ഇന്ത്യയിൽ അക്കാദമിക സ്വാതന്ത്ര്യം അപകടാവസ്ഥയിലോ ?
‘അക്കാദമിക സ്വാതന്ത്ര്യ’ത്തിന്റെ ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമാണെന്ന ചർച്ച പൊതുമണ്ഡലത്തിൽ കുറെ നാളുകളായി സജീവമായിരുന്നുവെങ്കിൽ, ആ വിലയിരുത്തലിനെ സർവ്വാത്മനാ അടിവരയിടുന്ന തരത്തിലുള്ള വിവരങ്ങളാണ് അടുത്തകാലത്തെ ചില പഠനങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്..
ഡോ.വി.എൻ.ജയചന്ദ്രൻ എഴുതുന്നു…
മാറുന്ന കാലത്തിന്റെ കടമകൾ ഏറ്റെടുക്കാൻ പര്യാപ്തമായ തലമുറയെ വാർത്തെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു ചുരുക്കിപ്പറയാം. ആധുനികവും പരിഷ്കൃതവുമായ ഒരു സമൂഹത്തെ വിഭാവന ചെയ്തുകൊണ്ട് ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തിയപ്പോൾ, അതിൽ വിദ്യാഭ്യാസരംഗത്തെക്കുറിച്ച് പറഞ്ഞത് ഈ ലക്ഷ്യസാക്ഷാൽക്കാരത്തിന് അനുയോജ്യമായിട്ടാണ്. ജ്ഞാനോൽപ്പാദനം, ജ്ഞാനസമ്പാദനം, വിജ്ഞാനവിനിമയം എന്നിവയിലുടെയും വിദ്യാഭ്യാസമണ്ഡലത്തിന്റെ ജനാധിപത്യവൽക്കരണത്തിലൂടെയുമാണ് ഈ ലക്ഷ്യം സാക്ഷാൽക്കരിക്കേണ്ടത്. സർഗാല്മകത അഥവാ സൃഷ്ടിപരത, വിമർശനല്മക ചിന്ത, ബഹുസ്വരത, ഭരണഘടനമൂല്യങ്ങളോടുള്ള കൂറ്, അധ്യാപനത്തിനും പഠിക്കാനും അനുയോജ്യമായ അന്തരീക്ഷം, അക്കാദമിക് രംഗത്ത് സ്വയംഭരണ സംവിധാനങ്ങൾ ഇവയെല്ലാം അനിവാര്യഘടകങ്ങളാണ്. ഇതിനെല്ലാം മുന്നുപാധിയായി വർത്തിക്കേണ്ടത് അക്കാദമിക സ്വാതന്ത്രമാണ്. പുതിയ വിദ്യാഭ്യാസ നയത്തിലും (NEP) ഇതൊക്കെ ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിലും പ്രഖ്യാപനങ്ങളും പ്രയോഗവും തമ്മിലുള്ള ബന്ധം നാൾക്കുനാൾ ദുർബലമാകുന്നതായി വിലയിരുത്താം.
സുപ്രധാനഘടകമായ ‘അക്കാദമിക സ്വാതന്ത്ര’ത്തിന്റെ ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമാണെന്ന ചർച്ച പൊതുമണ്ഡലത്തിൽ കുറെ നാളുകളായി സജീവമായിരുന്നുവെങ്കിൽ, ആ വിലയിരുത്തലിനെ സർവ്വാത്മനാ അടിവരയിടുന്ന തരത്തിലാണ് അടുത്തകാലത്ത് ചില പഠനങ്ങൾ പുറത്തുവന്നിരിക്കുന്നത്..
വിവിധ രാജ്യങ്ങളിലെ 2500 വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി സ്വീഡനിലെ V-Dem Institute of the University of Gothenburg തയ്യാറാക്കുന്ന ‘അക്കാദമിക സ്വാതന്ത്ര്യ സൂചിക; (Academic Freedom Index) അക്കാദമിക് സ്വാതന്ത്രത്തിന്റെ ആഗോളനില മനസ്സിലാക്കുവാൻ പൊതുവിൽ ആശ്രയിക്കുന്ന വിലയിരുത്തലാണ്. അധ്യാപനത്തിനും ഗവേഷണത്തിനുമുള്ള സ്വാതന്ത്ര്യം, രാജ്യത്തിനും പുറത്തുമുള്ള പഠനഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളും പങ്കാളിത്തവും, സ്വയംഭരണാവകാശം, കാമ്പസുകളുടെ സമഗ്രതയും അന്തസ്സും, അക്കാദമിയവും സാംസ്കാരികവുമായ പ്രകാശനത്തിനുള്ള സ്വാതന്ത്ര്യം എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കാദമിക സൂചിക നിർണ്ണയിക്കുന്നത്. 2022 ലെ സൂചിക അനുസരിച്ച് അക്കാദമിക സ്വാതന്ത്രത്തിൽ ഏറ്റവും പിന്നിൽനിൽക്കുന്ന നാല് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. 1900 മുതൽ സ്വാതന്ത്രപ്രാപ്തിവരെയുള്ള കാലത്ത് സൂചിക താഴ്ന്ന നിലയിൽ തുടരുകയായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയോടുകൂടി സൂചികയിലുണ്ടായ പൊടുന്നനേയുള്ള വളർച്ച മൂന്നിരട്ടിയായിരുന്നു. 1970 കളിലെ അടിയന്തിരാവസ്ഥയുടെ സാഹചര്യത്തിൽ ഏതാനും വർഷങ്ങളിലേക്ക് അത് താഴേക്ക് നീങ്ങിയത് മാറ്റിനിർത്തിയാൽ, 2010 വരെ എല്ലാ ദശകങ്ങളിലും ആ നിലയിൽനിന്നും പിന്നോട്ടുപോകാതെ കാത്തു.
എന്നാൽ, കഴിഞ്ഞ ദശകത്തിൽ ഏതാണ്ട് സ്വാതന്ത്ര്യപൂർവ്വ അവസ്ഥയിലേക്ക് ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ രംഗത്തെ അക്കാദമിക് സ്വാതന്ത്ര്യം ഇടിഞ്ഞുപോയതായി റിപ്പോർട്ട് വെളിവാക്കുന്നു.
ഇന്ത്യയിലെ അക്കാദമിക സ്വാതന്ത്ര്യത്തിന്റെ തകർച്ച വിവരിക്കുന്ന ശ്രദ്ധേയമായൊരു തൽസ്ഥിതി റിപ്പോർട്ട് (Status Report – 2020) വന്നിട്ടുണ്ട് (https://www.theindiaforum.in/article/academic-freedom-india). അക്കാദമിക സ്വാതന്ത്ര്യ-നിലയെക്കുറിച്ച് മനസ്സിലാക്കുന്നതിന് നിയോഗിക്കപ്പെട്ട ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിക്കുമുൻപായി സമർപ്പിക്കുന്നതിന് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസർ നന്ദിനി സുന്ദറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്. വിദ്യാർത്ഥികളും ഗവേഷകരും അദ്ധ്യാപകരും നേരിടുന്ന പ്രശ്നങ്ങളെ പട്ടികകളായി വിവരിക്കുന്നതാണ് റിപ്പോർട്ട്.
അടുത്ത കാലത്ത് ഇന്ത്യയുടെ അക്കാദമിക് മണ്ഡലം സാക്ഷ്യം വഹിച്ച അപകടകരവും ദൂരവ്യാപകപ്രഭാവമുള്ളതുമായ പ്രവണതകളെയും സംഭവങ്ങളെയും രാഷ്ട്രീയ, സാമൂഹ്യ, മനുഷ്യാവകാശ ഭരണഘടനാ പ്രശ്നങ്ങളെന്ന നിലയിലാണ് മിക്കപ്പോഴും സമീപിക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുള്ളത്. അതിൽ അനൗചിത്യമില്ലെങ്കിലും, പ്രഥമമായി അവയൊക്കെ അവയൊക്കെ വിദ്യാഭ്യാസമണ്ഡലത്തിന്റെ ജനാധിപത്യവൽക്കരണത്തെയും അക്കാദമിക സ്വാതന്ത്രത്തെയുമാണ് ഹനിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നനിലയിൽ ക്രോഡീകരിച്ച് അവതരിപ്പിച്ചുവെന്നതാണ് ഈ റിപ്പോർട്ടിന്റെ പ്രസക്തി.
ആറു പട്ടികകൾ
1.വർഗ്ഗീയ ഫാസിസ്റ്റു സംഘടനകളുടെ താല്പര്യപ്രകാരം ഒഴിവാക്കപ്പെട്ട ശ്രദ്ധേയമായ രചനകളെയും പുസ്തകങ്ങളെയുംകുറിച്ചാണ് ഒന്നാമത്തെ പട്ടികയിൽ പറയുന്നത്. ഒഴിവാക്കപ്പെട്ടവയിൽ മൗലാന അബ്ദുൾകലാം ആസാദ്, മഹാശ്വേതാദേവി, എ.കെ രാമാനുജം, ബിബിൻ ചന്ദ്ര, കാഞ്ച ഐലയ്യ, അരുന്ധതി റോയ് തുടങ്ങിയവരുടെ രചനകളും പെടുന്നു.,
2.കാമ്പസുകളിലെ സെമിനാറുകൾ, യോഗങ്ങൾ, മറ്റു പൊതുപരിപാടികൾ എന്നിവക്ക് അനുമതി നിഷേധിക്കപ്പെടുന്നതിന്റെയും , അലങ്കോലപ്പെടുത്തുന്നതിന്റെയും വിവരണമാണ് പട്ടിക രണ്ടിൽ. 2014 വരെ, കാശ്മീർപോലുള്ള വിഷയങ്ങളിന്മേലുള്ള അക്കാദമിക് സംവാദങ്ങളോട് മാത്രമായിരുന്നു ഇത്തരമൊരു അസഹിഷുതയെങ്കിൽ, ഇപ്പോൾ ജനാധിപത്യം, ഭരണഘടനമൂല്യങ്ങൾ, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന വേദികളൊന്നും അനുവദിക്കില്ലെന്ന പ്രവണത ശക്തമായതായി ദൃഷ്ടാന്തങ്ങളോടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
3. സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്തൂകയും സുപ്രധാന ദേശീയപ്രശ്നങ്ങളിൽ പ്രതികരിക്കുകയും ചെയ്ത പ്രൊഫ.ജി എൻ സായിബാബ, പ്രൊഫ.ഷോമ സെൻ, സുധ ഭരദ്വാജ്, ആനന്ദ് തെൽതുംബ്‌ഡെ തുടങ്ങിയ ആദരണീയരായ അക്കാദമീയരെയും വിദ്യാർത്ഥികളെയും രാജ്യദ്രോഹകുറ്റം വരെ ചുമത്തി തടവിലാക്കുന്നത്തിന്റെയും അവിടെ ചികിത്സാസൗകര്യങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കുന്നതിന്റെയും പട്ടികയാണ് മൂന്നാമത്തേത്. എൽഗാർ പരിഷത്ത് കേസുമായും പൗരത്വബിൽ- സംവാദവുമായും ബന്ധപ്പെട്ട് മാത്രം ധാരാളം ലോകോത്തരരായ അക്കാദമികർ അറസ്റ്റിലാവുകയും തടവിലാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും പലർക്കും ജാമ്യം കിട്ടിയിട്ടില്ലെന്നും ഇതോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്.
4. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെതിരെ നടന്ന ശാരീരിക ആക്രമണങ്ങൾ വിവരിക്കുന്ന പട്ടിക നാലിൽ കർണാടകത്തിലെ ഹമ്പി സർവ്വകലാശാല വൈസ് ചാൻസലറായിരുന്ന എം എം കൽബുർഗിയുടെ വധവും ഒരു വിഭാഗം വിദ്യാർഥിസംഘടനാപ്രവർത്തകരുടെ മർദ്ദനത്തെത്തുടർന്ന് മരിച്ച പ്രൊഫസർ എച്ച് എസ് സബർവാളും വിവിധ കാമ്പസുകളിലെ വിദ്യാർത്ഥികൾ നേരിട്ട ശാരീരിക ആക്രമണങ്ങളും അടങ്ങിയിട്ടുണ്ട്.
5. സങ്കുചിത രാഷ്ട്രീയകാരണങ്ങളാൽ ജോലിയിൽനിന്ന് പിരിച്ചുവിട്ട മാഗ്‌സാസെ അവാർഡ് ജേതാവ് പ്രൊഫ.സന്ദീപ് പാണ്ഡെ (ബനാറസ് യൂണിവേഴ്‌സിറ്റി), പ്രൊഫ.അമിത് സെൻ ഗുപ്ത (IIMC , ഡൽഹി) തുടങ്ങിയവരുടെയും സമാനകാരണങ്ങളിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട അധ്യാപകരുടെയും പട്ടികയാണ് അഞ്ചാമത്തേത്. വിവിധ വിഷയങ്ങളിൽ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുകയും പ്രതികരിക്കുകയും ചെയ്തത്തിന്റെ പേരിൽ പുറത്ത്താക്കപ്പെടുകയോ സസ്‌പെൻഷന് വിധേയരാകുകയോ ചെയ്ത വിദ്യാർത്ഥികളുടെ വിവരങ്ങളുമുണ്ട്..
6. വിദേശവിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ഇന്ത്യയിൽ പഠനഗവേഷണപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ തടസ്സങ്ങളും വിലക്കുകളും വിസാ-നിഷേധവും വർദ്ധിക്കുന്നതാണ് ആറാമത്തെ പട്ടികക്ക് ആധാരം. ഇതിന് ഇരയാകുന്നവരിൽ പലരും അക്കാദമിക് ഭാവിയെയും സുരക്ഷിതത്വത്തെയും പരിഗണിച്ച് തുറന്നുപറയാൻ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വർഗീയ ഫാസിസ്റ്റ് സംഘടനകളുടെ ഭീഷണിമൂലം ലഭ്യമായജോലിക്ക് ചേരാൻ കഴിയാത്തവരുടെയും രാജിവെച്ചവരുടെയുംകൂടി വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മേൽ പട്ടികകളിൽ ഉൾപ്പെടുത്താൻ വിട്ടുപോയിട്ടുള്ള സംഭവങ്ങൾ ഉണ്ടാകാം. ദൗർഭാഗ്യകരമായ ഇത്തരം അനുഭവങ്ങൾക്ക് ഇനിയും വിദ്യാഭ്യാസരംഗം സാക്ഷ്യം വഹിക്കേണ്ടിവരുന്ന സാഹചര്യവുമുണ്ട്. അവയൊക്കെ എപ്പോഴും, ആർക്കും പട്ടികയിൽ കൂട്ടിച്ചേർക്കാവുന്ന സൗകര്യവുംകൂടി റിപ്പോർട്ട് തയ്യാറാക്കിയവർ ഏർപ്പാടാക്കിയിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് [email protected] എന്ന വിലാസത്തിൽ വേണ്ട ഭേദഗതികൾ എഴുതി അറിയിക്കാവുന്നതാണ്.
LUCA TALK – അവഗണിക്കപ്പെടുന്ന ഇന്ത്യൻശാസ്ത്രമേഖല : ശാസ്ത്രഗവേഷണമേഖലയിലെ ഫണ്ടിംഗ്
LUCA TALK – ഇന്ത്യൻ ശാസ്ത്ര ഗവേഷണ ഫണ്ടിങ്ങിന്റെ ദുരവസ്ഥ
മമമ