‘ങാ ഹാ… ചിന്തു! കൂട്ടുകാർ എല്ലാരുമുണ്ടല്ലോ.. സന്ധ്യയായല്ലോ മക്കളേ.. എന്താ വീട്ടിൽ പോവാത്തത്?’ ഡോക്ട‌ർ മാമൻ കുട്ടുകാരോട് ചോദിച്ചു.

അവരെല്ലാവരും ഡോക്ടർമാമൻ്റെ അരികിൽ ഓടിയെത്തിയിരിക്കുകയാണ്. കനാലിൻ്റെ കരയിൽ ഡങ്കായിയും ഇങ്കായിയും തളർന്നിരിക്കുന്നു. ഇനി സ്വന്തം ഗ്രഹത്തിലേക്ക് തിരിച്ചുപോവാൻ കഴിയില്ലേ? അവരുടെ വാഹനത്തിനെന്താണ് പറ്റിയത്?

ഒന്നും മിണ്ടാതെ പരിഭ്രമിച്ച് പരസ്പ‌രം നോക്കി ഡങ്കായിയും ഇങ്കായിയും ഇരിക്കുന്നത് കണ്ടപ്പോൾ കൂട്ടുകാർക്ക് സഹിച്ചില്ല. അവർക്കെന്തു ചെയ്യാൻ പറ്റും?

“നമുക്ക് ഡോക്ടർമാമനോട് പറഞ്ഞാലോ?” ചിന്തുവിന് പെട്ടെന്നൊരാശയം തോന്നി; “ഡോക്‌ടർ മാമന് നമ്മൾ പറയുന്നതൊക്കെ മനസ്സിലാവും.”

“എന്നാലും. അദ്ദേഹത്തിന് ഡങ്കായിയേയും ഇങ്കായിയേയും എങ്ങനെ അവരുടെ വീട്ടിലെത്തിക്കാനാവും?” ഉണ്ണിക്കുട്ടൻ ചോദിച്ചു.

“നമുക്ക് ഡോക്ട‌ർമാമനേയും കൂട്ടി കാപ്പാട് പോകാം. വാഹനത്തിനെന്താ പറ്റിയത് എന്നറിയാലോ?”

അങ്ങനെയാണവർ ഡോക്‌ടർമാമനെ തേടി വന്നത്. ഡോക്ടർമാമൻ എല്ലാം കേട്ടു. എന്നിട്ട് പുഞ്ചിരിയോടെ ചോദിച്ചു: “ഡങ്കായിയും ഇങ്കായിയും തിരിച്ചു പോവുന്നത് നിങ്ങൾക്കെല്ലാം ഇഷ്ടമാ?”

“ങും..ങും.. ഇഷ്ട്‌ടമല്ല.” എല്ലാവരും ഒന്നിച്ചാണ് പറഞ്ഞത്.

എന്നാൽ അവരു തിരിച്ചു പോവണ്ട. ഡങ്കായിയും ഇങ്കായിയും കൂട്ടുകാരൊന്നിച്ച് ഭൂമിയിൽ കളിച്ചു നടക്കട്ടെ. ന്താ?”

“മുതിർന്നവർ കണ്ടാൽ പേടിക്കും.” ആമി പറഞ്ഞു.

” അപ്പോൾ ഡങ്കായിക്കും ഇങ്കായിക്കും സങ്കടമാവും.” കണ്ണനാണ്.

ഡങ്കായിക്കും ഇങ്കായിക്കും അച്ഛനും അമ്മയും ഉണ്ടാവില്ലേ? തിരിച്ചു ചെന്നില്ലെങ്കിൽ അവർക്കും സങ്കടമാവും.” മാരൻ പറഞ്ഞു.

“അവര് തിരിച്ചു പൊയ്ക്കോട്ടെ മാമാ…” അമ്മുക്കുട്ടി വിതുമ്പിക്കൊണ്ട് പറഞ്ഞു.

“അപ്പോ.. കൂട്ടുകാർക്ക് സങ്കടമില്ലേ?” മാമൻ ചോദിച്ചു.

“അത് സാരമില്ല. അവര് സങ്കടപ്പെടാൻ പാടില്ല.” ആമിനക്കുട്ടി ഉറപ്പിച്ചു പറഞ്ഞു.

“ശരി.. ശരി.. നമുക്ക് ഡങ്കായിയേയും ഇങ്കായിയേയും ഭൂമിയിൽ നിന്ന് തിരിച്ചയയ്ക്കണം. ആകാശവും ക്ഷീരപഥവും കടന്ന് നമ്മുടെ ഭാവനയുടെ അറ്റത്തേക്ക് പറഞ്ഞയയ്ക്കണം. അത്രയല്ലേ വേണ്ടൂ?”

“അതെ, ദൂരെയെങ്ങോ തിളങ്ങുന്ന അവരുടെ മണ്ണിലേക്ക്…” കൂട്ടുകാർ ഒന്നിച്ചാണ് പറഞ്ഞത്.

“അതിരിക്കട്ടെ. നിങ്ങളുടെ ഡങ്കായിയും ഇങ്കായിയും എന്തിനായിരുന്നു ഭൂമിയിൽ വന്നത്?” ഡോക്ട‌ർമാമൻ ചോദിച്ചു.

” അവർ അക്രമികളല്ല..”

“അതിക്രമിച്ചു കടക്കുന്നവരല്ല.”

“അവർ ഭൂമിയെ കീഴടക്കാൻ വന്നവരുമല്ല.”

“അവർ വന്നത് തീരെ ചെറിയ ഒരു കാര്യത്തിനാണ്.”

“ഭൂമിയിലെ മനുഷ്യരെപ്പോലെ വൃത്തിയായും ഭംഗിയായും മുടിവെട്ടിക്കണം.”

“പിന്നെ, ഇങ്കായിക്കൊരുടുപ്പും..”

“എന്നിട്ട് അതെല്ലാം സാധിച്ചോ?” മാമൻ വീണ്ടും ചോദിച്ചു.

“ഞങ്ങളവർക്ക് ഉടുക്കാൻ ഒത്തിരി ഉടുപ്പു കൊടുത്തു.”

“ഞങ്ങളവർക്ക് ധാരാളം സമ്മാനവും നൽകി.”

”പക്ഷേ?” ഡോക്‌ടർമാമൻ പിന്നെയും ചോദിച്ചു.

“ഡങ്കായിക്കും ഇങ്കായിക്കും മുടിമുറിക്കാൻ പറ്റിയില്ല. അവരെ കാണാൻ ധൈര്യമുള്ള ഒരു മുടിവെട്ടുകാരനും ഭൂമിയിലില്ല..” ജോസ്മോൻ പറഞ്ഞു.

ഡോക്ടർമാമൻ ഉറക്കെ പൊട്ടിച്ചിരിച്ചു. 

“ഉണ്ടല്ലോ..”

‘എവിടെ?” കൂട്ടുകാർ ഒന്നിച്ചു ചോദിച്ചു.

“ഇതാ ഇവിടെ.. നിങ്ങൾതന്നെ…” ഡോക്ടർമാമൻ പിന്നെയും ചിരിച്ചു.

“നക്ഷത്രങ്ങൾക്കും അപ്പുറത്തുനിന്നുവരുന്ന… ഭാവനയുടെ അങ്ങേയറ്റത്തുനിന്നു വരുന്ന കൂട്ടുകാരെ കിട്ടുമെങ്കിൽ അവരുടെ മുടി നമുക്കുതന്നെ വെട്ടിയാലെന്താ?” അദ്ദേഹം ചോദിച്ചു.

“അതെങ്ങനെ?”

“ചിത്രപുസ്‌തകത്തിലെ കഥാപാത്രങ്ങളുടെ മുടിവെട്ടിയിരിക്കുന്നതു പോലെ..” ഡോക്ട്‌ടർ മാമൻ ചിരിക്കുക തന്നെയാണ്.

“നമ്മുടെ സങ്കൽപം പോലെ മനോഹരമായി… എന്താ.. ?”

“കൊള്ളാം.” ഉണ്ണിക്കുട്ടന് ഉത്സാഹമായി.” നമുക്ക് ഡങ്കായിയുടെയും ഇങ്കായിയുടെയും മുടി ഭംഗിയായി വെട്ടിയൊതുക്കണം.”

അതെ.

നിങ്ങളുടെ അന്യഗ്രഹ ചങ്ങാതിമാർക്ക് എങ്കിലേ തിരിച്ചു പോവാൻ പറ്റൂ.” മാമൻ പറഞ്ഞു.

” വാഹനം വരാതെ… അവരെങ്ങനെ പോവും മാമാ?” മാരൻ ചോദിച്ചു.

“വാഹനം വരും. മാമനില്ലേ ഇവിടെ..

ചെല്ലൂ.”

“ഹായ്.. എന്തു നല്ല മാമൻ!” കണ്ണൻ ഡോക്ട‌ർമാമൻ്റെ കയ്യിൽ ഒരുമ്മകൊടുത്തു. എന്നിട്ട് മറ്റു കൂട്ടുകാരുടെ കൂടെ പുറത്തേക്കോടി, കനാലിന്റെ തീരത്തെ മരച്ചുവട്ടിൽ ഇരുട്ടായി തുടങ്ങിയിട്ടുണ്ട്. എങ്കിലും ഡങ്കായിയും ഇങ്കായിയും വിഷാദിച്ചിരിക്കുന്നത് ദൂരെനിന്നുതന്നെ കാണാം. ലെയ്ക്ക അവരുടെ അടുത്തുതന്നെയുണ്ട്. അവൻ കാലിലുരുമ്മിയും മണത്തും അവരെ സമാധാനിപ്പിക്കുകയാണ്.

“ഡങ്കായീ” ഉണ്ണിക്കുട്ടൻ ഡങ്കായിയുടെ തോളിൽ തൊട്ടുകൊണ്ട് പറഞ്ഞു

“ഡോക്‌ടർമാമൻ നിങ്ങളുടെ വാഹനം ഇവിടെത്തിക്കും.”

“എങ്ങനെ?”

“അറിയില്ല. അദ്ദേഹം കാപ്പാട് പോകുമായിരിക്കും” അൻസാർ പറഞ്ഞു: അദ്ദേഹം വാഹനത്തെ കണ്ടെത്താതിരിക്കില്ല.”

“അതെ.” ഡങ്കായി പറഞ്ഞു: “ഡോക്ടർമാമന് കുട്ടികളെപ്പോലെ വലിയ വലിയ കാര്യങ്ങൾ ചിന്തിക്കാനാവും. അദ്ദേഹം മുതിർന്ന മറ്റു മനുഷ്യരെപ്പോലെയല്ല; വേണമെങ്കിൽ പൂമ്പാറ്റയുടെ ചിറകിലേറ്റി ഞങ്ങളെ കൊണ്ടു പോകും.”

“ഡോക്ട‌ർമാമൻ നിങ്ങളെപ്പോലെയാണ്. ഡങ്കായി.” ശ്രുതി പറഞ്ഞു: “ഞങ്ങളെ അദ്ദേഹത്തിന് ഒത്തിരിയൊത്തിരി ഇഷ്ടമാണ്.”

“ഡങ്കായീ, ഞങ്ങൾ നിങ്ങളുടെ മുടി വൃത്തിയായി വെട്ടിയൊതുക്കാൻ പോവുന്നു.” കണ്ണനാണ്.

“കണ്ണന് മുമ്പ് ഡങ്കായിയും ഇങ്കായിയും മുടിമുറിക്കുന്നത് ഇഷ്ടമായിരുന്നില്ലല്ലോ. ആമിനക്കുട്ടിക്കും ഇഷ്ടമായിരുന്നില്ല. പക്ഷേ, അവരുടെ ലക്ഷ്യം നിറവേറ്റാൻ മുടി മുറിച്ചേ പറ്റൂ. നിരാശരായി അവർ പൊയ്ക്കൂടാ.”

“അതെങ്ങനെയാണ് കണ്ണാ?” ഡങ്കായി ചോദിച്ചു. 

“ഞങ്ങൾ ചിത്രപുസ്‌തകങ്ങളിൽ വരയ്ക്കുംപോലെ.”

“നന്നായി” ഡങ്കായി പറഞ്ഞു.

“ചിത്രപുസ്‌തകങ്ങളിൽ നമുക്കൊരുപാട് കാര്യങ്ങൾ ചെയ്യാം. മനസ്സിലെ നിറങ്ങളൊക്കെ ചാലിക്കാം. അപ്പോൾ അതിനൊക്കെ ജീവൻ വരും..”

മാരൻ എവിടെനിന്നോ ഒരു കത്രികയുമായി വന്നു. ഉണ്ണിക്കുട്ടനാണ് മുടി വെട്ടിയത്. അവൻ ഡങ്കായിയുടെ നീണ്ട മുടി ചുമലോളം വെട്ടിയൊതുക്കി. ആമിനക്കുട്ടി ഒരു റിബൺ എടുത്ത് ഡങ്കായിയുടെ നെറ്റിയിലൂടെ തലയ്ക്കു പിന്നിൽ കെട്ടി. അമ്മുക്കുട്ടി ഒരു പക്ഷിത്തൂവൽ റിബ്ബണിനിടയിലൂടെ നെറ്റിയിൽ തിരുകി വെച്ചു.

“ഗംഭീരം.” കണ്ണൻ കൈയടിച്ചു. മറ്റുള്ളവരും.

ഇങ്കായിയുടെ മുടിയും അങ്ങനെ വെട്ടിയൊതുക്കി. അവനും തലയിൽ തൂവൽക്കിരീടം ചൂടിയ രാജകുമാരനായി.

ഭൂമിയിലെ സ്നേഹമുള്ള കുഞ്ഞുങ്ങൾക്കിടയിൽ കിനാവുപോലെ രണ്ട് രാജകുമാരന്മാർ… അവർക്കുചുറ്റും കൂട്ടുകാർ നൃത്തം വയ്ക്കുകയാണ്.

അപ്പോൾ ഒരു നേർത്ത ഇരമ്പൽ…

മഴവില്ലുപോലെ തിളങ്ങുന്ന ഒരു കൂറ്റൻ കുമിളയതാ ആകാശത്തു നിന്നിറങ്ങിവരുന്നു. അത് കൂട്ടുകാർക്ക് നടുവിൽ ഡങ്കായിയുടെയും ഇങ്കായിയുടെയും അടുത്തു വന്നിറങ്ങി.

കുമിളയിൽനിന്ന് ഒരു രൂപം ഇറങ്ങി വന്നു. നാലു കൈയുണ്ട്. കണ്ണിന്റെ സ്ഥാനത്ത് നെറ്റിയിൽ വലിയൊരു ഒറ്റക്കണ്ണ് മാത്രം.

“ഡിങ്ക്ളൂ!” ഇങ്കായി വിളിച്ചു.

“അതെ, നിങ്ങളുടെ വാഹനം കടലെടുത്തുപോയി. അപകടസന്ദേശം കിട്ടിയപ്പോൾ രക്ഷിക്കാൻ എന്നെ അയച്ചതാണ്.”

ഡങ്കായി ഡിങ്ക്ളുവിനെ എല്ലാവർക്കും പരിചയപ്പെടുത്തി. അവൻ മുമ്പൊരിക്കൽ ഭൂമിയിൽ വന്നിട്ടുണ്ട്. നീന്താനായിട്ട്. ഭൂമിയിൽ അവന് അമ്മിണിക്കുട്ടി എന്നൊരു കൂട്ടുകാരിയുമുണ്ട്. ഡിങ്ക്ളു അവരുടെ അയൽഗ്രഹത്തിലാണ് വാസം..

ഡങ്കായിയും ഇങ്കായിയും ഓരോരുത്തരെയും കെട്ടിപ്പിടിച്ച് യാത്ര ചോദിച്ചു.

“ഇനിയും വരും… ശുഭരാത്രി…. പോയി നന്നായി വിശ്രമിക്കുക ചങ്ങാതിമാരേ..”

അവർ വാഹനത്തിൽ കയറി.. വാതിലടയുകയാണ്. ഒരു നിമിഷം ലെയ്ക്ക് വാലാട്ടിക്കൊണ്ട് വാഹനത്തിലേക്ക് ചാടിക്കയറി.

വാതിലടഞ്ഞു. ഒരു നേർത്ത കാറ്റ്. കുമിള വായുവിലുയർന്നു. അത് ദൂരേക്ക് പറന്നുപോകുന്നതുനോക്കി കൂട്ടുകാർ നിന്നു… ഒന്നും മിണ്ടാനാവാതെ. അവർക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു. അവർ ഉറങ്ങാൻ… വീടുകളിലേക്കോടി. ഡങ്കായിയേയും ഇങ്കായിയേയും കുറിച്ച് കേൾക്കാൻ ഇനി നമുക്ക് അവർ ഉണരും വരെ കാത്തിരിക്കണമല്ലോ.

Leave a Reply

Previous post ഗണിത – കെമിസ്ട്രി ഒളിമ്പ്യാഡുകളിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം
Next post സുഗന്ധം ചൂടിപ്പറക്കുന്ന “പ്രാണീശ്വരന്മാർ”
Close