നവനീത് കൃഷ്ണന്‍ എസ്
ഏപ്രിൽ 29ന് ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുടെ അടുത്തുകൂടി കടന്നുപോവുകയാണ്. പല മാധ്യമങ്ങളും അത് ഭൂമിയെ തകര്‍ക്കാന്‍ വരുന്ന കല്ലായിട്ടാണ് ചിത്രീകരിക്കുന്നത്. പക്ഷേ ശരിക്കും അങ്ങനെയൊന്നും അല്ലാട്ടോ.

1998 OR2. അതാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. സെക്കന്ഡില് എട്ടര കിലോമീറ്റര് എന്ന അതിവേഗതയില് ആണ് കക്ഷിയുടെ പോക്ക്. വലിപ്പം നോക്കിയാലും ആളത്ര നിസ്സാരയല്ല. രണ്ടു കിലോമീറ്റര് മുതല് നാലു കിലോമീറ്റര്വരെ വലിപ്പമുണ്ടാവാം എന്നാണ് കരുതുന്നത്. അത്രയും വലിപ്പമുള്ള ഈ കല്ല് ഭൂമിയില് ഇടിച്ചാല്പ്പിന്നെ മനുഷ്യരുടെയും ഇപ്പോഴുള്ള മറ്റു ജീവജാലങ്ങളുടെയും കാര്യം കട്ടപ്പൊകയാണ്. പക്ഷേ പേടിക്കേണ്ട. ഈ പെരുംപാറ ചന്ദ്രനെക്കാള് 16 ഇരട്ടി അകലത്തിലൂടെയാവും കടന്നുപോവുക. ആ അകലമാണ് നമുക്ക് ആശ്വാസം നല്കുന്ന കാര്യം. അത്രയും അകലത്തിലൂടെ പോകുന്ന ഛിന്നഗ്രഹത്തെ നോക്കി ഒരു ഹായ് പറയുകയാണ് നമുക്കു ചെയ്യാവുന്ന കാര്യം.


20വര്ഷമായി നമ്മള് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുവരുന്നു. കണ്ടെത്തിലിനുശേഷം ഭൂമിയുടെ ഇത്രയും അടുത്തുകൂടി കടന്നുപോവുന്നത് ഇത് ആദ്യമാണ്. 2031ലും 2042ലും ഒക്കെ ഈ പെരുംപാറ ഭൂമിയുടെ അടുത്തുകൂടി കടന്നുപോകും. പക്ഷേ ഇപ്പോള് പോകുന്നതിനെക്കാള് ഏറെയേറെ അകലെയാവും എന്നു മാത്രം. ഇപ്പോഴത്തെക്കാളും അടുത്തുകൂടി ഇനി കടന്നുപോവുന്നത് 2079 ഏപ്രിലില് ആണ്. ചന്ദ്രനെക്കാള് നാലര ഇരട്ടി അകലത്തിലൂടെയാവും അന്ന് ഈ ചങ്ങാതി ഫ്ലൈബൈ നടത്തുക! എന്തായാലും അതിന് ഏറെയേറെ സമയം നമുക്കു മുന്നിലുണ്ട്!