Read Time:9 Minute

നമുക്ക് ചുറ്റും നാം കണ്ടും കേട്ടും തൊട്ടും രുചിട്ടും മണത്തും അറിയുന്ന ലോകം മറ്റു ജീവികൾക്ക് എങ്ങനെയായിരിക്കും അനുഭവപ്പെടുക ? ഒരു ഉറുമ്പ് തന്റെ ആന്റിനകൾ വഴി അറിയുന്ന ഫെറോമോൺ പാതകൾ, ഒരു പക്ഷി അൾട്രാവയലറ്റ് നിറങ്ങളിൽ കാണുന്ന ആകാശം, ഒരു പൂച്ച രാത്രിയിൽ മീശരോമങ്ങൾ വഴി ‘തൊടുന്ന’ ഇരുട്ട്, ഒരു പൂമ്പാറ്റ കാണുന്ന പൂക്കളുടെ രഹസ്യനിറങ്ങൾ —ഇവയെല്ലാം നമുക്ക് അപരിചിതമായ ലോകങ്ങളാണ്. എഡ് യോങ് എന്ന ശാസ്ത്രലേഖകന്റെ An Immense World: How Animal Senses Reveal the Hidden Realms Around Us എന്ന പുസ്തകം, ഈ മാന്ത്രിക ലോകത്തിലേക്കുള്ള ഒരു യാത്രയാണ്. 2022-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം, മൃഗങ്ങളുടെ ഇന്ദ്രിയ ലോകത്തെക്കുറിച്ചുള്ള അന്വേഷണമാണ്.

എഡ് യോങ്

എഡ് യോങ്, ശാസ്ത്രജ്ഞരോടൊപ്പം ലോകമെമ്പാടും യാത്ര ചെയ്ത്, ജീവികളുടെ ‘ഉമ്വെൽറ്റ്’ (Umwelt)—അതായത്, അവയുടെ തനതായ ഇന്ദ്രിയ ലോകം—നമുക്ക് മുന്നിൽ തുറന്നുവയ്ക്കുന്നു. ഉദാഹരണത്തിന്, ഒരു തിമിംഗലം ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് സമുദ്രത്തിന്റെ ആഴങ്ങളിൽ ‘കാണുന്ന’ ലോകം, അല്ലെങ്കിൽ ഒരു പൂമ്പാറ്റ അൾട്രാവയലറ്റ് വെളിച്ചത്തിൽ പൂക്കളെ കാണുന്ന രീതി—ഇവയെല്ലാം രസകരമായ അറിവുകളാണ്.

പുസ്തകം വിവിധ ഇന്ദ്രിയങ്ങളെ അടിസ്ഥാനമാക്കി അധ്യായങ്ങൾ ക്രമീകരിച്ചിരിക്കുന്നു. കാഴ്ച, ശബ്ദം, ഗന്ധം, സ്പർശനം, വൈദ്യുത സിഗ്നലുകൾ, മാഗ്നറ്റിക് ഫീൽഡ് എന്നിങ്ങനെ. ഡോൾഫിൻ എക്കോലൊക്കേഷൻ (echolocation) ഉപയോഗിച്ച് എങ്ങനെ സമുദ്രത്തിന്റെ ഭൂപടം മനസ്സിൽ വരയ്ക്കുന്നുവെന്നും, ദേശാടനപക്ഷികൾ ഭൂമിയുടെ മാഗനറ്റിക് ഫീൽഡിന് അനുസരിച്ച്’ ആയിരക്കണക്കിന് കിലോമീറ്റർ യാത്രനടത്തുന്ന എങ്ങനെയെന്നും യോങ് വിശദീകരിക്കുന്നു. ഒരു തേനീച്ചയുടെ മണം പിടിക്കാനുള്ള കഴിവ്, അല്ലെങ്കിൽ ഒരു പാമ്പിന്റെ ചൂട് ‘കാണാനുള്ള’ കഴിവ്—ഓരോ മൃഗവും ഒരു സൂപ്പർഹീറോ പോലെ തോന്നിപ്പിക്കുന്ന കഥകളാണ് ഈ പുസ്തകത്തിൽ.

നമ്മൾ മൂന്ന് അടിസ്ഥാന നിറങ്ങൾ (RGB) കാണുമ്പോൾ, ചില പക്ഷികൾ അൾട്രാവയലറ്റ് ഉൾപ്പെടെ നാല് നിറങ്ങൾ കാണുന്നു. നമ്മുടെ മണം പിടിക്കാനുള്ള കഴിവ് ഒരു നായയുടെ മുന്നിൽ നിസ്സാരമാണ്—അവയ്ക്ക് ഒരു മണത്തിന്റെ ‘ചരിത്രം’ പോലും മനസ്സിലാക്കാൻ കഴിയും.

ഈ ഇന്ദ്രിയ ലോകത്തിന്റെ സൗന്ദര്യം മാത്രമല്ല, അതിന്റെ ദുർബലതയും പ്രതിസന്ധികളും ചർച്ച ചെയ്യുന്നു. മനുഷ്യന്റെ പ്രവർത്തനങ്ങൾ—പ്രകാശ മലിനീകരണം, ശബ്ദ മലിനീകരണം, ആവാസവ്യവസ്ഥയുടെ നാശം—മറ്റുജീവികളുടെ ഇന്ദ്രിയ ലോകത്തെ എങ്ങനെ തകരാറിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, നഗരങ്ങളിലെ വൈദ്യുതവെളിച്ചം പക്ഷികളുടെ ദേശാടനത്തെ തടസ്സപ്പെടുത്തുന്നു, സമുദ്രത്തിലെ ശബ്ദ മലിനീകരണം തിമിംഗലങ്ങളുടെ ആശയവിനിമയത്തെ ബാധിക്കുന്നു. ഈ പുസ്തകം, മറ്റുജീവികളുടെ അനുഭവലോകത്തെ നമുക്ക് മുന്നിൽ അവതരിപ്പിക്കുക മാത്രമല്ല അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിക്കുന്നു. ,

പുസ്തകം വായിക്കുമ്പോൾ തേനീച്ചയുടെ കണ്ണിലൂടെ പൂക്കളെ കാണാനും, ഡോൾഫിന്റെ കാതുകൾ വഴി സമുദ്രത്തിന്റെ ശബ്ദം കേൾക്കാനും നാം ശ്രമിക്കും. ഓരോ പേജും നമ്മെ പ്രകൃതിയോട് കൂടുതൽ അടുപ്പിക്കും. പാമ്പ് അതിന്റെ ചർമ്മത്തിലനുഭവപ്പെടുന്ന താപവ്യതിയാനങ്ങൾക്കനുസരിച്ച് ചുറ്റുപാടിനെ മനസ്സിലാക്കുന്ന വിധം നമ്മെ അമ്പരിപ്പിക്കും. പക്ഷികൾ അൾട്രാവയലറ്റ് നിറങ്ങൾ കാണുന്നതും, രാത്രി സഞ്ചാരികളായ മൃഗങ്ങൾ ഇരുട്ടിൽ കാണുന്നതും മറ്റൊരു ദൃശ്യലോകമാണ്. വവ്വാലുകൾ എക്കോലൊക്കേഷൻ വഴി ശബ്ദം ഉപയോഗിക്കുന്നതും, തിമിംഗലങ്ങൾ സമുദ്രത്തിനടിയിൽ ശബ്ദത്തിലൂടെ ആശയവിനിമയം നടത്തുന്നതും ചിലന്തികൾ വലയിലെ വിറയലിലൂടെ ഇരയെ കണ്ടെത്തുന്നതും എല്ലാം ബൃഹത്തായ ജീവപരിണാമപ്രക്രിയുടെ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. എല്ലാ ഇന്ദ്രിയങ്ങളും ഒരുമിച്ച് എങ്ങനെ ഒരു ജീവിയുടെ ലോകത്തെ രൂപപ്പെടുത്തുന്നുവെന്ന് വിശദമാക്കുന്ന പുസ്തകത്തിന്റെ അവസാന അധ്യായം മനുഷ്യേതരമായ ഒരു ലോകാനുഭവം നമുക്ക് തരും. യോങ് ശാസ്ത്രത്തെ കഥപോലെ പറയുന്നു, ഓരോ ജീവിയുടെ ഇന്ദ്രിയലോകത്തെയും ഒരു സാഹസിക യാത്രയാക്കി മാറ്റുന്നു. ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളും, ജീവികളെ നിരീക്ഷിച്ചിട്ടുള്ള അനുഭവങ്ങളും, യോങ്ങിന്റെ നർമ്മബോധവും ചേർന്ന് വായനയെ രസകരമാക്കുന്നു.

എഡ് യോങ്

ശാസ്ത്രവിഷയങ്ങൾ ലളിതവും ആകർഷകവുമായ ഭാഷയിൽ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിൽ അഗ്രഗണ്യനാണ് ബ്രിട്ടീഷ് ശാസ്ത്രലേഖകനും എഴുത്തുകാരനുമായ Ed Yong. . കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ജീവശാസ്ത്രബിരുദവും ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും നേടി. ശാസ്ത്രപശ്ചാത്തലത്തിൽ നിന്ന് ജേർണലിസത്തിലേക്ക് കടന്ന എഡ് യോങ് ഇപ്പോൾ “ദി അറ്റ്ലാന്റിക്” (The Atlantic) മാഗസിനിലെ ജേർണലിസ്റ്റായി പ്രവർത്തിക്കുന്നു, അവിടെ അവൻ ആരോഗ്യം, പരിസ്ഥിതി, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.

ആദ്യ പുസ്തകം, I Contain Multitudes, 2016, മനുഷ്യശരീരത്തിലെ സൂക്ഷ്മജീവികളെക്കുറിച്ചുള്ളതാണ്. 2021-ലെ പുലിറ്റ്സർ പുരസ്കാരം (കോവിഡ്-19 പാൻഡെമിക് റിപ്പോർട്ടിംഗിന്) യോങിനായിരുന്നു ലഭിച്ചത്.

ശാസ്ത്രവായന

ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടാം

Happy
Happy
67 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post നിഴൽ കാണ്മാനില്ല !!!
Next post ആഴക്കടൽ മണൽഖനനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ
Close