പ്രൊഫ. (ഡോ.) സി. ജി. രാമചന്ദ്രൻ നായർ
റിട്ട. പ്രൊഫസർ, രസതന്ത്രവിഭാഗം, കേരള സർവകലാശാല, തിരുവനന്തപുരം (മുൻ എക്സി. വൈസ് പ്രസിഡണ്ട്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ).
ശാസ്ത്രപഠനം എന്ത്? എങ്ങനെ? എന്തുകൊണ്ട്? എന്തിന്? എപ്പോൾ? എന്ന് വിദ്യാർത്ഥികളോടും അധ്യാപകരോടും സംവദിക്കുകയാണ് മുതിർന്ന ശാസ്ത്രാധ്യാപകനായ പ്രൊഫ. സി.ജി.ആർ.
ചില ശാസ്ത്രചിന്തകൾ നിങ്ങളുമായി പങ്കിടാനാണ് ഈ ലേഖനം എഴുതുന്നത്. പ്രധാനമായും ശാസ്ത്രവിദ്യാർത്ഥികൾ, അധ്യാപകർ, ശാസ്ത്രൽപ്പരരായ ആളുകൾ, ശാസ്ത്രഗവേഷകർ, ശാസ്ത്രപ്രചാരകർ എന്നിങ്ങനെയുള്ളവരുമായുള്ള ഒരു സംവാദമാണ് ലേഖനലക്ഷ്യം. അഞ്ചുചോദ്യങ്ങളും അവയ്ക്കുള്ള ചില ഉത്തരങ്ങളും നമുക്ക് ചർച്ച ചെയ്യേണ്ടതുണ്ട്. ശാസ്ത്ര പഠനം എന്നാൽ എന്ത്? (What?) അതെങ്ങനെ (How?) യാണ് വേണ്ടത്? എന്തുകൊണ്ട്? (Why?) ശാസ്ത്രം പഠിക്കണം? എന്തിനാണ് (Why For What Purpose?) പഠിക്കുന്നത്. എപ്പോഴാണത് (When?) ചെയ്യേണ്ടത്? എന്നിവയാണ് ചോദ്യങ്ങൾ,
1. എന്ത് ?
ശാസ്ത്രം (സയൻസ്) എന്നാൽ എന്താണ്? “Science is systematized knowledge, obtained by an objective study of nature, through the methods of experiment, observation and inference” എന്ന് ഒരു നിർവചനമുണ്ട്. പരീക്ഷണം, നിരീക്ഷണം, നിഗമനം എന്നീരീതികൾ ഉപയോഗിച്ച് പ്രകൃതിയെ വസ്തുനിഷ്ഠമായി പഠിച്ച് നേടിയതും തരംതിരിച്ച് ക്രോഡീകരിച്ചതുമായ വിജ്ഞാനമത്രെ ശാസ്ത്രം.
ഇപ്പറഞ്ഞതിനെ ഉദാഹരിക്കാൻ ഞങ്ങൾ ശാസ്ത്രാധ്യാപകർ ഒരു കഥ പറയാറുണ്ട്. ഒരിടത്ത് ഒരു കുതിര പുല്ലുമേയുകയായിരുന്നു. അൽപ്പം അകലെ രണ്ട് പണ്ഡിതർ വാദപ്രതിവാദം നടത്തുന്നു. കുതിരയ്ക്ക് എത്ര പല്ലുകൾ ഉണ്ട് എന്നതിനെപ്പറ്റിയാണ് തർക്കം. പല്ലുകളുടെ എണ്ണം x ആണെന്ന് ഒരാളും, അല്ല y ആണെന്ന് മറ്റേ ആളും ഉറപ്പിച്ചു പറയുന്നു. രണ്ടു പണ്ഡിതന്മാരും അവരവരുടെ കസേരകളിൽ സ്വസ്ഥമായി ഇരുന്നു കൊണ്ടാണ് ഈ വാദപ്രതിവാദങ്ങളിലേർപ്പെടുന്നത്. ഇതുകണ്ട ഒരു ഗ്രാമീണൻ നേരെ കുതിരയുടെ അടുത്ത് ചെന്ന്, അതിന്റെ വായതുറന്ന് പല്ലുകൾ എണ്ണിനോക്കി. പിന്നീടയാൾ പണ്ഡിതരോട് ഇങ്ങനെ പറഞ്ഞു: നിങ്ങൾക്കു രണ്ടുപേർക്കും തെറ്റി. കുതിരയുടെ പല്ലുകളുടെ എണ്ണം z ആണ്!
ഈ കഥയിലെ ഗ്രാമീണന്റെ രീതിയാണ് ശാസ്ത്രത്തിന്റെ രീതി – നേരെ കുതിരയുടെ അടുത്തുപോയി വായ തുറന്ന് പല്ലുകൾ എണ്ണിത്തിട്ടപ്പെടുത്തുകതന്നെയാണ് വേണ്ടത്. അതാണ് പരീക്ഷണ – നിരീക്ഷണ – നിഗമന രീതി.
ശാസ്ത്രം അറിവാണ്. അറിവ് (വിജ്ഞാനം) ശക്തിയാണ് (Knowledge is Power). “പ്രജ്ഞാനം ബ്രഹ്മ’ എന്ന് ഉപനിഷത്തുകൾ ഉദ്ഘോഷിക്കുന്നു. എല്ലാത്തരം അറിവും- ജ്ഞാനവും വിജ്ഞാനവും പ്ര ജ്ഞാനവും എല്ലാം – അടങ്ങിയതാണ് ശാസ്ത്രം. ശാസ്ത്രബാഹ്യമായ അറിവൊന്നുമില്ല.
ഓർക്കുക:
“യുക്തിയേന്തി മനുഷ്യന്റെ
ബുദ്ധിശക്തി ഖനിച്ചതിൽ
ലഭിച്ചതല്ലാതില്ലൊന്നും
ലോകവിജ്ഞാന രാശിയിൽ “
2. എങ്ങനെ?
എങ്ങനെയാണ് ശാസ്ത്രം പഠിക്കേണ്ടത്? എവിടെനിന്നെല്ലാം കുട്ടികൾ സയൻസ് പഠിക്കണം? വിദ്യാലയങ്ങൾ സർവപ്രധാനങ്ങളാണ്. ക്ലാസ്മുറിപഠന (classroom study) ത്തിന്റെ പ്രാധാന്യം നാം കുറച്ചുകാണരുത്. നല്ല അധ്യാപകന്റെ ക്ലാസിൽ നിന്നും വിദ്യാർത്ഥിയുടെ മനസ്സിലേക്കൊഴുകിയെത്തുന്ന അറിവിന് പകരം വയ്ക്കാനൊന്നുമില്ല.
“പുസ്തകങ്ങളിലെന്തൊക്കെയുണ്ട്? പുസ്തകങ്ങളിൽ വിജ്ഞാനമുണ്ട്! എന്നെല്ലാം എൻ. വി. കൃഷ്ണവാരിയർ പാടിയിട്ടുള്ളതു ശ്രദ്ധിക്കുക. പുസ്തകങ്ങൾക്കു പുറമെ, മാസികകൾ, ആനുകാലികങ്ങൾ, ദിനപത്രങ്ങൾ, ഗവേഷണജേർണലുകൾ, ജനപ്രിയ ശാസ്ത്രപ്രസിദ്ധീകരണങ്ങൾ ഇവയെല്ലാം വായിക്കാൻ നാം കുട്ടികളെ പ്രേരിപ്പിക്കണം.
നവമാധ്യമങ്ങളുടെ ലോകവും കുട്ടികൾക്ക് വിജ്ഞാനത്തിന്റെ വാതിലുകൾ തുറന്നുതന്നുകൊണ്ടിരിക്കുന്നു. റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവയെല്ലാം ശാസ്ത്രവിദ്യാഭ്യാസത്തിന് ഇന്ന് അനുപേക്ഷണീയമായിത്തീർന്നിട്ടുണ്ട്.
അപ്പോൾ എങ്ങനെ ശാസ്ത്രം പഠിക്കണം? “എങ്ങനെയും പഠിക്കുക’ എന്നാണതിനുത്തരം! എങ്ങനെയായാലും വേണ്ടില്ല, പഠിക്കുക! പൂച്ച കറുത്തതോ വെളുത്തതോ ആയിക്കോട്ടെ, എലിയെ പിടി ക്കണമെന്നതാണ് പ്രധാനം!
3. എന്തുകൊണ്ട്?
എന്തുകൊണ്ട് ശാസ്ത്രം പഠിക്കണം? ഈ ചോദ്യം തന്നെ അർത്ഥശൂന്യമാണ്. അറിവാണ് ശാസ്ത്രം. എന്തുകൊണ്ട് അറിവു നേടണം എന്ന് ആരെങ്കിലും ചോദിക്കുമോ? മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് അറിവ്. അറിവില്ലെങ്കിൽ, മഹാകവി ഉള്ളൂർ പാടിയതുപോലെ,
“വാലും കൊമ്പുമെഴാതുള്ള
മഹിഷം തന്നെയപ്പുമാൻ”
അറിവുനേടാത്ത മനുഷ്യൻ വാലുംകൊമ്പുമില്ലാത്ത ഒരു പോത്തിനെപ്പോലെയാണ് !
ദൈനംദിനജീവിതം നയിക്കാനും ഇന്ന് ശാസ്ത്രജ്ഞാനം ആവശ്യമത്രെ. എന്തെല്ലാം ശാസ്ത്ര സാങ്കേതികകാര്യങ്ങളാണ് നാം ഇന്ന് അറിയേണ്ടതായുള്ളത്? നാം എന്തിനാണ് വായു ശ്വസിക്കുന്നത്? നാം ശ്വസിക്കുന്ന വായുവിന് ശരീരത്തിലെ ശ്വാസകോശത്തിൽ എത്തിയശേഷം എന്തു സംഭവിക്കുന്നു? ആഹാരം എങ്ങനെയാണ് ദഹിച്ച് നമുക്കു വേണ്ട ഊർജം തരുന്നത്? രോഗങ്ങൾ എങ്ങനെ ഉണ്ടാകുന്നു? ഔഷധങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരംതരുന്നത് ജൈവരസതന്ത്രമാണ്.
വൈദ്യുതി ശരിക്കും എന്താണ്? ചൂട്, തണുപ്പ്, വെളിച്ചം, ഇരുട്ട് ഇതെല്ലാം എന്താണ്? രാത്രിയും പകലും ഉണ്ടാകുന്നതെങ്ങനെ? ഋതുഭേദങ്ങൾ എങ്ങനെയുണ്ടാകുന്നു? മഞ്ഞുകാലം വരുമ്പോൾ മാവുതോറും പൂവ് കാണാം. “തുംഗമാം മീനച്ചൂടിൽ തൈമാവിൻ മരതകക്കിങ്ങിണി സൗഗന്ധിക സ്വർണം’ ആയിമാറുന്നു. ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു? നമുക്ക് ഉത്തരം തരുന്നത് ശാസ്ത്രമാണ്.
4. എന്തിന്?
ശാസ്ത്രപഠനത്തിന്റെ അന്തിമലക്ഷ്യമെന്താണ്? തീർച്ചയായും അത് സമൂഹപുരോഗതിയും സമൂഹനന്മയും ആയിരിക്കണം. ഈ വിഷയം അതിവിപുലമായി ചർച്ചചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഈ ചെറുലേഖനത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല അത്. താൽപ്പര്യമുള്ളവർ ജെ.ഡി.ബെർണാൽ (J.D. Bernal), ബർട്രാൻഡ് റസ്സൽ (Bertrand Russel), ലൂയി പാസ്തേർ (Louis Pasteur) മുതലായ മഹാന്മാരുടെ ഗ്രന്ഥങ്ങൾ വായിക്കേണ്ടതാണ്.
5. എപ്പോൾ?
ശാസ്ത്രപഠനം എപ്പോൾ തുടങ്ങണം? എത്രവരെ തുടരണം? എത്രയും നേരത്തേ തുടങ്ങണം, എത്ര വൈകിയാലും തുടരണം എന്നാണ് ഇതിനുത്തരം! ജീവിതമാകെ ഒരു തപസ്യപോലെ തുടരേണ്ട ഒന്ന് ശാസ്ത്രോപാസന.
ശാസ്ത്രീയമനോവൃത്തി
ഫ്രാൻസിസ് ബേക്കൺ, ബെർട്രാൻഡ് റസ്സൽ, ജെ.ഡി. ബെർണാൽ, സി. പി. സ്നോ തുടങ്ങിയ പാശ്ചാത്യചിന്തകർ ശാസ്ത്രീയമനോവൃത്തിയെ പലതരത്തിൽ നിർവചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽത്തന്നെ, ജവഹർലാൽ നെഹ്റു ശാസ്ത്രീയമനോവൃത്തിയുടെ ഒരു പ്രചാരകനായിരുന്നുവല്ലോ?
ഗൗതമബുദ്ധൻ തന്റെ ശിഷ്യരോട് ഇങ്ങനെ ഉപദേശിക്കുമായിരുന്നു. എന്തും വിശ്വസിക്കുന്നതിന് മുമ്പ് അതു യുക്തിയുടെ വെളിച്ചത്തിൽ പരിശോധിക്കുക. അന്ധമായി ഒന്നുംതന്നെ വിശ്വസിക്കരുത്. പലപ്രാവശ്യം കേട്ടതുകൊണ്ടോ പാരമ്പര്യമായി കിട്ടിയ അറിവായതുകൊണ്ടോ പുസ്തകങ്ങളിൽ കണ്ടതുകൊണ്ടോ കേട്ടുകേൾവിവഴി കിട്ടിയതുകൊണ്ടോ ഒന്നും അപ്പാടെ അംഗീകരിക്കേണ്ട. സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ച്, സ്വതന്ത്രമായി അന്വേഷിച്ച്, ശരിയായ സത്യം കണ്ടെത്തുക. ഇതുതന്നെയാണ് ശാസ്ത്രത്തിന്റെ രീതി. സ്വതന്ത്രമായ സത്യാന്വേഷണം. ഇതാണ് ശാസ്ത്രീയ മനോവൃത്തി (Scientific Temper).