
ഡോ. രജത് ആർ
Assistant professor
Department of Anatomy Government Medical College, Kollam

കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ തലച്ചോറിന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് വിശകലനം ചെയ്യുന്നു. കുറ്റവാസനകളെ നിയന്ത്രിക്കുന്നതിൽ പ്രീ ഫ്രോണ്ടൽ കോർടെക്സിന്റെ പ്രവർത്തനം എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. 2025 ഏപ്രിൽ മാസത്തിലെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്.
സമൂഹത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യം ഏതാണ്? കൊലപാതകം എന്നു തന്നെയാവും മിക്കവരുടെയും ഉത്തരം. ഈ ചോദ്യം ഉൾപ്പെട്ട സർവെകളിലും അതേ പ്രതികരണമാണ് ഒന്നാമതെത്തിയത്. നമ്മെ അപായപ്പെടുത്താൻ വരുന്നവരിൽ നിന്ന് രക്ഷനേടാനായി ഭവനങ്ങളുടെ കെട്ടുറപ്പ് വരുത്താനുള്ള വ്യക്തിപരമായ ചെലവുകൾ മുതൽ കൊലപാതകങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവും മാനസികവുമായ ബാധ്യതകൾ കനത്തതാണ്. പരിണാമത്തിന്റെ വീക്ഷണ കോണിൽനിന്ന് നോക്കിയാൽ, ചിമ്പാൻസികളിൽപ്പോലും വിഭവങ്ങൾക്കും പദവിക്കും പ്രത്യുൽപാദന അവസരങ്ങൾക്കും വേണ്ടിയുള്ള മത്സരങ്ങൾ കൊലപാതകങ്ങളിൽ കലാശിച്ചിട്ടുണ്ടെന്നു കാണാം.

കൊലയാളിയാവാൻ സാധ്യതയുള്ളവരെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചാൽ സമൂഹത്തിന് നേട്ടമുണ്ട്. ചില നരവംശശാസ്ത്രജ്ഞർ അതിനുള്ള ശ്രമങ്ങളിൽ മുഴുകി. ആധുനിക ക്രിമിനൽ ആന്ത്രപ്പോളജിയുടെ സ്ഥാപകനായി അറിയപ്പെടുന്ന ഇറ്റാലിയൻ ഫൊറൻസിക് സർജൻ ലൊംബ്രോസോ 1876 ൽ ‘പ്രാകൃതനായ കുറ്റവാളി‘ എന്ന ആശയം മുന്നോട്ടുവച്ചു. കുറ്റവാളി കുരങ്ങിനെയോ ആദിമ മനുഷ്യനെയോപോലെയുള്ള ‘മനുഷ്യത്വം’ കുറഞ്ഞ വ്യക്തിയിലേക്കുള്ള ഒരു തിരിച്ചുപോക്കിനെ പ്രതിനിധീകരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതിനാൽ, ഇവരുടെ പെരുമാറ്റം ആധുനിക നാഗരിക സമൂഹത്തിന്റെ നിയമങ്ങൾക്കും പ്രതീക്ഷകൾക്കും വിരുദ്ധമായിരിക്കും. ഈ കൊലപാതകികൾക്ക് കനത്ത പുരികങ്ങളും വലിയ ചെവികളുമുള്ള വ്യത്യസ്തമായ മുഖവും അസമമായ തലയോട്ടിയും വലിയ താടിയെല്ലും നീളമേറിയ കൈകളും ഉണ്ടായിരിക്കുമെന്നും, അവരെ ശരീരഘടനാപരമായ ഈ സവിശേഷതകൾകൊണ്ട് തിരിച്ചറിയാൻ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചു. ആദ്യകാല ക്രിമിനോളജിയിൽ ഇതിന് സ്വാധീനമുണ്ടായിരുന്നെങ്കിലും അവ വലിയരീതിയിലുള്ള വംശീയവും രാഷ്ട്രീയവുമായ മുതലെടുപ്പുകൾക്ക് വഴിയൊരുക്കി. ഒടുവിൽ വ്യക്തമായ തെളിവുകളുടെ അഭാവത്താലും ശാസ്ത്രീയമായ പൊരുത്തക്കേടുകളാലും ഈ നിലപാടുകൾ തിരസ്കരിക്കപ്പെട്ടു.
ശാസ്ത്രജ്ഞർ കൊലപാതകികളെ തിരിച്ചറിയാനുള്ള മറ്റുവഴികൾ തിരഞ്ഞു കൊണ്ടേയിരുന്നു. ചിന്തകൾ ഉരുത്തിരിയുന്നത് തലച്ചോറിൽനിന്നാണ്. വിരലടയാളങ്ങൾപോലെ ഓരോ മനുഷ്യനെയും തന്റെ പെരുമാറ്റംകൊണ്ട് വ്യത്യസ്‌തനാക്കുന്നതും ഇതേ അവയവംതന്നെ.

തലച്ചോറിന്റെ മുൻഭാഗത്തുള്ള ‘പ്രീ ഫ്രോണ്ടൽ കോർടെക്‌സ്’ വളരെയധികം വിശാലമായതാണ്, മറ്റു മൃഗങ്ങളെയപേക്ഷിച്ച് മനുഷ്യന് ‘വ്യക്തിത്വ’ ഗുണങ്ങൾ നൽകിയത്. നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുന്നതിലും യുക്തിസഹമായ തീരുമാനങ്ങളെടുപ്പിക്കുന്നതിലും അതിന് പ്രധാനപങ്കുണ്ട്. പ്രീ ഫ്രോണ്ടൽ കോർടെക്സ് നമ്മളെ ധാർമ്മികവും സാമൂഹികവുമായി പെരുമാറാൻ പ്രേരിപ്പിക്കുകയും സഹാനുഭൂതി ജനിപ്പിക്കുകയും ധാർമ്മിക-ന്യായവാദങ്ങൾ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
അതുപോലെ, തലച്ചോറിലെ ഒരു പ്രധാന വൈകാരിക കേന്ദ്രമാണ് അമിഗ്ഡാല, ഭയം, കോപം, ഉൽക്കണ്ഠ തുടങ്ങിയ വികാരങ്ങളെ കൈകാര്യം ചെയ്യുന്ന ഈ മേഖല തലച്ചോറിന്റെ അടിവശത്തിനുള്ളിലായി സ്ഥിതി ചെയ്യുന്നു. പ്രീ ഫ്രോണ്ടൽ കോർടെക്‌സിനേയും അമിഗ് ഡാലയെയും തമ്മിൽ നാഡികളുടെ ഒരു പാത ബന്ധിപ്പിക്കുന്നുണ്ട്. അമിഗ്‌ഡാല മേൽപ്പറഞ്ഞ വികാരങ്ങളെ കൈകാര്യം ചെയ്യുമ്പോഴുണ്ടായേക്കാവുന്ന ആക്രമണാത്മകമായ പെരുമാറ്റത്തെ പ്രീ ഫ്രോണ്ടൽ കോർടെക്സ് ഈ പാതയിലൂടെ നിയന്ത്രിക്കുന്നു. അങ്ങനെയാണെങ്കിൽ, കൊലപാതകികളുടെ ബാഹ്യരൂപത്തിനുപകരം അവരുടെ തലച്ചോറിലെ ഈ മേഖലകൾക്ക് ഘടനാപരമായി എന്തെങ്കിലും പ്രത്യേകതകളുണ്ടോയെന്നായി ശാസ്ത്രലോകത്തിന്റെ പിന്നീടുള്ള ചോദ്യം.
മെഡിക്കൽ വിദ്യാർഥികളെ ശരീരശാസ്ത്രം പഠിപ്പിക്കുന്നതിന്റെ ഭാഗമായി ലേഖകൻ മൃതദേഹങ്ങളിൽ നിന്നുള്ള നൂറിലധികം തലച്ചോറുകൾ നീളത്തിലും കുറുകെയും മറ്റും ഛേദിച്ച് കണ്ടിട്ടുണ്ട്. പരിചയസമ്പന്നനായ ഒരു ശരീരശാസ്ത്രജ്ഞന് ഒരു മൃതദേഹത്തിൽ നിന്നുള്ള ശരീരഭാഗങ്ങളെ മറ്റൊരു ദേഹത്തിൽ നിന്നുള്ളവയുമായി വലുപ്പവും രൂപവും ചില പ്രത്യേകതകളുമെല്ലാംവച്ച് വളരെ വേഗത്തിൽ തിരിച്ചറിയാമെന്നിരിക്കെ, നഗ്നനേത്രങ്ങൾ കൊണ്ടുള്ള നിരീക്ഷണത്തിൽ മസ്‌തിഷ്‌കങ്ങൾ തമ്മിൽ പ്രത്യക്ഷത്തിൽ വലിയ വ്യത്യാസങ്ങളൊന്നും കണ്ടുപിടിക്കാനാവില്ല എന്നതാണ് സത്യം.
എന്നാൽ, സ്കാനിങ്ങിനുള്ള ആധുനിക ഉപകരണങ്ങളുടെ ആവിർഭാവത്തോടെ മസ്തിഷ്കത്തിന്റെ വിവിധമേഖലകളുടെ ഘടനയെ അവയുടെ പ്രവർത്തനത്തോടൊപ്പംതന്നെ വിശകലനം ചെയ്യാമെന്ന സാഹചര്യമുണ്ടായി. ഈ സൗകര്യമുപയോഗിച്ച് പല ശാസ്ത്രജ്ഞരും കൊലപാതകികളുടെ തലച്ചോറുകളെ പഠനവിധേയമാക്കി.
1994-ൽ അഡ്രിയാൻ റെയ്ൻ നാല്പത്തിയൊന്ന് കൊലപാതകികളിൽ നടത്തിയ സ്‌കാൻ പഠനങ്ങളിൽ, അവരുടെ പ്രീ ഫ്രോണ്ടൽ കോർടെക്സിന്റെ പ്രവർത്തനം മന്ദീഭവിച്ചിരുന്നതായി തെളിഞ്ഞു. തന്മൂലം പെട്ടെന്നുള്ള ആവേശത്താലുണ്ടാകാവുന്ന ആക്രമണോത്സുകതയെ പ്രിഫ്രോണ്ടൽ കോർട്ടെക്സിന് നിയന്ത്രിക്കാനാവാതെ വരുകയും അത് കുറ്റ കൃത്യങ്ങളിലേക്ക് നയിച്ചേക്കാമെന്നുമുള്ള നിഗമനത്തിൽ അദ്ദേഹം എത്തിച്ചേരുകയും ചെയ്തു.
2009 ലെ ഒരു എം ആർ ഐ പഠനം അക്രമാസക്തരായ വ്യക്തികളുടെ അമിഗ്ഡാലയിലെ അസാധാരണമായ പ്രവർത്തനം വൈകാരിക നിയന്ത്രണക്കുറവിനെ സൂചിപ്പിക്കുന്നതായി കണ്ടെത്തി. അതേ വർഷം നടന്ന മറ്റൊരു പഠനം കൊലപാതകികളെ, പെട്ടെന്നുള്ള ആവേശത്തിൽ കൊലചെയ്യുന്നവരെന്നും കൃത്യമായി ആസൂത്രണം ചെയ്ത് കൊല്ലുന്നവരെന്നും രണ്ടായി തിരിച്ചു. ആദ്യത്തെ വിഭാഗത്തിലുള്ളവരുടെ പ്രീ ഫ്രോണ്ടൽ കോർട്ടെക്സ്‌സ് പ്രവർത്തനം കുറവായിരുന്നുവെങ്കിൽ രണ്ടാമത്തെ വിഭാഗത്തിന്റെ പ്രീഫ്രോണ്ടൽ പ്രവർത്തനം സാധാരണഗതിയിൽ നടക്കുന്നുണ്ടായിരുന്നു. പക്ഷേ, അവരുടെ അമിഗ്ഡാലയുടെ പ്രവർത്തനം കൂടുതലായിരുന്നു.
എന്തുകൊണ്ട് ചില മനുഷ്യർ കൊലപാതകികളാവുന്നു എന്നതിലേക്ക് ഉൾക്കാഴ്ച നൽകുന്നുണ്ടങ്കിലും മസ്തിഷ്കത്തിലെ ഘടനാപരമായ പരിമിതികൾ ചൂണ്ടിക്കാണിച്ച് കുറ്റവാളികൾ തങ്ങളെ കൊലക്കുറ്റത്തിന് ശിക്ഷിക്കരുത് എന്ന വാദമുയർത്തുമോ എന്നതാണ് ഇത്തരം പഠനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. തന്നെയുമല്ല, കൊലപാതകങ്ങൾ തടയാനായാൽ മാത്രമേ ഈ പഠനങ്ങൾകൊണ്ട് ശരിയായ അർഥത്തിൽ സമൂഹത്തിന് ഗുണം ലഭിക്കുകയുമുള്ളൂ. നിർഭാഗ്യവശാൽ അത്തരമൊരു ഫലത്തിൽനിന്ന് നമ്മൾ ഏറെ അകലെയാണ്. അപ്പോൾപ്പിന്നെ ഈ പഠനങ്ങളുടെ ഏതെങ്കിലും നല്ലവശങ്ങൾ നമ്മൾ ഉൾക്കൊള്ളേണ്ടതായുണ്ടോ? തലച്ചോറിന്റെ ജന്മനാലുള്ള ഘടനകളിൽ മാറ്റം വരുത്തുക ഇപ്പോഴത്തെ അവസ്ഥയിൽ അസാധ്യമാണെന്നിരിക്കെ, പിന്നെയെന്തെല്ലാം സാഹചര്യങ്ങളെയാണ് നമുക്ക് മെരുക്കാനാവുക?

പ്രീ ഫ്രോണ്ടൽ കോർടെക്സിന്റെ ആരോഗ്യകരമായ പ്രവർത്തനം കുറ്റവാസനകളെ നിയന്ത്രിക്കുന്നതിൽ നിർണ്ണായകമാണ്. അതിനെ ക്ഷയിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് നാം ജാഗരൂഗരായേ തീരൂ. ഡിജിറ്റൽ മീഡിയയുടെ ദുരുപയോഗവും മയക്കുമരുന്നുമെല്ലാം തലച്ചോറിനെ മോശമായി ബാധിച്ചേക്കാം. യാതൊരു വിധ സെൻസറിങ്ങുമില്ലാതെ കുട്ടികളിലേക്കെത്തുന്ന മൊബൈൽ ഗെയിമുകളും റീൽസുമെല്ലാം അവരുടെ പ്രീ ഫ്രോണ്ടൽ കോർടെക്സസിനെ എങ്ങനെ ബാധിക്കുമെന്നതിന് ഒരു നിശ്ചയവുമില്ല. കർശനമായ പരീക്ഷണത്തിലൂടെമാത്രം മാർക്കറ്റിലെത്തുന്ന മരുന്നുകളെപ്പോലെ ഇവയെയും പഠനവിധേയമാക്കി നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. അനേകായിരം വർഷങ്ങൾ കൊണ്ട് ആർജിച്ചെടുത്ത പ്രീ ഫ്രോണ്ടൽ കോർടെക്സിന്റെ വളർച്ചയാണ് മനുഷ്യർ തമ്മിലുള്ള രമ്യമായ ഇടപെടലുകൾക്ക് നിദാനം. അതിനെ ഇനിയും മെച്ചപ്പെടുത്താനുള്ള വഴികളും നമ്മൾ തന്നെ കണ്ടെത്തിയേ മതിയാവൂ.
