Read Time:17 Minute

കേൾക്കാം

ദൂരെ ഏതോ ഗ്രഹത്തിൽനിന്ന് കാപ്പാട് കടപ്പുറത്ത് രാത്രിയിൽ വന്നിറങ്ങിയ ഡങ്കായിയും ഇങ്കായിയും മുടി വെട്ടിക്കാൻ ബാർബറെ തെരഞ്ഞ് മുക്കുവക്കുടിലിലെത്തിയത് കഴിഞ്ഞ ആഴ്ച്ച കേട്ടില്ലേ /വായിച്ചില്ലേ? അവരെ കണ്ട് ഒരു വീട്ടുകാരൻ ബോധംകെട്ടു മറിഞ്ഞുവീണു. അവർ കരുതിയത് ആദ്യമായി കണ്ടുമുട്ടുമ്പോൾ ഭൂമിയിലെ മനുഷ്യർ പരസ്പ്‌പരം ആദരിക്കുന്നത് അങ്ങനെയായിരിക്കും എന്നാണ്. അതുകൊണ്ട്, പിന്നാലെ വീട്ടുകാരി വന്നപ്പോൾ അവർ വീട്ടുകാരി ചെയ്‌തതുപോലെ പിന്നിലേക്ക് മറിഞ്ഞുവീണു. ആ സ്ത്രീ ചെയ്‌തതും അതുതന്നെയായിരുന്നു.  ഇനി ഈ ലക്കം കേൾക്കൂ../ വായിക്കൂ..

അൽപസമയം കഴിഞ്ഞു. ഡങ്കായിയും ഇങ്കായിയും മെല്ലെ എഴുന്നേറ്റു. വീട്ടുകാർ ഇനിയും എഴുന്നേറ്റിട്ടില്ല. അവർ കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടുകാരി പതുക്കെ എഴുന്നേറ്റിരുന്നു. “അല്ല… ഇവിടെയടുത്തെങ്ങാനും നല്ല ബാർബർമാർ ആരെങ്കിലുമുണ്ടോ? അധികം കൂലി വാങ്ങുന്ന ആളുവേണ്ട. ഒരു സാധാരണ ബാർബർ മതി.” ഒട്ടും സമയം കളയേണ്ട എന്നു കരുതി ഇങ്കായി തിടുക്കത്തിൽ ചോദിച്ചു.  ഉറക്കെ ഒരു നിലവിളിയായിരുന്നു മറുപടി. അവർ നിലത്തേക്കു തന്നെ മറിഞ്ഞുവീഴുകയും ചെയ്തു.

ഇതെന്തുകഥ! ഡങ്കായിയും ഇങ്കായിയും പരസ്‌പരം നോക്കി.  

“ഇവരുടെ അതിഥി പൂജ പൂർത്തിയാവാൻ കുറെയേറെ സമയം പിടിക്കുമെന്നു തോന്നുന്നു” ഡങ്കായി പറഞ്ഞു. “നമുക്കാണെങ്കിൽ ഏറെ സമയം കളയാനുമില്ല.” ഇങ്കായി ഓർമിപ്പിച്ചു.

“അതെ… അതുകൊണ്ട് ബാർബറെ നമുക്ക് സ്വന്തമായി തെരഞ്ഞ് കണ്ടുപിടിക്കാം…ന്താ?”  അവർ രണ്ടാളും കൂടി മുന്നോട്ടു നടന്നു. കടപ്പുറത്ത് നിറയെ തോണികളുണ്ട്. നിലാവെളിച്ചത്തിൽ അവ ഉറങ്ങിക്കിടക്കുകയാണ്.  “ഡങ്കായീ ,ഇതെന്തു സാധനമാണ്?” “അത് കടൽയാത്രയ്ക്കുപയോഗിക്കുന്ന വാഹനമാവണം.”  

“ഈ മനുഷ്യർ വലിയ ബുദ്ധി മാൻമാരും മിടുക്കൻമാരും ആണെന്നല്ലേ നീ പറഞ്ഞത്. നല്ല അധ്വാനശീലരാണെന്നും…. എന്നിട്ട് ഈ വാഹനത്തിലൊന്നും ഒരൊറ്റ ജീവിയില്ലല്ലോ.” ഇങ്കായി ചോദിച്ചു.

“അതുതന്നെയാ ഞാനും ചിന്തിക്കുന്നത്.” ഭൂമിയിൽ എമ്പാടും പണിയെടുക്കുന്ന മനുഷ്യരും അവരുണ്ടാക്കിയ പട്ടണങ്ങളും പരീക്ഷണശാലകളും ഉണ്ടെന്നാണ് അവർ കേട്ടിട്ടുള്ളത്. പരീക്ഷണശാലയിൽ മനുഷ്യർ ഒരു ജീവിയിൽനിന്ന് അതേപോലെ മറ്റൊരു ജീവിയെ ഉണ്ടാക്കുമത്രെ! രോഗികളെ സുഖപ്പെടുത്താനുള്ള മരുന്നും പോഷകങ്ങളും മാത്രമല്ല, മനുഷ്യരെത്തന്നെ നശിപ്പിക്കാൻ കഴിയുന്ന ബോംബും ഉണ്ടാക്കുന്നത് പരീക്ഷണശാലയിലാണ്!  “മനുഷ്യരുടെ കാര്യം വിചിത്രം തന്നെ” ഡങ്കായി മനസ്സിൽ പറഞ്ഞു.  പെട്ടെന്ന് തോണികൾക്കിടയിൽനിന്ന് ഒരു കൂക്കുവിളി ഉയർന്നു.  “അതെന്താ ഒരു സൈറൺ?”  ഡങ്കായിയും ഇങ്കായിയും ഓടിച്ചെന്ന് തോണിയുടെ വക്കിലുടെ എത്തിനോക്കി.  അതൊരു കുറുക്കനായിരുന്നു. ഞണ്ടുകളെ പിടിച്ചുതിന്ന് വയറുനിറഞ്ഞപ്പോൾ ആകാശത്തെ അമ്പിളിമാമനെ നോക്കി മുപ്പരങ്ങനെ നീട്ടി ഓലിയിടുകയാണ്.

“ഇതെന്തു ജന്തുവാണ്?” ഇങ്കായി ചോദിച്ചു.  “എനിക്കറിയില്ല. ചങ്ങാതി നന്നായി പാടുന്നുണ്ട്.” ഡങ്കായിക്ക് കുറുക്കൻ സംഗീതം പെരുത്തിഷ്ട‌മായി.  അവർ തോണികൾക്കിടയിലൂടെ നടന്ന് കുറുക്കൻ അരികിലെത്തി.  ഒന്നാം വട്ടം ആലാപനം കഴിഞ്ഞ് കുറുക്കൻ തിരിഞ്ഞുനോക്കിയപ്പോൾ ഡങ്കായിയും ഇങ്കായിയും കൈകൊട്ടി.  “ഭേഷ്… ബലേ ഭേഷ്..!”  അടുത്ത നിമിഷം അവർ കണ്ടത് പ്രാണവേദനയോടെ നിലവിളിച്ചുകൊണ്ട് തിരിഞ്ഞോടുന്ന കുറുക്കനെയാണ്. പാവം! അതുചെന്നു ചാടിയതാവട്ടെ കടൽത്തിരകളിലും.  “കടൽ ജീവിയാ?” ഡങ്കായിക്ക് സംശയമായി.  എന്നാൽ കുറച്ചുനേരം തിരകളിൽ മല്ലിട്ടശേഷം കരയ്ക്കുകയറിയ കുറുക്കൻ ശരംവിട്ടതുപോലെ കുതിച്ചോടി-തിരിഞ്ഞുപോലും നോക്കാതെ.

“ഇവിടത്തെ മനുഷ്യർക്കു മാത്രമല്ല, ജന്തുക്കൾക്കും വിചിത്രമായ ആചാരങ്ങളാണ്” ഇങ്കായി പറഞ്ഞു. “വല്ലാത്തൊരു ഗ്രഹം തന്നെ!”  അവർ പിന്നേയും കുറേ നടന്നു. ദൂരെ കുറെ വിളക്കുകൾ അണയുകയും കത്തുകയും ചെയ്യുന്നു. അവർ നടത്തത്തിനു വേഗത കൂട്ടി.  അവിടെ കുറെ ആളുകൾ ചേർന്ന് കടപ്പുറത്ത് എന്തോ തിരയുകയാണ്.

മണൽമാന്തി എന്തോ എടുക്കുന്നുമുണ്ട്. “ഇന്ന് കൊറേയേറെ കടലാമകൾ കരേൽ കേറീട്ടുണ്ട്” ഒരാൾ പറഞ്ഞു.  “നല്ലോണം നോക്കിക്കോ. തോന മുട്ടേണ്ടാവും.” മറ്റൊരാൾ മറുപടി പറഞ്ഞു.  “അവരെന്താ തിരയുന്നത്?” ഇങ്കായി ചോദിച്ചു.  “അവർ കടലമ്മയുടെ മുട്ടകൾ തിരയുകയാണ്. കടലാമ കരയിൽ കയറി മുട്ടയിട്ട് മണൽകൊണ്ട് മൂടിയിടും. മുട്ട താനേ വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാവും. പക്ഷേ, ഈ മനുഷ്യർ അവ വിരിയാൻ വിടാതെ കട്ടെടുക്കുകയാണ്, തിന്നാൻ.!” ഡങ്കായി മന്ത്രിച്ചു.  “കഷ്ടം! കടലാമകൾക്ക് പിന്നെങ്ങനെ കുഞ്ഞുണ്ടാവും?” ഇങ്കായിക്ക് സങ്കടം വന്നു. കുറച്ചുനേരം ആലോചിച്ചശേഷം അവൻ വീണ്ടും ചോദിച്ചു: “ഡങ്കായീ, നീ നേരത്തെ പറഞ്ഞ വാസ്കോഡി ഗാമ യുടെ ആളുകൾ ഇപ്പോഴും ഇവിടെയുണ്ടോ? ഈ മോഷ്‌ടാക്കൾ അവരാണോ?”ഡങ്കായി ഒന്നും പറഞ്ഞില്ല.
“നമുക്കവരെ ഓടിച്ചാലോ?” ഇങ്കായി പിന്നെയും ചോദിച്ചു.
“വേണ്ട… നമ്മൾ യുദ്ധത്തിനു വന്നവരല്ല. നമുക്കവരോട് ബാർബർഷാപ്പിലേക്ക് വഴി ചോദിക്കാം. വരൂ.”  ഡങ്കായിയും ഇങ്കായിയും ആളുകളുടെ അടുക്കലേക്ക് നടന്നു. ഒരു മനുഷ്യൻ അവ രുടെ നേരെ ടോർച്ച് തെളിച്ചു.  “അയ്യോ!” അയാളുടം കൈയിൽ നിന്നു ടോർച്ച് താഴെ വീണു..  “ഓടിക്കോ…” മറ്റൊരാൾ വിളിച്ചു കൂവി.  ഡങ്കായിയും ഇങ്കായിയും കണ്ണുചിമ്മി തുറന്നപ്പോഴേക്കും കടപ്പുറത്ത് ഒരൊറ്റയാളില്ല.

ഭാഗം 1

ജനു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പൂക്കളുടെ ‘സമ്മതം’: തേനീച്ചകൾ പഠിപ്പിക്കുന്ന പാഠം!
Close