വി. എസ്. ശ്യാം
Astronomy Centre, School of Mathematical and Physical Sciences, University of Sussex, , UK
അൻപത്തിയേഴ് വർഷം പ്രപഞ്ചമർമരങ്ങൾക്കു ചെവികൊടുത്തശേഷം അരെസിബോ ഒബ്സർവേറ്ററി കാതടയ്ക്കുന്നു. യുഎസ് നാഷണൽ സയൻസ് ഫൌണ്ടേഷന്റെ പ്യോർട്ടോ റിക്കോയിലുള്ള അരെസിബോയിലെ റേഡിയോ ടെലിസ്കോപ്പ് ഡീക്കമ്മീഷൻ ചെയ്യപ്പെടുകയാണ്. ഭൂമികുലുക്കങ്ങളും മറീന കൊടുങ്കാറ്റും കാര്യമായ കേടുപാടുകൾ വരുത്തിയ ടെലിസ്കോപ്പിന്റെ രണ്ട് പ്രധാന കേബിളുകൾ ഓഗസ്റ്റിലും നവംബറിലുമായി തകരുക കൂടി ചെയ്തതോടെയാണ് ഡീക്കമ്മീഷൻ ചെയ്യാൻ തീരുമാനിച്ചത്.
ആയിരം അടി വിസ്തീർണമുള്ള ഡിഷ് ആന്റിനെയാണ് അരെസിബോ ടെലിസ്കോപ്പിന്റെ പ്രത്യേകത. അരെസിബോയിൽ ഉള്ള നൈസർഗ്ഗിക ചുഴിയിലേക്ക് ഇറക്കി വച്ച നിലയിലാണ് ഡിഷ് ആന്റിന. ഡിഷിന് 150 മീറ്റർ മുകളിലായി ആണ് റിസീവർ സ്ഥാപിച്ചിട്ടുള്ളത്. അലൂമിനിയം പാനലുകൾ ഉപയോഗിച്ചാണ് ഈ കൂറ്റൻ ഡിഷ് ഉണ്ടാക്കിയിരിക്കുന്നത്. ട്രാൻസ്മിറ്റ് ചെയ്യാനുള്ള കഴിവാണ് ആണ് അരെസിബോയുടെ മറ്റൊരു പ്രത്യേകത. ഡിഷ് സ്ഥിരമായി നിൽക്കുകയും ട്രാൻസ്മിറ്ററുകളും റിസീവറുകളും ഫോക്കൽ പോയിൻറ് അനുസരിച്ച് നീക്കുകയും ആണ് ചെയ്യുന്നത്.
ഡിഷ് ആന്റിനയ്ക്കു മുകളിലായി റിസീവർ പ്ലാറ്റ്ഫോം താങ്ങിനിർത്തിയിരുന്ന വലിയ കേബിളുകൾ പൊട്ടിയതിനെത്തുടർന്നാണ് ടെലിസ്കോപ്പിന് സാരമായ കേടുപാടുകൾ സംഭവിച്ചത്. ഒബ്സർവേറ്ററി പുറത്തുവിട്ട ചിത്രങ്ങളിൽ ഡിഷിൽ ഉണ്ടായ തകർച്ചയിൽകൂടി താഴെയുള്ള മരങ്ങൾ കാണാവുന്ന രീതിയിലായിരുന്നു. ഇതേത്തുടർന്ന് ഒബ്സർവേറ്ററിയിലെ ജീവനക്കാരുടേയും സന്ദർശകരുടേയും സുരക്ഷയെ മുൻനിർത്ത് അരെസിബോ ഒബ്സർവേറ്ററി ഡീക്കമ്മീഷൻ ചെയ്യാൻ നാഷണൽ സയൻസ് ഫൌണ്ടേഷൻ തീരുമാനിച്ചു.
അര നൂറ്റാണ്ട് കാലത്തോളം അരെസിബോ ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ്പ് ആയിരുന്നു. 2016ൽ ചൈനയിലെ 500 മീറ്റർ ടെലിസ്കോപ്പായ ഫാസ്റ്റ് അരെസിബോയെ മറികടന്നെങ്കിലും, അരെസിബോയുടെ നേട്ടങ്ങൾ ഇന്നും ഒരു ടെലിസ്കോപ്പിനും പിന്നിലല്ല. റേഡിയോ ആസ്ട്രോണമിക്കും പ്ലാനെറ്ററി-സോളാർ സിസ്റ്റം-ജിയോസ്പേസ് ഗവേഷണങ്ങൾക്കും സുപ്രധാനമായ റിസോഴ്സ് ആയിരുന്നു അരെസിബോ ടെലിസ്കോപ്പ്.
പോളിഷ് ജ്യോതിശാസ്ത്രജ്ഞനായ അലക്സ് വോൾസ്ക്സൻ 1992ൽ ആദ്യ എക്സോപ്ലാനറ്റ് (മറ്റൊരു നക്ഷത്രത്തെ വലംവയ്ക്കുന്ന ഗ്രഹം) കണ്ടെത്തിയത് അരെസിബോ ടെലിസ്കോപ്പ് ഉപയോഗിച്ചാണ്. 1974ൽ റസ്സൽ ഹൾസും ജോസഫ് ടെയ്ലറും അരെസിബോ ഉപയോഗിച്ച് ആദ്യത്തെ ബൈനറി പൾസാർ കണ്ടെത്തി. ഈ കണ്ടുപിടിത്തത്തിന് 1993ലെ നോബൽ സമ്മാനം ലഭിച്ചു. ബുധന്റെ ധ്രുവങ്ങളിൽ മഞ്ഞ് കണ്ടെത്തിയത് മറ്റൊരു നിർണായക നിമിഷമായിരുന്നു. ആദ്യത്തെ റിപ്പീറ്റിങ് ഫാസ്റ്റ് റേഡിയോ ബഴ്സ്റ്റും ആദ്യത്തെ മില്ലിസെക്കൻഡ് പൾസാറും ശുക്രന്റെ ഉപരിതലത്തിന്റെ റഡാർ മാപ്പും അരെസിബോ കണ്ടെത്തി. നാസയുടെ നിയർ-എർത്ത് ഒബ്ജക്റ്റ് ഒബ്സർവേഷൻ പ്രോഗ്രാമിന്റെ പ്രധാന റേഡിയോ ടെലിസ്കോപ്പായിരുന്നു അരെസിബോ. ഗ്രാവിറ്റേഷണൽ വേവ് ഗവേഷണത്തിലും എക്ട്രാടെറസ്ട്രിയൽ ലൈഫിനായുള്ള തിരച്ചിലിലും അരെസിബോ എന്നും ഓർമ്മിക്കപ്പെടും.
അരെസിബോയെ കുറിച്ചുള്ള ഓർമ്മകളിൽ അരെസിബോ സന്ദേശത്തെ പരാമർശിക്കാതെ പോവുക വയ്യ. 1974ൽ ഒബ്സർവേറ്ററിയുടെ പുനരൂപകൽപ്പനയോട് അനുബന്ധിച്ചുള്ള ചടങ്ങിലാണ് അരെസിബോ സന്ദേശം അയക്കുന്നത്. ഭൂമിയിൽ നിന്ന് 25,000 പ്രകാശവർഷം അകലെയുള്ള M13 എന്ന ഗ്ലോബുലാർ സ്റ്റാർ ക്ലസ്റ്ററിലേക്ക് റേഡിയോസന്ദേശം അയച്ചത്. എക്ട്രാടെറസ്ട്രിയൽ ഇൻ്റലിജൻസിനോടുള്ള സംവേദനം ആയിരുന്നില്ല സന്ദേശത്തിന്റെ ലക്ഷ്യം. മറിച്ച് മാനവരാശിക്ക് സാധ്യമായ സാങ്കേതികമികവിന്റെ അടയാളപ്പെടുത്തൽ ആയിരുന്നു. ഡ്രേക് ഇക്വേഷൻ കണ്ടുപിടിച്ച ഫ്രാങ്ക് ഡ്രേക്കും കാൾ സാഗനും ചേർന്നാണ് സന്ദേശം തയാറാക്കിയത്. സംഖ്യകൾ, ഡിഎൻഎ തന്മാത്രയിലെ മൂലകങ്ങൾ, മനുഷ്യരൂപം, സൌരയൂഥത്തിൽ ഭൂമിയുടെ സ്ഥാനം, സന്ദേശം അയക്കുന്ന അരെസിബോ ടെലിസ്കോപ്പിൻ്റെ രൂപം എന്നിവ ചേർന്നതാണ് അരെസിബോ സന്ദേശം. അരെസിബോ യുഗം അവസാനിക്കുമ്പോൾ അവശേഷിക്കുന്നത് ഈ സന്ദേശമാണ്. അനന്തപ്രപഞ്ചത്തിൽ എവിടെയുമുണ്ടായേക്കാവുന്ന സെറ്റി (സെർച്ച് ഫോർ എക്ട്രാടെറസ്ട്രിയൽ ഇൻ്റലിജൻസ്) പ്രോഗ്രാമുകൾക്ക് കേൾക്കാവുന്ന, ഈ കൊച്ചു ഭൂമിയിൽ നിന്ന് നാമയച്ച, മാനവരാശിയുടെ സന്ദേശം.
One thought on “അരെസിബോ, അകാലത്തിൽ അന്ത്യം -പകർന്ന അറിവുകൾക്ക് നന്ദി..!”