
സുലക്ഷണ ഗോപിനാഥൻ
ബി.എഡ്. വിദ്യാർത്ഥി
ഭാരതീയ വിദ്യാനികേതൻ, കല്ലേക്കാട് പാലക്കാട്


തക്കാളി
പഴമാണോ
പച്ചക്കറിയാണോ ?

സുലക്ഷണ ഗോപിനാഥൻ
കേൾക്കാം
ഒരു തക്കാളിക്കഥ
.തക്കാളിക്കും ഉണ്ട് ഏറെ പറയാൻ. കാണാൻ ചുവന്നു തുടുത്തിരിക്കുന്ന ഭക്ഷ്യയോഗ്യമായ തക്കാളിക്കുട്ടൻ ഒരുകാലത്ത് വളരെയേറെ വിവാദങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇന്ന് വിലയുടെ പേരിലാണ് ശ്രദ്ധ നേടുന്നതെങ്കിൽ പണ്ടുകാലത്ത് ഇവ എന്താണ് എന്നതിലായിരുന്നു തർക്കം. എന്താണ് തക്കാളി? പഴമാണോ പച്ചക്കറി ആണോ? ഇതിലിപ്പോൾ ചിന്തിക്കാൻ മാത്രം എന്തിരിക്കുന്നു, പോഷകാഹാര വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ചാകട്ടെ പച്ചക്കറികളായി കണക്കാക്കാവുന്ന പഴങ്ങൾ ആണ് തക്കാളികൾ. എന്നാൽ സസ്യശാസ്ത്രപരമായി ചിന്തിച്ചു നോക്കുമ്പോൾ വിത്തുകൾ അടങ്ങിയിരിക്കുന്ന പുഷ്പ അണ്ഡാശയത്തെ അവ പാകമാവുമ്പോൾ പഴമായി കണക്കാക്കുന്നു. അങ്ങനെയെങ്കിൽ തക്കാളി രണ്ടുമാണെന്നല്ലേ നമുക്ക് പറയാനാവൂ? ഇന്നും ചർച്ചകളിൽ ഏറെ സ്വീകാര്യത നേടുന്ന വിഷയമാണ് തക്കാളിയുടെ വിധി. ഒന്ന് ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ഒരുപാട് യാതനകൾ സഹിച്ച ഒരു പോരാളിയാണ് തക്കാളി. കാഴ്ചയിലുള്ള ഭംഗിയിൽ യാതൊരു കാര്യവുമില്ലെന്നും സ്വഭാവഗുണം കൊണ്ട് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയാണ് ഏറെ വിലപിടിപ്പുള്ളതെന്നും തക്കാളി നമുക്ക് തെളിയിച്ചുതരുന്നു

എന്താണ് പഴങ്ങളും പച്ചക്കറികളും തമ്മിലുള്ള വ്യത്യാസം ?
സ്വാദിന്റെ അടിസ്ഥാനത്തിൽ പഴങ്ങൾ മധുരമേകുന്നവയും, പച്ചക്കറികൾ രുചിയേകുന്നവയുമാണ് എന്നാണ് പറയപ്പെടുന്നത്. ഭക്ഷണരീതിയുടെ അടിസ്ഥാനത്തിൽ ആവട്ടെ പഴങ്ങളെ മധുര പലഹാരമായും പച്ചക്കറികളെ പ്രധാന ഭക്ഷണം ആയുമാണ് വളരേ രസകരമായി ചിലർ ഉപമിക്കുന്നത്. എങ്കിൽ മധുരമല്ലാതെ മറ്റു സ്വാദുള്ള പഴങ്ങളുമില്ലേ? അപ്പോൾ രുചിയുടെ അടിസ്ഥാനത്തിൽ മാത്രം വ്യത്യാസം കണ്ടുപിടിച്ചാൽ അത് ശരിയാകുമോ? സാങ്കേതികമായി പറയുകയാണെങ്കിൽ ഒരു ചെടിയുടെ ഭക്ഷ്യയോഗ്യമായ പ്രത്യുത്പാദന ശരീരത്തെ പഴമായും ഒരു ചെടിയുടെ ഭക്ഷ്യയോഗ്യമായ മറ്റെല്ലാ ഭാഗത്തെയും പച്ചക്കറിയായും നിർവചിക്കാൻ സാധിക്കും. കൂടാതെ പഴങ്ങളിൽ വിത്ത് കാണപ്പെടും. സസ്യങ്ങളിൽ ഭക്ഷണം ശേഖരിച്ചു വെച്ചിരിക്കുന്ന മറ്റെല്ലാ ഭാഗത്തെയും അവ വേരുകളോ, തണ്ടുകളോ, ഇലകളോ ആവട്ടെ അവയെ പച്ചക്കറിയായും കണക്കാക്കാം എന്നു നമുക്ക് ചുരുക്കി പറയാം.

എന്താണ് തക്കാളി ?
സോളാനം ലൈക്കോപെർസിക്കം (Solanum lycopersicum) എന്ന് ശാസ്ത്രീയ നാമമുള്ള ചെടിയുടെ ഭക്ഷ്യയോഗ്യമായ ബെറി എന്ന ഇനം ഫലം ആണ് ടൊമാറ്റോ അഥവാ നമ്മുടെ സ്വന്തം തക്കാളി. ഇവ സരസഫലങ്ങളുടെ വിഭാഗത്തിൽ പെടുമെങ്കിലും ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ചേരുവയായിട്ടാണ് ഏറെ പ്രാധാന്യം കൈവരിച്ചിടുള്ളത്. സസ്യ ശാസ്ത്രപരമായി തക്കാളിയെ പഴമായി കാണുന്നെങ്കിലും പാചക ആവശ്യങ്ങൾക്കായി ഇവയെ പച്ചക്കറി ആയാണ് നിർവചിച്ചു വരുന്നത്. എന്നാലും ഭക്ഷ്യയോഗ്യമായ വസ്തുവിനെ കഴിച്ചാൽ പോരേ? എന്തിനാണ് ഇത്രയേറെ ചർച്ചകൾ? പച്ചക്കറി ആയും പഴം ആയും ഒരുമിച്ച് തക്കാളിയെ അംഗീകരിച്ചാൽ എന്താണ് പ്രശ്നം? പച്ചക്കറി ആയി തക്കാളി ശ്രദ്ധനേടിയെടുത്തതിന് പിന്നിൽ ഒരു നീണ്ട കഥ തന്നെയുണ്ട്.

കോടതിയെ വിറപ്പിച്ച തക്കാളി
സ്വന്തം വ്യക്തിത്വത്തിനെ ചോദ്യം ചെയ്യുന്ന രീതിയിലാണ് തക്കാളിക്കെതിരായ പ്രസ്താവനകൾ പണ്ട് യു.എസ്. സുപ്രീം കോടതിയിൽ അരങ്ങേറിയത്. ഇതിലും മാത്രം എന്തിരിക്കുന്നു രണ്ടുദിവസം പുറത്ത് വെച്ചാൽ ചീഞ്ഞു പോകാവുന്ന തക്കാളിക്ക് എന്ന് നിങ്ങളിൽ പലരും ചിന്തിക്കുന്നുണ്ടാവും. എന്നാൽ കേട്ടോളൂ ശാസ്ത്രീയമായി തക്കാളിയെ ബെറി വിഭാഗത്തിൽ പെടുന്ന ഒരു പഴവർഗമായിട്ട് കണക്കാക്കുന്നതിന് കാരണം അവ പുഷ്പത്തിന്റെ അണ്ഡാശയത്തിൽ നിന്ന് വികസിച്ചു വരുന്നതിനാലും ഇവയിൽ വിത്തുകൾ കാണപ്പെടുന്നതുകൊണ്ടും ആണ്. ഇത്തരത്തിലുള്ള വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ പച്ചക്കറി എന്ന് പറയപ്പെടുന്ന പല വസ്തുക്കളെയും നമുക്ക് പഴങ്ങളുടെ കൂട്ടത്തിൽ ചേർക്കാൻ കഴിയും.

1893 ൽ ജോൺ നിക്സ് എന്ന വ്യക്തി എഡ്വാർഡ്. എൽ. ഹെഡനു എതിരായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യു.എസ്. സുപ്രീംകോടതി തക്കാളിയുടെ വ്യക്തിത്വത്തെ നിർവചിക്കാൻ തീരുമാനിച്ചത്. തക്കാളി ഒരു പച്ചക്കറിയാണോ പഴമാണോ എന്നത് വ്യക്തമാക്കുന്നതിലുപരി ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ താരീഫ് ആവശ്യങ്ങൾക്കായി പച്ചക്കറികളെയും പഴങ്ങളെയും തമ്മിൽ തരംതിരിക്കുക എന്നതിനായിരുന്നു പ്രാധാന്യം. വിപണിയിൽ സുലഭമായി കണ്ടുവന്ന ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളിൽ ഒന്നായിരുന്നു തക്കാളികൾ. ഇവയിൽ താരീഫ് ഏർപ്പെടുത്തണമെങ്കിൽ അവയെ പച്ചക്കറികളുടെ കൂട്ടത്തിൽ കൂട്ടണമായിരുന്നു. ഈ വിവാദത്തിന്റെ തുടക്കം തന്നെ ജോൺ നിക്സ് എന്ന ഒരു പഴക്കച്ചവടക്കാരൻ താൻ ഇറക്കുമതി ചെയ്ത തക്കാളികൾക്കു മുകളിൽ പോർട്ട് കളക്ടർ ആയിരുന്ന എഡ്വാർഡ് ഹെഡൻ ചുമത്തിയ താരിഫിന് എതിരായി കോടതിയിൽ നൽകിയ പരാതിയിലൂടെയാണ്.
ഏറെ ചർച്ചകൾക്കൊടുവിൽ വാദിയുടെ അഭിഭാഷകൻ വെബ്സ്റ്റേഴ്സ് നിഘണ്ടുവും, ഇംപീരിയൽ നിഘണ്ടുവും ഉപയോഗിച്ച് അതിലെ പച്ചക്കറിയെയും പഴത്തെയും കുറിച്ചുള്ള അർത്ഥത്തെ വിവരിക്കുകയും, ശേഷം 30 വർഷമായി പച്ചക്കറികളും പഴങ്ങളും വിൽപ്പന നടത്തുന്ന രണ്ട് വ്യാപാരികളെ സാക്ഷികളാക്കി വിസ്തരിക്കുകയും ചെയ്തു. അവരിൽനിന്ന് പച്ചക്കറികളും പഴങ്ങളും തമ്മിലുള്ള നിർവചനങ്ങൾ കേൾക്കുകയും അവയുടെ വ്യാപാരത്തിലുള്ള അർത്ഥം വ്യക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവരുടെ സഹായത്തോടെ വിപണിയിലും വ്യാപാരത്തിലും ഏകദേശം ഒരേ അർത്ഥമാണ് പച്ചക്കറികൾക്കും പഴങ്ങൾക്കും ഉള്ളത് എന്ന് കോടതി സമക്ഷം വ്യക്തമാക്കി. ജസ്റ്റിസ് ഹോറസ് ഗ്രേ തൻ്റെ വിധി നിർണയത്തിൽ തക്കാളികളെ കുറിച്ച് വിലയിരുത്തിയത് ഇങ്ങനെയാണ്.

അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികളിൽ ഒന്നാണ് തക്കാളി. അവ സാധാരണയായി പഴങ്ങളെ പോലെ പച്ചയായോ, പലഹാരമായോ അല്ല മറിച്ച് പാചകത്തിലൂടെ ആണ് ഭക്ഷിക്കുന്നത്. അതിനാൽ പച്ചക്കറിയുമായി തക്കാളിയെ കൂടുതൽ ഉപമിക്കാം എന്നത് വ്യക്തമാക്കി. ഇതിനൊടുവിൽ ആണ് താരിഫ് ആവശ്യങ്ങൾക്കായി യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതി തക്കാളിയെ പച്ചക്കറിയായി സ്ഥിരീകരിച്ചത്.

ടൊമാറ്റോ ദ ഹീറോ
ഒരു വലിയ ചർച്ചാവിഷയമായി തക്കാളി മാറാൻ ഇടയുണ്ടായ കാര്യങ്ങളെക്കുറിച്ച് നമ്മൾ ചർച്ചചെയ്തു. എന്നാൽ ഇത്തരം ചർച്ചകളിൽ സ്ഥാനം ലഭിക്കുന്നതിനു മുന്നോടിയായി ആളുകൾക്കിടയിൽ ഉത്കണ്ഠ ജനിപ്പിച്ചിട്ടുള്ള ഒരു വസ്തുവായിരുന്നു തക്കാളി. പുരാതനകാലങ്ങളിൽ നൈറ്റ് ഷേഡ് എന്ന് അറിയപ്പെട്ടിരുന്ന അട്രോപ ബെല്ലഡോണ (Atropa belladonna) എന്ന വിഷ ചെടിയുമായുള്ള ബന്ധത്തെ ആസ്പദമാക്കി തക്കാളിയിൽ വിഷാംശമുണ്ട് എന്ന് കരുതി അവയെ കഴിക്കാൻ ഭയപ്പെട്ടിരുന്നു. അതിൽ നിന്നും മാറിയാണ് അവ ഭക്ഷ്യയോഗ്യമാണെന്നും വിറ്റാമിൻ ബി, പൊട്ടാസ്യം, വിറ്റാമിൻ ഇ, കാൽഷ്യം, ബീറ്റ കാരോറ്റീന് എന്നിവ അടങ്ങിയിട്ടുള്ള ശരീരത്തിനുള്ള പോഷകങ്ങൾ നൽകുന്നവയാണെന്ന് തിരിച്ചറിയുകയും ഉണ്ടായത്. ഇപ്രകാരം തുടക്കം മുതൽ വളരെയേറെ വിവേചനം തക്കാളിക്ക് അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്.

ലാ ടൊമാറ്റിന
സ്പെയിനിൽ നടക്കുന്ന തക്കാളി ഉത്സവത്തിനെ വിളിക്കുന്ന പേരാണ് ലാ ടൊമാറ്റിന. സ്പെയിനിലെ ഏറ്റവും വലിയ ഫുഡ് ഫൈറ്റിൽ ഒന്നാണ് ഇത്. വർഷംതോറും ആയിരക്കണക്കിന് ആളുകളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. സ്പാനിഷ് നഗരമായ ബുനോൾ ആണ് ഇതിന്റെ മുഖ്യ കേന്ദ്രം.1945 ൽ ആരംഭിച്ച ഈ ഉത്സവത്തിൽ പങ്കുകൊള്ളാൻ എല്ലാ രാജ്യങ്ങളിൽ നിന്നും സന്ദർശകർ എത്താറുണ്ട്. ഇത്തരത്തിൽ ഒരു ഉത്സവം തുടങ്ങാൻ ഉണ്ടായ കാരണങ്ങൾ വ്യക്തമല്ല എന്നാൽ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ പരിപാടിക്കായി ട്രക്കുകൾ നിറച്ചും 100 ടണ്ണിലേറെ തക്കാളികളാണ് നഗര മദ്ധ്യത്തിൽ എത്താറുള്ളത്. ആൾക്കൂട്ടത്തിൽ ഉള്ള ആളുകൾ ആകട്ടെ ഇവയെടുത്ത് മറ്റുള്ളവരുടെ മുകളിലേക്ക് എറിഞ്ഞാണ് ആഘോഷം നടത്തുന്നത്.ചുരുക്കി പറഞ്ഞാൽ നമ്മുടെ രാജ്യത്ത് ആഘോഷിച്ച് വരുന്ന ഹോളിയുടെ സ്പാനിഷ് പതിപ്പാണ് ലാ ടൊമാറ്റിന.

അറിവും ജ്ഞാനവും തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ നമ്മൾ വിശദീകരിക്കാൻ ശ്രമിച്ചാൽ തക്കാളി പഴമാണെന്ന് അറിയുന്നത് അറിവാണ്, സാലഡിൽ പച്ചക്കറിയായി ഉപയോഗിക്കുന്നുവെന്ന് തിരിച്ചറിയുന്നത് ജ്ഞാനമാണ്. ഉപസംഹരിച്ചു പറയുകയാണെങ്കിൽ തക്കാളി ശാസ്ത്രീയമായി ഒരു പഴം തന്നെയാണ് എന്നാൽ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് പച്ചക്കറിയായി വിലയിരുത്തുന്നത്.
തക്കാളിക്ക് മാത്രമല്ല കക്കരിക്കയ്ക്കും, ബീൻസിനും, മത്തങ്ങക്കും എല്ലാം കാണും ഇതുപോലെത്തെ കഥകൾ. എന്നാൽ അവരിൽ ആരും തക്കാളിക്കുട്ടനെ പോലെ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ വന്നിട്ടുണ്ടാവില്ല.


