നമ്മൾ പോവുകയാണ്! നാം ചരിത്രത്തിലേക്കു വീണ്ടും നടന്നടുക്കുകയാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും ആവേശകരമായ ദൗത്യങ്ങളായിരുന്നു അപ്പോളോ ദൗത്യങ്ങൾ. അതിനുശേഷം ഒരു മനുഷ്യനും ഭൂമിയുടെ പരിക്രമണപഥം വിട്ടു പുറത്തുപോയിട്ടില്ല. ആർട്ടെമിസ് ദൗത്യത്തിലൂടെ നാം വീണ്ടും ചന്ദ്രനെ കീഴടക്കാൻ പോവുകയാണ്. അഞ്ചു പതിറ്റാണ്ടിനുശേഷം നാം വീണ്ടും ചന്ദ്രനിലിറങ്ങുന്നു. അതിനു മുന്നോടിയായി ചന്ദ്രനെ ചുറ്റിവരാൻ മനുഷ്യകുലത്തെ പ്രതിനിധീകരിച്ച് നാലു പേർ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
- 1. ക്രിസ്റ്റീന കോക് (Christina Hammock Koch)
- 2. കനേഡിയൻ ആസ്ട്രനോട്ട് ജെർമി ഹാൻസൻ (Jeremy Hansen)
- 3. വിക്ടർ ഗ്ലോവർ (Victor Glover) പൈലറ്റ്
- 4. റീഡ് വൈസ്മെൻ (Reid Wiseman) കമാൻഡർ
ക്രിസ്റ്റീന കോക് എന്ന മിഷൻ സ്പെഷ്യലിസ്റ്റ്. 328 ദിവസം തുടർച്ചയായി ബഹിരാകാശത്തു കഴിഞ്ഞ് റെക്കോഡ് സൃഷ്ടിച്ച ആസ്ട്രനോട്ടാണ് ക്രിസ്റ്റീന. ചന്ദ്രനരികിലെത്തുന്ന ആദ്യ വനിത കൂടിയാകും ഇനി ക്രിസ്റ്റീന. ക്രിസ്റ്റീനയ്ക്കൊപ്പം മിഷൻ സ്പെഷ്യലിസ്റ്റ് ആയിട്ടുതന്നെ കനേഡിയൻ ആസ്ട്രനോട്ട് ജെർമി ഹാൻസനും കൂടെക്കൂടുന്നു. ഭൂമിയുടെ പരിക്രമണപഥം വിട്ടുപോകുന്ന ആദ്യ കനേഡിയൻ പൗരനാവും ഹാൻസൻ. പൈലറ്റായി വിക്ടർ ഗ്ലോവറും കമാൻഡറായി റീഡ് വൈസ്മെനുംകൂടി ചേരുമ്പോൾ ചരിത്രമെഴുതുന്ന ടീം റെഡി. ഹ്യൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ നടന്ന ചടങ്ങിൽ നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസണാണ് ക്രൂവിനെ പ്രഖ്യാപിച്ചത്.
പത്തുദിവസമാണ് ആർട്ടെമിസ് 2 ദൗത്യം. നാസയുടെ ഏറ്റവും മികച്ചതും പുതിയതുമായ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റത്തിൽ ഘടിപ്പിച്ച ഒറയോൺ പേടകത്തിനുള്ളിലിരുന്നാവും നാലുപേരും ബഹിരാകാശത്തേക്കു കുതിക്കുക.