
ഈ ലേഖനത്തിൽ ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്നും ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും വിശദീകരിക്കുകയും ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്തെക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെയും പരിചയപ്പെടുത്തുകയും ചെയ്യുന്നു.
2025 ഏപ്രിൽ മാസത്തിലെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്.
ഫീനിയാസ് കേജിന്റെ കഥ പലർക്കും സുപരിചിതമായിരിക്കും. വളരെ ശാന്തനും സൽസ്വഭാവിയുമായിരുന്ന അയാളുടെ തലച്ചോറിലൂടെ വലിയൊരു ഇരുമ്പുകമ്പി തുളഞ്ഞ് കയറി. ശസ്ത്രക്രിയകൾക്കു ശേഷം രക്ഷപെട്ടുവന്ന ഫീനിയാസ് കേജ് എല്ലാവർക്കും അപരിചിതനായ മറ്റൊരു മനുഷ്യനായിരുന്നു. ശാന്തനും സുശീലനുമായിരുന്ന അയാൾ പെട്ടെന്നുതന്നെ ഒരു സാമൂഹിക വിരുദ്ധനും ക്രിമിനലുമായി മാറി. മനുഷ്യന്റെ തലച്ചോറിനെപ്പറ്റിയുള്ള അതുവരെയുള്ള അറിവുകൾക്കു മേൽ വിപ്ലവകരമായ കുതിപ്പ് നൽകിയ വ്യക്തിയായിരുന്നു ഫീനിയാസ് കേജ് എന്ന രോഗി. മനുഷ്യനെ ശരിക്കും മനുഷ്യനാക്കുന്നത് അവന്റെ തലച്ചോറിന്റെ ഫ്രോണ്ടൽ ലോബ് എന്ന് പറയുന്ന ഭാഗമാണെന്ന് ശാസ്ത്രലോകം തിരിച്ചറിയുന്നത് ഈയൊരു സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് മറ്റൊരു രോഗിയുണ്ടായിരുന്നു. ചാൾസ് വിറ്റ്‌മാൻ, അയാളും നല്ലവനായിരുന്നു. എന്നാൽ, പിന്നീടയാൾ ഒരു കൊടിയ കുറ്റവാളിയായിമാറി, പതിനാറുപേരെ വെടിവെച്ച് കൊന്നുകളഞ്ഞു. പരിശോധന യിൽ അയാളുടെ തലച്ചോറിലെ വലതു ടെമ്പറൽ ലോബിൽ വലിയൊരു ട്യൂമർ കണ്ടെത്തുകയുണ്ടായി. അതാണയാളെ ഒരു ക്രിമിനലാക്കിയതെന്നു പറയാം. എന്നുവച്ചാൽ, ടെമ്പറൽ ലോബിലെ പ്രശ്നം കാരണമാണോ ഒരാൾ ക്രിമിനലാവുന്നത്? അതോ ഫീനിയാസ് കേജിന്റെതുപോലെ ഫ്രോണ്ടൽ ലോബാണോ?
വേറെയും പല ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ശാസ്ത്രചരിത്രത്തിൽ ഉണ്ടാവും. ഇവയിലെല്ലാം തലച്ചോറിന്റെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്തിന് പ്രശ്‌നമുള്ളതുകൊണ്ടാണ് ആ വ്യക്തി ഒരു ക്രിമിനൽ സ്വഭാവമുള്ള ആളായത് എന്നുപറയാൻ പ്രയാസമാണ്. കാരണം, മാനുഷികമായ, സ്നേഹമസ്യണമായ പെരുമാറ്റമെന്ന് പറയുന്നത് തലച്ചോറിന്റെ ഏതെങ്കിലും ഒരു ഭാഗത്തിൻ്റെ മാത്രം സ്വഭാവസവിശേഷതയല്ല എന്നതുതന്നെ.
ക്രിമിനൽ സ്വഭാവങ്ങളുടെ ന്യൂറോബയോളജി മനുഷ്യൻ്റെ തലച്ചോറിൻ്റെ പ്രവർത്തനവും പെരുമാറ്റവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെപ്പറ്റി പഠിക്കുന്ന ഒരു മേഖലയാണ്. ഇത് ന്യൂറോസയൻസ്, സൈക്യാട്രി, ക്രിമിനോളജി എന്നിവയുടെ ഒരു സംയോജിതമേഖല കൂടിയാണ്. ക്രിമിനൽ പെരുമാറ്റത്തിനുപിന്നിലെ ജൈവശാസ്ത്രപരമായ അടിത്തറ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, തലച്ചോറിൻ്റെ ഘടന, രാസപ്രവർത്തനങ്ങൾ, ജനിതക ഘടകങ്ങൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.

തലച്ചോറിന്റെ ഘടനയും നമ്മുടെ സ്വഭാവവും
മനുഷ്യനെ ശരിക്കും മനുഷ്യനാക്കുന്ന തലച്ചോറിന്റെ ചില ഭാഗങ്ങളുണ്ട്. തലച്ചോറിന്റെ ഏറ്റവും മുൻഭാഗത്തെ പ്രീ ഫ്രോണ്ടൽ കോർട്ടെക്സസ് ആണ് ഇതിൽ ഏറ്റവും പ്രധാനം. വസ്‌തുതാപരമായി കാര്യങ്ങളെ വിശകലനം ചെയ്യാനും ശരിതെറ്റുകൾ, വരുംവരായ്കകൾ ഒക്കെ ചിന്തിച്ച് പ്രവർത്തിക്കാനുമൊക്കെ സഹായിക്കുന്നത് ഈ ഭാഗമാണ്. മറ്റൊന്ന് ടെമ്പറൽ ലോബിന്റെ ഭാഗമായ അമിഗ്‌ഡല എന്ന ചെറിയ സ്ഥലമാണ്. ഭയം, ദേഷ്യം തുടങ്ങിയ വികാരങ്ങൾ പ്രധാനമായും ഈ ഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിഡ്‌ലയുടെ പ്രവർത്തനം ശരിയല്ലെങ്കിൽ ഭയമില്ലായ്‌മ, അമിതമായ ദേഷ്യം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാവാം. ഫൈറ്റ് ഓർ ഫ്ലൈറ്റ് റിയാക്ഷൻ എന്നു പറയുന്ന, അതിവേഗം ഒരു നിഗമനത്തിലെത്തി ഗുരുതര സാഹചര്യങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള തീരുമാനം എടുക്കുന്നതും ഇവിടെയാണ്.
വേറെയും ചില ഭാഗങ്ങളുണ്ട്, അനുകമ്പയും സഹാനുഭൂതിയുമൊക്കെ ഏതെങ്കിലും ഒരു ഭാഗത്തിന് തീറെഴുതിക്കൊടുക്കാൻ പറ്റില്ലെങ്കിലും ആന്റീരിയർ സിംഗുലേറ്റ് ഗൈറസ് എന്ന പ്രദേശത്തിനും സിംഗുലേറ്റ് കോർട്ടെക്‌സിനും ലിംബിക് സിസ്റ്റത്തിനും ഇവിടെ വലിയ പ്രാധാന്യമുണ്ട്. മറ്റൊന്ന് ഇൻസുലാർ കോർട്ടെക്സ് എന്നുപറയുന്ന ഭാഗമാണ്. സെറിബ്രൽ കോർട്ടെക്സിന്റെ ആഴത്തിൽ, ടെമ്പറൽ, പാരിറ്റൽ, ഫ്രണ്ടൽ ലോബുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന മറ്റൊരു കോർട്ടെക്സാണിത്. ഭയം, വെറുപ്പ്, സന്തോഷം തുടങ്ങിയ വികാരങ്ങളുടെ നിയന്ത്രണം, സഹാനുഭൂതി, മയക്കുമരുന്നുകളോടുള്ള ആസക്തി തുടങ്ങി, വിവിധങ്ങളായ ജോലികൾ ഈ ചെറിയ ഭാഗത്തിനുണ്ട്.
ഇത്രയും ഭാഗങ്ങൾ മാത്രമല്ല, ഇവയും മറ്റു ഭാഗങ്ങളും അവ തമ്മിലുള്ള കണക്ഷനുകളും ഇടയിലെ വിവര കൈമാറ്റങ്ങളുമൊക്കെ ചേർന്നാണ് ഒരാളെ അയാളാക്കി മാറ്റുന്നതെന്നു പറയാം. ഇനി, ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവ ശാസ്ത്രത്തെക്കുറിച്ചുള്ള ചില പ്രധാന ഗവേഷണ പ്രബന്ധങ്ങളെ ഒന്ന് പരിചയപ്പെടുത്താം.
2000-ൽ റെയയും കൂട്ടരും നടത്തിയ പഠനത്തിൽ ആന്റിസോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവരിൽ പ്രീഫ്രോണ്ടൽ കോർട്ടെക്സിലെ ഗ്രേമാറ്ററിന്റെ ഘനം കുറഞ്ഞതായി കാണപ്പെടുന്നുവെന്ന് പറയുന്നുണ്ട്. പ്രത്യേകിച്ച് ഓർബിറ്റോഫ്രണ്ടൽ കോർടെക്സ് (OFC), ആൻ്റീരിയർ സിംഗുലേറ്റ് കോർടെക്സ് (ACC) എന്നിവയിൽ. OFC, ACC എന്നിവ ശരിയായ തീരുമാനമെടുക്കൽ, ആത്മ സംയമനം, ധാർമ്മികയുക്തി എന്നീ ഗുണങ്ങൾ ഉണ്ടാകുന്നതിൽ നിർണ്ണായകമാണ്. ഈ ഭാഗങ്ങളിലെ ഘടനാപരവും പ്രവർത്തനപരവുമായ കുറവുകൾ സഹാനുഭൂതിയില്ലായ്‌മ, മോശം തീരുമാനമെടുക്കൽ എന്നിവയ്ക്ക് കാരണമാകാം.

മറ്റൊന്ന്, 2010-ൽ ഗ്ലെന്നും കൂട്ടരും ഫങ്ഷണൽ MRI ഉപയോഗിച്ച് സൈക്കോപ്പതിയുള്ളവരിൽ ധാർമ്മികമായ തീരുമാനമെടുക്കലിന്റെ ന്യൂറൽ കോറിലേറ്റുകളെപ്പറ്റി നടത്തിയ പഠനമാണ്. പഠനത്തിൽ പങ്കാളികളായവർക്ക് ധാർമ്മികവും നൈതികവുമായ വിഷയങ്ങളുടെ വിപരീതമായ ദ്വന്ദ്വങ്ങളോട് പ്രതികരിക്കാനുള്ള അവസരങ്ങളുണ്ടാക്കി. എന്നിട്ട് MRI -ൽ അവരുടെ ന്യൂറൽ പ്രതികരണങ്ങൾ നോൺ -സൈക്കോപതിക് ആൾക്കാരുമായി താരതമ്യം ചെയ്തു. സൈക്കോപതിക് ആയ വ്യക്തികളിൽ ആമിഗ്ഡാല, വെൻട്രോമീഡിയൽ പ്രീഫ്രോണ്ടൽ കോർടെക്സ് (vmPFC) എന്നിവിടങ്ങളിലെ പ്രവർത്തനം കുറഞ്ഞിരിക്കുന്നതായി കണ്ടെത്തി. ആമിഗ്‌ഡാല, vmPFC എന്നിവയിലെ പ്രവർത്തനക്കുറവ് വൈകാരികമായ അടുപ്പമില്ലായ്‌മ, ധാർമ്മികമായ തീരുമാനമെടുക്കലിലെ തകരാർ എന്നിവയ്ക്ക് കാരണമാവുന്നു.
2009-ൽ യങ്ങും കൂട്ടരും സൈക്കോപ്പത്തുകളുടെ അമിഗ്ഡലയെപ്പറ്റി ഹൈ റെസല്യൂഷൻ MRI ഉപയോഗിച്ച് നടത്തിയ പഠനത്തിലും സമാനമായ കണ്ടെത്തലുകളാണുള്ളത്. തലച്ചോറിന്റെ വിവിധ ഭാഗങ്ങളുടെ ഘടനാപരമായ പ്രശ്നങ്ങൾ മാത്രമല്ല, അവതമ്മിലുള്ള കണക്ഷനുകളിലെ പ്രശ്നങ്ങളും ആന്റി സോഷ്യൽ ആക്ടിവിറ്റിക്ക് കാരണമാകാം. 2010-ൽ ബക്ക് ഹോൾസും സംഘവും അത്തരമൊരു പഠനമാണ് നടത്തിയത്. ഈ പഠനത്തിൽ സൈക്കോപ്പതിക് വ്യക്തികളിൽ പ്രീഫ്രോണ്ടൽ കോർടെക്സ് (PFC), സ്ട്രയേറ്റം തുടങ്ങിയ ഭാഗങ്ങൾക്കിടയിലുള്ള കണക്ടിവിറ്റി കുറഞ്ഞതായി കണ്ടെത്തി. ഇത് റിവാർഡ് പ്രോസസ്സിങ്, ആത്മനിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രധാന സർക്യൂട്ടാണ്. ഈ കണക്ടിവിറ്റിക്കുറവ് ഇം പൾസിസിറ്റിക്കും ഒന്നിലും സംതൃപ്തിയില്ലാത്ത അവസ്ഥയ്ക്കും കാരണമാകാം. ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് സൈക്കോപ്പതിക് ആയിട്ടുള്ള വ്യക്തികൾ ഉടനടി ഫലംകിട്ടുന്ന പ്രവൃത്തികൾക്കായിരിക്കും മുൻഗണന നൽകുന്നതെന്നും, അങ്ങനെ കിട്ടിയില്ലെങ്കിൽ വൈകാരികമായി പ്രതികരിക്കാമെന്നും ഇത് ഒരു ക്രിമിനൽ സ്വഭാവമാറ്റത്തിലേക്ക് നയിക്കാമെന്നുമാണ്.
ന്യൂറോട്രാൻസ്‌മിറ്ററുകളുടെ പങ്ക്
തലച്ചോറിലെ രാസവസ്‌തുക്കളായ ന്യൂറോട്രാൻസ്‌മിറ്ററുകൾ ഒരാളുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുവെന്നത് എല്ലാവർക്കുമറിയുന്ന വസ്തുതയാണ്. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, സെറോടോണിൻ ആണ്. സെറോടോണിൻ കുറവായാൽ ആവേശനിയന്ത്രണം (Impulse control) കുറയുകയും ആക്രമണോത്സുകത വർധിക്കുകയും ചെയ്യും. പല ക്രിമിനലുകളിലും സെറോടോണിൻ അളവ് കുറവാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മറ്റൊന്ന്, ഡോപ്പമിൻ ആണ്. ഈ ന്യൂറോട്രാൻസ്മിറ്റർ അമിതമായാൽ റിസ്ക‌് എടുക്കാനുള്ള പ്രവണതയും പല കാര്യങ്ങളോടുമുള്ള ആസക്തിയും വർധിക്കും. ഇത് മയക്കുമരുന്ന് ഉപയോഗം അല്ലെങ്കിൽ മോഷണംപോലുള്ള പെരുമാറ്റങ്ങളിലേക്ക് നയിക്കാം. നോർഎപിനെഫ്രിൻ എന്ന നാഡീരസം സമ്മർദത്തിന്റെയും ‘ഫൈറ്റ് ഓർ ഫ്ളൈറ്റ്’ പ്രതികരണത്തിന്റെയും നിയന്ത്രണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ഇതിന്റെ അസന്തുലിതാവസ്ഥയും ആക്രമണാത്മക പ്രവർത്തനങ്ങളിലേക്ക് നയിച്ചേക്കാം.
ജനിതക ഘടകങ്ങൾ
ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ട്, ചില ജീനുകൾ തലച്ചോറിന്റെ പ്രവർത്തനം, വികാരനിയന്ത്രണം, ആവേശപ്രകടനം എന്നിവയെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
- MAOA ജീൻ (Monoamine Oxidase A): ‘വാര്യർ ജീൻ’ എന്ന് വിളിക്കപ്പെടുന്ന MAOA ജീൻ, ന്യൂറോട്രാൻസ്‌മിറ്ററുകളായ സെറോടോണിൻ, ഡോപ്പമിൻ, നോർഎപിനെഫ്രിൻ എന്നിവയെ വിഘടിപ്പിക്കുന്ന എൻസൈമിനെ നിയന്ത്രിക്കുന്ന ജീനാണ്. ഈ ജീനിൻ്റെ ‘ലോ ആക്ടിവിറ്റി’ വകഭേദമുള്ളവർക്ക് ആക്രമണാത്മക പെരുമാറ്റത്തിന് സാധ്യത കൂടുതലാണ്. പ്രത്യേകിച്ച്, അയാൾ പ്രതികൂല പരിതഃസ്ഥിതിയിൽ വളരുമ്പോൾ. ഉദാഹരണത്തിന്, 2002-ലെ ഒരു പഠനത്തിൽ MAOA ജീനി ന്റെ ലോ ആക്ടിവിറ്റി വകഭേദവും കുട്ടിക്കാലത്തെ ദുരുപയോഗവുമുള്ളവർ മുതിർന്നപ്പോൾ അവരിൽ ആക്രമണാത്മകതയും ക്രിമിനൽ സ്വഭാവങ്ങളും കൂടുതലായിട്ടുള്ളതായി കണ്ടിട്ടുണ്ട്.
- സെറോടോണിൻ ട്രാൻസ്പോർട്ടർ ജീൻ (5-HTTLPR): ഇത് സിനാപ്‌സുകളിൽ സെറോടോണിൻ്റെ അളവിനെ നിയന്ത്രിക്കുന്ന ജീനാണ്. വികാരങ്ങളുടെ നിയന്ത്രണം സെറട്ടോണിൻ്റെ അളവുമായി ബന്ധപ്പെട്ടതാണല്ലോ. ഈ ജീനിൻ്റെ ‘ഷോർട്ട് അലീൽ’ എന്ന വകഭേദമുള്ളവർക്ക് സെറോടോണിൻ കുറവായിരിക്കും. ഇത് ആവേശനിയന്ത്രണം കുറയ്ക്കുകയും ആക്രമണോത്സുകത വർധിപ്പിക്കുകയും ചെയ്യാം.
- DRD4 ജീൻ (Dopamine Recepрtor D4): ഡോപ്പമിൻ റിസപ്റ്ററുകളെ നിയന്ത്രിക്കുന്ന ഈ ജീൻ, റിസ്ക് എടുക്കാനുള്ള പ്രവണതയുമായി ബന്ധപ്പെട്ട ഒന്നാണ്. DRD4 ജീനിന്റെ ‘7-റിപീറ്റ്’ വകഭേദമുള്ളവർക്ക് ആസക്തിയും (addic-tion) അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള താൽപര്യവും കൂടുതലാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇത് മയക്കുമരുന്ന് ഉപയോഗം അല്ലെങ്കിൽ, മോഷണം പോലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് വ്യക്തിയെ നയിച്ചേക്കാം.
ജനിതക ഘടകങ്ങൾ മാത്രം ഒരാളെ ക്രിമിനലാക്കുന്നില്ല; അയാൾ വളരുന്ന സാഹചര്യങ്ങൾക്ക് കൃത്യമായ സ്വാധീനമുണ്ട്. ഉദാഹരണത്തിന്, MAOA ജീനിൻ്റെ ലോ ആക്ടിവിറ്റി വകഭേദമുള്ള ഒരു കുട്ടി, സ്നേഹവും പിന്തുണയും നൽകുന്ന ഒരു കുടുംബത്തിൽ വളർന്നാൽ, ആക്രമണാത്മകത പ്രകടിപ്പിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ, അതേ ജീനുള്ള ഒരാളുടെ ബാല്യകാലാനുഭവങ്ങൾ മോശമാണെങ്കിൽ അയാളിൽ ക്രിമിനൽ സ്വഭാവം വികസിക്കാൻ സാധ്യത കൂടുതലാണ്. ട്വിൻ പഠനങ്ങൾ (Twin Studies) കാണിക്കുന്നത്, ഒരേ ജനിതക ഘടനയുള്ള ഇരട്ടകളിൽ (identical twins), ഒരാൾ മാത്രം പ്രതികൂല പരിതഃസ്ഥിതിയിൽ വളർന്നാൽ അവന് ക്രിമിനൽ പ്രവണത കൂടുതലായിരിക്കും. അതുപോലെ, ക്രിമിനലായിട്ടുള്ള മാതാപിതാക്കളിൽനിന്ന് ദത്തെടുക്കപ്പെട്ട കുട്ടികളെ പഠിച്ചപ്പോൾ (അഡോപ്ഷൻ പഠനങ്ങൾ) അവർക്ക് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത സാധാരണ കുട്ടികളെ അപേക്ഷിച്ച് കൂടുതലാണെന്ന് കണ്ടെത്തി. മാത്രമല്ല, ഒരേ ജനിതക ഘടനയുള്ള ഇരട്ടകൾ തമ്മിൽ ക്രിമിനൽ സ്വഭാവത്തിൽ സമാനത കൂടുതലാണ്. വ്യത്യസ്ത ജനിതക ഘടനയുള്ള ഇരട്ടകളെ (dizygotic twins) അപേക്ഷിച്ച് നോക്കുമ്പോഴെന്നും ട്വിൻ പഠനങ്ങളിൽ കണ്ടിട്ടുണ്ട്. ഇവയൊക്കെ ക്രിമിനൽ സ്വഭാവത്തിൽ ജനിതക ഘടകങ്ങളുടെ സ്വാധീനത്തെ സൂചിപ്പിക്കുന്ന തെളിവുകളാണ്.

ജനിതക-പരിസ്ഥിതി ഇടപെടൽ (Gene-Environment Interaction)
തലച്ചോറിന് സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും സ്വയം മാറ്റങ്ങൾ വരുത്താനുമുള്ള കഴിവിനെ ന്യൂറോപ്ലാസ്റ്റിസിറ്റി എന്നാണ് വിളിക്കുന്നത്. പുതിയ അനുഭവങ്ങൾ, പഠനങ്ങൾ, പരിതഃസ്ഥിതിയിലുണ്ടാവുന്ന മാറ്റങ്ങൾ എന്നിവയാൽ സ്വാധീനിക്കപ്പെട്ട് തലച്ചോറിലെ ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങൾ (synapses) ശക്തിപ്പെടുത്തുകയോ പുതിയവ സൃഷ്ടിക്കുകയോ ചെയ്യുന്ന പ്രക്രിയയാണിത്. ഈ മാറ്റങ്ങൾ ഒരു വ്യക്തിയുടെ പെരുമാറ്റത്തെയും സ്വാധീനിക്കും. ക്രിമിനൽ സ്വഭാവത്തിന്റെ കാര്യത്തിൽ, പ്രതികൂല അനുഭവങ്ങൾ (ഉദാ: അതിക്രമം, അവഗണന) തലച്ചോറിൻ്റെ വികാസത്തെ തടസ്സപ്പെടുത്തുകയോ ആക്രമണാത്മകത, ഭയമില്ലായ്മ തുടങ്ങിയ സ്വഭാവങ്ങൾ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാം.
പ്രീഫ്രോണ്ടൽ കോർട്ടെക്സ് ആവേശ നിയന്ത്രണത്തിന്റെയും ധാർമ്മികതയുടെയും കേന്ദ്രമാണല്ലോ. പ്രതികൂല പരിതഃസ്ഥിതിയിൽ വളരുന്ന ഒരാൾക്ക് ഈ ഭാഗത്തിൻ്റെ വികാസം തടസ്സപ്പെട്ടേക്കാം. ഉദാഹരണത്തിന്, ഒരു കുട്ടി ചെറുപ്പത്തിൽ ശാരീരികമായി ഉപദ്രവിക്കപ്പെട്ടാൽ, അയാളുടെ പ്രീ ഫ്രോണ്ടൽ കോർട്ടെക്സസിന്റെ ന്യൂറോണുകൾക്കിടയിലുള്ള ബന്ധങ്ങൾ ദുർബലമാകുന്നതായി കണ്ടിട്ടുണ്ട്. ഇത് പിന്നീട് ആവേശപ്രകടനങ്ങളിലേക്കോ (impulsivity) ആക്രമണാത്മക പ്രവർത്തനങ്ങളിലേക്കോ നയിക്കാം. റൊമാനിയയിലെ അനാഥാലയങ്ങളിൽനിന്നുള്ള പഠനങ്ങൾ കാണിക്കുന്നത്, കുട്ടിക്കാലത്ത് അവഗണന അനുഭവിച്ചവരുടെ തലച്ചോറിൽ പ്രീഫ്രോണ്ടൽ കോർട്ടെക്സസിന്റെ വലുപ്പം കുറവാണെന്നാണ്.
‘അമിഗ്ഡല’ വികാരങ്ങളെ പ്രത്യേകിച്ച്, ഭയവും ദേഷ്യവും നിയന്ത്രിക്കുന്ന ഭാഗമാണെന്ന് നമുക്കറിയാം. ദീർഘനാളത്തെ ദോഷകരമായ അനുഭവങ്ങൾ അമിഗ്ഡലയെ അമിതമായ രീതിയിൽ സജീവമാക്കി നിർത്താം. ഉദാഹരണത്തിന്, യുദ്ധമേഖലയിൽ വളർന്ന ഒരു വ്യക്തിയുടെ തലച്ചോറിൽ അമിഗ്ഡല സ്ഥിരമായി ‘അപകട’ സിഗ്‌നലുകൾ അയയ്ക്കാം. ഇത് അവർക്ക് ചെറിയ പ്രകോപനത്തിനു പോലും ആക്രമണോത്സുകമായി പ്രതികരിക്കാൻ കാരണമാകാം.
വികാരങ്ങളെയും ഓർമ്മകളെയും നിയന്ത്രിക്കുന്ന ലിംബിക് സിസ്റ്റം, ആഘാതകരമായ അനുഭവങ്ങൾ നിരന്തരം ഉണ്ടായാൽ പുനർനിർമ്മിക്കപ്പെടാം. ഉദാഹരണത്തിന്, ഒരു വ്യക്തി കൂട്ടിക്കാലത്ത് മാതാപിതാക്കളിൽനിന്ന് അവഗണനയും അക്രമങ്ങളും അനുഭവിച്ചാൽ, അവരുടെ തലച്ചോറ് സഹാനുഭൂതി (empathy) കുറഞ്ഞ രീതിയിൽ രൂപപ്പെടാം. അയാൾ മുതിരുമ്പോൾ സാമൂഹികവിരുദ്ധനായി മാറാം.
ഇത് നേരെ തിരിച്ചും സംഭവിക്കാം. അതിനെ പോസിറ്റീവ് ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന് വിളിക്കാം. ക്രിമിനലുകൾക്ക് തെറാപ്പിയോ പരിശീലനമോ നൽകുമ്പോൾ, തലച്ചോറിന്റെ ന്യൂറോപ്ലാസ്റ്റിസിറ്റിവഴി അവരുടെ പെരുമാറ്റം മാറ്റാൻ ഒരു പരിധിവരെ സാധിച്ചേക്കും. ഉദാഹരണത്തിന്, ദേഷ്യനിയന്ത്രണ തെറാപ്പി (anger management therapy) അമിഗ്‌ഡലയുടെ അമിത പ്രവർത്തനം കുറയ്ക്കുകയും പ്രീഫ്രോണ്ടൽ കോർട്ടെക്സ്സിന്റെ നിയന്ത്രണം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് കണ്ടിട്ടുണ്ട്.
ഹോർമോണുകളും ക്രിമിനൽ സ്വഭാവവും
ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ട പ്രധാന ഹോർമോണുകൾ ഇവയാണ്:
- ടെസ്റ്റോസ്റ്റിറോൺ: ഈ പുരുഷ ഹോർമോൺ ആക്രമണാത്മകത, റിസ്‌ക് എടുക്കൽ, ആധിപത്യം (dominance) എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ഇത് തലച്ചോറിലെ അമിഗ്ഡലയെ സജീവമാക്കി ഭയത്തിന്റെ പ്രതികരണം കുറയ്ക്കാമെന്നും പറയുന്നു. ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവ് ഉള്ളവർക്ക് ആക്രമണോത്സുക പെരുമാറ്റം പ്രകടിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ജയിലിലെ തടവുകാരെ പഠിച്ചപ്പോൾ, അക്രമാസക്തമായ കുറ്റകൃത്യങ്ങൾ ചെയ്തവരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
- കോർട്ടിസോൾ: ‘സമ്മർദ ഹോർമോൺ’ എന്ന് വിളിക്കപ്പെടുന്ന കോർട്ടിസോളിൻ്റെ അളവ് കുറവായിരിക്കുമ്പോൾ, ഒരാൾക്ക് ഭയം കുറവായിരിക്കും, ഇത് ആക്രമണാത്മകതയോ സൈക്കോപാത്തിക് സ്വഭാവമോ വർധിപ്പിക്കാം. എന്നാൽ, ഉയർന്ന കോർട്ടിസോൾ അമിത സമ്മർദത്തിലേക്ക് നയിച്ച് ആവേശപ്രകടനങ്ങൾക്കും കാരണമാകാം. സൈക്കോപാത്തിക് സ്വഭാവമുള്ളവരിൽ കോർട്ടിസോൾ അളവ് കുറവാണെന്ന് പഠനങ്ങൾ കാണിക്കുന്നു. ഇത് അവർക്ക് കുറ്റബോധമോ ഭയമോ അനുഭവിക്കാതെ അക്രമം ചെയ്യാൻ കാരണമാകുന്നുവെന്നും പറയാം.
- ഓക്സിടോസിൻ: ‘സ്നേഹ ഹോർമോൺ’ എന്ന് അറിയപ്പെടുന്ന ഓക്സി ടോസിൻ, സാമൂഹിക ബന്ധങ്ങളെയും സഹാനുഭൂതിയെയും പ്രോത്സാഹിപ്പിക്കുന്നു. ഇത് കുറവായാൽ, സഹാനുഭൂതി കുറയുകയും സാമൂഹികവിരുദ്ധ പെരുമാറ്റം വർധിക്കുകയും ചെയ്യാം. ഓക്‌സി ടോസിൻ അളവ് കുറവുള്ളവർക്ക് സഹാനുഭൂതി വളരെ കുറവായിരിക്കും.
- അഡ്രിനലിൻ : അഡ്രിനലിന്റെ അമിത ഉൽപാദനം ആക്രമണാത്മകമായ പ്രതികരണങ്ങളിലേക്ക് ഒരാളെ നയിക്കാം പ്രത്യേകിച്ച്, സമ്മർദകരമായ സാഹചര്യങ്ങളിൽ. ഒരു വഴക്കിനിടയിൽ അഡ്രിനലിൻ കുത്തനെ ഉയർന്നാൽ, ഒരാൾ ആ ലോചിക്കാതെ അക്രമാസക്തമായി പ്രവർത്തിച്ചേക്കാം.
ഹോർമോണുകളും ജനിതക ഘടകങ്ങളും കാര്യം പറഞ്ഞതു പോലെ വ്യക്തിയുടെ പരിസ്ഥിതി കളുമായി ബന്ധപ്പെട്ടാണ് സ്വഭാവത്തെ സ്വാധീനിക്കുന്നത്. ദാരിദ്ര്യം, അതിക്രമം, അവഗണന എന്നിവ ഒരാളിലെ ഹോർമോൺ അസന്തുലിതാവസ്ഥയെ വർധിപ്പിക്കാം. ഉയർന്ന ടെസ്റ്റോസ്റ്റിറോണും കുറഞ്ഞ കോർട്ടിസോളുമുള്ള ഒരാൾ ഭയമില്ലാതെ ആക്രമണാത്മകത പ്രകടിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളിലെ ഈസ്ട്രജനും പ്രൊജസ്റ്ററോണും വികാരനിയന്ത്രണത്തെ സ്വാധീനിക്കുന്നുണ്ട്. അവ സാധാരണയായി ആക്രമണാത്മകത കുറയ്ക്കുന്ന ഹോർമോണുകളാണ്.
ക്രിമിനൽ സ്വഭാവത്തിന്റെ ജീവശാസ്ത്രം ഇങ്ങനെ നിരവധി കൈവഴികളുള്ള വലിയൊരു അരുവിയാണെന്ന് വേണമെങ്കിൽ പറയാം. ഒരാൾ ജന്മനാൽ ക്രിമിനലായി ജനിക്കുന്നുവെന്ന് പറയാൻ പറ്റില്ല. എന്നാൽ, ചില ജനിതക ഘടകങ്ങളും ഗർഭാവസ്ഥയിൽ അനുഭവിച്ച പ്രശ്‌നങ്ങളും (ഉദാ: അമ്മയുടെ മദ്യപാനം, ഹോർമോൺ വ്യതിയാനങ്ങൾ etc.) കുട്ടിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട് എന്നതും സത്യമാണ്, ചാൾസ് വിറ്റ്മാനെപ്പോലെ അമിഗ്‌ഡലയിൽ ഒരു ട്യൂമർ വന്നതുകാരണം പതിനാറുപേരെ കൊന്നുകളഞ്ഞവരും ട്യൂമർ നീക്കം ചെയ്തപ്പോൾ സ്വഭാവംതന്നെ മാറിയ സംഭവങ്ങളുമുണ്ട്. അതൊക്കെ അപൂർവമാണ്. ഏറ്റവും പ്രധാനം, വ്യക്തി വളരു ന്ന പരിതഃസ്ഥിതി തന്നെയാണ് എന്നാണ് തോന്നുന്നത്. കാരണം, ക്രിമിനാലിറ്റിയുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാ ജനിതക ഘടകങ്ങളും ഹോർമോൺ സ്വാധീനവും സാഹചര്യങ്ങൾ അനുകൂലമാകുമ്പോഴാണ് പ്രസക്തമാകുന്നതെന്ന് ന്യൂറോപ്ലാസ്റ്റിസിറ്റിയെപ്പറ്റിയുള്ള പഠനങ്ങൾ ശരിവയ്ക്കുന്നുണ്ട്..
