കേൾക്കാം

ഭൂമിയിലെത്തിയ വിരുന്നുകാർ, രചന : ജനു , അവതരണം : ഇ.എൻ.ഷീജ

നിലാവുള്ള രാത്രി. ഇരമ്പലോടെ ഒരു ബഹിരാകാശ വാഹനം കോഴിക്കോടിനടുത്ത് കാപ്പാട് കടപ്പുറത്ത് വന്നിറങ്ങി. അതിൽനിന്ന് രണ്ടു യാത്രക്കാർ പുറത്തിറങ്ങി. വലിയ ഉണ്ടക്കണ്ണുകൾ, നീണ്ട ചെവികൾ, ചെറിയ മൂക്ക്… ഇടതൂർന്ന് വളർന്ന മുടി. ഉടൽ കണ്ടാൽ പക്ഷിയാണോ എന്നു തോന്നും. ചെറിയ കൈകളും കാലുകളും, കൂടെ ഒരു വാലും.  ഡങ്കായിയും ഇങ്കായിയും ആണവർ. രണ്ടു ഗുണ്ടുമണികൾ. വിദൂരമായ ഒരു ഗ്രഹത്തിൽനിന്നാണ് അവരുടെ വരവ്. 

“ഇവിടെയാണ് പണ്ട് വാസ്കോ ഡി ഗാമ കപ്പലിറങ്ങിയത്. “ഡങ്കായി അവിടെ കണ്ട സ്തൂപത്തിൽ എഴുതിയത് വായിച്ചശേഷം പറഞ്ഞു. 

“ആരാണ് വാസ്കോഡിഗാമ?” ഇങ്കായി ചോദിച്ചു. 

“ങാഹാ… നിനക്ക് ഭൂമിയുടെ ചരിത്രമറിയില്ല. ല്ലേ? ഇവിടെ അധിവസിക്കുന്ന മനുഷ്യർ പരസ്‌പരം കൊന്നും കീഴടക്കിയും കഴിയുന്നവരാണ്. വാസ്കോ ഡി ഗാമ ഈ ഭൂമിയുടെ മറ്റൊരു ഭാഗത്തു നിന്നും കച്ചവടം ചെയ്യാൻ ഇവിടെ വന്നു. പണ്ട്. പിന്നെ ഇവിടെയുള്ള മനുഷ്യരെ കീഴ്പെടുത്തി…” 

“കഷ്‌ടം! അയാൾ വന്നയിടത്തുതന്നെയാ നമ്മളും വന്നത്?” ഇങ്കായിക്ക് സങ്കടമായി. 

“പക്ഷേ, നമ്മൾ ഭൂമിയെ കീഴ്പെടുത്താൻ വന്നവരല്ല” ഡങ്കായി ഉറക്കെ പറഞ്ഞു. 

“അതെ. നമ്മൾ മനുഷ്യരെ കൊല്ലാൻ വന്നവരുമല്ല.” ഇങ്കായിയും പറഞ്ഞു. 

“ഈ പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം സ്നേഹിച്ചും സഹകരിച്ചും കഴിയാനാഗ്രഹിക്കുന്നവർ… ശാന്തിദൂതൻമാർ… നമ്മൾ” ഡങ്കായിയും ഇങ്കായിയും ഒന്നിച്ചു പറഞ്ഞു. 

“അപ്പോൾ നമ്മൾ വന്നതോ?” ഇങ്കായി ചോദിച്ചു. 

“എനിക്കെന്റെ മുടി വെട്ടിക്കണം” ഡങ്കായി പറഞ്ഞു. 

“എനിക്കും… പിന്നെ എനിക്ക് നല്ലൊരുടുപ്പ് വാങ്ങണം.” ഇങ്കായിയും പറഞ്ഞു. 

അത്രയ്ക്ക് ചെറിയ കാര്യമേയുള്ളു. രണ്ടാൾക്കും വൃത്തിയായിട്ട് മുടിവെട്ടണം. അവരുടെ ഗ്രഹത്തിൽ മുടിവെ ട്ടാൻ ബാർബർമാരൊക്കെയുണ്ട്. പക്ഷേ, ഭൂമിലെ ബാർബർമാരെപ്പോലെ വെടിപ്പിലും ഭംഗിയിലും മുടിവെട്ടാനവർക്കറിയില്ല. ഈ ഗാലക്‌സിയിലെ മികച്ച ബാർബർമാർ ഉള്ളത് ഭൂമിയിലാണെന്ന് അവർക്കറിയാം. 

പിന്നെ, ഇങ്കായിക്കൊരു ഉടുപ്പുകൂടി വേണം. ഭൂമിയിലെ മനുഷ്യർ ചന്തമുള്ള ഉടുപ്പു ധരിക്കുന്ന കാര്യം അവനോട് പറഞ്ഞത് ഡിങ്കുളു എന്ന ചങ്ങാതിയാണ്. ഒരൊഴിവുകാലത്ത് സമീപത്തെ ഒരു ഗ്രഹത്തിൽ കളിക്കാൻ പോയപ്പോഴാണ് ഇങ്കായി ഡിങ്കുളൂവിനെ പരിചയപ്പെട്ടത്. ഡിങ്കുളു ഒരിക്കൽ ഭൂമിയിൽ വന്നിട്ടുണ്ട്. അവനെ നീന്താൻ പഠിപ്പിച്ച ഒരു കുട്ടുകാരിയുണ്ടിവിടെ അമ്മിണിക്കുട്ടി. ഭംഗിയുള്ള ഉടുപ്പുകളാണത്രെ അമ്മിണിക്കുട്ടിക്ക്.

“നിനക്ക് ഉടുപ്പു വാങ്ങാൻ കട എവിടെ?” ഡങ്കായി ചുറ്റും നോക്കി. 

“നമുക്ക് മുടിവെട്ടാൻ ബാർബർ ഷാപ്പ് എവിടെ?” ഇങ്കായിയും അതുതന്നെ ചോദിച്ചു. ഇരമ്പുന്ന കടലും കുറെ തെങ്ങുകളും. നിലാവിൽ മങ്ങിക്കാണുന്ന കുറെ വീടുകളും മാത്രമേ അവിടെ കാണാനുള്ളൂ…

“നീ അത് കണ്ടോ?’ ഡങ്കായി ദൂരേക്ക് വിരൽ ചൂണ്ടി 

“ഹായ്! വെളിച്ചം.” 

“നമുക്കവിടെപ്പോയി ചോദിക്കാം”

കൂട്ടുകാർ രണ്ടുപേരും കടൽത്തീരത്തുകൂടി തെക്കോട്ടു നടന്നു. കുറെ നടന്നപ്പോൾ അവർ വെളിച്ചം കണ്ട കുടിലിന്റെ മുമ്പിലെത്തി. അതൊരു മുക്കുവക്കുടിലാണ് 

ഡങ്കായി വാതിലിൽ മുട്ടി. 

കയ്യിൽ മണ്ണെണ്ണവിളക്കുമായി ഒരാൾ വന്ന് വാതിൽ തുറന്നു.. 

“ഇവിടെയെങ്ങാനും നന്നായി മുടി വെട്ടുന്ന സ്ഥലമുണ്ടോ?” ഡങ്കായി ചോദിച്ചു.

മുക്കുവൻ വിളക്ക് മുന്നോട്ടു നീട്ടി അതിഥികളെ നോക്കി. അടുത്ത നിമിഷം അയാൾ ഉറക്കെ നിലവിളിച്ചു. ഒപ്പംതന്നെ പിന്നോട്ടു മലർന്നുവീഴുകയും ചെയ്‌തു. വിളക്കാണെങ്കിൽ അണഞ്ഞുപോയി.

“എന്താ എന്തുപറ്റി?” ഇങ്കായി ചോദിച്ചു. 

“മിണ്ടാതിരിക്ക്.. ഭൂമിയിൽ ആദ്യമായി കണ്ടുമുട്ടുമ്പോൾ ആളുകൾ പരസ്പ്‌പരം ബഹുമാനിക്കുന്നത് ഇങ്ങനെയിരിക്കും.” ഡങ്കായി മന്ത്രിച്ചു. 

“ശരിയായിരിക്കും” ഇങ്കായിക്കും തോന്നി. ഡിങ്കുളു ഭൂമിയിലെ ആചാര രീതികളെക്കുറിച്ചൊന്നും അവനോട് പറഞ്ഞിട്ടില്ല. ചോദിക്കാതിരുന്നത് കഷ്ട‌മായി. അവൻ വിചാരിച്ചു. 

ഈ സമയം ഒരു സ്ത്രീ വിളക്കുമായി അകത്തുനിന്നും വന്നു. 

“അയാളുടെ ഭാര്യയാവും. നമുക്ക് ആദ്യം തന്നെ അവരെ അഭിവാദ്യം ചെയ്യാം. എന്താ?” ഇങ്കായി ഡങ്കായിയോട് മെല്ലെ ചോദിച്ചു. 

“ഉവ്വുവ്വ്” 

സ്ത്രീ വാതുക്കലെത്തേണ്ട താമസം, അതിഥികൾ രണ്ടുപേരും മുക്കുവൻ അഭിവാദ്യം ചെയ്ത രീതിയിൽ ഉറക്കെ നിലവിളിച്ചു. എന്നിട്ട് പിന്നോട്ടേക്ക് മലർന്നുവീണു. 

ആ സ്ത്രീ ചെയ്‌തതും അതുതന്നെയായിരുന്നു…! 

ഡങ്കായിക്കും ഇങ്കായിക്കും പിന്നെന്തു സംഭവിച്ചു? അവർ മുടി വെട്ടിയോ? കഥയുടെ രസകരമായ ബാക്കി ഭാഗം അടുത്ത ലക്കത്തിൽ കേൾക്കൂ… വായിക്കൂ…

ജനു

Leave a Reply

Previous post ഭൂകമ്പത്തിന്റെ ശാസ്ത്രവും ചരിത്രവും
Next post സൈബർ ക്രൈമിന്റെ കാണാപ്പുറങ്ങൾ
Close