ഡോ. കെ.പി. അരവിന്ദൻ
റിട്ട. പ്രൊഫസർ, പത്തോളജി വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളജ്,[/author]
മനുഷ്യന്റെ ഉത്പത്തിയും വളര്‍ച്ചയും പരിണാമസിദ്ധാന്തത്തിന്റെയും തന്മാത്രാജീവശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ലേഖനത്തിന്‍റെ രണ്ടാം ഭാഗം. നമ്മൾ മനുഷ്യർക്കിടയിൽ ഉണ്ടെന്ന് തോന്നുന്ന വ്യത്യാസങ്ങൾ ഏറിയവയും സാംസ്‌കാരികമാണ്, ജനിതകമല്ല. മാനുഷരെല്ലാരുമൊന്നുപോലെ എന്നത് ഒരു കവിഭാവന മാത്രമല്ല, യഥാർത്ഥ്യമാണ്.
നരവംശശാസ്ത്രജ്ഞർ മനുഷ്യന്റെ പൂർവികരുടെയും ആദ്യകാല മനുഷ്യരുടെയും ചരിത്രം പഠിക്കുന്നത് അവരുടെയും അവർ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെയും അവശിഷ്ടങ്ങളിൽ നിന്നാണ്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്രജ്ഞർക്ക് പുതിയ ഒരു പഠന ഉപകരണം കൂടി കിട്ടി: തന്മാത്രാ ജീവശാസ്ത്രം – കോശങ്ങളുടെയും അവയിലെ പ്രോട്ടീനുകളുടേയും, ന്യൂക്ലിയസ്, മൈറ്റോകോൺഡ്രിയ എന്നിവയിലെ ഡി.എൻ.എ യുടെ ക്രമീകരണം എന്നിവ വെച്ചുള്ള പഠനം. ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ലുയ്ഗി ലൂക്ക കവാല്ലി സോർസ (Luigi Luca Cavalli Sforza)തുടങ്ങിവെച്ച ഗവേഷണ രീതിയായിരുന്നു ഇന്നുള്ള വിവിധ വിഭാഗം മനുഷ്യരുടെ പ്രോട്ടീനുകളിലെ വ്യത്യസ്തതകൾ പഠിച്ച് അതു വഴി മനുഷ്യവിഭാഗങ്ങളുടെ പൂർവ്വികരേയും താവഴികളേയും പറ്റി നിഗമനങ്ങളിൽ എത്തിച്ചേരാമെന്നത്. ഡി.എൻ.എ ക്രമനിർണയ രീതിയുടെ (സീക്വെൻസിങ്ങ്) ആവിർഭാവത്തോടെ കൂടുതൽ കൃത്യതയോടെ ഇത്തരം പഠനങ്ങൾ നടത്താമെന്നു വന്നു.
1987ൽ അലൻ വിൽസൺ (Allan Wilson) എന്ന ശാസ്ത്രജ്ഞൻ തന്റെ ഗവേഷണ വിദ്യാർത്ഥികളായ റെബേക്ക കാൻ (Rebecca L. Cann) , മാർക്ക് സ്റ്റോൺകിങ്ങ് (Mark Stoneking) എന്നിവരുമായി ചേർന്ന് ലോകമെമ്പാടുമുള്ള വിഭിന്നങ്ങളായ ജനവിഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്ന് അവരുടെ കോശങ്ങളിലെ മൈറ്റോകോൺഡ്രിയയിലെ DNA പരിശോധിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുകയുണ്ടായി. മനുഷ്യന്റെ പൂർവ്വകാലചരിത്ര പഠനത്തിൽ ഒരു വഴിത്തിരിവായിരുന്നു അത്.മൈറ്റോകോൺഡ്രിയ എന്നത് കോശത്തിന്റെ ഒരു ഭാഗമാണ്. കോശമര്‍മ്മ (Cell Nucleus) ത്തിനു വെളിയിലുള്ള പ്ലാസ്മാദ്രവ്യത്തിലാണ് അത് സ്ഥിതി ചെയ്യുന്നത്. ഓക്സിജൻ ഉപയോഗിച്ച് രാസപ്രക്രിയകളിലൂടെ കോശത്തിനാവശ്യമായ ഊര്‍ജ്ജം ഉൽപ്പാദിപ്പിക്കുന്നത് മൈറ്റോകോൺഡ്രിയകളാണ്. ഒരു കോശത്തിൽ 500 മുതൽ 1000 വരെ മൈറ്റോകോൺഡ്രിയകൾ ഉണ്ടായിരിക്കും. അവയ്ക്ക് സ്വയം വിഭജനശേഷി ഉണ്ട്. വിഭജിക്കുന്ന തനത് DNA യും ഉണ്ട്. നട്ടെല്ലികളായ എല്ലാ ജീവികളുടെ കോശങ്ങളിലും മൈറ്റോകോൺഡ്രിയയിൽ ഒരേ തരത്തിലുള്ള DNA ആണ് ഉള്ളത്. മനുഷ്യനിൽ മൈറ്റോകോൺഡ്രിയകളിൽ 16600 ന്യൂക്ലിയോടൈഡുകളാണുള്ളത്. അതിൽ 37 ജീനുകൾ അടങ്ങിയിരിക്കുന്നു. കോശമർമ്മം ഉള്ള യൂക്കാരിയോട്ട് (eukaryote) ജീവികളുടെ ആവിർഭാവകാലത്ത് ആ കോശങ്ങളിൽ കടന്നു ചേർന്ന ബാക്ടീരിയകളായിരുന്നു ആദ്യത്തെ മൈറ്റോകോൺഡ്രിയ എന്നാണ് കരുതപ്പെടുന്നത്. കാലക്രമേണ യൂക്കാരിയോട്ട് കോശങ്ങളുമായി സഹജീവനം സ്ഥാപിക്കപ്പെടുകയും കോശത്തിന്റെ ഭാഗമായിത്തീരുകയുമാണുണ്ടായത്. പണ്ട് വേറിട്ട ജീവിയായതിന്റെ അവശിഷ്ടവും തെളിവുമാണ് അവയുടെ തനതായ DNAയും റൈബോസോമുകളും.
മോളിക്യുലർ ഘടികാരം
മൈറ്റോക്കോൺഡ്രിയയിലെ 16600 ന്യൂക്ളിയോടൈഡുകളുടെ (ബേസുകളുടെ) ക്രമത്തിൽ മനുഷ്യർ തമ്മിൽ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട്. തികച്ചും ആകസ്മികമായി ഏതാണ്ട് നിശ്ചിതമായ നിരക്കിൽ വന്നു ചേരുന്ന മ്യൂട്ടേഷനുകളാണ് (ഒരു ന്യൂക്ളിയോടൈഡിനു പകരം മറ്റൊന്നായി മാറിപ്പോവുക) ഇതിനു കാരണം. ഏതാനും തലമുറകളിൽ ഒന്ന് എന്ന തോതിൽ ഉണ്ടാവുന്ന ഈ മാറ്റങ്ങൾ പിന്നീടങ്ങോട്ടുള്ള തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. നിശ്ചിത നിരക്കിൽ വരുന്ന മാറ്റങ്ങൾ ആയതു കൊണ്ട് ഈ ജനിതക മാറ്റങ്ങൾ ഒരു കാലമാപിനി (മോളിക്യുലർ ഘടികാരം-molecular clock) ആണെന്നും പറയാറുണ്ട്. അതായത് x1 x2 അന്നീ തലമുറകൾ തമ്മിൽ y മാറ്റങ്ങൾ ഉണ്ടങ്കിൽ x1 ഉം x2 ഉം തമ്മിൽ എത്ര വർഷം അകലം ഉണ്ടെന്ന് കണക്കാക്കാനാവും. അത്തരത്തിലുള്ള ഒരു കാലഗണന നടത്തുകയാണ് അലൻ വിൽസണും കൂട്ടരും ചെയ്തത്.
മൈറ്റോകോണ്‍ഡ്രിയൽ മുതുമുത്തശ്ശി
മൈറ്റോകോണ്‍ഡ്രിയയകൾ നമുക്ക് പാരമ്പര്യമായി കിട്ടുന്നത് അമ്മയിൽ നിന്ന് അണ്ഡകോശ ദ്രവ്യം വഴിയാണ്. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഇവ ലഭിക്കുന്നുവെങ്കിലും സ്ത്രീ മാത്രമേ തന്റെ അടുത്ത തലമുറയിലേക്ക് അത് പകര്‍ന്നു കൊടുക്കുന്നുള്ളൂ. അതായത്, മൈറ്റോകോൺഡ്രിയകൾ തലമുറകളിലൂടെ സഞ്ചരിക്കുന്നത് പെണ്‍വഴിയിലൂടെയാണ്. എന്റെ മൈറ്റോകോണ്‍ഡ്രിയയിലെ DNA എനിക്ക് അമ്മയില്‍ നിന്നു കിട്ടിയതാണ്. അമ്മയ്ക്ക് അത് അമ്മൂമ്മയിൽ നിന്നും. 5 തലമുറ പിന്നോക്കം പോവുകയാണെങ്കിൽ എനിക്ക് 32 പൂര്‍വ്വജർ ഉണ്ടായിരിക്കും. 16 ആണുങ്ങളും 16 പെണ്ണുങ്ങളും. ഈ സ്ത്രീകളിൽ ഒരാളിൽ നിന്നു മാത്രമായിരിക്കും എന്റെ മൈറ്റോകോണ്‍ഡ്രിയൽ DNA എനിക്കു കിട്ടിയത്. ഇന്ന് ലോകത്താകെ 300 കോടി സ്ത്രീകളുണ്ടെന്നു കരുതുക. അവരുടെ പൂര്‍വ്വജകളുടെ എണ്ണം ഇതിലും കുറവായിരിക്കും. കാരണം അവരിൽ ചിലര്‍ക്കെങ്കിലും ഒന്നിൽ കൂടുതൽ പെൺമക്കൾ പിറന്നിരിക്കും. അങ്ങനെ പിന്നോക്കം പിന്നോക്കം പോവുകയാണെങ്കിൽ അവസാനം നാം ഒരു അമ്മൂ……മ്മയിൽ എത്തിച്ചേരുന്നതാണ്. ഇന്നു ജീവിച്ചിരിക്കുന്ന എല്ലാവരുടെയും ഒരൊറ്റ അമ്മൂ………….മ്മ! ഈ അമ്മൂ………..മ്മ ഏതാണ്ട്.1,60,000 കൊല്ലം മുമ്പ് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു സ്ത്രീയാണ് എന്നത്രെ തന്മാത്രാ കാലമാപിനിയുടെ തത്വം ഉപയോഗിച്ചുള്ള നിരവധി പഠനങ്ങൾ എത്തിച്ചേര്‍ന്ന നിഗമനം. ഒരു ലക്ഷം കൊല്ലം മുതൽ രണ്ടുലക്ഷം കൊല്ലം മുമ്പുവരെയാണ് വ്യത്യസ്ത പഠനങ്ങൾ കാണിക്കുന്നത്. നമ്മുടെ എല്ലാ ജീനുകളും ഈ പൂര്‍വ്വജയിൽ നിന്നാണ് ലഭിച്ചത് എന്ന് ഇതിനര്‍ത്ഥമില്ല. വ്യത്യസ്ത ജീനുകള്‍ പിന്നോട്ട് പോയാൽ അവ എത്തിച്ചെരുന്നത് വ്യത്യസ്ത പൂര്‍വ്വജറിലായിരിക്കും.അതിനാൽ ആദിമമാതാവ്-ഹൗവ-എന്ന സങ്കല്‍പ്പനത്തിന് അര്‍ത്ഥമില്ല. എന്നാൽ ഇന്നത്തെ മനുഷ്യർ മൊത്തത്തിൽ ഏതാണ്ട് ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചെറിയ ഒരു കൂട്ടം മനുഷ്യരിൽ നിന്നാണ് ഉണ്ടായതെന്ന് ഏറെക്കുറെ തീർച്ചയാണ്.
മാനവജാതിയുടെ ഈറ്റില്ലം
മൈറ്റോകോൺഡ്രിയൽ ജീനിന്റെ കാര്യം മാത്രമാണ് ഇവിടെ പറഞ്ഞത്. ലോകത്തെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മനുഷ്യരുടെ മൈറ്റോകോഡ്രിയൽ DNA പഠിച്ചപ്പോൾ, അവരെ കാലക്രമേണ മാറ്റം വന്ന വ്യത്യസ്ത ഗ്രൂപ്പുകളായി തരം തിരിക്കാം എന്നു കണ്ടു. അതിൽ ആദ്യത്തെ ഗ്രൂപ്പിനെ – അതായത് മൈറ്റോകോൺഡ്രിയൽ ആദിമാതാവിന്റെ- L0 എന്ന് നാമകരണം ചെയ്തു. അതിൽ മ്യൂട്ടേഷനുകൾ ഉണ്ടായി രൂപപ്പെട്ടവയെ L1, L2, L3, L4, L5, L6 എന്ന് നാമകരണം ചെയ്തു. പിന്നീട് വന്നവയാണ് M,N എന്ന ഗ്രൂപ്പുകളും അവയിൽ നിന്ന് രൂപം കൊണ്ട R, X, A, B തുടങ്ങിയ ഗ്രൂപ്പുകളും. M, N ഗ്രൂപ്പുകളും അവയിൽ നിന്നുണ്ടായവയും മാത്രമാണ് ആഫ്രിക്കയുടെ പുറത്തുള്ള മനുഷ്യരിൽ കാണപ്പെടുന്നത്. രസകരമായ വസ്തുത ഇവയെല്ലാം തന്നെ ആഫ്രിക്കയിലെ L3 ഗ്രൂപ്പിൽ നിന്നു മാത്രം രൂപമെടുത്താണ് എന്നതാണ്. എങ്ങിനെയാണ് ഇത് വിശദീകരിക്കാനാവുക?
മനുഷ്യരാശിയുടെ ആവിർഭാവത്തിനു ശേഷം ദീർഘകാലം അവിടെ പല മൈറ്റോകോൺഡ്രിയൽ ഗ്രൂപ്പുകളായി തരം തിരിഞ്ഞതിനു ശേഷം അവയിൽ ഒരു ഗ്രൂപ്പിൽ പെട്ട മനുഷ്യർ (L3) ആഫ്രിക്കയിൽ നിന്നു പുറത്തു കടക്കുകയും പലതായി പെരുകി ലോകം മുഴുവൻ വ്യാപിക്കുകയും ചെയ്തു എന്നതാണ് വിശദീകരണം. അങ്ങിനെ, ലോകത്തെമ്പാടുമുള്ള മനുഷ്യവിഭാഗങ്ങളുടെ ‘ജന്മദേശം’ തേടിയുള്ള അന്വേഷണയാത്ര, എല്ലാ ശാസ്ത്രജ്ഞരെയും, നയിച്ചത് ആഫ്രിക്കയിലേക്കാണ്. ഇന്നത്തെ മാനവജാതിയുടെ ഈറ്റില്ലം ആഫ്രിക്കയാണ് എന്ന ഉറച്ച നിഗമനത്തിലാണ് എല്ലാവരും എത്തിച്ചേര്‍ന്നത്.
ക്രോമസോമൽ മുതുമുത്തശ്ശൻ
മൈറ്റോകോണ്‍ഡ്രിയയിലെ DNA പഠനത്തിൽ നിന്ന് തികച്ചും സ്വതന്ത്രമായ, അതുമായി ഒരു ബന്ധവുമില്ലാത്ത, മറ്റൊരു അന്വേഷണവും ഇതേ നിഗമനത്തിലേക്കു തന്നെയാണ് നയിച്ചത്. Y-ക്രോമോസോമിന്റെ പഠനം. Y ക്രോമോസോം പുരുഷന്മാരിൽ മാത്രം കാണുന്നതാണല്ലോ. എല്ലാ പുരുഷന്മാർക്കും പിതാവിൽ നിന്ന് Y ക്രോമോസോം കിട്ടുന്നു. പിതാവിന് അയാളുടെ പിതാവിൽ നിന്ന്. ഇങ്ങനെ ആൺ വഴി മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഈ ക്രോമോസോമിലെ മ്യൂട്ടേഷനുകൾ ലോകമെമ്പാടുമുള്ള മനുഷ്യവിഭാഗങ്ങളിൽ എങ്ങനെ വിതരണം ചെയ്തു കിടക്കുന്നു എന്നു പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. മൈറ്റോകോണ്‍ഡ്രിയയുടെ കാര്യത്തിലെന്നപോലെ Y ക്രോമസത്തിന്റെ കാര്യത്തിലും തലമുറ തലമുറയായി പിന്നോക്കം അന്വേഷിച്ചു പോയാൽ, വളരെക്കാലം മുമ്പ് ജീവിച്ചിരുന്ന ഒരു മുതുമുതു……..മുത്തച്ഛനിൽ എത്തുന്നതാണ്. നമ്മുടെ ഈ മുതു മുതു………മുത്തച്ഛൻ 60,000 കൊല്ലത്തിനും 90,000 കൊല്ലത്തിനും ഇടക്ക് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരാളാണ് എന്നാണ് ഈ പഠനങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത്. Y ക്രോമസോം പഠനങ്ങളുടെ അടിസ്ഥാനത്തിലും മനുഷ്യരുടെ യാത്ര ആരംഭിച്ചത് ആഫ്രിക്കയിൽ നിന്നാണ് എന്ന വസ്തുത അരക്കിട്ടുറപ്പിക്കുന്നു.
ജീനോം പഠനങ്ങൾ
മൈറ്റോകോൺഡ്രിയ, -Y ക്രോമോസോം എന്നിവയ്ക്കു പുറമേ ജിനോമിന്റെ ഏതു ഭാഗമെടുത്ത് മനുഷ്യർ തമ്മിൽ ഇന്ന് നിലവിലുള്ള വ്യത്യാസങ്ങൾ അപഗ്രഥിച്ച് പിന്നോട്ട് കണക്കു കൂട്ടിയാലും നാം ഏതാണ് 1 ലക്ഷം മുതൽ 2 ലക്ഷം വർഷം മുൻപുള്ള ആഫ്രിക്കയിൽ എത്തിച്ചേരും. ഓരോന്നിന്റെയും തുടക്കം കൃത്യമായി ഒരേ സമയത്ത് ഒരേ വ്യക്തിയിൽ നിന്നായിരിക്കണമെന്നില്ല. പക്ഷെ ഉറപ്പിച്ചു പറയാവുന്ന ഒരു കാര്യമുണ്ട്: ഈ കാലയളവിൽ ആഫ്രിക്കയിൽ ജീവിച്ചിരുന്ന ചെറിയ ഒരു പറ്റം മനുഷ്യരിൽ നിന്നാണ് ഹോമോ സാപ്പിയൻസ് സാപ്പിയൻസ് എന്ന സ്പീഷീസിൽ പെട്ട നമ്മെളെല്ലാവരും, തന്നെ ഉണ്ടായിട്ടുള്ളത് എന്ന്. ഇതിന്റെ അർത്ഥം, ഭൂമുഖത്ത് താരതമ്യേന വളരെ ചെറുപ്പമായ ഒരു സ്പീഷിസാണ് നമ്മുടേത് എന്നാണ്. നമ്മുടെ സ്പീഷീസിൽ പെട്ട നമ്മുടെ പൊതു പൂർവികരും നമ്മളും തമ്മിലുള്ള അകലം ഏതാണ്ട് 7500 തലമുറ മാത്രമേ വരൂ. അതായത് ഒരു ബാക്ടീരിയയിൽ വെറും രണ്ടു മാസം കൊണ്ട് വരാവുന്ന വ്യത്യാസങ്ങളേ നമ്മൾ തമ്മിലൊക്കെ ഉണ്ടാവാൻ സമയമായിട്ടുള്ളൂ. നമുക്ക് നമ്മൾക്കിടയിൽ ഉണ്ടെന്ന് തോന്നുന്ന വ്യത്യാസങ്ങൾ ഏറിയവയും സാംസ്‌കാരികമാണ്, ജനിതകമല്ല.
ലുയ്ഗി ലൂക്ക കവാല്ലി സോർസയെ പറ്റി ആദ്യം സൂചിപ്പിച്ചിരുന്നല്ലോ. അദ്ദേഹം പന്ത്രണ്ട് പ്രോട്ടീനുകളിൽ മനുഷ്യവിഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസം പഠിച്ച് അപഗ്രഥിച്ചു നോക്കിയപ്പോൾ മനുഷ്യവംശങ്ങള്‍ തമ്മിൽ ഗണ്യമായ വ്യതിയാനം ഇല്ലെന്നാണ് കണ്ടെത്തിയത്. ഹാർവാർഡിലെ ജനിതക ബയോളജിസ്റ്റ് റിച്ചാർഡ് ലുവോണ്ടിന്റെ (Richard Lewontin) പ്രസിദ്ധമായ ഒരു പഠനമുണ്ട്. അതിൽ അദ്ദേഹം പല രക്തഗ്രൂപ്പുകൾ, രക്തത്തിലെ ചില പ്രോട്ടീനുകൾ എന്നിവയിലൊക്കെ വരുന്ന ജീനുകളിലെ വ്യത്യാസങ്ങൾ എത്രമാത്രമുണ്ട്, വിവിധ മനുഷ്യ വിഭാഗങ്ങളിൽ എന്നാണ് പഠിച്ചത്. ഇതിൽ നിന്നും അദ്ദേഹം കണ്ടെത്തിയത് വ്യതിയാനങ്ങളുടെ 85.4% ഓരോ ഗ്രൂപ്പുകളിലെയും അംഗങ്ങൾക്കിടയിലാണ് കാണുന്നതെന്നും വംശങ്ങൾക്കിടയിലുള്ള (കൊക്കേസോയ്ഡ്, നീഗ്രോയ്ഡ്, മംഗൊളോയ്ഡ്, ആസ്ട്രലോയ്ഡ് എന്നീ പരമ്പരാഗത ഗ്രൂപ്പുകളും അവയുടെ ഇടയിലെ ഉപഗ്രൂപ്പുകളും) വ്യതിയാനം 14.6% മാത്രമാണ് എന്നുമാണ്. ഇതിൽ 8.3% വ്യതിയാനം ഉപഗ്രൂപ്പുകൾ തമ്മിലാണ്. അപ്പോൾ മനുഷ്യവംശങ്ങൾ എന്ന് വിശേഷിപ്പിക്കുന്നവ തമ്മിൽ 6.3% വ്യതിയാനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
ജനസമൂഹങ്ങളുടെ ജനിതക പഠനം എന്ന ശാഖയിലെ പ്രമാണികന്മാരിൽ ഒരാളാണ് സെവാൾ റൈറ്റ് (Sewall Wright). അദ്ദേഹം രൂപകൽപ്പന ചെയ്ത fixation index (FST) എന്ന സൂചിക ഇന്ന് ജനസംഖ്യാ-ജനിതകത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇതു പ്രകാരം FST 25% മോ അതിലേറെയോ ആയാൽ മാത്രമേ, ജീവശാസ്ത്രപരമായി വ്യത്യസ്തമായ ഒരു വംശം ആണെന്ന് പറയാന്‍ കഴിയൂ. മനുഷ്യനിൽ വിവിധ “വംശങ്ങൾ” തമ്മിലുള്ള വ്യത്യാസം 15% ത്തിൽ താഴെയായിരുന്നു. അതായത് ജീവശാസ്ത്രപരമായ അർത്ഥത്തിലുള്ള വംശങ്ങൾ അല്ല കൊക്കേസിയോഡും മംഗളോയ്ഡും മറ്റും.
നമ്മുടെ ജിനോം 99.9% ഒരേ പോലെയാണ്. മറ്റു സ്പീഷീസുകളെ അപേക്ഷിച്ച് നോക്കിയാല്‍ നമ്മളിൽ വ്യക്തികള്‍ തമ്മിലുള്ള വ്യതിയാനം വളരെ വളരെ കുറവാണ്. ജനിതകശാസ്ത്രജ്ഞര്‍ ഗവേഷണത്തിനുപയോഗിക്കുന്ന പഴയീച്ചകളിൽ (fruit fly) കാഴ്ച്ചയിൽ ഒരേ പോലെയിരിക്കുമെങ്കിലും നമ്മളേക്കാള്‍ പത്ത് മടങ്ങ് കൂടുതൽ വ്യതിയാനമുണ്ട്. ആഫ്രിക്കയിൽ ഏതാനും കുന്നുകളിൽ ഉള്ള ചിമ്പാൻസികൾക്കും ഗോറില്ലകൾക്കും ഇടയിൽ മനുഷ്യസമൂഹത്തിൽ ആകെയുള്ളതിനേക്കാൾ കൂടുതൽ വ്യതിയാനമുണ്ട്.
ചുരുക്കത്തിൽ, ചാതുർവർണ്യത്തിനും ‘അപ്പാർഥീഡിനും, നാസികളുടെ ആര്യൻ സിദ്ധാന്തങ്ങൾക്കും ഒന്നും ശാസ്ത്രീയമായ അടിത്തറയില്ല. തൊലിപ്പുറമേയുള്ള വ്യത്യാസങ്ങൾ പെരുപ്പിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുക മാത്രമാവയെല്ലാം ചെയ്തത്. മാനുഷരെല്ലാരുമൊന്നുപോലെ എന്നത് ഒരു കവിഭാവന മാത്രമല്ല, യഥാർത്ഥ്യമാണ്.
ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കുക: മനുഷ്യപൂർവികരുടെ ചരിത്രം
3 thoughts on “മാനുഷരെല്ലാരുമൊന്നുപോലെ – തന്മാത്രാ ജീവശാസ്ത്രം നൽകുന്ന തെളിവുകൾ”