
2025 ജൂലൈ 24ന് ആസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേഴ്സിൽ (Astrophysical Journal Letters) പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് തിരുവാതിരയോട് വളരെ അടുത്തു സ്ഥിതി ചെയുന്ന ബൈനറി കമ്പാനിയൻ (binary companion) അഥവാ രണ്ടാംനക്ഷത്രത്തിന്റെ കണ്ടുപിടിത്തം പ്രഖ്യാപിച്ചത്.
വേട്ടക്കാരന്റെ രൂപമുള്ള ഓറിയോൺ (Orion) രാശിയുടെ തോൾഭാഗത്തു സ്ഥിതിചെയ്യുന്ന ചുവന്ന അതിഭീമൻ (red supergiant) നക്ഷത്രമാണ് തിരുവാതിര (Betelgeuse). ഭൂമിയിൽനിന്ന് ഏകദേശം 700 പ്രകാശവർഷം (light year) അകലെ സ്ഥിതിചെയ്യുന്ന ഈ നക്ഷത്രത്തിന്റെ പ്രായം ഏതാണ്ട് ഒരുകോടി (10 million) വർഷമാണ്. സൂര്യന്റെ 700 മടങ്ങു വലിപ്പവും 15 മടങ്ങു മാസുമുള്ള തിരുവാതിര, രാത്രി നഗ്നനേത്രങ്ങൾകൊണ്ടു കാണാവുന്ന ഏറ്റവും വലുതും ഏറ്റവും തിളക്കമേറിയ നക്ഷത്രങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്തുമാണ്. സൂര്യന്റെ കേന്ദ്രത്തിൽ കേന്ദ്രം വരുമാറ് തിരുവാതിരയെ പ്രതിഷ്ഠിച്ചാൽ വ്യാഴത്തിന്റെ ഭ്രമണപഥവും കഴിഞ്ഞാവും അതിന്റെ ഉപരിതലം. ഇതിൽനിന്ന് ഈ ഭീമൻനക്ഷത്രത്തിന്റെ വലിപ്പം നമുക്ക് ഊഹിക്കാം.

തിരുവാതിരയുടെ ചുവപ്പുനിറം വെറുംകണ്ണുകൾകൊണ്ടുപോലും വ്യക്തമായി തിരിച്ചറിയാം. സഹസ്രാബ്ദങ്ങൾക്കു മുമ്പുതൊട്ടേ മനുഷ്യർ തിരുവാതിരയെ നിരീക്ഷിക്കുകയും അതിന്റെ തിളക്കത്തിലെ ചാക്രികമായ വ്യതിയാനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു എന്നതിന് തെളിവുകളുണ്ട്.

ജന്മനാളുകളിലൊന്നായി മലയാളികൾക്കും സുപരിചിതമായ, ഇന്ത്യൻ/മലയാള കലണ്ടറുകളിലെ മാസങ്ങളിലെ 27 നക്ഷത്രങ്ങളിൽപ്പെട്ട, തിരുവാതിര മറ്റ് അതിഭീമൻ നക്ഷത്രങ്ങളെപ്പോലെ ഭാവിയിൽ ഒരു സൂപ്പർനോവയായി (supernova) പൊട്ടിത്തെറിക്കും എന്നു ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. ഏകദേശം ഒരുലക്ഷം വർഷങ്ങൾക്കുള്ളിൽ എപ്പോൾ വേണമെങ്കിലും ഇതു സംഭവിക്കാം എന്നാണു നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
വിവരണം | വിശദാംശങ്ങൾ |
നക്ഷത്രത്തിന്റെ പേര് | തിരുവാതിര (Betelgeuse, α Orionis) |
നക്ഷത്ര തരം | ചുവന്ന അതിഭീമൻ (Red Supergiant) |
രാശി | ഓറിയോൺ (Orion) |
ഭൂമിയിൽ നിന്നുള്ള ദൂരം | ഏകദേശം 700 പ്രകാശവർഷം |
വലിപ്പം | സൂര്യന്റെ 700 മടങ്ങ് |
പിണ്ഡം | സൂര്യന്റെ 15 മടങ്ങ് |
പ്രായം | ഏകദേശം 10 ദശലക്ഷം വർഷം |
തിളക്കം | നഗ്നനേത്രങ്ങൾക്ക് കാണാവുന്ന ഏറ്റവും തിളക്കമേറിയ നക്ഷത്രങ്ങളിൽ 10-ാം സ്ഥാനം |
നിറം | ചുവപ്പ് (നഗ്നനേത്രങ്ങൾക്ക് വ്യക്തമായി കാണാം) |
സഹചാരി നക്ഷത്രം | സിവർഹ (Siwarha, α Orionis B), 2024-ൽ കണ്ടെത്തിയ ഇരട്ട നക്ഷത്രം |
ഭാവി | ഏകദേശം 1,00,000 വർഷങ്ങൾക്കുള്ളിൽ സൂപ്പർനോവയായി പൊട്ടിത്തെറിക്കാൻ സാധ്യത |

നക്ഷത്രത്തിളക്കത്തിലെ ഏറ്റക്കുറച്ചിലുകൾ
സൂപ്പർജയന്റ് വിഭാഗത്തിൽപ്പെടുന്ന നക്ഷത്രങ്ങളുടെ തെളിച്ചത്തിൽ പൊതുവെ കണ്ടുവരുന്ന, ആന്തരികപ്രതിഭാസങ്ങൾമൂലം രൂപപ്പെടുന്ന ചാക്രികമായ ഏറ്റക്കുറച്ചിലുകൾ (variability) പോലെ, തിരുവാതിരയുടെ തിളക്കത്തിനും ഏകദേശം 400 ദിവസമെടുത്ത് ആവർത്തിക്കുന്ന പ്രധാന വേരിയബിലിറ്റി കാലയളവുണ്ട് (primary variability period). എന്നാൽ ഇതു കൂടാതെ, നക്ഷത്രത്തിനുള്ളിലെ പ്രതിഭാസങ്ങളാൽ മാത്രം വിശദീകരിക്കാൻ കഴിയാത്ത, ഏതാണ്ട് ആറു വർഷം ദൈർഘ്യമുള്ള രണ്ടാമതൊരു വേരിയബിലിറ്റി കാലയളവും (secondary variability period) തിരുവാതിരയിൽ ദൃശ്യമാണ്.
ഏതാനും വർഷം മുമ്പ് 2019ൽ തിരുവാതിരയുടെ തെളിച്ചം നഗ്നനേത്രങ്ങൾകൊണ്ടു പോലും മനസ്സിലാക്കാവുന്നത്ര വലിയ തോതിൽ പെട്ടന്നു കുറഞ്ഞത് ‘ദി ഗ്രേറ്റ് ഡിമ്മിങ്ങ്’ (the great dimming of Betelgeuse) എന്ന പേരിൽ ലോകശ്രദ്ധയാകർഷിച്ച വാർത്തയായിരുന്നു. സൂപ്പർനോവ വിസ്ഫോടനത്തിന്റെ മുന്നോടിയാകാം ഈ മങ്ങൽ എന്ന് ആദ്യം ജ്യോതിശാസ്ത്രജ്ഞർ കരുതിയെങ്കിലും നക്ഷത്രത്തിന്റെ അന്തരീക്ഷത്തിൽ രൂപപ്പെട്ട പൊടിപടലങ്ങളടങ്ങിയ കൂറ്റൻ മേഘങ്ങളാൽ നക്ഷത്രപ്രകാശം വലിയ തോതിൽ മറയ്ക്കപ്പെട്ടതാണ് താൽക്കാലികമായ ഈ മങ്ങലിനു കാരണമെന്ന് വിശദമായ നിരീക്ഷണങ്ങൾ വെളിപ്പെടുത്തി.
ഒറ്റയല്ല, ഇരട്ട?
ഗ്രേറ്റ് ഡിമ്മിങ്ങിനു പിന്നിലെ നിഗൂഢത ഇത്തരത്തിൽ അനാവരണം ചെയ്യപ്പെട്ടെങ്കിലും ഈ പ്രതിഭാസം തിരുവാതിരയുടെ ഇതുവരെയുള്ള എല്ലാ നിരീക്ഷണങ്ങളേയും വീണ്ടും വിശദമായി വിശകലനം ചെയ്യാൻ ഗവേഷകരെ പ്രേരിപ്പിച്ചു. കഴിഞ്ഞ പത്തിലേറെ ദശകങ്ങളായി പലതരം ടെലിസ്കോപ്പുകൾ ഉപയോഗിച്ചു ശേഖരിച്ച തിരുവാതിരയുടെ ഒട്ടേറെ നിരീക്ഷണവിവരങ്ങൾ സമാഹരിച്ചു നടത്തിയ ഇത്തരം ചില സമീപകാലപഠനങ്ങൾ ഈ നക്ഷത്രത്തിന്റെ മേൽസൂചിപ്പിച്ച ആറുവർഷ വേരിയബിലിറ്റിയുടെ കാരണം ചുറ്റും വലംവെക്കുന്ന ഒരു സഹചാരി നക്ഷത്രത്തിന്റെ (companion star) സാമീപ്യമാണ് എന്നു പ്രവചിക്കുകയും അതിന്റെ നിലവിലെ ഏകദേശ സ്ഥാനവും തീക്ഷ്ണതയും അനുമാനിക്കുകയും ചെയ്തിരുന്നു. നേരിട്ട് ഈ നക്ഷത്രത്തെ നിരീക്ഷിച്ചാൽ കണ്ടെത്താൻ കൂടുതൽ സാധ്യതയുള്ളത് അതു തിരുവാതിരയിൽനിന്ന് ഏറ്റവും അകന്നു നിൽക്കുന്ന 2024 ഡിസംബർ അടുപ്പിച്ചുള്ള ഏതാനും മാസങ്ങളിലാണ് എന്നു മനസിലാക്കാനും ഈ പ്രവചനങ്ങൾ സഹായകമായി. എന്നാൽ, ഇവ ഈ പരമാവധി അകലത്തിൽ നിൽക്കുമ്പോൾപ്പോലും തിരുവാതിരയുടെ അതിതീവ്രമായ പ്രകാശം മൂലം താരതമ്യേന തിളക്കം കുറഞ്ഞതെന്ന് അനുമാനിക്കപ്പെട്ട അപരനക്ഷത്രത്തെ നേരിട്ടു നിരീക്ഷിച്ചു കണ്ടെത്തൽ അത്ര എളുപ്പമാവില്ല എന്നും ശാസ്ത്രജ്ഞർ മനസിലാക്കി.

പ്രപഞ്ചത്തിലെ പകുതിയിലധികം നക്ഷത്രങ്ങളും ജോഡികളാണെന്നും നമ്മുടെ സൂര്യനെപ്പോലെയുള്ള ഒറ്റനക്ഷത്രങ്ങളുടെ എണ്ണം ഇവയെ അപേക്ഷിച്ചു താരതമ്യേന കുറവാണെന്നും ഇന്നു ജ്യോതിശാസ്ത്രജ്ഞർ കരുതുന്നു. വാസ്തവത്തിൽ തിരുവാതിരയും ഒരു ഒറ്റനക്ഷത്രമല്ല എന്നും അതിനും ഇത്തരം ഒരു സഹചാരി (binary companion) ഉണ്ടെന്നുമുള്ള വാദങ്ങൾക്ക് ഒരു നൂറ്റാണ്ടോളംതന്നെ പഴക്കമുണ്ട്. ആകാശത്തുകൂടെയുള്ള തിരുവാതിരയുടെ ചലനത്തിന്റെ വേഗം, തിളക്കം എന്നിവയുടെ ആനുകാലിക ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള മേല്പറഞ്ഞപോലുള്ള പഠനങ്ങൾ ഈ അനുമാനത്തിനു ബലമേകുമ്പോഴും, തിരുവാതിരയ്ക്കു സഹചാരിനക്ഷത്രം ഉണ്ടെന്നു പലതരത്തിൽ പരോക്ഷമായി പ്രവചിക്കപ്പെടുമ്പോഴും, സഹചാരിനക്ഷത്രത്തെ കണ്ടെത്താൻ ഭൗമ – ബഹിരാകാശ ടെലിസ്കോപ്പുകൾക്കു സാധിച്ചിട്ടില്ല എന്ന പോരായ്മ നിലനിൽക്കുകയായിരുന്നു.
ഇപ്പോഴിതാ ഏറെക്കാലമായി പിടിതരാതെ മറഞ്ഞുനിന്ന ഈ അപരനക്ഷത്രത്തിന്റെ കണ്ടുപിടിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കയിലെ കാലിഫോർണിയയിലുള്ള നാസയുടെ (NASA) ആമെസ് റിസർച്ച് സെന്ററിലെ (NASA Ames Research Center) ശാസ്ത്രജ്ഞർ. നാസ സീനിയർ റിസർച്ച് സയന്റിസ്റ്റ് സ്റ്റീവ് ഹോവെലിന്റെ നേതൃത്വത്തിൽ 2025 ജൂലൈ 24ന് ആസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേഴ്സിൽ (Astrophysical Journal Letters) പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് തിരുവാതിരയോട് വളരെ അടുത്തു സ്ഥിതി ചെയുന്ന ഈ ബൈനറി കമ്പാനിയൻ (binary companion) അഥവാ രണ്ടാംനക്ഷത്രത്തിന്റെ കണ്ടുപിടിത്തം പ്രഖ്യാപിച്ചത്. ഈ രണ്ടു നക്ഷത്രങ്ങളും പൊതുവായ ഒരു പിണ്ഡകേന്ദ്രത്തെ (center of mass) വലംവെക്കുന്നതുകൊണ്ടാണ് ഇവയെ ഇരട്ട – അഥവാ ബൈനറി – നക്ഷത്രങ്ങൾ എന്നു വിളിക്കുന്നത്.
അന്തരീക്ഷവും നക്ഷത്രങ്ങളുടെ ചിമ്മലും
ഭൂമിയുടെ ഉപരിതലത്തിൽനിന്നുള്ള ബഹിരാകാശനിരീക്ഷണത്തിന്റെ ഒരു പ്രധാന പരിമിതി ഭൗമാന്തരീക്ഷത്തിലെ ടർബുലന്റായ (turbulent) പാളികളിൽക്കൂടി കടന്നുവരുമ്പോൾ പ്രകാശത്തിന് അപവർത്തനം (refraction) സംഭവിക്കുന്നതിനാലും അന്തരീക്ഷത്തിലെ നീരാവി പുറത്തുനിന്നു വരുന്ന ഇൻഫ്രാറെഡ് / മില്ലിമീറ്റർ സിഗ്നലുകളെ ആഗിരണം (absorb) ചെയ്യുന്നതിനാലുമെല്ലാം നിരീക്ഷണങ്ങളുടെ ക്വാളിറ്റി ഗണ്യമായി കുറയും എന്നതാണ്. “ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ…” എന്ന നഴ്സറിപ്പാട്ടിലെ ട്വിങ്ക്‌ളിങ് (twinkling) അഥവാ നക്ഷത്രങ്ങളുടെ ചിമ്മൽ ഇത്തരത്തിൽ സംഭവിക്കുന്ന പ്രകാശത്തിന്റെ ഡിസ്റ്റോർഷനാണ് (distortion). കവിഭാവനയിൽ മനോഹരമെങ്കിലും ഇത്തരം ചിമ്മൽ ഉപരിതലത്തിൽനിന്നുള്ള ശാസ്ത്രീയ ബഹിരാകാശനിരീക്ഷണങ്ങൾക്ക് വലിയ വിലങ്ങുതടിയാണ്.
ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് അന്തരീക്ഷത്തിനു പുറത്ത് ഭ്രമണപഥങ്ങളിൽ (orbit) ടെലിസ്കോപ്പുകൾ സ്ഥാപിക്കുക എന്നത്. ഹബിൾ (Hubble), ജെയിംസ് വെബ്ബ് (James Webb) തുടങ്ങിയ ബഹിരാകാശടെലിസ്കോപ്പുകൾ (space telescopes) ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ, തിരുവാതിര എന്ന സൂപ്പർ ജയന്റ് നക്ഷത്രത്തിന്റെ ശക്തമായ റേഡിയേഷനിൽനിന്ന് അതിന്റെ സഹചാരിനക്ഷത്രത്തിന്റെ താരതമ്യേന ദുർബ്ബലമായ പ്രകാശം വേർതിരിച്ചു കണ്ടെത്താൻ ഈ ടെലിസ്കോപ്പുകൾക്കുപോലും സാധിച്ചില്ല.
സ്പെക്കിൾ ഇമേജിങ്
അങ്ങനെയിരിക്കെയാണ് സ്റ്റീവ് ഹോവെലിന്റെ നേതൃത്വത്തിൽ ഒരു സംഘം നാസ ശാസ്ത്രജ്ഞർ ഭൗമോപരിതലത്തിൽത്തന്നെയുള്ള ഒരു ടെലിസ്കോപ്പ് ഉപയോഗിച്ച് പ്രത്യേക തരത്തിൽ നിരീക്ഷണങ്ങൾ നടത്തിയാൽ തിരുവാതിരയുടെ സഹചാരിയെ കണ്ടെത്താനാകുമോ എന്ന ശ്രമത്തിൽ മുഴുകുന്നത്. അമേരിക്കയിലെ ഹവായിയിൽ (Hawai’i) സ്ഥിതിചെയ്യുന്ന ജെമിനി നോർത്ത് ടെലിസ്കോപ്പ് (Gemini North Telescope) എന്ന 8.1 മീറ്റർ വ്യാസമുള്ള ഒപ്റ്റിക്കൽ/ഇൻഫ്രാറെഡ് (optical/infrared) ദൂരദർശിനിയാണ് ഇവർ ഈ നിരീക്ഷണത്തിനായി ഉപയോഗിച്ചത്. സമുദ്രനിരപ്പിൽനിന്നു 4214 മീറ്റർ ഉയരത്തിൽ മൗനാകിയ (MaunaKea) എന്ന, വളരെക്കാലമായി നിഷ്ക്രിയമായ അഗ്നിപർവ്വതത്തിന്റെ മുകളിലാണ് ഈ ടെലിസ്കോപ് സ്ഥിതിചെയ്യുന്നത്.

ബഹിരാകാശടെലിസ്കോപ്പുകൾക്കകുപോലും ഈ നക്ഷത്രത്തെ നേരിട്ടു കണ്ടെത്താൻ കഴിഞ്ഞില്ല എന്നിരിക്കെ, ഭൗമോപരിതലത്തിൽനിന്നു സാധാരണ രീതിയിലെ നേരിട്ടുള്ള നിരീക്ഷണം വ്യർത്ഥമായതിനാൽ, സ്പെക്കിൾ ഇമേജിങ് (speckle imaging) എന്ന സവിശേഷ നിരീക്ഷണ രീതിയാണ് ഇവർ ഈ നിരീക്ഷണങ്ങൾക്കായി അവലംബിച്ചത്. ഈ ടെലിസ്കോപ്പിലെ അലോപെക് സ്പെക്കിൾ ഇമേജർ (Alopeke speckle imager) എന്ന ഉപകരണമാണ് ഇതിനായി ഉപയോഗിച്ചത്. അലോപെക് എന്നാൽ ഹവായിയൻ ഭാഷയിൽ കുറുക്കൻ എന്നാണ് അർഥം.

അന്തരീക്ഷത്തിലെ സ്‌കാറ്ററിങ്ങ് മൂലമുള്ള മങ്ങലും ഡിസ്റ്റോർഷനും ഒഴിവാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് സ്പെക്കിൾ ഇമേജിങ്ങ്. ഇതിൽ, സാധാരണ ഒപ്റ്റിക്കൽ ഒബ്സർവേഷനുകൾ പോലെ നിരീക്ഷണവസ്തുവിൽനിന്നുള്ള പ്രകാശത്തെ വളരെനേരം തുടർച്ചയായി (long exposure) ടെലിസ്‌കോപ്പുപയോഗിച്ചു പകർത്തുന്നതിനു പകരം, അതേ നിരീക്ഷണത്തെ കേവലം മില്ലിസെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള തുടർച്ചയായ ആയിരകണക്കിനു വളരെ ചെറിയ എക്സ്പോഷറുകളായി ഭാഗിക്കുന്നു. ഇത്തരത്തിൽ റെക്കോർഡ് ചെയ്യപ്പെടുന്ന ചെറിയ ഡേറ്റാസെറ്റുകളെ സങ്കീർണമായ ഇമേജ് പ്രോസസ്സിങ് (image processing) അൽഗോരിതങ്ങൾ ഉപയോഗിച്ചു യോജിപ്പിച്ചെടുക്കൽ വഴി, നീണ്ട ഒറ്റ എക്സ്പോഷറിനെ പ്രതികൂലമായി ബാധിക്കുമായിരുന്ന അന്തരീക്ഷ ഡിസ്റ്റോർഷനെ ഏതാണ്ടു പൂർണമായും ഇല്ലാതാക്കാൻ കഴിയുകയും അതുവഴി വളരെ ചെറുതും തിളക്കം കുറഞ്ഞതുമായ വസ്തുക്കളെ പോലും ഇത്തരത്തിൽ കണ്ടുപിടിക്കാനാവുകയും ചെയ്യും.
തിരുവാതിരയുടെ സമീപത്തെ നക്ഷത്രത്തെ നിരീക്ഷിക്കുന്ന കാര്യത്തിൽ വിശേഷിച്ചും മറ്റൊരു പ്രയോജനംകൂടി ഇത്തരം ഒബ്സർവേഷനുകൾക്കുണ്ട്. ഓരോ എക്സ്പോഷർ സമയവും വളരെ കുറവ് ആയതിനാൽ (~10-60 മില്ലിസെക്കൻഡ്) തിരുവാതിരയുടെ ശക്തമായ വെളിച്ചത്തിൽ ടെലിസ്കോപ്പിന്റെ സെൻസറുകൾ സാച്ചുറേറ്റ് (saturate) ആയി പോകില്ല എന്നതാണത്. എടുത്തുപറയേണ്ട മറ്റൊരു കാര്യം, ഹബിൾ, ജെയിംസ് വെബ്ബ്, തുടങ്ങിയ ബഹിരാകാശടെലിസ്കോപ്പുകളെ അപേക്ഷിച്ച് ജെമിനി നോർത്ത് ടെലിസ്കോപ്പിനുള്ള താരതമ്യേന വലിയ വിസ്തീർണമാണ്. ഒരു ടെലിസ്കോപ്പിന്റെ പ്രകാശസമാഹരണവിസ്തീർണം (light collecting area) കൂടുന്നതിനനുസരിച്ച് തിളക്കം കുറഞ്ഞ വസ്തുക്കളെ കണ്ടുപിടിക്കാനുള്ള കഴിവു കൂടും. 2.4 മീറ്റർ വ്യാസമുള്ള ഹബിളിനെയും 6.5 മീറ്ററുള്ള ജെയിംസ് വെബ്ബിനെയും അപേക്ഷിച്ചു വലിയ തോതിൽ കൂടുതലാണ് 8.1 മീറ്റർ വ്യാസമുള്ള ജെമിനി നോർത്തിന്റെ വിസ്തീർണമെന്നതും ഈ ബഹിരാകാശദൂരദർശിനികളെ അപേക്ഷിച്ച് ജെമിനി നോർത്തിനു വലിയ മുൻതൂക്കം നൽകുന്നു.

ഇപ്പോൾ പുറത്തുവന്ന പ്രബന്ധത്തിന് അടിസ്ഥാനമായ നിരീക്ഷണങ്ങൾ ഇവർ ജെമിനി നോർത്ത് ടെലിസ്കോപ്പ് ഉപയോഗിച്ച് നടത്തിയത് 2024 ഡിസംബറിലാണ്. ഹൈഡ്രജൻ സംയോജനം (fusion) ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത ഒരു പ്രീ-മെയിൻ സീക്വൻസ് (pre-main sequence) നക്ഷത്രമാണ് സൂര്യന്റെ ഏകദേശം 1.5 മുതൽ 2 വരെ ഇരട്ടി ഭാരമുണ്ടായേക്കാവുന്ന തിരുവാതിരയുടെ സഹചാരി എന്ന അനുമാനത്തിനൊപ്പം, ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ ഏകദേശം നാലിരട്ടിയാണ് അവ തമ്മിലുള്ള നിലവിലെ പൊസിഷനിലെ അകലം എന്നും ഇവർ കണക്കാക്കുന്നു. തിരുവാതിരയെക്കാൾ ആറ് മാഗ്നിട്യൂഡ് (ഏകദേശം 250 മടങ്ങ്) തെളിച്ചം കുറവാണ് 6000 – 10000 കെൽവിൻ (Kelvin) പരിധിയിൽ ഉപരിതലയൂഷ്മാവുള്ള (surface/effective temperature) രണ്ടാംനക്ഷത്രത്തിന്. സ്പെക്കിൾ ഇമേജിങ് സാങ്കേതികവിദ്യയുടെയും ജെമിനി ടെലിസ്കോപ്പിന്റെയും മെച്ചം വിളിച്ചോതുന്നതിനൊപ്പം, ഇതാദ്യമായാണ് ഒരു സൂപ്പർജയന്റ് നക്ഷത്രത്തെ ചുറ്റുന്ന ഒരു നക്ഷത്രം നേരിട്ടു നിരീക്ഷിക്കപ്പെടുന്നത് എന്നതും ഈ കണ്ടുപിടിത്തത്തിന്റെ മാറ്റുകൂട്ടുന്നു.

ഇരട്ടനക്ഷത്രങ്ങളുടെ ഭാവി
തിരുവാതിരയുടെ രൂപീകരണത്തെപ്പറ്റി കൂടുതൽ വ്യക്തത നൽകുന്നതിനൊപ്പം സഹചാരിനക്ഷത്രത്തിന്റെ കണ്ടെത്തൽ ഈ നക്ഷത്രജോഡിയുടെ ഭാവിയേയും അന്ത്യത്തേയും പറ്റി പുതിയ നിഗമനങ്ങൾക്കും വഴിവെക്കുന്നു. തിരുവാതിരയും പുതുതായി കണ്ടെത്തപ്പെട്ട സഹചാരിയും ഏകദേശം ഒരേ സമയത്താണു രൂപപ്പെട്ടതെന്നു ഗവേഷകർ ഊഹിക്കുന്നു. മാസിലെ വലിയതോതിലുള്ള കുറവു മൂലമാണ് തിരുവാതിരയെ അപേക്ഷിച്ചു പങ്കാളിനക്ഷത്രം ഇപ്പോളും ശൈശവദശയിൽ നിലകൊള്ളുന്നത്. എന്നാൽ, തിരുവാതിരയേക്കാൾ താരതമ്യേന കുറഞ്ഞ ആയുസ്സേ കൂട്ടാളിക്ക് ഉണ്ടാവാൻ സാധ്യതയുള്ളൂവെന്നും ഈ ശാസ്ത്രജ്ഞർ കരുതുന്നു. വലിപ്പമേറിയ തിരുവാതിരയുടെ ശക്‌തമായ ആകർഷണം മൂലം കൂട്ടാളിനക്ഷത്രത്തിന്റെ ഭ്രമണപഥത്തിന്റെ വ്യാസം കാലക്രമേണ കുറഞ്ഞുവരുമെന്നും ഏകദേശം 10,000 വർഷങ്ങൾക്കുള്ളിൽത്തന്നെ അതു തിരുവാതിരയിലേക്കു പതിച്ച് ഇല്ലാതാകും എന്ന നിഗമനത്തിലേക്ക് മോഡലുകളും സിമുലേഷനുകളും (simulation) ഉപയോഗിച്ചുള്ള കണക്കുകൂട്ടലുകൾ വിരൽ ചൂണ്ടുന്നതാണ് ഇത്തരം ധാരണകളുടെ അടിസ്ഥാനം. അഥവാ ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ പോലും, തിരുവാതിരയുടെ സൂപ്പർനോവ പൊട്ടിത്തെറിയുടെ ആഘാതത്താൽ തകർന്നുപോകുമെന്നതിനാൽ ഈ നക്ഷത്രം ഒരിക്കലും ഹൈഡ്രജൻ സംയോജനം നടത്തുന്ന ഘട്ടത്തിലേക്ക് എത്താൻ സാധ്യതയില്ല എന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ.
ഒറ്റ നക്ഷത്രമായി നിന്നിരുന്നെങ്കിൽ തിരുവാതിരയേക്കാൾ വളരെയേറെ കാലം നിലനിൽക്കേണ്ടതായിരുന്നു ഈ ചെറിയ നക്ഷത്രം എന്നത് ഈ നിഗമനത്തെ കൂടുതൽ കൗതുകകരമാക്കുന്നു. നക്ഷത്രങ്ങളുടെ വലിപ്പം കൂടുന്നതിനനുസരിച്ച് അവ പരിണാമദശകളിലൂടെ കൂടുതൽ വേഗത്തിൽ കടന്നുപോയി പെട്ടന്നുതന്നെ അന്ത്യഘട്ടത്തിൽ എത്തും എന്നതിനാലാണ് ഇത്. തിരുവാതിരയുടെ സൂപ്പർനോവ വിസ്ഫോടനത്തിലേക്കുള്ള ഭാവിപരിണാമത്തെ ഈ നക്ഷത്രത്തിന്റെ സാമീപ്യം ബാധിക്കുമോ എന്നതിനെപ്പറ്റി പഠിക്കാനും വിശദമായ ഗവേഷണം ആവശ്യമാണ്.
കൂട്ടാളിയുടെ പേരിലെ അറേബ്യൻ പാരമ്പര്യം
‘യദ് അൽ ജൗസ’ (Yad al-Jauzā’) എന്നാണ് തിരുവാതിരയുടെ അറബിക് പേര്. പുരാതന അറേബ്യൻ ജ്യോതിശാസ്ത്രജ്ഞർ ഓറിയോൺ, ജെമിനി (Gemini, അഥവാ മിഥുനം രാശി), എന്നീ രണ്ടു രാശികൾ ചേർന്ന നക്ഷത്ര സമൂഹത്തെ ഒരു സ്ത്രീ രൂപമായി കണ്ട് അതിനെ ‘അൽ ജൗസ’ എന്ന് വിളിച്ചുപോന്നു. ഈ രൂപത്തിന്റെ കൈയ്യുടെ ഭാഗത്തുള്ള പ്രധാന നക്ഷത്രം എന്ന നിലയിൽ തിരുവാതിരയെ അവർ അൽ ജൗസയുടെ കൈ, അഥവാ യദ് അൽ ജൗസ എന്നും വിളിച്ചത്രേ. തിരുവാതിരയുടെ ആംഗലേയനാമമായ ‘ബീറ്റെൽജൂസ്’ (Betelgeuse) ഈ അറബിക് പേരിന്റെ വികലമായ ഇംഗ്ലീഷ് ഉച്ചാരണത്തിലൂടെ ഉരുത്തിരിഞ്ഞതാണ്.
ഇതേ അറേബ്യൻ സങ്കല്പത്തിന്റെ പാരമ്പര്യം പിൻതുടർന്നുകൊണ്ട് ഹോവെലും സംഘവും അൽ ജൗസയുടെ കൈയാകുന്ന ബീറ്റിൽജൂസിനു ചുറ്റും കറങ്ങുന്ന പുതിയ നക്ഷത്രത്തിന് ‘വള’ എന്ന് അർഥം വരുന്ന ‘സിവർഹ’ (Siwarha) എന്ന അറബിക് പേരാണ് നിർദേശിച്ചിട്ടുള്ളത്. ഓറിയോണിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം എന്ന നിലയിൽ ആൽഫ ഓറിയോണിസ് (α Orionis) എന്നറിയപ്പെടുന്ന തിരുവാതിരയുടെ ഇരട്ടനക്ഷത്രമായതിനാൽ ഇത് ആൽഫ ഓറിയോണിസ് ബി (α Orionis B) എന്നും സാങ്കേതികമായി അറിയപ്പെടും.
തുടർപഠനങ്ങൾ
സൂപ്പർജയന്റ് നക്ഷത്രങ്ങളുടെ വേരിയബിലിറ്റിയിലെ സങ്കീർണതകൾ ഉൾപ്പടെ അവയുടെ അജ്ഞാതമായ പല സവിശേഷതകളെപ്പറ്റിയും കൂടുതൽ മനസ്സിലാക്കാൻ ഈ കണ്ടുപിടിത്തം വഴിതുറക്കും എന്ന പ്രതീക്ഷയിലാണ് ഹോവെലും കൂട്ടരും. തിരുവാതിരയിൽനിന്നുള്ള വാതക-പൊടിപടലങ്ങളുടെ വലിയ തോതിലെ പുറംതള്ളൽ (mass ejection) യുവപങ്കാളിയുടെ രൂപപ്പെടലിലും ആദ്യകാലപരിണാമത്തിലും എത്തരത്തിലാണു സ്വാധീനം ചെലുത്തുന്നത് എന്നതുൾപ്പടെ ഈ ഇരട്ടനക്ഷത്രങളെ സംബന്ധിച്ച പല സമസ്യകളും വിശദമായി പഠനവിധേയമാക്കേണ്ടതുമുണ്ട്. കൂടുതൽ നിരീക്ഷണങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടു മാത്രമേ ഈ കണ്ടെത്തലും ഇരട്ടകളുടെ നിലവിൽ കണക്കാക്കിയിരിക്കുന്ന ഭൗതികസ്വഭാവങ്ങളുടെ മൂല്യങ്ങളും പൂർണമായും സംശയരഹിതമായി ഉറപ്പിക്കാനുമാവൂ.
ഈ നക്ഷത്രങ്ങൾ തമ്മിൽ വീണ്ടും ഏറ്റവും അകലത്തിൽ വരുന്ന 2027 നവംബറിൽ ഇനിയും തുടർനിരീക്ഷണങ്ങൾ നടത്തുമെന്നും അതുവഴി ഈ ഇരട്ടനക്ഷത്രങ്ങളുടെ കൂടുതൽ സവിശേഷതകൾ അനാവരണം ചെയുന്നതിലേക്ക് ഉറ്റുനോക്കുന്നതായും നാസ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇവർ പറയുന്നു. സുപ്രധാനമായ ഈ കണ്ടെത്തലിന്റെ കൂടുതൽ തുടർപഠനങ്ങൾക്കും പുത്തൻ വിശേഷങ്ങൾക്കുമായി നമുക്കു കാത്തിരിക്കാം.
- പ്രബന്ധം: >>>
- നാസ പത്രക്കുറിപ്പ്: >>>
- ജെമിനി ഒബ്സർവേറ്ററിയുടെ പത്രക്കുറിപ്പ്: >>>
- തിരുവാതിരയുടെ ഇതുവരെയുള്ള നിരവധി നിരീക്ഷണങ്ങൾ സമാഹരിച്ചു നടത്തിയ, ഇരട്ട നക്ഷത്രത്തിന്റെ അസ്‌തിത്വം പ്രവചിച്ച, പ്രബന്ധങ്ങൾ:
- സ്പെക്കിൾ ഇമേജിങ്ങിനെ പറ്റിയുള്ള എംഐറ്റിയുടെ (MIT) സാങ്കേതികലേഖനം: >>>
- തിരുവാതിരയുടെ നിരീക്ഷണചരിത്രത്തെ പറ്റിയുള്ള AAVSO ലേഖനം: >>>
- തിരുവാതിരയുടെ പ്രാചീനകാലനിരീക്ഷണങ്ങളെ പറ്റിയുള്ള പ്രബന്ധം: >>>
Article Summary
Published on August 05, 2025, this article by Ramlal Unnikrishnan details the discovery of a companion star to Betelgeuse, a red supergiant in Orion, located 700 light-years from Earth. Using speckle imaging at the Gemini North Telescope, NASA scientists confirmed the presence of a binary companion, named Siwarha, orbiting Betelgeuse. This finding explains the star’s secondary variability period of about six years. The article highlights Betelgeuse’s massive size, cyclic brightness variations, and the 2019 “Great Dimming” caused by dust clouds. The discovery offers insights into binary star dynamics and Betelgeuse’s future, potentially culminating in a supernova.