
കേൾക്കാം
ഡങ്കായിയും ഇങ്കായിയും ഇപ്പോൾ ഒരു തീവണ്ടിയിലാണ്. കടപ്പുറത്തുനിന്ന് നടന്ന് അവർ ഒരിടവഴിയിലാണെത്തിയത്. അതിലൂടെ കുറച്ചുദൂരം നടന്നപ്പോൾ അവർക്കു കുറുകെയുണ്ട് ഒരു വലിയ വാഹനം നീണ്ടുകിടക്കുന്നു. വാഹനത്തിൽ നിറച്ചും മങ്ങിയ വെളിച്ചവും.
“ഇത് തീവണ്ടിയാണ്. മനുഷ്യർ യാത്ര ചെയ്യുന്ന വാഹനം. ഒരേ അകലത്തിൽ നീട്ടിയിട്ട പാളങ്ങളിലൂടെയാണ് ഇതിൻ്റെ യാത്ര.” ഡങ്കായി ഇങ്കായിയോട് പറഞ്ഞു.
“നമുക്കൊന്ന് കയറി നോക്കിയാലോ ഡങ്കായീ?”
“കൊള്ളാം!” ഡങ്കായിക്കും മോഹമായി ഭൂമിയിൽ വന്നിട്ട് മനുഷ്യൻ സഞ്ചരിക്കുന്ന ഒരു വാഹനത്തിൽ കയറി നോക്കുക! രസകരം തന്നെ….. തിരിച്ചുചെന്നാൽ കൂട്ടുകാരോട് പറയാൻ ഒരു വിശേഷവുമായി.
അങ്ങനെയാണ് ഡങ്കായിയും ഇങ്കായിയും തീവണ്ടിമുറിയിൽ കയറിയത്. മങ്ങിയ വെളിച്ചത്തിൽ ഇരിപ്പിടങ്ങളിലും മുകളിലെ തട്ടുകളിലും നിറയെ യാത്രക്കാർ. എല്ലാവരും നീണ്ടുനിവർന്ന് കിടക്കുകയാണ്.
“ഭൂമിയിൽ മനുഷ്യർ കിടന്നുകൊണ്ടാണോ യാത്രചെയ്യുക?” ഇങ്കായി ചോദിച്ചു. അവരുടെ ഗ്രഹത്തിൽ ആരും കിടന്നുകൊണ്ട് യാത്രചെയ്യില്ല. ഇരിപ്പിടത്തിൽ ചാരിയിരുന്ന് എന്തെങ്കിലുമൊക്കെ ചെയ്‌തുകൊണ്ടാണവർ യാത്രചെയ്യുക. ഇവിടെ ഭൂമിയിൽ വന്നിട്ട് ജോലി ചെയ്യുന്ന ഒരാളേയും കാണാനായില്ല, ഇതുവരെ.
പെട്ടെന്ന് ചുളംവിളി ഉയർന്നു. വണ്ടി പതിയെ നീങ്ങിത്തുടങ്ങി.
‘ഡങ്കായി….’ ഇങ്കായി ഭയത്തോടെ വിളിച്ചു.
“സാരമില്ല. നമുക്ക് അടുത്ത താവളത്തിൽ ഇറങ്ങാം. ഒരു പക്ഷേ, മുടി മുറിക്കുന്ന സ്ഥലം കാണാൻ പറ്റിയാലോ?”
അവർ തീവണ്ടിമുറിയിലൂടെ മുന്നോട്ടു നീങ്ങി.
“ആളുകളെല്ലാം ഒന്നിച്ചുകിടന്നു വിശ്രമിക്കുകയാണ്.” ഇങ്കായി പറഞ്ഞു. ” വിചിത്രം തന്നെ മനുഷ്യരുടെ കാര്യം! വിശ്രമിക്കുമ്പോൾ എല്ലാവരും ഒരുമിച്ച്. അവരുടെ ഗ്രഹത്തിൽ ക്ഷീണം തോന്നുന്നവർ വിശ്രമിക്കും. മറ്റുള്ളവർ ജോലി ചെയ്തുകൊണ്ടിരിക്കും. രാത്രിയായാലും പകലായാലും ഒന്നിച്ചു വിശ്രമിക്കുകയേയില്ല.
മുറിയുടെ മറ്റേയറ്റത്ത് എത്തിയപ്പോൾ ഇരുന്നു യാത്ര ചെയ്യുന്ന മൂന്നു യാത്രക്കാർ!
“ങാഹാ… വിശ്രമിക്കാതെയിരിക്കുന്ന ആളുകൾ” ഡങ്കായി മന്ത്രിച്ചു. അവർ ആ യാത്രക്കാരുടെ മുന്നിലെത്തി. മൂന്നു പേരും ധരിച്ചിരിക്കുന്നത് ഒരേപോലുള്ള വേഷം. തലയിൽ തൊപ്പി. അരയിൽ പട്ട. കാക്കിയുടുപ്പുകളും. എന്തോ ഒരായുധമുണ്ട് കയ്യിൽ. അതും കുത്തിപ്പിടിച്ച് കണ്ണടച്ച് പരസ്‌പരം തോളിൽ ചാരിയാണിരുപ്പ്. വണ്ടിയുടെ താളത്തിനൊത്ത് തലയും ഉടലും ആടിയുലയുന്നുണ്ട്.
“മുടി മുറിക്കുന്ന കാര്യം പറയ്!” ഇങ്കായി മന്ത്രിച്ചു
ഡങ്കായി ആദ്യത്തെ യാത്രക്കാരന്റെ തോളിൽ തൊട്ടു. അയാൾ ചാടിയെണീറ്റ് ഡങ്കായിയുടെ നേരെ തോക്കുചൂണ്ടി, പിന്നെ കണ്ണുകൾ തുറിച്ച് നിലവിളിച്ചു കൊണ്ട് ഒരൊറ്റ വീഴ്ച.. ആ നിമിഷത്തിൽ മറ്റു രണ്ടുപേരും ചാടിയെണീറ്റു. അവർ തോക്കു ചൂണ്ടുകകൂടി ചെയ്‌തില്ല. മലർന്നുവീണു!
ശബ്ദംകേട്ട് ഓടിവന്ന രണ്ടുമൂന്നു യാത്രക്കാരും ഡങ്കായിയുടേയും ഇങ്കായിയുടേയും മുമ്പിൽ ബോധമറ്റ് വീഴുകതന്നെ ചെയ്തു!

“ഡങ്കായീ, എന്തോ കുഴപ്പമുണ്ട്.
“ശരിയാ… ഇത് ആചാരമൊന്നുമല്ല, തീർച്ച!”
അപ്പോൾ ഒരു പൊട്ടിച്ചിരി കേട്ടു. കൈകൊട്ടുന്ന ശബ്ദവും.
“ഏയ് മാണ്ടായീ…” ഒരു കുട്ടിയാണ്. മുകളിലെ തട്ടിലിരുന്ന് അവൻ അതിഥികളെ നോക്കി ചിരിക്കുകയാണ്.
ഡങ്കായിയും ഇങ്കായിയും ഒറ്റച്ചാട്ടത്തിന് അവന്റെ അരികിലെത്തി.
“ഞാൻ മാണ്ടായിയല്ല.” ഡങ്കായി പറഞ്ഞു.
“മാണ്ടായി അല്ലെങ്കിൽ പോലീസുകാരെ പേടിപ്പിച്ചത് എന്തിനാ?” കുട്ടി ചോദിച്ചു. എൻ്റെ അമ്മമ്മ പറഞ്ഞിട്ടുണ്ടല്ലോ മാണ്ടായിക്ക് ഉണ്ടക്കണ്ണും വല്യ ചെവീം വാലും ഉണ്ടാവുംന്ന്. ചീത്ത കുട്ടികളേം വികൃതി കാട്ടണവരേം മാണ്ടായി പിടിച്ചൊണ്ടാവും. കയ്യും കാലും കൂട്ടിക്കെട്ടി, കണ്ണിൽ മൊളക് തേച്ച്, തീക്കനലിലൂടെ ഉരുട്ടും. വികൃതികളെ പാഠം പഠിപ്പിക്കാനാ… ഈ പോലീസുകാരെ പാഠം പഠിപ്പിക്കാൻ മാണ്ടായിയെ വിളിച്ച് കാത്തിരിക്യായിരുന്നു ഞാൻ.”
“എന്താ ഈ പോലീസ് എന്ന്വച്ചാൽ?” ഇങ്കായി ചോദിച്ചു.
“കള്ളൻമാരിൽനിന്നും കൊള്ളക്കാരിൽനിന്നും മനുഷ്യരെ രക്ഷിക്കുന്നതവരാ..” ഡങ്കായി പറഞ്ഞു. “തീവണ്ടിയിൽ കള്ളൻ വരാതിരിക്കാനാവും അവർ ഇതിലിരിക്കുന്നത്.”
“പോലീസുകാരെന്താ വികൃതികാട്ട്യേ?” ഇങ്കായി ചോദിച്ചു.
“അവര് പാവക്കുട്ടികളെ വിൽക്കാൻ വന്ന മാമനെ വണ്ടീന്ന് താഴേക്ക് തള്ളിയിറക്കി. പാവം, പാവക്കുട്ടികൾ ഒക്കേം നിലത്തുവീണു പൊട്ടിപ്പോയി. അവറ്റകൾ നെലവിളിച്ചപ്പം മാമനും ഉറക്കെ കരഞ്ഞു.” കുട്ടി വിതുമ്പി.
“സാരമില്ല.” ഡങ്കായി സമാധാനിപ്പിച്ചു. “എന്താ കൂട്ടുകാരന്റെ പേര്?”
“ഉണ്ണിക്കുട്ടൻ.”
ഉണ്ണിക്കുട്ടൻ ഡങ്കായിയുടെ ചെവി
പിടിച്ചൊന്നാട്ടി. മുടിയിൽ വിരലോടിച്ചു. വാലിൽ വെറുതെ തൊട്ടുനോക്കി.
“സത്യമായിട്ടും നിങ്ങൾ മാണ്ടായികളല്ലേ?”

“ഞാൻ ഡങ്കായി. ഇവൻ ഇങ്കായി. ഞങ്ങൾ ദൂരെ ഒരു ഗ്രഹത്തിൽ നിന്നു വരുന്നു. ഞങ്ങൾക്ക് ഭംഗിയായി മുടി വെട്ടണം. മുടിവെട്ടുകാരനെ തേടിയിറങ്ങിയതാ ഞങ്ങൾ.”
“നന്നായി. കോഴിക്കോട്ടങ്ങാടീല് ഒത്തിരി മുടിവെട്ടുകാരുണ്ട്” ഉണ്ണിക്കുട്ടൻ പറഞ്ഞു.
“അതെവിടെയാ?”
“ഇനി വണ്ടി നിർത്തുന്നത് കോഴിക്കോട്ടാ, എന്റെ കൂടെ വന്നാൽ മതി. ഞാൻ കാണിച്ചുതരാം.” ഉണ്ണിക്കുട്ടൻ പറഞ്ഞു. ഡങ്കായിക്കും ഇങ്കായിക്കും സന്തോഷമായി.
“ഉണ്ണിക്കുട്ടാ, നിങ്ങൾ മനുഷ്യർ ആരെ കണ്ടാലും മലർന്നുവീണ് ആദരിക്കുമോ?” ഇങ്കായി ചോദിച്ചു.
“മലർന്ന് വീഗ്വേ?” ഉണ്ണിക്കുട്ടന് ഒന്നും മനസ്സിലായില്ല.
“ദാ ആ പോലീസുകാർ ചെയ്‌തതു പോലെ” ഡങ്കായി പറഞ്ഞു.
ഉണ്ണിക്കുട്ടന് ചിരിപൊട്ടി. “പേടിത്തൊണ്ടൻമാർ. അങ്ങനെ വേണം. വണ്ടീല് അപ്പം വിൽക്കാൻ വന്നവരെയൊക്കെ പേടിപ്പിച്ച് ഓടിച്ചില്ലേ; ദുഷ്ടൻമാർ!”
ഡങ്കായിയും ഇങ്കായിയും പരസ്‌പരം നോക്കി.
“ചങ്ങാതിമാരേ, അവര് ആദരിച്ചതൊന്നല്ല. നിങ്ങളുടെ രൂപംകണ്ട് പേടിച്ച് ബോധം കെട്ടുപോയതാ…”
അപ്പോൾ അതാണ് സംഗതി. പാവം. മീൻപിടുത്തക്കാരനും ഭാര്യയും! അവർക്ക് ബോധം വന്നിട്ടുണ്ടാവ്വോ ആവോ?
നിലവിളിച്ചോടിയ കുറുക്കനെക്കുറിച്ചും മുട്ടക്കള്ളൻമാരെക്കുറിച്ചും ഓർത്തപ്പോൾ ഇങ്കായി ചിരിച്ചുപോയി.
“എന്തേ…” ഉണ്ണിക്കുട്ടൻ തിരക്കി.
ഡങ്കായിയും ഇങ്കായിയും പറഞ്ഞ കഥ കേട്ട് ഉണ്ണിക്കുട്ടനും ചിരിച്ചു.
“ഉണ്ണിക്കുട്ടന് പേടിയില്ലേ?”
“ഏയ്… ഞാൻ നിങ്ങളെ കാത്തിരിക്യായിരുന്നില്ലേ…” അവനുറക്കെ ചിരിച്ചു. “ഈ മനുഷ്യരെല്ലാം എന്താ വിശ്രമിക്കുന്നത്?” ഇങ്കായി ചോദിച്ചു.
“അവരുറങ്ങുകയാണ്.”
“ഉറങ്ങുകയെന്നുവെച്ചാൽ…”
“ഉറങ്ങുക എന്നുവെച്ചാൽ ഉറങ്ങുക എന്നന്നെ” ഉണ്ണിക്കുട്ടന് ചെറുതായി ശുണ്ഠിവന്നു
“കോഴിക്കോട്ടെത്താറായി. ആളുകള് ഇപ്പോൾ ഉണരും. അവരെ പേടിപ്പിക്കണ്ട. എവിടെങ്കിലും ഒളിച്ചുനിന്നോ… ഇറങ്ങുമ്പോൾ ഞാൻ വിളിക്കാം.”
ഡങ്കായിയും ഇങ്കായിയും ആളൊഴിഞ്ഞ ഒരു തട്ടിൽ കയറി അനങ്ങാതെ കിടന്നു.

(തുടരും)