ചൂടുകാലം. കടയിലെ എ. സി. ഒക്കെ തീർന്നു എന്നും കേൾക്കുന്നു. ഒന്നര ടണ്ണിന്റെ എ. സി.യൊന്നും പോരാ രണ്ടു ടണ്ണിന്റെ വേണം എന്നൊക്കെയാ പലരും പറയുന്നത്. എന്താണ് ഈ ടൺ എന്നു വല്ല പിടിയുമുണ്ടോ?
ഏറെ രസകരമാണ് ഈ ടണ്ണിന്റെ കഥ! കഥ നടക്കുന്നത് ഇന്നൊന്നുമല്ല, ഏറെക്കാലം പുറകിലോട്ടുപോണം. 1800കളിലേക്ക്.
അന്ന് ഇന്നത്തെ പോലെയുള്ള എയർകണ്ടീഷൻ സിസ്റ്റം ഒന്നും ഉണ്ടായിരുന്നില്ല. ചൂടുകാലത്ത് പക്ഷേ ചൂട് സഹിക്കാനും വയ്യ! ചിലർ അതിനൊരു സൂത്രം കണ്ടുപിടിച്ചു. വലിയ ഐസ്‌ബ്ലോക്കുകൾ ഉപയോഗിച്ച് മുറി തണുപ്പിക്കുക. മുറിയിൽ അനുയോജ്യമായ സ്ഥലത്ത് വലിയ ഐസ്‌ബ്ലോക്കുകൾ സ്ഥാപിക്കുക. ഐസ് ഉരുകാനുള്ള ചൂട് മുറിയിൽനിന്നും വലിച്ചെടുക്കും. മുറി തണുക്കും. വേനൽക്കാലത്ത് ഈ ഐസിന് എന്തു ചെയ്യും എന്നാണോ? അതിനും വഴി കണ്ടെത്തിയിരുന്നു. മഞ്ഞുറഞ്ഞുകിടക്കുന്ന ഇടങ്ങളിൽനിന്നും ഐസ് മുറിച്ചെടുത്ത് ചൂടുള്ളയിടങ്ങളിലേക്ക് എത്തിക്കുക. അല്ലെങ്കിൽ മഞ്ഞുകാലത്ത് ഐസ് ശേഖരിച്ച് ചൂടുകാലത്തേക്ക് കരുതിവയ്ക്കുക. മഞ്ഞുകാലത്ത് ശേഖരിക്കുന്ന ഐസ് ഉരുകാതെ സൂക്ഷിക്കാനുള്ള വലിയ സംവിധാനങ്ങളും വ്യാപകമായിരുന്നു. വലിയ സൂക്ഷിപ്പുകേന്ദ്രങ്ങളിൽ ഏതാനും മാസങ്ങളോളം ഐസ് ഉരുകിപ്പോവാതെ സൂക്ഷിച്ചിരുന്നത്രേ അന്ന്. മഞ്ഞുപ്രദേശങ്ങളിൽനിന്നും ശേഖരിക്കുന്ന ഐസ് വലിയ കപ്പലുകളിലും തീവണ്ടികളിലും ഒക്കെ മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു. ബൃഹത്തായ ഒരു വ്യവസായമായിരുന്നു മഞ്ഞുശേഖരണവും വിതരണവും. ഐസ്‌വ്യാപാരികളിൽനിന്നും വലിയ ഐസ്‌ബ്ലോക്കുകൾ വാങ്ങി വീട്ടിലെ എയർകൂളിങ് സംവിധാനത്തിനായി ഉപയോഗിക്കുകയായിരുന്നു അന്നത്തെ ശീലം. വീടുശീതീകരണം ഐസ് വ്യവസായത്തിന്റെ ഒരു മേഖല മാത്രമായിരുന്നു കേട്ടോ. മറ്റു നിരവധി ആവശ്യങ്ങൾക്കായി അന്ന് ഐസ് ഉപയോഗിച്ചിരുന്നു. ഭക്ഷണം തണുപ്പിക്കാനും സൂക്ഷിക്കാനും ആളുകൾ വ്യാപകമായി ഐസ് വാങ്ങിയിരുന്നു.
ശീതീകരണത്തിനായി ടൺ കണക്കിനു ഭാരമുള്ള വലിയ മഞ്ഞുപലകകളാണ് വിറ്റിരുന്നത്. ഒരു ടൺ ഐസ് ഉണ്ടെങ്കിൽ ഒരു ദിവസത്തേക്ക് ഉപയോഗിക്കാം. ഒരു മീറ്റർ ഉയരവും നീളവും വീതിയുമുള്ള വെള്ളം ഐസാക്കിയാൽ കിട്ടുന്നത്. അതാണ് ഒരു ടൺ ഐസ്.
ഐസായിക്കഴിയുമ്പോൾ വലിപ്പം അല്പം കൂടും എന്നുമാത്രം. ഐസ് ഉരുകണമെങ്കിൽ മുറിയിൽനിന്നും ചൂട് വലിച്ചെടുത്തേ തീരൂ. ഒരു ടൺ ഐസിനെ ഉരുക്കണമെങ്കിൽ ഏതാണ്ട് 300മെഗാജൂൾ ഊർജം വേണം! (കൃത്യമല്ല. ഇതിലും കൂടുതൽവേണം. കണക്കിനൊരു എളുപ്പത്തിൽ ഇങ്ങനെ ഇട്ടു എന്നേയുള്ളൂ.) ചൂട് ഊർജം തന്നെ. ഒരു ദിവസംകൊണ്ട് അത്രയും ചൂട് വലിച്ചെടുത്ത് പുറത്തുകളയുന്ന എ. സി.യുടെ കപ്പാസിറ്റിയാണ് 1ടൺ! ചുരുക്കിപ്പറഞ്ഞാൽ 1000കിലോ ഐസ് മുഴുവൻ ഉരുക്കാനാവശ്യമായ ചൂട് വലിച്ചെടുക്കാൻ കഴിയുന്ന എ. സി. ഒരു ടൺ എ.സി.യാണ്!
ഒരു ദിവസംകൊണ്ട് ഇത് ഉരുകിത്തീരും എന്നിരിക്കട്ടെ. ( 300/24=12.5 )ഓരോ മണിക്കൂറിലും 12.5മെഗാജൂൾ ഊർജം ഐസ് മുറിയിൽനിന്നും വലിച്ചെടുക്കും.
ഇനി ഇതിന് എത്ര വൈദ്യുതി എടുക്കും എന്നറിയണോ?
ഒരു ജൂൾ ഊർജം ഒരു സെക്കന്റുകൊണ്ട് വലിച്ചെടുത്തു പുറത്തുകളയാൻ ഒരു വാട്ട് പവർ വേണം.
12.5മെഗാ ജൂൾ എന്നാൽ (12.5 x 1000000)ജൂൾ മാത്രം!
ബാക്കി കണക്ക് നിങ്ങൾതന്നെ കൂട്ടിക്കോളൂ. നല്ല ചൂട്. ഞാൻ പോയി ഒരു ഗ്ലാസ് വെള്ളം കുടിക്കട്ടെ!
ഒരു മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാൻ ഒരു ടൺ എസി ഏകദേശം 3.5 മുതൽ 4 യൂണിറ്റ് വരെ വൈദ്യുതി എടുക്കും. 24 മണിക്കൂർ അത്തരം ഒരു എസി തുടർച്ചായി പ്രവർത്തിപ്പിച്ചാൽ 96 യൂണിറ്റ് വൈദ്യുതിയോളം വേണ്ടിവരും. തുടർച്ചയായി അങ്ങനെ പ്രവർത്തിക്കാറില്ല എന്നതിനാൽ ഇതിനെക്കാളും കുറച്ചുകൂടി കുറവ് വൈദ്യുതിയേ യഥാർത്ഥത്തിൽ വരൂ. എന്നാൽ പീക്ക് അവറുകളിൽ കേരളത്തിലെ ലക്ഷക്കണക്കിനു വീടുകളിൽ എ സി ഉപയോഗിച്ചാലോ?, നമ്മൾ കരുതുന്നതിലും കൂടുതൽ വൈദ്യുതിയാവും അത്. എ സികളുടെ ഉപഭോഗം കൂടുമ്പോൾ വേനൽക്കാലത്ത് വൈദ്യുതഗ്രിഡുകൾക്ക് താങ്ങാനാവുന്നതിലും കൂടുതൽ വൈദ്യുതിയെ കൈകാര്യം ചെയ്യേണ്ടിവരും.
മുറി തണുത്തു കഴിഞ്ഞാൽ പിന്നെ ആദ്യം ഉണ്ടായിരുന്ന അത്രയും ചൂട് വലിച്ചെടുക്കാൻ ഉണ്ടാകില്ലല്ലോ അങ്ങനെ വരുമ്പോൾ ചൂടായിരുന്ന മുറി യിൽ ആദ്യം എടുത്ത അത്രയും ഊർജ്ജം വേണ്ടിവരുമോ പിന്നീട് തണുത്തിരിക്കുന്ന അവസ്ഥയിൽ ആ മുറി വീണ്ടും തണുപ്പിക്കുവാൻ? എല്ലാ മണിക്കൂറിലും ഒരേ അളവിൽ തന്നെ വൈദ്യുതി അല്ലെങ്കിൽ ഊർജ്ജം ഉപയോഗം ഉണ്ടാകുമോ; അതോ അത് ക്രമനുഗതമായി താഴ്ന്നു വരുമോ?