നവനീത് കൃഷ്ണൻ
തിരുവാതിരയ്ക്ക് തിളക്കം കുറവായിരുന്നു. തന്റെ ശരീരത്തിന്റെ ഒരു ചെറിയ ഭാഗം പുറത്തേക്കു തെറിപ്പിച്ചു കളഞ്ഞതിന്റെ പരിണിതഫലം. ഇപ്പോഴിതാ ആ അവസ്ഥയിൽനിന്ന് തിരുവാതിര പതിയെ സുഖം പ്രാപിച്ചുവരുന്നു!
ഒറയോൺ രാശിയിലെ ഏറ്റവും പ്രധാനപ്പെട്ട നക്ഷത്രമാണ് തിരുവാതിര. വലിയൊരു ചുവന്ന ഭീമനാണ് ഈ നക്ഷത്രം. എപ്പോൾ വേണമെങ്കിലും സൂപ്പർനോവ എന്ന പൊട്ടിത്തെറി നടന്നേക്കാവുന്ന ഒരു നക്ഷത്രം. നമ്മിൽനിന്ന് 500 മുതൽ 600 പ്രകാശവർഷം അകലെയാണ് തിരുവാതിര.
അത്യാവശ്യം നല്ല തിളക്കമുണ്ടായിരുന്ന തിരുവാതിരയുടെ പ്രഭ 2019 മുതൽ കുറഞ്ഞത് നിരീക്ഷകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ എന്തു കാരണം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നതിന് വ്യക്തതയുണ്ടായിരുന്നില്ല. ഹബിൾ ടെലിസ്കോപ്പിലെയും മറ്റു നിരവധി നിരീക്ഷണാലയങ്ങളിൽ നിന്നുള്ള ഡാറ്റയും പരിശോധിച്ച ശാസ്ത്രജ്ഞർ 2020 ൽ ഒരു നിഗമനത്തിൽ എത്തിയിരുന്നു. നക്ഷത്രത്തിന്റെ ചെറിയൊരു ഭാഗം മാസ് പുറത്തേക്കു തെറിച്ചുപോയിരിക്കാം. കൊറോണൽ മാസ് ഇജക്ഷൻ എന്നു പറയുന്ന ഈ സംഭവം മിക്ക നക്ഷത്രങ്ങളിലും പലപ്പോഴും സംഭവിക്കുന്നതാണ്. സൂര്യനിലും ഉണ്ടാവാറുണ്ട്. എന്നാൽ ഇതെല്ലാം വളരെ വളരെ ചെറിയ അളവിലാണ് എന്നു മാത്രം. എന്നാൽ തിരുവാതിരയിൽ സംഭവിച്ചിരിക്കുന്ന കൊറോണൽ മാസ് ഇജക്ഷൻ അത്ര ചെറുതല്ല. സാധാരണയിൽനിന്ന് നാൽപ്പതിനായിരം കോടി ഇരട്ടി മാസാണ് ഈ കൊറോണൽ മാസ് ഇജക്ഷൻ വഴി പുറത്തേക്കു പോയത്. അതും നക്ഷത്രത്തിന്റെ ഏറ്റവും തിളക്കമാർന്ന ഭാഗത്തെ മാസ്സ്. മാത്രമല്ല നക്ഷത്രത്തിനു ചുറ്റും പൊടിപടലം പോലെ ഇത് വ്യാപിക്കുകയും ചെയ്തു. ഭൂമിയിൽനിന്നു നോക്കുമ്പോൾ ഈ പൊടിപടലത്തിന്റെ ഉള്ളിൽക്കൂടിയാണ് തിരുവാതിരയെ നാം കാണുന്നത്. നക്ഷത്രത്തിന്റെ തിളക്കം കുറയാനുള്ള കാരണം ഇതായിരിക്കുമെന്നാണ് കരുതുന്നത്.
ഇപ്പോൾ നിരവധി ടെലിസ്കോപ്പുകളും ഹബിൾ ടെലിസ്കോപ്പും ഉപയോഗിച്ചു നടത്തിയ നിരീക്ഷണങ്ങളിൽ തിരുവാതിര ‘സുഖം പ്രാപിച്ചു’ വരുന്നതിന്റെ തെളിവുകളാണ് നമുക്കു ലഭിച്ചത്. തിരുവാതിരയുടെ തിളക്കം അധികം താമസിയാതെ പഴയപടി ആവുമെന്നു പ്രതീക്ഷിക്കാം.
തിരുവാതിരയ്ക്ക് സുഖം പ്രാപിക്കുന്നു.”തലവാചകം നന്നായിരിക്കുന്നു