Read Time:33 Minute

ഡോ.കെ.പി.അരവിന്ദന്‍

റിട്ട. പ്രൊഫസർ, പത്തോളജി വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളേജ്

മനുഷ്യന്റെ ഉത്പത്തിയും വളര്‍ച്ചയും  പരിണാമസിദ്ധാന്തത്തിന്റെയും തന്മാത്രാജീവശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ലേഖനത്തിന്‍റെ ഒന്നാം ഭാഗം. 

ജീവൻ എന്ന അത്ഭുതപ്രതിഭാസം

ലോകത്തിലെ ഏറ്റവും അത്ഭുതകരമായ പ്രതിഭാസങ്ങളിൽ ഒന്നാണ് ജീവൻ എന്നത്. കൂടുതൽ അറിയും തോറും കൂടുതൽ അത്ഭുതപ്പെടുത്തുന്ന ഒരു പ്രതിഭാസം. ജീവന്റെ അടിസ്ഥാനഘടകമായി കരുതപ്പെടുന്ന കോശത്തിന്റെ ഘടന പരിശോധിക്കുമ്പോൾ തന്നെ ഇത് അനുഭവപ്പെടും. ‘കരുതപ്പെടുന്ന’ എന്നു പറഞ്ഞതിന് കാരണമുണ്ട്. രാസപരമായ വീക്ഷണത്തിലൂടെ നോക്കുമ്പോൾ അമിനോ അമ്ലങ്ങൾ, ഡി.എന്‍.എ., പ്രോട്ടീനുകൾ എന്നിവ കൂടുതൽ മൗലികങ്ങളാണ്. പക്ഷെ ഇവയെ ഒന്നും നാം നേരിട്ടു കാണാറില്ല. നേരിട്ടു കാണുന്നത് ജീവികളെയാണ്. വെറും കണ്ണു കൊണ്ടു തന്നെ കാണാവുന്നതും മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാവുന്നതുമായ ജീവരൂപങ്ങളുണ്ട്. രോഗകാരികളായ വൈറസ്സുകളും ബാക്ടീരിയകളും മുതൽ അതിഭീമാകാരങ്ങളായ ആനയും തിമിംഗലവും വരെ. ഈ ജീവിവൈവിധ്യവും നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. എങ്ങനെ ഇവയൊക്കെ ഉണ്ടായി ? എങ്ങനെ നമ്മൾ, മനുഷ്യർ, ഉണ്ടായി? എന്ന ചോദ്യം മനുഷ്യർ ഉണ്ടായ കാലം മുതല്ക്കേ ചോദിച്ചിട്ടുണ്ട്.

മനുഷ്യർ ഉണ്ടായകാലം?

അപ്പോൾ മനുഷ്യർ ഇല്ലാത്ത കാലമുണ്ടായിരുന്നോ? ഉണ്ടായിരുന്നു എന്നു മാത്രമല്ല, അത് വളരെ നീണ്ടതുമായിരുന്നു. നമ്മുടെ ഈ ഭൂമി പരിണമിച്ചുണ്ടായിട്ട് ഏതാണ്ട് 450-460 കോടി കൊല്ലമായി. അതിൽ ആദ്യത്തെ ജീവരൂപങ്ങൾ പ്രത്യക്ഷപ്പെട്ടിട്ട് 350 കോടി കൊല്ലങ്ങളായി. ഏറ്റവും പഴയ പാറകളിൽ കാണുന്ന ഫോസ്സിലുകളിൽ നിന്നാണ് അവയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്. നമ്മെപ്പോലുള്ള മനുഷ്യജാതി രൂപം കൊണ്ടിട്ട് രണ്ടു ലക്ഷം കൊല്ലമേ ആയിട്ടുള്ളൂ! പണ്ടു ജീവിച്ചിരുന്ന ലക്ഷക്കണക്കിന് ജീവികൾ (ജന്തുക്കളും സസ്യങ്ങളും) ഇന്നില്ല. ഇന്നുപോലും വര്‍ഷം പ്രതി നൂറ്റുക്കണക്കിന് സസ്യ-ജന്തുക്കൾ കുറ്റിയറ്റു പോകുന്നുണ്ട്. ഇത്രയും വലിയ ജീവവൈവിധ്യം എങ്ങനെ ഉണ്ടായി? ഒരു കാലത്ത് ഉത്തരം കിട്ടാത്ത എല്ലാ ചോദ്യങ്ങള്‍ക്കും ‘ദൈവകൽപിതം’ എന്ന ഉത്തരം നല്‍കി ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു പതിവ്. എല്ലാ മതങ്ങളിലും ഉല്പകത്തി പുരാണങ്ങൾ ഉണ്ട്. ഹിന്ദുക്കള്‍ക്ക് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവുണ്ട്. ക്രിസ്ത്യാനികള്‍ക്ക് ആദവും ഹൗവ്വയും ഉണ്ട്. എന്നാൽ ഇങ്ങനെ ക്ലോസ് ചെയ്ത ഫയലുകൾ വീണ്ടും തുറക്കുകയും അന്വേ ഷണം തുടരുകയും ചെയ്തപ്പോൾ പലതിനും കൂടുതൽ തൃപ്തികരങ്ങളായ ഉത്തരങ്ങൾ കിട്ടി. അപ്പോൾ ആ പ്രക്രിയകളിൽ ബോധപൂര്‍വ്വമായി ഇടപെടാൻ നമുക്ക് കഴിയുമെന്ന നിലവന്നു. അങ്ങനെയാണ് കാട്ടുധാന്യങ്ങളിൽ നിന്ന് – ചോളം, ഗോതമ്പ്, നെല്ല്, ബാര്‍ലി…..മുതലായവയിനിന്ന്-ഇന്നു കാണുന്ന, നാം കൃഷി ചെയ്യുന്ന ധാന്യങ്ങൾ വേര്‍തിതരിച്ചെടുത്തത്, വികസിപ്പിച്ചെടുത്തത്. എന്നാൽ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് ഏതാണ്ട് നൂറ്റമ്പത് കൊല്ലം മുമ്പാണ്. ഈ അറിവിനുള്ള അടിത്തറ പാകിയത് ജീവപരിണാമത്തെപ്പറ്റിയുള്ള തന്റെ സിദ്ധാന്തത്തിലൂടെ ചാള്‍സ് ഡാര്‍വിന്‍ എന്ന ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം തന്റെ സിദ്ധാന്തം ലോകസമക്ഷം അവതരിപ്പിച്ചതിന്റെ 160-ാം വാര്‍ഷികമാണ് 2019. ഈ കഴിഞ്ഞ 160 കൊല്ലത്തിനുള്ളിൽ ജീവശാസ്ത്രത്തിൽ അത്ഭുതകരമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇന്ന് ജീവിച്ചിരിപ്പില്ലാത്ത, ഒരു തരം കുരങ്ങിൽ നിന്നാണ് ചിമ്പാന്‍സി, ഗോറില്ല മുതലായ മനുഷ്യ കുരങ്ങുകളും നമ്മെപ്പോലുള്ള മനുഷ്യരും പരിണമിച്ചുണ്ടായത് എന്ന് ഡാര്‍വിന്‍ സിദ്ധാന്തിച്ചപ്പോൾ, അദ്ദേഹത്തിന് നേരിടേണ്ടിവന്ന എതിര്‍പ്പും പരിഹാസവും ചെറുതായിരുന്നില്ല. അന്നു ഇടക്കാല ഘട്ടങ്ങളെക്കുറിച്ച് വളരെ പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ മനുഷ്യരും വാനരന്മാരും മാത്രമല്ല എല്ലാ ജീവരൂപങ്ങളും ഒരു ആദിമ ജീവരൂപത്തിൽ നിന്ന് പരിണമിച്ചുണ്ടായതാണ് എന്നതിന് ഇന്നു വേണ്ടുവോളം തെളിവുകൾ കിട്ടിയിട്ടുണ്ട്. ജീവവൈവിധ്യം പോലെ നമ്മെ കുഴക്കിയിരുന്ന മറ്റൊരു പ്രശ്‌നമാണ് മനുഷ്യരുടെ ഇടയിലുള്ള വൈവിധ്യം. മംഗോളിയന്മാർ, ദ്രാവിഡന്മാർ, നീഗ്രോകൾ, ഇന്തോ ആര്യന്മാർ, ആന്‍ഡമാനിസെ ആദിവാസികൾ, ആഫ്രിക്കയിലെ പിഗ്മികൾ. ഇവരെല്ലാം ഒരേ മനുഷ്യവര്‍ഗത്തില്‍ പെട്ടവരാണ് എന്ന് അംഗീകരിക്കാൻ ഭൂരിപക്ഷം പേര്‍ക്കും പ്രയാസമായിരുന്നു. എന്നാൽ ഇവ ഒരൊറ്റ മനുഷ്യജാതിയിൽ (സ്പീഷീസിൽ) പെട്ടവരാണ് എന്ന് നമുക്കറിയാം. മാത്രമല്ല ഈ മനുഷ്യജാതി പരിണമിച്ചുണ്ടായിട്ട് ഏതാണ്ട് രണ്ടുലക്ഷം കൊല്ലങ്ങളേ ആയിട്ടുള്ളൂ എന്നും നമുക്ക് അറിയാം. മനുഷ്യ സദൃശർ (ഹോമിനിഡുകൾ) അതിനു മുമ്പും ഉണ്ടായിട്ടുണ്ട്. നിവന്‍ന്നു നടക്കുന്ന വാനരന്മാരും ഉണ്ടായിട്ടുണ്ട്. എന്നാൽ അക്ഷരോച്ചാരണത്തോടു കൂടിയ ഭാഷയുള്ളവരും ഉപകരണങ്ങൾ ഉണ്ടാക്കുന്നവരുമായ, നമ്മെപ്പോലുള്ള മനുഷ്യർ ഉണ്ടായിട്ട് ഏതാണ്ട് രണ്ടുലക്ഷം കൊല്ലമേ ആയിട്ടുള്ളൂ.

മനുഷ്യപൂർവികരുടെ ചരിത്രം

ഇന്നത്തെ മനുഷ്യര്‍ക്കും മനുഷ്യക്കുരങ്ങന്മാര്‍ക്കും പൊതുവായ ഒരു പൂര്‍വിക(ൻ) ഉണ്ടായിരുന്നു എന്ന് ഡാര്‍വിൻ എഴുതിയപ്പോൾ ക്രൈസ്തവ മതവിശ്വാസികൾ അതിനെ ശക്തമായി എതിര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ നിഗമനം ശരിയാണെന്ന് തെളിയിക്കാൻ വേണ്ട കൃത്യമായ വിവരങ്ങൾ അന്നുണ്ടായിരുന്നില്ല. എന്നാൽ ഇന്നുണ്ട്. നിരവധിപേർ നടത്തിയ പര്യവേക്ഷണങ്ങളിൽ കൂടിയാണ് ഈ വിവരങ്ങൾ സംഭരിക്കപ്പെട്ടത്. മനുഷ്യസദൃശരുടെ പരിണാമം നടന്നത് ആഫ്രിക്കയിലാണ് എന്നായിരുന്നു ഡാര്‍വിൻ കരുതിയിരുന്നത്. എന്നാൽ ആഫ്രിക്കയിലല്ല ഏഷ്യയിലാണ് അത് നടന്നത് എന്ന അഭിപ്രായം ശക്തിപ്പെട്ടുവരാൻ തുടങ്ങി. മനുഷ്യക്കുരങ്ങുകള്‍ക്കും മനുഷ്യനും ഇടയിലുള്ള അര്‍ധമനുഷ്യരുടെ, നഷ്ടപ്പെട്ട കണ്ണിയുടെ, ഫോസിൽ അവശിഷ്ടങ്ങള്‍ക്കുള്ള അന്വേഷണം തകൃതിയായി ആരംഭിച്ചു. യൂജീൻ ദുബോയ് എന്ന പണ്ഡിതൻ തന്റെ അക്കാദമിക ജീവിതം വിട്ട് ഈ അന്വേഷണത്തിനായി ഇറങ്ങിത്തിരിച്ചു. മലയദ്വീപ് സമൂഹങ്ങളിൽ അദ്ദേഹം തന്റെ അന്വേഷണം കേന്ദ്രീകരിച്ചു. ഒരു തരം ചൂതാട്ടം തന്നെ ആയിരുന്നു അത്. പക്ഷെ അദ്ദേഹത്തിന് ഭാഗ്യമുണ്ടായിരുന്നു. ഇന്തോനേഷ്യയിലെ ജാവയിൽ നിന്ന് നാളിതുവരെ കണ്ടിട്ടില്ലാത്ത ഒരുതരം മനുഷ്യസദൃശ ജീവിയുടെ അസ്ഥികൂടം കണ്ടുകിട്ടി. ആ ജീവി ഇരുകാലുകളിൽ നിവര്‍ന്നു നടക്കുന്ന ഒന്നായിരുന്നു. ‘ജാവാ മനുഷ്യൻ’ എന്ന പേരിൽ ആ ജീവി പ്രഖ്യാതനായി. നരവംശ ശാസ്ത്രജ്ഞർ അതിനെ ‘ഹോമോ ഇറക്ടസ്’ എന്ന് വിളിക്കുന്നു. നിവര്‍ന്നു നടക്കുന്ന ‘മനുഷ്യ സദൃശൻ’ എന്നാണ് അതിന് അര്‍ഥം. എന്നാൽ കൂടുതൽ കൂടുതൽ അവശിഷ്ടങ്ങൾ ആഫ്രിക്കയിൽ നിന്ന് കണ്ടെത്താൻ തുടങ്ങി. അന്വേഷണ കേന്ദ്രം വീണ്ടും ആഫ്രിക്കയിലേക്ക് മാറി. ആഫ്രിക്കയിലെ ഒരു പ്രത്യേക പ്രദേശത്തു നിന്നാണ് ഏറ്റവും അധികം അവശിഷ്ടങ്ങൾ കിട്ടിയിട്ടുള്ളത്. മാപ്പു നോക്കുക.

ആഫ്രിക്ക-മനുഷ്യജാതിയുടെ ഈറ്റില്ലം

കിഴക്കൻ തീരത്തു നിന്ന് സ്വല്‍പം വിട്ടുമാറി വടക്ക് എത്യോപ്പ്യയിൽ നിന്ന് ആരംഭിച്ച് തെക്ക് കെനിയവരെ എത്തുന്ന ‘ഗ്രേറ്റ് റിഫ്ട് വാലി (വൻ വിള്ളൽ താഴ്‌വര- Great Rift Valley) എന്ന പേരിൽ അറിയപ്പെടുന്ന ഒരു താഴ്‌വാരമുണ്ട്. അവിടെ നിന്നു കണ്ടെടുത്ത ഫോസ്സിലുകളാണ് മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള ഇന്നത്തെ ധാരണകള്‍ക്ക് അടിസ്ഥാനം. അവിടെ ഖനനം നടത്തിയവരിൽ പ്രമുഖരും പ്രശസ്തരുമായിരുന്നു ലൂയി ലീക്കി-മേരി ലീക്കി ദമ്പതിമാർ. ഈ വൻ താഴ്‌വരയിൽ, ടാന്‍സാനിയയിലെ ഓള്‍ദുവായ് എന്ന സ്ഥലത്തെ മലയിടുക്കിലും അടുത്തുള്ള ലത്തോളി എന്ന സ്ഥലത്തുമാണ് അവർ ഏറെ ഖനനങ്ങൾ നടത്തിയത്. കുത്തനായുള്ള ഒരു പാറയിടുക്കാണ് ഓള്‍ദുവായ് (Olduvai). ആ പാറകളിൽ 25 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യപൂര്‍വികരുടെ ഫോസ്സിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവർ അക്കാലത്ത് ഉപയോഗിച്ചിരുന്ന പ്രാകൃത ശിലായുധങ്ങളുടെ അവശിഷ്ടങ്ങളും അവിടെ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഓള്‍ദുവാൻ (Oldowan) ഉപകരണങ്ങൾ എന്ന പേരിൽ അവ അറിയപ്പെടുന്നു. നമ്മുടെ മനുഷ്യസദൃശ പൂര്‍വികർ അന്നു മുതലേ ഉപകരണങ്ങൾ-ടൂളുകൾ-ഉപയോഗിച്ചിരുന്നതായി കണക്കാക്കാം. ലൂയി-മേരിമാരുടെ മകൻ റിച്ചാര്‍ഡ് ലീക്കിയും ഡൊണാള്‍ഡ് ജൊഹാന്‍സണും ആ പ്രദേശത്ത് ഖനനം തുടര്‍ന്നു . കെനിയയിലെ തുര്‍ക്കാന തടാകത്തിന് സമീപം റിച്ചാര്‍ഡും എത്യോപ്പ്യയിലെ അഫാർ പ്രദേശത്ത് ജൊഹാന്‍സണും നടത്തിയ ഖനനങ്ങൾ അതിപ്രധാനമായ പല ഫോസിലുകളും കണ്ടെടുക്കുന്നതിന് കാരണമായി.

ഇത്തരത്തിൽ കണ്ടെടുക്കുന്ന ഫോസിലുകളെ നാമകരണം ചെയ്യുന്ന ഒരു പദ്ധതിയുണ്ട്. അതിൽ ധാരാളമായി ഉപയോഗിക്കുന്ന ചില ഗ്രീക്-ലാറ്റിൻ പദങ്ങളുണ്ട്. ആസ്ത്രാൽ (austral) എന്നത് ലാറ്റിനിൽ തെക്ക് ദിശക്ക് ഉപയോഗിക്കുന്ന പദമാണ്. ആന്ത്രോപസ് (anthropus) എന്നതിന് ഗ്രീക്കിൽ മനുഷ്യൻ എന്നാണര്‍ത്ഥം. പിഥേക്കസ് (pithecus) എന്നതിന് മനുഷ്യക്കുരങ്ങ് എന്നും. മനുഷ്യനും മനുഷ്യക്കുരങ്ങിനും ഇടക്ക് ഇന്ന് നാമാവശേഷമായിത്തീര്‍ന്നിരിക്കുന്ന ഒരു ജീവി ഉണ്ടായിരുന്നിരിക്കണം എന്ന് പലരും വിശ്വസിക്കുന്നു. അതിനെ കുറിക്കാൻ ആന്ത്രോപ്പോപിഥേക്കസ് (anthropopithecus) എന്ന ഒരു പദവും ഉണ്ടാക്കിയിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു അര്‍ധമനുഷ്യന്റെ ഒരു ഫോസിലും ഇതേവരെ കിട്ടിയിട്ടില്ല. അങ്ങനെ ഒരു ജീവി ഉണ്ടായിരുന്നില്ല എന്നു തന്നെയാണ് ഇന്നത്തെ ശാസ്ത്രജ്ഞമതം. അതായത്, ഇന്നത്തെ മനുഷ്യകുരങ്ങന്മാർ, ചിമ്പാൻസിയും ഗോറില്ലയും മറ്റും, മനുഷ്യരുടെ പൂര്‍വികരല്ല. അവയില്‍ നിന്ന് പരിണമിച്ചുണ്ടായതല്ല മനുഷ്യൻ. രണ്ടുപേര്‍ക്കും പൊതുവായ ഒരു പൂര്‍വ്വിനകർ എത്രയോ ലക്ഷം കൊല്ലങ്ങള്‍ക്കു മുമ്പെ ജീവിച്ചിരുന്നു എന്നാണ് ഇന്നത്തെ ധാരണ.

വടക്കൻ ഛാഡിൽ (Chad) നടത്തിയ ഖനനങ്ങളിൽ നിന്ന് ഒരു സംഘം ഗവേഷകര്‍ക്ക് സാമാന്യേന കേടുപാടുകളൊന്നുമില്ലാത്ത ഒരു തലയോട്ടിയുടെയും മറ്റു ചില അവയവങ്ങളുടെയും ഫോസ്സിലുകൾ ലഭിക്കുകയുണ്ടായി. അതിന് 60-70 ലക്ഷം കൊല്ലത്തെ പഴക്കമുണ്ടായിരുന്നു. ഇന്നത്തെ മനുഷ്യരുടെയും മനുഷ്യക്കുരങ്ങന്മാരുടെയും പൊതുപൂര്‍വികൻ ആയിരിക്കും അത് എന്ന് പലരും പറഞ്ഞു. എന്നാൽ സര്‍വസമ്മതമായി അംഗീകരിക്കപ്പെട്ടിട്ടില്ല. അത് നിവര്‍ന്നു നടന്നിരുന്നുവോ എന്നു കൂടി ഉറപ്പില്ല. അതിന് ശാസ്ത്രജ്ഞർ കൊടുത്ത പേരാണ് സഹേല്‍ ആന്ത്രോപ്പസ് ഛാഡന്‍സിസ് (sahelanthropus tchadensis)

നഷ്ടപ്പെട്ട കണ്ണി

‘നഷ്ടപ്പെട്ട കണ്ണി’ എന്ന സങ്കല്പം ഒട്ടേറെ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്കിടയിട്ടുണ്ട്. പ്രത്യേകിച്ചും പരിണാമസിദ്ധാന്തത്തെ എതിര്‍ക്കുന്ന സൃഷ്ടിവാദികളുടെ ഭാഗത്ത് നിന്ന്. മനുഷ്യക്കുരങ്ങന്മാര്‍ക്കും മനുഷ്യര്‍ക്കും പൊതുവായ, വളരെ, വളരെക്കാലം മുമ്പു ജീവിച്ചിരുന്ന ഒരു പൂര്‍വ്വികൻ ഉണ്ടായിരുന്നു എന്നു കരുതാം. അവയിൽ നിന്ന് ഒരു ശാഖ ചിമ്പാന്‍സി, ഗോറില്ല മുതലായവയായും മറ്റൊന്ന് ‘മനുഷ്യ സദൃശ’ രായും പിരിഞ്ഞു വളര്‍ന്നു . പക്ഷെ ലക്ഷക്കണക്കിന് കൊല്ലങ്ങൾ കൊണ്ടാണ് അവ ഓരോന്നിനും ഇന്നത്തെ രൂപഭാവങ്ങൾ കൈവന്നിട്ടുള്ളത്. ചിമ്പാന്‍സിക്കും മനുഷ്യനും ഇടയ്ക്കുള്ള ‘നഷ്ടപ്പെട്ട കണ്ണി’ എന്ന ധാരണ അബദ്ധജടിലമാണ്. കാരണം പരിണാമസിദ്ധാന്ത പ്രകാരം പകുതി മനുഷ്യനും പകുതി ചിമ്പാന്‍സിയായും ആയ ഒരു ജീവി അസാധ്യമാണ്. മനുഷ്യസദൃശ ജീവികൾ (ഹോമിനിഡുകൾ) രൂപം കൊള്ളുന്നത് നിവര്‍ന്നു നിന്ന് രണ്ടുകാലിൽ നടക്കാൻ തുടങ്ങുന്നതിലൂടെയാണെന്നു പറയാം. രണ്ടു കൈകളും അങ്ങനെ സ്വതന്ത്രമായി. അതു ഉപയോഗിച്ച് കൂടുതൽ കൂടുതൽ നല്ല ടൂളുകൾ ഉണ്ടാക്കാം. ഉപകരണനിര്‍മാണത്തിൽ കയ്യിനും കണ്ണിനും സൂക്ഷ്മത വേണം. അവയുടെ ഏകോപിത പ്രവര്‍ത്തനം വേണം. കൂടുതൽ വലിയ മസ്തിഷ്‌കം, അതിജീവനക്ഷമത വര്‍ധിപ്പിക്കുന്നതിന് ഇത് സഹായകമായി. മസ്തിഷ്‌കവലുപ്പത്തിൽ തുടര്‍ച്ചയായി ഉണ്ടായ വര്‍ധനവിന്റെ പരിണതഫലമാണ് ചിന്തിക്കുന്ന മനുഷ്യൻ-ഹോമോ സാപിയന്‍സ്.

ഖനനം ചെയ്തുകിട്ടുന്ന ഫോസിൽ തുണ്ടുകളിൽ നിന്ന് അവ ഇരുകാലികളുടേതാണോ എന്ന് എങ്ങനെ നിശ്ചയിക്കാം? കാലുനോക്കിയല്ല, തലയോട്ടി നോക്കിയാണ് അവ നിശ്ചയിക്കുന്നത്. തലയോട്ടിയുടെ അടിഭാഗത്ത് സൂഷുമ്‌ന നാഡിക്ക് (സ്‌പൈനൽ കോര്‍ഡിന്) കടന്നു പോകാനായി ഒരു ദ്വാരമുണ്ട്. അതിന് ‘സുഷ്മ്‌നാദ്വാരം’, ‘വന്‍ദ്വാരം'(Foramen magnum) എന്നൊക്കെ പറയുന്നു. തലയോട്ടിയുടെ അടിഭാഗത്തുള്ള അതിന്റെ സ്ഥാനം, പിന്‍ഭാഗത്താണോ, മധ്യഭാഗത്താണോ എന്നത് (മുന്‍ഭാഗം മുഖവും താടിയും മറ്റുമാണ്) പ്രധാനമാണ്. നാലുകാലിന്മേൽ നടക്കുന്ന എല്ലാ ജീവികളിലും ഇത് പിന്‍ഭാ ഗത്തായാണ് കാണപ്പെടുന്നത്. എന്നാൽ രണ്ടു കാലിൽ നടക്കുന്ന എല്ലാ ജീവികള്‍ക്കും ഇത് മുന്നോട്ടു നീങ്ങി, ഏതാണ്ട് മധ്യത്തിന്റെ അടുത്താണ് കാണുന്നത്. അങ്ങനെ ഒരു തലയോട്ടി ലഭിച്ചാൽ അതിലെ സുഷുമ്‌നാ ദ്വാരത്തിന്റെ സ്ഥാനം നോക്കി അത് നാൽക്കാലിയുടേതാണോ, ഇരുകാലിയുടേതാണോ എന്നു പറയാൻ കഴിയും. അതുപോലെ തുടയെല്ലുകൾ ഉരോസ്ഥിയുമായി സന്ധിക്കുന്ന രീതി, കാലിന്റെ എല്ലുകളുടെ ആകൃതി, നട്ടെല്ലുകളുടെ ആകൃതി മുതലായവയും ഇരുകാൽ നടപ്പിനെക്കുറിച്ച് വിവരം തരുന്നതാണ്.

എത്യോപ്പ്യയിലെ അഫാർ പ്രദേശത്ത് ഡൊണാള്‍ഡ് ജൊഹാൻസൺ കണ്ടെടുത്ത പ്രസിദ്ധമായ ഒരു ഫോസിൽ ഉണ്ട്. ഒരു ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ ഫോസിലുകൾ അവിടെ കിട്ടിയിട്ടുണ്ട്. ഒരു സ്ത്രീയുടേതാണ് എന്നാണ് അനുമാനം. അതിന് ‘ലൂസി’ എന്ന പേര് നല്‍കി. ഏതാണ്ട് 30-32 ലക്ഷം കൊല്ലം മുമ്പ് ആണ് അത് ജീവിച്ചിരുന്നത്. പില്‍ക്കാലത്ത് ഇത്തരത്തിലുള്ള ജീവികളുടെ വളരെയേറെ ഫോസിലുകൾ കണ്ടെടുത്തിട്ടുണ്ട്. രണ്ടുകാലിൽ നടന്നവയായിരുന്നു അവയെല്ലാം. ഇവ ആസ്ത്രാലോപിഥേക്കസ് അഫാറന്‍സിസ് (Australopithecus Afarensis) എന്നു നാമകരണം ചെയ്യപ്പെട്ടു. ഇവയുടെ മസ്തിഷ്‌ക വ്യാപ്തം മനുഷ്യരുടെതിനേക്കാൾ കുറവായിരുന്നു. അതിനാൽ മസ്തിഷ്‌കം വലുതാകുന്നതിനു മുമ്പു തന്നെ ഇരുകാൽ നടത്തം ആരംഭിച്ചിരുന്നു എന്നു പറയാം. വാസ്തവത്തിൽ ഇരുകാൽ നടത്തം-അതിനാൽ സ്വതന്ത്രമാക്കപ്പെട്ട കൈകളുടെ പ്രവര്‍ത്തനം-മസ്തിഷ്‌ക വളര്‍ച്ചയെ സഹായിച്ചിട്ടുണ്ടാകണം. ലാത്തോളിയിൽ മേരി ലീക്കി കണ്ടുപിടിച്ച കാലടി അടയാളങ്ങള്‍ക്ക് ചിമ്പാന്‍സിയുടേതിനേക്കാൾ മനുഷ്യരുടേതിനോടായിരുന്നു സാദൃശ്യം. 36 ലക്ഷം കൊല്ലമാണ് അതിന്റെ പഴക്കമായി കണക്കാക്കിയിട്ടുള്ളത്. യഥാര്‍ത്ഥത്തിൽ അവ എന്തിന്റേതാണെന്ന് ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല. ആ പ്രദേശത്ത് ധാരാളമായി കാണുന്നത് ഇരുകാലിൽ നടക്കുന്ന, ചെറിയ മസ്തിഷ്‌കമുള്ള ലൂസിയുടെ തരത്തില്‍പ്പെട്ട ആസ്ത്രാലോപിഥേക്കസ് അഫാറന്‍സിസിന്റേതാണ്.

പരിണാമ വൃക്ഷം

ആസ്ത്രാലോ പിഥേക്കസ് അഫാറന്‍സിസിൽ നിന്ന് ഹോമോസാപിയന്‍സിലേക്ക് നയിച്ച ശാഖ ഹോമോ ഹൈഡൽബെര്‍ഗന്‍സിസില്‍ എത്തുന്നതിനു മുമ്പ് ആസ്ത്രാലോപിഥേക്കസ് ആഫ്രിക്കാനസ്, ഹോമോ ഹാബിലിസ്, ഹോമോഎര്‍ഗാസ്റ്റർ, എന്നിങ്ങനെയുള്ള വിവിധ രൂപങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. ഹോമോ ഹാബിലിസ് ഏതാണ്ട് 23 ലക്ഷം കൊല്ലം മുമ്പു മുതൽ 16 ലക്ഷം കൊല്ലം മുമ്പുവരെ ജീവിച്ചിരുന്നതായാണ് മതിപ്പ്. അതിനു മുമ്പുള്ള മനുഷ്യസദൃശജീവികളേക്കാൾ കൂടുതൽ സാദൃശ്യം ഇവയ്ക്ക് ഇന്നത്തെ മനുഷ്യനോടുണ്ടായിരുന്നു. അവ ഉപകരണങ്ങൾ ഉണ്ടാക്കിയിരുന്നു. പക്ഷെ ലളിതങ്ങളായിരുന്നു അവ. മൃഗങ്ങളെ വേട്ടയാടാനായിരിക്കില്ല അവ ഉപയോഗിച്ചിരുന്നത്. ചത്ത മൃഗങ്ങളിൽ നിന്ന് മാംസം മുറിച്ചെടുക്കാൻ വേണ്ടിമാത്രം. പിന്നീട് വന്ന ഹോമോ എര്‍ഗാസ്റ്ററിന്റെ മസ്തിഷ്‌കം ഹോമോ ഹാബിലിസിന്റേതിനേക്കാൾ കൂടുതൽ വലുതായിരുന്നു. ഇതും ഹോമോ ഇറക്ടസും ഒരേ സ്പീഷിസിന്റെ രണ്ടു വിഭാഗങ്ങൾ ആണെന്നു കരുതുന്നവരും ഉണ്ട്. 19 ലക്ഷം കൊല്ലം മുമ്പു മുതൽ 13 ലക്ഷം കൊല്ലം മുമ്പുവരെയാണ് അത് ജീവിച്ചിരുന്നത്. ഹോമോ ഇറക്ടസ് (നിവര്‍ന്നു നില്‍ക്കുന്ന മനുഷ്യന്‍) ദീര്‍ഘകാലം ഭൂമിയിൽ നിലനിന്നതായി കാണുന്നു. ഏറ്റവും ആദ്യത്തെ ഫോസിലുകള്‍ക്ക്ക്ക് 18 ലക്ഷം കൊല്ലം പഴക്കമുണ്ട്. അവയുടെ മസ്തിഷ്‌ക വ്യാപ്തം 850 സി.സി. മാത്രമേ വരുമായിരുന്നുള്ളൂ. ഏതാണ്ട് ഒരു ലക്ഷം കൊല്ലം മുമ്പുവരെ ആ സ്പീഷിസ് നിലനിന്നിരുന്നു. അപ്പോഴേക്കും മസ്തിഷ്‌ക വ്യാപ്തം 1100 സി.സി. ആയി വളര്‍ന്നിരുന്നു. ഈ ഹോമോ ഇറക്ടസാണ് ആധുനിക മനുഷ്യന്റെയും നിയാന്ദര്‍ഥാൽ മനുഷ്യന്റെയും നേർ പൂര്‍വികൻ എന്നു കരുതുന്നവർ ഉണ്ട്. ഹോമോ എര്‍ഗാസ്റ്ററും ഹോമോ ഇറക്ടസും ഉണ്ടാക്കിയിരുന്ന ശിലോപകരണങ്ങൾ കൂടുതൽ കാര്യക്ഷമങ്ങളായിരുന്നു. ഇത്തരം ശിലോപകരണങ്ങളെ അഷൂളിയൻ ടൂളുകൾ (acheulian tools) എന്നു വിളിക്കുന്നു. ലോകത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഇത്തരം ടൂളുകൾ കാണപ്പെടുന്നുണ്ട്. അതിനര്‍ഥം ഈ രണ്ടു സ്പീഷിസുകളും ലോകത്തെമ്പാടും ഉണ്ടായിരുന്നു എന്നതാണ്. തീയിനെ ആദ്യമായി മെരുക്കിയത് ഹോമോഇറക്ടസ് സ്പീഷിസുകളാണ്. പക്ഷെ ഇവര്‍ക്ക് യഥേഷ്ടം തീ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നുവോ എന്നു പറയാൻ പറ്റില്ല. ഹോമോ ഇറക്ടസിന്റെ പരമാവധി മസ്തിഷ്‌കവ്യാപ്തം 1100 സി.സി. ആയിരുന്നു. ഹോമോ സാപിയൻസിന്റെയും ഹോമോ നിയാന്ദര്‍ഥാലിയന്മാരുടെയും മസ്തിഷ്‌ക വ്യാപ്തം 1400 സി.സി. വരുമായിരുന്നു. ഇത് ഒരു കുതിച്ചുചാട്ടം തന്നെയാണ്. മസ്തിഷ്‌കത്തിന്റെ ഘടനയിലും ഗണ്യമായ മാറ്റം വരുകയുണ്ടായി.

ആധുനിക മനുഷ്യന്റെയും നിയാന്ദര്‍ഥാൽ മനുഷ്യന്റെയും ജന്മദേശം ആഫ്രിക്കയാണ്. അവയുടെ ഏറ്റവും പഴക്കം ചെന്ന അവശിഷ്ടങ്ങൾ കാണുന്നത് അവിടേയാണ്. ആഫ്രിക്കയിൽ നിന്ന് അവർ യൂറോപ്പിലേക്കും ഏഷ്യയിലേക്കും വ്യാപിച്ചു. ഈ വ്യാപനത്തിന്റെ കഥ അത്യന്തം ഉദ്വേഗപൂര്‍ണുമായ ഒരു ഇതിഹാസം തന്നെയാണ്. നിയാന്ദര്‍ഥാൽ മനുഷ്യരാണ് യൂറോപ്പിലെയും വടക്കേ ഏഷ്യയിലെയും തണുപ്പുള്ള പ്രദേശങ്ങളിലേക്ക് നീങ്ങാൻ ആദ്യം തുടങ്ങിയത്. അവരുടെ ശരീര പ്രകൃതം കൂടുതൽ തണുപ്പു താങ്ങാൻ കഴിയുന്നതായിരുന്നു. ഒരു വേള കൂടുതൽ കരുത്തരും.

ഏതാണ്ട് 1¼ – 2 ലക്ഷം കൊല്ലം മുമ്പാണ് നിയാന്ദര്‍ഥാലിയന്മാരും ക്രോമാഗ്‌നന്മാരും – അങ്ങനെയാണ് നമ്മെപ്പോലുള്ള ആധുനിക മനുഷ്യരെ വിളിക്കുന്നത് – രൂപം കൊണ്ടത്. ഏതാണ്ട് 30000-40000 കൊല്ലം മുമ്പ് നിയാന്ദര്‍ഥാലിയന്മാർ നാമവശേഷമായി. ആധുനിക മനുഷ്യരും നിയാന്ദര്‍ഥാലിയന്മാരും തമ്മിൽ ഇണ ചേര്‍ന്നിരുന്നോ? അവര്‍ക്ക് സന്തതികളുണ്ടായിട്ടുണ്ടോ? ഇല്ലെന്നാണ് DNA പഠനങ്ങൾ കാണിക്കുന്നത്. എന്നാൽ അവരുടെ സംസ്‌കാരത്തിൽ സാദൃശ്യമുണ്ടായിരുന്നു. രണ്ടു കൂട്ടരും മരിച്ചവരെ കുഴിച്ചിട്ടിരുന്നു. ആധുനിക മനുഷ്യർ ശവശരീരത്തോടൊപ്പം പലപ്പോഴും അവരുടെ ഉപകരണങ്ങളും ആഭരണങ്ങളും കൂടി അടക്കം ചെയ്തിരുന്നു. ഹോമോ സാപിയന്മാരെ മറ്റെല്ലാവരിൽ നിന്നു വേര്‍തിരിക്കുന്ന ഒരു സവിശേഷത അമൂര്‍ത്തമായി ചിന്തിക്കാനുള്ള കഴിവാണ്. അതുകൊണ്ടാണ് അവരെ ‘ചിന്തിക്കുന്ന മനുഷ്യർ’ – ഹോമോ സാപിയന്‍സ് സാപിയന്‍സ് – എന്നു വിളിക്കുന്നത്. ആധുനിക മനുഷ്യന്റെ ഉല്‍പ്പത്തിയെക്കുറിച്ച് രണ്ടു സിദ്ധാന്തങ്ങൾ ഉണ്ടായിരുന്നു. അവളുടെ പൂര്‍വഗാമിയായ ഹോമോ ഇറക്ടസ് ലോകത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടായിരുന്നല്ലോ.

ആധുനിക മനുഷ്യൻ, അവിടവിടെ പല പ്രദേശങ്ങളിലുമായി പരിണമിച്ചുണ്ടായി എന്നതാണ് ഒരു സിദ്ധാന്തം. ഓരോ പ്രദേശത്തും കാണുന്ന മനുഷ്യർ വ്യത്യസ്തതരം വംശ വിഭാഗങ്ങളായിത്തീരുന്നതിന് ഇതാണ് കാരണം എന്നവർ വാദിക്കുന്നു. എന്നാൽ നീഗ്രോകള്‍ക്കും മംഗോളിയര്‍ക്കും ദ്രാവിഡര്‍ക്കും ഇന്തോ ആര്യന്മാർക്ക്‌ (കൊക്കേഷ്യന്മാ്ർ) ഒക്കെ ഇടയിൽ നിറത്തിലും ആകാരത്തിലും ഉള്ള വൈജാത്യത്തേക്കാൾ എത്രയോ കൂടുതലാണ് അവ തമ്മിലുള്ള സാജാത്യം. ലോകത്തിന്റെ വിവിധ കോണുകളിൽ ഒരേ സ്പീഷിസില്‍പ്പെട്ടവർ രൂപം കൊണ്ടു എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. മാത്രമല്ല ആധുനിക മനുഷ്യരുടെ അവശിഷ്ടങ്ങളുടെ വിതരണം നോക്കിയാലും ഒരു കാര്യം കാണാൻ കഴിയും. 40000- 50000 കൊല്ലം പഴക്കമുള്ള അവശിഷ്ടങ്ങൾ ആഫ്രിക്കയിൽ മാത്രമേ കാണുന്നുള്ളൂ. മറ്റൊരിടത്തും കാണുന്നില്ല.

ആധുനിക മനുഷ്യൻ രൂപം കൊണ്ടത് ആഫ്രിക്കയിലാണെന്നും അവിടെനിന്ന് വ്യാപിച്ചവരാണ് ഇന്ന് ലോകത്തിന്റെ നാനാഭാഗത്തും കാണുന്ന, പ്രഥമ ദൃഷ്ടിയിൽ തികച്ചും വ്യത്യസ്തരായി കാണുന്ന, വിവിധ ജനവിഭാഗങ്ങൾ എന്നുമുള്ള ഈ ‘ആഫ്രിക്കോല്‍പ്പത്തി സിദ്ധാന്തമാണ് കൂടുതൽ യുക്തിയുക്തമായി കാണുന്നത്. എന്നാൽ ബഹു ഉല്‍പ്പത്തി സിദ്ധാന്തത്തെ പിന്താങ്ങുന്നവർ ഒട്ടേറെയുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ, വ്യത്യസ്ത പ്രദേശങ്ങളിലെ ജനങ്ങൾ ബുദ്ധിശക്തിയിലും മറ്റുകാര്യങ്ങളിലും വ്യത്യസ്തരായിരിക്കുമെന്ന് അവർ വാദിക്കുന്നു. ആഗോളതലത്തിൽ ‘ചാതുര്‍വര്‍ണ്യം’ (നാലല്ല, കൂടുതൽ വര്‍ണങ്ങൾ) സ്ഥാപിക്കുന്നതിന് ഈ സിദ്ധാന്തത്തെ അവർ ഉപയോഗിച്ചു. ആംഗ്ലോ സാക്‌സൺ ജനതയ്ക്ക് സര്‍വ്വപ്രാധാന്യം കല്‍പ്പിച്ചു കൊടുത്തു – നരവംശ ശാസ്ത്രത്തിലെ ബ്രാഹ്മണൻ. നീഗ്രോകൾ ഗ്രീക്ക് ബ്രാഹ്മണര്‍ക്കും ചിമ്പാന്‍സി‍ക്കും ഇടയിലുള്ള ഒരു ജീവിയാണത്രെ! ഇതിന്റെ തീവ്രമായ രൂപമാണ് ഹിറ്റ്‌ലറുടെ ആര്യ സിദ്ധാന്തവും നാസിസവും. ആഫ്രിക്കക്കാരെയും ഏഷ്യക്കാരെയും അധമവര്‍ഗങ്ങളായാണ് അവർ കരുതിയിരുന്നത്. ഇത്തരത്തിലൊരു സിദ്ധാന്തമില്ലാതെ തന്നെ അവർ അങ്ങനെ ആണ് പെരുമാറിയിരുന്നത്. സിദ്ധാന്തം അവര്‍ക്ക് ഒരു നീതീകരണമായി. യൂറോപ്യന്മാർ അമേരിക്കയിലും ആഫ്രിക്കയിലും നടത്തിയിട്ടുള്ള പാതകങ്ങൾ ഊഹിക്കാൻ പോലും പറ്റില്ല. അമേരിക്കയിൽ കോടിക്കണക്കിനാണ് അവിടത്തെ പൂര്‍വവാസികളെ കൊന്നത്. 16-17-ാം നൂറ്റാണ്ടിൽ മഹത്തായ സംസ്‌കാരങ്ങളുടെ ഭൂഖണ്ഡമായിരുന്നു ആഫ്രിക്ക. പല രാജ്യങ്ങളും അന്നത്തെ യൂറോപ്യൻ രാജ്യങ്ങളേക്കാൾ പരിഷ്‌കൃതമായിരുന്നു. എന്നാൽ കൂടുതൽ ശക്തമായ ആയുധങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിന് ആഫ്രിക്കൻ വംശജരെ അടിമകളാക്കി. മൃഗങ്ങളോട് പെരുമാറുന്ന അതേ രീതിയിലായിരുന്നു അവരോട് പെരുമാറിയത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫിലിപ്പീന്‍സിൽ നടന്ന യുദ്ധത്തിൽ തദ്ദേശവാസികളെ മൃഗീയമായി കൊല ചെയ്തതിനെ ന്യായീകരിച്ച് അമേരിക്കൻ സെനറ്റിൽ സെനറ്റർ ബെവറിഡ്ജ് പറഞ്ഞു: അപരിഷ്‌കൃതരായ ഈ അര്‍ധമനുഷ്യരോട് ഇങ്ങനെ മാത്രമേ പെരുമാറാൻ പറ്റൂ. കപടശാസ്ത്രസിദ്ധാന്തങ്ങളിലൂടെ തങ്ങൾ ചെയ്യുന്ന എല്ലാ ക്രൂരകൃത്യങ്ങളെയും ന്യായീകരിക്കാൻ യൂറോപ്യന്മാരും അമേരിക്കക്കാരും ശ്രമിച്ചു. ഡാര്‍വിനിസത്തെപ്പോലും ഇതിനായി അവർ വളച്ചൊടിച്ചു. അര്‍ഹിക്കുന്ന അവജ്ഞയോടെ ഈ കപട സിദ്ധാന്തങ്ങൾ തള്ളിക്കളയുകയും അതിന്റെ പ്രചാരകരെ ഒറ്റപ്പെടുത്തുകയും വേണം.

ഈ ലേഖനത്തിന്റെ രണ്ടാം ഭാഗത്തില്‍ തന്മാത്രാജീവശാസ്ത്രത്തിന്റെ (molecular biology) മേഖലയിലെ കണ്ടെത്തലുകള്‍ വായിക്കാം.


ചിത്രങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ ചിത്രങ്ങളെല്ലാം Creative Commons Licence ഉള്ളവയാണ്. 

Happy
Happy
44 %
Sad
Sad
0 %
Excited
Excited
39 %
Sleepy
Sleepy
0 %
Angry
Angry
6 %
Surprise
Surprise
11 %

3 thoughts on “മാനുഷരെല്ലാരുമൊന്നുപോലെ – മനുഷ്യപൂർവികരുടെ ചരിത്രം

Leave a Reply

Previous post നാളെയാവുകിൽ ഏറെ വൈകീടും – ഭൗമ ഉച്ചകോടിയിലെ ഫിദൽ കാസ്ട്രോ നടത്തിയ പ്രഭാഷണം
Next post ഹൈഡ്രജന്‍ തൊട്ടു തുടങ്ങാം – ഒരു ദിവസം ഒരു മൂലകം
Close