Read Time:10 Minute

“അയ്യോ ചോര!” ആമിനക്കുട്ടി നിലവിളിച്ചു. ഡങ്കായിയുടെ ചുമലിൽ കിടക്കുന്ന കണ്ണൻ്റെ നെറ്റിയിൽനിന്ന് ചോര ഒലിച്ചിറങ്ങുകയാണ്. കണ്ണന് ബോധമുണ്ടായിരുന്നില്ല.

“നമുക്ക് കണ്ണൻ്റെ മുഖത്ത് അൽപം വെള്ളം തളിക്കാം.” ഡങ്കായി കണ്ണനെ നിലത്തിറക്കി. ഇങ്കായി അവനെ സ്വന്തം ശരീരത്തോടു ചാരിയിരുത്തി.

“കണ്ണാ.” അമ്മുക്കുട്ടി വിളിച്ചു.

“കണ്ണാ… കണ്ണാ…” കുട്ടുകാർ മാറിമാറി വിളിച്ചു. കണ്ണനുണർന്നില്ല. ആമിനക്കുട്ടിക്ക് കരച്ചിൽവന്നു.

“കണ്ണാ.” അവൾ തട്ടത്തിന്റെ ഒരറ്റം കൊണ്ട് കണ്ണന്റെ നെറ്റിയിലെ ചോര തുടച്ചു.

അപ്പോഴേക്കും ഒരിലക്കുമ്പിളിൽ വെള്ളവുമായി മാരനെത്തി. ഡങ്കായി വെള്ളം കണ്ണൻ്റെ മുഖത്ത് തളിച്ചു. പിന്നെ മുഖവും നെറ്റിയും കഴുകി.

“അമ്മേ..” കണ്ണൻ വേദനയോടെ ഞരങ്ങി.

“കണ്ണാ” ചിന്തു വിളിച്ചു.

കണ്ണൻ പതുക്കെ കണ്ണു തുറന്നു. ചുറ്റും നോക്കി. കൂട്ടുകാരുടെ നേരെ പുഞ്ചിരിച്ചു.

സന്തോഷംകൊണ്ട് അമ്മുക്കുട്ടിയുടെ കണ്ണു നിറഞ്ഞുപോയി.

മുക്കിയും മൂളിയും വാലാട്ടിയും അവൻ കണ്ണൻ്റെ ചുറ്റും ഓടിക്കളിച്ചു. എന്നിട്ട് മടിയിൽ ചാടിക്കയറി കണ്ണന്റെ കവിളത്ത് സ്നേഹപൂർവം നക്കി.

“ചോര നിക്കണില്ല.” ആമിനക്കുട്ടി തട്ടം വലിച്ചുചീന്തി കണ്ണൻ്റെ നെറ്റിയിലെ മുറിവു കെട്ടാനൊരുങ്ങി.

“ഔഷധച്ചെടിയുടെ ഇലയെവിടെ?” ഡങ്കായി ചോദിച്ചു.

അവരുടെ ഗ്രഹത്തിൽ മുറിവിനും ചതവിനും മറ്റു രോഗങ്ങൾക്കും എല്ലാം ഔഷധച്ചെടികളുണ്ട്. എല്ലാവർക്കും ഔഷധച്ചെടികളറിയാം.

“ഭൂമിയിലും ധാരാളം ഔഷധസസ്യമുണ്ടല്ലോ?”

പക്ഷേ, കൂട്ടുകാർക്ക് അതൊന്നുമറിയില്ല. അസുഖം വന്നാലും മുറിവേറ്റാലും ഡോക്‌ടറെ കാണിക്കണം. ഡോക്‌ടർ മരുന്നു കുത്തിവയ്ക്കും ഗുളിക നൽകും അത്രയേ അവർക്കറിയൂ

“ആരാണ് ഡോക്ട‌ർ?” ഡങ്കായി ചോദിച്ചു.

“അവരോ? അവരാണ് മുറിവുണക്കുന്നവർ. രോഗം മാറ്റി മനുഷ്യരെ ആരോഗ്യമുള്ളവരാക്കുന്നവർ…” ഉണ്ണിക്കുട്ടൻ പറഞ്ഞു.

“ഡോക്ടർമാർ മനുഷ്യരെ മരണത്തിൽ നിന്നു രക്ഷിക്കും.” അമ്മുക്കുട്ടി പറഞ്ഞു.

“അവർ വേദന മാറ്റിത്തരും.”

“അവർ സ്നേഹവും കരുണയുമുള്ളവരാണ്.”

“രോഗികൾക്ക് എന്തൊരാശ്വാസമാണെന്നോ ഡോക്‌ടറെ കാണുമ്പോൾ..”

ഡങ്കായിയും ഇങ്കായിയും ഡോക്‌ടർമാരെക്കുറിച്ച് ആദ്യമായി കേൾക്കുകയാണ്… അവരുടെ ഗ്രഹത്തിൽ ചികിത്സിക്കാൻ ആരുമില്ല. ഔഷധച്ചെടികൾ പറിച്ച് ഓരോരുത്തരും അവരവരുടെ രോഗം സ്വയം മാറ്റിയെടുക്കും.

ശുശ്രൂഷിക്കാനൊരാളുണ്ടാവുക! എത്രനല്ല കാര്യമാണത്! എത്ര മഹത്തായ ജോലിയാണവർ ചെയ്യുന്നത്.

“അതെന്തായാലും കൂലിവാങ്ങുന്ന വെറും ജോലിയല്ല, തീർച്ച.” ഇങ്കായി പറഞ്ഞു.

“ഇവിടെ അടുത്തൊരു ഡോക്‌ടറുണ്ട്. ജോയിമോൻ പറഞ്ഞു; നമുക്ക് കണ്ണനെ അവിടെ കൊണ്ടുപോകാം.”

ഡങ്കായിയും ഇങ്കായിയും പുറത്തിരുന്നു. കുട്ടുകാർ കണ്ണനെയും കൊണ്ട് അകത്തേക്കുപോയി.

“ഡങ്കായീ… നമുക്ക് ഡോക്‌ടറെ കാണണ്ടെ?” ഇങ്കായി ചോദിച്ചു.

“പക്ഷേ, അയാൾ നമ്മളെ കണ്ട് ബോധമറ്റു വീണാൽ കണ്ണൻ്റെ മുറിവിൽ ആരാ മരുന്നുവെച്ചുകെട്ടുക?”

“നമുക്ക് ഈ തുറിച്ച കണ്ണും നീണ്ട മുടിയും വാലും ഒന്നും വേണ്ടായിരുന്നു, ല്ലേ?” ഇങ്കായി പറഞ്ഞു.

പെട്ടെന്ന് അകത്തുനിന്നൊരു ബഹളം കേട്ടു.

“എന്താ അത്?” അവർ ജനലിലൂടെ എത്തിനോക്കി.

കഴുത്തിൽ കുഴൽ തൂക്കിയ ഒരു മനുഷ്യൻ ഉണ്ണിക്കുട്ടനോട് കയർക്കുകയാണ്.

“അയാൾ ഡോക്‌ടറാണോ?” ഇങ്കായി ചോദിച്ചു.

“ആവില്ല. ഡോക്ട‌ർമാർ കരുണയുള്ളവരാണ് എന്ന് കൂട്ടുകാർ പറഞ്ഞല്ലോ.”

“ഇതു കണ്ടോ എഴുതിവച്ചിരിക്കുന്നത്?” കഴുത്തിൽ കുഴൽ തൂക്കിയ മനുഷ്യൻ കയർക്കുകയാണ്. “നൂറ്റിയമ്പതു രൂപ ഫീസ്. അതുണ്ടെങ്കിലേ ഞാനീ കെട്ടഴിച്ച് മുറിവുനോക്കൂ…ങും.”

കൂട്ടുകാർ യാചനാരൂപത്തിൽ മിണ്ടാതെ ഡോക്ട‌റെ നോക്കുകയാണ്. കണ്ണൻ വേദന സഹിച്ച് കണ്ണടച്ചിരിക്കയും..

“സർ, ഞങ്ങൾ വീട്ടിൽപോയി പണം വാങ്ങിവരാം.” അൻസാർ പറഞ്ഞു. അതിനുമുമ്പ് കണ്ണന് വേണ്ട മരുന്ന്…”

“ഛീ… എന്തു വിചാരിച്ചു ഇത് ധർമാശുപത്രിയൊന്നുമല്ല. തമ്മിൽ തല്ലി കാശില്ലാതെ വലിഞ്ഞുകയറി വരും… ഫീസില്ലാതെ…”

“ഡങ്കായീ, അയാളും ഡോക്‌ടറാണ്.” ഇങ്കായി മന്ത്രിച്ചു.

“നമുക്കെന്തു ചെയ്യാനാവും?”

പേടിപ്പിക്കാം. പക്ഷേ, അതുകൊണ്ടെന്തു കാര്യം? ഇപ്പോൾ വേണ്ടത് കണ്ണനാവശ്യമായ ചികിത്സയാണ്

പെട്ടെന്ന് നായക്കുട്ടി കുരച്ചുകൊണ്ട് ഡോക്ടറുടെ മേശപ്പുറത്തേക്ക് ചാടിക്കയറി. അവൻ ഡോക്‌ടറെ നോക്കി തുടർച്ചയായി കുരച്ചുകൊണ്ടിരുന്നു.

ആദ്യം ഒന്നമ്പരന്നുപോയ ഡോക്‌ടർ പെട്ടെന്ന് ചാടിയെണീറ്റു. അയാൾ ഒരു തടിച്ച പുസ്‌തകമെടുത്ത് നായക്കുട്ടിയെ ആഞ്ഞൊരടി. പാവം. നായക്കുട്ടി മോങ്ങിക്കൊണ്ട് നിലത്തേക്കു മറിഞ്ഞു.

“ഡങ്കായീ…” അമ്മുക്കുട്ടി ഉറക്കെ വിളിച്ചു.

ഡങ്കായിയും ഇങ്കായിയും അതിനകം തന്നെ അകത്തെത്തിക്കഴിഞ്ഞിരുന്നു. അവർ കണ്ണനേയും കൂട്ടുകാരേയും സമാധാനിപ്പിച്ചു.

“നമുക്ക് മറ്റെവിടെനിന്നെങ്കിലും മരുന്നു വാങ്ങാം.”-

“പോകട്ടെ സാർ…” മാരൻ ഡോക്ടറുടെ നേരെ തിരിഞ്ഞു. അയാളുണ്ട് വായ തുറന്ന് കണ്ണു തുറിച്ച് മരവിച്ചങ്ങനെ നിൽക്കുന്നു.

മാരൻ അയാളുടെ കണ്ണിലൊന്നൂതി

“അയ്യോ!” ഡോക്‌ടർ കുഴഞ്ഞ് കസേരയിലേക്കു വീണു.

“വാസ്കോ ഡി ഗാമമാർ ഇനീം ഭൂമീലുണ്ട്. ല്ലേ ഡങ്കായീ.” ഇങ്കായി അയാളുടെ പഴയ ചോദ്യം ആവർത്തിച്ചു.

“ആമമുട്ട മോഷ്ട‌ിക്കാൻ വന്നവരെക്കാൾ വലിയ വലിയ ദുഷ്ടന്മാർ.”

“നമുക്ക് ഡോക്ട‌റമ്മാവന്റെ അടുത്തു പോകാം.” ശ്രുതി പറഞ്ഞു.

ചിന്തുവിന്റെയും ശ്രുതിയുടെയും വീടിനടുത്താണ് ഡോക്‌ടറമ്മാവൻ താമസിക്കുന്നത്.

“ഡോക്ടറമ്മാവൻ വെറും ഡോക്‌ടറല്ല. ഒരുപാട് കഥ പറയാനറിയാവുന്ന, ഞങ്ങളോടൊപ്പം കളിക്കുന്ന, എപ്പോഴും ചിരിക്കുന്ന മാമനാണ്.” ശ്രുതി പറഞ്ഞു.

“മാമന് എല്ലാരേം വല്യ ഇഷ്ടാണ്.” ചിന്തുവും പറഞ്ഞു

അവർ ഡോക്ടർമാമന്റെ വീട്ടിലെത്തി. പതിവുപോലെ ഡങ്കായിയും ഇങ്കായിയും പുറത്ത് മറഞ്ഞിരുന്നു.

“ങാ.. ങാ… ആരായിത്? ചിന്തു… ശ്രുതി… പിന്നെയാരൊക്കെയാണ്?

വാ..വാ…” ഡോക്ട്‌ടർ മാമൻ കൂട്ടുകാരെയൊക്കെ തലോടി അവിടവിടെയായി ഇരുത്തി. കണ്ണൻ്റെ മുറിവു പരിശോധിച്ചു.

“സാരമില്ല കുട്ടാ.. ഠപ്പോന്ന് ഉണക്കുന്ന മരുന്നില്ലേ മാമൻ്റെ കയ്യിൽ.”

ഡോക്ടർമാമൻ മരുന്നുവച്ച് മുറിവു കെട്ടി.

“ആമിനക്കുട്ടി മിടുക്കിയാണ് ട്ടോ. തട്ടം കൊണ്ട് മുറിവുകെട്ടിയതുകൊണ്ട് ചോര അധികമൊന്നും പോയില്ല.”

ഡോക്ടർമാമൻ കൂട്ടുകാർക്കെല്ലാം ലഡു നൽകി. എന്നിട്ട് ചോദിച്ചു:

“ആരാ കണ്ണന്റെ തലയിൽ തല്ലിയത്?”

“ഞങ്ങളല്ല.” ആമിനക്കുട്ടി പറഞ്ഞു. “മദാമ്മപ്പെണ്ണാ.” ചിന്തു പറഞ്ഞു. എന്നിട്ടവൻ മൈതാനത്തുണ്ടായത് വിവരിച്ചു. “ഡങ്കായീം … ഇങ്കായീം” പെട്ടെന്ന് അമ്മുക്കുട്ടി അവനെ കണ്ണുകാണിച്ചു. പറയല്ലേ.”

ചിന്തു അബദ്ധം പറ്റിയപോലെ നാവു കടിച്ചു.

“ആരാ ഡങ്കായീം ഇങ്കായീം?” മാമൻ ചോദിച്ചു.

കൂട്ടുകാർ പരസ്‌പരം നോക്കി. “ദൂരെ ദൂരെ നക്ഷത്രങ്ങൾക്കപ്പുറത്തുള്ള ഗ്രഹത്തിൽനിന്നു വന്ന ഞങ്ങളുടെ കൂട്ടുകാർ.” ഉണ്ണിക്കുട്ടൻ പറഞ്ഞു.

“മിടുക്കന്മാർ…. മിടുക്കികൾ…” മാമനുറക്കെ ചിരിച്ചു.

“നക്ഷത്രങ്ങൾക്കും അപ്പുറത്തു…. ഭാവനയുടെ അതിരിലുള്ള കൂട്ടുകാർ… നല്ല രസമാണ് അവരൊന്നിച്ച് കളിക്കാൻ… അവരെ കൂട്ടുകൂടാൻ കിട്ടുന്നത് വലിയ ഭാഗ്യമാണ്.”

“മാമനവരെ കാണണ്ടെ?” അൻസാർ ചോദിച്ചു.

“ങും ങും… അവര് കൂട്ടുകാരുടെ ചങ്ങാതിമാരല്ലേ.. പോയി അവരൊപ്പം കളിക്യാ. ആകാശത്തോളം ഉയരം വരെ പറന്നു കളിക്യാ.” മാമൻ രണ്ടു ലഡുവെടുത്ത് കണ്ണൻ്റെ കയ്യിൽ കൊടുത്തു. ഇത് നിങ്ങളുടെ ഡങ്കായിക്ക്. ഇത് ഇങ്കായിക്കും.”

കൂട്ടുകാർ ആഹ്ലാദത്തോടെ പുറത്തേക്കോടി.

(തുടരും)

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുരങ്ങുവിചാരണ: ശാസ്ത്രം കോടതി കയറിയപ്പോൾ
Close