കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ അസ്ട്രോ ഫോട്ടോഗ്രാഫി ശിൽപശാല കൊല്ലങ്കോട് കുടിലിടത്തിൽ ഡിസംബർ 16, 17 തിയ്യതികളിൽ സംഘടിപ്പിച്ചു. ക്യാമറ/മൊബൈൽ ക്യാമറ ഉപയോഗിച്ചുകൊണ്ട് സൂര്യൻ , ചന്ദ്രൻ, ഗ്രഹങ്ങൾ താരാപഥങ്ങൾ, ധൂമകേതുക്കൾ, ഉൽക്കാവർഷങ്ങൾ, അതി വിദൂര ആകാശവസ്തുക്കൾ തുടങ്ങി ആകാശ വിസ്മയങ്ങളുടെ ഫോട്ടോകൾ എടുക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനുമുള്ള പരിശീലനമാണ് ശിൽപശാലയിൽ നൽകിയത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 പേർ പങ്കെടുത്തു. ഡോ.സുരേഷ്കുട്ടി അധ്യക്ഷ വഹിച്ചു. ലൂക്ക എഡിറ്റർ റിസ്വാൻ, ഡോ.എൻ.ഷാജി, ഡോ.നിജോ വർഗ്ഗീസ്, ഡോ, മാത്യു ജോർജ്ജ്, രോഹിത്.കെ.എ, അരുൺ മോഹൻ , എൻ സാനു , വിജയകുമാർ ബ്ലാത്തൂർ വിവിധ സെഷനുകളിൽ പരിശീലനം നൽകി.
കെ.വി എസ് കർത്ത , ലില്ലി സി ,പരിഷത്ത് ജില്ലാ സെക്രട്ടറി മനോജ് , സക്കീർ ഹുസൈൻ, സുനിൽ, പ്രതീഷ്, വിപിൻദാസ് , ഷാബു , നികിത എന്നിവർ നേതൃത്വം നൽകി. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് സത്യപാൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ഡിസംബർ 16, 17 തിയ്യതികളിലായി സംഘടിപ്പിച്ച അമച്വർ അസ്ട്രോ ഫോട്ടോഗ്രഫി ശില്പശാല ഇന്ത്യയുടെ സുന്ദരമായ ഗ്രാമങ്ങളിൽ മൂന്നാംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട കൊല്ലങ്കോട് കുടിലിടത്തുവെച്ചാണ് നടന്നത്. സംസ്ഥാനത്തുടനീളമുള്ള 20 അസ്ട്രോ ഫോട്ടോഗ്രഫി തത്പരരാണ് ശില്പശാലയിൽ പങ്കെടുത്തത്.
സൂര്യനിരീക്ഷണവും , രാത്രി ആകാശ നിരീക്ഷണവും എങ്ങനെയാണ് ചെയ്യേണ്ടതു് എന്നും അസ്ട്രോ ഫോട്ടോഗ്രഫിയിലൂടെ ആകാശക്കാഴ്ച്ചകഞ എങ്ങനെ പകർത്താം എന്നും വിവിധ സെഷനുകളിലെ പ്രായോഗികപരിശീലനത്തിലൂടെ ശില്പശാലയിലൂടെ നൽകി.
പകൽ സമയ അസ്ട്രോണമി
ഡിസംബർ 16ാം തിയ്യതി രാവിലെ 10 മണിയ്ക്ക് ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം എൻ. സാനുമാഷിന്റെ നേതൃത്വത്തിൽ “നക്ഷത്രമെണ്ണൽ” പരിപാടിയിലൂടെയാണ് ശില്പശാല ആരംഭിച്ചത്. മാഷിന്റെ 8 സ്റ്റെപ്പ് ഡാൻസ് വളരെ ഉത്സാഹത്തോടെയാണ് എല്ലാവരും ഏറ്റെടുത്തത്. ആദ്യത്തെ സെഷൻ മൂന്നുഗ്രൂപ്പുകളായി തിരിഞ്ഞുള്ള പകൽസമയ അസ്ടോണമി നിരീക്ഷണങ്ങൾ ആയിരുന്നു. തേവര എസ്.എച്ച് കോളേജിലെ മാത്യൂ ജോർജ്ജ് സാർ നയിച്ച റേഡിയോ അസ്ട്രോണമി ക്ലാസ് ക്യാമ്പ് അംഗങ്ങളിൽ എല്ലാവരിലും കൌതുകമുണർത്തി. വെറുമൊരു തടിക്കഷ്ണവും ഫാനിലുള്ള കോപ്പർ വയറും കൊണ്ട് നിർമ്മിച്ച ആന്റിന ഉപയോഗിച്ചാണ് അയണോസ്ഫിയറിലെ സിഗ്നലുകൾ ഡിറ്റക്റ്റ് ചെയ്തത്. എസ്.എച്ച് ചാലക്കുടി കോളേജിലെ ഫിസിക്സ് അധ്യാപകനായ നിജോ വർഗ്ഗീസ് സാറിന്റെയും ഡോ.എൻ ഷാജി സാറിന്റെയും നേതൃത്വത്തിൽ ടെലസ്കോപ്പിലൂടെ സൂര്യനെ നിരീക്ഷിക്കുകയും എങ്ങനെ ക്യാമറ ടെലസ്കോപ്പിൽ കണ്ക്റ്റ് ചെയ്ത് സൂര്യന്റെ ഫോട്ടോ എടുക്കാമെന്നും പഠിച്ചു. സൂര്യകളങ്കങ്ങൾ (Sun spot) കാണാൻ സാധിച്ചത് ക്യാമ്പംഗങ്ങളിൽ ഏറെ ആവേശം ഉണ്ടാക്കി. ഡോ. മാത്യൂ ജോർജ്ജ് സാർ ഡിസൈൻ ചെയ്ത് ഉണ്ടാക്കിയ ഡോബ്സോണിയൻ ടെലസ്കോപ്പ് പരിചയപ്പെടുത്തി.
അസ്ട്രോ ഫോട്ടോഗ്രഫി ചരിത്രവും വർത്തമാനവും
ഹൃദയം സിനിമയിലൂടെ പ്രസിദ്ധമായ കൊല്ലങ്കോടിലെ അയ്യപ്പേട്ടന്റെ ചായക്കടയിൽ നിന്നുള്ള അടിപൊളി സദ്യ കഴിച്ചതിന് ശേഷം ഡോ.എൻ. ഷാജിസാറിന്റെ അസ്ട്രോഫോട്ടോഗ്രഫിയുടെ ചരിത്രം എന്ന വിഷയത്തിലേക്ക് കടന്നു. ടെലിസ്കോപ്പിന്റെ ചരിത്രത്തോടൊപ്പം നക്ഷത്രങ്ങളും ഗ്രഹങ്ങളുമൊക്കെ പകർത്തിയതിന്റെ ചരിത്രം സാങ്കേതിക വിദ്യകളുടെ വികാസവും ഷാജി സാർ വിശദീകരിച്ചു. തുർന്ന് അസ്ട്രോ ഫോട്ടോഗ്രഫി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ച് വിശദമായ അവതരണം ഡോ. നിജോ വർഗ്ഗീസ് സാർ നടത്തി.
ഏറെ കാത്തിരിപ്പിന് ശേഷം മാനം തെളിഞ്ഞു
രാവിലെ തൊട്ട് മേഘാവൃതമായ ആകാശം വൈകീട്ടും തുടരുന്നത് ഇത്തിരി നിരാശയുണ്ടാക്കി. വാന നിരീക്ഷകർ എന്ന നിലയിൽ നമുക്ക് വേണ്ടത് കാത്തിരിക്കാൻ ഉള്ള ക്ഷമ ആണല്ലോ. എല്ലാവരും മാനം തെളിയാൻ കാത്തിരുന്നു. ഫോട്ടോഗ്രഫി എങ്ങനെ ചെയ്യാം എന്ന പകൽ സമയത്തെ ക്ലാസിൽ നിന്നും പറഞ്ഞു തന്ന കാര്യങ്ങൾ ക്യാമറ ഉപയോഗിച്ച് ചെയ്തുനോക്കി. നക്ഷത്രങ്ങൾ കണ്ടില്ലെങ്കിലും കൊല്ലങ്കോടിൽ നിന്നും കാണാവുന്ന മനോഹരമായ മനോഹരമായ നെല്ലിയാമ്പതി മലനിരകളെ പഠിച്ച പാഠങ്ങൾ വെച്ച് പകർത്തി. രാത്രി കൊല്ലങ്കോട്ടെ കപൊതുജനങ്ങൾക്കും കുട്ടികൾക്കും ആയി നക്ഷത്രക്കാസ് ഉണ്ടായിരുന്നു.
രാത്രിയിലെ ക്യാമ്പ് ഫയറും കളികളും ഡാൻസും പാട്ടും എല്ലാം ഗംഭീരമായി. 12.30 തോടെ മാനം തെളിഞ്ഞു. എല്ലാവരും ആവേശത്തോടെ പാടി എഴുന്നേറ്റ് ആയുധങ്ങൾ തയ്യാറാക്കി. ടെലിസ്കോപ്പ് ഉപയോഗിച്ച് വ്യാഴത്തിന്റെ 4 ഉപഗ്രഹങ്ങളെ (Io, Europa, Ganymede, Callisto) നിരീക്ഷിച്ചു. അൽപ്പസമയത്തിനകം വീണ്ടും മേഘാവൃതമായി. വാന നിരീക്ഷ ഇത്തരം പ്രതിബന്ധങ്ങൾ എപ്പോഴും അഭിമുഖീകരിക്കണമല്ലോ. ഇതിനിടയിൽ കാർത്തികക്കൂട്ടത്തെ കാണാനായി. വളരെ കുറഞ്ഞസമയം ഒറിയോൺ നക്ഷത്രക്കൂട്ടവും തെളിഞ്ഞു. മൊബൈലിലും ക്യാമറിയിലുമായി പകർത്താനായി. മേഘങ്ങളെ പഴിച്ചുകൊണ്ട് ആ രാത്രിയോട് വിടപറഞ്ഞു.
പ്രാണികളെയും സസ്യങ്ങളെയും അറിഞ്ഞ് നേച്ചർ വാക്ക്
അടുത്ത ദിവസം തുടങ്ങിയത് വിജയകുമാർ ബ്ലാത്തൂരിന്റെയും ഡോ. സുരേഷ് കുട്ടി സാറിന്റെയും നേതൃത്വത്തിലൂള്ള നേച്ചർ വാക്കിലൂടെയാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമായിരുന്നു പാടവരമ്പിലൂടെയുള്ള നടത്തം. കാണുന്ന ഓരോ സസ്യത്തെയും പ്രാണികളെയും നിരീക്ഷിച്ചും അവയുടെ ഉപയോഗങ്ങളും പ്രത്യേകതകളും വിശദമാക്കിയും തവളക്കുളം മുതൽ താമരക്കുളം വരെ 2 കിലോമീറ്ററായിരുന്ന നടത്തം. ലോകത്തിലെ ഏറ്റവും ചെറിയ പൂവ് വുൾഫിയയെ കാണാനുള്ള ഭാഗ്യം ലഭിച്ചു.
ചിത്രങ്ങളുടെ പ്രോസസിംഗ്
നേച്ചർ വാക്കിന് ശേഷം ഡോ. നിജോ വർഗ്ഗീസ് സാർ ഇമേജ് പ്രോസസിംഗ് ആപ്പുകളെ പരിചയപ്പെടുത്തുകയും മുമ്പ് എടുത്ത അസ്ട്രോ ഫോട്ടോകൾ ഉപയോഗിച്ച് അവ എങ്ങനെ പ്രോസ്സസ് ചെയ്യാമെന്ന് പരിശീലനം നൽകുകകയും ചെയ്തു. രോഹിത് കെ.എ. , അരുൺ മോഹൻ എന്നിവർ കൂട്ടിച്ചേർത്തു. ക്യാമ്പ് അംഗങ്ങൾ ഫീഡ്ബാക്ക് പങ്കിട്ടു. രണ്ടാം ദിവസം പാലക്കാടൻ റാവുത്തർ ബിരിയാണിയായിരുന്നു ഉച്ചഭക്ഷണം.
വ്യക്തിപരമായി മനസ്സ് നിറഞ്ഞാണ് ഈ ക്യാമ്പിനകത്ത് നിന്ന് വിട പറയുന്നത്. മറക്കാനാകാത്ത ഒരു പിടി നല്ല ഓർമ്മകൾ ക്യാമ്പ് സമ്മാനിച്ചു. ഫോട്ടോഗ്രഫിയെക്കുറിച്ചോ അസ്ട്രോ ഫോട്ടോഗ്രഫിയെക്കുറിച്ചോ അടിസ്ഥാന അറിവ് പോലുമില്ലാത്ത ഞാൻ ഒരു അസ്ട്രോ ഫോട്ടോഗ്രാഫർ ആയാണ് തിരിച്ചുപോകുന്നത്. ഒരുപാട് പേരെ പരിചയപ്പെടാൻ സാധിച്ചു. സാനുമാഷിന്റെയും ബ്ലാത്തൂർ മാഷിന്റെയും ഷാജിമാഷിന്റെയും തമാശകൾ ക്യാമ്പിനെ കൂടുതൽ രസകരമാക്കി. ബ്ലാത്തൂർ മാഷേ, സുരേഷ് കുട്ടി മാഷെ നിങ്ങളുടെ നേതൃത്വത്തിൽ നടന്ന നേച്ചർ വാക്ക് ഒരു ഒന്നൊന്നര അനുഭവം ആയിരുന്നു. ശില്പശാലയ്ക്ക ആതിഥ്യം നൽകിയ കുടിലിടം ടീം, സക്കീർ ഭായും സംഘവും, പ്രത്യേകിച്ച് ഷെറിനിത്തയുടെ ഭക്ഷണം. എല്ലാം ഒരു കുറവുമില്ലാതെ ക്യാമ്പിനെ വിജയിപ്പിച്ചു.