[dropcap]ന[/dropcap]മ്മുടെ ആകാശം ഇരുപത്തിനാലു മണിക്കൂറും ജ്യോതിശ്ശാസ്ത്രജ്ഞരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്. ഹവായിയിലെ ഒരു പർവ്വതമുകളിൽ ഇതിനായി സജ്ജമാക്കി സ്ഥാപിച്ചിട്ടുള്ള ഒരു ടെലിസ്കോപ്പ് ക്യാമറ കഴിഞ്ഞയാഴ്ച ജൂൺ 16-നു പകർത്തിയ ചിത്രം വാനംനോക്കികൾക്ക് വലിയ അത്ഭുതമായിരിക്കുകയാണ്. അന്നു രാത്രിയിൽ അതിനു നല്ല തിളക്കമുണ്ടായിരുന്നു. പക്ഷേ പഴയ രേഖകൾ പരിശോധിച്ചപ്പോൾ വെറും 4 ദിവസം മുമ്പുവരെ ആ സ്ഥാനത്തു് യാതൊന്നും കാണുന്നുണ്ടായിരുന്നില്ല. അതാണ് അത്ഭുതത്തിനു കാരണമായത്.ഇപ്പോൾ ആകാശത്ത്, ഹെർക്കുലിസ് രാശിയിൽ, എന്തോ മഹാസംഭവം നടന്നു കൊണ്ടിരിക്കുന്നു. എന്താകാമത്
![By Sloan Digital Sky Survey [CC BY 4.0 (https://creativecommons.org/licenses/by/4.0)], via Wikimedia Commons Possible AT2018cow 244.000927647 +22.2680094118 20180624](https://upload.wikimedia.org/wikipedia/commons/2/28/Possible_AT2018cow_244.000927647_%2B22.2680094118_20180624.png)
![NASA/ESA [CC BY 3.0 (https://creativecommons.org/licenses/by/3.0)], via Wikimedia Commons SN1994D](https://upload.wikimedia.org/wikipedia/commons/thumb/a/a2/SN1994D.jpg/1024px-SN1994D.jpg)
ഇതിനെ ഇപ്പോഴാണ് നമ്മൾ ലൈവായി കാണുന്നതെങ്കിലും സംഭവം നടന്നത് കുറച്ചു മുമ്പാണ്. കുറച്ച് എന്നു വെച്ചാൽ ഒരു 20 കോടി വർഷം. സംഭവം നടന്നത് 20 കോടി പ്രകാശവർഷം അകലെയായിരുന്നു എന്നതു തന്നെ ഇതിനു കാരണം. ആ വെളിച്ചം ഇവിടം വരെ എത്തണ്ടേ? പ്രകാശത്തിന്റെ വേഗത സെക്കൻഡിൽ 3 ലക്ഷം കിലോമീറ്ററേ വരൂ!
ഇതിനെ കണ്ടെത്തിയത് 50 സെ.മീ. ടെലിസ്കോപ്പ് ഉപയോഗിച്ചാണെങ്കിൽ തുടർ നിരീക്ഷണങ്ങൾക്ക് വമ്പൻ ടെലിസ്കോപ്പുകൾ അണിനിരന്നിട്ടുണ്ട്. അതിലൊന്ന് ഇന്ത്യയിലെ ലഡാക്ക് പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ഹിമാലയൻ ചന്ദ്ര ടെലിസ്കോപ്പാണ്. സമുദ്രനിരപ്പിൽ നിന്ന് 4500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ടെലിസ്കോപ്പിലെ ഒബ്ജക്റ്റീവ് 2 മീറ്റർ വ്യാസമുള്ള ദർപ്പണമാണ്. ദൃശ്യപ്രകാശത്തിനു പുറമേ ഇൻഫ്രാറെഡ് പ്രകാശത്തിലും ഇതിലൂടെ പഠനങ്ങൾ നടത്താം. സ്ഥാപിച്ചിരിക്കുന്നത് ഹിമാലയത്തിലെ ഒരു ഓണംകേറാമലയിലാണെങ്കിലും അതിന്റെ നിയന്ത്രണം ബാംഗ്ലൂരിനടുത്ത് ഒരിടത്തു നിന്നാണ്. പ്രശസ്ത ശാസ്ത്രജ്ഞ അനുപമയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ നിരീക്ഷണങ്ങളിലൂടെ പുറത്തു വന്നിരിക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണ്.
ജൂൺ 20-നു രാത്രിയിൽ എടുത്ത അതിന്റെ സ്പെക്ട്രത്തിൽ നിന്നു മനസ്സിലായത് ആ സ്രോതസ്സിന്റെ താപനില 11,200 കെൽവിനാണ് എന്നാണ്. പിറ്റേ രാത്രിയിൽ അതിന്റെ താപനില 10,500 ആയി കുറഞ്ഞു. പിറ്റേ രാത്രിയിലും (ജൂൺ 22) അതേ താപനില തുടർന്നു. ഈ വൻ സ്ഫോടനത്തിലൂടെ ദ്രവ്യം പുറത്തേക്കു തെറിക്കുന്നതിന്റെ വേഗതയും അവർ കണക്കാക്കി. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സിലെ ജി.സി. അനുപമ, അവിനാഷ് സിംഗ്, ബ്രജേഷ് കുമാർ, ഡി.കെ. സാഹു, അവ്രജിത് ബന്ദോപാദ്ധ്യായ എന്നിവരെ കൂടാതെ മുംബൈ ഐ.ഐ.ടി. ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ ശുഭം ശ്രീവാസ്തവ്, ഹർഷ് കുമാർ, വരുൺ ഭലേറാവു എന്നിവർ അടങ്ങിയ എട്ടംഗ ഇന്ത്യൻ സംഘമാണ് ഹിമാലയൻ ചന്ദ്ര ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള പഠനങ്ങൾ അസ്ടോണമിക്കൽ ടെലിഗ്രാമുകളിലുടെ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതു്.
ഇവർക്കു പുറമേ നിരവധി ഗവേഷകർ ഭൂമിയിലും ബഹിരാകാശത്തുമായി വിന്യസിക്കപ്പെട്ടിട്ടുള്ള വിവിധയിനം ദൂരദർശിനി കൾ ഉപയോഗിച്ച് ഈ ‘സംഭവ’ത്തെ നിരീക്ഷിച്ചു വരികയാണ്. ബഹിരാകാശത്തെ ചന്ദ്ര എക്സ് റേ ഒബ്സർവേറ്ററി, ഇന്റർ നാഷണൽ സ്പേസ് സ്റ്റേഷനിലെ നസ്റ്റർ ടെലിസ്കോപ്പ് എന്നിവയടക്കം വിവിധ തരംഗദൈർഘ്യ പരിധികളിൽ പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കുന്നു.
അധികം താമസിയാതെ ഈ വെടിക്കെട്ടിനു പിന്നിലെ രഹസ്യം ചുരുളഴിയുമെന്ന് പ്രതീക്ഷിക്കാം.
ആകാശത്തുനിന്നുള്ള ചൂടന്‍ വാര്‍ത്ത
അവലംബം
- (17 June 2018). “ATLAS18qqn (AT2018cow) – a bright transient spatially coincident with CGCG 137-068 (60 Mpc)“. The Astronomer’s Telegram| (11727). Retrieved on 25 June 2018.
- SN 2018cow. Transient Name Server. International Astronomical Union (22 June 2018). Retrieved on 25 June 2018.