ലോകസിനിമയുടെ ആചാര്യനായി കൊണ്ടാടപ്പെടുന്ന ഗൊദാർദ് ഒരിക്കൽ അഭിപ്രായപ്പെട്ടത് “സിനിമ D.W. ഗ്രിഫിത്തിൽ ആരംഭിച്ച് കിയരോസ്തമിയിൽ അവസാനിക്കുന്നു” എന്നായിരുന്നു. സിനിമയുടെ പൂർണ്ണത കിയരോസ്തമിയിൽ കാണാം. 1979 ലെ ഇറാൻ വിപ്ലവത്തിനുശേഷം ഒരു വിധം കവികളും കലാകാരന്മാരും ഇറാൻ വിട്ട് ഓടിപ്പോയപ്പോൾ കിയരോസ്തമി ടെഹറാനിൽ തന്നെ ഉറച്ചുനിന്നു. അതിന് അദ്ദേഹം പറഞ്ഞ കാരണം വളരെ വ്യക്തമായിരുന്നു. “ഒരു ചെടിയെ അതിന്റെ വേരുകൾ ഉറച്ച മണ്ണിൽനിന്നും പറിച്ചു നീക്കി മറ്റൊരിടത്തിലേക്ക് മാറ്റി നാട്ടാൽ അത് ഫലങ്ങൾ നൽകില്ല, നൽകിയാൽ തന്നെ അത് പഴയതുപോലെ ഗുണമുള്ളതുമായിരിക്കില്ല” കിയരോസ്തമി തന്റെ മണ്ണിൽ ഉറച്ചു നിന്ന് സിനിമകൾ നിർമ്മിച്ചു. ഷാ അനന്തര ഇറാനിലെ സാംസ്കാരിക സങ്കീർണ്ണതകൾ അവിടെനിന്നുള്ള സിനിമകളിൽ പതുക്കെ തെളിഞ്ഞുതുടങ്ങിയ കാലം. ദാരിഷ് മെഹ്രൂയിയും, അബ്ബാസ് കിയരോസ്തമിയും ജാഫർ പനാഹിയും ഇറാനിൽ നവസിനിമയുടെ ശംഖൊലി മുഴക്കി. ലോകം ഇറാനിയൻ സിനിമയെ കൂടുതൽ ശ്രദ്ധിക്കുന്നത് 1997 ൽ “ടേസ്റ്റ് ഓഫ് ചെറി” എന്ന സിനിമയിലൂടെ അബ്ബാസ് കിയരോസ്തമി കാനിൽ പാം ദി ഓർ പുരസ്കാരം നേടിയതോടെയാണ്. അതോടെ ഇറാൻ ലോക സിനിമയുടെ ഭൂപടത്തിൽ മുഖ്യ സ്ഥാനം ഉറപ്പിച്ചു.
നിയോറിയലിസത്തിൽ ആരംഭിച്ച രചനാരീതികൾ അദ്ദേഹം പരിഷ്കരിച്ചുകൊണ്ടിരുന്നു. ലോക സിനിമയിൽ പുതിയ മാതൃകകളും വലിയ പരീക്ഷണഫലങ്ങളും ബാക്കിവെച്ചാണ് കിയരോസ്തമി എഴുപത്തി ആറാം വയസിൽ (ജൂലൈ 4 ന്) അന്തരിച്ചത്. കവി, ഫോട്ടോഗ്രാഫർ, പെയ്ന്റർ, രേഖാചിത്രകാരൻ, ഗ്രാഫിക്ക് ഡിസൈനർ എന്നീ നിലയിലെല്ലാം പ്രതിഭ പ്രകടിപ്പിച്ചിട്ടുള്ള കിയരോസ്തമി, സിനിമയിൽ തിരക്കഥാകൃത്ത്, ചിത്ര സംയോജകൻ, കലാസംവിധായകൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആധുനിക ഇറാൻ കവിതകളെ സംഭാഷണങ്ങളിൽ ധാരാളമായി ഉപയോഗിക്കൽ, അലിഗറികളുടെ വ്യാപക ഉപയോഗം, പരോക്ഷമായി രാഷ്ട്രീയവും തത്വചിന്തയും ചർച്ച ചെയ്യുന്ന ശൈലി, ഡോക്കുമെന്ററിയാണോ എന്ന് സംശയം ഉണ്ടാക്കുന്ന വിധത്തിലുള്ള അവതരണങ്ങൾ, ഗ്രാമീണ സാഹചര്യങ്ങളിൽ തദ്ദേശീയരായ കുട്ടികളെ ഉപയോഗിച്ചുള്ള കഥപറച്ചിൽ, ഉറപ്പിച്ച് നിർത്തിയ കാമറക്കുമുന്നിൽ (ചിലപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡാഷ്ബോർഡിൽ ഉറപ്പിച്ച കാമറ) ദീർഘസംഭാഷണങ്ങളിലൂടെ ജീവിതം അനാവരണം ചെയ്യൽ, ഇവയൊക്കെ അദ്ദേഹത്തിന്റെ സിനിമകളിലെ പ്രത്യേകതകളാണ്. നുണകളിലൂടെ അല്ലാതെ നമുക്ക് സത്യത്തോട് പൂർണ്ണമായും അടുക്കാൻ ആകില്ല എന്ന് കിയരോസ്തമി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ റിയാലിറ്റിയും ഫിക് ഷനും പരസ്പരം തിരിച്ചറിയാനാകാത്തവിധം കൂട്ടിക്കുഴച്ചാണ് ഇദ്ദേഹം കഥപറയുന്നത്.
മരണവും ജീവിതവും പോലെ ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വിഷയമാണ് മാറ്റങ്ങളും തുടർച്ചകളും. അന്വേഷണങ്ങൾ ഇദ്ദേഹത്തിന്റെ സിനിമകളിലെ പ്രധാന പ്രമേയം ആണ്. വേർ ഈസ് ദ ഫ്രണ്ട്സ് ഹോം എന്ന സിനിമയിൽ അഹമ്മദ് എന്ന എട്ടുവയസുകാരന്റെ വലിയൊരു ധർമ്മസങ്കടം ആണ് പറയുന്നത്. സുഹൃത്തായ മൊഹമ്മദിന്റെ കണക്ക് നോട്ട് പുസ്തകം അവന്റെ ബാഗിൽ ആയിപ്പോകുന്നു. ആ പുസ്തകത്തിൽ വീട്ടുകണക്ക് ചെയ്തല്ലാതെ പിറ്റേദിവസം ക്ലാസിൽ എത്തിയാൽ കണക്ക് മാഷ് മൊഹമ്മദിനു നൽകുന്ന ശിക്ഷയെക്കുറിച്ചാണ് അവന്റെ ആധി. അവൻ വീട്ടിൽ കളവ് പറഞ്ഞ് ആ വൈകുന്നേരം സുഹൃത്തിന്റെ വീടന്വേഷിച്ച് പോകുന്നു. പോസ്തെ എന്ന സമീപ ഗ്രാമത്തിലാണവന്റെ വീട് എന്നേ അവനറിയു. കൽപ്പടവുകൾക്കപ്പുറം നീലച്ചായമിട്ട വാതിലുണ്ടെന്ന് മാത്രമാണ് വീട്ടിന്റെ ഏക അടയാളം. ദീർഘമായ ആ അന്വേഷണം ആണ് സിനിമ. പതിനാലു വയസിനുള്ളിൽ കുട്ടികൾ കണ്ടിരിക്കേണ്ട പത്ത് സിനിമകളിൽ ഒന്നായി 2005 ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഈ സിനിമയെ തെരഞ്ഞെടുത്തിരുന്നു.
“ദ വിൻഡ് വിൽ ക്യാരി അസ്” എന്ന സിനിമയിൽ പ്രകൃതിയും ജീവിതവും ആണ് പ്രമേയം. ഒരു ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ ടീമിന്റെ തലവനായ ബെസ്സദ് ഒരു വിദൂരഗ്രാമത്തിൽ ചെലവഴിക്കുന്ന ദിവസങ്ങളാണ് കിയരോസ്തമി ഇതിൽ പകർത്തിക്കാണിക്കുന്നത്. 100 വയസായ വൃദ്ധ മരണം കാത്ത് അവിടെ ഉണ്ടെന്നറിഞ്ഞ്, അനുഷ്ടാനപരമായി പ്രത്യേകതകളുള്ള മരണാനന്തരചടങ്ങുകൾ ചിത്രീകരിക്കാനെത്തിയിരിക്കുകയാണ് അയാളും സംഘവും. വൃദ്ധയുടെ മരണം നീണ്ടുപോകുന്നു. തൊട്ടടുത്ത വീട്ടിൽ ടെലിവിഷൻ സംഘം കാത്ത് കഴിയുകയാണ്. ഇതിനിടയിൽ ഗ്രാമീണരുടെ സൗമ്യ ജീവിതം ബെസാദിനെ പുതിയ മനുഷ്യനായി മാറ്റുന്നു. [box type=”shadow” align=”alignright” ]ഈ സിനിമ, മരണമെന്ന പ്രഹേളികയുടെ കുരുക്കഴിക്കാൻ മനുഷ്യന് എന്നാണ് ആവുക എന്ന് സന്ദേഹിക്കുന്നുണ്ട്. പക്ഷേ, വന്യഭൂവിസ്തൃതിയിലൂടെ കാറ്റിന്റെ കൈകളിൽ പറന്നുനീങ്ങാനായാൽ മനുഷ്യൻ എത്ര പ്രസാദാത്മകമായി ആയിരിക്കും ജീവിതത്തെ വീക്ഷിക്കുക എന്ന കാര്യത്തിൽ കിയരോസ്തമിക്ക് സംശയം ഒട്ടും ഇല്ല.[/box]
“കണ്ടിരിക്കുമ്പോൾ ഉറക്കം വരുത്തുന്ന ചില സിനിമകളാണ്` പിന്നീട് ഉറക്കം നഷ്ടപ്പെടുത്തി ആലോചിക്കാൻ പ്രേരിപ്പിക്കുന്നത്.” എന്ന് കിയരോസ്തമി തന്നെ പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും കൂടിയാണ്. ടെൻ , പോലുള്ള സിനിമകൾ ഇത്തരത്തിൽ ആദ്യ കാഴ്ചയിൽ ചിലർക്ക് മടുപ്പ് തോന്നിക്കുന്നതാണെങ്കിലും ഒരിക്കലും ആലോചിച്ച് അവസാനിപ്പിക്കാനാവാത്ത സിനിമയായി കുറച്ചു നാളുകൾക്ക് ശേഷം തിരിച്ചറിയും. കിയരോസ്തമിയുടെ വിയോഗം എത്ര തീവ്രമാണെന്ന് ലോക സിനിമ വേഗം തിരിച്ചറിയും.