Read Time:11 Minute

 വൈകുന്നേരമായി.

ഒരു കനാലിൻ്റെ തീരത്താണിപ്പോൾ ഡങ്കായിയും ഇങ്കായിയും. ആൾത്തിരക്ക് ഒട്ടുമില്ലാത്ത ഒഴിഞ്ഞ ഒരിടം. കുറെ അകലെ തിരക്കുള്ള തെരുവാണ്. തെരുവിൽ നിറയെ മനുഷ്യരും വാഹനങ്ങളും.

കനാലിലെ വെള്ളത്തിന് ആകെയൊരു കറുപ്പുനിറമാണ്. ചപ്പുചവറുകളും മരത്തടികളും മറ്റും നിറഞ്ഞ് വൃത്തികെട്ട ജലം. നേരിയ ദുർഗന്ധവുമുണ്ട്. ഡങ്കായിയും ഇങ്കായിയും ദുർഗന്ധം സഹിച്ച് ഒരു മരച്ചുവട്ടിലിരിക്കയാണ്. കൂട്ടിന് നായക്കുട്ടി മാത്രം.

കൂട്ടുകാർ കുറച്ചു മുമ്പേ പിരിഞ്ഞു പോയിരിക്കുന്നു. എല്ലാവർക്കും വിശക്കുന്നുണ്ടായിരുന്നു. ഉണ്ണിക്കുട്ടനും അമ്മുക്കുട്ടിയും തിരിച്ചുവരുമ്പോൾ ഡങ്കായിക്കും ഇങ്കായിക്കും വേണ്ട ഭക്ഷണം കൊണ്ടു വരും.

അൻസാറാണ് ഇങ്കായിക്ക് ഉടുപ്പുമായി വരിക. അതും ധരിച്ച് സ്വന്തം ഗ്രഹത്തിൽ ഗമയിൽ ചെന്നിറങ്ങുന്ന കാര്യമോർത്തപ്പോൾ ഇങ്കായി വിശപ്പു മറന്നു. മുടിവെട്ടലും കൂടി കഴിഞ്ഞാൽ കുശാൽ മുടിവെട്ടുകാരനെ വിളിക്കാൻ ജോയിമോനാണ് പോയിരിക്കുന്നത്. ആമിനക്കുട്ടിക്കും കണ്ണനും അതൊട്ടും ഇഷ്ട‌മായിട്ടില്ല. ഡങ്കായിയുടേയും ഇങ്കായിയുടേയും മുടി മുറിക്കുന്ന കാര്യം അവർക്ക് ചിന്തിക്കാനേ വയ്യ.

“എന്നാപ്പിന്നെ വാലൂടെ മുറിച്ചോ” പിണങ്ങിപ്പോകുമ്പോൾ അവർ കിണുങ്ങി. ചിന്തുവിനും ശ്രുതിക്കും ഡങ്കായിയും ഇങ്കായിയും മുടിമുറിക്കാൻ പാടില്ല എന്നുതന്നെയാണ്. പക്ഷേ, അവർ തർക്കത്തിനൊന്നും നിന്നില്ല. ഡോക്‌ടർമാമൻ്റെ വീട്ടിൽ നിന്നിറങ്ങിയ പാടെ അവർ വീട്ടിലേക്കോടി. പപ്പയും മമ്മിയും തിരിച്ചെത്തും മുമ്പ് എത്തിയില്ലെങ്കിൽ ആകെ കുഴപ്പമാവും.

മാരനും കൂട്ടുകാരും വിശന്നപ്പോൾ ഒന്നും മിണ്ടാതെ തെരുവിലേക്കോടി. അവിടെ അവരുടെ അച്ഛനമ്മമാർ എന്തെങ്കിലുമൊക്കെ വിശപ്പിനുള്ളത് തേടിക്കൊണ്ടുവന്നിട്ടുണ്ടാവും.

കൂട്ടുകാർ ഇനി സന്ധ്യ മയങ്ങണം തിരിച്ചുവരാൻ. അപ്പോഴേക്കും ഡങ്കായിക്കും ഇങ്കായിക്കും തിരിച്ചു പോവേണ്ട ബഹിരാകാശ വാഹനം അവിടെ വന്നിറങ്ങിയിട്ടുണ്ടാവും.

ഡങ്കായിയുടെ കൈത്തണ്ടയിൽ സൂക്ഷ്‌മമായ ഒരുപകരണമുണ്ട്. പെട്ടെന്ന് തിരിച്ചറിയാനാവാ അത്ര ചെറുത്. അതിൽ ഒന്നമർത്തിയാൽ മതി അദൃശ്യമായ സന്ദേശങ്ങൾ കിലോമീറ്ററുകൾക്കപ്പുറത്തേക്ക് പായും. നഗരാതിർത്തിയും പുഴയും ഗ്രാമങ്ങളും കടന്ന് സന്ദേശം കാപ്പാട് കടപ്പുറത്തെത്തും. അവിടെ, മനുഷ്യരുടെ കണ്ണിലൊന്നും പെടാതെ മരക്കൂട്ടങ്ങൾക്കിടയിൽ മറച്ചുവച്ച വാഹനത്തിൽ സന്ദേശം ചെന്നു മുട്ടും.. നേർത്ത ഒരിരമ്പലോടെ വാഹനം ആകാശത്തേക്കുയരും… നിമിഷങ്ങൾ മതി, ബഹിരാകാശ വാഹനം ഡങ്കായിയുടെ തലയ്ക്കു മുകളിലെത്താൻ. കൈയിലെ ഉപകരണംകൊണ്ട് നിയന്ത്രിച്ച് അവനതിനെ സാവധാനം നിലത്തിറക്കും…

പിന്നെ, മടക്കയാത്ര.

ഭൂമിയിൽ നിന്നുയർന്ന്, സൗരയൂഥവും ആകാശഗംഗയും പിന്നിട്ട്, ഗാലക്‌സികളുടേയും തമോദ്വാരങ്ങളുടേയും അരികിലൂടെ അങ്ങു ദൂരേക്ക്….

അതിനുമുമ്പ് വന്ന കാര്യം നടക്കണം. അവർ ഭൂമിയെ കീഴ്പെടുത്താൻ വന്നതല്ല; മനുഷ്യരെ കൊല്ലാൻ വന്നതല്ല. അവർ ശാന്തിദൂതന്മാരാണ്. അവർ വന്നത് വെടിപ്പായും ഭംഗിയായും മുടിമുറിക്കാനാണ്. പിന്നെ ഇങ്കായിക്കൊരു ഉടുപ്പും വാങ്ങണം. അത്രയ്ക്കു ചെറിയ കാര്യമേയുള്ളു.

പക്ഷേ, അതുമാത്രം നടന്നില്ല. പകരം, കുറെ നല്ല കൂട്ടുകാർ… രസകരമായ അനുഭവങ്ങൾ…കളികൾ..

‘എനിക്ക് മടങ്ങിപ്പോവാനേ തോന്നുന്നില്ല’ ഡങ്കായി പറഞ്ഞു.

‘എനിക്കും’ ഇങ്കായി പറഞ്ഞു.

‘ഈ കുഞ്ഞുങ്ങൾ എത്ര നല്ലവരാണ്’ ഡങ്കായി പറഞ്ഞു;

‘സ്നേഹിക്കാനും നല്ല കിനാവുകൾ കാണാനും കഴിയുന്നവർ.’

‘ഡോക്‌ടർ മാമനും നല്ലയാളാണ്’

ഇങ്കായി ഓർമിപ്പിച്ചു.

‘പക്ഷേ, അദ്ദേഹം നമ്മളെ കാണാൻ കൂട്ടാക്കിയില്ലല്ലോ ഡങ്കായീ?’

“കുഞ്ഞുങ്ങളുടെ സങ്കല്‌പങ്ങളെല്ലാം പറഞ്ഞാൽ അദ്ദേഹത്തിനു മനസ്സിലാവുന്നതുകൊണ്ടാണ്. അദ്ദേഹം ചിത്രശലഭങ്ങളുടെ കൊട്ടാരത്തിൽ പോയിട്ടുണ്ടാവും.”

‘ചിത്രശലഭങ്ങളുടെ കൊട്ടാരത്തിൽ മുതിർന്നവർക്ക് പോകാൻ കഴിയില്ല എന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞതോ!’ ഇങ്കായി ചോദിച്ചു.

‘ഡോക്ട‌ർ മാമൻ മുതിർന്നു പോയ വലിയ കുട്ടിയാണ്.’

പെട്ടെന്ന്, നായക്കുട്ടി കുരച്ചു. ഡങ്കായിയും ഇങ്കായിയും കുറ്റിക്കാട്ടിൽ നിന്ന് തലപൊന്തിച്ചു നോക്കി. ഒരു വലിയ പ്ലാസ്റ്റിക്ക് ബക്കറ്റുമായി ഒരാൾ..

നായക്കുട്ടിയെ ശ്രദ്ധിക്കാതെ, അയാൾ ബക്കറ്റ് താഴ്ത്തിവെച്ചു. അതിൽ നിറയെ മൃഗങ്ങളുടെ അവശിഷ്ടങ്ങൾ.. തല.. തോല്..എല്ലുകൾ..

“കശാപ്പുകാരനാണ്… ഇറച്ചിക്കച്ചവടക്കാരൻ’ ഡങ്കായി മന്ത്രിച്ചു. ‘അയാൾ ആ മാലിന്യങ്ങൾ കനാലിൽ ഇടാൻ പോവുന്നു. ദ്രോഹി!’ ഇങ്കായിക്ക് ദേഷ്യം വന്നു.

പെട്ടെന്ന്, നായക്കുട്ടി കുരച്ചുകൊണ്ട് കശാപ്പുകാരനെ ആക്രമിച്ചു. അയാൾക്കെന്തെങ്കിലും ചെയ്യാനാവും മുമ്പ് നായക്കുട്ടി അയാളുടെ കാലിൽ ഒറ്റക്കടി.

‘അയ്യോ!’ കശാപ്പുകാരൻ ബക്കറ്റ് ഉപേക്ഷിച്ച് ഓടി. അയാൾ ഓടി വന്നത് ഡങ്കായിയും ഇങ്കായിയും ഇരുന്ന മരച്ചുവട്ടിലേക്കാണ്.

‘ന്റമ്മേ!’ ഡങ്കായിയേയും ഇങ്കായിയേയും കണ്ട് കശാപ്പുകാരൻ ബോധമറ്റു വീണു.

‘മിടുക്കൻ!’ ഡങ്കായി നായക്കുട്ടിയെ പതുക്കെ തലോടി.

‘നമുക്കിവനൊരു പേരിടണം’ ഇങ്കായി പറഞ്ഞു.

‘ഉവ്വ്…. നമുക്കിവനെ ‘ലെയ്ക്ക’ എന്നു വിളിച്ചാലോ?’

‘ലെയ്ക്ക?’

‘അതെ. മനുഷ്യൻ ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് ആദ്യമയച്ചത് ഒരു നായയെയായിരുന്നു. ‘ലെയ്ക്ക’ എന്നായിരുന്നു അതിന്റെ പേര്.

‘കൊള്ളാം’ ഇങ്കായി നായക്കുട്ടിയെ ചേർത്തു വച്ച് വിളിച്ചു: ‘ലെയ്ക്ക’.

ലെയ്ക്ക് സ്നേഹപൂർവം വാലാട്ടി.

ഡങ്കായിയും ഇങ്കായിയും കൂടി ഇറച്ചിവെട്ടുകാരനെ താങ്ങിയെടുത്ത് അയാളുടെ ബക്കറ്റിനരികിൽ കൊണ്ടു പോയി കിടത്തി. എന്നിട്ട് മരച്ചുവട്ടിൽ വന്ന് കൂട്ടുകാരെ കാത്തിരുന്നു.

സന്ധ്യയാവുകയാണ്.

ലെയ്ക്ക് ഒന്നു മുരണ്ടു. നോക്കുമ്പോൾ, കശാപ്പുകാരൻ ബക്കറ്റുമെടുത്ത് ശരംപോലെ പായുകയാണ്. അയാൾ ഓടി ഇടവഴി തിരിയുമ്പോൾ എതിരെ ജോയിമോൻ. അവൻ്റെ കൂടെ ബാർബറുണ്ട്.

‘എന്താ…. എന്തുപറ്റി?’ വിളറി കിതച്ചോടുന്ന ഇറച്ചിവെട്ടുകാരനോട് ബാർബർ ചോദിച്ചു.

“ഭൂതം… പിശാച്…അവിടെ…’ അയാൾ ഓടി. കേൾക്കേണ്ട താമസം ബാർബർ പിന്നാലെയും!

‘നിൽക്കൂ… നിൽക്കൂ…’ ജോയിമോൻ വിളിച്ചു കൂവി. ആരു കേൾക്കാൻ! ഇറച്ചിവെട്ടുകാരനും ബാർബറും ദൂരെ അപ്രത്യക്ഷരായിരുന്നു.

ജോയിമോൻ നിരാശയോടെ മരച്ചുവട്ടിൽ വന്നിരുന്നു. ഒത്തിരി സൂത്രം പറഞ്ഞാണ് ഒരാളെ കൂട്ടിക്കൊണ്ടുവന്നത്. ഇനി വേറെ ബാർബറെ എവിടെ കിട്ടാൻ?

‘സാരമില്ല’ ഡങ്കായി അവനെ സമാധാനിപ്പിച്ചു. ‘ആമിനക്കുട്ടിയും കണ്ണനും പറഞ്ഞതാണ് ശരി, ഞങ്ങളുടെ മുടി മുറിക്കണ്ട.’

അല്പസമയത്തിനകം മറ്റു കൂട്ടുകാരും വന്നെത്തി. അവരെല്ലാവരും തന്നെ ഡങ്കായിക്കും ഇങ്കായിക്കും ഭക്ഷണം കൊണ്ടു വന്നിരുന്നു…

ചോറ്, സാമ്പാറ്, അവിയൽ, പത്തിരി, ഇറച്ചി, ലഡു, ഹൽവ, അവിൽ,… അവരെല്ലാം സമ്മാനങ്ങളും കൊണ്ടുവന്നിരുന്നു. ഉടുപ്പുകൾ, കളിപ്പാട്ടങ്ങൾ, കൗതുകവസ്‌തുക്കൾ..

തെരുവുബാലനായ മാരനും കൊണ്ടുവന്നു ഒരു സമ്മാനം. കളിമണ്ണു കൊണ്ട് അവൻ തന്നെയുണ്ടാക്കി ഒരാനക്കുട്ടി..

ഡങ്കായിയും ഇങ്കായിയും മിണ്ടാനാവാതെ നിന്നു.

പോയി. അവർ ഓരോരുത്തരെയും മാറി മാറി കെട്ടിപ്പിടിച്ചു.. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ആമിനക്കുട്ടി തട്ടംകൊണ്ട് ഡങ്കായിയുടെ കണ്ണുകൾ തുടച്ചു. അവൾ കരയുകയായിരുന്നു. കൂട്ടുകാരെല്ലാം കരയുക തന്നെയായിരുന്നു.

അവർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. മിണ്ടാതെ.

പിന്നെ, ഡങ്കായി തൻ്റെ കൈയിലെ ഉപകരണത്തിൽ വിരലമർത്തി. ഒന്ന്…. രണ്ട്… മൂന്ന് നിമിഷങ്ങൾ കടന്നുപോയി. കൂട്ടുകാർ ആകാശത്തേക്ക് മിഴികളൂന്നി നിൽക്കയാണ്… അഞ്ച്..പത്ത്…പതിനഞ്ച്… എവിടെ വാഹനം? കാൽ മണിക്കൂർ കഴിഞ്ഞു. അര മണിക്കൂറായി. വാഹനം വന്നില്ല. ഡങ്കായിയും ഇങ്കായിയും ഭീതിയോടെ പരസ്‌പരം നോക്കി.

കൂട്ടുകാർ ആഹ്ലാദത്തോടെ പുറത്തേക്കോടി.

(തുടരും)

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മോണാ ലോവ – പൂട്ടിയാൽ തീരുമോ പ്രശ്നങ്ങൾ ?
Next post Quantum Sense and Nonsense – Dr.Sebastian Koothottil – LUCA TALK
Close