
കേൾക്കാം
“ഡങ്കായീ.. ഡങ്കായ്…”
ഉണ്ണിക്കുട്ടൻ വിളിച്ചു. ഡങ്കായിയും ഇങ്കായിയും അവർ കിടന്ന തട്ടിൽനിന്ന് പതുക്കെ തലപൊന്തിച്ചു നോക്കി. ഉണ്ണിക്കുട്ടൻ താഴെ നിൽക്കുന്നുണ്ട്. തീവണ്ടിക്ക് ഇപ്പോൾ വേഗത കുറവാണ്. കുറെ ആളുകൾ വാതിലിനടുത്തു കൂടി നിൽക്കുകയാണ്, ഇറങ്ങാനായിട്ട്. ബാക്കിയുള്ളവർ ഉറക്കംതന്നെ.
“ഇറങ്ങിവരൂ..” ഉണ്ണിക്കുട്ടൻ പറഞ്ഞു. ഡങ്കായിയും ഇങ്കായിയും താഴെ ഇറങ്ങി.
“വണ്ടി കുറച്ചു നിമിഷത്തിനകം സ്റ്റേഷനിലെത്തി നിൽക്കും” ഉണ്ണിക്കുട്ടൻ പറഞ്ഞു. എന്നിട്ട് വാതിൽക്കൽ നിൽക്കുന്ന ഒരാളെ ചൂണ്ടിക്കാട്ടി.
“അതെൻ്റെ മാമനാണ്. ഞാൻ മാമൻ്റെ കൂടെ ഇറങ്ങും. നിങ്ങൾ ആരും കാണാതെ ഇറങ്ങി എൻ്റെ കൂടെ വന്നാൽ മതി.”
“ആരെങ്കിലും കണ്ടാലെന്താ?” ഇങ്കായി ചോദിച്ചു.
“അവർക്കു പേടിയാവും. നിങ്ങൾക്ക് വിചിത്രമായ രൂപമാണ്.”
“അവരോട് കാര്യം പറഞ്ഞാൽ മതി ഉണ്ണിക്കുട്ടാ.” ഡങ്കായി പറഞ്ഞു.
“കാര്യം പറഞ്ഞാൽ അവർക്കു മനസ്സിലാവില്ല. അവർ മുതിർന്നവരാണ്.”
“മുതിർന്നവർ കാര്യങ്ങൾ വേഗം മനസ്സിലാക്കും. നമുക്കു മാമനോടു പറഞ്ഞു നോക്കാം.”
“വേണ്ട. മാമനും മനസ്സിലാവില്ല.”
ഡങ്കായിക്കും ഇങ്കായിക്കും ഉണ്ണിക്കുട്ടൻ പറയുന്നതിനോട് യോജിപ്പില്ല.
“അതെന്താ ചങ്ങാതീ?” അവർ ചോദിച്ചു.
“മുതിർന്നവർ പുന്തോട്ടമുണ്ടാക്കും. പൂവു കണ്ടാലവർക്കറിയാം. എന്നാൽ പൂവുകൾ കരയുന്നതും ചിരിക്കുന്നതും വർത്തമാനം പറയുന്നതും അവർക്ക് മനസ്സിലാവില്ല. അവർ നല്ല പാവക്കുട്ടികളെയുണ്ടാക്കും. എന്നാൽ പാവക്കുട്ടികളുടെ സ്നേഹമെന്തെന്ന് മുതിർന്നവർക്കറിയില്ല. വലിയവർക്ക് അവരുടെ ഉള്ളിലുള്ള വലിയ കാര്യമേ മനസ്സിലാവു..”
“ശരിയാ.” ഡങ്കായി പറഞ്ഞു; “അവർക്ക് ചിത്രശലഭങ്ങളുടെ കൊട്ടാരത്തിൽ ഒരിക്കലും പോവാൻ കഴിയില്ല.”
ദൂരെ റെയിൽവേസ്റ്റേഷൻ്റെ വിളക്കുകൾ കണ്ടു. അതോടെ ആളുകൾ ഇറങ്ങാൻ തിരക്കുകൂട്ടലുമാരംഭിച്ചു. വണ്ടി സാവധാനം കോഴിക്കോട് സ്റ്റേഷനിൽ നിന്നു. പുറത്ത് ആളുകളുടെ ബഹളം. ഇങ്കായി തീവണ്ടിയുടെ ജാലകത്തിലൂടെ എത്തിനോക്കി.
“ഡങ്കായീ… ഒരുപാടാളുകൾ! നമ്മളെങ്ങനെ അവരെ കാണാതെ പുറത്തു കടക്കും?”
“നമുക്ക് ഉണ്ണിക്കുട്ടൻ്റെ പിന്നിൽ ഒളിച്ചുനടക്കാം.” ഡങ്കായി പറഞ്ഞു.
“പക്ഷേ, ഉണ്ണിക്കുട്ടനെവിടെ?” ഉണ്ണി കുട്ടനും മാമനും ഇറങ്ങി ആൾക്കൂട്ടത്തിൽ മറഞ്ഞിരിക്കുന്നു.
“ഇനി നാമെന്തു ചെയ്യും? നോക്കു, ആളുകൾ അകത്തേക്ക് കയറാൻ തിരക്കു കൂട്ടുകയാണ്. അവർ ചിലപ്പോ നമ്മളെ…” ഇങ്കായിക്ക് പേടിയായി.
“വരൂ.” ഡങ്കായി തീവണ്ടിയുടെ എതിർവശത്തെ വാതിൽക്കലേക്കു നടന്നു.
ആ ഭാഗത്ത് തീവണ്ടിയിൽനിന്ന് ഇറങ്ങി നിൽക്കാനുള്ള പ്ലാറ്റ്ഫോം ഇല്ല. പാളങ്ങൾ മാത്രം. അതിൽ മറ്റൊരു തീവണ്ടി കിടക്കുന്നു. ആളില്ല, വെളിച്ചവുമില്ല.
ഡങ്കായിയും ഇങ്കായിയും വാതിലിലൂടെ പുറത്തേക്കു ചാടി. ഭാഗ്യം. ഒറ്റ മനുഷ്യരുമില്ല അവിടെങ്ങും.
“ഇങ്കായി, നമുക്കീ തീവണ്ടിയിൽ കയറി തൽക്കാലം ഒളിച്ചിരിക്കാം.” ഡങ്കായി ഇങ്കായിയേയും കൂട്ടി ഒഴിഞ്ഞ തീവണ്ടിക്കകത്തു കയറി.

അൽപസമയം കഴിഞ്ഞു. അവർ വന്ന തീവണ്ടി പൊയ്ക്കഴിഞ്ഞു. ഡങ്കായി പതുക്കെ തല പൊന്തിച്ച് സ്റ്റേഷനിലേക്കു നോക്കി. അവിടവിടെ ഇരുന്ന് ഉറക്കം തൂങ്ങുന്ന കുറെയാളുകൾ. അക്കൂട്ടത്തിൽ ഉണ്ണിക്കുട്ടനില്ല.
“ഉണ്ണിക്കുട്ടൻ പോയി.” ഇങ്കായി സങ്കടത്തോടെ പറഞ്ഞു;” “ഇനി നമ്മൾ എന്തു ചെയ്യും?”
ഡങ്കായിയും അതുതന്നെയാണ് ചിന്തിച്ചത്. ഉണ്ണിക്കുട്ടനുണ്ടായിരുന്നെങ്കിൽ മുടിവെട്ടിക്കുന്ന സ്ഥലത്ത് വേഗമെത്താമായിരുന്നു. ആളുകളെ പേടിപ്പിക്കുന്ന രൂപവുമായി ഒറ്റയ്ക്ക് ഇറങ്ങി നടക്കുന്നതെങ്ങനെ?
“സാരമില്ല വരൂ…” ഡങ്കായി ഇങ്കായിയെ വിളിച്ച് തീവണ്ടിയിൽ നിന്നിറങ്ങി. എന്നിട്ട് വണ്ടിയുടെ മറ പറ്റി പിന്നോട്ടു നടന്നു. കുറെ ദൂരം നടന്നപ്പോൾ അവർ തീവണ്ടി സ്റ്റേഷനു പുറത്തായി.
“ഇനി നമുക്ക് ഉണ്ണിക്കുട്ടൻ്റെ അടുത്ത് എത്തണം.” ഡങ്കായി പറഞ്ഞു:
“അതെങ്ങനെ?”
“നമ്മൾ മുതിർന്നവരല്ലല്ലോ. കുട്ടികളല്ലേ നമുക്ക് ഉണ്ണിക്കുട്ടനെപ്പോലെ ആഗ്രഹിക്കുന്നിടത്തൊക്കെ പോവാം. സ്വപ്നം കാണുന്നതൊക്കെ ഉണ്ടാക്ക്വേം ചെയ്യാം.”
“ഉണ്ണിക്കുട്ടൻ നമ്മളെ കാത്തിരിക്കുമോ?”
“തീർച്ചയായും.”
നടന്ന് നടന്ന് അവർ ഒരു വലിയ കുളത്തിൻ്റെ കരയിലെത്തി. ഡങ്കായിക്കും ഇങ്കായിക്കും നല്ല ദാഹമുണ്ടായിരുന്നു. അവർ കുളത്തിലിറങ്ങി വെള്ളം കുടിച്ചു.
“ഡങ്കായീ, എനിക്കൽപം വിശ്രമിക്കണം.”
“എനിക്കും.”
“അതാ, അതു കണ്ടോ?” ഇങ്കായി കുറച്ചകലെ അരണ്ട വെളിച്ചത്തിൽ ഒരു വാഹനം കിടക്കുന്നത് ചൂണ്ടിക്കാണിച്ചു
അവരിരുവരും അതിനടുത്തെത്തി. അതൊരു ഓട്ടോറിക്ഷയാണ്. അതിൽ ആരുമുണ്ടായിരുന്നില്ല.
“നമുക്കതിൽ കയറി വിശ്രമിക്കാം.”
കേൾക്കേണ്ട താമസം ഇങ്കായി അതിനകത്തെത്തി കിടന്നു കഴിഞ്ഞു. പിന്നാലെ ഡങ്കായിയും. അവർ പെട്ടെന്ന് ഉറങ്ങിപ്പോയി.
ഭയങ്കര കുലുക്കവും ശബ്ദവും കേട്ടാണ് ഡങ്കായി ചാടി എഴുന്നേറ്റത്. ഒപ്പം തന്നെ ഇങ്കായിയും. നോക്കുമ്പോൾ ഓട്ടോറിക്ഷ ഓടിക്കൊണ്ടിരിക്കുന്നു.
മിണ്ടരുത് എന്ന് സൂചിപ്പിക്കും മുമ്പു തന്നെ ഇങ്കായി പരിഭ്രമത്തോടെ വിളിച്ചു, “ഡങ്കായീ…..”
ശബ്ദം കേട്ടതും ഡ്രൈവർ വിളക്കു തെളിച്ചു. അയാൾ തിരിഞ്ഞുനോക്കി. ഡങ്കായി ഭയന്നതുതന്നെ സംഭവിച്ചു. ഡ്രൈവർ നിലവിളിയോടെ പുറത്തേക്കു ചാടി
ഇപ്പോൾ ഡ്രൈവറില്ലാത്ത ഓട്ടോ റിക്ഷ ഇരുട്ടിലൂടെ മുന്നോട്ട് ഓടുകയാണ്. അതിൽ അന്യഗ്രഹത്തിൽനിന്നു വന്ന ഡങ്കായിയും ഇങ്കായിയും പരസ്‌പരം കെട്ടിപ്പിടിച്ചു നിന്നു.
(തുടരും)

(തുടരും)