ഈ പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളെയും നിയന്ത്രിക്കുന്നത് നാലു ബലങ്ങളാണെന്ന് ഫിസിക്സ് പറയുന്നു. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും സൂക്ഷ്മപദാര്‍ത്ഥങ്ങളും തമ്മില്‍തമ്മില്‍ ഇടപഴകുന്നതിനെ ഗുരുത്വാകര്‍ഷണബലം, വൈദ്യുതകാന്തികബലം (ഇലക്ട്രോമാഗ്നറ്റിക് ഫോഴ്സ്), ദുര്‍ബല അണുകേന്ദ്രബലം, ശക്ത ന്യൂക്ലിയാര്‍ ബലം എന്നീ നാലു ശക്തികള്‍ അഥവാ ബലങ്ങള്‍ ആണ് നിയന്ത്രിക്കുന്നത്. ഇപ്പോള്‍ പ്രകൃതിയില്‍ അഞ്ചാമതൊരു അടിസ്ഥാനബലത്തിന്റെ സാദ്ധ്യത കണ്ടെത്തി എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അമേരിക്കയിലെ ചിക്കാഗോയ്ക്ക് സമീപമുള്ള ഫെര്‍മിലാബിൽ നടത്തിയ പരീക്ഷണങ്ങളുടെ ആദ്യഫലങ്ങളാണ് ഈ കണ്ടെത്തലില്‍ ചെന്നെത്തിയത്.
അണുവിനേക്കാള്‍ ചെറിയ കണികകളിലൊന്നായ മുവോണിന്റെ പെരുമാറ്റത്തേക്കുറിച്ച് പഠിക്കുമ്പോഴാണ് ഇത് സംഭവിച്ചത്. നമ്മുടെ പ്രപഞ്ചത്തില്‍ അണുവിനേക്കാള്‍ ചെറുതായുള്ള കണികകളുണ്ട്. അവയില്‍ ചിലതാകട്ടെ പിന്നെയും ചെറുതായുള്ള ഘടകങ്ങളെക്കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ചില കണങ്ങളെ വീണ്ടും വിഭജിക്കാനാകില്ല. അവയാണ് അടിസ്ഥാനകണികകള്‍ അഥവാ ഫണ്ടമെന്റല്‍ പാര്‍ട്ടിക്കിള്‍ എന്നറിയപ്പെടുന്നത്. മുവോണ്‍ ഇങ്ങനെയുള്ള ഫണ്ടമെന്റല്‍ പാര്‍ട്ടിക്കിളുകളില്‍ ഒന്നാണ്. ഈ മ്യുവോണിനെ ശാസ്ത്രലോകം കണ്ടെത്തിയത് 1936 ലാണ്. ഇതിന് ഇലക്ട്രോണുമായി സാദൃശ്യമുണ്ടെങ്കിലും അതിന്റെ 207 ഇരട്ടി ഭാരമുണ്ട്. എന്നാല്‍ അതിന് കേവലം 2.2 മൈക്രോസെക്കന്റ് മാത്രമേ നിലനില്‍പ്പുള്ളു.
അമേരിക്കയിലെ ചിക്കാഗോയിലുള്ള ഫെര്‍മി നാഷണല്‍ ആക്സിലറേറ്റര്‍ ലബോറട്ടറി എന്ന ഫെര്‍മിലാബിലാണ് ഈ പഠനം നടത്തിയത്. മ്യുവോണിനെ 14 മീറ്ററുള്ള ഒരു വളയത്തിനു പുറത്തുകൂടെ ചുഴറ്റിവിട്ടുകൊണ്ടായിരുന്നു. മുവോണ്‍ ജി-2 എന്ന പേരിലറിയപ്പെടുന്ന ഈ പരീക്ഷണം. ക്ഷണഭംഗുരമായ മുവോണിനെ നശിച്ചുപോകാതെ നിരീക്ഷണത്തിന് ലഭ്യമാക്കുന്നതിനുവേണ്ടി ഈ പഥം കാന്തികവല്‍ക്കരിച്ചിരുന്നു. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പ്രകാരം പ്രതീക്ഷിച്ചതിനേക്കാള്‍ 0.1% കൂടുതല്‍ അളവിലുള്ള ചാഞ്ചാട്ടമാണു ശാസ്ത്രജ്ഞര്‍ ദര്‍ശിച്ചത്. നിസ്സാരമെന്നു തോന്നാമെങ്കിലും ഇതുവരെയുള്ള ശാസ്ത്ര വിജ്ഞാനത്തെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു അത്. സയന്‍സിന് അറിയാത്ത തികച്ചും പുതിയ ഒരു ബലമായിരിക്കണം ഈ മാറ്റത്തിനിടയാക്കിയത് എന്നാണ് അവര്‍ കരുതുന്നത്. ഈ പുതിയ ബലത്തിന് മ്യൂവോണിനെ ത്വരിതപ്പെടുത്തുന്നതിലുപരി എന്തൊക്കെ ചെയ്യാനാകുമെന്നത് ഇപ്പോഴും ആര്‍ക്കും മനസ്സിലാകാത്ത കാര്യമാണ്. ഈ 14 മീറ്റര്‍ പഥത്തിലെ പഠനവിവരങ്ങള്‍ വിശകലനം ചെയ്യുവാന്‍ ഒരു കൊല്ലമെങ്കിലും എടുത്തേക്കാം.
ജനീവയിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ ശാസ്കത്രജ്ഞര്‍ ഈ കണ്ടെത്തലിനെ വിശേഷിപ്പിച്ചത് ഇതൊരു പുതിയ പദാര്‍ത്ഥമോ പുതിയൊരു ബലമോ ആയിരിക്കാമെന്നാണ്. ഇത് തികച്ചും പുതുതായുള്ള ഒന്നുതന്നെ എന്ന് തെളിയിക്കാനുള്ള പരീക്ഷണങ്ങള്‍ക്കുവേണ്ടി ആയിരിക്കും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നാണ് ഇതുമായി സഹകരിച്ച ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഡോ. മിതേഷ് പട്ടേല്‍ പറയുന്നത്. കൂടുതല്‍ ഡാറ്റ സംഭരിക്കേണ്ടവരും, കൂടുതല്‍ അളവുകളും തെളിവുകളും ആവശ്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഞ്ചാമതൊരു അടിസ്ഥാനബലം ഉണ്ടെങ്കില്‍ അത് പ്രപഞ്ചത്തേക്കുറിച്ചുള്ള ചില വലിയ പ്രഹേളികകളെ നിര്‍ദ്ധാരണം ചെയ്യാന്‍ സഹായിച്ചേക്കും എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഉദാഹരണത്തിന് പ്രപഞ്ചത്തിന്റ വികാസത്തിന് വേഗത ഏറിവരുന്നു എന്നുള്ള നിരീക്ഷണം ശ്യാമ ഊര്‍ജ്ജം എന്ന നിഗൂഢമായ പ്രതിഭാസം മൂലമാണെന്നാണ് പൊതുവേ കരുതപ്പെടുന്നതെങ്കിലും ചില ശാസ്ത്രജ്ഞരെങ്കിലും അത് അഞ്ചാമതൊരു ബലത്തിന്റെ സാന്നിദ്ധ്യത്തിന് തെളിവാണെന്ന് കരുതുന്നുണ്ട്. “ഇത് തികച്ചും അത്ഭുതകരമാണ്. ഫിസിക്സിനെ ആകെ തകിടംമറിക്കാനുള്ള കഴിവ് ഇതിനുണ്ട്” എന്നാണ് ബിബിസി പറയുന്നത്. ഫെര്‍മിലാബില്‍ നടക്കുന്ന ഈ പഠനത്തില്‍ ലോകമെമ്പാടുമുള്ള 35 ശാസ്ത്രഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള 200 ഫിസിസിസ്റ്റുകള്‍ ഭാഗഭാക്കാകുന്നുണ്ട്.
വീഡിയോ കാണാം
അധികവായനയ്ക്ക്
.