗം, മോഷണം, എന്നിവ തടയുന്നതിലാണ്. ബയോസെക്യൂരിറ്റി നടപടികളിൽ ലബോറട്ടറികൾക്കുള്ള സുരക്ഷാ പെരുമാറ്റച്ചട്ടങ്ങൾ, ചില മേഖലകളിലേക്കുള്ള പ്രവേശനത്തിലെ നിയന്ത്രണം, ബന്ധപ്പെട്ട വ്യക്തികളുടെ പശ്ചാത്തല പരിശോധന, ജൈവവസ്തുക്കളുടെ സുരക്ഷിതമായ സംഭരണവും, ഗതാഗതവും എന്നിവ ഉൾപ്പെടുന്നു. ചുരുക്കത്തിൽ ബയോസേഫ്റ്റിയും ബയോസെക്യൂരിറ്റിയും ഉത്തരവാദിത്ത ജീവശാസ്ത്ര ഗവേഷണത്തിന്റെ അവശ്യ ഘടകങ്ങളാണ്. മാത്രമല്ല, വ്യക്തികളുടെയും സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും സുരക്ഷയും, സംരക്ഷണവും ഉറപ്പാക്കുന്നതിൽ അത് ഏറെ നിർണായകവുമാണ്.
ജൈവസുരക്ഷാതലങ്ങൾ എന്തൊക്കെയാണ്?
ഭദ്രമായി അടച്ച ഒരു ലബോറട്ടറിയിൽ അപകടകരമായ ജൈവ വസ്തുക്കളെ വേർതിരിച്ചെടുക്കാൻ സജ്ജമാക്കിയിട്ടുള്ള ബയോകൺടൈൻമെന്റ് മുൻകരുതലുകളാണ് ജൈവസുരക്ഷാതലങ്ങൾ (BSL)അഥവാ രോഗാണു/സംരക്ഷണതലങ്ങൾ (P levels) എന്നറിയപ്പെടുന്നത്. മനുഷ്യന്റെ ആരോഗ്യത്തിനും, പരിസ്ഥിതിക്കും ഉണ്ടാകാനിടയുള്ള അപകടസാധ്യതയെ അടിസ്ഥാനമാക്കി രോഗാണുക്കളെയോ/ജൈവവസ്തുക്കളെയോ തരംതിരിക്കാനും, ഓരോ തലത്തിനും ഉചിതമായ സുരക്ഷാനടപടികൾ സ്വീകരിക്കാനുമുള്ള സംവിധാനമാണ് ജൈവസുരക്ഷാതലങ്ങൾ. ഏറ്റവും അടിസ്ഥാനപരമായ ജൈവസുരക്ഷാതലം ഒന്ന് (BSL1) മുതൽ ഏറ്റവും ഉയർന്ന തലമായ BSL4 വരെയുള്ള നാല് കണ്ടെയ്‌ൻമെന്റ് തലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സംവിധാനം. ചില രാജ്യങ്ങളിൽ ജൈവസുരക്ഷാതലങ്ങളെ, കണ്ടെയ്ൻമെന്റ് തലങ്ങളെന്നും, രോഗാണു സംരക്ഷണതലങ്ങളെന്നും (pathogen/protection level or P levels) പറയാറുണ്ട്.
രോഗാണുക്കളെ അതിന്റെ അപകടസാധ്യത അനുസരിച്ച് നാല് റിസ്ക് ഗ്രൂപ്പുകളായി വർഗ്ഗീകരിച്ചിട്ടുണ്ട്. അവ RG-1, RG-2, RG-3, RG-4 എന്നിവയാണ്. ഇതിൽ RG-1ൽ ഉൾപ്പെടുന്നത് നിരുപദ്രവകാരികളോ, കുറഞ്ഞ അപകട സാധ്യതയുള്ളതോ ആയ സൂക്ഷ്മാണുക്കളാണ്. എന്നാൽ ഏറ്റവും അപടകാരികളായ സൂക്ഷ്മാണുക്കളാണ് RG-4 ൽ ഉൾപ്പെടുന്നത്. ഓരോ റിസ്ക് ഗ്രൂപ്പ് രോഗാണുക്കളെയും വ്യത്യസ്തമായ ജൈവസുരക്ഷാതലത്തിലാണ് കൈകാര്യം ചെയ്യുന്നത്. അടിസ്ഥാന മൈക്രോബയോളജിക്കൽ രീതികൾ എല്ലാ ജൈവസുരക്ഷാതലങ്ങളിലും ഉപയോഗിച്ചുവരുന്നു.
BSL-1 (അടിസ്ഥാന ജൈവസുരക്ഷാതലം)
ആരോഗ്യമുള്ള പ്രായപൂർത്തിയായ മനുഷ്യരിൽ രോഗങ്ങളുണ്ടാക്കാത്തതും, നന്നായി പഠിച്ചിട്ടുള്ളതും, ലബോറട്ടറി ഉപയോക്താക്കൾക്കും, പരിസ്ഥിതിക്കും ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ളതുമായ രോഗാണുക്കളെയാണ് ഈ തലത്തിൽ കൈകാര്യം ചെയ്യുന്നത്. രോഗകാരികളല്ലാത്ത എസ്ഷെറിച്ചിയ കോളി (E.coli), ബാസിലസ് സബ്‌റ്റിലിസ് (B.subtilis), സ്റ്റാഫൈലോകോക്കസ് (Staphylococcus)., സാക്കറോമൈസസ് സെറിവിസിയ (Saccharomyces cerevisiae ) എന്നിവയുൾപ്പെടെയുള്ള രോഗകാരികളല്ലാത്ത സൂക്ഷ്മാണുക്കളെ കൈകാര്യം ചെയ്യുന്നതിന് ഈ തലം അനുയോജ്യമാണ്. അടിസ്ഥാന മൈക്രോബയോളജിക്കൽ രീതികൾ ഉപയോഗിച്ച് തുറന്ന ബെഞ്ചുകളിലാണ് BSL-1-ൽ പരീക്ഷണങ്ങൾ സാധാരണയായി നടത്തുന്നത്. പ്രത്യേക കണ്ടൈൻമെന്റ് ഉപകരണങ്ങളോ, സൗകര്യങ്ങളുടെ രൂപകല്പനയോ ഈ തലത്തിൽ ആവശ്യമില്ല. എന്നാൽ ഉചിതമായ അപകടസാധ്യത വിലയിരുത്തിനുശേഷം മേല്പറഞ്ഞ സംവിധാനങ്ങൾ ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കാം. ബയോസേഫ്റ്റി ലെവൽ 1 സംവിധാനം ബിരുദ, സെക്കൻഡറി അധ്യാപന ലബോറട്ടറികൾ എന്നിവിടങ്ങളിലെ ഉപയോഗത്തിന് അനുയോജ്യമാണ്.
BSL-2 (മിതമായ ജൈവസുരക്ഷാ തലം)
മനുഷ്യന്റെ ആരോഗ്യത്തിന് നേരിയതോതിൽ അപകടസാധ്യതയുള്ള രോഗാണുക്കളെ കൈകാര്യം ചെയ്യാൻ BSL-2 അനുയോജ്യമാണ്. രണ്ടാം അപകടസാധ്യതാ ഗണത്തിൽ (Risk Group-2) വരുന്ന രോഗകാരികളായ എഷെറിച്ചിയ കോളി, സ്റ്റാഫൈലോകോക്കസ് (Methicillin Resistant Staphylococcus aureus- MRSA), സാൽമൊണല്ല (Salmonella), പ്ലാസ്മോഡിയം ഫാൽസിപാരം (മലേറിയ രോഗാണു) , ടോക്സോപ്ലാസ്മ ഗോണ്ടി, ഹെപ്പറ്റൈറ്റിസ് ബി വൈറസ് (കരൾവീക്കം ഉണ്ടാകുന്ന വൈറസ്) എന്നിവ BSL-2 സംവിധാനത്തിൽ കൈകാര്യം ചെയ്യേണ്ട രോഗാണുക്കളാണ്. മുറിവ്, ഭക്ഷണം, ശ്ലേഷ്മ പടലം (mucous membrane) എന്നിവയിലൂടെയാണ് റിസ്ക് ഗ്രൂപ്പ്-2 രോഗാണുക്കൾ മനുഷ്യനിലേക്ക് പകരുന്നത്.
BSL-2 ലബോറട്ടറികളിൽ നിയന്ത്രിത പ്രവേശനം, ജൈവ അപകടകാരികളെ സൂചിപ്പിക്കുന്ന ചിഹ്നം/ബയോഹസാർഡ് സൈനേജ്(ചിത്രം1), ഉചിതമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE-ലാബ്കോട്ടുകൾ, കയ്യുറകൾ, കണ്ണ് സംരക്ഷണം) എന്നീ മെച്ചപ്പെട്ട നിയന്ത്രണ നടപടികൾ ഉപയോഗിക്കുന്നു. കൂടാതെ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് കൈ കഴുകാനുള്ള സിങ്ക്, ലാബ് മാലിന്യത്തെ അണുവിമുക്തമാക്കാനുള്ള ഓട്ടോക്ലേവുകൾ എന്നീ ദ്വിതീയ ബയോകണ്ടൈൻമെന്റ് സൗകര്യങ്ങൾ ഈ തലത്തിൽ ഉണ്ടാകും. BSL-2 സംവിധാനങ്ങൾ രോഗനിർണയ, അദ്ധ്യാപന, ഗവേഷണ ലബോറട്ടറികൾ എന്നിവിടങ്ങളിലെ ഉപയോഗത്തിന് അനുയോജ്യമാണ്.
BSL-1 ൽനിന്ന് താഴെ പറയുന്ന കാര്യങ്ങളാൽ വ്യത്യസ്തമാണ് BSL-2
- ഈ തലത്തിൽ രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതിനും, അനുബന്ധ നടപടിക്രമങ്ങൾക്കും ലബോറട്ടറി ജോലികാർക്ക് വിദഗ്ധരായ ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിൽ പ്രത്യേക പരിശീലനം ആവശ്യമാണ്.
- ലാബിൽ ജോലി നടക്കുമ്പോൾ ലബോറട്ടറിയിലേക്ക് മറ്റുള്ളവരുടെ പ്രവേശനത്തിന് നിയന്ത്രണം ഉണ്ട്.
- സാംക്രമികരോഗം ഉണ്ടാകുന്ന എയറോസോളുകളോ (വായുവിൽ തങ്ങിനിൽക്കുന്ന ഖരത്തിന്റെയോ, ദ്രാവകത്തിന്റെയോ സൂക്ഷ്‌മകണികകള്‍), സ്പ്ലാഷുകളോ (ദ്രാവകം തെറിപ്പിക്കുന്ന) സൃഷ്ടിക്കുന്ന പ്രവൃത്തികൾ ജൈവസുരക്ഷാ ക്യാബിനുകളിലോ (biosafety cabin class II) സമാനമായ മറ്റ് ഉപകരണങ്ങളിലോ ചെയ്യാറുണ്ട്.
- കൂടാതെ മലിനമായതും മൂർച്ചയുള്ളതുമായ വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ അതീവ മുൻകരുതലുകൾ എടുക്കുന്നു .
അസാധാരണമായ സാഹചര്യങ്ങളിലൊഴികെ (ഉദാഹരണത്തിന് രക്തസ്രാവ പനികളായ എബോള, മാൽബർഗ് പനി എന്നിവ സംശയിക്കപ്പെടുമ്പോൾ), രോഗികളിൽനിന്ന് വേർതിരിച്ച ക്ലിനിക്കൽ സാമ്പിളുകളിലെ രോഗാണുക്കളെ നിഷ്ക്രിയമാക്കൽ (രോഗനിർണയത്തിലെ പ്രാഥമിക പ്രക്രിയ), സീറോളജിക്കൽ തിരിച്ചറിയൽ എന്നിവ BSL-2-ൽ സുരക്ഷിതമായി ചെയ്യാവുന്നതാണ്.
കൂടാതെ BSL-2+ (Biosafety Level 2 Plus) എന്ന അനൗദ്യോഗികമായ ഒരു ജൈവ സുരക്ഷാതലവും ഉണ്ട്. BSL-2 ലാബിൽ BSL-3 സൗകര്യത്തിൽ ഉപയോഗിക്കുന്ന വ്യക്തിഗത സംരക്ഷണഉപകരണങ്ങളും, മറ്റ് സുരക്ഷാ മുൻകരുതലുകളും ഉപയോഗിച്ച് സാമ്പിളുകൾ കൈകാര്യം ചെയ്യുന്ന സംവിധാനത്തെയാണ് BSL-2+ തലം എന്ന് പറയുന്നത്. BSL-2+ തലം, പരിപാലിക്കാൻ ചെലവേറിയ BSL-3 തലത്തിൽ കൈകാര്യം ചെയ്യേണ്ട ശ്വാസകോശ രോഗകാരികളുടെ രോഗനിർണ്ണയം നടത്താൻ ഇടത്തരം ലാബുകളെ സഹായിക്കുന്നു. ഉദാഹരണത്തിന് മഹാമാരിക്കാലത്ത് COVID-19 രോഗനിർണയത്തിന് ഈ അനൗദ്യോഗിക ജൈവ സുരക്ഷാനില വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
BSL-3 (ഉയർന്ന ജൈവസുരക്ഷാതലം)
ശ്വസനംവഴി ഗുരുതരമോ, മാരകമോ ആയ രോഗങ്ങൾ ഉണ്ടാക്കുകയും, ലബോറട്ടറി ഉപയോക്താക്കൾക്കും, സമൂഹത്തിനും, ഉയർന്ന അപകടസാധ്യത ഉണ്ടാക്കുകയും ചെയ്യുന്ന രോഗാണുക്കളെ കൈകാര്യം ചെയ്യാൻ BSL-3 ഉപയോഗിക്കുന്നു. റിസ്ക് ഗ്രൂപ്പ് മൂന്നിൽ വരുന്ന ക്ഷയരോഗാണു, പ്ലേഗ് രോഗാണു, ഫ്രാൻസിസെല്ല തുലാറെൻസിസ്, ഇൻഫ്ലുവൻസാ വൈറസിന്റെ ചില സ്‌ട്രെയിനുകൾ തുടങ്ങിയവ ഈ തലത്തിൽ കൈകാര്യം ചെയ്യുന്നു.
സാംക്രമികരോഗ സാധ്യതയുള്ള എയറോസോളുകളുമായുള്ള സമ്പർക്കത്തിൽനിന്ന് ഉപയോക്താക്കളെയും, സമീപ പ്രദേശങ്ങളെയും, സമൂഹത്തെയും, പരിസ്ഥിതിയേയും സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക, ദ്വിതീയ സുരക്ഷയ്ക്കാണ് BSL-3-ൽ കൂടുതൽ ഊന്നൽ നൽകുന്നത്. ഉദാഹരണത്തിന്, BSL-3-ൽ എല്ലാ രോഗാണു/സാമ്പിൾ കൈകാര്യ പ്രക്രിയകളും ജൈവ സുരക്ഷാ ക്യാബിനുകളിലും, സമാനമായ മറ്റ് അടച്ചിട്ട മുറിയിലെ ഉപകരണങ്ങളിലും നടത്തണം. BSL-3 ലബോറട്ടറികളിൽ നിയന്ത്രിത പ്രവേശനം, നെഗറ്റീവ് പ്രഷർ എയർ ഫ്ലോ സംവിധാനം, പുറത്തേക്ക് പോകുന്ന വായുവിനെ ശുദ്ധീകരിക്കുന്ന സംവിധാനങ്ങൾ എന്നിങ്ങനെയുള്ള പ്രത്യേക സൗകര്യങ്ങൾ ഇതിലുണ്ട്. BSL-3 ഉപയോക്താക്കൾ ഉറച്ച മുൻവശമുള്ള സംരക്ഷണ വസ്ത്രങ്ങൾ, N95 പോലുള്ള മാസ്ക്കുകൾ എന്നിവ ധരിക്കണം. ഇത്തരത്തിലുള്ള സംരക്ഷണവസ്ത്രങ്ങളും മാസ്ക്കുകളും ഓരോ ഉപയോഗത്തിനുശേഷം ഉപേക്ഷിക്കുകയോ, അണുവിമുക്തമാക്കുകയോ ചെയ്യണം.
- BSL-3 സംവിധാനത്തിന്റെ പ്രവർത്തനത്തിന് കൃത്യമായ ഒരു പ്രവർത്തന മാന്വൽ ഉണ്ടായിരിക്കണം. കൂടാതെ ഉപയോക്താക്കളുടെ ആരോഗ്യനിരീക്ഷണം കൃത്യമായ ഇടവേളകളിൽ നടത്തുകയും ആകസ്മികമായതോ ശ്രദ്ധിക്കപ്പെടാത്തതോ ആയ അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് അനുയോജ്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാക്കുകയും ചെയ്യണം.
- BSL-3 ലാബുകളിൽ, BSL-2 സൗകര്യത്തിൽ ഉപയോഗിക്കുന്ന പ്രഥമ, ദ്വിതീയ ബയോകൺടൈൻമെന്റ് സംവിധാനങ്ങൾക്ക് (സുരക്ഷാ സംവിധാനങ്ങൾ) പുറമേ ഇനി പറയുന്ന സംവിധാനങ്ങളും ഉണ്ടാകും. സ്വയം അടയുന്ന ഇരട്ടവാതിലുകൾ, ഉപയോഗിച്ച വായു പുനർചംക്രമണം ചെയ്യാതിരിക്കാനുള്ള സംവിധാനങ്ങൾ, ലബോറട്ടറിയിലെ അണുവ്യാപനം തടയാനാവശ്യമായ നെഗറ്റീവ് പ്രഷർ വായുപ്രവാഹം, എയർലോക്ക് അല്ലെങ്കിൽ ആന്റി റൂം വഴിയുള്ള പ്രവേശന സംവിധാനം, ലബോറട്ടറിക്ക് സമീപമുള്ള കൈ കഴുകുന്ന സിങ്ക് എന്നിവ BSL-3 ലാബുകളിൽ ഉണ്ടായിരിക്കും.
- ജൈവസുരക്ഷാതലം-3 ൽ BSL-2 ൽ, പാലിക്കുന്ന എല്ലാ സുരക്ഷാ ക്രമങ്ങളും, പരിശീലന കീഴ് വഴക്കങ്ങളും പാലിക്കണം. കൂടാതെ ലബോറട്ടറി ഉപയോക്താക്കൾക്ക് ശ്വസനത്തിലൂടെ പകരുന്നതും, റിസ്ക് ഗ്രൂപ്പ് മൂന്നിൽ വരുന്നതുമായ, രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം നല്കിയിരിക്കുകയും വേണം. BSL-3 ലാബുകളുടെ മേൽനോട്ടം വഹിക്കുന്നത് സാംക്രമികരോഗ ഹേതുക്കളെയും, അനുബന്ധ നടപടിക്രമങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ പരിശീലനം ലഭിച്ച ശാസ്ത്രജ്ഞരായിരിക്കണം. രോഗനിർണ്ണയ, ഗവേഷണ, അദ്ധ്യാപന, ലാബുകളിൽ BSL-3 സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.
BSL-4 (പരമാവധി ജൈവസുരക്ഷാ തലം)
അറിയപ്പെടുന്ന ചികിത്സയോ വാക്സിനുകളോ ഇല്ലാത്തതും, മനുഷ്യന്റെ ആരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുന്നതും വളരെ അപകടകരവും അസാധാരണവുമായ രോഗാണുക്കളെ കൈകാര്യം ചെയ്യാൻ BSL-4 സൗകര്യം ഉപയോഗിക്കുന്നു. എബോള വൈറസ്, മാർബർഗ് വൈറസ്, എന്നിവ ഈ തലത്തിൽ കൈകാര്യം ചെയ്യുന്ന രോഗാണുക്കളാണ്. ഇവ റിസ്ക് ഗ്രൂപ്പ്-4ൽ പെടുന്നവയാണ്. BSL-4 രോഗാണുക്കളുമായി അടുത്ത ആന്റിജനിക് സാമ്യം പുലർത്തുന്ന രോഗാണുക്കളും, അപകടഭീഷണിയുള്ളതും അജ്ഞാതവുമായ രോഗാണുക്കളെ ഈ തലത്തിലാണ് കൈകാര്യം ചെയ്യേണ്ടത്.
ബിഎസ്എൽ-4 ലബോറട്ടറികൾ ഏറ്റവും സുരക്ഷിതവും, ഉയർന്ന തലത്തിലുള്ള നിയന്ത്രണങ്ങൾ ഉള്ളവയുമാണ്. BSL-4 ലാബുകളിൽ, BSL-3 സൗകര്യത്തിൽ ഉപയോഗിക്കുന്ന പ്രഥമ, ദ്വിതീയ ബയോകോൺടൈൻമെന്റ് സംവിധാനങ്ങൾക്കു(സുരക്ഷാ സംവിധാനങ്ങൾ)പുറമേ ഇനി പറയുന്ന സംവിധാനങ്ങളും ഉണ്ടാകും. BSL-4ലാബുകളിൽ പ്രവേശിക്കുമ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ മാറ്റേണ്ടതാണ്. ഇതിനായുള്ള സൗകര്യങ്ങൾ അവിടങ്ങളിൽ ഉണ്ടായിരിക്കും. ഇതിനുപുറമേ പ്രവേശന,നിര്‍ഗ്ഗമന വാതിലുകളിൽ ഉപയോക്താക്കൾക്ക് ഉപയോഗിക്കാനുള്ള ഷവറും ഉണ്ടായിരിക്കും.
ലാബ് ഉപയോക്താക്കൾ സ്വതന്ത്ര വായു വിതരണമുള്ളതും ശരീരം മുഴുവനായി മൂടുന്ന ഉടുപ്പുകൾ (പോസിറ്റീവ് പ്രഷർ സ്യൂട്ടുകൾ) ധരിക്കേണ്ടതുമാണ് (ചിത്രം 2). ഈ തലത്തിൽ പ്രവേശനത്തിന് കർശനമായ നിയന്ത്രണം, സവിശേഷതരത്തിലുള്ള വായുസഞ്ചാരനിയന്ത്രണം എന്നിവയും ഉണ്ടാകും. രോഗാണുവിനെ കൈകാര്യം ചെയ്യുന്ന എല്ലാ പ്രവൃത്തികളും ജൈവ സുരക്ഷാ ക്യാബിനുകൾക്കുള്ളിൽ (Class III BSCs or Class I or II BSCs in combination with positive pressure suit)ചെയ്യേണ്ടതാണ്. ലബോറട്ടറികളിൽനിന്ന് പുറത്തുപോകുന്ന എല്ലാ വസ്തുക്കളും അണുവിമുക്തമാക്കുന്നു എന്നത് കർശനമായും ഈ തലത്തിൽ ചെയ്തിരിക്കണം.
BSL-4ലാബുകൾ സ്ഥാപിക്കേണ്ടത് പ്രത്യേക കെട്ടിടത്തിലോ, ഒറ്റപ്പെട്ട സ്ഥലത്തോ ആയിരിക്കണം. ഈ സൗകര്യത്തിന് പ്രത്യേകമായുള്ള വായു വിതരണ/നിര്‍ഗ്ഗമനമാർഗങ്ങൾ, വാക്വം സംവിധാനം, അണുനിർമ്മാർജ്ജന സംവിധാനങ്ങൾ എന്നിവയും ഉണ്ടായിരിക്കണം. ഈ തലത്തിൽ രോഗകാരികൾ പരിസ്ഥിതിയിലേക്ക് രക്ഷപ്പെടുന്നത് തടയാൻ അത്യാധുനിക വായു കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളുണ്ട്. ലാബിൽ നിന്നുള്ള എയറോസോളുകൾ ലാബിൽനിന്ന് പുറത്തേക്ക് പോകാനുള്ള സാധ്യത കുറയ്ക്കുന്നതിന് BSL-4 ലാബിലേക്കുള്ള പ്രവേശന കവാടത്തിൽ എയർലോക്കുകൾ ഉപയോഗിക്കാറുണ്ട്.
BSL-4ലബോറട്ടറി ഉപയോക്താക്കൾ സുരക്ഷാ പ്രോട്ടോക്കോളുകൾ, നിയന്ത്രണ നടപടിക്രമങ്ങൾ, അടിയന്തര പ്രതികരണം എന്നിവയിൽ വിപുലമായ പരിശീലനം ലഭിച്ചവരായിരിക്കും. പരിചയസമ്പന്നരും, ഉയർന്ന പരിശീലനം ലഭിച്ചവരുമായ ഗവേഷകർക്കുമാത്രമേ ജൈവ സുരക്ഷാതലത്തിൽ പ്രവർത്തിക്കാൻ അനുവാദമുള്ളൂ. ഏറ്റവും അപകടകാരികളായ രോഗാണുക്കളെ പഠിക്കുന്നതിനും, മനസ്സിലാക്കുന്നതിനും പുതിയതായി ഉണ്ടാകുന്ന രോഗങ്ങൾക്കുള്ള വാക്സിനുകളും ചികിത്സകളും വികസിപ്പിക്കുന്നതിനും BSL-4 ലാബുകൾ അത്യാവശ്യമാണ്.
മൃഗ-ജൈവസുരക്ഷാ തലങ്ങൾ (Animal Biosafety level-ABSL)
മൃഗങ്ങളിലെ പകർച്ചവ്യാധികളെക്കുറിച്ച് പഠിക്കാൻ ഉപയോഗിച്ചുവരുന്ന ഒരു സൗകര്യമാണ് അനിമൽ ബയോസേഫ്റ്റി ലെവൽ (ABSL) ലബോറട്ടറികൾ. ഇത്തരത്തിലുള്ള സൗകര്യങ്ങൾ മനുഷ്യരിൽ രോഗം വരുത്തുന്ന രോഗാണുക്കളെപ്പറ്റി പഠിക്കുന്നതിനുള്ള BSL ലബോറട്ടറികൾക്ക് സമാനമാണ്. എന്നാൽ മൃഗഗവേഷണത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്തവയായിരിക്കും. മനുഷ്യ ജൈവ സുരക്ഷാതലങ്ങൾക്ക് സമാനമായി ഈ സംവിധാനത്തിലും ABSL-1,2,3,4 എന്നിങ്ങനെ നാലുതലങ്ങൾ ഉണ്ട്. ഈ നാലുതലങ്ങൾ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പരിസ്ഥിതിയിലേക്കും രോഗാണുക്കൾ പകരാനുള്ള സാധ്യത കുറയ്ക്കുന്നു, കൂടാതെ അണുബാധിതരായ ലബോറട്ടറി മൃഗങ്ങളെ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് നിയന്ത്രിതവും സുരക്ഷിതവുമായ അന്തരീക്ഷം അവ പ്രദാനം ചെയ്യുന്നുമുണ്ട്.
ഉപസംഹാരം
പുതുതായി വരുന്ന പകർച്ചവ്യാധികളെക്കുറിച്ച് പഠിക്കാനും, അവയുടെ കാരണങ്ങളെ അന്വേഷിക്കാനും, പാൻഡെമിക് തയ്യാറെടുപ്പുകൾക്കും ബയോ സേഫ്റ്റി സംവിധാങ്ങൾക്ക് ഒരു മുഖ്യപങ്ക് വഹിക്കാനാകും. മനുഷ്യനും, ചുറ്റുമുള്ള പരിസ്ഥിതിക്കും ദോഷമല്ലാത്തവിധത്തിൽ രോഗാണുക്കളെക്കുറിച്ച് പഠിക്കാനും പുതിയ രോഗനിർണ്ണയ, ചികിത്സാരീതികൾ എന്നിവ വികസിപ്പിക്കുന്നതിന് ഇത്തരം സംവിധാനങ്ങൾ വളരെ സഹായകരമാണ്.
അധിക വായനയ്ക്ക്
- https://www.who.int/item/9789240011311
- https://www.cdc.gov/labs/BMBL.html
- phe.gov/s3/Pages/default.aspx