അഡ്വ.കെ.പി.രവിപ്രകാശ്
പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഉത്ഭവിച്ച് തൃശ്ശൂർ, എറണാകുളം ജില്ലകളിലൂടെ അറബിക്കടലിൽ പതിക്കുന്ന 144 കി.മീറ്റർ നീളമുള്ള സാമാന്യം വലിയ പുഴയാ ണ് ചാലക്കുടിപ്പുഴ. വടക്ക് നെല്ലിയാംപതി മലനിരകളും കിഴക്ക് ആനമലയും തെക്ക് ഇടമലയും പടിഞ്ഞാറ് അറബിക്കടൽ വരെയുള്ള സമതലങ്ങളുമാണ് പുഴയുടെ അതിരുകൾ.തമിഴ്‌നാട്ടിൽ ഉൾപ്പെടുന്ന 300 ചതരുരശ്ര കി.മീറ്റർ ഉൾപ്പടെ 1700 ചതുരശ്ര കിലോമീറ്ററാണ് പുഴയുടെ വൃഷ്ടിപ്രദേശം. പുഴയുടെ 80 ശതമാനവും ഉയർന്ന മലനിരകളിലൂടെ സഞ്ചരിക്കുന്നതിനാൽ ശുദ്ധജലത്തിനും അത്യപൂർവങ്ങളായ ജൈവസമ്പത്തിനും മൃഗസമ്പത്തിനും മത്സ്യസമ്പത്തിനും പേരുകേട്ടതാണ് ഈ പുഴ. കഴിഞ്ഞ 150 വർഷത്തെ മനുഷ്യ ഇടപെടലിന്റെ ഫലമായി അമിതമായ വിഭവ ചൂഷണത്തിലൂടെയും മലിനീകരണത്തിലൂടെയും നാശോന്മുഖമായ ചരിത്രമാണ് പുഴയ്ക്ക് പറയാനുള്ളത്. 1980-കൾക്ക് മുമ്പേതന്നെ മണൽ പൂർണമായും ഖനനം ചെയ്ത് ചെളിക്കുണ്ടുകളാക്കി മാറ്റിയ വേദനാജനകമായ ചരിത്രവും പുഴയ്ക്കുണ്ട്. പരിയാരം, കാടുകുറ്റി എന്നീ പഞ്ചായത്തുകളിലെ വൻ വ്യവസായശാലകൾ പുറന്തള്ളുന്ന മാലിന്യവും, കക്കൂസ്-ഗാർഹിക-ടൂറിസ മാലിന്യവും ജലത്തിന്റെ ഗുണനിലവാരത്തെ തെല്ലൊന്നുമല്ല ബാധിച്ചിട്ടുള്ളത്. പുഴയുടെ വി വിധ കൈവഴികൾക്ക് കുറുകെ 8 വൻ പദ്ധതികളാണ് നിലവിലുള്ളത്. ഇതിൽ 4 എണ്ണം നിർമിച്ചതും നിയന്ത്രിക്കുന്നതും തമിഴ്‌നാടാണ്. ഇതുകൂടാതെ 48 ലിഫ്റ്റ് ഇറിഗേഷൻ സ്‌കീമുകളും 650-ലധികം സ്വകാര്യ പമ്പുകളും നിരവധി കുടിവെള്ള പദ്ധതികളും പുഴയിലുണ്ട്.
ഏകദേശം 10 ലക്ഷം ജനങ്ങളാണ് പുഴയെ നേരിട്ട് ആശ്രയിച്ച് ജീവിക്കുന്നത്. ഇവരുടെ ആരോഗ്യവും പുഴയുടെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. പുഴയുടെ ആരോഗ്യം നശിച്ചതിന്റെ ഒട്ടേറെ ലക്ഷണങ്ങൾ ചുറ്റുപാടും കാണാനാവും.
മത്സ്യസമ്പത്തിന്റെ കുറവ്, ഉയർന്ന രോഗാതുരത, സമതലപ്രദേശങ്ങളിലെ ഓര് കയ റ്റം, കൃഷിനാശം എന്നിവ, പുഴയെ ആശ്രയിച്ച് ജീവിക്കുന്നവരെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ്. ദിനംപ്രതി ശോഷിച്ചുവരുന്ന കാട് സംരക്ഷിച്ച് പുഴയെ പുനർജീവിപ്പിക്കുന്നതിന് പകരം വൈദ്യുതോർജത്തിനായി 140 ഹെക്ടർ വനപ്രദേശം ഇല്ലാതാക്കി നിർമിക്കുന്ന ആതിരപ്പള്ളി അണക്കെട്ടിനെ സാമാന്യ യുക്തിയിൽ പോലും ന്യായീകരിക്കാനാവില്ല.
പദ്ധതിയുടെ പേര് | നിലവിൽ വന്ന വർഷം | പദ്ധതിയുടെ ഉദ്ദേശ്യം | സംഭരണ ശേഷി | നിര്‍മ്മാണം, നിയന്ത്രണം | |
1 | പെരിങ്ങൽകുത്ത് | 1957 | വൈദ്യുതോല്പാദനം | 32 | കേരള വൈദ്യുതി ബോര്‍ഡ് |
2 | തൂണക്കടവ് | 1965 | ഡൈവേർഷൻ | 15.77 | തമിഴ്‌നാട് |
3 | കേരളാ ഷോളയാർ | 1966 | വൈദ്യുതോല്പാദനം | 153.49 | കേരള വൈദ്യുത ബോർഡ് |
4 | പറമ്പിക്കുളം | 1967 | ഡൈവേർഷൻ | 504.66 | തമിഴ്‌നാട് |
5 | പെരുവാരിപ്പള്ളം | 1971 | ഡൈവേർഷൻ | 17.56 | തമിഴ്‌നാട് |
6 | ഷോളയാർ | 1971 | വൈദ്യുതോല്പാദനം + ഡൈവേർഷൻ | 152.7 | തമിഴ്‌നാട് |
7 | ചാലക്കുടി റിവർ | 1952 | ജലസേചനം | — | കേരള ജല വകുപ്പ് |
8 | ഇടമലയാർ | 1990 | ഡൈവേർഷൻ | — | കേരള വൈദ്യുത ബോർഡ് |
അതിരപ്പിള്ളി പദ്ധതി
ചാലക്കുടിപ്പുഴയിൽ വാഴച്ചാൽ വെള്ളച്ചാട്ടത്തിന് ഏകദേശം 400 മീറ്റർ മുകളിൽ അണകെട്ടി വൈകീട്ട് 6 മുതൽ 10 വരെ പ്രവർത്തിപ്പിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയാണ് അതിരപ്പിള്ളി. ഇവിടെ നിർമിക്കാൻ ഉദ്ദേശിക്കുന്ന അണക്കെട്ടിന്റെ ഉയരം 23 മീറ്ററും നീളം 311 മീറ്ററുമാണ്. വെള്ളത്തിനടിയിലാകുന്ന 104 ഹെക്ടറുൾപ്പെടെ മൊത്തം വനമേഖലയുടെ 138 ഹെക്ടർ സ്ഥലം ഡാമിന് ആവശ്യമുള്ളതായി കണക്കാക്കുന്നു. അണക്കെട്ടിൽ നിന്നുള്ള ജലം 6.4 മീറ്റർ വ്യാസവും 4.69 കി.മീറ്റർ നീളവുമുള്ള ടണലിലൂടെ ഒഴുക്കി ഡാം സൈറ്റിന് വടക്കുപടിഞ്ഞാറ് കണ്ണൻകുഴി തോടിന് പുറകിലുള്ള പ്രധാന പവർഹൗസിൽ എത്തിക്കും. പവർഹൗസിൽ നിന്ന് കണ്ണൻകുഴി തോട്ടിൽ എത്തുന്ന ജലം ഒന്നര കി.മീറ്റർ വീണ്ടും സഞ്ചരിച്ച് ചാലക്കുടിപ്പുഴയിൽ എത്തും. 3.4 മീറ്റർ വ്യാസവും 50 മീറ്റർ നീളവുമുള്ള 2 പെൻസ്റ്റോക്ക് ആണ് പവർഹൗസിലേക്ക് നൽകുന്നത്. ഇവയുടെ ശേഷി 2x80 മെഗാവാട്ടാണ്. ഇതിന് പുറമേ അണക്കെട്ടിനോട് ചേർന്ന് 50 മീറ്റർ താഴെ 1.5 മെഗാവാട്ട് ശേഷിയുള്ള 2 ജെനറേറ്റർ കൂടി സ്ഥാപിച്ചാണ് പദ്ധതിയുടെ മൊത്തം ഉൽപാദനശേഷി 163 മെഗാവാട്ടായി നിശ്ചയിച്ചിട്ടുള്ളത്.
പഠനങ്ങളിലെ പോരായ്മകൾ
1986-ലെ പരിസ്ഥിതി നിയമം, വൻ പദ്ധതികൾക്ക് പരിസ്ഥിതി ആഘാത പഠനം നിർബന്ധമാക്കിയ സാഹചര്യത്തിലാണ് അതിരപ്പിള്ളി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി തേടാൻ കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് 1996-ൽ തീരുമാനിക്കുന്നതും പരിസരാഘാതപഠനം നടത്തുന്നതിനായി തിരുവനന്തപുരത്തെ ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ റിസേർച്ച് ഇൻസ്റ്റിറ്റിയൂ ട്ടിനെ (TBGRI) ഏൽപ്പിക്കുന്നതും. 6 മാസം കൊണ്ട് ദ്രുതപഠനം നടത്തി അവർ റിപ്പോർട്ട് നൽകി. ഒരു വർഷത്തെ ഹൈഡ്രോളജി റിപ്പോർട്ട് എടുക്കാൻ പോലും അവർ മെനക്കെട്ടില്ല. എങ്കി ലും വൈദ്യുതിബോർഡ് ഉറച്ചുതന്നെ മുന്നോട്ടുനീങ്ങി. എന്നാൽ പരിസ്ഥിതി ആഘാതപഠനത്തിന്റ പ്രാഥമികലക്ഷ്യം പോലും അട്ടിമറിക്കപ്പെട്ട പ്രസ്തുത റിപ്പോർട്ട് കോടതിയും പൊതജനങ്ങളും തള്ളിക്കളഞ്ഞു.
പ്രസ്തുത സാഹചര്യത്തിൽ പരിസരാഘാതപഠനച്ചുമതല ഹരിയാനയിലെ വാട്ടർ പവർ കൺസൽട്ടൻസി സർവീസ് (ഇന്ത്യ) ലിമിറ്റഡ് (WAP COS-വാപ്‌കോസ്) എന്ന സ്ഥാപനത്തെ 2002-ൽ ഏൽപ്പിക്കുകയും അവർ ഒരു വർഷമെടുത്ത് പഠന റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തു. പഠനം വാപ്‌കോസ് നേരിട്ട് നടത്തുകയായിരുന്നില്ല, അവർ ഉപകരാർ(സബ്‌കോൺ ട്രാക്ട്) നൽകിയ പ്രകാരം തിരുവനന്തപുരത്തെ ഇ.ആർ.ആർ.സി(എൻവിയേൺമെന്റ് റിസോഴ്‌സ് റിസർച്ച് സെന്റർ) എന്ന സ്ഥാപനം നടത്തിക്കൊടുക്കുകയായിരുന്നു. ഇത്തരം പഠനം നടത്തുന്നതിന് ആവശ്യമായ സാങ്കേതികജ്ഞാനം പ്രസ്തുത സ്ഥാപനത്തിന് ഉണ്ടായിരുന്നില്ല എന്ന സത്യം റിപ്പോർട്ട് മനസ്സിരുത്തി വായിച്ചാൽ ബോധ്യപ്പെടും. പരിസരാഘാതപഠനത്തിന്മേലുള്ള പൊതു തെളിവെടുപ്പ് 2006 ജൂൺ 15-ന് ചാലക്കുടിയിൽ വച്ച് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നപ്പോൾ, KSEB ഒഴികെ മറ്റെല്ലാവരും വാപ്‌കോസ് പഠനത്തിലെ പോരായ്മകളും യാഥാർത്ഥ്യങ്ങളും ചൂണ്ടിക്കാട്ടുകയും പദ്ധതി തള്ളിക്കളയാൻ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. തെളിവെടുപ്പ് പാനലിന് ലഭിച്ച 252 നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ പാനലിലെ 5-ൽ 3 പേരും പദ്ധതിക്കെതിരെ നിലപാടെടുത്തു. ചാലക്കുടി പുഴയോരത്തെ മുഴുവൻ പഞ്ചായത്തുകളും പദ്ധതിക്കെതിരെ പ്രമേയം പാസ്സാക്കി. ജനകീയ വികാരത്തെ യുക്ത്യാധിഷ്ഠിതമായി എതിർത്ത് തോൽപ്പിക്കുന്നതിൽ പരാജയപ്പെട്ട KSEB, ഭരണകൂട അധികാര ധാർഷ്ട്യത്തോടെ പദ്ധതിയുമായി മുന്നോട്ടുപോകാൻ ഇ പ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
പദ്ധതിപ്രദേശത്തെ വനവൈവിധ്യം
ഒരു പ്രദേശത്തെ പാരിസ്ഥിതിക ധർമം നിർവഹിക്കപ്പെടണമെങ്കിൽ 33 ശതമാനം വനസാന്നിധ്യം ഉണ്ടായിരിക്കണം എന്നതാണ് 1952-ലെ ദേശീയ വന നിയമത്തിൽ വ്യക്തമാക്കിയ 33 ശതമാനം വന വിസ്തൃതി എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ കേരളത്തെ സംബന്ധിച്ചിടത്തോളം അത് 10 ശതമാനത്തിൽ താഴെയേ വരികയുള്ളൂ. (115 വർഷങ്ങൾക്ക് മുമ്പ് ഇത് 60 ശതമാനമായിരുന്നു.) ഈ ശോഷണം നമ്മുടെ നിലനിൽപ്പിനെ ബാധിക്കുന്നു എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. അതിന്റെ സ്ഥാനത്താണ് വൈദ്യുതിക്ക് ബദൽമാർഗങ്ങളന്വേഷിക്കാതെ 138 ഹെക്ടർ വനം കൂടി ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
ചാലക്കുടി പുഴത്തടത്തിൽ ഒരുക്കൊമ്പൻകുട്ടിക്കും പെരിങ്ങൽകുത്ത് റിസർവോയറിനും ഇടയിൽ 6 കി.മീ. പ്രദേശത്തും പെരിങ്ങൽകുത്തിനും വാഴച്ചാൽ വെള്ളച്ചാട്ടത്തിനും ഇടയ്ക്കുള്ള പ്രദേശത്തും മാത്രമേ പുഴയോര വനങ്ങൾ ബാക്കിയുള്ളൂ. തോട്ടവൽക്കരണവും മനുഷ്യന്റെ മറ്റിടപെടലും കൊണ്ട് ഇവ പെരിങ്ങൽകുത്തിന് മുകളിൽ നാശോന്മുഖവുമാണ്. പെരിങ്ങൽകുത്ത് പവർഹൗസിന് താഴെ വാഴച്ചാൽ വെള്ളച്ചാട്ടം വരെ ബാക്കി നിൽക്കുന്ന ഈ നിത്യഹരിത വനമാണ് -കണക്കുകൾ പ്രകാരം 22 ഹെക്ടർ വരുന്ന പുഴയോരക്കാടുകൾ- അതിരപ്പിള്ളി പദ്ധതിയിൽ മുങ്ങിപ്പോകുന്നത്.
മറ്റ് പല പദ്ധതികളേയും അപേക്ഷിച്ച് ഇത് വളരെ കുറവാണെന്ന് KSEB വിലയിരുത്തുന്നുണ്ടെങ്കിലും ഈ വനത്തിന്റെ അപൂർവ്വതയും ജൈവവൈവിധ്യസമ്പന്നതയും അപാരമാണെന്ന് വാപ്‌കോസ് പഠനം തന്നെയും വ്യക്തമാക്കുന്നുണ്ട്. വർഷകാലങ്ങളിലെ വെള്ളക്കെട്ടിനെ അതിജീവിക്കാൻ കഴിവുള്ള സസ്യ സമൂഹമാണ് പുഴയോര വനങ്ങളുടെ പ്രത്യേകത. അനിതരസാധാരണമായ സൂക്ഷ്മകാലാവസ്ഥയെ ഉപയോഗിച്ചുകൊണ്ട് ആയിരക്കണക്കിന് വർഷമെടുത്താണ് ഈ ആവാസവ്യവസ്ഥ രൂപം പ്രാപിച്ചത്. അതുകൊണ്ട് തന്നെ സവിശേഷ പരിസ്ഥിതിക്കനുകൂലമായി വളരുന്നതും മറ്റെവിടെയും കാണാത്തതുമായ (endemic) ധാരാളം സസ്യങ്ങൾ പുഴയോരവനങ്ങളുടെ പ്രത്യേകതയാണ്. കേരളത്തിന്റെ ഏതൊരു പുഴയോരത്തും കാണാത്ത തരത്തിൽ തുടർച്ചയായി വളർന്നുവികസിച്ച പല സസ്യ ഇനങ്ങളും ഈ ജൈവസമൂഹത്തിൽ കാണപ്പെടുന്നുണ്ട്. എന്നാൽ ഈ ജീവവ്യവസ്ഥകളെയും ജീവിവർഗ്ഗ സവിശേഷതകളേയും വിശദമായി പഠിക്കാനോ വിലയിരുത്താനോ പരിസരാഘാതപഠന റിപ്പോർട്ടിന് കഴിഞ്ഞിട്ടില്ല. സൂക്ഷ്മജീവികൾ തൊട്ട് സസ്തനികൾ വരെയും ഏകകോശ സസ്യങ്ങൾ തൊട്ട് പുഷ്പിത സസ്യങ്ങൾ വരെയും വളർന്ന് വികസിച്ച ഒരു ആവാസവ്യവസ്ഥയിലെ ഏതാനും വൃക്ഷങ്ങളെയും ദൃഷ്ടിഗോചരമായ സസ്യജന്തുവൈവിദ്ധ്യത്തെയും മാത്രമേ പരിഗണിച്ചിട്ടുള്ളു എന്നത്, പഠനം സമ്പൂർണ്ണമായ ഒന്നല്ല എന്നതിന് തെളിവാണ്. പരിസരാഘാത പഠനം നടത്താൻ വാപ്‌കോസ് ഉപ കരാർ കൊടുത്ത ERRC എന്ന സ്ഥാപനത്തിന് അതിന് തക്ക വിദഗ്ദ്ധരില്ല എന്നത് പഠനത്തിന്റെ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. മുങ്ങിത്താഴുന്ന പുഴയോരത്തിലെ സസ്യജന്തുജാലങ്ങൾ പുറത്തുള്ള വനത്തിലുണ്ട് എന്ന അശാസ്ത്രീയ വിലയിരുത്തൽ നടത്താനേ അവർക്ക് കഴിയുന്നുള്ളു. എന്നാൽ പുറത്തുള്ള വനത്തിലുണ്ട് എന്ന് പറയുന്നതോടൊപ്പം തെളിവുകൾ നിരത്തി അത് സ്ഥാപിക്കുന്ന ഒന്നും തന്നെ അവരുടെ റിപ്പോർ ട്ടിൽ കാണുന്നില്ല.
മൊത്തം 508 ഇനം സസ്യങ്ങളെ പുഴയോര വനങ്ങളിൽ കണ്ടെത്തിയെന്നും അതിൽ 103 എണ്ണം(21.25%) പുഴയോര വനങ്ങളിൽ മാത്രം കാണപ്പെടുന്നവയാണെന്നും പഠനം പറയുന്നു. ഇതിൽ തന്നെ 22 എണ്ണം അപൂർവ്വവും, നാശോന്മുഖവുമാണെന്നും അത് വിശദീകരിക്കുന്നു. ഇങ്ങനെ അപകടനിലയിലുള്ള സസ്യങ്ങളുടെ സ്വഭാവഘടന, ജനിതക വൈവിദ്ധ്യം, ആവാസ വ്യവസ്ഥ, പ്രത്യേകത തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ പക്ഷേ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. നാമാവശേഷമാകുന്നതിന് മുമ്പ് പഠിച്ച് തിട്ടപ്പെടുത്തേണ്ട ഈ സസ്യജാലങ്ങളുടെ വിവിധ ധർമങ്ങളും ഉപയോഗ സാധ്യതകളും, അവയെക്കുറിച്ച് കേവലം പ്രാഥമികമായ വിവരങ്ങൾ സ്വരൂപിക്കുംമുമ്പേ തന്നെ നഷ്ടപ്പെടുന്നു എന്നതാണ് ഇവിടെ സംഭവിക്കുന്നത്. 130 കി.മീ ഉണ്ടായിരുന്ന പുഴയോരവനമാണ്, പെരിങ്ങൽകുത്ത് ഡാമിന്റെ നിർമാണ ത്തോടെ (1947) 60 കി.മീ ആയി ശോഷിച്ചത്. അവശേഷിച്ച പുഴയോര വനമാണ് അതിരപ്പിള്ളി പദ്ധതിയോടെ ഇല്ലാതാവുന്നത്.
ജന്തുവൈവിധ്യം
മുങ്ങിപ്പോകുന്നതും അല്ലാത്തതുമായ പ്രദേശത്ത് ജന്തുജാലങ്ങൾ സമൃദ്ധമാണെന്ന് റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. പദ്ധതി പ്രദേശത്തിന് പുറത്ത് പഠനം എവിടെയാണ് നടന്നതെന്ന് പറയുന്നില്ല. ജന്തുവൈവിദ്ധ്യത്തെ സംബന്ധിച്ച പഠനത്തിനായി ഒരു കി.മീ. നീളമുള്ള അഞ്ച് സ്ഥലങ്ങൾ തെരഞ്ഞെടുത്തു എന്ന് പറയുന്നു. ഇത് വിശദമായ പഠനത്തിന് പര്യാപ്തമായ സാമ്പിൾ പ്രദേശമല്ല. റിപ്പോർട്ടിൽ മുങ്ങിപ്പോകുന്ന പ്രദേശത്തെ ജന്തുവൈവിധ്യം പറഞ്ഞിട്ടുണ്ട്. ജന്തുജാലങ്ങളിലെ ദൃഷ്ടിഗോചരമായ ഇനങ്ങളെ മാത്രം കണക്കിലെടുക്കുന്ന ഈ പഠനത്തിന്റെ രീതിശാസ്ത്രം തന്നെ അപൂർണ്ണമാണ്. പഠനത്തിൽ പറയുന്ന ജന്തുവൈവിധ്യം താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.
മത്സ്യ വൈവിധ്യം; മറ്റ് ജലജീവികളും
ചാലക്കുടി പുഴ, മത്സ്യ വൈവി ധ്യ സമ്പന്നതയിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പുഴയാണ് (NBPGRI, 2000). ഇതിൽ കണ്ടെത്തിയിട്ടുള്ള ഉയർന്ന മത്സ്യ വൈവിധ്യ ത്തിൽ (154 Spp) 9 ഇനം നിലവിൽ അതീവ വംശനാശ ഭീഷണി നേരിടുന്നവയും 22 ഇനം നിലവിൽ സാമാന്യ വംശനാശ ഭീഷണിയുള്ളവയും 11 ഇനം ഭാവിയിൽ വംശനാശഭീഷണി നേരിടാവുന്നവയുമാണ്(ICUN2000). വാപ്‌കോസ് പഠനത്തിൽ സൂചിപ്പിക്കുന്നത് 30 ഇനം മത്സ്യങ്ങളെയാണ്. എന്നാൽ അവർ സൂചിപ്പിക്കുന്നവയിൽ അപൂർവ്വമായത് 8 എണ്ണം വരും. വളരെ അപൂർവ്വമായതും വംശനാശ ഭീഷണി നേരിടുന്നവയും ഇതിൽ ഉൾപ്പെടുന്നു. അജിത് കുമാർ നടത്തിയ പഠനം(2000) സൂചിപ്പിക്കുന്നത് ചാലക്കുടി പുഴയിൽ 98 ഇനം മത്സ്യങ്ങൾ ഉള്ളതിൽ 25 എണ്ണത്തോളം അപൂർവ്വമാണെന്നാണ്. വിശദമായ ഒരു പഠനം വാപ്‌കോസ് നടത്തിയിട്ടില്ല എന്നാണ് NBPGRI യുടെയും അജിത് കുമാറിന്റേയും പഠനത്തിൽ നിന്ന് വ്യക്തമാവുന്നത്.
മത്സ്യങ്ങളുടെ കാര്യത്തിൽ അതിവിപുലമായ വൈവിദ്ധ്യമുള്ള കേരളത്തിലെ ഏക നദിയെന്ന നിലയിലാണ് ചാലക്കുടി പുഴയെ ഒരു മത്സ്യ സംരക്ഷണ കേന്ദ്രം (fish sanctuary) ആയി പ്രഖ്യാപിക്കണമെന്ന് ദേശീയ മത്സ്യ ജനിതക വിഭവ കേന്ദ്രം (National Bureau of Fish Genetic Resources-NBFGR) ആവശ്യപ്പെട്ടിട്ടുള്ളത്. 244 കി.മീ. നീളമുള്ള പെരിയാറിൽ 77 ഇനങ്ങളാണ് ഉള്ളതെങ്കിൽ 144 കി.മീ ഉള്ള ചാലക്കുടി പുഴയിൽ 104 ഇനം മത്സ്യങ്ങൾ ഉണ്ട്. ചാലക്കുടി പുഴയ്ക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന ധാരാളം മത്സ്യ ഇനങ്ങൾ(54.3%) വിവിധ പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് പുതിയ മത്സ്യ ഇനങ്ങളും ചാലക്കുടി പുഴയിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജലജീവികളുടെ നിലനിൽപ്പിന് അന്ത്യാപേക്ഷിതമാണ് ജലത്തിന്റെ തുടർച്ചയായ ലഭ്യത. വൈദ്യുതി ഉൽപ്പാദനം നടക്കാത്ത പകൽ സമയത്ത് കണ്ണൻകുഴി തോടിനും ഡാമിനും ഇടയിൽ ജലത്തിന്റെ ലഭ്യത വളരെ കുറവായിരിക്കും. അതുകൊണ്ട് മത്സ്യങ്ങളടക്കം ജലജീവികളുടെ ജീവവ്യവസ്ഥയെ ഇത് സാരമായി ബാധിക്കും. പഠനത്തിൽ പോലും വിശദമാക്കാത്ത ജലസസ്യങ്ങളുടെയും മറ്റ് ജലജീവികളുടെയും നാശമാണ് ഇത് മൂലം സംഭവിക്കുക. ഇതിനെ മറികടക്കാൻ കഴിയുന്ന യാതൊരു നിവാരണ മാർഗ്ഗങ്ങളും പരിസരാഘാതപഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
റിപ്പോർട്ടിന്റെ 4.43 പേജിൽ പറയുന്നത് അതിരപ്പിള്ളിയിലെ പുഴയും പുഴയോര കാടുകളും അപൂർവ്വ ഇനം ആമകളുടെ സങ്കേതമാണ് എന്നാണ്. ഡാമിന്റെ നിർമാണം അവയുടെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. വളരെ സൂക്ഷ്മമായ ആവാസവ്യവസ്ഥാ സന്തുലനത്തിന്റെ ഫലമായിട്ടാണ് അപൂർവ്വമായ ജീവികൾ പലതും രൂപപ്പെട്ടുവരുന്നത്. ആവാസ വ്യവസ്ഥയിലെ മാറ്റങ്ങൾ അവയുടെ നിലനിൽപ്പിനെ സാരമായിത്തന്നെ ബാധിക്കും. പദ്ധതി മൂലം ജലം ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെടുമ്പോഴും ആവാസ വ്യവസ്ഥയായ പുഴയോര കാടുകൾ ഇല്ലാതാകുമ്പോഴും ഇത്തരം ചെറു ജീവികളും നാശോന്മുഖമാകുന്നു. 70 വർഷങ്ങൾക്ക് ശേഷമാണ് (1982) കൊച്ചിൻ ചൂരൽ ആമയെ(Cochin Forest Cane Turtle) അതിരപ്പള്ളി മേഖലയിലെ പുഴയിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. പദ്ധതി വരുന്നതോടെ ഇത്തരം അപൂർവ്വ ജനുസ്സുകളും അവയുടെ ആവാസ വ്യവസ്ഥയും എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നത് തീർച്ചയാണ്.
പക്ഷി വൈവിധ്യം
പുഴയും പുഴയോര കാടുകളും പക്ഷികളുടെ വലിയ സങ്കേതങ്ങളാണ്. ജലജീവികളുടെയും മത്സ്യങ്ങളുടെയും ലഭ്യതയും വൃക്ഷസമുച്ചയത്തിന്റെ സാമീപ്യവും വാഴച്ചാൽ അതിരപ്പിള്ളി മേഖലയെ വലിയ തോതിൽ പക്ഷികളുടെ വൈവിധ്യ കേന്ദ്രമാക്കുന്നു. 413 സ്‌ക്വയർ കി.മീറ്ററോളം വരുന്ന ഈ മേഖലയിൽ 225 പക്ഷി ഇനങ്ങളെ കണ്ടെത്തി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. വനം വകുപ്പ് 2007-ൽ നടത്തിയ സർവ്വേയിൽ, 1/2 മണിക്കൂറിൽ 70 ഇനം പക്ഷികളെ കണ്ടു എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇത് ഈ മേഖലയിലെ പക്ഷിവൈവിധ്യത്തെ സൂചിപ്പിക്കുന്നു. സംസ്ഥാന പക്ഷിയായ വേഴാമ്പലിന്റെ 4 ഇനങ്ങളും കാണപ്പെടുന്ന അപൂർവ്വ മേഖലകളിലൊന്നാണ് അതിരപ്പള്ളി. അതുപോലെ നാശോന്മുഖമാകുന്ന പാണ്ടൻ വേഴാമ്പലുകളുടെ(Malabar pied hornbill:Anthracoceros Coronatus) ആവാസകേന്ദ്രമാണ് ഇവിടെയുള്ള പുഴയോര കാടുകൾ. എന്നാൽ വാപ്‌കോസ് പഠനത്തിൽ ആകെ 98 ഇനം പക്ഷികളെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതും ഈ പഠനത്തിന്റെ അപര്യാപ്തത സൂചിപ്പിക്കുന്നു. എന്നിട്ടും അതിരപ്പിള്ളി മേഖല വലിയ പക്ഷി സങ്കേതമാണെന്ന് റിപ്പോർട്ട് തന്നെ സൂചിപ്പിക്കുന്നു. ആവാസ വ്യവസ്ഥയും പക്ഷി വൈവിധ്യവും വിലയിരുത്തിക്കൊണ്ടുള്ള പഠനം നടന്നതായും റിപ്പോർട്ട് വിശദീകരിക്കുന്നില്ല. ശാസ്ത്രീയമായി ഇവയുടെ എണ്ണം പോലും തിട്ടപ്പെടുത്താത്ത തരത്തിൽ അപൂർണ്ണമായ വിലയിരുത്തലേ പക്ഷികളെ സംബന്ധിച്ച റിപ്പോർട്ടിലുള്ളു.
കുടിവെള്ള കാർഷികപ്രശ്‌നങ്ങൾ
വൈകിട്ട് 6 മുതൽ 10 വരെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. ഈ സമയത്ത് 36-36 ക്യുമെക്‌സ്(cumecs അഥവാ cubic meter per second=ഒരു സെക്കൻഡിൽ 1000 ലിറ്റർ) വെള്ളവും ബാക്കിയുള്ള 20 മണിക്കൂർ തുടർച്ചയായി 7.65 ക്യുമെക്‌സ് വെള്ളവും തുറന്നുവിടും എന്നാണ് വൈദ്യുതി ബോർഡ് പറഞ്ഞിട്ടുള്ളത്. ഡിസംബർ-ഏപ്രിൽ കാലം നിലവിൽ ശരാശരി 14.92 ക്യുമെക് സ് ജലമാണ് ചാലക്കുടി പുഴയിൽ ഒഴുകിക്കൊണ്ടിരിക്കുന്നത്. ഈ ഒഴുക്ക്, പദ്ധതി വന്നുകഴിഞ്ഞാൽ 20 മണിക്കൂർ നേരത്തേക്ക് നേർ പകുതിയായി കുറയുകയും ബാക്കിസമയങ്ങളിൽ (4 മണിക്കൂർ) ഇരട്ടിയിലധികമായി വർധിക്കുകയും ചെയ്യും. ഡാം സൈറ്റിനും പവർഹൗസിനും ഇടയിലുള്ള 7.89 കി.മീറ്റർ ദൂരത്തെ ജലപ്രവാഹം എല്ലാ സമയങ്ങളിലും 7.65 ക്യുമെക്‌സ് എന്ന തോതിലായിരിക്കും. അതിരപ്പിള്ളി വെള്ളച്ചാട്ടം ഈ മേഖലയിലാണ് ഉൾപ്പെടുന്നത്. അതായത് 7.65 ക്യുമെക്‌സ് നീരൊഴുക്കിന്റെ സൗന്ദര്യമേ ഇനിമേൽ അതിരപ്പിള്ളിയിൽ ഉണ്ടാവുകയുള്ളൂ എന്നർത്ഥം. നീരൊഴുക്കിൽ ഉണ്ടാകുന്ന ഈ വ്യതിയാനം പുഴയുടെ ജൈവസമ്പത്തിനെ ഏതെല്ലാം വിധത്തിൽ ബാധിക്കുമെന്ന് കൃത്യമായ ഒരുത്തരം നൽകാൻ വാപ്‌കോസിന് കഴിഞ്ഞിട്ടില്ല. 20 മണിക്കൂറിലെ നീരൊഴുക്ക് 7.65 ക്യുമെക്‌സ് ആയാൽ തുമ്പൂർമുഴി ഡൈവേഴ്‌സൽ സ്‌കീമിലെ ജലസേചനാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരും. നീരൊഴുക്കിലുണ്ടാകുന്ന ഈ വ്യതിയാനം പദ്ധതിയുടെ വൃഷ്ടിപ്രദേശത്തെ ഭൂജലത്തിന്റെ അളവ് കുറയ്ക്കുകയും സമീപപ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് താഴ്ന്ന് കുടിവെള്ളപ്രശ്‌നം രൂക്ഷമാകുകയും ചെയ്യും. പുഴയുടെ സമതലപ്രദേശങ്ങളിൽ ഇപ്പോൾതന്നെ ജലദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. അത് രൂക്ഷമാകും. തീരപ്രദേശങ്ങളിലെ ഓര് കയറ്റഭീഷണി മലമ്പ്രദേശത്തേക്ക് കൂടി വ്യാപിക്കുന്നതിനും ഇടയാകും. വൈദ്യുതി ബോർഡിന്റെ ഉറപ്പ്, കുറുപ്പിന്റെ ഉറപ്പ് പോലെ എന്ന പഴമൊഴിക്ക് പര്യായമാകാനുള്ള സാധ്യത ഏറെയാണെന്ന് മുൻകാല അനുഭവങ്ങൾ പഠിപ്പിക്കുന്നു. വൈദ്യുതിക്കാവശ്യമായ വെള്ളം ഡാമിൽ ഇല്ലാതായാൽ ഷട്ടറടയ്ക്കാൻ അവർ മടിക്കില്ല. ഇത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തെയും അമ്പത് കിലോമീറ്ററോളം വരുന്ന പുഴയെയും അതിലെ ആവാസവ്യവസ്ഥയെയും കർഷകരെയും ജനങ്ങളുടെ കുടിവെള്ളത്തെയും ബാധിക്കും എന്നത് പകൽ പോലെ വ്യക്തമാണ്.
ആദിവാസി പ്രശ്‌നങ്ങൾ
കേരളത്തിലെ കാടാർ സമുദായത്തിൽപെട്ട ആദിവാസികളിൽ ആകെയുള്ള 2736 പേരിൽ 1844 പേരും താമസിക്കുന്നത് ചാലക്കുടി നദീതടത്തിലാണ്. ഇവരിൽ 60 കുടുംബങ്ങളെ(320 പേർ) പദ്ധതിപ്രദേശത്ത് നിന്ന് മാറ്റി താമസിപ്പിക്കേണ്ടി വരും. കാട് അവർക്ക് ഉപവജീവന സ്രോതസ്സാണെന്ന് മനസിലാക്ക ണം. പ്രത്യേക സാമൂഹ്യ-സാംസ്‌കാരിക സാഹചര്യം നിലനിർത്തി പോകുന്നവരാണ് കാടാർ സമുദായത്തിൽ ഉള്ളവർ. വനാവകാശനിയമം ഇവരുടെ അംഗീകാരത്തോടെ മാത്രമേ ഏത് പദ്ധതിയും നടപ്പിലാക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്നു. അതിരപ്പിള്ളി പദ്ധതി വേണോ വേണ്ടയോ എന്ന ചോദ്യത്തിന് 320 പേരിൽ 316 പേരും വേണ്ട എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്(ഡോ. സിനിത സേവ്യർ, ഡോ.സി.സി.ബാബു). ചാലക്കുടി പുഴയിൽ അണക്കെട്ടുകൾ വരുന്നതിനനുസരിച്ച് പലവുരു മാറിത്താമസിക്കേണ്ടി വന്നവരാണ് ഇവർ. പരിഷ്‌കൃതസമൂഹത്തിന്റെ ഏകപക്ഷീയമായ വികസനത്തിന് വേണ്ടി തങ്ങളെ എന്തിന് ഇല്ലാതാക്കണമെന്നാണ് അവർ ചോദിക്കുന്നത്.
അതിരപ്പിള്ളി പദ്ധതിയും പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോർട്ടും
പശ്ചിമഘട്ട സംരക്ഷണത്തിന് രൂപരേഖ തയ്യാറാക്കുന്നതിനും നിയമം നിർമിക്കുന്നതിനും ഡോ.മാധവ് ഗാഡ്ഗിൽ ചെയർമാനായി ഒരു വിദഗ്ധസമിതിയെ കേന്ദ്രസർക്കാർ 2011-ൽ നിയമിക്കുകയുണ്ടായല്ലോ. പശ്ചിമഘട്ട പ്രദേശത്ത് നിർദ്ദേശിക്കപ്പെട്ടിരുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി, കർണാടകത്തിലെ ഗുണ്ഡിയ ജലവൈദ്യുത പദ്ധതി എന്നിവ സംബന്ധിച്ച് പ്രത്യേക ശുപാർശകൾ നൽകാനും സമിതിയോട് നിർദ്ദേശിച്ചിരുന്നു. പദ്ധതി നടപ്പിലാക്കരുത് എന്നായിരുന്നു, സ്ഥലസന്ദർശനത്തിന്റെയും പഠനങ്ങളുടെയും ഒട്ടേറെ പഠന റിപ്പോർട്ടുകൾ വിലയിരുത്തിയതിന്റെയും അടിസ്ഥാനത്തിൽ സമിതി നൽകിയ ശുപാർശ.
കണ്ടെത്തലും ശുപാർശയും
ഗാഡ്ഗിൽ സമിതിയുടെ കണ്ടെത്തലും ശുപാർശയും ഇപ്രകാരമായിരുന്നു.
- ചാലക്കുടിപ്പുഴയുടെ തീര-വന-ജൈവ വ്യവസ്ഥ പശ്ചിമഘട്ടത്തിൽ – പ്രത്യേകിച്ചും കേരളത്തിൽ- അത്യപൂർവമാണ്. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിന് വേണ്ടി തയ്യാറാക്കിയ ജൈവവൈവിധ്യ സംരക്ഷണവും കർമപദ്ധതിയും അനുസരിച്ച് പദ്ധതിപ്രദേശത്തെ സംരക്ഷണമൂല്യം 75 ശതമാനത്തോളം ഉയർന്നതാണ്. കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനപ്രകാരം വളരെ ഉയർന്ന ജൈവവൈവിധ്യമൂല്യമുള്ള പ്രദേശമാണ് വാഴച്ചാൽ. പദ്ധതി യാഥാർത്ഥ്യമായാൽ സസ്യ-ജീവ-ജാലങ്ങളാൽ സമ്പന്നമായ 28.4 ഹെക്ടർ പുഴയോരകാടുകൾ പൂർണമായും നശിച്ചുപോകും.
- ഇവിടെ മാത്രം കാണപ്പെടുന്ന 155 ഇനം സസ്യങ്ങളിൽ 33 ഇനം സസ്യങ്ങ ളും RET(Rare, Endangered and Threatened: അത്യപൂർവ്വമായവ-വംശനാശം നേരിടുന്നവ-വംശനാശഭീഷണിയുള്ളവ) എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. പദ്ധതി പ്രദേശം തദ്ദേശീയമായ നിരവധി അപൂർവ സസ്യജീവജാലങ്ങളാൽ സമൃദ്ധമാണ്. 508 സസ്യഇനങ്ങളിൽ 21 %വും 54 ചിത്രശലഭ ഇനങ്ങളിൽ 16 %വും 17 ഉഭയജീവി ഇനങ്ങളിൽ 53 %വും 19 ഉരഗ ഇനങ്ങളിൽ 21 %വും 98 പക്ഷി ഇനങ്ങളിൽ 13 %വും 22 സസ്തനി ഇനങ്ങളിൽ 14 % വും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. വംശനാശം നേരിടുന്ന Syzygium Occidentalis, Atuna Travancorica(കല്ലൻകായമരം) എന്നീ വൃക്ഷങ്ങൾ ഇവിടെയുണ്ട്. Gymnema Khandaense, Lagendra Nairi എന്നീ സസ്യങ്ങൾ കേരളത്തിൽ അതിരപ്പിള്ളിയിൽ മാത്രമേ ഉള്ളൂ.
- കേരളത്തിൽ കണ്ടെത്തിയിട്ടുള്ള 486 ഇനം പക്ഷികളിൽ 234 എ ണ്ണവും വാഴച്ചാൽ-അതിരപ്പിള്ളി മേഖലയിലാണ് ഉള്ളത്. പാണ്ടൻ വേഴാമ്പലുകൾ വംശവർധനവ് നടത്തുന്ന രണ്ട് കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. അതിരപ്പിള്ളിയിലെ നദീതീര വനങ്ങളാണ് അതിലൊന്ന്. പശ്ചിമഘട്ടത്തിൽ മാ ത്രം കാണപ്പെടുന്ന തദ്ദേശീയമായ 16 ഇനം പക്ഷികളിൽ 12 ഇനവും അതിരപ്പിള്ളി-വാഴച്ചാൽ മേഖലയിലുണ്ട്. വാഴച്ചാൽ-ഷോളയാർ മേഖലയെ ആഗോളാടിസ്ഥാനത്തിൽ പ്രമുഖ പക്ഷികേന്ദ്രമായി കേംബ്രിഡ്ജിലെ ബേർഡ് ലൈ ഫ് ഇന്റർനാഷണൽ 1995-ൽ തന്നെ തെരഞ്ഞെടുത്തിട്ടുള്ളതാണ്.
- കേരളത്തിൽ രേഖപ്പെടുത്തിയിട്ടു ള്ള 210 ഇനം മത്സ്യങ്ങളിൽ 104 ഇനങ്ങൾ ചാലക്കുടി പുഴയിലുണ്ട്. ഇവയിൽ കടുത്ത വംശനാ ശം നേരിടുന്ന 9 ഇനങ്ങളും വംശനാശഭീഷണിയുള്ള 22 ഇനങ്ങളും ഉൾപ്പെടുന്നു. പുതിയ 5 ഇനം മ ത്സ്യങ്ങൾ ആദ്യമായി ചാലക്കുടിപ്പുഴയിൽ കണ്ടെത്തിയിട്ടുണ്ട്. ചി ലയിനം മത്സ്യങ്ങൾ പുഴയിൽ ഒ ഴുക്കിനെതിരെ മുകളിലേക്കും മറ്റ് ചിലവ താഴേക്കും കുടിയേറി അ വയുടെ ജീവിതചംക്രമണം പൂർത്തിയാക്കുന്നു. ആകയാൽ അണക്കെട്ട് നിർമാണം അവയുടെ നിലനിൽപ് തന്നെ ഇല്ലാതാക്കും. 68 ഇനം മത്സ്യങ്ങളും പദ്ധതിപ്രദേശത്ത് സമൃദ്ധമായി കാണുന്നവയാണ്. ടോറന്റ് തവളയെപ്പോലെ വെ ള്ളം കയറിക്കിടക്കുന്ന പൊത്തുകളിലും മറ്റും ജീവിക്കുന്ന ചില ഉഭയ ജീവികൾക്ക് പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ വാസസ്ഥ ലം നഷ്ടമാകും. വംശനാശ ഭീ ഷണി നേരിടുന്ന മുള ആമകൾ (cane turtle) കൂടുതലുള്ള ഏക സ്ഥലം ഇതാണ്.
- കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രൊജക്ട് എലിഫന്റായി നിർണയിച്ചിട്ടുള്ള എലിഫെന്റ് റിസർവ് 9-ൽ ഉൾപ്പെടുന്നതാണ് ഈ പദ്ധതി പ്രദേശം. പറമ്പിക്കുളത്ത് നിന്ന് പൂയംകുട്ടി വനത്തിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും ആനകൾ സഞ്ചരിക്കുന്ന മാർഗം പദ്ധതിയു ടെ ഫലമായി വെള്ളത്തിനടിയിലാകും. പശ്ചിമഘട്ടത്തിൽ വംശനാശം നേരിടുന്നതും ചില കാടുകളിൽ മാത്രം കാണുന്നതുമായ സിംഹവാലൻ കുരങ്ങുകൾ വസിക്കുന്നത് ഈ പുഴക്കരയിലെ കാടുകളിലാണ്. 13 എണ്ണമുള്ള ഒരു കൂട്ടമായാണ് ഇവയെ കണ്ടെ ത്തിയതും.
- അണക്കെട്ടിന്റെ നിർമാണം അണയുടെ മുകളിലേക്കും താഴേക്കുമു ള്ള നദീതടസംവിധാനത്തെ പാടെ തകിടം മറിക്കും. അതായത് നദി ഒരു ജീവസ്സുറ്റ ആവാസവ്യവസ്ഥ എന്നതിനേക്കാൾ വെറുമൊരു നീ രൊഴുക്കുസംവിധാനമായി അധഃ പതിക്കും. നദിയിലെ ജലത്തി ന്റെ ഒഴുക്ക് മെയ് മാസത്തിൽ 7.26 ക്യുമെക്‌സിനും ആഗസ്റ്റ് മാ സത്തിൽ 229.97 ക്യുമെക്‌സിനും മധ്യേ ഏറിയും കുറഞ്ഞുമിരിക്കുന്നതിനാലാണ് അനവധി സസ്യജീവജാലങ്ങളുടെ വിളനിലമായി ആ മേഖല നിലനിൽക്കുന്നത്. പദ്ധതി വരുന്നതോടെ ഈ വ്യവ സ്ഥ തകിടം മറിയും.
- ചാലക്കുടിയിലെ നദീതട ഗവേഷണകേന്ദ്രം വിദ്യുച്ഛക്തി ബോർ ഡിൽ നിന്നെടുത്ത കണക്കനുസരിച്ച് ഇടമലയാർ ഡൈവേർഷൻ സ്‌കീമിലേക്കുള്ള വെള്ളം കഴിച്ചാൽ 750 എം.സി.എം ജലം മാ ത്രമേ അതിരപ്പിള്ളി അണക്കെട്ടിലെത്തൂ. 1169 എം.സി.എം ജലം ഒഴുകും എന്നാണ് ഡി.പി.ആർ പ്രസ്താവിക്കുന്നത്. അതനുസരിച്ചാണ് 233 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ക ഴിയും എന്ന് പറയുന്നത്. എന്നാൽ ജല ലഭ്യത 750 എം.സി.എം ആ കുമ്പോൾ വൈദ്യുതി ഉൽപാദന വും അതനുസരിച്ച് കുറയും. പെ രിങ്ങൽക്കുത്ത് പദ്ധതിയുടെ, 1987 മുതൽ 2006 വരെയുള്ള നിത്യ വൈദ്യുതി ഉൽപാദനത്തിന്റെയും നീരൊഴുക്കിന്റെയും
- സ്ഥിതിവിവരക്കണക്കുകളുടെ(വിവരാവകാശനിയമ പ്രകാരം ലഭിച്ചത്) അപ ഗ്രഥനപ്രകാരം അതിരപ്പിള്ളിയി ലെ വൈദ്യുതി ഉൽപാദനം ഇടമലയാറിലേക്ക് ജലം തിരിച്ച് വിട്ടാൽ 170 ദശലക്ഷം യൂണിറ്റും അല്ലെങ്കിൽ 210 ദശലക്ഷം യൂണിറ്റുമായിരിക്കും. മഴ കുറവുള്ള ഡിസംബർ -മെയ് മാസങ്ങളിൽ ഇടമലയാർ ഡൈവേർഷൻ സ്‌കീം കൂടി പരിഗണിച്ചാൽ വൈദ്യുതോൽപാദനം 25 ദശലക്ഷം യൂണിറ്റിൽ കുറവായിരിക്കും. വിദ്യുച്ഛക്തി വകുപ്പ് അവകാശപ്പെടുന്നതുപോലെ ഇടമലയാർ ഡൈവേർഷൻ സ്കീം നിർത്തിയാൽ അവിടെ നിന്നുള്ള 60 ദശലക്ഷം യൂണിറ്റ് വൈദ്യുതി നഷ്ടപ്പെടുകയായിരിക്കും ഫലം. അതായത് അതിരപ്പിള്ളി പദ്ധതി യാഥാർത്ഥ്യമായാൽ മഴയില്ലാത്ത മാസങ്ങളിൽ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉൽപാദനത്തിൽ ഗണ്യമായ നഷ്ടം ഉണ്ടാകും.
ഈ സാഹചര്യത്തിൽ മേഖലയുടെ ജൈവവൈവിധ്യ സമ്പന്നത, ഉയർന്ന സംരക്ഷണമൂല്യം, മത്സ്യസമ്പത്തിന്റെ പ്രാധാന്യം, 22 തദ്ദേശീയ ഇനങ്ങളുടെയും കടുത്ത നാശം നേരിടുന്ന 9 ഇനങ്ങളുടെയും സാമീപ്യം, പശ്ചിമഘട്ടത്തിലെ 75 ശതമാനം പക്ഷികളുടെയും ആവാസകേന്ദ്രം, സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തും കാണാൻ കഴിയാത്ത നദിയോര ആവാസ വ്യവസ്ഥ, അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളിലെ ജലസേചന കുടിവെള്ള പ്രശ്‌നങ്ങൾ, പദ്ധതിയുടെ സാങ്കേതികമായ പ്രായോഗികത, പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പരിമിതമായ വൈദ്യുതി, കാടാർ ഗിരിജനങ്ങളുടെ ആവാസകേന്ദ്രങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങൾ, ഉയർന്ന നിർമാണ ചെലവ്, 2001 ഒക്‌ടോബർ 17- ലെ കേരള ഹൈക്കോടതി നിർദ്ദേശം (‘ലക്ഷ്യമിട്ട വൈദ്യുത ഉൽപാദനം ഉറപ്പുവരുത്താനായി നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണി നടത്തി അവയുടെ പൂർണ ഉൽപാദനശേഷി വീണ്ടെടുക്കുക; വിതരണനഷ്ടം പരമാവധി കുറയ്ക്കുക; വൈദ്യുതിമോഷണം തടയുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യുക’) എന്നീ വസ്തുതകൾ കണക്കിലെടുത്ത് അതിരപ്പിള്ളി -വാഴച്ചാൽ പ്രദേശം സംരക്ഷിക്കാനും നിർദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്ക് അനുമതി നിഷേധിക്കാനും സമിതി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തോട് ശുപാർശ ചെയ്യുന്നു. മാത്രവുമല്ല ചാലക്കുടിപ്പുഴയെ ഒരു മത്സ്യ വൈവിധ്യ സമ്പന്നമേഖലയായി പ്രഖ്യാപിച്ച് കേരളത്തിലെ ഉടുമ്പൻചോല താ ലൂക്കിലെ ജൈവവൈവിധ്യസമ്പന്ന പ്രദേശങ്ങളെ സംരക്ഷിക്കുന്ന മാതൃകയിൽ സംരക്ഷിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
ജലവൈദ്യുതി വിലകുറഞ്ഞതല്ല
ജലവൈദ്യുതിക്ക് വിലകുറവാണെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. മുൻകാലങ്ങളിലെ നിർമാണചെലവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയാൻ കഴുയുക. ഇന്നത്തെ സ്ഥിതി അതല്ല. 1996-ൽ അതിരപ്പിള്ളി പദ്ധതിയുടെ മതിപ്പ് നിർമാണചെലവ് 415 കോടിയായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അത് 2500 കോടിയെങ്കിലുമാകും. പുറമേ, പരിപാലന ചെലവും(മെയിന്റനൻസ് കോസ്റ്റ്) ചേർക്കണം. അപ്പോൾ ചെലവ് കുറവ് എന്ന് പറയുന്നതിൽ ന്യായമൊന്നും ഇല്ലെന്ന് വരുന്നു. വനജൈവ വ്യവസ്ഥയുടെ അപരിഹാര്യമായ നഷ്ടം കൂടാതെ ഭീമമായ നിർമാണചെലവ് കൂടി ആകുമ്പോൾ വൈദ്യുതി വില ഉച്ചതരമാകും.
പദ്ധതിക്കെതിരായ ജനകീയ സമരങ്ങൾ
പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും ഒരു വിഭാഗം രാഷ്ട്രീയ പ്രവർത്തകരും ബഹുഭൂരിപക്ഷം പരിസരവാസികളും അടങ്ങുന്ന ജനസമൂഹം 2001 മുതൽ പദ്ധതിക്കെതിരായ സമരപാതയിലാണ്. ചാലക്കുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിശാലമായ ഒരു ഐക്യവേദി ഇതിനായി രൂപീകരിക്കപ്പെട്ടിരുന്നു. പൊതുതെളിവെടുപ്പുകളിലെല്ലാം വലിയ ജനാവലി സന്നിഹിതരാകുകയും അവരുടെ പ്രതിഷേധം തെളിവെടുപ്പ് നടത്താൻ കഴിയാത്ത സാഹചര്യം പലപ്പോഴും സംജാതമാക്കുകയും ചെയ്തു. പാരീസിൽ കാലാവസ്ഥാ ഉച്ചകോടി നടക്കവേ, ഇക്കഴിഞ്ഞ 2016 നവംബർ 29-ന്, ആഗോളതാപനമടക്കമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളിൽ ഇടപെടുക എന്ന ലക്ഷ്യവുമായി ലോകമെമ്പാടും നടന്ന പീപ്പിൾസ് ക്ലൈമറ്റ് മാർച്ച് കേരളത്തിൽ സംഘടിപ്പിക്കപ്പെട്ടത് ഈ സമരങ്ങളോടുള്ള ഐക്യദാർഢ്യമെന്ന നിലയിൽ വാഴച്ചാൽ മുതൽ അതിരപ്പിള്ളി വരെ പ്രകടനം നടത്തിക്കൊണ്ടായിരുന്നു. വിവിധ പരിസ്ഥിതി സംഘടനകളിൽ ഉൾപ്പെട്ടവരും വിദ്യാർത്ഥികളും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും തദ്ദേശവാസികളും അതിൽ പങ്കെടുത്തു.
പദ്ധതിക്കെതിരായി ഒട്ടേറെ സംഘടനകളും വ്യക്തികളും കോടതികളിൽ റിട്ട് ഹർജികൾ സമർപ്പിച്ച് അനുകൂലവിധികൾ സമ്പാദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച രണ്ട് കേസുകൾ ഹൈക്കോടതിയിൽ ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് പുതിയ അനുമതി നൽകിയിട്ടില്ല. എന്നാണ് അറിയുന്നത്. എന്നിരുന്നാലും അനുമതിക്കായി ഇടയ്ക്കിടെ കത്തയയ്ക്കുക എന്നത് കെ.എസ്.ഇ.ബി യുടെ ഒരു ശീലമായി മാറിയിരിക്കുന്നു. സമരങ്ങളും നിവേദനങ്ങളും കോടതി വിധികളും ശക്തമാകുമ്പോൾ കെ.എസ്.ഇ. ബി പുറകോട്ടുപോകുകയും അന്തരീക്ഷം ശാന്തമാകുമ്പോൾ പദ്ധതി നിർദ്ദേശവുമായി തിരികെ വരുകയും ചെയ്യും. രാഷ്ട്രീയ പാർട്ടികളെ തെറ്റിദ്ധരിപ്പിക്കാനും അവർ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അതത് സമയത്തെ കെ.എസ്.ഇ.ബി നിലപാടുകളെ കണ്ണിലെണ്ണയൊഴിച്ച് നിരീക്ഷിക്കാനും പരിശോധിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെ വിദഗ്ദ്ധർക്ക് കഴിയുന്നുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപം നൽകിയ ഒരു വിദഗ്ദ്ധസംഘം പദ്ധതിയുടെ ഡി.പി.ആർ പരിശോധിച്ചും പദ്ധതി പ്രദേശം സന്ദർശിച്ചും വിശദമായ പഠനം നടത്തുകയും നിലവിലുള്ള പരിസരാഘാത പത്രിക തള്ളിക്കളയുക, ബദൽ മാർഗ്ഗങ്ങൾക്ക് പ്രാഥമിക പരിഗണന നൽകുക തുടങ്ങിയ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയുമുണ്ടായി. പദ്ധതി പ്രദേശത്തെയും പുഴ കടന്നുപോകുന്ന ഇടങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രമേയം പാസാക്കിയും സമരങ്ങളിൽ പങ്കെടുത്തും പദ്ധതിയെ എതിർക്കുന്നു. പക്ഷേ ഇതൊക്കെ കണ്ടെന്ന് നടിക്കാനുള്ള വിവേകം കെ.എസ്.ഇ.ബി യും കൂട്ടരും കാണിക്കുന്നില്ല എന്നതാണ് കഷ്ടം.
പിടിവാശി വിട്ട് യാഥാർത്ഥ്യത്തിലേക്ക് പോകണം
ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതിത്തകർച്ച, വിഭവശോഷണം, വനശോഷണം എന്നീ പ്രശ്‌നങ്ങൾ കേരളത്തിന്റേത് മാത്രമല്ലെന്നും ലോകത്തിന് മുഴുവൻ ബാധകമായ വിഷയങ്ങളാണ് അവയെല്ലാമെന്നും നമുക്കറിയാം. ഖനിജങ്ങളെയും അണുശക്തിയേയും ജലവൈദ്യുതി പദ്ധതികളെയും അടിസ്ഥാനപ്പെടുത്തിയുള്ള ഊർജോൽപാദനത്തിൽ നിന്ന് ലോകം പതിയെ പതിയെ പിന്മാറിക്കൊണ്ടിരിക്കുകയാണ്. ചെലവുകുറഞ്ഞ ബദൽ ഉൽപാദനരീതികൾക്ക് വേണ്ടിയുള്ള അന്വേഷണങ്ങൾ വളരെ ശക്തവുമാണ്. 51,000 മെഗാവാട്ട് വൈദ്യുതി സൗര താപത്തിൽ നിന്ന് ഉൽപാദിക്കാൻ തക്ക ശേഷി ജർമനി ഇതിനകം തന്നെ കൈവരിച്ചുകഴിഞ്ഞു. ഇന്ത്യയും ഒരു ലക്ഷം മെഗാവാട്ട് സൗര വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് അതോറിറ്റി ലിമിറ്റഡ്, ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് 50,000 യൂണിറ്റ് വൈദ്യുതി നിർമിക്കാനുള്ള പദ്ധതിയുടെ അവസാന ഘട്ടത്തിലാണ്. പൂനൈ ആസ്ഥാനമായ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റയ്‌നബിൾ എനർജി എന്ന സ്ഥാപനം കേരളത്തിൽ നടത്തിയ പഠനപ്രകാരം വീടുകളിലെ മേൽക്കൂര ഉപയോഗിച്ച് മാത്രം ഉൽപ്പാദിപ്പിച്ചാൽ 13,079 മെഗാവാട്ട് സൗരവൈദ്യുതിയും, മറ്റ് കെട്ടിടങ്ങൾ കൂടി ഉപയോഗിച്ചാൽ 31,145 മെഗാവാട്ട് വൈദ്യുതിയും സാധ്യമാണെന്ന് കണ്ടെത്തിയിരിക്കുന്നു. അണക്കെട്ടുകളുടെ റിസർവോയറുകൾക്ക് മുകളിലും പുഴകൾക്കും മറ്റ് ജലാശയങ്ങൾക്കും മുകളിലും ഫ്‌ളോട്ടിംഗ് സൗരപാനലുകൾ ഉപയോഗിച്ചും വൈദ്യുതി ഉത്പാദിപ്പിക്കാവുന്നതാണ്. ഇപ്പോൾ നമ്മുടെ വൈദ്യുതി ഉപഭോഗം ഏകദേശം 3000 മെഗാവാട്ട് മാത്രമാണെന്നും അടുത്ത 20 വർഷത്തെ ആവ ശ്യം കണക്കിലെടുക്കുമ്പോൾ 4500- 5000 മെഗാവാട്ട് മതിയാകുമെന്നും മനസ്സിലാക്കുമ്പോൾ സൗരോർജത്തിലേക്കാണ് നമ്മൾ കൂടുതൽ തിരിയേണ്ടത് എന്ന് ബോധ്യപ്പെടും. പീക്ക്‌ലോഡ് ആവശ്യത്തിനായി ചെറുകിട വൈദ്യുതി നിലയങ്ങൾ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാതെ നിർമിക്കാൻ കഴിയും. മീൻവല്ലം പോലുള്ള ചെറുകിട പദ്ധതികൾ ഒരു ജില്ലാ പഞ്ചായത്തിന് ചെയ്യാൻ കഴിയുമെന്ന് തെളിഞ്ഞുകഴിഞ്ഞതാണല്ലോ. മാത്രവുമല്ല വൈകുന്നേരത്തെ വർധിത ആവശ്യം നിറവേറ്റാൻ പകൽ സമയത്ത് ഉൽപ്പാദിപ്പിക്കുന്ന അധികവൈദ്യുതി ശേഖരിച്ചുവെക്കാൻ ഇലക്‌ട്രോളിസിസ് പ്രക്രിയ പോലുള്ള മാർഗങ്ങളും പ്രയോഗിക്കാവുന്നതാണ്.
എന്നാൽ ഇത്തരത്തിൽ ആലോചിക്കണമെങ്കിൽ കെ.എസ്.ഇ.ബി ആയാലും വേണ്ടില്ല, സർക്കാരുകളായാലും വേണ്ടില്ല, അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളായാലും വേണ്ടില്ല, പരിസ്ഥിതിയേയും വികസനത്തേയും അതിന്റെ സമഗ്രതയിൽ കാണാൻ ശ്രമിക്കണം. കേരളത്തിന്റെ ശോഷിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക ഭൂമികയെ സംരക്ഷിക്കുന്നതിനാണോ മുൻശീലങ്ങളുടെ ഭാണ്ഡം ഇറക്കി വയ്ക്കാതെ വൻ ജലവൈദ്യുത പദ്ധതികൾ വീണ്ടും നിർമിക്കുന്നതിനാണോ നമ്മൾ മുൻഗണന നൽകേണ്ടത് എന്ന് ചിന്തിക്കണം.
(20016 ഏപ്രിലില്‍ ശാസ്ത്രഗതിയില്‍ പ്രസിദ്ധീകരിച്ച ലേഖനം)
അവലംബം:
- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനം
- WAPCOS Study: ഡോ.വിദ്യാസാഗർ
- ചാലക്കുടി പുഴ സംരക്ഷണ സമിതി പഠനം
- വികസന രേഖ ഊർജ്ജ നയം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
- കേരളം 2050-ൽ 100% ഹരിത ഊർജ്ജം: ജി.എം.പിള്ള(WISE)
- പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധസമിതി റിപ്പോർട്ട്
- The Proposed Project in Athirappilly and the Kadar Tribe: ഡോ.സിനിത സേവ്യർ, ഡോ.സി.സി.ബാബു
അതിരപ്പിള്ളിക്ക് ബദലുണ്ട് – ഡോ. ആര്‍.വി.ജി മേനോന്‍ ലേഖനം വായിക്കാം